Saturday, August 24, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-5

അദ്ധ്യായം 5 - പുണ്യഗുഹയില്‍ 

സാധാരണ കുതിരകളെത്തുന്നിടത്തു നിന്നും അകലെയായാണു ഞങ്ങള്‍ എത്തപ്പെട്ടത്. ഇനി രണ്ടു കി. മി പോയാല്‍ മതിയെന്നു അവര്‍ പറഞ്ഞെങ്കിലും അതിലുമേറെ ദൂരം നടന്നാല്‍ മാത്രമേ ഹിമലിംഗദര്‍ശനം സാധ്യമാകൂ. സംഗം എന്ന സ്ഥലത്താണു ചെന്നു ചേര്‍ന്നിരിക്കുന്നത്. ഇത് ഒരു സംഗമസ്ഥാനമാണ്. പെഹല്‍ഗാമില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരും ബാല്‍ത്താളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരും ഒന്നു ചേരുന്ന സ്ഥലം. ഇവിടെ രണ്ടു നദികളും ഒന്നാവുന്നുണ്ടെന്നു പറയപ്പെടുന്നു. ഇവിടെ  നിന്നും മഞ്ഞുവീണുറഞ്ഞ മലഞ്ചെരുവിലൂടെയാണു നടന്നു മുന്നേറേണ്ടത്. കാല്‍ വഴുതിയാല്‍ അഗാധമായ താഴ്വാരത്തില്‍ ആകും ചെന്നു പതിക്കുക. ശരീരം പോലും കണ്ടെത്താനായെന്നും വരില്ല. ഓരോ തീര്‍ത്ഥാടനകാലത്തും ഇവിടെ ധാരാളം പേരുടെ ജീവന്‍ പൊലിയാറുണ്ട്. ശ്രദ്ധാപൂര്‍വ്വം ചുവടുകള്‍ വെച്ചു ഞങ്ങള്‍ മുന്നേറി. അപ്പോളാണ് കൗതുകമുള്ള  മറ്റൊരു   കാഴ്ച കണ്ണില്‍ പെട്ടത്. രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ഒരു തീര്‍ത്ഥാടകന്‍ ഒരു പലകക്കഷണത്തില്‍ ചെറിയ ചക്രം പിടിപ്പിച്ചതില്‍ ഇരുന്നു നിരങ്ങി നിരങ്ങി നീങ്ങുന്നു. ആ ഇച്ഛാശക്തിക്കു മുന്‍പില്‍ തലകുനിയ്ക്കാതെവയ്യ.

പുണ്യഗുഹയോടടുക്കുമ്പോള്‍ പലകേന്ദ്രങ്ങളിലായി പട്ടാളക്കാരുടെ കര്‍ശനമായ പരിശോധനകളുണ്ടാവും. ക്യാമറയും മറ്റും ഗുഹയിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ല. അത്യാവശ്യസാധനങ്ങളൊഴികെയുള്ളവയടങ്ങുന്ന ബാഗ് അവിടെ വെച്ചിട്ടേ ഗുഹയിലേയ്ക്കു പോകാനാവൂ. പൂജാസാമഗ്രികള്‍ വില്‍ക്കുന്ന ധാരാളം കടകള്‍ വീഥിക്കിരുവശവും ഉണ്ട്. അവ താലത്തിലാക്കി ലഭിയ്ക്കും. തിരികെ വരുമ്പോള്‍ മടക്കിക്കൊടുത്താല്‍ മതി. പാതയ്ക്കിരുവശവും തോക്കേന്തിയ പട്ടാളക്കാരെ എല്ലായിടത്തും കാണാം. എന്തു സഹായത്തിനും അവരെ നമുക്കു സമീപിക്കാം . താഴെനിന്നും എകദേശം 400 പടികള്‍ കയറിവേണം  ഗുഹയിലെത്താന്‍. ഓരോ പടികളും കയറുമ്പോള്‍ ആകാംക്ഷയും  ഉദ്വേഗവും നിറയുകയാണു മനസ്സില്‍. ഒടുവില്‍ ഒരു നിമിഷം- ആ മഹാത്ഭുതത്തിന്റെ തൊട്ടുമുന്നില്‍!  മഹേശ്വരന്റെ അത്ഭുതപ്രഭാവമുള്ള ഹിമലിംഗദര്‍ശനം.







ഹിമവാന്റെ പ്രിയപുത്രിയായ പാര്‍വ്വതി , താന്‍ വീണ്ടും വീണ്ടും മരണം വരിച്ചു പുനര്‍ജ്ജനിക്കുകയും മഹേശ്വരനാകട്ടെ എക്കാലവും അമരനായിരിക്കുകയും ചെയ്യുന്നതിന്റെ കാരണം അന്വേഷിച്ചു. അമരത്വരഹസ്യം അറിയാത്തതുകൊണ്ടാണെന്നായിരുന്നു മഹാദേവന്റെ മറുപടി. എങ്കില്‍ തനിക്കും ആ രഹസ്യം അറിയണമെന്നായി ദേവി. ആദ്യം ആ ശാഠ്യത്തിനു ചെവികൊടുത്തില്ലെങ്കിലും ദേവിയുടെ നിരന്തരമായ  നിര്‍ബ്ബന്ധത്തിനു വഴങ്ങി മഹേശ്വരന്‍ അമരത്വ കഥ വെളിപ്പെടുത്താന്‍ തീരുമാനിച്ചു. അതിനായി, ജീവജാലങ്ങളൊന്നുമില്ലാ ത്തൊരിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഒടുവില്‍ അമര്‍നാഥിലെ ഈ ഗുഹയാണ് ആ മഹത് സംഭവത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. അവിടേയ്ക്കുള്ള യാത്രാമദ്ധ്യേ പെഹല്‍ഗാമില്‍ വെച്ചു നന്ദിയെ  ഒഴിവാക്കി .  ചന്ദന്‍വാരിയില്‍ വെച്ച്, മഹാദേവന്‍ തന്റെ ശിരസ്സിനെ അലങ്കരിക്കുന്ന പനിമതിയെ ഉപേക്ഷിച്ചു. പിശ്ശുടോപില്‍ വെച്ച് ക്ഷുദ്രജീവികളായ തേള്‍, പഴുതാര മുതലായവയെ യും,  ശേഷ്നാഗിലെ പര്‍വ്വതശിഖരത്തില്‍ ആദിശേഷനേയും. മഹാഗുണ(ഗണേഷ് ടോപ്)കൊടുമുടിയില്‍ പ്രിയ പുത്രന്‍ ഗണപതിയെ വിട്ടിട്ടു മുന്‍പോട്ടു പോയ ഉമാമഹേശ്വരന്‍മാര്‍, പഞ്ചതര്‍ണ്ണിയില്‍വെച്ച് പഞ്ചഭൂതങ്ങളെയും ഉപേക്ഷിച്ചു. അവിടെ ഒഴുകുന്ന നദി അഞ്ചായിപിരിഞ്ഞ് പഞ്ചഭൂതങ്ങളെ ആവാഹിച്ചു. ഗുഹയില്‍ എത്തിയ മഹാദേവന്‍ തന്റെ മൂന്നാം തൃക്കണ്ണു തുറന്നു രുദ്രനെ അഗ്നിരൂപത്തില്‍ പുറത്തുവിട്ടു- ശേഷിക്കുന്ന ജീവജാലങ്ങളെ ഭസ്മീകരിക്കാന്‍. അവിടുത്തെ ഉറഞ്ഞ മഞ്ഞില്‍ വിലയം പ്രാപിച്ച മഹാദേവന്‍ അമരത്വകഥ ദേവിക്കു മന്ത്രിച്ചു. പക്ഷെ തൃക്കണ്ണു തുറക്കുന്ന സമയം ഭഗവാനിരുന്ന മാന്‍തോലില്‍ ഒരു പ്രാവിന്‍  മുട്ട എങ്ങിനെയോ വന്നു പെട്ടിരുന്നു. മഹേശ്വരന്റെ ഇരിപ്പിടത്തിലായിരുന്നതുകൊണ്ട്, രുദ്രനു മുട്ടയെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അമരത്വരഹസ്യം വെളിപ്പെടുത്തുന്ന നേരം ദേവി ഉറങ്ങിപ്പോയത്രെ. കഥയ്ക്കിടയില്‍ ദേവിയോടു മൂളണമെന്നു പറഞ്ഞിരുന്നു. പക്ഷെ മുട്ടവിരിഞ്ഞു പുറത്തുവന്ന രണ്ടു പ്രാവുകള്‍ ദേവി ഉറങ്ങിയ സമയം മൂളിക്കൊണ്ടിരുന്നു. അങ്ങനെ അവര്‍  അമരത്വം നേടി. ഇപ്പോഴും ഗുഹാപരിസരത്തു ഇണപ്രാവുകളെ നമുക്കു കാണാന്‍ കഴിയും. അവയുടെ ദര്‍ശനവും ഒരു മഹാഭാഗ്യമായാണു യാത്രികര്‍ കരുതുന്നത് . 

ഈഗുഹയ്ക്കു മുകളിലുള്ള മഞ്ഞുപാളി വേനല്‍ മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ഉരുകി ഗുഹയിലേയ്ക്കിറ്റു വീഴും. ഗുഹാന്തര്‍ഭാഗത്തെ തണുത്ത പാറയില്‍ പതിയ്ക്കുന്ന ഈ ജലം വീണ്ടും ഖരീഭവിച്ച്  ലിംഗരൂപമെടുക്കുകയും ചെയ്യും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രമേ ഈ ലിംഗം രൂപപ്പെടുകയുള്ളു. വേനല്‍ക്കാലത്തു് ഇങ്ങനെ ഒരു പ്രതിഭാസം അത്ഭുതമായിത്തന്നെ അവശേഷിക്കുന്നു. എട്ടടി വരെ ഉയരത്തില്‍ ഇതു ദൃശ്യമാകാറുണ്ട്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്രേ ഈ ഹിമലിംഗത്തിന്റെ വളര്‍ച്ച. പക്ഷെ ശാസ്ത്രീയമായി അതിനു സ്ഥിരീകരണമൊന്നുമില്ല. എന്തായാലും ജുലൈ കഴിയുമ്പോള്‍ ഹിമലിംഗത്തിന്റെ വലുപ്പം വളരെ കുറഞ്ഞിരിക്കും. ഓഗസ്റ്റ് ആദ്യവാരം കഴിയുമ്പോള്‍ തീര്‍ത്ഥാടനം അവസാനിക്കുകയും ചെയ്യും. 
ഗുഹയുടെ ദൂരക്കാഴ്ച 

പ്രധാനലിംഗത്തിനടുത്ത് തന്നെ മറ്റു മൂന്നു ചെറിയ മഞ്ഞുലിംഗങ്ങളും കൂടി കാണാനാവും. പാര്‍വ്വതിദേവി, ഗണപതി, നന്ദി എന്നിവരെ പ്രതിനിധാനം ചെയ്യുന്നവയാണാ ലിംഗങ്ങള്‍. ഹിമലിംഗദര്‍ശനത്തിന്റെ സായൂജ്യമനുഭവിച്ച് അധികസമയം അവിടെ നില്ക്കാനാവില്ല. കാല്‍പാദം മരവിച്ചുപോകും. അതുകൊണ്ട് പ്രസാദം വാങ്ങി വേഗം പടിയിറങ്ങാം. ദര്‍ശനപുണ്യം കൊണ്ടോ  എന്തോ എന്നറിയില്ല, പ്രത്യേകമായ ഒരുന്‍മേഷം അനുഭവേദ്യമായി. ശരീരവേദനയും ക്ഷീണവുമൊക്കെ പെട്ടെന്നില്ലാതായി. പൂജാദ്രവ്യങ്ങളുടെ  താലം തിരികെ കൊടുത്തു പ്രസാദം പൊതിഞ്ഞെടുക്കുമ്പോള്‍ കണ്ട ഒരു വസ്തു തെല്ലൊരമ്പരപ്പുണ്ടാക്കി. മറ്റൊന്നുമായിരുന്നില്ല - നമ്മുടെ മലയോരപ്രദേശത്തു രഹസ്യമായി വളര്‍ത്തുന്ന ഗഞ്ചാവിന്റെ ഇലകളായിരുന്നു അത്. അവിടെയുള്ള സന്ന്യാസിമാരും മറ്റും ഇതു സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് അവിടെ പരിചയപ്പെട്ട ഒരു യാത്രി വളരെ രഹസ്യമായി പറഞ്ഞു . 

ദര്‍ശനം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടിയപ്പോള്‍ സന്ധ്യയായിരുന്നു. പെട്ടെന്നാണ് അനുഗ്രഹവര്‍ഷം പോലെ മേഘപാളികളില്‍ നിന്നും ജലകണങ്ങള്‍ അടര്‍ന്നു വീണത്. ഖരീഭവിച്ച ചെറുമുത്തുമണികള്‍ പോലെയുള്ള ആലിപ്പഴങ്ങളും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ബാഗുതുറന്നു മഴക്കോട്ടെടുക്കുമ്പോഴേയ്ക്കും ആ മഴത്തുള്ളികള്‍ എങ്ങോ പോയ്മറഞ്ഞിരുന്നു. ആ ചെറു ചാറ്റല്‍മഴയും ഒരാഹ്ളാദതന്തുവായി ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു. 

ഇനി മടക്കയാത്രയാണ് . ഗുഹയില്‍നിന്നുത്ഭവിക്കുന്ന നദി ഉറഞ്ഞുകിടക്കുന്നു. അതിന്റെ തീരത്തുകൂടി നടന്ന്  കുതിരകളുടെ താവളത്തിലെത്തണം. ഈ സമയം കൊണ്ട് അവരുടെ സമരം അവസാനിച്ചിരുന്നു. ബുദ്ധിമുട്ടൊന്നും കൂടാതെ കുതിരകളെ തരപ്പെടുത്താന്‍ കഴിഞ്ഞു. ഇനി പോകേണ്ടത് ബാല്‍ത്താളിലേയ്ക്കാണ്.
14 കി. മി. ദൂരമേയുള്ളു എങ്കിലും വളരെ ദുര്‍ഘടം പിടിച്ച യാത്രയാണത്. കുത്തനെയുള്ള കയറ്റവും ഇറക്കവും നിറഞ്ഞ യാത്ര. അതുകൊണ്ടു തന്നെ അപകടസാധ്യത കൂടുതല്‍. ഇടയ്ക്കുള്ള ബേസ് ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ലഭ്യമാണ്. ഞങ്ങള്‍ യാത്ര തുടങ്ങിയപ്പോള്‍ ഇരുട്ടു പരന്നിരുന്നു. ചുറ്റുമുള്ള കാഴ്ചകള്‍ വ്യക്തമായിരുന്നില്ല. എങ്കിലും പൈന്‍മരങ്ങള്‍ വളര്‍ന്നു  നില്‍ക്കുന്ന മലഞ്ചെരുവുകളും ഇടയില്‍ ഉറഞ്ഞുകിടക്കുന്ന മഞ്ഞിന്‍പാളിയില്‍ നിലാവിന്റെ മിന്നലാട്ടവും ഒക്കെ തുറന്നിരിക്കുന്ന മിഴികള്‍ക്കു വിരുന്നൊരുക്കി. ബാല്‍ത്താള്‍ എന്ന കൂടാരനഗരത്തിലെത്തിയപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. രാത്രി തങ്ങാനുള്ള കൂടാരം ലഭ്യമാകുന്നതിനു മുന്‍പ്  പട്ടാളക്കാരുടെ പരിശോധനകള്‍ ധാരാളമായുണ്ട്. എല്ലാം കഴിഞ്ഞു കൂടാരത്തിലെത്തി കിടന്നതുമാത്രം ഓര്‍മ്മയുണ്ട്.അത്ര ഗാഢനിദ്രയായിരുന്നു ആ രാത്രിയിലേത്.





















No comments:

Post a Comment