Thursday, August 8, 2013

ഹേ! വാമനാ.........

ഹേ! വാമനാ......


ഒരു പാദസ്പര്‍ശത്തില്‍ നീ കവര്‍ന്നില്ലേ
ഞങ്ങള്‍തന്‍ നന്‍മയും സത്യവും നീതിയും
പുണ്യപുരുഷനാം മാബലി മാഞ്ഞുപോയ്
പാതാളലോകത്തില്‍ കാണാത്തിടങ്ങളില്‍
ഇന്നില്ല ഭൂമിയില്‍ സ്നേഹവും കരുണയും  
ഇന്നില്ല സത്യവും ധര്‍മ്മവും നീതിയും
ഇവിടെയിന്നില്ലല്ലോ രാജനും പ്രജകളും
ഇവിടെയോ ഭരണമൊന്നില്ലാത്തതും സത്യം!
ഭരണയന്ത്രം തിരിക്കുന്നോരു കൈകളില്‍
ഭയമേതുമില്ലാത്ത കാപട്യതന്ത്രങ്ങള്‍
പണമെങ്ങും കായ്ക്കുന്ന ഫലവൃക്ഷമായ്ത്തീര്‍ന്നു
പാവനമാം  ശ്രേഷ്ഠജനാധിപത്യം .
പണമില്ലയെങ്കിലോ പിണമാണിതെന്നുള്ള
പരമസത്യം നോക്കി പരിഹസിക്കും 
പകല്‍മാന്യന്‍മാര്‍തൻ  വിഹാരകേന്ദ്ര,മീ
പറയിതന്‍ പന്തിരുകുലം വാണ കേരളം
മാലോകരെല്ലാരുമൊന്നുപോല്‍ ജീവിച്ച
മാവേലിരാജ്യമിന്നൊരു സ്വപ്നസങ്കേതം
മാതാപിതാക്കളാല്‍ പീഡിതര്‍ പൈതങ്ങള്‍
മാഞ്ഞുപോയ് ഗുരുശിഷ്യബന്ധത്തിന്‍ പുണ്യവും
കനകത്തിനായും കാമിനിക്കായുമി-
ന്നാരെയും കൊല്ലുവാന്‍ മടിയില്ല മര്‍ത്ത്യന്.
അതിവര്‍ഷവും കൊടും വേനലും തന്നു പോം
പ്രകൃതിദേവിയ്ക്കും പ്രിയമില്ലഥ തെല്ലുമേ..
കേഴും ധരിത്രിതന്‍ കണ്ണുനീരൊപ്പുവാന്‍
കേവലം മര്‍ത്ത്യന്നു സാധ്യമാവില്ലിനി
അത്രമേല്‍ ക്രൗര്യം വിതച്ചമ്മമാറിലായ്
അവള്‍തന്റെ മക്കളാമജ്ഞരാം മാനവര്‍.
ഒന്നു നീ വീണ്ടുമിങ്ങെത്തുക, പാദമുയര്‍ത്തുക,
നിര്‍ദ്ദയം പാതാളലോകേ തുരത്തുക,
നിശാചരദുഷ്ടജന്മങ്ങളെ ഝടുതിയിൽ
നിര്‍മ്മാര്‍ജ്ജനംചെയ്തു രക്ഷയേകീടുക. 
മാനുഷരെല്ലാരുമൊന്നു പോല്‍ മേവുന്ന 
മാബലിനാടിനെത്തിരികെനൽകീടുക 
പാടവും പൂക്കളും പൈക്കളും മേവുന്ന 
പൂങ്കാവനം തീര്‍ക്കും മലയാളനാടിനെ..
ഏതു യാഗം  നടത്തേണം -അതിന്നായി
ഏതുവനാന്തരേ വത്മീകം തീര്‍ക്കണം
ഏതഗ്നികുണ്ഠത്തിലേകയായ് നിന്നു ഞാന്‍
ഏറ്റം കഠിനമതപസ്സനുഷ്ഠിക്കേണം !

4 comments:

  1. //ഇന്നില്ല ഭൂമിയില്‍ സ്നേഹവും കരുണയും
    ഇന്നില്ല സത്യവും ധര്‍മ്മവും നീതിയും//
    സത്യം--മഹാബലിയെ തിരിച്ചു തരാന്‍ നമുക്ക് വാമനനോട്‌ പറയാം-- നല്ല കവിത-- ആശംസകള്‍--

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു മിനി.ജനാധിപത്യമോ രാജഭരണമോ നന്ന്...അത് ജനങ്ങള്‍ തീരുമാനിക്കട്ടെ.എന്തായാലും,കവിത വിരല്‍ചൂണ്ടുന്നത് നന്മ്മ.ഭാവുകങ്ങള്‍...

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍, സന്തോഷം, സ്നേഹം.
      ജനാധിപത്യമാണു നല്ലതെന്ന് രണ്ടാമതൊരു ചിന്തയില്ലാതെ പറയാന്‍ കഴിയും. പക്ഷേ ഇന്നത്തെ നിലയിലുള്ള അരാജകത്വത്തോട് വെറുപ്പുതോന്നുന്നു എന്നു മാത്രം. എന്തൊക്കെ പറഞ്ഞാലും എനിക്കു തോന്നാറുള്ളത് മാനവചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടത്തിലൂടെയാണു നമ്മളിന്നു കടന്നു പോകുന്നത്..മക്കളുടെയോ ചെറുമക്കളൂടേയോ കാലത്ത് ഇന്നു നമ്മള്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉണ്ടാവുമോ എന്ന് ആശങ്കയുണ്ട്.......
      പിന്നെ ഇങ്ങനെ ഒരു കവിത്, അതങ്ങ് എഴുതിയെന്നേയുള്ളു... ചിലപ്പോള്‍ തോന്നുന്ന അമര്‍ഷം മൂലം..

      Delete