Monday, January 27, 2014

തൊട്ടാവാടി

തൊട്ടാല്‍ മയങ്ങുന്നതെന്തേ..എന്റെ
തൊട്ടാവാടി സുന്ദരിപ്പെണ്ണേ
നാണിച്ചു കൂമ്പിക്കുഴഞ്ഞുവീഴും നിന്റെ
ചേലൊത്തപൂമുഖം കണ്ടോട്ടെ ഞാന്‍

തൊട്ടുതലോടുമെന്‍ കൈവിരല്‍ത്തുമ്പില്‍ നീ
മുള്‍മുന കോര്‍ത്തുവലിച്ചതെന്തേ
എന്നോടു കോപിച്ചിടുന്നതിനായി ഞാന്‍
നിന്നെ പരിഹസിച്ചില്ല പെണ്ണേ..

നേരൊത്ത പത്രങ്ങള്‍ പുഞ്ചിരി തൂകിയും
നേര്‍ത്ത നിന്നകുശം കാണാതൊളിപ്പിച്ചും
തൂമതൂകും നിന്റെ പൂക്കള്‍ വിടര്‍ത്തിയും
താഴെ നിലംപറ്റി നീളേപ്പടർന്നു  നീ.



ഏതോ വിദൂരമാം ഇന്നലെ, ഗ്രാമത്തില്‍
ഏതോ വിജനമാം പാതവക്കില്‍ 
നിന്നെപ്പോലായിരം പെണ്‍കൊടിമാരുണ്ടു
ചേലില്‍ നടന്നു മറഞ്ഞിരുന്നു.

പെട്ടെന്നു കൂമ്പിയും കണ്‍മുന കുത്തിയും
ഒട്ടൊന്നു കോപിച്ചും നേരിട്ടവര്‍
പിന്നാലെയെത്തുന്ന പൂവാലന്‍മാരെയും
പിന്‍പാത കാണാത്ത കശ്മലന്‍മാരെയും

 ഇന്നിവിടെ കാണ്‍മതില്ലാ നാട്ടുപാതയും
ഈ വഴി മന്ദം ഗമിക്കും കുമാരിയും....
ഒന്നുമില്ലൊന്നുമില്ലൊക്കെയും ഓര്‍മ്മതന്‍
ഭാണ്ഡത്തിനുള്ളിലെ പൊന്‍കനി മാത്രമായ്

എന്നിട്ടുമീ വഴിയോരത്തു നീയുണ്ടു
നില്‍ക്കുന്നു പുഞ്ചിരിപ്പൂക്കള്‍ വിടര്‍ത്തിയും
ഒരുകാറ്റു വീശുകില്‍ ചൊല്ലും നമോവാകം
ഇത്തിരി കയ്യുകള്‍ കൂപ്പിമെല്ലെ..

നിന്റെ മേല്‍ വെയ്ക്കുന്ന കാല്‍വിരല്‍ത്തുമ്പില്‍ നീ
നിര്‍ദ്ദയം മുള്ളാല്‍ മുറിവേകിയും
കൂമ്പിയടഞ്ഞു പരിഭവം കാട്ടിയും
കാലത്തിനൊപ്പം നടന്നു നീങ്ങുന്നു നീ...


10 comments:

  1. തൊട്ടാവാടിപ്പാട്ട് കൊള്ളാം

    ReplyDelete
  2. നിന്റെ മേല്‍ വെയ്ക്കുന്ന കാല്‍വിരല്‍ത്തുമ്പില്‍ നീ
    നിര്‍ദ്ദയം മുള്ളാല്‍ മുറിവേകിയും
    കൂമ്പിയടഞ്ഞു പരിഭവം കാട്ടിയും
    കാലത്തിനൊപ്പം നടന്നു നീങ്ങുന്നു നീ...
    അതെ,കാലത്തിനൊപ്പം നീങ്ങേണ്ടിയിരിക്കുന്നു.
    അര്‍ത്ഥസമ്പുഷ്ടമായ കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ ഈ നല്ല വാക്കുകള്‍ക്ക്

      Delete
  3. തൊട്ടാവാടിക്ക്‌ .....ആശംസകള്‍ ....

    ReplyDelete
  4. നന്നായിട്ടുണ്ട് ചേച്ചി

    ReplyDelete
  5. This comment has been removed by the author.

    ReplyDelete