Friday, February 28, 2014

ഒരു കഥപ്പാട്ട്.

ഒരു കഥപ്പാട്ട്.

രാജാധിരാജനൊന്നുണ്ടായിരുന്നൊരു
രാജ്യത്തു പണ്ടേയ്ക്കു പണ്ടൊരു നാള്‍
രാജകൊട്ടാരത്തിലുണ്ടായിരുന്നൊരു
രാജവിദൂഷകന്‍ കൊച്ചു കുള്ളന്‍

തള്ളിനില്‍ക്കുന്നതാം  ദന്തനിരകളും
മത്തങ്ങപോല്‍ രണ്ടു നേത്രങ്ങളും
ചപ്പിയ മൂക്കും മുയല്‍ച്ചെവിച്ചന്തവും
കുള്ളനെ കോമാളിക്കേമനാക്കി

രാജാധിരാജനെ എന്തും പറഞ്ഞീടും
രാജസദസ്സില്‍ പരിഹസിക്കും
'മണ്ടശ്ശിരോമണി, മന്ദബുദ്ധിയെന്നും
അന്നം കൊടുക്കാപ്പിശുക്കനെന്നും.'

ഒക്കെയും കേട്ടങ്ങു പൊട്ടിച്ചിരിക്കും
ഒപ്പമുള്ളോരും മഹാരാജനും.
രാജനോ നന്മകള്‍ മാത്രം നിറഞ്ഞോരു
പൂര്‍ണ്ണകുംഭം പോല്‍ വിളങ്ങിടുന്നോന്‍

രാജനാ രാജവിദൂഷകമുഖ്യനെ
ഒപ്പമിരുത്തിയങ്ങോമനിക്കും
മന്ത്രിപ്രമുഖര്‍ക്കോ സേവകന്‍മാര്‍ക്കുമോ
കുള്ളനെ കണ്ണിനു കണ്ടുകൂട.

'ആരിവന്‍ രാജനെ കീശയിലാക്കിയി-
ട്ടങ്ങനെ പോയി വിലസിടുന്നു.'
ഓരോരോ മാര്‍ഗ്ഗത്തിലേവരും പോയി
പയറ്റിപ്പതിനെട്ടടവുകളും

നിഷ്ഫലമെല്ലാം- ആ കുള്ളനവന്‍ താനോ
പിന്നെയും രാജനരുമതന്നെ..
സമ്മാനമേറെ ലഭിച്ചീടും കുള്ളന്നു
ചൊല്ലുന്ന വാക്കുകള്‍ പ്രിയതരമായ് 

അന്നൊരു നാളിലൊരാഘോഷ വേളയില്‍
അരചനൊരുക്കി മഹാവിരുന്ന്
കേമന്മാരായവരൊക്കെയും വന്നെത്തും
കേമനാം രാജന്റെ പൊന്‍വിരുന്ന്..

ഏറ്റം വിശിഷ്ടമാം ഭോജ്യങ്ങളും പിന്നെ
ശ്രേഷ്ഠപാനീയങ്ങളൊക്കെയും ചേര്‍ന്നിട്ടു
തീന്‍മേശ നല്കിയങ്ങേവര്‍ക്കുമാനന്ദ-
ദൃശ്യവും വശ്യസുഗന്ധവും സുസ്വാദും.

അതിഥികള്‍ ദോഷങ്ങളൊന്നുമേ കാണാതെ
മൃഷ്ടാന്നമേറ്റം രുചിയായ ഭുജിക്കവേ...
സ്നേഹാതിരേകം തന്‍ വാക്കില്‍ നിറച്ചിട്ടു
രാജനെ പാടിപ്പുകഴ്ത്തി മധുരമായ്

ഒക്കെയും കേള്‍ക്കവേ കുള്ളനവന്‍ വന്നു
ചൊല്ലിത്തുടങ്ങിയപഖ്യാതികള്‍
"ഈ മഹാവിഡ്ഢിയെ നിങ്ങളല്ലാതാരു
ചൊല്ലിവിളിക്കും മഹാരാജനെന്ന്!

മണ്ടശ്ശിരോമണി ഭ്രാന്തനിവനൊരു
ചട്ടുകാലന്‍, കൂനന്‍, കോങ്കണ്ണനും.
കയ്യറുത്തെത്തുകില്‍ ഉപ്പുതേയ്ക്കാത്തവന്‍,
ചാണത്തലയില്‍ പ്രമുഖനല്ലേ.." 

മന്ദസുസ്മേരനായ് നേരമതെത്രയും
വാണരുളീടിയ മന്നവനോ
ഒട്ടൊരുമാത്രയില്‍ ക്രുദ്ധനായ് മാറിയും
കത്തിജ്ജ്വലിച്ചെഴുന്നേറ്റുനിന്നു.

കൊണ്ടുപോ ദൂരെയീ കശ്മലകീടത്തെ
കല്‍ത്തുറുങ്കൊന്നിലടയ്ക്കവേഗം,
നാളെപ്പുലര്‍കാലമെത്തുന്നതിന്‍മുന്‍പു
തൂക്കിലേറ്റേണമീ മര്‍ക്കടത്തേ...."

കല്ലേല്‍ പിളര്‍ക്കുന്ന കല്‍പനകേട്ടിട്ടു
തെല്ലുനേരം പകച്ചേവരും നിന്നുപോയ്
കുള്ളനവന്‍ തന്റെ ശത്രുക്കള്‍ പോലുമ-
ങ്ങൊരുമാത്ര വേദന പൂണ്ടു നിന്നു

"എന്താണിവന്‍ ചെയ്ത പാതകം, രാജനെ
ഇത്രമേല്‍ കോപിഷ്ടനാക്കീടുവാന്‍?"
ഏവരും ചോദിച്ചീ ചോദ്യം പരസ്പരം
ഉത്തരമാര്‍ക്കും ലഭിച്ചതില്ല . 

പാവമാക്കുള്ളനെ രക്ഷിച്ചിടുന്നതി-
നെത്ര പരിശ്രമം ചെയ്തിടുവാന്‍
മിത്രങ്ങളൊക്കെയും സന്നദ്ധരായ് വന്നു
രാജനോ കോപം കുറഞ്ഞുമില്ല

മന്ത്രിമാരും ജനപ്രമുഖരും രാജനെ
അനുനയിപ്പിക്കുവാനമ്പേ ശ്രമിച്ചിഥ
ഒടുവിലായ് രാജാവു തെല്ലൊന്നയഞ്ഞിട്ടു
നല്കിയാ ശിക്ഷയ്ക്കൊരിളവതല്പം

കഠിനമാണെങ്കിലും വൈക്കോല്‍തുരുമ്പൊന്നു
കിട്ടിയവന്നു തന്‍ പ്രാണരക്ഷാര്‍ത്ഥം
എന്തിന്നും സന്നദ്ധനായൊരാപാവത്തി-
നാശ്വാസമായോരു കല്‍പനയായ്

"സിംഹം വസിക്കുന്ന കൂട്ടിനുള്ളില്‍ കട-
ന്നപ്പുറം താണ്ടണം, പിന്നെയെന്നാല്‍
പോയീടാം ജീവനും കൊണ്ടവനെങ്ങോ
വരില്ലോരു ശിക്ഷയും പിന്നതിന്മേല്‍"

വറചട്ടിയില്‍ നിന്നെരിതീയിലേയ്ക്കോ! ശങ്ക
പൂണ്ടവര്‍ മൂക്കില്‍ വിരല്‍ത്തുമ്പു വെച്ചുപോയ്
ഇനിയെന്തു ചെയ്യുമെന്നറിയാതെ നിന്നവര്‍
'ഇത്രയും ക്രൂരനോ രാജനെ'ന്നോര്‍ത്തുപോയ്

സഖാക്കള്‍ തലപുകഞ്ഞേറെ പ്രിയനാകും
കുഞ്ഞനാം കുള്ളനെ രക്ഷിക്കുവാന്‍ 
സിംഹത്തിനായ് ഭോജ്യമേറെക്കരുതി,
'പശിപോയ മൃഗരാജന്‍ പാവമത്രേ..!'

മിന്നുന്ന കുപ്പായമിടുവിച്ചു കുഞ്ഞനെ,
ചേങ്ങിലക്കൂട്ടവും ചിലങ്കയും ചാര്‍ത്തിച്ചു.
വെട്ടിത്തിളങ്ങുന്ന തൊപ്പിയും ചാര്‍ത്തി 
കണ്ണഞ്ചും വര്‍ണ്ണക്കുടയുമായ് വന്നവന്‍

സിംഹത്തിന്‍ മൃഷ്ടാന്ന ഭോജനം കഴിയവേ
ചാരേ മയങ്ങുവാന്‍ ചാഞ്ഞോരു നേരത്ത്
കൂടുതുറന്നതില്‍ കുഞ്ഞന്‍ കയറിയ-
ങ്ങോടിയാ കൂടിന്റെ അപ്പുറം ചെന്നെത്തി.

സിംഹമൊരിത്തിരി ആശ്ചര്യമോടെയാ-
ക്കാഴ്ചയും നോക്കിക്കിടന്നു പോയി
ഏവര്‍ക്കുമാശ്വാസം! രാജന്റെ ചുണ്ടിലും 
ചെറുമന്ദഹാസത്തിന്‍ പൊന്‍തിളക്കം.

ഒക്കെക്കഴിഞ്ഞിട്ടു ചുറ്റുപാടും നോക്കി
കുഞ്ഞനാം കുള്ളനെ കണ്ടതില്ല.
നാടായ നാടൊക്കെ തേടിയലഞ്ഞവര്‍
കുള്ളനായ്- എങ്ങോ മറഞ്ഞവന്‍ ദൂരേ...

ഒടുവില്‍ മഹാരാജനരുളിച്ചെയ്തവനെയാ
ത്തിരുമുമ്പിലെത്തിക്ക  വേണമെന്ന്
സേവകര്‍ പാഞ്ഞു നടന്നങ്ങു നാട്ടിലും
കാട്ടിലും കടലിലും പുഴയിലും പൊഴിയിലും

ഒടുവിലായ് കണ്ടെത്തി ഘോരവനാന്തരേ
ഭയചകിതനായ് മേവും കുഞ്ഞനാം കുള്ളനെ
പേടിച്ചരണ്ടൊരു മാന്‍കിടാവെന്നപോല്‍
നില്‍ക്കുമവനോടു ചൊല്ലിയവര്‍ കാര്യം

ചൊല്ലിയുപാധിയൊ"ന്നെന്നുടെ ചോദ്യത്തി-
നുത്തരമേകണം രാജാധിരാജന്‍"
രാജനു സമ്മതം, താമസം വന്നില്ല
രാജകൊട്ടാരത്തിലെത്തിയവന്‍ വേഗം

പള്ളിയറയിലേയ്ക്കാനയിച്ചവനെയ-
ങ്ങാഹ്ളാദമോടെയങ്ങരചനും പിന്നെ,
വാതായനങ്ങളും ബന്ധിച്ച ശേഷമാ
രാജനോ കാതോര്‍ത്തു ചോദ്യത്തിനായ്

"എത്രയോ കാലം പരിഹസിച്ചങ്ങയേ,
അപവാദമെത്രയോ ചൊല്ലീ സദസ്സില്‍!
എന്നിട്ടുമെന്തിനായന്നിത്ര കോപത്താല്‍
ശിക്ഷ വിധിച്ചെന്നു ചൊല്ലു രാജന്‍.."

പൊട്ടിച്ചിരിച്ചിട്ടു രാജനെഴുന്നേറ്റു
തങ്കക്കിരീടമഴിച്ചങ്ങു മാറ്റിയി-
ട്ടുള്ളിലെ പട്ടുറുമാലിന്റെ കഞ്ചുകം
മെല്ലെയുയര്‍ത്തി ശിരസ്സുകാട്ടി

കണ്ണാടി തോല്‍ക്കും കഷണ്ടിത്തലയുമായ്
കള്ളച്ചിരിയുമായ് നില്ക്കുന്നരചനോ
ചോദിച്ചവനോടു സ്നേഹാതിരേകത്താല്‍
"കാരണം കണ്ടുവോ ,ചൊല്ലുനീ തോഴാ.."

അന്തിച്ചു നിന്നുപോയ് കുള്ളന്‍ താന്‍ ചെയ്തോ-
രപരാധമെന്തെന്നറിഞ്ഞീടവേ
മെല്ലെ മൊഴിഞ്ഞവന്‍ "സത്യമതൊന്നിനേ
കോപം ജനിപ്പിയ്ക്കാന്‍ സാധ്യമാകൂ."








6 comments:

  1. നന്നായിരിക്കുന്നു കഥപ്പാട്ട്......
    ആശംസകള്‍

    ReplyDelete
  2. സത്യം പറയുമ്പോള്‍ കോപം വരും അല്ലേ?
    അതുകൊണ്ടല്ലെ ന: ബൃയാത് സത്യമപ്രിയംന്ന് പറയണത്!!

    കൊള്ളാം കേട്ടോ കഥപ്പാട്ട്

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു മിനി.എല്ലാ ഗുണങ്ങളും നിര്‍ഗുണം...,നിര്‍ഗുണം,നിര്‍ഗുണം...എന്ന പേരും!

    ReplyDelete
  4. വളരെ സന്തോഷം സര്‍.

    ReplyDelete