Monday, December 15, 2014

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍: 2. സര്‍ ജഗദീഷ് ചന്ദ്രബോസ്

   

       അഹിംസാവാദികളായ സസ്യാഹാരികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നതെങ്ങനെ? മൃഗങ്ങളെപ്പോലെതന്നെ സന്തോഷവും ദുഃഖവും വേദനയും ചൂടും തണുപ്പും ഒക്കെ അറിയുന്നവരാണ് സസ്യജീവജാലവും. ഇതു ആദ്യമായി നമുക്കു തെളിയിച്ചു തന്നത് ഭാരതത്തിന്റെ അഭിമാനമായ ജഗദീഷ് ചന്ദ്രബോസ് എന്ന പതിഭാധനനായ ശാസ്ത്രജ്ഞനാണ്. വെളിച്ചത്തിനും ശബ്ദത്തിനും പോലും സസ്യങ്ങളെ സ്വാധീനിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചു തന്നു.സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ ചുറ്റുപാടുകളോടുള്ള  പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. വയര്‍ലെസ്‌ വാര്‍ത്താവിനിമയവും ആദ്ദേഹത്തിന്റെ സംഭാവനതന്നെ. ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, ശാസ്‌ത്രസാഹിത്യം, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്നെ ലോകപ്രസിദ്ധങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും ഉപോല്‍ബലകമായതും അന്വേഷണകുതുകിയായ ഈ ശാസ്ത്രജ്ഞന്റെ ഗവേഷണങ്ങളായിരുന്നു എന്ന് നമുക്ക്  സാഭിമാനം സ്മരിക്കാം.

      ഇപ്പോഴത്തെ ബംഗ്ലാദേശില്‍ സ്ഥിതിചെയ്യുന്ന മുഷിന്‍ഗഞ്ച്‌ ജില്ലയിലെ വിക്രാംപുരിയില്‍ 1858 നവംബര്‍ മാസം 30 നാണ്‌ ജെ.സി ബോസ്‌ ജനിച്ചത്‌. മജിസ്‌ട്രേറ്റും അസിസ്റ്റന്റ്‌ കമ്മീഷണറുമായി ജോലിയെടുത്തിരുന്ന ഭഗവന്‍ ചന്ദ്രബോസ്‌ ആയിരുന്നു പിതാവ്‌. അമ്മ ബനസുന്ദരീ ദേവി. ചെറുപ്രായത്തില്‍ തന്നെ ശാസ്ത്രകൗതുകം ജഗദീശിനൊപ്പം ഉണ്ടായിരുന്നു. ഈ പ്രത്യേകതാല്‍പര്യം അദ്ദേഹത്തെ മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിയാക്കി വാര്‍ത്തെടുത്തു. ജീവശാസ്ത്രത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നെങ്കിലും കൊല്‍ക്കത്തയിലെ സെന്റ്‌ സേവിയേഴ്‌സ്‌ കോളജില്‍ അദ്ദേഹത്തിനു ബിരുദപഠനം സാധിച്ചത് ഭൗതികശാസ്ത്രത്തിലായിരുന്നു.സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു തല്‍പ്പരനായിരുന്നെങ്കിലും തന്റെ പുത്രന്‍ ആജ്ഞാനുവര്‍ത്തിയായി ജീവിതം നയിക്കാന്‍ പിതാവ് ഇഷ്ടപ്പെട്ടില്ല. പിന്നീട്   1884 ല്‍ ലണ്ടനില്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയെങ്കിലും അനാരോഗ്യത്താല്‍ അതു പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ശാസ്ത്രബിരുദമെടുത്ത് ദൗത്യം നിറവേറ്റാനദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാലത്താണ് കല്‍ക്കത്താ പ്രെസിഡെന്‍സി കോളേജില്‍ അദ്ദേഹത്തെ അധ്യാപകനായി ക്ഷണിച്ചത്. അതാകട്ടെ ഇംഗ്ലീഷ് അധ്യാപകരുടെ മൂന്നിലൊന്നു ശംബളത്തില്‍. ഒരിന്ത്യാക്കാരനും ബൗദ്ധികമായി വെള്ലക്കാരന്റെ പിന്നിലല്ലെന്നു വിശ്വസിച്ചിരുന്ന ബോസ് ഈ അവഹേളനത്തെ നേരിട്ടത് ഉന്നതമായ സ്വാഭിമാനത്തോടെ ശംബളം തന്നെ നിരസിച്ചുകൊണ്ടായിരുന്നു. ഒടുവില്‍ വെള്ലക്കാരനു തലകുനിക്കേണ്ടിവന്നു. മുന്‍കാലപ്രാബല്യത്തോടെ മുഴുവന്‍ ശംബളവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

    തന്റെ പ്രധാന കണ്ടുപിടുത്തമായ ക്രെസ്കോഗ്രാഫ് ഉപയോഗിച്ച്  ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ 1901 ല്‍ അദ്ദേഹം നടത്തിയ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ബ്രോമൈഡ് ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ഒരു സസ്യത്തിന്റെ സൂക്ഷ്മചലനങ്ങളാണ് അദ്ദേഹം അവിടെ ലോകത്തിനു മുന്‍പില്‍ തന്റെ ഉപകരണങ്ങള്‍ പതിയായിരം മടങ്ങു വലുതാക്കി കട്ടിക്കൊടുത്തത്. ഉപകരണത്തിലെ പ്രകാശബിന്ദുവിന്റെ സ്ക്രീനിലൂടെയുള്ള ചലനങ്ങളാണ് ആ സസ്യത്തിലെ കലകളുടെ സ്പന്ദനങ്ങള്‍ വ്യക്തമാക്കിയത്. വിഷലായനിയില്‍ മുക്കിവെച്ചതുകൊണ്ട് സസ്യത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ മരണത്തിലേയ്ക്കടുക്കുന്ന രോഗിയുടെ ഇ സി ജി പോലെ വേഗത്തില്‍ വ്യതിയാനങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. വിഷം ഉള്ളില്‍ ചെന്ന എലിയുടെ മരണവെപ്രാളത്തിലുള്ല ഓട്ടം പോലെ അതിങ്ങനെ ദ്രുതഗതിയില്‍ കമ്പനം ചെയ്ത് ഒടുവില്‍ നിശ്ചലമായി. അങ്ങനെ  ആ വിഷത്തിന്റെ കഠിന്യത്താല്‍ സസ്യം മരിച്ചു കഴിഞ്ഞു. സസ്യങ്ങള്‍ക്കും ജീവനും വികാരവുമുണ്ടെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അവിടെ അനാവരണം ചെയ്യപ്പെട്ടത് ഏറെ പ്രോത്സാഹനം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.  പക്ഷേ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ബോസിന്റെ ജീവശാസ്ത്രത്തിലേയ്ക്കുള്ള നുഴഞ്ഞുകയറ്റമായാണ് ചിലര്‍ അതിനെ കണ്ടത്. പക്ഷേ അവരുടെ വിമര്ശനങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. തന്റെ ഉദ്യമങ്ങളില്‍ അദ്ദേഹത്തിന് അത്രയേറെ ആത്മവിശ്വാസമുണ്ടായിരുന്നു. പാരീസിലെ സയന്‍സ് കോണ്‍ഗ്രസ്സിലും അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ വലിയ പ്രസംസയ്ക്കു പാത്രീഭവിച്ചിരുന്നു. പിന്നീട് പലശാസ്ത്രജ്ഞര്‍ ഇതിനോടനുബന്ധിയായ കൂടുതല്‍ കാര്യക്ഷമമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ പ്രചോദനമാവുകയും ചെയ്തു.

      ഭൗതികശാസ്ത്രത്തിലും തനതായ കയ്യൊപ്പുകള്‍ ചാര്‍ത്തിയിരുന്നു ഈ ശാസ്ത്രജ്ഞന്‍. 1895 -ല്‍ ബോസ്‌ നടത്തിയ പരീക്ഷണം ശാസ്‌ത്രചരിത്രത്തിലെ നാഴികകല്ലായി. ഇലക്‌ട്രിക്‌ വയറിന്റെ ബന്ധനം ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ആശയ കൈമാറ്റം നടത്തുന്ന പരീക്ഷണമായിരുന്നു ഇത്‌. ഇറ്റലിയില്‍ മാര്‍ക്കോണി റേഡിയോ തരംഗപ്രക്ഷേപണം കണ്ടുപിടിക്കുന്നതിനും 2 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണിത്‌. ഒരു മുറിയില്‍ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചു. അടുത്ത മുറിയില്‍ ഒരു പ്രത്യേകതരം പിസ്റ്റലും ശരിയാക്കി നിര്‍ത്തി. യന്ത്രം പ്രവര്‍ത്തന സജ്ജമാക്കിയതോടെ പുറപ്പെട്ട റേഡിയോ തരംഗം പിസ്റ്റലിനെ സ്റ്റാര്‍ട്ടാക്കി വെടി പൊട്ടിച്ചു. ഈ വയര്‍ലെസ്‌ പ്രയോഗം വിജയകരമായി പൊതു പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു. റേഡിയോ തരംഗങളെ കണ്ടെത്തുന്നു കൊഹറര്‍ എന്ന ഉപകരണവും ഈ പ്രതിഭാധനന്റെ സംഭവന തന്നെ.

     ഒരുപാടു പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമായി അക്ഷീണം തന്റെ ജൈത്രയാത്ര തുടര്‍ന്നെങ്കിലും ഇവയ്ക്കൊന്നും ഉപജ്ഞതാവകാശം അദ്ദേഹം നിയമപരമായി നേടിയെടുത്തിരുന്നില്ല. അത് ശസ്ത്രലോകത്തില്‍ അദ്ദേഹത്തിനുള്ല സ്ഥാനം സുവര്‍ണ്നലിപികളില്‍ രചിക്കപ്പെടാന്‍ തടസ്സമായി. വയര്‍ലെസ്സ് റേഡിയോ തരംഗപ്രക്ഷേപണത്തിലൂടെയുള്ല ആശയ വിനിമയത്തിന് വാണിജ്യപരമായുള്ല ഭീമമായുള്ല സാധ്യതകള്‍ നന്നായറിയാമായിരുന്നിട്ടും  അതിന്റെ പേറ്റന്റ് നേടാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഈ ശാസ്ത്ര മേഖലയില്‍ അദ്ദേഹത്തിന്റെ പേരിനു പകരം മറ്റു പ്രമുഖരുടെ പേരുകളാണ് നാമിന്നു കാണുന്നതും. എങ്കിലും 1896-ല്‍ ലണ്ടന്‍ സര്‍വകലാശാല ജെ.സി. ബോസിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി ആദരിക്കുകയുണ്ടായി.

     വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍, ബര്‍ണാഡ് ഷാ, സര്‍ ആല്‍ഡസ് ഹക്സ്ലി മുതലായ ഒട്ടനേകം പ്രമുഖര്‍ ബോസിനെ പ്രകീര്ത്തിച്ച് എഴുതിയിട്ടുണ്ട്. 'ഇക്കാലത്തെ ഏറ്റവും ഉന്നത ശീര്‍ഷനായ ജീവശാസ്‌ത്രകാരന്‌ ' എന്നെഴുതി ഒപ്പിട്ട്‌ ബര്‍ണാഡ്‌ ഷാ തന്റെ പുസ്‌തകങ്ങള്‍ നല്‌കിയിരുന്നു. വിശ്വഭാരതി സര്‍വകലാശാലയുടെ ഉപാധ്യക്ഷ പദവിയും ടാഗോര്‍ സ്‌നേഹാദരവോടെ ബോസിന്‌ നല്‌കി. മഹാത്മാഗാന്ധി യംഗ്‌ ഇന്ത്യ വഴി ബോസിന്റെ ശാസ്‌ത്രോദ്യമങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്‌.ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

    1917 ല്‍ ശാസ്ത്ര പരീക്ഷണങ്ങളു്ക്കും ഗവേഷണങ്ങളു്ക്കുമായി കൊല്‍ക്കത്തയില്‍ അദ്ദേഹം  ബോസ് ഇസ്റ്റിട്യൂട്ട് സ്ഥാപിക്കുകയുണ്ടായി. സസ്യങ്ങളുടെ വികാരങ്ങളും ചുറ്റുപാടുകളോടുള്ള പ്രതികരണങ്ങളും വളര്‍ച്ചയുമൊക്കെ അറിയുന്നതിനുള്ള വൈവിധ്യമാര്‍ന്ന യന്ത്ര സമുച്ചയം തന്നെ  ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അനസ്തേഷ്യ നല്‍കിയതിനു ശേഷം വളരെ ദൂരെ നിന്നും വലിയൊരു മരം പിഴുതെടുത്ത് അവിടെ നട്ടു വളര്‍ത്തിയിരുന്നു. മനുഷ്യരെപ്പോലെ, ചെറിയ അളവില്‍ നല്‍കുന്ന ക്ലോറോഫോമിന്, സസ്യങ്ങളേയും ബോധം കെടുത്താനാവും. വീണ്ടും പ്രജ്ഞയിലെത്ത്തു മുന്പ് പുതിയ പരിതസ്ഥിതികളിലെത്തിയാല്‍ അവയ്ക്ക് അവിടെ പൊരുത്തപ്പെടുവാനും  അതിജീവനം സാധ്യമാവുകയും ചെയ്യുമത്രേ..ആല്‍ഡ്സ് ഹക്സ്ലിയുടെ ഈ സന്ദര്‍ശനത്തേക്കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം വയിച്ചു കോള്‍മയിര്‍കൊണ്ട്, ഞാനും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ബോസ് ഇന്സ്റ്റിട്യൂട്ട് സന്ദര്‍ശിക്കുകയുണ്ടായി. സഹയാത്രികര്‍ ഷോപ്പിംഗിനായി കണ്ടെത്തിയ സമയത്ത് ഞാന്‍ ഭര്‍ത്തവുമായി ബോസ് ഇന്സ്റ്റിട്യൂട്ട് കണ്ടെത്താന്‍  കല്‍ക്കത്ത തെരുവുകളിലൂടെ വിയര്‍ത്തു കുളിച്ച് അലഞ്ഞു. ആരും അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ല. ഒടുവില്‍ അവിടെയെത്തി മാന്ത്രികതയുള്ല ഉപകരണങ്ങള്‍ കാണുന്നതിനായി അധികൃതരോടന്വേഷിച്ചപ്പോഴാണ് ആ ദുഃഖസത്യം അറിയാന്‍ കഴിഞ്ഞത്. ബോസിന്റെ മരണശേഷം അതൊന്നും ഉപയോഗിക്കാന്‍ ആര്‍ക്കും അറിയുമായിരുന്നില്ലത്രേ. അദ്ദേഹം അതിനുള്ള പരിശീലനം ആര്‍ക്കും കൊടുത്തിരുന്നില്ല. അങ്ങനെ അവയൊക്കെ തുരുമ്പു പിടിച്ച് അന്ത്യശ്വാസത്തിനായി കാത്തു കിടക്കുന്നു.

      1916-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ ബഹുമതി, 1920 റോയല്‍ സൊസൈറ്റി അംഗത്വം, 1927 ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ തുടങ്ങി ഒരുപാടു ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ. "ജഗദീശ്‌ ചന്ദ്രബോസ്‌ ഭാരതത്തിന്റെ വീരപുത്രനാണ്‌"  എന്നാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.

        1887 ലായിരുന്നു ദുര്‍ഗാ മോഹന്‍ദാസിന്റെ മകള്‍ അബലാ ദാസുമായി അദ്ദേഹത്തിന്റെ  വിവാഹം. ഗവേഷണങ്ങളിലും പഠനത്തിലും അമിതമായി ശ്രദ്ധപുലര്‍ത്തിയുരുന്നതിനാല്‍ ബോസിന് കുടുംബകാര്യങ്ങളൊന്നും നോക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയായിരുന്നിട്ടു കൂടി അവര്‍ അതു നന്നായി നിര്‍വ്വഹിച്ചു പോന്നു. ഇവര്‍ക്ക് ഒരിക്കല്‍ മാത്രമാണു സന്താനഭാഗ്യം ലഭിച്ച്ത്. പക്ഷേ ആ കുഞ്ഞിന് അയുസ്സുമുണ്ടായില്ല. പക്ഷേ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വസ്നേഹവും നല്കി ഈ സ്ത്രീരത്നം വിധിയോടു മധുരമായി പ്രതികാരം ചെയ്തു. കല്ക്കത്തയിലെ വളരെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീപക്ഷചിന്താഗതിക്കാരിയുമായിരുന്നു ലേഡി അബലാ ബോസ്.

         മാര്‍ക്കോണിക്കു കിട്ടിയ നോബേല്‍ സമ്മാനം തികച്ചും അര്‍ഹതപ്പെട്ടത്  റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജഗദീശ് ചന്ദ്രബോസിനു തന്നെയായിരുന്നു. ഇന്നും ഇതിനെപ്പറ്റി വിവാദങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇന്നും ബോസ് മുടിചൂടാ മന്നന്‍ തന്നെ. ഈ മഹാപ്രതിഭ 1937 നവംബര്‍ 23 ന് ജീവിതത്തിലെ തന്നെ എല്ലാ ഗവേഷണങ്ങളും പൂര്‍ത്തീകരിച്ച് ഇഹലോകം പൂകി. എങ്കിലും ഈ നാമം ഭാരതത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.






4 comments:

  1. അര്‍ഹിക്കുന്ന ആദരം ലഭിക്കാതെ പോയ മഹാപ്രതിഭ!
    ലേഖനം വളരെ ഉചിതമായി

    ReplyDelete
  2. ഭാരതത്തിന്‍റെ അഭിമാനം!
    ആശംസകള്‍

    ReplyDelete