Sunday, April 20, 2014

മരോട്ടി ('നാട്ടുവഴിയി'ലെ പോസ്ട്.)


മരോട്ടി  ('നാട്ടുവഴിയി'ലെ പോസ്ട്.)
''''''''''''''''
മതിലുകളുടെ കടന്നു കയറ്റത്തില്‍ പുരയിടങ്ങളുടെ അതിരുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ് 'മരോട്ടി'. ചാഞ്ഞുകിടക്കുന്ന ശാഖകളില്‍ പന്തുപോലെ കായ്കളുമായി ഈ മരം നില്‍ക്കുന്നതു കാണാന്‍ ഒരു പ്രത്യേക കൗതുകമാണ്. കായ്കളുടെ പുറം തോട് വളരെ കട്ടിയുള്ളതാണ്. അകത്തു കാമ്പും വിത്തുകളും നിറഞ്ഞിരിക്കും. ഈ മരത്തിന് സംസ്കൃതത്തില്‍ കുഷ്ഠരോഗവൈരി എന്നത്രേ പറയുന്നത്. നോര്‍വട്ട, നീര്‍വെട്ടിയെന്നൊക്കെ നമ്മുടെ നാട്ടില്‍ ഇതിനെ വിളിക്കും.
മരോട്ടിക്കായയില്‍ നിന്നെടുക്കുന്ന മരോട്ടിയെണ്ണ എല്ലാവിധ ത്വക്ക് രോഗങ്ങളുടെയും ചികിത്സയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. വളരെ പണ്ടുകാലത്ത് കുഷ്ഠരോഗചികിത്സയില്‍ മരോട്ടിയെണ്ണ ധാരാളം ഉപയോഗിച്ചിരുന്നു. മരോട്ടിക്കായുടെ ഉണങ്ങിയ തോടും ഉണക്കച്ചാണകവും ചേര്‍ത്ത് കത്തിച്ച് ഭസ്മമുണ്ടാക്കി നെറ്റിയിലും മാറിലും പൂശുന്നവര്‍ പണ്ടുകാലത്ത് ധാരാളമുണ്ടായിരുന്നു. മരോട്ടി എണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാല്‍ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മഞ്ഞള്‍ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാല്‍ കുഴിനഖത്തിന് ശമനം ലഭിക്കും. മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. പഴമക്കാര്‍ എളള്, പുന്നയ്ക്ക, മരോട്ടിക്കുരു മുതലായവയില്‍ നിന്നും എടുക്കുന്ന എണ്ണ വഴിവിളക്കുകളില്‍ ഉപയോഗിച്ചിരുന്നു.
മരോട്ടിക്കായ രണ്ടായി മുറിച്ച് അകത്തെ പള്‍പ്പും വിത്തുകളും നീക്കം ചെയ്താല്‍ അതു ചെരീയ മണ്‍വിളക്കുകള്‍ക്കു പകരമായി ഉപയോഗിക്കാം. കാര്‍ത്തികവിളക്കു കൊളുത്താനും ദീപാവലി ദീപം കൊളുത്താനുമൊക്കെ ഈ തോടുകള്‍ മുന്‍പൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നു.ഇന്ന് ഈ മരം തന്നെ കാണാനില്ലാതായിരിക്കുന്നു.

Friday, April 18, 2014

കുരിശുപാതയില്‍...

എല്ലാമറിഞ്ഞിട്ടും എല്ലാം മറന്നു നീ
എന്തിനായ് ദിവ്യസ്നേഹസ്വരൂപാ,
പാപക്കറകള്‍ കഴുകിയെന്‍ പാദങ്ങള്‍-
ക്കെന്നും നീയേകിയീ മുക്തിതന്‍ പാത

എന്തിനായ് നീ നിന്റെ   രക്തവും ജീവനും
നല്കിയെന്‍ പൈദാഹമാറ്റീടുവാനായി
അപ്പവും വീഞ്ഞും നിനക്കു ഞാന്‍ തന്നില്ല
നല്കിയതോ കെട്ട  തിന്മതന്‍ െ കൈപ്പുനീർ

ഞാന്‍ ചെയ്ത പാപങ്ങളൊക്കെയും നീ നിന്റെ
മുള്‍ക്കിരീടത്തിന്റെ മുള്ളായി മാറ്റിയി-
ട്ടാഴത്തിലങ്കുശം നിന്‍ശിരസ്സില്‍ പതി
ച്ചേറ്റം കഠിനമാം നൊമ്പരം  തിന്നില്ലേ..

എന്നപരാധങ്ങളൊക്കെയും ചേര്‍ത്തുവെ-
ച്ചേകി ഞാനേറ്റവും ഭാരം കുരിശായി-
ട്ടെത്രയോ കാതം ചുമന്നു നീ തോളേറ്റി
ചാട്ടവാറിന്‍ മൂളല്‍ നിന്നെത്തലോടവേ....

മുനകൂര്‍ത്തൊരാണിതന്‍ സ്നേഹത്തിലന്നു ഞാന്‍
മെല്ലെത്തറച്ചൊരാക്കുരിശില്‍ നിന്‍ മേനിയേ
ചിന്തിയ നിന്‍ രക്തമുത്തുകള്‍ ത്യാഗത്തിന്‍
ചിത്രങ്ങള്‍ തീര്‍ത്തെന്റെയാത്മാവില്‍ ദുഃഖമായ്

നാവില്‍ നിന്‍ ദാഹത്തെയാറ്റുവാന്‍ ഞാന്‍നിന-
ക്കേകിയെന്‍ ദുഷ്ടമാം ക്രൗര്യത്തിന്‍ കയ്പ്പുനീര്‍
ഇല്ല നിനക്കായി നല്കിയില്ലെന്‍വിരല്‍-
സ്പര്‍ശത്താല്‍ ഇത്തിരി സ്നേഹവര്‍ഷം.

ഏതു ഗാഗുല്‍ത്തയെന്‍ ജീവിതപാതയി
ലേറണം പാപത്തിന്‍ കുരിശുമായ്, ശിരസ്സിലോ-
മുള്‍ക്കിരീടത്തിന്‍ മുന തീര്‍ത്ത മുറിവുമായ്
നിന്നുയിര്‍ത്തെഴുന്നേല്‍പ്പിനായ് കാത്തിരിക്കാന്‍.






Friday, April 11, 2014

കച്ചോലം (നാട്ടുവഴിയിലെ പോസ്ട്)

  പണ്ടൊക്കെ വീട്ടുമുറ്റങ്ങളില്‍ നിലംപറ്റി കരിംപച്ച നിറമുള്ള ഇലകളും പാടലവര്‍ണ്ണപ്പൊട്ടുകളുള്ള വെളുത്ത പൂക്കളുമായി ഒരു ചെടി വളര്‍ന്നു നില്‍ക്കുമായിരുന്നു. ഇത്തിരിക്കുഞ്ഞനാണെങ്കിലും വീട്ടിലെ കുഞ്ഞുങ്ങളുടെ ഏതസുഖത്തിനും ബഹുകേമന്‍. നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങളെ ശാന്തമാക്കാന്‍ മുത്തശ്ശിമാരും മറ്റും വേഗം അഭയം തേടുന്നത്  ഈ മാന്ത്രികന്റെ അടുത്തേയ്ക്കാവും. എന്റെ വീട്ടിലും ഈ ചെടി ധാരാളമുണ്ടായിരുന്നു. പക്ഷെ മകന്‍ ജനിച്ച ശേഷമാണ് ഇതിന്റെ പ്രാധാന്യം അറിഞ്ഞത്.

  കച്ചോലം എന്നു പേരുള്ള, ഇഞ്ചിവര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണിത്. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഏതാണ്ടു കര്‍പ്പൂരസമാനമായ സുഗന്ധമുള്ളവയാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക്  ഈ ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കും ഔഷധമാണ് കച്ചോലം.
 ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍‍മ്മരോഗം, അപസ്മാരം, പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്.
 
  കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദി ചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം. എല്ലാ കാലാവസ്ഥയിലും വലരുന്ന ഒരു സസ്യമാണിത്. കിഴങ്ങാണ് നടില്‍ വസ്തു. ഔഷധമൂല്യവും ദൗര്‍ലഭ്യവും കാരണം നല്ല വിലയുമുണ്ടിതിന്.


ഈസ്റ്റര്‍ ലില്ലി.(നാട്ടുവഴിയിലെ പോസ്ട്)

വീട്ടുമുറ്റത്തൊരഗ്നിഗോളം! അതാണ് ഒരുപാടു പേരുകളില്‍ അറിയപ്പെടുന്ന ഈ പൂവ്. ബ്ലഡ് ലില്ലി, ഫുട്ബോള്‍ ലില്ലി, അഗ്നിപുഷ്പം, മെയ് ഫ്ലവര്‍, ഏപ്രില്‍ ലില്ലി ഇങ്ങനെ ഒരുപാടു പേരുകളില്‍ അറിയപ്പെടുന്ന ഈസുന്ദരിയുടെ സ്വദേശം സൗത്ത് അഫ്രിക്കയാണ്. നമ്മുടെ നാട്ടിലും ഈസ്ടര്‍ ആകുമ്പോള്‍ മിക്ക വീട്ടുമുറ്റത്തും ഈ പൂവിന്‍ പുഞ്ചിരി കാണാനാകും.

കുട്ടിക്കാലത്ത് ഈ ചെടി തന്ന കൂട്ടുകാരി പറഞ്ഞിരുന്നു ഇതു ഈസ്ടര്‍ ആകുമ്പോള്‍ പൂവിടുമെന്ന്. പക്ഷെ ഞാനൊരിക്കലും ഈ ചെടി അതിനു മുന്‍പു കണ്ടിരുന്നില്ല. ഇങ്ങനെ ഒരു ചെടിയെക്കുറിച്ചു കേട്ടിരുന്നുമില്ല. എങ്കിലും അതു വളരെ ശ്രദ്ധയോടെ മറ്റു ചെടികള്‍ക്കിടയില്‍ നട്ടുവെച്ചു. മുറ്റത്തു കുറെന്നാള്‍ ഭംഗിയുള്ല പച്ച ഇലകളോടെ ഇതു തഴച്ചു നിന്നെങ്കിലും പിന്നെ എപ്പോഴോ വേനല്‍ ചൂടില്‍ അതു കാണാതായി. ചെടി പോയല്ലോ എന്ന് പലപ്പോഴും വിഷമിക്കുകയും ചെയ്തു.  പിന്നീട് അക്കാര്യം പാടെ മറന്നും പോയി. പക്ഷേ ഈസ്റ്റര്‍ ദിനത്തില്‍ അക്കാര്യം ഓര്‍മ്മ വന്നു. വെറുതെ ആ ചെടി നട്ടിരുന്ന സ്ഥത്തുപോയി നോക്കി. അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍! ഭംഗിയുള്ള  ഇളംപച്ച തണ്ടിനു മുകളില്‍  ഒരു ഗോളവിസ്മയം!  കുറെ നാള്‍ കഴിഞ്ഞണ്  ആ പൂവു കൊഴിഞ്ഞുപോയത്. ചെറിയ കായ്കളും കുറെ നാള്‍ നിന്നു. പിന്നീട് അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടോ മൂന്നോ ചെടികള്‍ കൂടി മുളച്ചു വന്നു, അടുത്ത വര്‍ഷം രണ്ടു പൂവു വിരിഞ്ഞു. പിന്നീട് എല്ലാവര്‍ഷവും ഈ പൂവിനായി കാത്തിരിക്കുമായിരുന്നു. ആര്‍ക്കാണ് ഈ വിസ്മയത്തിനായി കാത്തിരിക്കാതിരിക്കാനാവുക!


Thursday, April 10, 2014

മറക്കാം....

മറക്കാം
=====
പ്രാലേയപുണ്യാഹവര്‍ഷം നടത്തുന്ന
പൊന്നിന്‍പുലരിയേ വിസ്മരിക്കാം
പാല്‍പ്പുഞ്ചിരിക്കുമേല്‍ സൗരഭ്യമേകുമീ
പൂക്കള്‍തന്‍ ശോഭയേ വിസ്മരിക്കാം

മാനത്തു നീലിമ ചേലില്‍ വിരിച്ചൊരാ
മാഹേന്ദ്ര, രത്നഖചിതമാം കംബളം
മറക്കാം, നമുക്കീ മണിവീണ മീട്ടുന്ന
മഞ്ജുള ഗാത്രിയാം മധുമാരിവില്ലും

പാടാന്‍ മറന്നോരു പാട്ടിന്റെ പല്ലവി
പാടിത്തരുന്നോരു പൈങ്കിളിപ്പെണ്ണിന്റെ
മാധുര്യമോലുന്ന നാദപ്രപഞ്ചവും
ഓര്‍മ്മയില്‍ നിന്നങ്ങടര്‍ത്തി മാറ്റാം

മണ്ണിന്റെ മാറിലെ പൂര്‍ണ്ണകുംഭങ്ങള്‍
ചുരത്തിത്തരുന്നോരമൃതം വഹിക്കുമീ
പാല്‍നുര പൂക്കുന്നരുവികള്‍തന്‍ കള-
നൂപുരശിഞ്ചിതം പാടേ മറന്നീടാം

വാനോളമങ്ങു വളര്‍ന്നു കുതിക്കുന്ന
പ്രാസാദസഞ്ചയം നല്കുമിടങ്ങളിൽ
ഇത്തിരി ജാലകം കല്പിച്ചു നല്കുന്നൊ-
രിത്തിരി മാനം കണ്ടാശ്വസിക്കാം

മരിക്കട്ടെ കാടുകള്‍, മലകള്‍, മരങ്ങളും
കാട്ടു തീയാളിപ്പടര്‍ന്നു വിഴുങ്ങട്ടെ
ഭൂമിതന്‍ സുസ്മേര സുന്ദരശ്രീയുമീ
ജീവന്‍ തുടിപ്പിക്കുമുച്ഛ്വാസവായും.

ഒരുവേള നളെ നാം ഉച്ഛ്വാസവായുവും
പണമേകി വാങ്ങിടാം പൊതികളായി
മരിക്കട്ടെ കാടുകള്‍, മലകള്‍, മരങ്ങളും
കാട്ടു തീയാളിപ്പടര്‍ന്നു വിഴുങ്ങട്ടെ!


.





Wednesday, April 2, 2014

തിളക്കം

ഒരുപാടു വാക്കുകള്‍
ഓര്‍മ്മയുടെ മരച്ചില്ലകളില്‍
തങ്ങി നില്ക്കുന്നുണ്ട്..
മഴപെയ്തൊഴിഞ്ഞിട്ടും
പെയ്തൊഴിയാത്ത
മരമഴത്തുള്ളികള്‍!

വിസ്മൃതിയുടെ അഗ്നിസ്ഫുലിംഗങ്ങള്‍
കത്തുന്ന സൂര്യന്റെ താപമായ്
ബാഷ്പീകരിക്കട്ടെ,
വേദനയുടെ സൂചിമുന കൂര്‍പ്പിച്ച
ഈ വജ്രത്തുണ്ടുകള്‍!

വലിച്ചെറിഞ്ഞാലും
കുപ്പയില്‍ വീണാലും
വെട്ടിത്തിളങ്ങുന്ന
മാണിക്യക്കല്ലുകള്‍!