Friday, February 26, 2016

പാവം കൈവല്യ.

നാട്ടിലേയ്ക്കുള്ല ട്രയിന്‍ യാത്രയിലാണ് കൈവല്യ എന്നആറു വയസ്സുകാരി കവിക്കുട്ടിയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ കയറുമ്പോള്‍ തന്നെ അവര്‍ ക്യാബിനില്‍ ഉണ്ടായിരുന്നു. അച്ഛനും അമ്മയും തിരക്കുപിടിച്ച ഉദ്യോഗസ്ഥര്‍ . അവരുടെ മിടുക്കി പൊന്നുമോള്‍ ആണ് കവിക്കുട്ടി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം . പക്ഷേ അത് അച്ഛന്റെയോ അമ്മയുടേയോ മടിയില്‍ ഇരുന്നോ രണ്ടുപേരുടേയും ഇടയില്‍ ഞെങ്ങി ഞെരുങ്ങിയിരുന്നോ ഒക്കെയാണെന്നു മാത്രം . ചിലപ്പോള്‍ പടം വരയ്ക്കും, അല്ലെങ്കില്‍ വായന. ചിലപ്പോള്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടു കളിക്കുകയാവും അതുമല്ലെങ്കില്‍ എന്തെങ്കിലും എഴുതുകയാവും.നന്നായി സംസാരിക്കുന്ന അച്ഛനും അമ്മയും . അവര്‍ സ്വദേശമായ കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ്.
അവരുടെ തിരക്കുകളേക്കുറിച്ചും അവധി ലഭിക്കാനുള്ല ബുദ്ധിമുട്ടിനേക്കുറിച്ചുമൊക്കെ ഇടയ്ക്കു സംസാരമുണ്ടായി. സ്വാഭാവികമായും സംശയം തോന്നി ഇവര്‍ പിന്നെ എന്താണു ഫ്ലൈറ്റില്‍ പോകാതെ ട്രെയിനില്‍ വരുന്നതെന്ന്.. പണച്ചെലവില്‍ അത്ര വലിയ വ്യത്യാസമൊന്നും വരാനിടയില്ല. യാത്ര എത്ര സുഖകരവും പിന്നെ സമയലാഭവും . ഇടയ്ക്ക് ഞാന്‍ അതു ചോദിക്കുകയുണ്ടായി . അവരുടെ മറുപടി കൗതുകമുളവാക്കുന്നതായിരുന്നു.
മോള്‍ ഫ്ലൈറ്റില്‍ പോകാന്‍ സമ്മതിക്കില്ല. ട്രെയിനില്‍ പോകണമെന്നു വാശി പിടിച്ചത്രേ. അതിന്റെ കാരണമാണ് രസകരമായി തോന്നിയത്.. ഒപ്പം ഹൃദയത്തിലൊരു ഭാരവും. ആ കുഞ്ഞിന്റെ അച്ഛന്‍ ഐ ടി പ്രൊഫഷണലാണ്. തിരക്കിട്ട ജോലി രാത്രി വളരെ വൈകിയേ എത്തൂ. അപ്പോഴേയ്ക്കും മോള്‍ ഉറങ്ങിയിരിക്കും. അമ്മ ഇന്‍കം ടാക്സില്‍ ഉദ്യോഗസ്ഥയും . രാവില്‍ 7 മണിമുതല്‍ കവിക്കുട്ടി ബേബി സിറ്റിംഗില്‍. അപ്പോള്‍ അച്ഛന്‍ ഉണര്‍ന്നിട്ടുണ്ടാവില്ല. . വൈകുന്നേരം 7 മണിയെങ്കിലും ആകും അമ്മ വന്നുതിരികെ വീട്ടിലേയ്ക്കു കൊണ്ടുപോകാന്‍. അച്ഛനേയും അമ്മയേയും ഒന്നിച്ചു കാണുന്നത് വല്ലപ്പോഴും മാത്രം . പക്ഷേ ആ കുഞ്ഞു മനസ്സില്‍ ആ സ്വര്‍ഗ്ഗലോകം ഒരു നിറമുള്ല സ്വപ്നമായിരുന്നു. ട്രെയിനില്‍ യാത്രചെയ്താല്‍ അത്രയും സമയം അവള്‍ക്ക് അച്ഛന്റേയും അമ്മയുടേയും കൂടെ ഒന്നിച്ചിരിക്കാമല്ലോ...
എല്ലാ കുഞ്ഞുങ്ങളുടേയും സന്തോഷം അവരുടെ മാതാപിതാക്കളോടൊപ്പമിരിക്കുന്നതു തന്നെയാവും . ആ യാത്ര കഴിഞ്ഞ് കുറേ നാള്‍ മനസ്സില്‍ കവിക്കുട്ടിയുടെ ചിരിയും കളിയും ഉണ്ടായിരുന്നു.. പിന്നെ പിന്നെ മറന്നു. ഇന്നു വീണ്ടും അവള്‍ ഓര്‍മ്മയിലെത്തി. ആ പൊന്നുമോള്‍ക്ക് ഒരു ചക്കരമുത്തം മനസ്സാ നല്കുന്നു. 

ആയുധം

ആഴത്തില്‍ 
മുറിപ്പെടുത്താന്‍ 
കഴിയുന്ന ആയുധം -
വാക്കല്ല.
അതു മൗനമാണ്.. 
ഏറ്റവും പ്രിയപ്പെട്ടവരുടെ മൗനം !
മൗനം കൊണ്ട് 
ഹൃദയം മുറിച്ച്
നിണമൊഴുക്കാതിരിക്കുക.
ഒഴുകിപ്പോകുന്ന ചോരയ്ക്കൊപ്പം
കുത്തിയൊഴുകുന്ന 
മഴവെള്ളത്തിലെന്നപോലെ 
ജീവിതമെന്ന  കളിവള്ളം 
ഒഴുകിപ്പോകുന്നുണ്ടാകും .
കരയെത്താതെ..
ലക്ഷ്യമില്ലാതെ .. 

Monday, February 15, 2016

സ്നേഹം

സ്നേഹമേ, നീയൊരു കടലായിരുന്നെങ്കില്‍
ഇല്ലതിന്നൊരു കര , മറുകരയും
സ്നേഹമേ നീയൊരു സുര്യനായിരുന്നെങ്കില്‍
രാവില്ല, വേണ്ടൊരു പുലരിയും സന്ധ്യയും
സ്നേഹമേ നീയൊരു മരമായിരുന്നെങ്കില്‍
പൊഴിയില്ല ഇലകളും പൂക്കളും കായ്കളും
സ്നേഹമേ നീയൊരു മഴയായ് പൊഴിഞ്ഞെങ്കില്‍
ഇല്ലയീ  വനികയില്‍ ഗ്രീഷ്മവും ശിശിരവും.

..........................മിനി മോഹനന്‍

Tuesday, February 9, 2016

.

നിണം വാര്‍ന്ന
മുറിവിന്റെ
നോവിലേയ്ക്കിത്തിരി 
സ്നേഹത്തിന്നാശ്വാസം 
ഊതിയേകാന്‍ 
ഒഴുകുന്ന നൊമ്പരക്കണ്ണീര്‍-
ക്കണങ്ങളെ
മൃദു വിരല്‍ത്തുമ്പിനാല്‍ 
ഒപ്പിനീക്കാന്‍ 
നിറയണം ഹൃദയത്തി-
ലമൃതമാം സ്നേഹം, 
നീഹാര ശീതളസ്പര്‍ശമാം 
കാരുണ്യം ..

ശുഭദിനാശംസകള്‍ 
മിനി മോഹനന്‍ 


Wednesday, February 3, 2016

ജീവിതവൃക്ഷത്തില്‍ നിന്ന് 
ദിനപത്രങ്ങള്‍ കൊഴിഞ്ഞുപോകട്ടെ
പക്ഷേ , സ്നേഹപ്പൂക്കള്‍ ഒരിക്കലും 
കൊഴിയാതിരിക്കട്ടെ 
എന്നുമാ സൗരഭ്യം 
ആനന്ദമേകട്ടെ.. 



മിനി മോഹനന്‍ 

Tuesday, February 2, 2016

വരിക നീ പൗര്‍ണ്ണമിത്തിങ്കളേ, സ്നേഹമേ..

നീ പാടുമൊരു മൗന-
ഗീതത്തിന്നലകളില്‍
ഞാനെന്‍ കിനാക്കളെ-
യാലോലമാട്ടിടാം
നിന്നനുരാഗാര്‍ദ്ര
ചുംബനപ്പൂക്കളാല്‍
നിദ്രതന്‍  തല്‍പ-
മൊരുക്കിവെയ്ക്കാം .
എങ്ങുപോയ് നീയെന്റെ
സ്വപ്നസായൂജ്യമേ
എങ്ങുപോയ് നീയെന്റെ
സ്നേഹസര്‍വ്വസ്വമേ ..
എന്‍ ലോല ഹൃദയമാം
നഭസ്സിലേയ്ക്കോരുവേള
വന്നെത്തി നോക്കുക
പൗര്‍ണ്ണമിത്തിങ്കളാം സ്നേഹമേ
ഏതുകാര്‍മേഘ-
ത്തമസ്സില്‍ മറഞ്ഞാലും
കാറ്റൊന്നുവീശുമാ
കാര്‍മുകില്‍ മായ്ക്കുവാന്‍
മെല്ലെത്തെളിഞ്ഞിടും
നിന്‍ സ്നേഹ സുസ്മിതം
ഒരു കൊച്ചു നെയ്യാമ്പല്‍
മുകുരമെന്‍ മനസ്സിന്റെ
സരസ്സില്‍ നിനക്കായി
കാത്തിരിക്കുന്നിതാ....

എന്റെ ബാല്യം

.
കണ്ണിലെ സൂര്യത്തിളക്കത്തില്‍ വജ്രമായ്
മിന്നുന്ന കണ്ണീര്‍ക്കണമാണെന്‍  ബാല്യം .
മുറ്റത്തെ മുക്കൂറ്റി മുല്ലയില്‍ മൊട്ടിട്ട
സ്വപ്നങ്ങള്‍ തന്‍ ശുഭ്രസൂനമാണെന്‍ബാല്യം
ചക്കരമാമ്പഴം വീഴ്ത്തുന്ന കാറ്റിനെ
കെട്ടിപ്പുണരുന്ന സ്വപ്നമാണെന്‍ ബാല്യം
രാവിലാകാശത്തു മിന്നുന്നുഡുക്കളില്‍
അച്ഛനെ കാണുവാന്‍ കണ്‍പാര്‍ത്തൊരെന്‍ ബാല്യം
അപ്പൂപ്പനോതും കഥകളും അമ്മൂമ്മ
പാടിയ  താരാട്ടും ചേര്‍ന്നതാണെന്‍ ബാല്യം
തിരുവോണമുറ്റത്തെ ഊഞ്ഞാലിലാടിയ
കോടിയുടത്തതാം ഓര്‍മ്മകള്‍ ബാല്യം
കാര്‍ത്തികദീപം കോളുത്തിവെച്ചാരെയോ
കാത്തിരിക്കുന്നതാം സന്ധ്യയാണെന്‍ ബാല്യം
താഴമ്പൂ മണമുള്ള തോട്ടിന്‍ കരയിലെ
തേനൂറും ശീലുള്ല കാറ്റിലാണെന്‍ ബാല്യം
കുന്നിന്‍ മുകളില്‍ നിന്നോടിമറയുന്ന
വെണ്‍മേഘത്തുണ്ടാണെന്നോര്‍മ്മയില്‍ ബാല്യം
ഓര്‍മ്മതന്‍ മാനത്തു വന്നു വിരിഞ്ഞോടി
മാഞ്ഞുപോം മാരിവില്ലാണെന്റെ  ബാല്യം

ഉപ്പ്

ആദ്യമറിഞ്ഞു ഞാനുപ്പിന്റെ മധുരം
അമ്മയെന്‍  നാവിലുറ്റിച്ച മുലപ്പാലില്‍
അതു സ്നേഹമാണെന്നുമതു ത്യാഗമാണെന്നും
അറിയുവാന്‍ വൈകിയെന്നെങ്കിലും ..

പിന്നെക്കളിക്കൂട്ടുകാര്‍ തന്‍ വിയര്‍പ്പാര്‍ന്ന
കൈകളില്‍ നിന്നും കവര്‍ന്ന നെല്ലിക്കയില്‍
കളവേതുമില്ലാത്ത സ്നേഹമുപ്പായ് നിറ-
ഞ്ഞേകി പുളിപ്പും ചവര്‍പ്പും മധുരവും .

പ്രണയം ജ്വലിച്ചു നില്‍ക്കും സൂര്യനായെന്റെ
പകലുകള്‍ക്കൂര്‍ജ്ജം പകര്‍ന്നൊരാ നാള്‍കളില്‍
ഒരു കടല്‍ക്കാറ്റിന്റെ തരളമാം സ്പര്‍ശമായ്
നിന്‍മധുരമെന്‍ നാവിലമൃതം നിറച്ചുവോ..

നിനയ്ക്കാത്തവഴിയിലൂടേതോ തണല്‍തേടി
അലയുന്ന യാത്രയില്‍ നിന്നെയറിയുന്നു ഞാന്‍
കണ്ണീരിലിഴചേര്‍ത്ത മധുരമായ് മൗനമായ്
ഉയരാത്ത തേങ്ങലിന്‍ ഉറയുന്ന നോവായി

നിന്‍ ധവള മന്ദസ്മിതത്തിന്റെ കാന്തിയില്‍
സര്‍വ്വവര്‍ണ്ണങ്ങളും ചേര്‍ന്നലിഞ്ഞീടുന്നു
നിന്‍ പരല്‍ ഭംഗിയില്‍ ജീവിതത്തിന്‍ രൂപ
വൈവിധ്യമൊക്കെയും സമ്മേളിച്ചീടുന്നു

ഒരു നീര്‍ക്കണത്തില്‍ നിന്‍  ശുദ്ധിതന്‍ വര്‍ണ്ണവും
രൂപവും ചന്തവും മാഞ്ഞു പോയീടിലും
രസനയ്ക്കു നീ കനിഞ്ഞേകുന്ന നനവാര്‍ന്ന
നിനവിന്റെ ഉപ്പാര്‍ന്ന മധുരമീ ജീവിതം !