Friday, February 26, 2016

പാവം കൈവല്യ.

നാട്ടിലേയ്ക്കുള്ല ട്രയിന്‍ യാത്രയിലാണ് കൈവല്യ എന്നആറു വയസ്സുകാരി കവിക്കുട്ടിയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ കയറുമ്പോള്‍ തന്നെ അവര്‍ ക്യാബിനില്‍ ഉണ്ടായിരുന്നു. അച്ഛനും അമ്മയും തിരക്കുപിടിച്ച ഉദ്യോഗസ്ഥര്‍ . അവരുടെ മിടുക്കി പൊന്നുമോള്‍ ആണ് കവിക്കുട്ടി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം . പക്ഷേ അത് അച്ഛന്റെയോ അമ്മയുടേയോ മടിയില്‍ ഇരുന്നോ രണ്ടുപേരുടേയും ഇടയില്‍ ഞെങ്ങി ഞെരുങ്ങിയിരുന്നോ ഒക്കെയാണെന്നു മാത്രം . ചിലപ്പോള്‍ പടം വരയ്ക്കും, അല്ലെങ്കില്‍ വായന. ചിലപ്പോള്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടു കളിക്കുകയാവും അതുമല്ലെങ്കില്‍ എന്തെങ്കിലും എഴുതുകയാവും.നന്നായി സംസാരിക്കുന്ന അച്ഛനും അമ്മയും . അവര്‍ സ്വദേശമായ കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ്.
അവരുടെ തിരക്കുകളേക്കുറിച്ചും അവധി ലഭിക്കാനുള്ല ബുദ്ധിമുട്ടിനേക്കുറിച്ചുമൊക്കെ ഇടയ്ക്കു സംസാരമുണ്ടായി. സ്വാഭാവികമായും സംശയം തോന്നി ഇവര്‍ പിന്നെ എന്താണു ഫ്ലൈറ്റില്‍ പോകാതെ ട്രെയിനില്‍ വരുന്നതെന്ന്.. പണച്ചെലവില്‍ അത്ര വലിയ വ്യത്യാസമൊന്നും വരാനിടയില്ല. യാത്ര എത്ര സുഖകരവും പിന്നെ സമയലാഭവും . ഇടയ്ക്ക് ഞാന്‍ അതു ചോദിക്കുകയുണ്ടായി . അവരുടെ മറുപടി കൗതുകമുളവാക്കുന്നതായിരുന്നു.
മോള്‍ ഫ്ലൈറ്റില്‍ പോകാന്‍ സമ്മതിക്കില്ല. ട്രെയിനില്‍ പോകണമെന്നു വാശി പിടിച്ചത്രേ. അതിന്റെ കാരണമാണ് രസകരമായി തോന്നിയത്.. ഒപ്പം ഹൃദയത്തിലൊരു ഭാരവും. ആ കുഞ്ഞിന്റെ അച്ഛന്‍ ഐ ടി പ്രൊഫഷണലാണ്. തിരക്കിട്ട ജോലി രാത്രി വളരെ വൈകിയേ എത്തൂ. അപ്പോഴേയ്ക്കും മോള്‍ ഉറങ്ങിയിരിക്കും. അമ്മ ഇന്‍കം ടാക്സില്‍ ഉദ്യോഗസ്ഥയും . രാവില്‍ 7 മണിമുതല്‍ കവിക്കുട്ടി ബേബി സിറ്റിംഗില്‍. അപ്പോള്‍ അച്ഛന്‍ ഉണര്‍ന്നിട്ടുണ്ടാവില്ല. . വൈകുന്നേരം 7 മണിയെങ്കിലും ആകും അമ്മ വന്നുതിരികെ വീട്ടിലേയ്ക്കു കൊണ്ടുപോകാന്‍. അച്ഛനേയും അമ്മയേയും ഒന്നിച്ചു കാണുന്നത് വല്ലപ്പോഴും മാത്രം . പക്ഷേ ആ കുഞ്ഞു മനസ്സില്‍ ആ സ്വര്‍ഗ്ഗലോകം ഒരു നിറമുള്ല സ്വപ്നമായിരുന്നു. ട്രെയിനില്‍ യാത്രചെയ്താല്‍ അത്രയും സമയം അവള്‍ക്ക് അച്ഛന്റേയും അമ്മയുടേയും കൂടെ ഒന്നിച്ചിരിക്കാമല്ലോ...
എല്ലാ കുഞ്ഞുങ്ങളുടേയും സന്തോഷം അവരുടെ മാതാപിതാക്കളോടൊപ്പമിരിക്കുന്നതു തന്നെയാവും . ആ യാത്ര കഴിഞ്ഞ് കുറേ നാള്‍ മനസ്സില്‍ കവിക്കുട്ടിയുടെ ചിരിയും കളിയും ഉണ്ടായിരുന്നു.. പിന്നെ പിന്നെ മറന്നു. ഇന്നു വീണ്ടും അവള്‍ ഓര്‍മ്മയിലെത്തി. ആ പൊന്നുമോള്‍ക്ക് ഒരു ചക്കരമുത്തം മനസ്സാ നല്കുന്നു. 

1 comment:

  1. തിരക്കിനിടയില്‍ ഇങ്ങനെയെങ്കിലും അല്പം...
    ആശംസകള്‍

    ReplyDelete