Saturday, April 23, 2016

ഗീതകം 30- ഷേക്സ്പിയര്‍



വില്ല്യം   ഷേക്സ്പിയര്‍
======================
(ലോക പുസ്തക, പകര്‍പ്പകവാശദിന ചിന്ത)
.
നാലു ശതവത്സരങ്ങള്‍ ! വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഷേക്സ്പിയര്‍ ഓര്‍മ്മയായിട്ട് ഇന്നു 400 വര്‍ഷം തികയുകയാണ് . കാലാതീതമായി ആസ്വാദകമനസ്സുകളില്‍ ഇടം നേടിയ ഒട്ടനവധി ക്ലാസ്സിക്  കൃതികളിലൂടെ  ആ മഹാന്‍ ഇന്നും ജീവിക്കുന്നു .

മാനവചരിത്രം കണ്ട ഏറ്റവും മഹാനായ എഴുത്തുകാരനായ ഷേക്സ്പിയര്‍ ജനിച്ചത് 1564 ല്‍ ഇംഗ്ലണ്ടിലാണ്. സ്നിറ്റർഫീൽഡിലെ കയ്യുറനിർമാതാവും നഗരാധികാരിയുമായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായി ആണ്  ഷേക്സ്പിയര്‍ ജനിച്ചത്.ജനനം  ഏപ്രില്‍ 23 ന് ആണ്  എന്നു പറയപ്പെടുന്നു എങ്കിലും വ്യക്തമായ തെളിവുകളൊന്നും ആ വിശ്വാസം ശരിവെയ്ക്കുന്നതിന് ലഭ്യമല്ല. ഏപ്രില്‍ 26 ന് ജ്ഞാനസ്നാനം ചെയ്യപ്പെട്ടു എന്നു പള്ളിരേഖകളുള്ളതുകൊണ്ട് ഇപ്പോഴും ഈ വിശ്വാസം തുടരുന്നു.    താന്‍ രചിച്ച 38 നാടകങ്ങളില്‍ ശുഭ, ദുരന്ത പര്യവസായികളും ചരിത്രപരമായതും  ഹാസ്യ, പ്രണയസ്വഭാവമുള്ളതുമായ നാലു വിഭഗങ്ങളായി തിരിച്ചിട്ടുണ്ട. 154 ഗീതകങ്ങളും ( Sonnets എന്ന 14 വരി കവിതകള്‍ ) മറ്റു ചില പ്രസിദ്ധ കാവ്യങ്ങളും  അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ ബാക്കിപത്രമായി ഇന്നും ലോകമെമ്പാടുമുള്ള വായനക്കാരെ ഹഠാദാകര്‍ഷിക്കുന്നു. കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും പ്രസിദ്ധമായ ശുഭപര്യവസായിയായ നാടകം ദ് മെർച്ചൻറ് ഓഫ് വെനീസ് തെന്നെ.  ജീവിച്ചിരുന്നപ്പോഴത്തേക്കാള്‍ മരണശേഷം ആഘോഷിക്കപ്പെട്ട എഴുത്തുകാരനാണ് ഷേക്സ്പിയര്‍.   അദ്ദേഹത്തിന്റെ  കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഷേക്സ്പിയര്‍  നാടകങ്ങൾ ആണ്.

1619 ഏപ്രില്‍ 23 ന് ഈ മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു . എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വായന മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ദിനാചരണം ഏറെ പ്രസക്തമാണ്. പുസ്തകങ്ങളേയും എഴുത്തുകാരേയും ആദരിക്കുന്നതിനും വായന എത്രമാത്രം വ്യക്തിയുടെ സംസ്കാരികമായ ഉന്നമനത്തിനു പാതയൊരുക്കുന്നു എന്ന് ഉത്ഘോഷിക്കുകയും  ഈ ദിനാചരണം. ഷേക്സ്പിയര്‍ മാത്രമല്ല വിശ്വ സാഹിത്യത്തിലെ മറ്റു രണ്ട്  അതികായരായ  മിഖായേല്‍ ഡി സെര്‍വാന്റസ്, ഗാർസിലാസോ ഡേ ലാ വെഗാ, ജോസപ്പ് പ്ലാ എന്നിവരുടെയും  ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. പക്ഷേ 1923ല്‍ സ്‌പെയിനിലെ പുസ്തക പ്രസാധകരാണ് ആദ്യമായി ഈ ദിവസം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. ഡോണ്‍ ക്വിക്‌സോട്ട് അടക്കം നിരവധി പ്രശസ്ത കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനമായതുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ പിന്നിടുംതോറും കൂടുതല്‍ രാജ്യങ്ങള്‍ പുസ്തകദിനം ആചരിക്കാന്‍ തുടങ്ങി. വൈകാതെ, ലോക പുസ്തക ദിനം എന്ന നിലയിലേക്ക് ഈ ദിനം വളരുകയായിരുന്നു. ഈ വായനാദിനത്തില്‍ ഒരു പുസ്തകമെങ്കിലും വായിച്ച് നമുക്കും സഹര്‍ഷം പങ്കുചേരാം .

(ബ്രിട്ടനും ഐര്‍ലന്‍ഡും ഏപ്രില്‍ 23 ന് സെന്റ് ജോര്‍ജ്ജ് ദിനം ആചരിക്കുന്നതുകൊണ്ട് അവര്‍ പുസ്തകദിനമായി കാണുന്നത് മാര്‍ച്ച്  മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ്. )

ഗീതകം 30 ( പരിഭാഷ : മിനി മോഹനന്‍ )
മധുരമൂറും മൗനചിന്തകളുടെ വേളകളില്‍
===================================

മധുരമൂറും മൗനചിന്തകളുടെ വേളകളില്‍
ഇന്നലെകളുടെ ഓര്‍മ്മക്ളെ ഞാന്‍ മാടിവിളിക്കുകയാണ്.
എന്റെ നെടുവീര്‍പ്പുകള്‍ അപ്രാപ്യവിജയങ്ങളോര്‍ത്ത് ,
എന്റെ രോദനം നഷ്ടപ്പെട്ട വിലപ്പെട്ട സമയത്തെയോര്‍ത്ത്
എന്റെ കണ്ണുകള്‍ സജലങ്ങളാകുന്നത്, പകലില്ലാത്ത
മരണത്തിന്റെ രാവിലേറിയ പ്രിയ സുഹൃത്തുക്കളെയോര്‍ത്ത്
തേങ്ങിക്കരയുന്നത്, മുമ്പെന്നോ കൈമോശം വന്ന സ്നേഹത്തെയോര്‍ത്ത്
വിതുമ്പുന്നത്, കാഴ്ചയില്‍ നിന്നു മറഞ്ഞ പ്രിയമുഖങ്ങളൊര്‍ത്ത്,
എന്നോ  കടന്നുപോയ ശോകനിമിഷങ്ങളേക്കുറിച്ചോര്‍ത്തു ദുഃഖിക്കാന്‍
അവയോര്‍മ്മിച്ചു പിന്നെയും പിന്നെയും പൊട്ടിക്കരയാന്‍
വീണ്ടും എല്ലാം  ഒന്നൊന്നായ് ഓര്‍മ്മിച്ചെടുക്കാന്‍
മുന്‍പനുഭവിക്കാത്ത ഗാഢദുഃഖത്തിലേയ്ക്കിറങ്ങിച്ചെല്ലാന്‍
എങ്കിലും ആ വേളയിലെപ്പോഴോ,  നിന്നെയോര്‍ക്കും പ്രിയ സഖേ,
അപ്പോള്‍ എനിക്കു നഷ്ടമായതൊക്കെ മടങ്ങിയെത്തി , ദുഃഖമകന്നുപോകും. 

Friday, April 22, 2016

ചേതന്‍ പോയിന്റ് ഭഗത്




ആരുടേയും മനം കവരുന്ന,  കുട്ടിത്തവും കുസൃതിയും നിറഞ്ഞ സുസ്മേരവദനം. ചേതന്‍ ഭഗത് എന്ന പ്രശസ്തനായ നോവലിസ്റ്റിനെക്കുറിച്ചു കേള്‍ക്കുമ്പോഴേ വാത്സല്യം നിറഞ്ഞ മനസ്സോടെയേ ആ മുഖം ഓര്‍മ്മിക്കാന്‍ കഴിയൂ. വിരലിലെണ്ണാവുന്ന ഏതാനും  മികച്ച നോവലുകളിലൂടെ ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രശംസയ്ക്കു പാത്രമായ ഈ എഴുത്തുകാരന്‍ സിനിമ, ടെലിവിഷന്‍, പത്ര, മാധ്യമങ്ങളിലൊക്കെ തന്റെ ശക്തമായ സാന്നിധ്യം ഇതിനോടകം തെളിയിച്ചിട്ടുണ്ട് . ഇന്ത്യയുടെ സാഹിത്യചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട - അതും വളരെ ചുരുങ്ങിയ കാലയളവില്‍- ഇംഗ്ലീഷ് നോവലിന്റെ രചയിതാവാണ് ഈ ധിഷണാശാലിയായ ചെറുപ്പക്കാരന്‍. ഏഴു കോടിയിലധികം പ്രതികളാണ് ഇതിനോടകം വിറ്റുപോയിരിക്കുന്നത്.

1974 ഏപ്രില്‍ 22ന് , ഡല്‍ഹിയില്‍ താമസമാക്കിയിരുന്ന ഒരു പഞ്ചാബി കുടുംബത്തില്‍ ജനനം. അച്ഛന്‍ ആര്‍മി ഓഫീസറും, അമ്മ കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥയുമായിരുന്നു. ആര്‍മി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മെക്കാനിക്കല്‍  എഞ്ചിനീയറിംഗ് ബിരുദമെടുത്തത് ഡല്‍ഹി ഐ ഐ റ്റി യില്‍ നിന്ന് 1995 ല്‍. തുടര്‍ന്ന് അഹമ്മദാബാദ് ഐ ഐ എം ല്‍ നിന്ന് 1997 ല്‍ എം ബി എ ബിരുദം .പിന്നീട് 11 വര്‍ഷം ഉദ്യോഗാര്‍ത്ഥം ഹോങ്കോങ്ങില്‍. അവിടെ വെച്ചാണ് തന്റെ ആദ്യ നോവലായ ഫൈവ് പോയിന്റ് സം വണ്‍ എഴുതിയത് ( 2004 ). ഐ ഐ റ്റി കളിലെത്തുന്ന സാധാരണ വിദ്യാര്‍ത്ഥികളുടെ ഉദ്വേഗപൂര്‍ണ്ണമായ ജീവിതത്തിലെ മാനസികസംഘര്‍ഷങ്ങളും ദിശാമാറ്റങ്ങളുമൊക്കെ അതിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ തന്നെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ ഹര്‍ഷാരവത്തോടെ തന്നെ ഇന്ത്യന്‍ ജനത ഏറ്റുവാങ്ങി.2005 ല്‍ One Night @ the Call Center എന്ന നോവലും പ്രസിദ്ധീകരിച്ചു .   തുടര്‍ന്ന്  മുംബൈയിലേയ്ക്കു ജീവിതം പറിച്ചു നടുകയായിരുന്നു, സാഹിത്യരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനായി. പിന്നീടു പ്രസിദ്ധീകരിച്ച  രചനകളാണ്  , The 3 Mistakes of My Life (2008), 2 States (2009), Revolution 2020 (2011), What Young India Wants (2012) (speeches and columns), Half Girlfriend (2014) ,  Making India Awesome (2015) (Synopsis) .എന്നിവ. ഇവയില്‍ അഞ്ചെണ്ണം നോവലുകള്‍ .  ലളിതമായഭാഷയില്‍, ഏതൊരു സാധാരണക്കാരനും തന്റെ ജീവിതത്തോടൊപ്പം ചേര്‍ക്കാവുന്ന സാഹിത്യസൃഷ്ടികളാണ് ഈ പ്രതിഭയുടെ തൂലികയില്‍ നിന്നു ജന്മം കൊണ്ടത്. അതുകൊണ്ടു തന്നെ ചേതന്‍ ഭഗത്തിന്റെ രചനകള്‍ക്കായി ഇന്ത്യന്‍ വായനക്കാര്‍ അക്ഷമയോടെ  കാത്തിരിക്കുന്നു എന്നതാണു സത്യം.  എല്ലാ പുസ്തകങ്ങളും ബെസ്റ്റ് സെല്ലെര്‍ ഗ്രൂപ്പില്‍ പെടുകയും ചെയ്തു. ദി ന്യൂയോർക്ക് ടൈംസ് ദിനപ്പത്രം ഭഗത്തിനെ വിശേഷിപ്പിക്കുന്നത് "ഇന്ത്യ കണ്ട ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഇംഗ്ലീഷ് കഥാകൃത്ത്" എന്നാണ്. ന്യൂയോര്‍ക്ക് ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറെ സ്വാധീനിച്ച 100 വ്യക്തികളിലൊരാൾ എന്നാണ്. ഭഗത്, യുവജനതയെ ലക്ഷ്യമിട്ട് ദി ഗാർഡിയൻ, ദി ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ഭാസ്കർ തുടങ്ങി ഇംഗ്ലീഷ് ഹിന്ദി ദിനപ്പത്രങ്ങളിൽ കോളങ്ങളും എഴുതുന്നുണ്ട്.  ദേശീയ രാഷ്ട്രീയകാര്യങ്ങളിലും സജീവമായി ഇടപെടുന്നു.

രണ്ടാമത്തെ നോവലായ One Night @ the Call Center 'ഹല്ലോ' എന്ന പേരില്‍ 2008 ല്‍ സിനിമയാക്കിയെങ്കിലും പ്രതീക്ഷിച്ച  സ്വീകരണം ലഭിക്കയുണ്ടായില്ല. പക്ഷേ
തന്റെ ആദ്യനോവല്‍ 'ത്രീ ഇഡിയറ്റ്സ്' എന്ന പേരില്‍ 2009 ല്‍  സിനിമയായപ്പോഴാകട്ടെ  അഭൂതപൂര്‍വ്വമായ സ്വീകരണമാണു ലഭിച്ചത്.    The 3 Mistakes of My Life എന്ന    നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ തിരക്കഥയെഴുതിയതും അദ്ദേഹം തന്നെ . മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ഫെയര്‍ അവര്‍ഡും ലഭിക്കുകയുണ്ടായി . തുടര്‍ന്നുള്ള നോവലുകളുടേയും സിനിമ രൂപാന്തരത്തിന് തിരക്കഥാ രൂപമേകിയത് ചേതന്‍ തന്നെയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയൊക്കെ സമകാലീന സംഭങ്ങളേക്കുറിച്ചു തന്റേതായ അഭിപ്രായങ്ങള്‍  ശക്തമായി പ്രകടിപ്പിക്കാന്‍ ചേതന്‍ ഭഗത്തെന്ന പ്രതിഭയ്ക്കു കഴിയുന്നുണ്ടെന്നതും ഇക്കാലഘട്ടത്തിന് ആശ്വാസമേകുന്നു. ഈ ചെറിയ കാലയളവില്‍ തന്നെ ധാരാളം പുരസ്കാരങ്ങളും ഈ യുവ സാഹിത്യകാരനെ തേടിയെത്തിയിട്ടുണ്ട്. ഇനിയും എത്രയോ പുര്സ്കാരങ്ങള്‍ ഈ പ്രതിഭയ്ക്കായി കാത്തിരിക്കുന്നു!.

ഐ ഐ എം ലെ തന്റെ സഹപാഠിയായിരുന്ന അനുഷ സൂര്യനാരായണന്‍ എന്ന തമിഴ് നാട്ടുകാരി പെണ്‍കുട്ടിയെ  1998ല്‍  ജീവിത സഖിയാക്കി . കാമ്പസ്സില്‍  ഒരു കോമാളിയെപ്പോലെ തമാശകള്‍ പറഞ്ഞു തന്നെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ചേതനുമായി പ്രണയത്തിലായ അനുഷയ്ക്ക് യാഥാസ്ഥികരായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന് ഒരുപാടെതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു . പക്ഷേ ആ ഗാഢപ്രണയത്തെ തോല്‍പ്പിക്കാന്‍ ആ എതിര്‍പ്പുകള്‍ക്കൊന്നും കഴിഞ്ഞില്ല.  . ഇവരുടെ പ്രണയകഥയാണ് 2 States  എന്ന നോവലിനാധാരം. ചേതന്റെ വിജയത്തിനു പിന്നില്‍ ഏറ്റവും ശക്തമായ പിന്‍തുണയായി അനൂഷയുണ്ട്. തന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് അനുഷ എന്നാണ് ചേതന്‍ പറയുന്നത്. ആ അനുരഗവല്ലരിയില്‍ രണ്ടിരട്ടപ്പൂക്കള്‍ കൂടിയുണ്ട്. ശ്യാമും ഇഷാനും. ഇഷാന്‍,  അച്ഛന്റെ സിനിമയില്‍ അഭിനയിക്കുകകൂടി ചെയ്തു .

ഇന്ന് ചേതന്‍ ഭഗത്ത് എന്ന പ്രതിഭാധനന്റെ 42 )0 പിറന്നാള്‍ . എല്ലാ നന്മകളും ആശംസിക്കുന്നു ഈ പുണ്യദിനത്തില്‍ .




Friday, April 15, 2016

ഗോവ മലയാളി പത്രത്തിനുള്ള ആശംസ.

കര്‍ണ്ണികാരത്തിന്റെ ഹേമകാന്തിയ്ക്കൊപ്പം,
വിഷുപ്പക്ഷിയുടെ കൂഹൂരവത്തോടൊപ്പം 
വിഷുക്കൈ നീട്ടമായ് ഗോവയിലെ മലയാളിയുടെ 
കൈകളിലേയ്ക്ക് വീണ്ടുമെത്തുന്നു
അക്ഷരപുണ്യം 'ഗോവ മലയാളി'.
സര്‍വ്വ വിജയങ്ങളും ഉണ്ടാവട്ടെ എന്ന്
ആശംസകള്‍ നേരുന്നു , സ്നേഹപൂര്‍വ്വം
മിനി മോഹനന്‍


എബ്രഹാം ലിങ്കണ്‍


ഇന്ന് ഏപ്രില്‍ 15. 
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളിലൊരാളായ എബ്രഹാം ലിങ്കണ്‍ കാലത്തിന്റെ തിരശ്ശിലയ്ക്കപുറത്തേയ്ക്കു കടന്നുപോയതിന്റെ 151 )0ഓര്‍മ്മദിനം . 
.
അദ്ദേഹം തന്റെ മകന്റെ ടീച്ചര്‍ക്കെഴുതിയ കത്ത് വളരെ പ്രസിദ്ധമാണ്. 
.



ആദരണീയനായ ഗുരുവിന് ,
എന്റെ മകന്‍ ഇന്നു വിദ്യാലയ ജീവിതം ആരംഭിക്കുകയാണ് . ആദ്യനാളുകളില്‍ അവന് തികച്ചും അപരിചിതവും നൂതനുവാണ് ഈ ലോകം . അതിനാല്‍ ദയവായി അവനോടു കരുണകാട്ടുക. വന്‍കരകള്‍ കീഴടക്കുവാനുള്ല ഒരു സാഹസികയാത്രയുടെ നാന്ദി  കുറിക്കുകയാണവന്‍ . ഇവിടെ യുദ്ധവും പരാജയവും കണ്ണീരുമുണ്ടാകാം . ഈ ജീവിതയാത്രയില്‍ മുന്നേറാന്‍  വിശ്വാസവും സ്നേഹവും ധൈര്യവും കൂടിയേ കഴിയൂ .
അതിനാല്‍ താങ്കള്‍ ദയവായി അവന്റെ കൈവിരലുകള്‍ ചേര്‍ത്തുപിടച്ച് സ്നേഹം പകര്‍ന്നുകൊണ്ട് അറിവേകുക - കഴിയുന്നത്ര ദയാവായ്പോടെ. ഏതൊരു ശത്രുവിനും ഒരു മിത്രമുണ്ടാകുമെന്നവനെ പഠിപ്പിക്കുക. എല്ലവരും നീതിമാന്‍മാരും സത്യസന്ധരുമല്ല എന്നും അവന് അറിവേകുക. ഏതൊരു തെമ്മാടിക്കും ഒരു വീരനായകനുണ്ടാകുമെന്നും ഏതൊരു വക്രബുദ്ധിയായ രാഷ്ട്രീയക്കരനും മനസ്സര്‍പ്പിച്ച ഒരു നേതാവുണ്ടാകുമെന്നും അവനെ പഠിപ്പിച്ചുകൊടുക്കുക. 

കഴിയുമെങ്കില്‍ അവനെ പഠിപ്പിക്കുക, സ്വയം സമ്പാദിക്കുന്ന ചെറിയ നാണയത്തുട്ടുകള്‍ക്ക് കലഞ്ഞുകിട്ടുന്ന വന്‍ തുകകളേക്കാള്‍ മഹത്വവും മൂല്യവും ഉണ്ടെന്ന്. വിദ്യാലയത്തില്‍ തെറ്റായവഴിയിലൂടെ നേടുന്ന വിജയത്തേക്കാള്‍ ആദരം ലഭിക്കുന്നത് നേരായ മാര്‍ഗ്ഗത്തിലൂടെ നേരിടേണ്ടിവരുന്ന പരാജയമാണെന്ന് അവനെ മനസ്സിലാക്കുക. നഷ്ടപ്പെടലിന്റെ ലാഘവത്വത്തെ അവനു പഠിപ്പിക്കുക വഴി വിജയത്തെ ആഹ്ലാദപ്രദമാക്കാന്‍ അവനെ സഹായിക്കുക. 

മാന്യതയുള്ളവരോട് മാന്യമായും കഠിനഹൃദയരോട് അത്തരത്തിലും പെരുമാറാന്‍ അവനെ പരിശീലിപ്പിക്കുക. അസൂയയില്‍ നിന്ന് വഴിതിരിക്കാനും നിശ്ശബ്ദമായി പൊട്ടിച്ചിരിക്കാനും അവനെ പഠിപ്പിക്കുക. ദുഃഖാതിരേകത്തില്‍ ചിരിക്കാനും കണ്ണുനീരില്‍ ലജ്ജിക്കേണ്ടതില്ലെന്നും കഴിയുമെങ്കില്‍  അവനെ പഠിപ്പിക്കുക. ചില പരാജയങ്ങള്‍ക്കു മഹത്വമുണ്ടെന്നും വിജയങ്ങള്‍ക്കു നൈരാശ്യം നല്‍കാന്‍ കഴിയുമെന്നും അവനെ അറിയിക്കുക. വിമര്‍ശനങ്ങളെ ഹാസാത്മകമായി നേരിടാന്‍ അവനെ പഠിപ്പിക്കുക. 

പുസ്തകങ്ങളുടെ അത്ഭുതലോകത്തെ അവനു പരിചയപ്പെടുത്തുക. പക്ഷേ ആകാശത്തിന്റെ ഉടമകളായ പക്ഷിഗണങ്ങളും  മറ്റു ജീവജാലങ്ങളും സസ്യലോകവും അടങ്ങിയ ഈ പ്രപഞ്ചത്തിന്റെ നിതാന്തവിസ്മയത്തെക്കുറിച്ച് ചിന്താമഗ്നനാകാനും അവനെ പരിശീലിപ്പിക്കുക. മറ്റുള്ളവര്‍ എതിര്‍ക്കുമ്പോഴും സ്വന്തം ശരികളില്‍  ഉറച്ചു വിശ്വസിക്കാന്‍ അവനെ പ്രാപ്തനാക്കുക. 

മടുള്ളവര്‍ ചെയ്യുന്നതുകണ്ട് ആള്‍ക്കൂട്ടത്തിനു പിന്നാലെ പോകാതിരിക്കാന്‍ അവനെ പഠിപ്പിക്കുക. എല്ലാവരുടേയും വാക്കുകള്‍ക്കു ചെവികൊടുക്കുമ്പോഴും നല്ലതിനേയും ശരിയേയും മാത്രം ചേറിയെടുത്ത്  സ്വീകരിക്കാന്‍ താങ്കള്‍  അവനു കരുത്തു പകരുക. സ്വന്തം സ്വത്വത്തിനും ഹൃദയത്തിനും വിലപറയാതെ, കഴിവും ബുദ്ധിയും നന്മയ്ക്കായ് മാത്രം പ്രയോജനപ്പെടുത്താന്‍  അവനെ പ്രാപ്തനാക്കുക. അക്ഷമനാകാന്‍ ധൈര്യമേകുന്നതോടൊപ്പം ധീരനാകാന്‍ അവനു ക്ഷമയും പരിശീലിപ്പിക്കുക. അവനവനില്‍ തന്നെ അത്യുന്നത വിശ്വാസം പുലര്‍ത്തുവാന്‍ അവനെ പഠിപ്പിക്കുക. , തദ്വാരാ മൗഷ്യത്വത്തിലും ദൈവികതയിലും ഉയര്‍ന്ന വിശ്വാസം കൊണ്ടുവരാന്‍ അവന്‍ കരുത്താര്‍ജ്ജിക്കും. ഇതൊരു നിയോഗമായെടുത്ത് ഏറ്റവും നല്ലതിനായി അങ്ങു ശ്രമിക്കുക. എന്റെ മകന്‍ വളരെ മിടുക്കനായ കുഞ്ഞാണ് . 






Friday, April 8, 2016

Dreams !!!

Dreams !
Fly to the nest of clouds
Lie in the womb of hopes
Waiting for reincarnation
With their eyes closed
Wings tied
And their songs muted
Yet I long for them
To dance on   air
And die in gay .

Thursday, April 7, 2016

പനി !

തലയിന്നു പൊങ്ങുവതില്ല കഷ്ടം!
തലവേദനയ്ക്കിത്ര ഭാരമുണ്ടോ?
ചുട്ടുപൊള്ളുന്നുണ്ടു മേനിയാകെ
എന്നിട്ടും തുള്ളിവിറപ്പതെന്തേ..!

പ്രിയ ചെമ്പകമേ..

പ്രണയശീതള
സ്പര്‍ശമായ് മഞ്ഞിന്‍
മൃദുല കൈവിരല്‍
തൊട്ടു തലോടവേ
നിദ്ര വിട്ടൊരാ-
ക്കിളികളൊക്കെയും
ചിറകടിച്ചു
പറന്നു പോകവേ
കണ്‍മിഴിച്ചൊന്നു
നോക്കയാണൊരു
വെണ്‍മ കോരി
നിറച്ച  ചെമ്പകം
പുതുമചാര്‍ത്തി
വരുന്ന മുകിലുകള്‍
തൊട്ടെടുത്തുവോ
നിന്റെ പരിമളം !

Wednesday, April 6, 2016

പാവമല്ലാത്ത പാവ്.

മഹാരാഷ്ട്രയിലെ, പ്രത്യേകിച്ച് മുംബൈ , പൂനെ പോലുള്ള പ്രധാന നഗരങ്ങളിലെ ഒരു പ്രധാന തെരുവോര ഭക്ഷണമാണ് പാവ്. നഗരങ്ങളില്‍ ജോലി തേടിയെത്തുന്ന ഏതു ദേശക്കാരുടേയും ഹൃദയം ഒരൊറ്റ തവണകൊണ്ടു കവര്‍ന്നെടുക്കാന്‍ മാത്രം അത്ഭുത മാന്ത്രികവിദ്യ കൈവശമാക്കിയ ഈ ഭക്ഷണ വിഭവം മഹാരാഷ്ട്രയുടെ ഏതു മുക്കിലും മൂലയിലും സുലഭമായി ലഭിക്കുന്നതാണെന്ന പ്രത്യേകത കൂടിയുണ്ട്. സമ്പന്നരെന്നോ ദരിദ്രരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും പ്രിയപ്പെട്ട വടാ- പാവ്, പാവ് ഭാജി, ഉസല്‍ പാവ്, മിസല്‍ പാവ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭാവഹാവാദികളുമായി ഈ മിടുക്കന്‍ വിലസുന്നത് വളരെ കൗതുകത്തോടു കൂടിയേ നിരീക്ഷിക്കാനാവൂ. ഈ സംസ്ഥാനത്തെ ദേശീയ ഭക്ഷണമായും അംഗീകരിക്കപ്പെട്ട ഈ സസ്യ വിഭവം ഏതു സമയത്തും സ്വീകരിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ് .കുറഞ്ഞ ചെലവില്‍ ലഭിക്കുന്നു എന്നതും  പോഷകമൂല്യമുള്ളതുകൊണ്ടും മുംബൈലും മറ്റു മഹാരാഷ്ട്ര നഗരങ്ങളിലും എത്തുന്നവരുടെ വിശപ്പടക്കാന്‍ ഈ ഭക്ഷണത്തോളം സ്വീകാര്യമായ മറ്റൊരു വിഭവം ഇല്ല തന്നെ. വഴിയോരത്തെ തട്ടുകട മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണശാലകളില്‍ വരെ ഏറ്റവും ആവശ്യക്കാരുള്ളതും  ഇതിനു തന്നെ .  

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ മുംബൈയിലെ തുണിമില്‍ ജോലിക്കാര്‍ക്കുള്ള ഭക്ഷണമായാണ് പാവിന്റെ അരങ്ങേറ്റം എന്നു പറയപ്പെടുന്നു. ജോലിക്കാര്‍ക്ക് കുറഞ്ഞ സമയം കൊണ്ടു കഴിക്കാവുന്നതും അമിതമായി വയര്‍ നിറയാത്തതുമായ ഒരു വിഭവമാണ് അവര്‍ക്ക് അനുയോജ്യമായിരുന്നത്.   പാവ് എന്ന വാക്ക് പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നു വന്നതാണ്. pao എന്നാണ് അവിടുത്തെ സ്വീറ്റ് ബ്രെഡ് വിളിക്കപ്പെടുന്നത്. ഇവിടെ ഇത് സ്പോഞ്ചുപോലെ , ഒട്ടും തന്നെ മധുരമില്ലാത്ത ഒരുതരം ബ്രെഡ് ആണ് . എല്ലായിടത്തും ലഭ്യമാണെങ്കിലും നമുക്കിതു വീട്ടിലുണ്ടാക്കാനും വളരെ എളുപ്പം. ( ഒട്ടും ശുചിത്വമുള്ള രീതിയിലല്ല പാവ് നിര്‍മ്മാണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ) മൈദ മാവില്‍ യീസ്റ്റ് , കുറച്ചു പഞ്ചസ്സാരയും ഇളം ചൂടു വെള്ളവും  ചേര്‍ത്ത്  പൊങ്ങി വന്നത് ,  ആവശ്യത്തിനു പാല് (വെള്ളമായാലും മതി ) ഉപ്പ് ഇവ ചേര്‍ത്തു ചപ്പാത്തി മാവു പോലെ കുഴയ്ക്കുക. ഒരു നനഞ്ഞ കട്ടിത്തുണി കൊണ്ടു മൂടി മാവിന്റെ വലുപ്പം ഇരട്ടിയാകുന്നതു വരെ പൂളിക്കാന്‍ വെയ്ക്കുക. ചൂടു കാലമാണെങ്കില്‍ രണ്ടു മണിക്കൂര്‍ മതിയാവും . ചെറിയ ഉരുളകളാക്കി ഉരുട്ടി ഓവനില്‍ വെച്ച് ബെയ്ക്കു ചെയ്യുക. ഓവനില്ലെങ്കില്‍ പഴയ കുക്കറിന്റെ  vent weight ഉം Rubber gasket ഉം ഇല്ലാതെ , ഒട്ടും വെള്ളമൊഴിക്കാതെ ഓവനാക്കി ഉപയോഗിക്കാവുന്നതാണ്. മൈദയ്ക്കു പകരം ഗോതമ്പു പൊടിയാനെങ്കില്‍ ആരോഗ്യത്തിനു കൂടുതല്‍ ഉത്തമം . എന്നാല്‍ ആ പാവിന് മൃദുത്വം കുറവായിരിക്കും .

പാവിന്റെ ഏറ്റവുമധിമായി കാണുന്ന സഹചാരി പൊട്ടറ്റോ( ബട്ടറ്റ) വട തന്നെ . പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങില്‍ ചതച്ച പപച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ വഴറ്റി ചേര്‍ത്ത് മല്ലിയിലയും അരിഞ്ഞു ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കിയത് , കടലമാവ് ഉപ്പും മഞ്ഞള്‍പൊടിയും കായവും ചേര്‍ത്തു കട്ടിയായി കലക്കിയ മാവില്‍ മുക്കി എണ്ണയില്‍  വറുത്തു കോരുന്നതാണ് ബട്ടറ്റ വട.  മല്ലിയില, പുതിനയില ഇവയുടെ ചട്ണിയും വെളുത്തുള്ളിയും ഉള്ളിയും മുളകുമൊക്കെ വട വറുത്തു കോരുന്നതിലെ പൊട്ടും പൊടിയും ഒക്കെ  ചേര്‍ത്തു പൊടിച്ച ചട്ണിയും വടയും രണ്ടായി പിളര്‍ന്ന  പാവിനുള്ളില്‍ ബര്‍ഗ്ഗര്‍ പോലെയാക്കി കഴിക്കുന്നതാണ് വടാ പാവ്.
ഒപ്പം വേണമെങ്കില്‍ എണ്ണയില്‍ വറുത്ത പച്ചമുളകും കൂട്ടാം.

  പാവു ഭാജി ആണ് മറ്റൊരു കോംബിനേഷന്‍ . ലഭ്യമായ പച്ചക്കറികള്‍ - ഉരുളക്കിഴങ്ങ്,തക്കാളി, ബീന്‍സ്, ഗ്രീന്‍ പീസ്, കാരറ്റ്, കാപ്സിക്കം അങ്ങനെ.. - വേവിച്ചുടച്ച് അതില്‍ പാവുഭാജി മസാലയും ചേര്‍ത്ത് എണ്ണയിലോ വെണ്ണയിലോ നന്നായി വഴറ്റിയുണ്ടാക്കുന്ന കറിയാണ് ഭാജി . അല്‍പം നാരങ്ങ നീരു ചേര്‍ത്ത്  ചെറുതായി അരിഞ്ഞ സവാളയും മല്ലിയിലയും തൂകി അലങ്കരിക്കുന്ന ഈ ഭാജി അതീവ സ്വാദുള്ളതും ഒപ്പം പോഷക സമൃദ്ധവും ആണ്. വെണ്ണതേച്ച് ചൂടായചട്ടിയില്‍ അല്‍പമൊന്നു മൊരിച്ചെടുക്കുന്ന പാവ്, ഈ ഭാജി ചേര്‍ത്തു കഴിക്കുന്നത് തികച്ചും ഒരു സമ്പൂര്‍ണ്ണാഹാരമാണ്. ഇതു തന്നെ പലവിധത്തില്‍ ഉണ്ടാക്കിയെടുക്കാം .ചീസ്, തൈര്,  പനീര്‍, കൂണ്‍, ഡ്രൈ ഫ്രൂട്ട്സ്.. അങ്ങനെ പലതും ചേര്‍ത്ത് ഇതുണ്ടാക്കാം . ഉള്ളിയും വെളുത്തുള്ളിയും ഒന്നും ചേര്‍ക്കാതെ ജൈന്‍ വിഭാഗക്കാര്‍ ഉണ്ടാക്കുന്ന ഭാജിയില്‍ ഉരുളക്കിഴങ്ങിനു പകരം പച്ചക്കായ ആണു പുഴുങ്ങി പൊടിച്ചു ചേര്‍ക്കുക. പാവു ഭാജിയേക്കുറിച്ചു പൊതുവേ പറയുന്നത് പിറ്റെ ദിവസമാണ് അതിനു സ്വാദു കൂടുന്നതെന്നാണ്.

വിവിധയിനം പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ചതു കൊണ്ടുണ്ടാക്കുന്ന ഭാജിയാണ് മിസല്‍ പാവില്‍ ലഭിക്കുന്നത് . പൂനയാണ് മിസല്‍ പാവിന്റെ സ്വദേശം . പ്രധാനമായും മട്ക്കി എന്നറിയപ്പെഉന്ന lentil മുളപ്പിച്ചതാണ്  ആണ് ഇതിനുപയോഗിക്കുന്നത് . സവാള, വെളുത്തുള്ളി, ഇഞ്ചി, മറ്റു മസാലകള്‍ തക്കാളി എന്നിവ ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. പുളിയും ശര്‍ക്കരയും ഒക്കെ ചേര്‍ത്ത്  നവരസങ്ങളും നാവിലെത്തിക്കും ഈ വിഭവം . ഉസല്‍ ഭാജിയും മുളപ്പിച്ച ധാന്യങ്ങള്‍ വേവിച്ചാണു തയ്യാറാക്കുന്നത്. ഇതിലെ മസാലയില്‍ തേങ്ങയും മല്ലിയും ഒക്കെ വറുത്ത് അരച്ചു ചേര്‍ക്കും. വിളമ്പുമ്പോള്‍ ഇവയിലൊക്കെ  നേര്‍ത്ത സേവും ചെറുതായി നുറുക്കിയ സവാളയും മല്ലിയിലയും ഒക്കെ തൂകിയിരിക്കും. ചെറുനാരങ്ങ കൂടി വേണമെങ്കില്‍ പിഴിഞ്ഞു ചേര്‍ക്കാം.

സവാള നീളത്തില്‍ കനം കുറച്ചരിഞ്ഞ്  കടലമാവും ഉപ്പും കായവും മുളകുപൊടിയും ഒക്കെ ചേര്‍ന്ന മിശ്രിതത്തില്‍ നന്നായി കുഴച്ച് - ആവശ്യമെങ്കില്‍ അല്പം വെള്ളവും ആകാം - എണ്ണയില്‍ വറുത്തെടുക്കുന്ന ബജിയും വറുത്ത പച്ചമുളകും പാവിനോടു ചേര്‍ത്തു കഴിക്കുന്നതും പ്രിയതരമായൊരു വിഭവം തന്നെ, ഇനിയുമുണ്ട്  പറഞ്ഞാല്‍ തീരാത്ത വൈവിധ്യമാര്‍ന്ന പാവു വിശേഷം ഒരുപാട്. ഓരോ നാട്ടിലേയും രീതികളുടെ വ്യത്യാസവും ഉണ്ട്. മഹാരാഷ്ട്രയ്ക്കു പുറത്ത് അത്രയധികം സ്വാധീനം ഇല്ലെങ്കില്‍ പോലും ഇപ്പോള്‍ ഇത് എല്ലായിടത്തും ലഭ്യമാണെന്നത്  നിഷേധിക്കാനുമാവില്ല. ഇക്കഴിഞ്ഞ ദിവസം നമ്മള്‍ ലോക ഇഡ്ലി ദിനം ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നല്ലോ . വടാപാവിനും ഉണ്ട് ഒരു ലോക ദിനം . ഓഗസ്റ്റ് 23 ന് ആണ് അതാഘോഷിക്കുന്നത്.


വടാ പാവ് 













പാവു ഭാജി 


                                                                                                                    
മിസല്‍ പാവ്.

ഉസല്‍ പാവ്. 
കാന്താഭാജി പാവ്


ചിത്രങ്ങള്‍ക്കു കടപ്പാട് :- ഗൂഗിള്‍ 

Sunday, April 3, 2016

എത്രമേലഗ്നിയെന്‍ 
മോഹങ്ങളെ വൃഥാ
കത്തിയെരിച്ചിട്ടു 
ചാമ്പലാക്കീടിലും 
പിന്നെയും പിന്നെയും 
കരളിന്റെ മുറ്റത്തെ
പൂന്തോപ്പില്‍ വിരിയുന്നു 
മോഹപുഷ്പങ്ങള്‍!

ശുഭദിനാശംസകള്‍

മിനി മോഹനന്‍ 

Friday, April 1, 2016

സ്നേഹതാരങ്ങള്‍

രാവില്‍
ഭൂമിയിലെ പൂക്കള്‍ക്കു
കാവല്‍ നില്ക്കാന്‍
ആകാശത്തു
നക്ഷത്രങ്ങളേറെയുണ്ട്.
പക്ഷേ,
ആകാശത്തിലെ
നക്ഷത്രങ്ങള്‍ക്ക്
കാവല്‍ നില്‍ക്കാന്‍
ഭൂമിയില്‍
ഒരു പൂവു പോലുമില്ല..
അവര്‍ എപ്പോഴും അനാഥര്‍ !
വൃദ്ധരായ
മാതാപിതാക്കളെപ്പോലെ
ഒരിക്കലും
കാന്തി നഷ്ടപ്പെട്ടു പോകാത്ത
പ്രകാശത്തുരുത്തുകള്‍ !
ജീവന്‍ പോയാലും
മേഘങ്ങള്‍ക്കിടയില്‍
ഒളിച്ചിരുന്നു നോക്കുന്ന
സ്നേഹത്തിന്റെ
തീക്ഷ്ണജ്ജ്വാലകള്‍!