Saturday, April 23, 2016

ഗീതകം 30- ഷേക്സ്പിയര്‍



വില്ല്യം   ഷേക്സ്പിയര്‍
======================
(ലോക പുസ്തക, പകര്‍പ്പകവാശദിന ചിന്ത)
.
നാലു ശതവത്സരങ്ങള്‍ ! വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഷേക്സ്പിയര്‍ ഓര്‍മ്മയായിട്ട് ഇന്നു 400 വര്‍ഷം തികയുകയാണ് . കാലാതീതമായി ആസ്വാദകമനസ്സുകളില്‍ ഇടം നേടിയ ഒട്ടനവധി ക്ലാസ്സിക്  കൃതികളിലൂടെ  ആ മഹാന്‍ ഇന്നും ജീവിക്കുന്നു .

മാനവചരിത്രം കണ്ട ഏറ്റവും മഹാനായ എഴുത്തുകാരനായ ഷേക്സ്പിയര്‍ ജനിച്ചത് 1564 ല്‍ ഇംഗ്ലണ്ടിലാണ്. സ്നിറ്റർഫീൽഡിലെ കയ്യുറനിർമാതാവും നഗരാധികാരിയുമായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായി ആണ്  ഷേക്സ്പിയര്‍ ജനിച്ചത്.ജനനം  ഏപ്രില്‍ 23 ന് ആണ്  എന്നു പറയപ്പെടുന്നു എങ്കിലും വ്യക്തമായ തെളിവുകളൊന്നും ആ വിശ്വാസം ശരിവെയ്ക്കുന്നതിന് ലഭ്യമല്ല. ഏപ്രില്‍ 26 ന് ജ്ഞാനസ്നാനം ചെയ്യപ്പെട്ടു എന്നു പള്ളിരേഖകളുള്ളതുകൊണ്ട് ഇപ്പോഴും ഈ വിശ്വാസം തുടരുന്നു.    താന്‍ രചിച്ച 38 നാടകങ്ങളില്‍ ശുഭ, ദുരന്ത പര്യവസായികളും ചരിത്രപരമായതും  ഹാസ്യ, പ്രണയസ്വഭാവമുള്ളതുമായ നാലു വിഭഗങ്ങളായി തിരിച്ചിട്ടുണ്ട. 154 ഗീതകങ്ങളും ( Sonnets എന്ന 14 വരി കവിതകള്‍ ) മറ്റു ചില പ്രസിദ്ധ കാവ്യങ്ങളും  അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ ബാക്കിപത്രമായി ഇന്നും ലോകമെമ്പാടുമുള്ള വായനക്കാരെ ഹഠാദാകര്‍ഷിക്കുന്നു. കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും പ്രസിദ്ധമായ ശുഭപര്യവസായിയായ നാടകം ദ് മെർച്ചൻറ് ഓഫ് വെനീസ് തെന്നെ.  ജീവിച്ചിരുന്നപ്പോഴത്തേക്കാള്‍ മരണശേഷം ആഘോഷിക്കപ്പെട്ട എഴുത്തുകാരനാണ് ഷേക്സ്പിയര്‍.   അദ്ദേഹത്തിന്റെ  കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഷേക്സ്പിയര്‍  നാടകങ്ങൾ ആണ്.

1619 ഏപ്രില്‍ 23 ന് ഈ മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു . എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വായന മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ദിനാചരണം ഏറെ പ്രസക്തമാണ്. പുസ്തകങ്ങളേയും എഴുത്തുകാരേയും ആദരിക്കുന്നതിനും വായന എത്രമാത്രം വ്യക്തിയുടെ സംസ്കാരികമായ ഉന്നമനത്തിനു പാതയൊരുക്കുന്നു എന്ന് ഉത്ഘോഷിക്കുകയും  ഈ ദിനാചരണം. ഷേക്സ്പിയര്‍ മാത്രമല്ല വിശ്വ സാഹിത്യത്തിലെ മറ്റു രണ്ട്  അതികായരായ  മിഖായേല്‍ ഡി സെര്‍വാന്റസ്, ഗാർസിലാസോ ഡേ ലാ വെഗാ, ജോസപ്പ് പ്ലാ എന്നിവരുടെയും  ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. പക്ഷേ 1923ല്‍ സ്‌പെയിനിലെ പുസ്തക പ്രസാധകരാണ് ആദ്യമായി ഈ ദിവസം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. ഡോണ്‍ ക്വിക്‌സോട്ട് അടക്കം നിരവധി പ്രശസ്ത കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനമായതുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ പിന്നിടുംതോറും കൂടുതല്‍ രാജ്യങ്ങള്‍ പുസ്തകദിനം ആചരിക്കാന്‍ തുടങ്ങി. വൈകാതെ, ലോക പുസ്തക ദിനം എന്ന നിലയിലേക്ക് ഈ ദിനം വളരുകയായിരുന്നു. ഈ വായനാദിനത്തില്‍ ഒരു പുസ്തകമെങ്കിലും വായിച്ച് നമുക്കും സഹര്‍ഷം പങ്കുചേരാം .

(ബ്രിട്ടനും ഐര്‍ലന്‍ഡും ഏപ്രില്‍ 23 ന് സെന്റ് ജോര്‍ജ്ജ് ദിനം ആചരിക്കുന്നതുകൊണ്ട് അവര്‍ പുസ്തകദിനമായി കാണുന്നത് മാര്‍ച്ച്  മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ്. )

ഗീതകം 30 ( പരിഭാഷ : മിനി മോഹനന്‍ )
മധുരമൂറും മൗനചിന്തകളുടെ വേളകളില്‍
===================================

മധുരമൂറും മൗനചിന്തകളുടെ വേളകളില്‍
ഇന്നലെകളുടെ ഓര്‍മ്മക്ളെ ഞാന്‍ മാടിവിളിക്കുകയാണ്.
എന്റെ നെടുവീര്‍പ്പുകള്‍ അപ്രാപ്യവിജയങ്ങളോര്‍ത്ത് ,
എന്റെ രോദനം നഷ്ടപ്പെട്ട വിലപ്പെട്ട സമയത്തെയോര്‍ത്ത്
എന്റെ കണ്ണുകള്‍ സജലങ്ങളാകുന്നത്, പകലില്ലാത്ത
മരണത്തിന്റെ രാവിലേറിയ പ്രിയ സുഹൃത്തുക്കളെയോര്‍ത്ത്
തേങ്ങിക്കരയുന്നത്, മുമ്പെന്നോ കൈമോശം വന്ന സ്നേഹത്തെയോര്‍ത്ത്
വിതുമ്പുന്നത്, കാഴ്ചയില്‍ നിന്നു മറഞ്ഞ പ്രിയമുഖങ്ങളൊര്‍ത്ത്,
എന്നോ  കടന്നുപോയ ശോകനിമിഷങ്ങളേക്കുറിച്ചോര്‍ത്തു ദുഃഖിക്കാന്‍
അവയോര്‍മ്മിച്ചു പിന്നെയും പിന്നെയും പൊട്ടിക്കരയാന്‍
വീണ്ടും എല്ലാം  ഒന്നൊന്നായ് ഓര്‍മ്മിച്ചെടുക്കാന്‍
മുന്‍പനുഭവിക്കാത്ത ഗാഢദുഃഖത്തിലേയ്ക്കിറങ്ങിച്ചെല്ലാന്‍
എങ്കിലും ആ വേളയിലെപ്പോഴോ,  നിന്നെയോര്‍ക്കും പ്രിയ സഖേ,
അപ്പോള്‍ എനിക്കു നഷ്ടമായതൊക്കെ മടങ്ങിയെത്തി , ദുഃഖമകന്നുപോകും. 

2 comments:

  1. വിശ്വസാഹിത്യകാരനെക്കുറിച്ച് ഓർമ്മിക്കാൻ ഒരു അവസരം ഒരുക്കി. താങ്ക്സ്

    ReplyDelete
  2. നന്നായി
    ആശംസകള്‍

    ReplyDelete