Sunday, November 5, 2017

Harisree Open Challenge - അ - എ

അമ്മ
=========
അമ്മയാണെന്നുമെന്നാത്മാവിൻ സാന്ത്വനം
ആലംബമാകുന്ന ശക്തിദുർഗ്ഗം
ഇരവിലും പകലിലും ഹൃദയത്തിൽ മേവുന്ന
ഈശ്വരചൈതന്യമാണതല്ലോ

ഉലകിലാ സ്നേഹത്തിൻ തിരകളിലെന്നെന്നും
ഊയലാടാണെനിക്കെത്രയിഷ്ടം !
ഋജുവായൊരാസ്നേഹ ദിവ്യപ്രകാശത്തിൽ
എന്നുമാറാടുവാനുണ്ടു മോഹം .. 

Tuesday, October 24, 2017

Harisree Open challenge - അപ്പൂപ്പൻതാടി


ചലഞ്ച്
.
അപ്പൂപ്പൻതാടി
============
അങ്ങൊരു ഗ്രാമത്തിലെന്നൊരു നാൾ
ഉണ്ടായിരുന്നൊരു അപ്പൂപ്പൻ
ആരുമില്ലാത്തതാം അപ്പൂപ്പന്നൊരു
പഞ്ഞിമരം തുണയായിരുന്നു
പഞ്ഞിമരത്തിന്റെ കായകൾ വിറ്റിട്ടു
കഞ്ഞിക്കരി വാങ്ങിയപ്പൂപ്പൻ
കാലം കഴിച്ചവർ ചങ്ങാതിമാരേപ്പോൽ
താങ്ങും തണലുമായന്യോന്യം
നാളുകൾ നീങ്ങവേ വന്നു കൊടും വേനൽ
ഭൂതലമാകെ വരണ്ടുണങ്ങി
ആകെക്കരിഞ്ഞുപോയ്‌   നൽമരമെങ്കിലും
ഓർമ്മിച്ചു തന്നുടെ ചങ്ങാതിയെ
കടയറ്റു വീഴുന്നതിനുമുമ്പായവൻ
നൽകിയാത്തോഴന്നു  വിത്തൊരെണ്ണം
ചൊല്ലിയതുമണ്ണിൽ നട്ടുവളർത്തുവാൻ
തൽക്ഷണം വീണുപോയ് നന്മമരം.
വിത്തുമുളച്ചു വളർന്നു മരമായി
മൊട്ടിട്ടു പൂവിട്ടു കായവന്നു
ഒട്ടുദിനം കഴിഞ്ഞന്നൊരു നാളിലായ്
അപ്പൂപ്പനത്ഭുതക്കാഴ്ചകണ്ടു
കായ്കളിൽ നിന്നതാകാറ്റിൽ  പറക്കുന്നു
പഞ്ഞിനൂൽക്കെട്ടുകളൊന്നൊന്നായി
അപ്പൂപ്പൻ തന്നുടെ താടിപോൽ തോന്നുന്ന
തൂവെള്ളക്കെട്ടുകളൊട്ടനേകം
കുട്ടികളാർപ്പുവിളിച്ചങ്ങടുത്തുപോൽ
'അപ്പൂപ്പൻതാടിയിതെത്ര ചന്തം!'
ഇന്നു നാം കാണുന്നോരപ്പൂപ്പൻതാടിക-
ളുണ്ടായതിങ്ങനെയാണതത്രെ !


Monday, October 16, 2017

വിരഹം ( Harisree Super Challenge )

രത്നം പതിപ്പിച്ച പെട്ടകമൊന്നിൽ ഞാൻ
ഓർമ്മകളൊക്കെയും പൂട്ടിവയ്പ്പൂ
നീയെനിക്കേകിയ സ്നേഹാർദ്രസൂനങ്ങ-
ളെല്ലാമതിൽ ഞാനടുക്കിവയ്പ്പൂ .

അന്നൊക്കെ നിന്നെക്കുറിച്ചു ഞാനോർക്കവേ
ചുണ്ടിൽ വിരിഞ്ഞു പ്രസാദപുഷ്പം
നിന്മുഖമിന്നെൻറെ  ഓർമ്മയിലെത്തവേ
കൺകളിലൂറുന്നതശ്രുബിന്ദു.

അന്നു നാം കൺകളിൽ കൺപാർത്തിരുന്നിട്ടു
നെയ്ത സ്വപ്നങ്ങളിന്നെങ്ങുപോയി!
അന്നു നീ ഹൃത്തിൽ നിറംപതിപ്പിച്ചോരാ
വർണ്ണചിത്രങ്ങളിന്നെങ്ങുപോയി!

ചാരത്തുവന്നീടിൽ ചിത്രപതംഗങ്ങ-
ളെത്ര  മനസ്സിൽ പറന്നിരുന്നു.
നിൻ വാക്കു കേൾക്കുകിൽ മുകിൽക്കണ്ട മയിലുപോൽ
മനമെത്ര നർത്തനം ചെയ്തിരുന്നു!

പൊട്ടിത്തകർന്നൊരെൻ  ഹൃദയത്തിൻ തുണ്ടുകൾ
ചിന്നിത്തെറിച്ചൊരെൻ സ്വപ്നപ്പളുങ്കുകൾ,
ഒക്കെയും കാറ്റിൽ പറത്തി നീയെങ്ങുപോയ്
ശോകാന്തനാടകനായകാ    നീ ?

ഇവിടെയീ ഏകാന്തനിമിഷങ്ങളിൽ ഇന്നു
മെല്ലെത്തുറക്കയാണോർമ്മതൻ പെട്ടകം
വിരഹനോവിൽ വീണുരുകുമെൻ മാനസം
ഒരുവേള മെല്ലെത്തണുക്കട്ടെ മിഴിനീരിൽ !



അനീതി ആനകളോട് ( Harisree super challenge)

അനീതി ആനകളോട്
==================
പൂരങ്ങളുത്സവക്കാലങ്ങൾ പിന്നെയും
എത്രയോ കാഴ്ചകൾ ആനയമ്പാരിയായ്
നെറ്റിപ്പട്ടം ചാർത്തി,യമ്പാരികൊമ്പന്മാർ
അബാലവൃദ്ധർക്കും കൗതുകം തന്നെ.

നട്ടുച്ച നേരത്തു പൊരിവെയിൽച്ചോട്ടിലായ്
എത്രയോ കാതം നടക്കുന്നു ,  നിൽക്കുന്നു
മുത്തുക്കുടയും തിടമ്പുമായ്‌,  തുമ്പിയാൽ
എത്രയോ ഭാരം വലിച്ചുമീ സാധുക്കൾ

ഇല്ല ശരീരത്തിൻ താപം കെടുത്തുവാൻ
സ്വേദവുമില്ലതിൻ ഗ്രന്ഥിയുമില്ലപോൽ
ശീതീകരിച്ച ഗേഹത്തിലായ് മേവുന്ന
മാനവർക്കീ ദുഃഖമറിയുവതെങ്ങനെ!

മിണ്ടാൻ കഴിയാത്ത പാവങ്ങളോടിത്ര
ക്രൂരതയെന്തിനായ് ഈ വിധം ചെയ്യുന്നു!
എന്തൊരനീതിയാണെന്തൊരു  ധാർഷ്ട്യമാ-
ണീശ്വരൻ പോലും പൊറുക്കില്ല നമ്മോട്




Monday, October 2, 2017

കോട്ടയിൽ കാണാതിരുന്ന മയിലുകൾ
================================
രണ്ടുദശകങ്ങൾക്കു മുമ്പുവരെ രാജസ്ഥാനിലെ ചമ്പൽ നദിക്കരയിലെ  കോട്ട എന്ന പട്ടണം  അറിയപ്പെട്ടിരുന്നത് സ്ത്രീകളുടെ പ്രിയപ്പെട്ട കൊട്ടാസാരിയുടെ പേരിലായിരുന്നു. പക്ഷെ പിന്നെ സ്ഥിതി മാറിമറിഞ്ഞു. കൊട്ടാ ഇന്ത്യയുടെ കോച്ചിങ്ങ് തലസ്ഥാനമായി മാറിയത് വളരെ പെട്ടെന്നായിരുന്നു . ഐ ഐ ടി , മെഡിക്കൽ പ്രവേശനപരീക്ഷകളിൽ തയ്യാറെടുക്കുന്നതിനായി ഇന്ന് കോട്ടയിൽ താമസിച്ചു പഠിക്കുന്നത് ലക്ഷക്കണിക്കിനു വിദ്യാർത്ഥികളാണ്. തീർത്ഥാടനകേന്ദ്രമോ വിനോദസഞ്ചാരകേന്ദ്രമോ അല്ലാതിരുന്നിട്ടും ജൂൺ-ജൂലൈ  മാസങ്ങളിൽ ഈ പട്ടണം ജനസമുദ്രമായി മാറുന്നു എന്നതാണ് വസ്തുത. ഇവിടുത്തെ ബൻസാൽ ക്ലാസ്സെസും അല്ലൻ കരിയർ ഇൻസ്റ്റിറ്റിയൂട്ടും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ ഏറ്റവും മുന്നിലാണ്. (ചേതൻ ഭാഗത്തിന്റെ നോവലുകൾ വായിച്ചവർക്ക് കോട്ടയിലെ കോച്ചിംഗ് ക്‌ളാസ്സുകളെക്കുറിച്ച ഓർമ്മയുണ്ടാവും.) ഒരു പക്ഷെ World Economic Forum (WEF) പഠനപ്രകാരം ലോകത്തിലെ ജനസാന്ദ്രതകൂടിയ നഗരങ്ങളിൽ ഏഴാം സ്ഥാനം കോട്ടയ്ക്കു ലഭിച്ചതും ഈ കോച്ചിംഗ് ക്ലാസ്സുകളുടെ ബാഹുല്യം കാരണമാകാം .

നാലുദിവസത്തെ   അവധി ആഘോഷിക്കാൻ കോട്ടയിലേക്ക് പോകാൻ തീരുമാനിച്ചത് അവിടെ ധാരാളം മയിലുകൾ ഉണ്ടെന്ന കേട്ടറിവായിരുന്നു. ചേട്ടന്റെ സുഹൃത്തുക്കളാരോ പറഞ്ഞറിഞ്ഞതാണ്. 28  നു മനസ്സുനിറയെ മയിലുകളെയും നിറച്ചു യാത്രപുറപ്പെട്ടു. 29 നു പതിനൊന്നു മണിക്ക് കോട്ടയിലെത്തി. ഹോട്ടൽ മുറിയിൽ ലഗേജ്  വെച്ച് അപ്പോൾ തന്നെ നഗരം കാണാനിറങ്ങി. മറ്റു പ്രസിദ്ധങ്ങളായ  രാജസ്ഥാൻ നഗരങ്ങളിലേതുപോലെ ഇല്ലെങ്കിലും ഇവിടെയും കൊട്ടാരങ്ങളും ദുർഗ്ഗങ്ങളും ഒക്കെയുണ്ട്. പിന്നെ വിവിധഉദ്യാനങ്ങൾ , മൃഗശാല, മ്യൂസിയങ്ങൾ . എവിടെയുമുണ്ടാകും പൗരാണികതയുടെ മായാത്ത ചില അവശേഷിപ്പുകൾ.
 ഛത്രാവിലാസ് ഉദ്യാനവും ചമ്പൽ നദിക്കരയിലെ ചമ്പൽ ഉദ്യാനവും ഒക്കെ വേണ്ടത്ര പരിപാലിക്കപ്പെട്ടാൽ വളരെ ആകർഷണീയമാകുമെന്നു സംശയമില്ല.  ഛത്രാവിലാസ് ഉദ്യാനത്തിലെ കൊച്ചു തടാകത്തിൽ പൂത്തുലഞ്ഞു  നിൽക്കുന്ന താമരകളും നീന്തിവിലസുന്ന അരയന്നങ്ങളും നയനാനന്ദകരം .മൃഗശാലയാകട്ടെ തികച്ചും നിരാശാജനകം . കോട്ടയിൽ   വളരെ മനോഹരമായൊരു തടാകമുണ്ട് - കിഷോർ സാഗർ. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിതമായ ഈ തടാകത്തിന്റെ മദ്ധ്യത്തിലാണ് ജഗ്‌മന്ദിർകൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ അക്കാലത്തെ ഒരു മഹാറാണിയുടെ ആഗ്രഹപ്രകാരം നിർമ്മിച്ചതാണ് മനോഹരമായ കൊട്ടാരം. അവിടെ ഇപ്പോൾ സന്ദർശകർക്കു പ്രവേശനമില്ല.  ഈ തടാകത്തിലും ചമ്പൽ നദിയിലുമൊക്കെ ബോട്ടിങ് സൗകര്യവുമുണ്ട്. കിഷോർ  സാഗറിന്റെ തീരത്ത് ഏഴുലോകാത്ഭുതങ്ങൾ പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തികച്ചും അത്ഭുതകരമായ കാഴ്ച തന്നെ . റോമിലെ കൊളോസിയം, ഗിസയിലെ പിരമിഡ്, നമ്മുടെ താജ്മഹൽ, പാരിസിലെ ഈഫൽ ടവർ, പിസയിലെ ചരിഞ്ഞ ഗോപുരം, ന്യുയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി, ബ്രസീലിലെ ക്രൈസ്റ്റ ദ് റെഡീമർ എന്നിവയാണ് ആ കാഴ്ചകൾ. പകൽവെളിച്ചത്തിൽ അവയുടെ  കാഴ്ചകളും രാത്രി വൈദ്യുതവിളക്കുകളുടെ വർണ്ണാഭമായ  പ്രകാശത്തിലെ കാഴ്ചകളും വ്യത്യസ്തങ്ങളായ അത്ഭുതപ്രപഞ്ചമാണ് നമുക്കുമുന്നിൽ തുറന്നു കാട്ടുന്നത് . തടാകത്തിൽ അവയുടെയൊക്കെ പ്രതിഫലനം ഉജ്ജ്വലമായൊരു ദൃശ്യവിരുന്നൊരുക്കുന്നു.

ഈ അത്ഭുതങ്ങൾ കണ്ടു നടക്കവേ ഞാനൊന്നു കാൽ തെറ്റി വീണു . കാലിൽ  ചെറിയ വേദനയുണ്ടായിരുന്നെങ്കിലും കാര്യമാക്കാതെ പിന്നെയും കാഴ്ചകൾ കണ്ടു നടന്നു. (ഇത്രയായിട്ടും ഒരൊറ്റ മെയിലിനെപ്പോലും കണ്ടില്ല എന്നതൊരു ദുഃഖസത്യം )
 രാത്രി റൂമിൽ എത്തിയപ്പോൾ  നല്ല നീര്. പിറ്റേന്ന്  കോട്ടയിലെ ബാക്കി കാഴ്ചകളും കണ്ട്  ഉച്ചയോടെ  സവായ് മാധവപുരിലേയ്ക്ക്  പോകാനായിരുന്നു പദ്ധതി. അവിടുത്തെ കാഴ്ചകളും കണ്ടശേഷം പിറ്റേന്ന് രാത്രി മടക്കയാത്രയും.  പക്ഷെ രാവിലെ ആയപ്പോൾ കാലിനു നല്ല വേദന. നടക്കാൻ നന്നേ ബുദ്ധിമുട്ടും. തുടർന്നുള്ള യാത്രയ്ക്ക് ഇനി കഴിയില്ലെന്ന് ബോധ്യമായി. അതുകൊണ്ടു രണ്ടുദിവസത്തെ പരിപാടികൾ റദ്ദാക്കി  മടക്കയാത്രയ്ക്കൊരുങ്ങി. ഉച്ചയ്ക്ക് 1 മണിക്കുള്ള വണ്ടിയിൽ ടിക്കറ്റും കിട്ടി. അതിനു മുമ്പായി അല്പം ദൂരെയുള്ള ശിവക്ഷേത്രത്തിൽ ദർശനവും നടത്തി. 503 ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ആ ക്ഷേത്രവും കാഴ്ചയിലെ ഒരത്ഭുതമായി മാറി.
അപ്പോഴും മെയിലിനെക്കാണാൻ  കഴിയാത്ത നിരാശയിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ഒന്നാം തീയതി രാവിലെ കല്യാണിൽ വീട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത് .
( കാലിൽ ഇപ്പോഴും നീരുണ്ടെങ്കിലും കാര്യമായ കുഴപ്പമൊന്നും ഇല്ലെന്നു എക്സ്റേയിൽ തെളിഞ്ഞു. എങ്കിലും വിശ്രമത്തിലാണിപ്പോൾ )



Friday, July 21, 2017

വഴിക്കണ്ണ്

വഴിക്കണ്ണ്
=========
നീണ്ടയീ സായന്തന വീഥിയിലേകാകിയായ്
കാത്തിരിക്കയാണൊരു പദനിസ്വനം, മൂകം

ഒരു ദുഃഖപർവ്വമെൻ ഹൃദയത്തിലേറ്റിയി-
ട്ടക്ഷമം ചോദിക്കുന്നു 'എങ്ങു നീ പൂക്കാലമേ?'

മറുവാക്കു കേൾക്കുവാൻ കഴിയാതെന്നും എന്റെ
മിഴികൾ തുളുമ്പുന്നതാരുകാണുവാനെന്നോ!

എൻമാറിലലതല്ലുമീസ്‌നേഹസാഗരത്തെ
എന്തു നീ പൊന്നോമനേ, വിസ്മരിച്ചുവോ പാടേ

കാതങ്ങൾക്കപ്പുറത്താണെന്റെ പൊൻവസന്തമെ -
ന്നോർക്കാതെ കാക്കും നിന്നെ വഴിക്കണ്ണുമായെന്നും

പൊന്നു പൈതലേ നിന്നെ ഓർക്കാതില്ലല്ലോ  എനി-
ക്കുഷസ്സും മദ്ധ്യാഹ്നവും സന്ധ്യയും നിശീഥവും

അതിജീവനത്തിന്റെ രഥ്യകൾ താണ്ടാനായ് നീ
എൻവിരൽത്തുമ്പും വിട്ടു പോയല്ലോ ദൂരേയ്‌ക്കെങ്ങോ

ഏകാന്തത തീർക്കുമീത്തടവറയ്ക്കുള്ളിൽ
നീണ്ടുപോം നിമിഷങ്ങളെത്ര ഞാനെണ്ണീ നിത്യം

'ഇന്ന് നീ വന്നെത്തു'മേന്നെത്രമേൽ നിനച്ചു ഞാൻ
എന്നുമീപ്പടിക്കെട്ടിൽ കാത്തിരിക്കുന്നു മൂകം

ഒന്നു നിൻ രൂപം കണ്ടാൽ , ഒന്നു നിൻ സ്വരം കേട്ടാൽ
ഒന്നു നിൻ വിരൽ തൊട്ടാലെന്തിനു സ്വർഗ്ഗം വേറെ

മരണം വാതില്ക്കലിങ്ങെത്തിയാലുമെന്നുണ്ണീ
നിൻപദസ്വനത്തിനായ് കാതോർത്തിരിക്കും ഞാനും

'അമ്മേ'യെന്നുരച്ചു നീ ഓടിയിങ്ങെത്തീടുകിൽ
പോകില്ല ഞാനാമൃതിക്കൊപ്പമെന്നതും ദൃഢം

മകനേ, അറിക- നിന്നമ്മതൻ പാഥേയമാ -
ണിന്നു നീ നൽകും സ്നേഹവാത്സല്യത്തേൻ തുള്ളികൾ

Friday, June 30, 2017

പ്രണയം

പ്രണയമേ..നീ ...
----------------------------
മഴയായി നീയെന്നില്‍
പൊഴിയുന്നു പ്രണയമേ
പുഴയായി നീയെന്നി-
ലൊഴുകുന്നു കുളിരേകി.
ഒരു വസന്തത്തിന്റെ
ഓര്‍മ്മയായ് പൂ ചാറി,
ഒരു ഗ്രീഷ്മസന്ധ്യതന്‍
ചെങ്കതിര്‍ ചോപ്പായി,
ഉള്‍ക്കോണിലൊരു കൊച്ചു
നോവേകും  മുറിവായി,
ഒഴുകുമൊരു ശോണിമ
പുലരിതൻ നിറവായി
മായാത്ത മോഹത്തിൻ
പ്രഭ തൂകും ജ്യോതിയായ്
മാലേയസൗരഭ്യ-
മൊഴുകുന്നൊരോർമ്മയായ്
നീയെന്റെയാത്മാവി-
ലലിയുന്നു പ്രണയമേ...
അലിയുന്നു ജീവന്റെ
ജീവനിൽ നീ  മാത്രം
ഒഴുകുന്നു നീയെന്റെ
രുധിരാത്മരേണുവായ്

Thursday, April 27, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 14

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 14
മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപ്പൂർ 

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നാണ് കൊൽഹാപ്പൂരിലെ മഹാലക്ഷ്മിക്ഷേത്രം. ശിവപാർവ്വതിമാർ ഇവിടെ വസിക്കുന്നു എന്ന വിശ്വാസത്തിൽ അംബാബായിക്ഷേത്രം  എന്നും ഈ  ക്ഷേത്രത്തെ വിളിച്ചു പോരുന്നു . മോക്ഷപ്രാപ്തി ലഭിക്കുന്ന ആറിടങ്ങളിൽ ഒന്നാണിത് . മഹാവിഷ്ണുവും ലക്ഷിദേവിയും മഹാപ്രളയകാലത്തുപോലും ഇവിടെ നിലകൊണ്ടിരുന്ന എന്നാണു വിശ്വാസം. ഈ പ്രദേശം ജഗദംബ കാരങ്ങളിലെന്തുന്നു  എന്നതിനാൽ എല്ലാ നാശങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവത്രെ. മഹാവിഷ്ണുവും തന്റെ പ്രിയപത്നിയുടെ സന്നിധാനമായ ഇവിടെയാണത്രെ വൈകുണ്ഠത്തെക്കാളും ക്ഷീരസാഗരത്തെക്കാളും പ്രിയമായി കരുതുന്നത് . പഞ്ചഗംഗാ നദീതീരത്തു  സ്ഥിതിചെയ്യുന്നതിനാൽ ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു.

ആറായിരത്തോളം വർഷം  പഴക്കമുള്ള പുണ്യശിലയിലാണത്രെ ഇവിടുത്തെ വിഗ്രഹം രു. 40 കിലോയോളം തൂക്കമുണ്ടിതിന് . ഈ പൗരാണികത വ്യക്തമാക്കുന്നതാണ് വിഗ്രഹത്തിലെ അമൂല്യരത്നങ്ങൾ. ശിലാതല്പത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹിയായ വിഗ്രഹത്തിന്റെ ഓരോ കരങ്ങളിലായി ഫലം ,കൗമോദകി എന്ന  ഗദ, പരിച , പാനപാത്രം എന്നിവ ഗ്രഹിച്ചിരിക്കുന്നു . കിരീടത്തിൽ യോനീമുദ്രയിലെ  ശിവലിംഗവും നാഗഫണവും ഉണ്ട് . പിന്നിൽ   വാഹനമായ സിംഹവും നിലകൊള്ളുന്നു . മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പശ്ചിമദിക്കിലേക്കാണ് വിഗ്രഹം ദർശനമായിരിക്കുന്നത് . പുരുഷന്മാരായ ഭക്തർക്കു  ദേവീപാദങ്ങളിൽ  കുങ്കുമപൂജ സ്വയം നടത്താം  പടിഞ്ഞാറുഭാഗത്തെ ക്ഷേത്രച്ചുവരിലുള്ള കൊച്ചു ജാലകത്തിലൂടെ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രത്യേകദിനങ്ങളിൽ   അസ്തമയസൂര്യകിരണങ്ങൾ വിഗ്രഹത്തിന്റെ വിവിധഭാഗങ്ങളിലായി പതിക്കും . ഈ ദിനങ്ങൾ കിരണോത്സവങ്ങൾ എന്നറിയപ്പെടുന്നു. ഈ ദിനങ്ങൾ അതിവിശിഷ്ടങ്ങളായി കരുതി ആഘോഷിക്കുന്നുമുണ്ട് . മൂന്നു ദിവസങ്ങളിലായാണ് ഓരോപ്രാവശ്യവും കിരണോത്സവങ്ങൾ ആഘോഷിക്കപ്പെടുന്നത്. അനേകായിരങ്ങൾ ഈ പുണ്യം ദർശിക്കുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നുമുണ്ട്.

വിഗ്രഹം അതിപുരാതനമെങ്കിലും ഇന്ന് കാണുന്ന  ക്ഷേത്രം പണിതിരിക്കുന്നത് എട്ടാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു . ഏകദേശം രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ്  കർണ്ണാദേവ്   വനം വെട്ടിത്തെളിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തുന്നത്. എട്ടാം നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ മണ്ണിലാണ്ടുപോയ ക്ഷേത്രത്തെ ഒമ്പതാം നൂറ്റാണ്ടിൽ ഗന്ധവാദികരാജാവ് വീണ്ടെടുത്തു പുനഃരുദ്ധരിക്കുകയായിരുന്നു . പിന്നെയും പല നൂറ്റാണ്ടുകളിലായി നവീകരണപ്രവർത്തനങ്ങൾ നടന്നുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ക്ഷേത്രദര്ശനം നടത്തുകയും ദീപമാലയും കാര്യാലയവും  മറ്റും നിർമ്മിക്കുകയും ചെയ്തു. ഇന്നിവിടെ അഞ്ചു പ്രധാനശ്രീകോവിലുകളും ഏഴു ദീപമാലകളും മുപ്പത്തഞ്ചിലധികം ചെറുക്ഷേത്രങ്ങളുമുണ്ട് .

എല്ലാദിവസവും അഞ്ചുപൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് പ്രത്യേകദീപത്തോടെ പള്ളിയുണർത്തൽ , എട്ടുമണിക്ക് ഷോഡശോപചാരപൂജ , വൈകുന്നേരം മൂന്ന് ആരതിപൂജകൾ  എന്നിവയാണവ. വെള്ളിയാഴ്ചകളിലും പൗർണ്ണമി ദിനങ്ങളിലും വിഗ്രഹം എഴുന്നെള്ളിച്ച്  പുറപ്പാടാഘോഷവും നടത്താറുണ്ട്. നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനമാണിവിടെ .

മുംബൈയിൽ നിന്ന് 380 ലധികം കിലോമീറ്റർ  ദൂരമുണ്ട് കോൽഹാപ്പൂരിലേയ്ക്ക് . റോഡ്, തീവണ്ടി, വിമാനമാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ വളരെയെളുപ്പമാണ് .






ശക്തിപീഠങ്ങൾ 

Sunday, April 23, 2017

അമ്മ

അമ്മയാണൂഴിയിലേകസത്യം
ആതങ്കമാറ്റിടും സ്നേഹരൂപം
ഇത്രമേൽ കാരുണ്യവാരിധിയായ്
ഈ ജഗത്തിൽ നമ്മൾ കണ്ട ദൈവം
ഉണ്മയാം അമ്മയെ നല്കിയീശൻ
ഊഴിയിൽ നമ്മെ സനാഥരാക്കി
ഋതുഭേദമില്ലാത്ത പ്രകൃതിയെപ്പോൽ
എത്രമേൽ കഷ്ടം സഹിച്ചുകൊണ്ടും
ഏറിയ നോവിലും ജന്മമേകി
ഐഹികലോകം നമുക്കു നൽകി ,
ഒന്നിനുമാവാത്ത ശൈശവത്തിൽ നമ്മെ
ഓരോ നിമിഷവും കാത്തുപോറ്റി
ഔന്നത്യസോപാനമേറ്റിടാനായ്
അംബുധി പോലും കൈക്കുമ്പിളാക്കി
അമ്മയുണ്ടൂഴിയിൽ അമ്മമാത്രം! 

Monday, April 17, 2017

ആകാശം കാണുന്ന വീട് ( കഥ )

" അച്ഛാ, നമുക്കു വീടു നോക്കുമ്പോള്‍ ഒരു കാര്യം ഉണ്ടോന്നു നോക്കണം"
" എന്താണു മോളേ?"
" ആകാശം "
"ആകാശമോ ? "
" അതെ അച്ഛാ , ജനാലയിലൂടെ നോക്കിയാൽ എനിക്ക് അനന്തനീലിമയായി  പരന്നു കിടക്കുന്ന ആകാശം കാണണം. നീലാകാശത്തു പറന്നു നടക്കുന്ന വെള്ളിമേഘങ്ങൾ, രാത്രിയിൽ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങൾ, വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന അമ്പിളിമാമൻ.. ഒക്കെ എനിക്ക് കാണണം. ഇവിടെ ഇങ്ങനെ നോക്കിയിരുന്നാൽ അപ്പുറത്തെ  ഫ്ലാറ്റ് അല്ലെ കാണാനാകുന്നത്. എത്ര നാളായി ഞാനാശിക്കുന്നെന്നോ  മനം നിറയെ ആകാശം ഒന്നു  കാണാൻ "
പൊന്നുമോളുടെ ആഗ്രഹം ഒരുകണക്കിന് നോക്കിയാൽ എത്ര ചെറുതാണ് . അവളുടെ പ്രായത്തിലുള്ള കുട്ടികൾ ആഗ്രഹിക്കുന്നതൊന്നും അവൾക്കു വേണ്ട. ഇത്തിരി ആകാശം കാണാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ. പോളിയോ ബാധിച്ച കാലുകളുമായി ഓടിനടന്ന് ആകാശം കാണാൻ അവൾക്കാകില്ല.  ചുറ്റുപാടും ധാരാളം കെട്ടിടങ്ങൾ ഉള്ളത്‌കൊണ്ട് ഈ അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ ഇരുന്നാൽ അവൾക്കു    ജനാലയിലൂടെ ഒരു കുഞ്ഞുതുണ്ട് ആകാശമാണ് കാണാനാവുക. സ്‌കൂളിൽപോകുന്നതും വരുന്നതും റിക്ഷയിലാണ്. എടുത്തുവേണം റിക്ഷയിലെത്തിക്കാൻ. സ്‌കൂളിലെത്തിയാലും എടുത്തുകൊണ്ടാണ് ക്ലസ്സ്മുറിയിലെത്തിക്കുന്നത് . സ്‌കൂളിലല്ലാതെ അവളെ എവിടെയും കൊണ്ടുപോകാറുമില്ല. 

കഴിഞ്ഞ    ദിവസമാണ് ഫ്ലാറ്റുടമ വാടക പുതുക്കാനാവില്ല എന്നറിയിച്ചത് . ഫ്ലാറ്റ് മകളുടെ വിവാഹസമയത്ത്  സ്ത്രീധനമായി  കൊടുത്തതാണത്രേ. ഇനി അടുത്ത വാടകക്കാരെ നിശ്ചയിക്കുന്നത് മരുമകനായിരിക്കും. ചിലപ്പോൾ അവർ തന്നെ അവിടെ താമസത്തിനു വരാനും സാധ്യതയുണ്ട്. ആകാശം കാണാനാവില്ലെന്നതൊഴിച്ചാൽ മറ്റു സൗകര്യങ്ങളൊക്കെ തൃപ്തികരമായിരുന്നു. മോളെ പ്രസവിച്ചുകഴിഞ്ഞു നാട്ടിൽപോയിവന്നത്  ഈ ഫ്ലാറ്റിലേക്കായിരുന്നു . പത്തുവർഷം ശാന്തം വീടുപോലെ .  എന്തായാലും ഇനി രണ്ടു മാസം കൂടിയേ കാലാവധിയുള്ളൂ. അതു  തീരുന്നതിനു മുന്നേ പുതിയ വീട് കണ്ടുപിടിക്കണം . നാട്ടിലെ സ്വത്തു   ഭാഗം വെച്ചാൽ കിട്ടുന്ന ഷെയർ വിറ്റു ബാക്കി ലോണും എടുത്തു പുതിയ വീടൊന്നു വാങ്ങണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നതാണ് . പക്ഷേ  കഴിഞ്ഞ ദിവസവും അനിയനെ ഫോണിൽ വിളിച്ചു  ചോദിച്ചപ്പോൾ ഉടനെയെങ്ങും അച്ഛൻ ഭാഗം വയ്ക്കുന്ന ലക്ഷണമില്ലെന്നാണവൻ പറഞ്ഞത് . കൈയിലുള്ള ചെറിയ സമ്പാദ്യവും ലോണും ചേർത്ത് വീടു  വാങ്ങിയേ മതിയാകു. മോളെ സ്‌കൂളിൽ വിടാനുള്ള സൗകര്യവും നോക്കണം.

കടലുപോലെയാണ് ഈ മഹാനഗരവും. സർവ്വത്ര വെള്ളമെങ്കിലും കുടിക്കാനൊരുതുള്ളിയില്ലാത്ത അവസ്ഥ. എവിടെ നോക്കിയാലും കെട്ടിടങ്ങൾ. പക്ഷേ  തനിക്കു താമസിക്കാൻ മാത്രം വീടില്ല. എന്തായാലും ഒരു ഫ്ലാറ്റ് വാങ്ങിയേ മതിയാകൂ. എന്തിനും ഏതിനും കൂട്ടുനിൽക്കാൻ  ആകെയൊരു ചങ്ങാതി മാത്രം. അറിഞ്ഞും കേട്ടും  ഓരോരോ സ്ഥലങ്ങളിലേക്ക് അവനാണ് കൊണ്ടുപോകുന്നത്.  വീട് നോക്കാൻ പോകുമ്പോളൊക്കെ മോളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങും.  ആകാശം കാണുന്ന ജനാലകളുള്ള വീട്! ഈ കോൺക്രീറ്റു വനത്തിൽ അങ്ങനെയൊന്ന്  എവിടെ കണ്ടുപിടിക്കുമെന്നായിരുന്നു ചിന്ത മുഴുവൻ.  ഒന്നുരണ്ടിടത്തു കാണുകയും ചെയ്തു. പക്ഷേ  അതൊന്നും വാങ്ങാനുള്ള പണം ഈ ജന്മം മുഴുവൻ ശ്രമിച്ചാലും അയാൾക്കുണ്ടാക്കാനാവില്ല. എങ്കിലും ഓരോ ഫ്ലാറ്റിലും ചെല്ലുമ്പോൾ ആദ്യം നോക്കുന്നത് ജനാലകൾ ആകാശത്തേയ്ക്ക് മിഴി തുറക്കുന്നോ  എന്നാണ് .  ദിവസങ്ങള്‍ ഓടിയോടിക്കടന്നുപോകുന്നു. വീടൊത്തുകിട്ടിയതുമില്ല. അത്യാവശ്യം സൗകര്യമുള്ളതാകുമ്പോള്‍ വിലയൊത്തുവരുന്നില്ല. അല്ലെങ്കില്‍ മോളെ സ്കൂളില്‍ വിടാനുള്ള സൗകര്യമുണ്ടാകില്ല. ഇനിയും മുമ്പോട്ടുപോകാനാവില്ല എന്നു വന്നപ്പോഴാണ് ആ ഹൗസിങ്ങ് കോമ്പ്ലെക്സിലെ ഫ്ലാറ്റ് തന്നെ വാങ്ങാമെന്നു രണ്ടും കല്പിച്ചു തീരുമാനിച്ചത്. ഹാളും അടുക്കളയും കിടപ്പുമുറിയും ഉള്ള കൊച്ചു ഫ്ലാറ്റ്. അടുത്തു സ്കൂളുള്ളതുകൊണ്ട് മോളെ എടുത്തുകൊണ്ടുപോയാക്കാന്‍ സൗകര്യം. പക്ഷേ ......

വീടു മാറുന്ന ദിവസം അയാള്‍ മോളോടു മനസ്സുകൊണ്ടു മാപ്പുചോദിച്ചു. പഴയ വാടകവീട്ടില്‍ അവള്‍ക്കൊരുതുണ്ടാകാശമെങ്കിലും സ്വന്തമായുണ്ടായിരുന്നു. പുതിയ വീട്ടില്‍ അതുപോലുമില്ല. ആകാശം പോലും സ്വന്തമാക്കാന്‍ സമ്പന്നര്‍ക്കേ കഴിയൂ എന്ന തിരിച്ചറിവ് തന്റെ പൊന്നുമോള്‍ക്കുണ്ടാകും എന്നായാള്‍ വെറുതെയെങ്കിലും മോഹിച്ചു .

Tuesday, April 11, 2017

ഔന്നത്യം

ഔന്നത്യം ശൂന്യത മാത്രം
തരുക്കളില്ലാത്ത
ചെടികള്‍ വളരാത്ത
പുല്ലുകള്‍ പോലും മുളച്ചിടാത്ത
മാലേയകേദാരഭൂമി
മൃത്യുകംബളം പോല്‍ ശീതളം,
ശ്മശാനഭൂമി തന്‍
നിത്യ ശാന്തിയും
കളിയാടി കളകളം
പൊഴിക്കും സരിത്തും
അരും തടുക്കാതെ
പാഞ്ഞോടും കാറ്റും ..
താണ്ടുവാനിനിയെത്ര
ദൂരമെന്നാകിലും
ലക്ഷ്യമതൊന്നാണു
മാലോകര്‍ക്കെന്നും 

എങ്ങു നീ പോകുന്നു പൂക്കാലമേ....

എങ്ങു നീ പോകുന്നു
പൂക്കാലമേ
ഇത്ര വേഗത്തിലോടി
മറഞ്ഞിടുന്നു
ആരാണു നിന്നെയും
കാത്തങ്ങു ദൂരെയാ
കൊട്ടാരമുറ്റത്തു
കാത്തിരിപ്പൂ
കണ്ടുമോഹിച്ചുപോയ്
നിന്‍ നിറക്കൂട്ടുകള്‍
ഘ്രാണിച്ചു കൊതി  തീര്‍ന്നതില്ല
നിന്‍   പരിമളം.
മാന്തളിര്‍ തിന്നു മദിച്ചോരു
പൂങ്കുയില്‍
പാടിത്തളര്‍ന്നങ്ങിരിപ്പതോ
ചില്ലയില്‍ ..
ആ ഗാനനിര്‍ഝരി
കേട്ടുറങ്ങീടുവാന്‍
കാതോർത്തു പൈതലും
പൂനിലാവും 

Wednesday, April 5, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 13

മുംബാദേവി ക്ഷേത്രം , മുംബൈ
===========================
മുംബൈയിലെ അമ്മദേവിയുടെ ക്ഷേത്രം- മുംബാദേവിക്ഷേത്രം . ഈ പേരിൽ നിന്നാണ് മുംബൈ എന്ന പേരുതന്നെ ലഭിച്ചത് .  സൗത്ത്  മുംബൈയിലെ ഭുലേശ്വർ പ്രദേശത്താണ് വളരെപ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .
1675  ൽ നിർമ്മിക്കപ്പെട്ടു ഈ ക്ഷേത്രം എന്നാണു വിശ്വസിക്കപ്പെടുന്നത്.  പഴയ ബോറിബന്തറിൽ സെന്റ് ജോർജ് കോട്ടയുടെ വടക്കൻ ചുവരുകൾക്കെതിരായി മുംബ എന്ന് പേരായ ഒരു ഹൈന്ദവസ്ത്രീയാണ്  ഈ ക്ഷേത്രം നിർമ്മിച്ചത് . അന്നത്തെ കോട്ട അധഃപതനത്തിനു പാത്രീഭവിച്ച് ചരിത്രാവശിഷ്ടങ്ങൾ  മാത്രമായി മാറിയെങ്കിലും ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു.

ഐതിഹ്യപ്രകാരം അഷ്ടപാണിയായ ദേവിയെ ഭുമിലേക്കയച്ചത് ബ്രഹ്മദേവനാണ് . തദ്ദേശീയരെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുപോന്നു മുംബരകൻ എന്ന രാക്ഷസനെ നിഗ്രഹിക്കുക എന്നതായിരുന്നു ദൗത്യം. ദേവിയാൽ പരാജിതനായ മുംബരകൻ, തന്റെ നാമം സ്വീകരിക്കണമെന്ന് ദേവിയുടെ കാൽക്കൽ വീണു കേണപേക്ഷിച്ചു. ദേവി പ്രാർത്ഥന സ്വീകരിച്ചു. പിന്നീട് ദേവിയുടെ  നാമത്തിൽ മുംബരകൻ ഒരു ക്ഷേത്രവും നിർമ്മിക്കുകയുണ്ടായി എന്ന് വിശ്വാസം.  ആ ക്ഷേത്രമാണത്രെ പിന്നീട് മുംബയാൽ പുനർനിർമ്മിക്കപ്പെട്ടത് . ബോംബെയിലെ ഏഴു ദ്വീപുകളിലെ പരമ്പരാഗത നിവാസികളായ അരയന്മാരുടെയും (കോളികൾ) ഉപ്പുശേഖരിക്കുന്നവരുടെയും മറ്റും  ആരാധ്യദേവതയാണ് മുംബാദേവി . സംസ്കൃതത്തിലെ മഹാ അംബ എന്ന പദമാണ് മുംബ എന്ന് നാട്ടുഭാഷയിൽ പരിവർത്തിതമായത് . ജനനിബിഡമായ വ്യാപാരകേന്ദ്രങ്ങളുടെ സമീപത്താണെങ്കിലും ഈ ക്ഷേത്രത്തിന് ആത്മീയചൈതന്യത്തിനു കുറവൊന്നുമില്ല. എന്നും ഭക്തരുടെ പ്രവാഹം തന്നെ ക്ഷേത്രത്തിലേയ്ക്കുണ്ട് .

ആദ്യത്തെ ബോറിബന്തറിലെ മുംബാദേവി ക്ഷേത്രം 1739 - 1770  കാലത്ത് നാശോന്മുഖമായിരുന്നു. പിന്നീട് പുതിയ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു.  സിന്ധുഗംഗ സംസ്കൃതിയിലും ദ്രാവിഡസംസ്കൃതിയിലും ഒരുപോലെ ആരാധിക്കപ്പെട്ടിരുന്ന ഭൂമിദേവിയാണ് മുംബാദേവി എന്ന് കരുതപ്പെടുന്നു. കൃഷ്ണശിലയിലുള്ള ദേവീവിഗ്രഹമാണ് ക്ഷേത്രത്തിലെ മൂർത്തി . ദേവീവിഗ്രഹത്തിൽ രജതകിരീടവും രത്നഖചിതമായ മൂക്കുത്തിയും സ്വർണ്ണാഹാരവും അണിയിച്ചിരിക്കുന്നു.  ഇടതുവശത്തു മയിൽപുറത്തിരിക്കുന്ന  അന്നപൂർണേശ്വരിയും  ശ്രീകോവിലിനു മുന്നിലായി ദേവീ വാഹനമായ വ്യാഘ്രവും നിലകൊള്ളുന്നു. വിഘ്നേശ്വരന്റെയും ഹനുമൽഭാഗവാന്റെയും ബിംബങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലേക്കുള്ള വീഥിയുടെ ഇരുവശങ്ങളിലുമുള്ള വാണിഭശാലകളിൽ നിന്നും പൂജയ്ക്കാവശ്യമായ പൂക്കളും മറ്റു വസ്തുക്കളും ലഭിക്കുന്നതാണ്

മുംബൈയിൽ നിന്ന് ക്ഷേത്രത്തിലെത്തിച്ചേരാൻ വളരെ എളുപ്പമാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചർനിറോഡ് ആണ് . ചർച്ച് ഗേറ്റ് സ്റ്റേഷനും വളരെ അടുത്ത് തന്നെ. 10 മിനിറ്റ് യാത്രയെ ഉണ്ടാകു ഭുലേശ്വറിലേയ്ക്ക് . മുംബൈയിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ആരാധനാലയമാണ് മുംബാദേവീ  ക്ഷേത്രം

Tuesday, April 4, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 12

കോപേശ്വര ശിവക്ഷേത്രം , കോൽഹാപ്പൂർ
===================================
കൃഷ്ണാനദിക്കരയിൽ  കോലാപ്പൂരിലെ കോപേശ്വര ശിവക്ഷേത്രം പേരുപോലെ തന്നെ കോപിഷ്ഠനായ ശിവഭഗവാന് സാമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഏഴാം നൂറ്റാണ്ടിൽ ചാലൂക്യരാജാക്കന്മാരാണ് ആദ്യമായി ഈ ക്ഷേത്രം പണികഴിച്ചത് . അയൽരാജ്യങ്ങളുമായുള്ള  നിരന്തരമായ കലഹങ്ങൾക്കിടയിൽ പലതവണ ക്ഷേത്രം ആക്രമിക്കപ്പെടുകയും ഒരു ഘട്ടത്തിൽ ഏതാണ്ട് നാമാവശേഷമാക്കപ്പെടുകയും ചെയ്തു. പിന്നീട് ശിലഹരരാജാക്കന്മാരാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ പുനഃരുദ്ധാരണം നടത്തി ക്ഷേത്രം ഇന്നു കാണുന്നതുപോലെ രൂപപ്പെടുത്തിയത്. കൃഷ്ണശിലയിൽ  കൊത്തിയ കവിതപോലെ അതിമനോഹരമാണ് അതിസൂക്ഷ്മങ്ങളായ കൊത്തുപണികൾ .ശില്പചാതുരി വിളിച്ചോതുന്ന ധാരാളം മൂർത്തീബിംബങ്ങൾ ഇവിടെ കാണാം.  ഔറംഗസീബിന്റെ കാലത്തുണ്ടായ ആക്രമണങ്ങളിൽ പല ക്ഷേത്രശില്പങ്ങളും നാശോന്മുഖമായിട്ടുണ്ട് .

മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ആദ്യം ദർശനം   ലഭിക്കുന്നത് ധോപേശ്വരനായ മഹാവിഷ്ണുവിനെയാണ് . നന്ദീശ്വരൻ ഇവിടെ ഇല്ല എന്നതും ഒരു പ്രത്യേകതയാണ് . മറ്റൊരു സവിശേഷത 48 വ്യത്യസ്താകൃതിയിലുള്ള  കൽത്തൂണുകളുള്ള  ഇവിടുത്തെ സ്വർഗമണ്ഡപം ആണ് . ഗർഭഗൃഹത്തിനും ചതുരാകൃതിയിലുള്ള സഭാമണ്ഡപത്തിനും   മുന്നിലായുള്ള ഈ മണ്ഡപം വൃത്താകൃതിയിൽ ഉള്ളതും മുകൾഭാഗം ആകാശത്തേയ്ക്ക് മുഖം നോക്കുന്നതുമാണ് . മൂന്നു വൃത്തങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന തൂണുകൾ 12 , 16 , 12 എന്നിങ്ങനെയും ബാക്കിയുള്ള 8 തൂണുകൾ സ്വർഗ്ഗമണ്ഡപത്തിന്റെ നാലു കവാടങ്ങളിലുമായാണ് .

ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യകഥ ഇപ്രകാരമാണ് . ദക്ഷൻ നടത്തിയ  യാഗത്തിന് പുത്രിയായ സതീദേവിയും  ഭർത്താവു മഹേശ്വരനും ക്ഷണിക്കപ്പെട്ടിരുന്നില്ല. അതിൽ അസന്തുഷ്ടയായ സതി, പിതാവിനോട് തന്റെ പരാതി ബോധിപ്പിക്കാൻ നന്ദിയുടെ പുറത്തുകയറി പിതൃഗൃഹത്തിലെത്തി. പക്ഷെ അതിഥികളുടെ സാന്നിധ്യത്തിൽ തന്നെ പിതാവ് ദേവിയെ  ആക്ഷേപിക്കുകയാണുണ്ടായത് . മനം നൊന്ത സതി ആത്മാഹുതി ചെയ്യുകയുണ്ടായി. ഇതറിഞ്ഞ മഹേശ്വരനാകട്ടെ അത്യധികം കോപാകുലനായി. ദക്ഷന്റെ ശിരസ്സറുത്തു ഹോമാഗ്നിക്കിരയാക്കി. ഖിദ്രപുർക്ഷേത്രത്തിലേയ്ക്ക് മഹാവിഷ്ണു , കോപിഷ്ടനായ ശിവനെ ശാന്തനാക്കാനായി ഒണ്ടു വന്നു. അതിനാലാണ്  കോപേശ്വരക്ഷേത്രം  എന്ന് അറിയപ്പെട്ടത്. നന്ദി സതിയോടൊപ്പം പോയിരുന്നതുകൊണ്ടു ഇവിടേയ്ക്ക് മഹേശ്വരനോടൊപ്പം വന്നിരുന്നില്ല. അതിനാലാണ് ഇവിടെ നന്ദിശ്വര മൂർത്തി ഇല്ലാത്തതും .
സ്ഥിരമായി പൂജ നടക്കുന്ന ക്ഷേത്രമാണിതെങ്കിലും തിങ്കളാഴ്ചകൾ വിശിഷ്ടങ്ങളാണ് . തിങ്കളാഴ്ചകളിലും ശിവരാത്രികാലത്തും ഭക്തരുടെ അഭൂതപൂർവമായ തിറക്കിവിടെ അനുഭവപ്പെടുന്നു. മഹാരാഷ്ട്രയുടയും കർണ്ണാടകയുടെയും സീമാപ്രദേശമായതുകൊണ്ടു ധാരാളമായി രണ്ട്‌ സംസ്ഥാങ്ങളിലെയും ഭക്തർ ഇവിടെയെത്തുന്നു .

റെയിൽമാർഗ്ഗവും റോഡ്മാർഗ്ഗവും കൊൽഹാപ്പൂർ എത്താമെന്നുള്ളത് ഇവിടേക്കുള്ള യാത്ര എളുപ്പമാക്കും. കൊൽഹാപൂരിൽ നിന്ന് 15 കിലോമീറ്ററേയുള്ളു ക്ഷേത്രത്തിലേയ്ക്ക്. ഭക്തി മാത്രമല്ല  ക്ഷേത്രത്തിന്റെ അനിതരസാധാരണമായ ശില്പചാതുരിയും  ഒരിക്കൽ പോയവരെ വീണ്ടും അവിടേയ്ക്കു മാടിവിളിക്കുകതന്നെ ചെയ്യും .



Monday, April 3, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 11

ശനിശിംഗനാപ്പൂര്‍ ശനീശ്വരക്ഷേത്രം
=============================
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനിശിംഗനാപ്പൂര്‍ ഗ്രാമവും കലിയുഗാരംഭത്തിൽ രൂപം കൊണ്ടെന്നു കരുതപ്പെടുന്ന  ശനീശ്വര ക്ഷേത്രവും. .മേൽക്കൂരയോടു കൂടിയ  അടച്ചുകെട്ടിയ ഒരു ക്ഷേത്രമില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ ഒരു ആള്‍രൂപവിഗ്രഹവും ഇവിടെയില്ല . ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. തെക്കുഭാഗത്തായി നന്ദിയും . ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'.  സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം.

സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍  നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക്  വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും  ശനിഭഗവാൻ  കാത്തുകൊള്ളും. (ഇന്നും  ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. )

സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ  മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വസങ്ങളെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വാതിലുകളില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ് .

 ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരില്ല.

നാലു നൂറ്റാണ്ടിലേറെയായി സ്ത്രീകൾക്ക് ഗർഭഗൃഹത്തിൽ പ്രവേശിച്ചു പൂജ നടത്താനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഈ അടുത്തകാലത്താണ് അതിനു മാറ്റം  വരുത്തി കോടതിവിധിയുണ്ടായത് , ദിവസവും അമ്പതിനായിരത്തിലേറെപ്പേരാണ് പ്രാര്‍ത്നകളുമായി ശനിശിംഗനാപ്പൂരിലെത്തുന്നത്. അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.  അമാവാസിയും ശനിയാഴചയും ചേർന്ന് വരുന്ന ദിനങ്ങൾ ഏറ്റവും പുണ്യമെന്നു കരുതപ്പെടുന്നു. ആ ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കായിരിക്കും . .തൈലാഭിഷേകമാണ് ഇവിടെ പ്രധാന വഴിപാട്. ഭക്തരുടെ കയ്യിൽ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപവും ഉണ്ടാകും .  ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ എഴുന്നള്ളിക്കുന്നതാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്.

റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും ഇവിടേയ്ക്ക് വന്നെത്താവുന്നതാണ്. അഹമ്മദ് നഗറിൽ നിന്ന് 35 കി മി ദൂരമാണിവിടേയ്‌ക്ക്.




Wednesday, March 29, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 10

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 10
=============================
വാക്കേശ്വർ ക്ഷേത്രം
.
മുംബൈ മഹാനഗരത്തിന്റെ തെക്കുഭാഗത്ത് മലബാർ ഹിൽ പ്രദേശത്താണ് വാക്കേശ്വർ ക്ഷേത്രം  സ്ഥിതിചെയ്യുന്നത് . ബാൺഗംഗ  ക്ഷേത്രമെന്നും അറിയപ്പെടുന്ന ഈ ശിവക്ഷേത്രം നഗരത്തിന്റെ ഉന്നതഭാഗത്താണ് . ബാൺഗംഗ സരസ്സിനോട് വളരെ ചേർന്നാണിത് .

ത്രാതായുഗത്തിൽ, സീതയെ അപഹരിച്ചതു രാവാനാണെന്നു മനസ്സിലാക്കിയ ശ്രീരാമൻ, സീതയെ വീണ്ടെടുക്കുന്നതിനായി ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ഈ പ്രദേശത്തെത്തുകയും ശിവാരാധന നടത്തുകയും ഉണ്ടായത്രേ. ആരാധനയ്ക്കുള്ള   ശിവലിംഗം കണ്ടെത്താനായി പോയ  ലക്ഷ്മണൻ മടങ്ങിയെത്താൻ വൈകിയപ്പോൾ മണൽ കൊണ്ട് രാമൻ  സ്വയമുണ്ടാക്കിയ ശിവലിംഗമാണ് ഇവിടെയുള്ള യഥാർത്ഥ ബിംബം -  ശിവാവതാരം,  വലുക ഈശ്വരൻ (വാക്കേശ്വർ ).

കഥ ഇപ്രകാരം മുന്നേറുമ്പോൾ രാമൻ കലശലായ ദാഹമുണ്ടായി . സമുദ്രത്തോട്‌ വളരെ അടുത്തായതുകൊണ്ടു ശുദ്ധജലം ലഭ്യമായിരുന്നുമില്ല. രാമൻ ഒരു ബാണമെയ്ത്
 അതിലൂടെ ഗംഗയെ  അവിടെ എത്തിക്കുകയുണ്ടായത്രേ . അതാണത്രേ ബാൺഗംഗ എന്നറിയപ്പെടാൻ കാരണം. ഇവിടെയുള്ള സരസ്സിൽ ജലം നിറയ്ക്കുന്ന ഒരുറവ അതിന്റെ മദ്ധ്യഭാഗത്തതു നിന്നും നിർഗ്ഗളിക്കുന്നത് അന്നു രാമൻ സൃഷ്ടിച്ച ജലോൽപത്തിയാണെന്നാണ് വിശ്വാസം . 1715 ൽ ആണ് ഇതൊരു തടാകമായി നിര്‍മ്മിച്ചത് .

എ ഡി 810 - 1240 കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന ശിലഹരി രാജവംശത്തിലെ ഒരു  മന്ത്രിയായിരുന്ന ഗൗഡസാരസ്വത ബ്രഹ്മാനായ ലക്ഷ്മൺ പ്രഭുവാണ് 1127 ൽ  ഈ ക്ഷേത്രം  നിർമ്മിച്ചത്. അത് പിന്നീട് പതിനാറാം നൂറ്റാണ്ടിൽ  പോർട്ടുഗീസുകാർ ബോംബെ ഭരിച്ചിരുന്ന കാലത്ത് നശിപ്പിക്കുകയുണ്ടായി. 1715 ൽ ധനികനായ ഗൗഡസാരസ്വത ബ്രാഹ്മണനായ   രാമ കാമത്ത് ആണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്. പ്രധാന ശ്രീകോവോലിനോടൊപ്പം ചില ചെറിയ ശ്രീകോവിലുകളും ബാൺഗംഗ സരസ്സിനോടു ചേർന്ന് നിർമ്മിക്കുകയുണ്ടായി . പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇവിടേയ്ക്ക് അഭൂതപൂര്‍വ്വമായ  ഭക്തജനപ്രവാഹം  ആരംഭിച്ചത്. അതിനെത്തുടർന്ന് ഇവിടെ  ഇരുപതോളം പുതിയ ക്ഷേത്രങ്ങളും അൻപതിലേറെ ധർമ്മശാലകളും  കൂടി ഉയർന്നുവരികയുണ്ടായി. ഗൗഡസാരസ്വത ബ്രാഹ്മണ ക്ഷേത്ര ട്രസ്റ്റ് ആണ് ഇപ്പോഴും ഈ ക്ഷേത്രഭരണം നടത്തുന്നത് .

മാസത്തിലെ പൗർണമി ദിനങ്ങളും അമാവാസി ദിനങ്ങളും ആണ് ഈ ക്ഷേത്രത്തിലെ തിരക്കേറിയ ആരാധനാ ദിനങ്ങൾ. ഹിന്ദുസ്ഥാനി   സംഗീതോത്സവത്തിന്റെ വാർഷികവേദികൂടിയാണ് ഈ ക്ഷേത്രസന്നിധി.

മുംബൈയിലെത്തുന്നവർക്കു ക്ഷേത്രത്തിൽ എത്തിച്ചേരാൻ  വളരെ എളുപ്പമാണ് . ക്ഷേത്രത്തിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ഗ്രാൻഡ് റോഡ് ആൺ . അവിടെ നിന്ന് 15 മിനുട്ട്  ടാക്സി യാത്രയെ വേണ്ടു. മുംബൈയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ,  ഹാങ്ങിങ് ഗാർഡൻ, മറൈൻ ഡ്രൈവ് , കമല നെഹ്രു പാർക്ക് എന്നിവയൊക്കെ ഇവിടെ അടുത്തുതന്നെയായതിനാൽ ആത്മീയതയ്‌ക്കൊപ്പം മനസികോല്ലാസത്തിനും വഴിയൊരുക്കും ഈ യാത്ര











Monday, March 27, 2017

To My Sweet Dad.... (On his Death Anniversary)

To My Sweet Dad.... (On his Death Anniversary)
''''''''''''''''''''''''''''''''''''''''''''
They say
Death is final!
Yes,death has taken you away,
But you ever live in my treasury of memories.
They outlive the boundaries of time and space.
Years passed...
But still I feel
Your invisible presence around me
And I firmly believe
That you guide me to the right path
Whenever I face troublesome situations.
You had gone
But you'll live in your daughter's memories
Forever and forever.
Time Flows,
Pictures fade.
Still I remain
As a little girl
Who sits on your lap
With her arms around your neck
To listen the stories you narrate,
To smile to the poems you recite..
In the fragrance of innocence......

Tuesday, March 21, 2017

അമ്മേ ഭാരതമാതേ !

അമ്മേ ഭാരതമാതേ !
ഒഴുകട്ടെ നിന്‍ മേനിയില്‍ നിന്നുടെ
മക്കള്‍ തന്‍ നറു സ്നേഹച്ചാലുകള്‍
വിരിയട്ടെ നിന്‍ മണ്ണില്‍ നിന്നുടെ
മക്കള്‍ തന്‍ ആനന്ദപ്പൂവുകള്‍ .
പതിയട്ടെ നിന്‍ കാതില്‍ അവരുടെ
ഗാനാലാപന വിചികള്‍ മധുരം
പൊഴിയട്ടെ നിന്നുടലില്‍ സ്തുതികള്‍
തുള്ളികള്‍  തീര്‍ക്കും മധുമൃദുമാരികള്‍ 
ആ മൃദുമാരിയുതിര്‍ക്കാനായൊരു 
മേഘക്കുടയുണ്ടാകാശത്തില്‍
ആ മണിനീര്‍മുത്തുകളാല്‍ നിറയും 
നിന്‍വിരിമാറിലെ നദികള്‍, പുഴകള്‍
വറ്റിയുണങ്ങില്ലൊരുനാളും ആ 
നന്മയുണര്‍ത്തും  കല്ലോലിനികള്‍ 
അവയുടെ നനവാലീ മണ്ണില്‍ ചെറു 
വാടികള്‍ പൂവിട്ടാ സൗരഭ്യം 
നിറയും പരിമളമുതിരും കനിവായ് 
അലിവായ് അമൃതായ്  അറിവിന് കതിരായ്

ജീവിതം, മരണം
.
ജീവിതം !
അര്‍ത്ഥശൂന്യതയുടെ
സമയക്ലിപ്തതയില്ലാത്ത പ്രഹസനങ്ങള്‍,
ഓര്‍മ്മയില്‍ നിന്നകന്നാല്‍ മാഞ്ഞുപോകുന്ന
കാലത്തിന്റെ കയ്യൊപ്പുകള്‍ !
പുഴയൊഴുകുന്നു
പൂ വിരിയുന്നു
പൂങ്കുയില്‍ പാടുന്നു
വസന്തം വന്നു പോകുന്നു
പിന്നെയും വന്നെത്താന്‍
എവിടെയോ ഒരു ഗ്രീഷ്മമുണ്ടെന്ന് ,
തോരാമഴപെയ്തൊഴിയാന്‍
ഒരു വര്‍ഷകാലമുണ്ടെന്ന്
മറവിയുടെ ഭാണ്ഡത്തിലിറക്കാത്ത
ഓര്‍മ്മത്തുണ്ടൊന്നു ബാക്കി വേണം .
പിന്നെയും പിന്നെയും
ജീവിതം ഒരു വലിയ നുണയാണെന്നു
ഇന്നലെകള്‍ വിളിച്ചു ചൊല്ലും.
കേട്ടു കേട്ട് ഒടുവില്‍ തിരിച്ചറിയും
ഒഴുകുന്ന പുഴയുടെ
നേര്‍ത്ത തലോടലാണു ജീവിതം
മരണമാകട്ടെ
ആവരണമില്ലാത്ത സത്യത്തിന്റെ
പരിരംഭണം ...

Life , Death 
-----------------
Life,
Is a meaningless skit which has
 no time bound 
Fading signature of time 
Once gone from memory 
Rivers run by 
Flowers open
Cuckoos sing
Arrival  of spring ..
But to remember 
Somewhere there is summer 
To brighten the days 
And a monsoon 
To pour its tears on  ..
They tell us again and again 
As echoed from days passed -
Life is a big lie .
Hearing all these lies in repetition 
We realize at last 
Life is just like  a mild touch of a running river 
But death is the embrace of 
Uncovered truth. 
===================




Thursday, March 16, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ - 9

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ - 9

സിദ്ധിവിനായക ക്ഷേത്രം , മുംബൈ
==============================
മുംബൈയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് സിദ്ധിവിനായക ക്ഷേത്രം. മുംബൈയിലെ പ്രഭാദേവി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .രണ്ടു നൂറ്റാണ്ടു മുമ്പ് ലക്ഷ്മൺ വിഠല പട്ടേൽ , ദിയൂബായി പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിച്ചതാണ് മൂലക്ഷേത്രം. പ്രധാന ശ്രീകോവിലിൽ ഹേമാങ്കിതമായ  സിദ്ധിവിനായകനെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹുവായ വിനായകൻ  താമര, മഴു, മോദകം, ഹാരം എന്നിവ കൈകളിലേന്തിരിക്കുന്നു. പാർശ്വങ്ങളിലാകട്ടെ ഋദ്ധി , സിദ്ധി എന്നീ പത്നിമാരും നിലയുറപ്പിച്ചിരിക്കുന്നു . വലതുവശത്തേയ്ക്കു തിരിഞ്ഞിരിക്കുന്നു തുമ്പിക്കൈ വളരെ ദിവ്യമായി കരുതപ്പെടുന്നു.  പരമേശ്വരന്റെ തൃക്കണ്ണിനെ ദ്യോതിപ്പിക്കുന്നതാണ് ഫാലസ്ഥലത്തെ   മൂന്നാം കണ്ണ്.  

വളരെ ചെറിയതായിരുന്നൊരു ക്ഷേത്രം വളർച്ചയുടെ പടവുകൾ താണ്ടി അതിബൃഹത്തായൊരു  ആരാധനാകേന്ദ്രമായി വളർന്ന കഥയാണ് സിദ്ധിവിനായകക്ഷേത്രത്തിനുള്ളത് .

1801 നവംബർ ഒന്നാം തീയതി ഈ ക്ഷേത്രം നിലവിൽ വന്നത് 3 .6  x 3 .6 ചതുരശ്രമീറ്റർ അളവിൽ ഇഷ്ടികയും മരപ്പലകയും കൊണ്ട് നിർമ്മിച്ച ,  കുംഭഗോപുരത്തോടു കൂടിയ,  ചെറിയൊരു നിർമ്മിതി ആയിരുന്നു . ലക്ഷ്മൺ  പട്ടേൽ എന്ന കോൺട്രാക്ടർക്ക് ഇതു നിർമ്മിക്കാനുള്ള ധനസഹായം നൽകിയത് ദിയൂബായി എന്ന അനപത്യയായ  സമ്പന്നസ്ത്രീ ആയിരുന്നുവത്രേ. മക്കളില്ലാതെ ദുഃഖമനുഭവിക്കുന്ന മറ്റു സ്ത്രീകൾക്ക് പ്രാർത്ഥിക്കാനും അതുവഴി ഭഗവാന്റെ അനുഗ്രഹം കരഗതമാകാനും വേണ്ടിയാണു ദിയൂബായി ഈ ക്ഷേത്രം നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയത്. അക്കൽകോട്ട് സമർത്ഥ് സ്വാമിയുടെ ശിഷ്യനായിരുന്ന രാമകൃഷ്ണ ജാംഭേകർ  മഹാരാജ് സ്വാമിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ മൂർത്തിയുടെ മുമ്പിലായി രണ്ടു ദിവ്യമായ ബിംബങ്ങൾ ഭൂമിയിൽ   അടക്കം ചെയ്യുകയുണ്ടായി . സ്വാമി പ്രവചിച്ചിരുന്ന പ്രകാരം ഇരുപത്തിയൊന്ന് വർഷം കഴിഞ്ഞപ്പോൾ അവിടെ ഒരു ചമതവൃക്ഷം വളർന്നു വരികയും അതിന്റെ ശാഖയിൽ സ്വയംഭുവായൊരു ഗണേശവിഗ്രഹം കാണപ്പെടുകയും ചെയ്തുവത്രേ.

ഇന്നിത് എല്ലാ സൗകര്യങ്ങളോടും കൂടിയ ബൃഹത്തയൊരു ക്ഷേത്രസമുച്ചയമാണ് . ക്ഷേത്രവാതിലുകളും ചുവരുകളും അഷ്ടവിനായകരൂപങ്ങളുടെ  ചിത്രപ്പണികളാൽ അലംകൃതമാണ് . മുകൾഭാഗമാകട്ടെ സ്വർണ്ണം പൂശി മോഡി കൂട്ടിയിരിക്കുന്നു .   ക്ഷേത്രത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് രണ്ടു പൊയ്കകളും ഉണ്ട് . ഹനുമാൻ ഭക്തർക്കായി ഒരു ഹനുമൽ ക്ഷേത്രവും ഇപ്പോൾ ചേർന്ന് തന്നെയുണ്ട് . 1950 - 60 കാലങ്ങളിലാണ് ഇവിടെ ഭക്തജനത്തിരക്ക് വളരെയധികം വർധിച്ചു തുടങ്ങിയത്. 70 കാലിൽ അത് മൂർദ്ധന്യത്തിൽ എത്തുകയും ചെയ്തു. ക്ഷേത്രാവരുമാനവും അതിനനുസരിച്ചു വർദ്ധിച്ചുകൊണ്ടിരുന്നു. പല അവസരങ്ങളിലും ക്ഷേത്രഭരണസമിതി അതുമായി ബന്ധപ്പെട്ടു വിവാദങ്ങളിലും പെട്ടു  എന്നതും വാസ്തവം.

ചൊവ്വാഴ്ച ദിവസങ്ങൾ  വിശേഷമാണിവിടെ.  അന്നത്തെ പൂജാസമയങ്ങളും മറ്റു ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമാണ് . ചെവ്വാഴ്ച ക്ഷേത്രദർശനം ഭാഗ്യദായകമായി ഭക്തർ കരുതിപ്പോരുന്നു.
മഹാരാഷ്ട്രയിൽ  ആഘോഷമായിട്ടുള്ള എല്ലാ ഹൈന്ദവവിശേഷദിവസങ്ങളും ഇവിടെ ഉത്സവപ്രതീതി നൽകുന്ന ആഘോഷങ്ങൾക്ക് വേദിയാകുന്നു .

മുംബൈയിലെത്തുന്നവർക്കു സിദ്ധിവിനായകക്ഷേത്രത്തിലെത്താൻ 20 മിനുട്ട് യാത്രയെ വേണ്ടു. ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ ദാദർ. ദാദറിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക് .




Tuesday, March 14, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ - 8

മഹാലക്ഷ്മി ക്ഷേത്രം, മുംബൈ
==========================
മുംബൈയിലെ വളരെ പ്രസിദ്ധമായൊരു ക്ഷേത്രമാണ്   ഭുലാഭായി ദേശായി പാതയിൽ കടൽത്തീരത്തോടു ചേർന്ന്   സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രം. ഈ പ്രദേശത്തിന്റെ പേരും മഹാലക്ഷ്മി എന്നാണ് . 1831 ൽ ധക്ജി ദാദാജി എന്നൊരു ഹൈന്ദവവ്യാപാരിയാണ് ഇന്ന് കാണുന്ന  ക്ഷേത്രം നിർമ്മിച്ചത്.

ഈ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം ലഭിച്ചതിനെക്കുറിച്ചൊരു കഥയുണ്ട് . 1785 ൽ അന്നത്തെ ഗവർണറായിരുന്ന വില്യം ഹോൺബി മുംബൈയിലെ ഏഴു  ദ്വീപുകളെയും കൂട്ടിയിണക്കുന്ന ഒരു കാൽനടവരമ്പു നിർമ്മിക്കുവാൻ പദ്ധതി ഇട്ടു. പക്ഷെ അത് നിർമ്മാണത്തിലിരിക്കെ കടൽഭിത്തി രണ്ടുപ്രാവശ്യം തകർന്നുവീണു. നിരാശനായ ചീഫ് എഞ്ചിനീയർ ഒരു ദിവസം ഒരു ദേവീവിഗ്രഹം വർളിയിലെ കടലിൽ ഉണ്ടെന്നു   സ്വപ്നം കാണുകയുണ്ടായി. അത് അന്വേഷണത്തിന് വിധേയമാക്കുകയും കണ്ടെത്തുകയും ഉണ്ടായി . ആ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി ഒരു ക്ഷേത്രവും പണിതു . അതിനു ശേഷം കല്‍പ്പാതയുടെ  നിർമ്മാണം വിഘ്നം കൂടാതെ മുന്നേറുകയും ചെയ്തുവത്രേ .

ക്ഷേത്രത്തിൽ ത്രിദേവിമൂർത്തികളാണുള്ളത് . മഹാകാളി , മഹാലക്ഷ്മി, മഹാസരസ്വതി . എല്ലാ ദേവിമാരും സർവാഭരണവിഭൂഷിതരായാണ്  കാണപ്പെടുന്നത് . താമരപ്പൂവ് കയ്യിലേന്തിയ മഹാലക്ഷ്മിയാണു  മധ്യത്തിൽ.

ക്ഷേത്രത്തിലേക്കുള്ള പാതയ്ക്കിരുവശവും ക്ഷേത്രത്തിനു സമീപത്തും പൂജാദ്രവ്യങ്ങൾ ലഭിക്കുന്ന വളരെയധികം കടകളുണ്ട്.  ഹാരങ്ങളും ചന്ദത്തിരികളും ദേവിയുടെ ഉടയാടകളും മറ്റു  പൂജാവസ്തുക്കളും എല്ലാം ഇവിടെ ലഭിക്കും . മറ്റെല്ലാ ദേവീക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും പൂജകൾക്ക് നല്ല തിരക്കും അനുഭവപ്പെടുന്നുമുണ്ട്. നവരാത്രി കാലത്താണ്  ഈ ക്ഷേത്രത്തിലെ ഉത്സവകാലം. ആ സമയത്ത് ദേവീ ദർശനത്തിനായി ഭക്തജനങ്ങൾക്കു  മണിക്കൂറുകൾ കാത്തു  നിൽക്കേണ്ടിവരാറുണ്ട്  . എല്ലായ്‌പോഴും ഭക്തിസാന്ദ്രമായൊരു അന്തരീക്ഷം നിലനിൽക്കുന്നൊരു ആരാധനാകേന്ദ്രമാണ് മഹാലക്ഷ്മി ക്ഷേത്രം . മുംബൈ സന്ദർശിക്കുന്നവർ ജാതിമതഭേദമെന്യേ ഈ ക്ഷേത്രദര്ശനത്തിനായി എത്തുന്നുണ്ട് എന്നതും ഒരു പ്രത്യേകതയാണ്

മുംബൈയിൽ നിന്ന് ഏതാണ്ടൊരു കിലോമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക് . ടാക്സിയിൽ ക്ഷേത്രത്തിലെത്താൻ വളരെ എളുപ്പവുമാണ് . അടുത്ത് തന്നെ മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്- ത്രൈയംബകേശ്വരക്ഷേത്രവും മഹാദേവ ധാക്കലേശ്വർ ക്ഷേത്രവും. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് അധികദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന  ഹാജി അലി ദർഗ്ഗയും സന്ദർശിച്ചു മടങ്ങാവുന്നതാണ്








Thursday, March 9, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 7

ശ്രീ ഘൃഷ്നേശ്വർ ജ്യോതിർലിംഗക്ഷേത്രം
........................................................................
പന്ത്രണ്ടാമത്തേതെന്നു കരുതുന്ന ജ്യോതിർലിംഗക്ഷേത്രമാണ് എല്ലോറയ്ക്കടുത്ത്  വെരൂളിലുള്ള  ശ്രീ ഘൃഷ്നേശ്വർ ജ്യോതിർലിംഗക്ഷേത്രം. ഈ ക്ഷേത്രദർശനത്തോടെ മാത്രമേ ജ്യോതിർലിംഗതീർത്ഥാടനം പൂർണ്ണമാകൂ എന്നാണ് വിശ്വാസം.  (യെലഗംഗാനദീതീരത്തു നാഗാ ആദിവാസികൾ വസിച്ചിരുന്ന യെലാപ്പൂർ ആണ് പിന്നീട് വെരുൽ ആയി രൂപാന്തരപ്പെട്ടത് .)

ഈ  ക്ഷേത്രോല്പത്തിയെക്കുറിച്ച് വിവിധങ്ങളായ ഐതിഹ്യ കഥകൾ പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കുന്നത്  കുസുമം എന്ന് പേരായ ഒരു ശിവഭക്തയുമായി ബന്ധപ്പെട്ടതാണ് . അതീവ ഭക്തിയോടെ എല്ലാ ദിവസവും  ശിവാരാധന നടത്തിവന്നിരുന്നൊരു സാധ്വിയായിരുന്നു കുസുമ. പൂജയുടെ ഭാഗമായി  അവിടെയുള്ള തീർത്ഥക്കുളത്തിൽ ശിവലിം൨ഗം നിമജ്ജനം  ചെയ്തെടുക്കുകയും  പതിവുണ്ടായിരുന്നു. കുസുമയുടെ ശിവഭക്തി വളരെ പ്രസിദ്ധമായിരുന്നു. അതിനാൽ തന്നെ അവർ എല്ലാവരാലും ആദരിക്കപ്പെടും ചെയ്തിരുന്നു. അതിൽ അതീവ അസൂയാലു ആയിരുന്നു കുസുമയുടെ സപത്നി. അവർ അസൂയയും കോപവും മൂത്ത് ഒരു ഡവസം കുസുമയുടെ പ്രിയപുത്രനെ വധിക്കുകയുണ്ടായി. മകനെ നഷ്‌ടമായ കുസുമ അതീവ ദുഃഖിതയായ് ഭവിച്ചു. എങ്കിലും തന്റെ  ശിവാരാധനയ്ക്കു മുടക്കമൊന്നും വരുത്തിയില്ല. പതിവുപോലെ ശിവലിംഗം തീർത്ഥക്കുളത്തിൽ നിമജ്ജനം ചെയ്ത്തുയർന്നപ്പോൾ തന്റെ പുത്രൻ ജീവൻ വീണ്ടെടുക്കുകയുണ്ടായി അത്രേ . ആ സമയത്ത് മഹേശ്വരൻ ജ്യോതിർലിംഗമായി അവിടെ പ്രത്യക്ഷനാവുകയും ഈ ക്ഷേത്രം അവിടെ ഉയരുകയും ചെയ്തു എന്നാണു വിശ്വാസം . ശിവപാർവ്വതിമാരുമായി ബന്ധപ്പെട്ട ചില കഥകളും പ്രചാരത്തിലുണ്ട്

എല്ലോറ - അജന്ത  ഗുഹകളുടെ വളരെ അടുത്താണ് ഘൃഷ്നേശ്വർ ജ്യോതിർലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ശിവഭക്തനായിരുന്നു, വേരുളിലെ ഗ്രാമപ്രധാനി ഭോസ്‌ലെ ഒരിക്കൽ ഒരു ചിതൽപുറ്റിൽ നിന്ന് നിധികുംഭം കണ്ടെടുക്കുകയുണ്ടായി.  ഘൃഷ്നേശ്വരഭഗവാന്റെ അനുഗ്രഹം ഒണ്ടു ലഭിച്ചതെന്ന് വിശ്വസിച്ച ഈ നിധി ഉപയോഗിച്ച് ക്ഷേത്ത്രം പുതുക്കി പണിയുകയും അവിടെ ഒരു പൊയ്ക  നിർമ്മിക്കുകയും ചെയ്തു . പിന്നീട്  ഗൗതമിബായിയും അഹല്യബായ് ഹോൾക്കറും പതിനേഴാം നൂറ്റാണ്ടില്‍  ക്ഷേത്രപുനരുദ്ധാരണം നടത്തുകയുണ്ടായി . അതാണ് ഇന്ന് കാണുന്ന അതിമനോഹരമായ ക്ഷേത്രസമുച്ചയം. ക്ഷേത്രത്തിലേക്കുള്ള നടവഴിയിൽ ദശാവതാരങ്ങൾ ചുവന്ന കല്ലുകല്ലുകളിൽ കൊത്തിവെച്ചിരിക്കുന്നു. 24  തൂണുകളുള്ള സഭാമന്ദിരവും മനോഹരമായ ചിത്രപ്പണികളാൽ അലംകൃതമാണ് . 17  അടി അളവുകളുള്ള ഗര്ഭഗൃഹത്തിൽ ലിംഗമൂർത്തി പൂർവ്വദിക്കിലേയ്ക്ക് ദര്ശനമായിട്ടാണ് നിലകൊള്ളുന്നത് . അതിരമണീയമായൊരു നന്ദികേശ്വരബിംബവും സഭാമന്ദിരത്തിൽ ഉണ്ട് .

മുംബയിൽ നിന്ന്  മുന്നൂറിലേറെ കിലോമീറ്റർ ദൂരെയാണ് ഘൃഷ്നേശ്വർ. ആറുമണിക്കൂറിലധികം യാത്രയുമുണ് .  ഔറംഗബാദ് ആണ് ഏറ്റവും അടുത്ത വിമാനത്തവാളവും റെയിൽവേ സ്റ്റേഷനും , പിന്നീട് ഏകദേശം 30  കി മി റോഡ് യാത്രകൊണ്ട് ക്ഷേത്രത്തിലെത്തിച്ചേരാം . ഘൃഷ്നേശ്വറിലെത്തുന്നവർക്ക്, സമീപത്തുള്ള എല്ലോറ ഗുഹാക്ഷേത്രങ്ങൾ, അജന്ത  ഗുഹകൾ, ഔരംഗസേബിന്റെ ശവകുടീരം , ബീബി ക മകബാര,  മിനി താജ്, പാൻചക്കി, എന്നിവയൊക്കെ കൂടി സന്ദർശിച്ച് മടങ്ങാനാവും .

Thursday, March 2, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 6

ഭീമാശങ്കര്‍ 

മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്തുള്ള ഭീമാശങ്കര്‍ ക്ഷേത്രം മറ്റൊരു ജ്യോതിര്‍ ലിംഗക്ഷേത്രമാണ് . പൂനയില്‍ നിന്ന് 120 കിലോമീറ്റര്‍ റോഡ് യാത്രയില്‍ ഇവിടെയെത്താം. അതിപുരാതനമായ വിശ്വകര്‍മ്മനിര്‍മ്മാണരീതിയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന നാഗരനിര്‍മ്മാണശൈലിയിലാണ് ഈ ക്ഷേത്രം പണികഴിച്ചിരിക്കുന്നത്. പതിമൂന്നാം  നൂറ്റാണ്ടില്‍ പണികഴിച്ചതെന്നു കരുതുന്ന ക്ഷേത്രത്തിന്റെ സഭാമണ്ഡപം പതിനെട്ടാം  നൂറ്റാണ്ടില്‍ പുനരുദ്ധരിക്കുകയുണ്ടായി. മറ്റു ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശ്രീകോവിലിന്റെ താഴ്ന്ന നിലത്താണ് ഗര്‍ഭഗൃഹം . ഇവിടെയും ശിവലിംഗം സ്വയംഭൂവാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്. 

ഈ ക്ഷേത്രത്തോടു ബന്ധപ്പെട്ട ഐതിഹ്യകഥ ഇപ്രകാരമാണ്. സഹ്യാദ്രി മലനിരകളിലെ ഡാകിനി എന്ന വനത്തില്‍ ഭീമന്‍ എന്നു പേരുള്ള ദുഷ്ടനായ അസുരനും അയാളുടെ അമ്മ കാര്‍കതിയും വസിച്ചിരുന്നു. കരുണ ലവലേശമില്ലാത്ത ഇവനെ ദേവന്മാരും മനുഷ്യരും ഒന്നുപോലെ ഭയപ്പെട്ടിരുന്നു. ഭീമന് തന്റെ പിതാവാരെന്നറിയുമായിരുന്നില്ല. അതറിയാനുള്ള ജിജ്ഞാസ അനുദിനം അവനില്‍ വളര്‍ന്നു. തന്റെ മാതാവിനോട് ഇതേക്കുറിച്ചന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഒട്ടൊരു ഭയത്തോടെയെങ്കിലും  അവര്‍ക്കതു വെളിപ്പെടുത്തേണ്ടിവന്നു. ഭീമന്‍ ലങ്കേശ രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്റെ പുത്രനായിരുന്നുവത്രേ. മഹാവിഷ്ണുവിന്റെ അവതാരമായ രാമനാല്‍ തന്റെ പിതാവ് വധിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയ ഭീമന്‍ മഹാവിഷ്ണുവിനോട് പ്രതികാരം ചെയ്യുന്നതിനായി ദൃഢപ്രതിജ്ഞയെടുത്തു. അതിനുള്ള ശക്തി ലഭിക്കുന്നതിനായി ബ്രഹ്മാവിന്റെ അനുഗ്രഹം ലഭിക്കാന്‍ കഠിനതപസ്സും ആരംഭിച്ചു . ഭക്തനില്‍ സംപ്രീതനായ ബ്രഹ്മാവ് അളവറ്റ ശക്തി നല്‍കി അനുഗ്രഹിച്ചു . പക്ഷേ അതു സ്രഷ്ടാവിനു പറ്റിയ വലിയൊരു അബദ്ധമായി കലാശിച്ചു. ദുഷ്ടശക്തിയായ ഭീമന്‍ മൂന്നുലോകങ്ങളിലും ഭീതി പരത്തുക മത്രമല്ല, ദേവേന്ദ്രനെ യുദ്ധം ചെയ്തു പരാജയപ്പെടുത്തുകയും ചെയ്തു. വലിയൊരു ശിവഭക്തനായ കാമരൂപേശ്വരനെ പരാജയപ്പെടുത്തി കാരഗൃഹത്തിലടയ്ക്കുകയും ശിവനു പകരം തെന്നെ ആരാധിക്കണമെന്ന് ആജ്ഞ നല്‍കുകയും  ചെയ്തു. അതും പോരാഞ്ഞ് ഋഷിമാരെയും മുനിമാരെയും നിരന്തരം  പപീഡിപ്പിച്ചുകൊണ്ടേയിരുന്നു. കുപിതരായ ദേവന്മാര്‍ ബ്രഹ്മാവിനോട് പരാതിപ്പെട്ടു എങ്കിലും അദ്ദേഹവും നിസ്സഹായനായിരുന്നു. ഒടുവില്‍ അവര്‍ ഒന്നു ചേര്‍ന്ന് സംഹാരമൂര്‍ത്തിയായ മഹേശ്വരനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു. 

ഭീമനെ ആരാധിക്കാന്‍ കൂട്ടാക്കാതെ കാമരൂപേശ്വരന്‍ ശിവപൂജ തുടര്‍ന്നുകൊണ്ടിരുന്നു . ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുന്ന കാമരൂപേശ്വരനെ കണ്ടു ക്രുദ്ധനായ ഭീമന്‍ ശിവലിംഗം തകര്‍ക്കുന്നതിനായി വാളുയര്‍ത്തി. അപ്പോള്‍ മഹേശ്വരന്‍ തന്റെ തേജോരൂപത്തില്‍ പ്രത്യക്ഷനാവുകയും ഭീമനുമായി യുദ്ധം ആരംഭിക്കുകയും ചെയ്തു. പക്ഷേ ഈ യുദ്ധത്തിന്റെ ദുരന്തഫലങ്ങള്‍ സകലചരാചരങ്ങളേയും ബാധിക്കുന്നതില്‍ ശങ്കാകുലനായ നാരദമുനി അതവസാനിപ്പിക്കുന്നതിനായി മഹേശ്വരനോടപേക്ഷിച്ചു. ഒടുവില്‍ ഭീമനെ ഭസ്മീകരിച്ച് ആ യുദ്ധം അന്ത്യം കാണുകയുണ്ടായി. ആഹ്ലാദചിത്തരായ ദേവന്മാരും മഹര്‍ഷിമാരും മഹേശ്വരനോട് അവിടം തന്റെ വാസസ്ഥാനമാക്കണമെന്ന് അപേക്ഷിച്ചു. അതുമാനിച്ച് മഹേശ്വരന്‍ അവിടെ ജ്യോതിര്‍ലിംഗമായി പ്രത്യക്ഷപ്പെടുകയും പിന്നീട്  അവിടെ ക്ഷേത്രം നിലവില്‍ വരികയും ചെയ്തു . ഇവിടെയുള്ള മലനിരകളില്‍ നിന്നാണ് ഭീമ നദി ഉത്ഭവിക്കുന്നത്. ഇത് കഠിനയുദ്ധം ചെയ്ത മഹേശ്വരന്റെ സ്വേദകണങ്ങളാല്‍ രൂപം കൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു. 

ക്ഷേത്രകാവാടങ്ങളും സ്തൂപങ്ങളും ദേവന്മാരുടെ  സൂക്ഷ്മമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. കവാടത്തില്‍ തന്നെ നന്ദീശ്വരനുണ്ട്.  ശനീശ്വരായി ഒരു ശ്രീകോവിലും കൂടി ക്ഷേത്രത്തിലുണ്ട്. ശനീശ്വരക്ഷേത്രത്തിനു പുറത്തെ തൂണുകള്‍ക്കിടയില്‍ ഒരു ഭീമാരമായ പോര്‍ച്ചുഗീസ് മണിയും കാണാം. അടുത്തു തന്നെ പാര്‍വതിയുടെ അവതാരമായ കമലജാദേവിയുടെ ക്ഷേത്രവും ഉണ്ട്.  
ദിവസവും മൂന്നു പ്രധാനപൂജകളാണ് അനുഷ്ഠിക്കപ്പെടുന്നത്. 
ഈ ക്ഷേത്രത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളാണ് ഉചിതം.ശിവരാത്രികാലം ഇവിടുത്തെ പ്രാധാന ഉത്സവകാലമാണ്. 

നാഗരികതയുടെ കോലാഹലങ്ങളില്‍ നിന്നകന്ന് പ്രകൃതിസ്വച്ഛതയുടെ മടിത്തട്ടില്‍ പരിലസിക്കുന്ന ഈ പുണ്യക്ഷേത്രം തീര്‍ത്ഥാടകരായ ഭക്തജനങ്ങളുടെ പറുദീസ എന്നതിനു രണ്ടഭിപ്രായമില്ല.  


Tuesday, February 21, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 5

ത്രയംബകേശ്വരക്ഷേത്രം
===========
ശിവപുരാണവുമായി ബന്ധപ്പെട്ട്, അതിവിശിഷ്ഠമെന്നു കരുതിപ്പോരുന്ന 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍, ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വരക്ഷേത്രം .സൃഷ്ടിയുടെ മേല്ക്കോയ്മയേക്കുറിച്ച് ഒരിക്കല്‍ ബ്രഹ്മാവും മഹാവിഷ്ണുവുമായി ഒരു തര്‍ക്കം ഉണ്ടായി. അവരെ പരീക്ഷിക്കാനെന്നോണം മഹേശ്വരന്‍ ത്രിലോകങ്ങളെ അന്തമായൊരു ദീപതംഭത്തില്‍ അന്തര്‍ലീനമാക്കി. ബ്രഹ്മാവും വിഷ്ണുവുംഈ ജ്യോതിര്‍ലിംഗത്തിന്റെ അറ്റം കണ്ടെത്താനായി ഇരുവശങ്ങളിലേയ്ക്കും യാത്രയായി. മടങ്ങിവന്ന ബ്രഹമാവ് താന്‍ അതിന്റെ ഉത്ഭവസ്ഥാനം കണ്ടു എന്നു കള്ളം പറഞ്ഞു. മഹാവിഷ്ണു ആകട്ടെ തന്റെ പ്രാജയം സമ്മതിക്കുകയും ചെയ്തു. കോപിഷ്ടനായ മഹേശ്വരന്‍,മറ്റൊരു ദീപസ്തംഭമായി പ്രത്യക്ഷപ്പെട്ട് ,  മതാനുഷ്ഠാന ചടങ്ങുകളില്‍   ബ്രഹ്മാവിനെ  ഉള്‍പ്പെടുത്തതെ പോകട്ടെ എന്നു ശപിക്കുകയും  മഹവിഷ്ണുവിനെ കല്പാന്തകാലത്തോളം ആരാധിക്കുമറാകട്ടെ എന്നനുഗ്രഹിക്കുകയും ചെയ്തു. മഹേശ്വരന്‍ ഇത്തരത്തില്‍ ദീപസ്തംഭരൂപത്തില്‍ പ്രത്യക്ഷപ്പെട്ട 64 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഏറ്റവും വിശിഷ്ടമെന്നു കരുതുന്ന 12 ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രയംബകേശ്വരക്ഷേത്രം .

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം.

ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ ക്ഷേത്രത്തിലെ അഭിഷേകപൂജകള്‍ രവിലെ 6 മണി മുതല്‍ 7 മണി വരെയാണ്. അതാകട്ടെ മറ്റുള്ള ക്ഷേത്രങ്ങളിലേതുപോലെ സ്ത്രീകള്‍ക്കു സ്വയം ചെയ്യാനുമാവില്ല. അതിനുള്ള പ്രത്യേകപൂജാരിമാരാണതു ചെയ്യുക. ബാക്കിയുള്ള സമയങ്ങളില്‍ ക്ഷേത്രദര്‍ശനം സാധ്യമാകും. വളരെ തിരക്കുള്ള ക്ഷേത്രമാകയാല്‍ ദര്‍ശനത്തിനായുള്ള ഭകതരുടെ നീണ്ട നിര എപ്പോഴുമുണ്ടാകും. ക്ഷേത്രദര്‍ശനം വേഗത്തില്‍ ലഭിക്കുന്നതിനായി 200 രൂപയുടെ വി ഐ പി ടിക്കറ്റ് എടുക്കാവുന്നതാണ്.

കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലേയ്ക്കാവശ്യമായ പൂജാസന്നാഹങ്ങളൊക്കെ ക്ഷേത്രത്തോടു അടുത്തു തന്നെയുള്ള വില്പനകേന്ദ്രങ്ങളില്‍ ലഭ്യമാണ്. ക്യാമറ, മൊബൈല്‍ മുതലായവയൊന്നും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനാവില്ല. അതൊക്കെ അടങ്ങുന്ന ബാഗ് ക്ലോക്ക് റൂമില്‍ ഭദ്രമായി സൂക്ഷിക്കുന്നതാണ്. പുറത്ത് പശുക്കള്‍ക്കു പുല്ലുകൊടുക്കുന്നതിനായി അതുമായി ധാരാളം പേര്‍ നമ്മെ സമീപിക്കും . വളരെ ശ്രദ്ധിച്ചില്ലെങ്കില്‍  പുല്ലിന്റെ പേരില്‍ അവര്‍ നമ്മളില്‍ നിന്നു നല്ലൊരു തുക ഈടാക്കും

നാസിക്കിലേക്ക് എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന നാസിക്കിലേക്ക് വിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ എത്താനെളുപ്പമാണ്. നാസിക്കാണ് ഏറ്റവും അടുത്ത വിമാനത്താവളം. നാസിക് റെയില്‍വേ സ്റ്റേഷനിലേക്ക് മുംബൈ, പുനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി ട്രെയിനുകളുണ്ട്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസും പ്രൈവറ്റ് വാഹനങ്ങളുമായി റോഡ് മാര്‍ഗവും നാസിക്കിലെത്താന്‍ നിരവധി സാധ്യതകളുണ്ട്. ഒരുപാടു ക്ഷേത്രങ്ങളുള്ള  പ്രമുഖമായ തീര്‍ത്ഥാടന കേന്ദ്രവും അതോടൊപ്പം തന്ന ഇന്ത്യയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലാവുന്ന വിവരങ്ങള്‍ തരുന്ന സാംസ്‌കാരിക കേന്ദ്രങ്ങളുമുള്ള നാസിക്കിലേക്ക് ഒരു യാത്ര എന്തുകൊണ്ടും ആസ്വാദ്യകരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുന്തിരിത്തോട്ടങ്ങളുടെ നാടായ നാസിക്ക് ആ സൗന്ദര്യവും നമുക്കു കാട്ടിത്തരും .






















Tuesday, February 14, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 4

ഗണപതിപുലേക്ഷേത്രം
===========
 മഹാരഷ്ട്രയിലെ രത്‌നഗിരിയിലെ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു  ചെറു  ഗ്രാമമാണ് ഗണപതിപുലെ. അവിടെയുള്ള ലംബോദരഭഗവാന്റെ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കടല്‍ത്തീരത്തോടു ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പിന്നില്‍ മലകളും . ഇവിടുത്തെ നാനൂറു വര്‍ഷത്തിലേറെ പഴക്കമുള്ള  മൂര്‍ത്തി  സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. പശ്ചിമദിക്കിലേയ്ക്കയാണു ദര്‍ശനമെന്നതുകൊണ്ട് പശ്ചിമഘട്ടത്തിന്റെ പാലകനായി ഭഗവാനെ കരുതിപ്പോരുന്നു. അതിനാല്‍  പശ്ചിമദ്വാരപാലകനെന്നും പുലെ ലംബോദരഭഗവാന്‍ അറിയപ്പെടുന്നു.ഇവിടെ ദര്‍ശനം പൂര്‍ത്തിയാകുന്നത് ഇവിടത്തെ മല (ശുണ്ഡസ്ഥാന്‍ )യുടെ പ്രദക്ഷിണം കൂടി കഴിയുമ്പോളാണ് എന്നാണ് വിശ്വാസം. 

 ഗുലേ ഗ്രാമത്തിലായിരുന്നു ഈ ഗണേശന്റെ മൂലക്ഷേത്രം . അവിടുത്തെ ഗ്രാമവാസികളാരോ ഭഗവാനിഷ്ടക്കേടുണ്ടാക്കിയ പരമാര്‍ശങ്ങള്‍ നടത്തുകയും കോപിഷ്ടനായ ഭഗവാന്‍ പുലേ ഗ്രാമത്തില്‍ വന്നു കുടിയിരിക്കുകയും ചെയ്തുവത്രേ. അതിനാലാണ് ഗ്രാമം ഗണപതി പുലെ എന്നറിയപ്പെടുന്നത് .  ക്ഷേത്രത്തെക്കുറിച്ചുള്ള മറ്റൊരൈതിഹ്യം ഇപ്രകാരമാണ്. ബായിഭട്ട് ഭിഡെ എന്നൊരു ബ്രാഹ്മണന്‍ ജീവിതദുഃങ്ങളാല്‍ വലഞ്ഞ് അതില്‍ നിന്നൊക്കെ മുക്തിക്കായി ഒരു ചെറു വനത്തില്‍ ജലപാനം പോലും ഉപേക്ഷിച്ച്  ധ്യാനിച്ചിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിനു ഗണേശദര്‍ശനം സിദ്ധിക്കുകയും ഭഗവാന്‍ ഇപ്രകാരം ഉണര്‍ത്തിക്കുകയും ഉണ്ടായി . "ഞാന്‍ ഗണേഷ് ഗുലേയില്‍ എത്തിയിരിക്കുന്നത് പ്രിയഭക്തന് അനുഗ്രഹം നല്കുന്നതിനായാണ് . ഇവിടെ നീ എന്നെ അരാധിച്ചുകൊള്ളുക, നിന്റെ എല്ലാ ദുഃഖങ്ങളും അകന്നുപോകും."
ഈ സമയത്തു തന്നെ മറ്റൊരത്ഭുതം കൂടിയുണ്ടായി. ഭിഡെജിയുടെ പശുക്കളിലൊന്നു പാല്‍ ചുരത്താത്തത് പശുപാലകന്റെ ശ്രദ്ധയില്‍ പെട്ടു. കൂടുതല്‍ നിരിക്ഷണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ആ പശു ഒരു പ്രത്യേകസ്ഥലത്ത് പാലഭിഷേകം നടത്തുന്നുണ്ടത്രെ. ആ ഭാഗം വൃത്തിയാക്കി നോക്കിയപ്പോള്‍ അവിടെനിന്നു ലഭിച്ചതാണ് ഗണപത്പുലെയില്‍  പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം .അതാകട്ടെ ഭിഡെജിക്കു സ്വപ്നദര്‍ശനത്തില്‍ ലഭിച്ച അതേ ഗണപതി ഭഗവാന്റേതും . ഈ ബിംബം ഇരിക്കുന്ന ശ്രീകോവില്‍ ഒറ്റക്കല്ലില്‍ നിര്‍മ്മിതമത്രേ. 
 
ക്ഷേത്രത്തിനു മുമ്പില്‍ അതിമനോഹരമായ ബീച്ചാണ്. സന്ധ്യ കഴിഞ്ഞാല്‍ ബീച്ചില്‍ പ്രവേശനം ഇല്ല. കല്പവൃക്ഷനിരകളാലും  കണ്ടൽ മരങ്ങളാലും   നിബിഢമായ ഈ കടലോരം നമ്മുടെ കേരളക്കരയോട് നല്ല സദൃശ്യം തോന്നിപ്പിക്കുന്നതാണ്.  കാണാന്‍ ശാന്തവും മനോഹരവും ആണെങ്കിലും അപകടവും പതിയിരിക്കുന്നിടമാണിത്. ചിലപ്പോള്‍ ഉയര്‍ന്നു വരുന്ന തിരകളില്‍ അപ്രതീക്ഷിതമായി അകപ്പെട്ട് ഹീവഹാനിയും സംഭവിക്കാം. അടല്‍ത്തീരത്തു നിന്നു നേരിട്ടു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. കാരണം കാലില്‍ നിറഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍ . കാല്‍ കഴുകി ശുദ്ധിവരുത്തിയതിനു ശേഷം മാത്രമേ പ്രവേശനം സാധ്യമാകൂ. ക്ഷേത്രസമീപത്തു തന്നെ പൂജാസാമഗ്രികള്‍ യഥേഷ്ടം ലഭ്യമാണ്. ഗണേഷ് ചതുര്‍ത്ഥി, മഹാരാഷ്ട്ര നവവത്സരാഘോഷമായ ഗുഡിപഡ് വ, ദീപാവലി എന്നിവ ഇവിടുത്തെ പ്രധാനാ ഉത്സവങ്ങളാണ്. അനേകായിരം ഭക്തജനങ്ങള്‍ ഇവിടെ എത്താറുമുണ്ട്.   ഭക്ഷണം, താമസസൗകര്യം ഒക്കെ യാതൊരു ബുദ്ധിമുട്ടും കൂടാതെ, യാത്രികളുടെ സാമ്പത്തികസ്ഥിതിക്ക്  അനുയോജ്യമാം വിധം മഹാരാഷ്ട്ര വിനോദസഞ്ചാരവകുപ്പും മറ്റു സ്വകാര്യ സംരംഭകരും ചേര്‍ന്ന് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്ന  വിനോദ സഞ്ചാരികൾക്ക് വേണ്ടി കടൽത്തീരത്തായി അതിമനോഹരമായ റിസോർട്ടുകളും മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ  സജ്ജീകരിച്ചിട്ടുണ്ട്.

ഗോവയില്‍ നിന്ന് ആറുമണിക്കൂര്‍ ഡ്റൈവ് മതിയാകും ഗണപതിപുലെയിലെത്താന്‍ . ഏകദേശം 300 കിലോമീറ്റര്‍ ദൂരം . മുംബൈയില്‍ നിന്നാണെങ്കില്‍  350 കിലോമീറ്റര്‍ ദൂരമാണ്. ഏകദേശം 7 മണിക്കൂര്‍ യാത്ര. തീവണ്ടിമാര്‍ഗ്ഗം എത്താനാണെങ്കില്‍ രത്നഗിരിസ്റ്റേഷനില്‍ ഇറങ്ങി പിന്നീട് റോഡ് മുഖേനെവേണം യാത്ര. ആത്മീയാനുഭൂതിക്കൊപ്പം മാനസികോല്ലാസത്തിനും ഈ ക്ഷേത്രദര്‍ശനം കാരണഭൂതമാകുന്നു എന്നതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഈ ക്ഷേത്രം വളരെ ഇഷ്ടമാകുമെന്നതില്‍ രണ്ടഭിപ്രായമില്ല .






























 

Tuesday, February 7, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 3





മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 3
വജ്രേശ്വരി ക്ഷേത്രം 
==========
ചൂടു നീരുറവകള്‍ ഹിമാലയക്ഷേത്രങ്ങളില്‍ പലയിടത്തും ഉണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ വജ്രേശ്വരി ക്ഷേത്രവും ചൂടുറവകള്‍ക്കു പ്രസിദ്ധമാണ്. താനെ ജില്ലയിലെ ഭീവണ്ടിയില്‍ താന്‍സാ നദിക്കരയിലാണ് പ്രസിദ്ധമായ വജ്രേശ്വരി യോഗിനി ദേവീ മന്ദിര്‍ എന്നറിയപ്പെടുന്ന ദേവീ  ക്ഷേത്രം. പുരണങ്ങളില്‍ വഡാവലി എന്നു പരാമര്‍ശിക്കപ്പെട്ട സ്ഥലം ആണിത്. 

 . മുംബൈയില്‍ നിന്നു 75 കി മി ദൂരമേയുള്ളു ഇവിടേയ്ക്ക് .അഗ്നിപര്‍വ്വതസ്ഫോടനഫലമായുണ്ടായ  മന്ദാഗിരി എന്ന ചെറിയ കുന്നിലാണ് ക്ഷേത്രം.  ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശം .  ഇവിടെ കാണുന്ന ആഗ്നേയഭസ്മം പരശുരാമന്‍ നടത്തിയ യജ്ഞത്തിന്റെ അവശിഷ്ടമാണെന്നും വിശ്വസിക്കപ്പെടുന്നു.

ആദിപരാശക്തിയുടെ അവതാരമായ വജ്രേശ്വരി ദേവിയെ വജ്രാബായി എന്നും വജ്രയോഗിനി എന്നും ഭക്തര്‍ വിളിക്കുന്നു. വജ്ര എന്നാല്‍ മിന്നല്‍പ്പിണര്‍. ദേവിക്ക് ഈ പേരുവരാന്‍ ഉപോത്ബലകമായ രണ്ടു ഐതിഹ്യകഥകള്‍ പ്രചാരത്തിലുണ്ട്. ഒന്ന് ഇപ്രകാരമാണ്:- 

അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കലികാലനെന്ന രാക്ഷസന്‍ വഡാവലിപ്രദേശത്തെ മനുഷ്യരേയും ഋഷിമുനിമാരെയും വല്ലാതെ ഉപദ്രവിച്ചിരുന്നു. ദേവന്മാരോട് അയാള്‍ യുദ്ധവും പ്രഖ്യാപിച്ചു .  സഹികെട്ടപ്പോള്‍ അവര്‍ ദേവീപ്രീതിക്കായി  വസിഷ്ഠമുനിയുടെ നേതൃത്വത്തില്‍ ത്രിചണ്ഡിയജ്ഞം നടത്തുകയുണ്ടായി. പക്ഷേ അതില്‍ ഇന്ദ്രപ്രീതിക്കായി ഹവിസ്സ് അര്‍പ്പിക്കുകയുണ്ടായതുമില്ല. അതില്‍ കോപിഷ്ഠനായ ഇന്ദ്രന്‍ തന്റെ ഏറ്റവും ശക്തമായ വജ്രായുധം തന്നെ അവര്‍ക്കെതിരെ ഉപയോഗിച്ചു. ഭയചകിതരായ ദേവന്മാരും ഋഷിമാരും മാനവരും ദേവിയെ അഭയം പ്രാപിച്ചു. ദേവി തന്റെ എല്ലാ തേജസ്സോടും കൂടി അവിടെ പ്രത്യക്ഷയാകുകയും വജ്രായുധത്തെ ഗ്രസിക്കുകയും ചെയ്തുവത്രേ. ഇന്ദ്രന്റെ അഹന്ത ഇല്ലാതാക്കിയതോടൊപ്പം, ദേവി  രാക്ഷസനെ വധിക്കുകയും ചെയ്തു.പിന്നീട്  ദേവിയെ അവിടെ കുടിയിരുത്തുകയും ക്ഷേത്രം ഉയര്‍ന്നു വരികയുമുണ്ടായി. 

മറ്റൊരു കഥയില്‍ കലികാലനെ നിഗ്രഹിക്കാന്‍ ഇന്ദ്രനും മറ്റു ദേവന്മാരും ഋഷിമാരും ചേര്‍ന്ന് പരാശക്തിയുടെ സഹായം തേടിയെന്നും ദേവി യഥാസമയം സഹായവുമായി എത്തിക്കൊള്ളമെന്നു വഗ്ദാനം ചെയ്യുകയുമുണ്ടായത്രേ. പിന്നീട് ദേവന്മാര്‍ രാക്ഷസനെതിരെ ഉപയോഗിച്ച ആയുധങ്ങളെല്ലാം  അയാള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഓടുവില്‍ തന്റെ ഏറ്റവും ശക്തമായ വജ്രായുധവും ഇന്ദ്രന്‍ പ്രയോഗിച്ചു. അതും കലികാലന്‍ കശക്കി  ഏറിഞ്ഞുകളഞ്ഞു. അതില്‍ നിന്നു ദേവി പ്രത്യക്ഷപ്പെടുകയും കലികാലനെ നിഗ്രഹിക്കുകയും ചെയ്തത്രേ. പിന്നീട്  ദേവന്മാര്‍ വജ്രേശ്വരി ദേവിക്കായി അവിടെ ക്ഷേത്രം പണിയുകയുണ്ടായി. നവനാഥ കഥാസാരത്തിലെ ഏഴാം സര്‍ഗ്ഗത്തില്‍ മഛീന്ദ്രനാഥന്‍  ദേവിക്ക്   ഇവിടെയുള്ള ഉഷ്ണനീരുറവകളില്‍ ഒരുമാസം നീണ്ട സ്നാനം നടത്തിയതായും  പറയപ്പെടുന്നു. 

ഗുഞ്ജിലെ മൂലക്ഷേത്രം പോര്‍ട്ടുഗീസ് ആക്രമണത്തില്‍ നാശോന്മുഖമായപ്പോള്‍ എട്ടുകിലോമീറ്റര്‍ ദൂരെ വഡാവലിയിലേയ്ക്കു മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. 1739 ല്‍, ചിമാജിയപ്പ,  പോര്‍ട്ടുഗീസുകാരെ പരാജയപ്പെടുത്താനായി ദേവിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും അതു സാധിക്കുകയും ചെയ്തുവത്രേ. അതിന്റെ പ്രതിഫലമെന്നോണം ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.

 ക്ഷേത്രത്തിനു പുറത്തും ചെറിയൊരു കോട്ടപോലെ കല്‍മതില്‍ നിര്‍മ്മിച്ചിരിക്കുന്നു. 51 കല്‍പടവുകള്‍ ആണു പ്രധാന ശ്രീകോവിലിലേയ്ക്ക്. കൂര്‍മ്മാവതാരത്തിന്റെ സുവര്‍ണ്ണബിംബം ഈ പടിക്കെട്ടുകലിലൊന്നിലുണ്ട്. ഗര്‍ഭഗൃഹവും തളവും സ്തൂപമണ്ഡപവും ചേര്‍ന്നതാണു പ്രധാന ശ്രീകോവില്‍. ദേവിയുടെ  ആറു മൂര്‍ത്തീഭാവങ്ങള്‍  ആണു ഗര്‍ഭഗൃഹത്തിലുള്ളത്. ഗണപതി, ഭൈരവന്‍, ഹനുമാന്‍ എന്നിവരുടെ ശ്രീകോവിലുകലും ചേര്‍ന്നു തന്നെയുണ്ട്.  മണ്ഡപത്തില്‍ ഒരു വലിയ മണിയും പുറത്ത് യജ്ഞകുണ്ഠവും  സ്ഥാപിച്ചിട്ടുണ്ട്. ശിവന്‍, ദത്ത, മുതലായ ദേവന്മാരുടെ ചില ചെറിയശ്രീകോവിലുകളും ക്ഷേത്രത്തോടു ചേര്‍ന്നു കാണാം. നവരാത്രി മഹോത്സവം ഇവിടുത്തെ പ്രധാന ഉത്സവകാലമാണ്. 

ക്ഷേത്രത്തിനു സമീപമായുള്ള ഉഷ്ണനീരുറവകള്‍ ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. ഇതു രാക്ഷസന്മാരുടെ രക്തം വീണയിടങ്ങളിലെ നീരുറവകളാണെന്നാണു ഭകതരുടെ വിശ്വാസം. പക്ഷേ ശാസ്ത്രീയപഠനങ്ങള്‍ ഇവിടെയുണ്ടായ അഗ്നിപര്‍വതത്തോടു ബന്ധപ്പെടുത്തിയാണു ഇതിനെ വ്യാഖ്യാനിക്കുന്നത്. ഈ നീരുറവകളാല്‍ രൂപപ്പെട്ട കുണ്ഠങ്ങള്‍ക്ക് സൂര്യകുണ്ഠം, ചന്ദ്രകുണ്ഠം, അഗ്നികുണ്ഠം , വായുകുണ്ഠം ,  രാമകുണ്ഠം, മുതലായ പേരുകളാണു നല്കിയിരിക്കുന്നത്. ഇവിടെ നടത്തുന്ന സ്നാനവും ഭക്തിയുടെ ഭാഗം തന്നെ.






Sunday, January 29, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 2

   

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ 2

അംബര്‍നാഥ് ശിവക്ഷേത്രം 


അംബരനാഥന്റെ ക്ഷേത്രം , അതായത് ആകാശത്തിന്റെ ദേവന്റെ ക്ഷേത്രമാണിത് . അതിനാല്‍  തന്നെ അംബരേശ്വരക്ഷേത്രമെന്നും ഇതറിയപ്പെടുന്നു . ക്രിസ്തുവര്‍ഷം 1060 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം കറുത്ത ശിലയില്‍  കൊത്തിയുണ്ടാക്കിയിരിക്കുന്ന അതിമനോഹരമായൊരു കവിതയെന്നു തന്നെ പറയാം. ശിലഹര സാമ്രാജ്യത്തിലെ രാജാവായിരുന്ന ഛിത്രരാജ മഹാമണ്ഡലേശ്വറാണത്രേ വാല്‍ധുനി നദീതീരത്ത്  ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ പുത്രന്‍ അതു നവീകരിക്കുകയും ചെയ്തു .നിര്‍മ്മാണരീതിയിലും അലങ്കാരപ്പണികളിലുമുള്ള സാദൃശ്യം മൂലം മൗണ്ട് അബുവിലെ ദില്‍വാര ക്ഷേത്രവുമായി താരതമ്യപ്പെടുത്താറുണ്ട്  .

ഹേമദ്പന്തി നിര്‍മ്മാണശൈലിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്  .ഇതില്‍ ഉത്തര- ദക്ഷിണ നിരമ്മാണശൈലികളുടെ  ( നഗര-ദ്രാവിഡ) സമന്വയം ആണ്.  എങ്കിലും ഭക്തരില്‍ ഈ ക്ഷേത്രനിര്‍മ്മാണവുമായി പുരണസംബന്ധിയായ ചില വിശ്വാസപ്രമാണങ്ങളും നിലനിന്നു പോരുന്നു. അതു പ്രകാരം  പഞ്ചപാണ്ഡവന്മാര്‍ അഞ്ചുപേരും ചേര്‍ന്ന് വനവാസകാലത്ത്  ഒറ്റരാത്രി കൊണ്ട് ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണത്രെ ഈ മനോഹരമായ ക്ഷേത്രം. അന്നവര്‍ക്ക് അതിന്റെ മേല്‍ക്കൂര മൂഴുവനാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ( ഇപ്പോഴും ഗര്‍ഭഗൃഹത്തിനു മേല്‍ക്കൂരയില്ല ) പക്ഷേ ശാസ്ത്രീയമായ തെളിവുകളൊന്നും ഈ കാര്യത്തില്‍ പിന്‍ബലമേകുന്നില്ല എന്നതും വസ്തുതയാണ്. 

വടക്കും, തെക്കും, പടിഞ്ഞാറും ഭാഗത്തായി സ്ഥിതിചെയ്യുന്ന നടകളിലൂടെയാണ് ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനം. പടിഞ്ഞാറേ നടയാണ് പ്രധാന കവാടം. ഈ നടയില്‍ക്കൂടി പ്രവേശിയ്ക്കുമ്പോള്‍ നന്ദിയെയാണ് ആദ്യം ദര്‍ശിയ്ക്കാന്‍ കഴിയുക. ബ്രഹ്മാവിന്റെ ബൃഹത്തായൊരു ബിംബവും വളരെ അപൂര്‍വ്വമായ ഹരിഹരപിതാമഹ മൂര്‍ത്തിയും (ബ്രഹ്മാ, വിഷ്ണു, മഹേശ്വര, സൂര്യ മൂര്‍ത്തികള്‍ ) ക്ഷേത്രത്തിന്റെ ബഹിര്‍ഭാഗത്തെ കല്‍ച്ചുവരിനോടു ചേര്‍ന്നു പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.   ശിവന്‍, പുത്രനായ ഗണപതി, നന്ദി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍.  ഗര്‍ഭഗൃഹത്തിലേയ്ക്കിറങ്ങിപ്പോകാന്‍ 20 പടികളുണ്ട്.   അവിടെ മദ്ധ്യത്തിലായി ഒരു ശിവലിംഗപ്രതിഷ്ഠയുണ്ട് .കൃത്യമായ വൃത്താകാരമല്ല പ്രത്യുത, പുലിത്തോല്‍ ആകൃതിയിലുള്ള    ഈ ഗര്‍ഭഗൃഹത്തിനു മേല്‍ക്കൂരയില്ല. അതിനാല്‍ തന്നെ ശിവലിംഗം ആകാശത്തിലേയ്ക്കാണു ദര്‍ശനമായിരിക്കുന്നത് . ഈ ശിവലിംഗം സ്വയംഭൂവാനെന്നു വിശ്വസിക്കപ്പെടുന്നു. നമ്മുടെ നാട്ടിലേതില്‍ നിന്നു വ്യത്യസ്തമായി,  ഭക്തര്‍ക്ക് ശിവലിംഗത്തിന്റെ  അടുത്തു പോയി പൂജാക്രമങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കും.പുഷ്പാര്‍ച്ചനയും പൂജകളും  പാലഭിഷേകവും മറ്റും അവര്‍ സ്വയം ചെയ്യുന്നു . 

ചാലുവരിയിട്ടു മനോഹരമാക്കിയ കല്‍ഭിത്തികളാണീ ക്ഷേത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത് .ഈ കല്‍മടക്കുകളില്‍ വിവിധ മൂര്‍ത്തികളെ ഭംഗിയായി കൊത്തിവെച്ചിരിക്കുന്നു. ( പരന്ന ചുവരായിരുന്നു എങ്കില്‍ ഇത്രയധികം ബിംബങ്ങള്‍ കൊത്തിവെയ്ക്കാന്‍ കഴിയുമായിരുന്നില്ല തന്നെ ) അതില്‍ ചിലതൊക്കെ കാലാന്തരത്തില്‍ നശോന്മുഖമായിട്ടുമുണ്ട്. ശിലയില്‍ തീര്‍ത്തിരിക്കുന്ന ഭാഗികമായ  മേല്‍ക്കൂരയും അതിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുമൊക്കെ ശില്‍പചാതുര്യത്തിന്റെ കേളീ സംഗമം ആണ്.  

മുംബൈയില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെയേ ഇവിടേയ്ക്കു സഞ്ചരിക്കേണ്ടതുള്ളു. അംബര്‍നാഥ്, ബദലാപ്പൂര്‍, കര്‍ജത് എന്നിവിടങ്ങളിലേയ്ക്കുള്ള സബര്‍ബന്‍ ട്രെയിനിലോ ടാക്സിയിലോ എത്തിച്ചേരാവുന്നതാണിവിടെ .പൊതുവെ ശാന്തമായ അന്തരീക്ഷം, തിരക്കു വളരെ കുറവും എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു പ്രധാനക്ഷേത്രങ്ങളേപ്പോലെ ഒട്ടും തന്നെ കച്ചവടവത്കരിക്കപ്പെട്ടിട്ടില്ല.    ശിവരാത്രി സമയത്ത് ഇവിടെ വലിയ  ഉത്സവം  നടക്കാറുണ്ട്. അന്ന് അഞ്ചുലക്ഷത്തോളം ഭക്തര്‍ മഹാദേവദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തുന്നു .ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളും ഭോലേനാഥദര്‍ശനത്തിനായുള്ള  തിരക്കേറിയ ദിനങ്ങളാണിവിടെ .ഭാരവാഹികള്‍  ഭക്തരില്‍ നിന്നു ലഭിക്കുന്ന സംഭാവനകൊണ്ട് ക്ഷേത്രത്തില്‍ എന്നും പാവങ്ങള്‍ക്കായി അന്നദാനം നടത്തുന്നുമുണ്ട് .ഒരു നീണ്ട സഹസ്രാബ്ദത്തിനു സാക്ഷ്യം വഹിച്ച ഈ പുണ്യക്ഷേത്രം ദര്‍ശിക്കുക എന്നതുപോലും മഹാപുണ്യം .    ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ക്ഷേത്രം നോക്കി നടത്തുന്നത്. 










Saturday, January 28, 2017

സൗഭാഗ്യം

ഈ ജന്മമെത്രമേൽ സുന്ദരം സുരഭിലം
ഈ ലോകജീവിതം സൗഭാഗ്യസഞ്ചയം
അച്ഛന്റെ വാത്സല്യ, മമ്മതൻ  സ്നേഹം
പിന്നെയൊരായിരം സ്നേഹങ്ങൾ വേറെയും


കൂടെക്കളിക്കുവാൻ കൂട്ടുകാരെത്രപേർ!
ജ്ഞാനം പകർന്ന ഗുരുനാഥരെത്ര പേർ!

ഒറ്റച്ചരടില്‍ കൊരുത്ത കുടുംബത്തിന്‍ 
ബന്ധനം സ്നേഹബന്ധത്തിന്റെ ശ്രേണികള്‍.

ക്ഷുത്തും പിപാസയും നീക്കുവാനായെത്ര 
ശ്രേഷ്ഠവസ്തുക്കള്‍ സ്വാദിഷ്ഠ ഭോജ്യങ്ങളായ്! 
കണ്ണിന്നു കൗതുകമേറുന്ന കാഴ്ചകൾ
എത്രമേലേകീ, പ്രപഞ്ചം ദയാവായ്‌പിൽ.


ഹേമാംഗിയാം പുലർകാലവും കുങ്കുമം
ചാലിച്ചെടുത്ത പ്രദോഷ സൗന്ദര്യവും
മിന്നുമിളവെയിൽത്തുമ്പിനാൽ വജ്രം
മിനുക്കുന്ന പുൽനാമ്പു,മീറൻവയൽക്കാറ്റും 


എണ്ണിയാൽ തീരാത്ത വർണ്ണങ്ങളാൽ തീർത്ത
പൂക്കളും പക്ഷിമൃഗാദിതൻ ജാലവും 
നീലത്തടാകവും  നദി, സൈകതങ്ങ
ളും
 തിരയടിച്ചുയരുന്ന സാഗരഭംഗിയും 

ആകാശനീലിമ പേറുമഗാധത 
തൊട്ടു നില്ക്കും മഹാമേരുഗാംഭീര്യവും 
നീരദജാലപ്രയാണം   നിരന്തരം 
നേര്‍ച്ചിത്രമാകുന്ന വാനപ്രകാരവും.

രാവിലിരുണ്ട മാനത്തു പൂക്കും    വന- 
ജ്യോത്സ്നതന്‍ പൂക്കളാം പൊന്‍ താരകങ്ങളും 
സ്നേഹത്തിന്‍  കൈകളാല്‍ മെല്ലെത്തലോടുന്ന 
ചെല്ലച്ചെറുകാറ്റിന്‍ സൗമ്യസൗരഭ്യവും.

മുഗ്ദ്ധസംഗീതം പൊഴിക്കുന്ന വര്‍ഷത്തിന്‍ 
നാനാമുഖങ്ങള്‍ തരും മനോഹര്‍ഷവും
കാര്‍മേഘകമ്പളം ചാര്‍ത്തുമാകാശത്തു 
ഞാണ്‍ വലിക്കാന്‍ വെമ്പുമിന്ദ്രധനുസ്സതും.

ഈശ്വരന്‍ തൂലികയഗ്നിയില്‍ മുക്കിയി-
ട്ടാകശമാര്‍ഗ്ഗേ വരയ്ക്കും ക്ഷണദ്യുതി -
ഒക്കെയും  മന്നിലീ ജന്മസൗഭാഗ്യങ്ങള്‍
സര്‍വ്വേശ്വരന്‍ തന്‍ വരപ്രസാദങ്ങളും 

Tuesday, January 10, 2017

മാഥേരാന്‍

എന്തുകൊണ്ടും സവിശേഷതകളേറെയുള്ളൊരു ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍ . ഒന്നാമതായി അതു മുംബൈ മഹാനഗരത്തോടു വളരെ അടുത്തു തന്നെയാണ്  എന്നതാണ്. എന്നുവെച്ചാല്‍ മുംബൈ  നിവാസികളുടെ സ്വന്തം ഹില്‍ സ്റ്റേഷന്‍. പൂനെയ്ക്കും അടുത്തു തന്നെയാണ് മാഥേരാന്റെ സഥാനം. മറ്റൊന്ന് ഇതാണു ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനെന്നതാണ്. എന്നുവെച്ച് പ്രകൃതി  സൗന്ദര്യത്തിന്റെ വൈവിധ്യത്തിനോ വൈപുല്യത്തിനോ ഒരു കുറവുമില്ല എന്നതും ശ്രദ്ധേയമാണ്.  ഇതിനേക്കാളൊക്കെ എടുത്തു പറയേണ്ടത്, ഇതിനുള്ളില്‍  മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്നതാണ്. ഏഷ്യയില്‍ ഇതൊന്നു മാത്രമേ ഇങ്ങനെ സംരക്ഷിക്കുന്നതുള്ളു.  അത്രമാത്രം പാരിസ്ഥിതികസൗഹൃദം വെച്ചു പുലര്‍ത്തുന്നൊരു പ്രദേശം .  രണ്ടു നഗരങ്ങളുടെ ഇടയിലാണെങ്കിലും , മറ്റു പലനഗരങ്ങളും അടുത്തു തന്നെയുണ്ടെങ്കിലും  മാഥേരാനില്‍ ഈ നാഗരികതയൊന്നും തൊട്ടു തീണ്ടിയിട്ടില്ല .തികച്ചും ശാന്തമായ അന്തരീക്ഷം . 

മുംബൈയില്‍ നിന്നു ഏകദേശം നൂറുകിലോമീറ്റര്‍ ദൂരമേയുള്ളു മാഥേരാനിലേയ്ക്ക്. കാറിലാണെങ്കില്‍  കഷ്ടിച്ചു രണ്ടുമണിക്കൂര്‍ യാത്ര. ട്രെയിനിലാണെങ്കില്‍, മുംബൈ - കര്‍ജത്ത് ലോക്കല്‍ ട്രെയിനില്‍ നെരല്‍ സ്റ്റേഷനിലിറങ്ങി അവിടെ നിന്നു ടാക്സിയില്‍ മാഥേരാനിലെത്താം. ഒരാള്‍ക്ക് 80 രൂപയാണു യത്രച്ചെലവ്.  നെരല്‍ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ നാരോ ഗേജ് റെയില്‍വേലൈന്‍ മാഥേരനിലേയ്ക്കു പോകുന്നുണ്ട്- ടോയ്ട്രെയിന്‍ സര്‍വ്വീസിനായി . ഇപ്പോള്‍ ഈ ലൈന്‍ അടച്ചിട്ടിരിക്കുന്നു. (അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്  അതുടനെ തന്നെ പുനഃസ്ഥാപിക്കുമെന്നറിയുന്നു. ) അവിടെയെത്തിയാല്‍ ഉള്ളിലേയ്ക്കു കടക്കാനുള്ള ടിക്കറ്റ് എടുത്തശേഷം ( 50രൂപ, കുട്ടികള്‍ക്ക് 25 രൂപ ) മാര്‍ക്കറ്റ് വരെയുള്ള യാത്ര  നടന്നു തന്നെയോ കുതിരപ്പുറത്തോ ആകാം.  ഒരാള്‍ക്കു സഞ്ചരിക്കാവുന്ന വലിവണ്ടികളും ലഭ്യമാണ്. തീവണ്ടിപ്പാളത്തില്‍ കൂടി നടന്നാല്‍ മാഥേരന്‍ സ്റ്റേഷനില്‍ എത്തിച്ചേരും.  അവിടെ നിന്നും വ്യൂപോയിന്റുകളിലേയ്ക്കുള്ള കുതിരകളെ വേറെ ലഭിക്കും .850 രൂപ മുതല്‍ അവര്‍ വാങ്ങുന്നുണ്ട്.  ഇരുവശത്തും  കായാമ്പുമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന, കുരങ്ങന്മാര്‍ കൂട്ടുവരുന്ന   ചെമ്മണ്ണു നിറഞ്ഞ കാട്ടുപാതയിലൂടെയുള്ള നടത്തം അനുഭൂതിദായകമാണ്. പലവിധ പക്ഷികളുടെ വായ്ത്താരികളും നമ്മെത്തേടി വരും . ആ യാത്രയുടെ  സുഖം കുതിരയ്ക്കോ വലിവണ്ടിക്കോ നല്‍കാനായെന്നു വരില്ല. 

 ഈ മലയുടെ വിശാലമായ ശീരോഭാഗത്തിനു ചുറ്റുമായി 36 വ്യൂപോയിന്റ്സ് ഉണ്ട്. എല്ലാം ഒരു ദിവസം കൊണ്ടു കണ്ടു തീര്‍ക്കുക അസാധ്യം . അതുകൊണ്ട് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ ഒരു ദിവസമെങ്കിലും ഇവിടെ തങ്ങി കാഴ്ചകള്‍ കണ്ടു മടങ്ങാറാണു പതിവ്. താമസസൗകര്യങ്ങള്‍ വേണ്ടവിധത്തില്‍ ലഭ്യമാണിവിടെ. മാധവ്ജി പാര്‍ക്ക് പോയിന്റ്, ഘണ്ടാല പോയിന്റ്, ലോര്‍ഡ്സ് പോയിന്റ്, എക്കോ പോയിന്റ്, മലങ്ങ് പോയിന്റ് ,  ലൂയിസ് പോയിന്റ്, സണ്‍ സെറ്റ് പോയിന്റ്, സണ്‍ റൈസ് പോയിന്റ്( പനോരമ പോയിന്റ്) , മങ്കി പോയിന്റ് , ഹാര്‍ട്ട് പോയിന്റ്, ഹണിമൂണ്‍ പോയിന്റ, ഷാര്‍ലട്ട് ലെയ്ക്ക് ... അങ്ങനെ കണ്ണിനു വിരുന്നൊരുക്കി അവരൊക്കെ കാത്തിരിക്കുന്നു നമ്മളെ . ഓരോ വ്യൂപോയിന്റില്‍ നിന്നുള്ള ദൃശ്യങ്ങളും അവിസ്മരണീയം . ചിലയിടത്തു ശിവലിംഗം , ചിലയിടത്തു കോട്ടകള്‍, പിന്നെ ക്ഷേത്രങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ ഒക്കെയാണോ എന്നു തോന്നും . പക്ഷേ അവയൊക്കെ മലകളും പാറകളും വൈവിധ്യമാര്‍ന്ന രൂപപരിണാമങ്ങളാല്‍ നമ്മെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിപ്പിക്കുന്നതാണ്. വളരെ അപകടം നിറഞ്ഞ കീഴ്ക്കംതൂക്കായ പറക്കെട്ടുകള്‍ ആണു പല വ്യൂപോയിന്റുകളും . പക്ഷേ മറുഭാഗത്തെത്തുമ്പോഴാണ് അവയുടെ അപകടസ്ഥിതി നമ്മള്‍ തിരിച്ചറിയുന്നത് .മലമുകളിലും  പാറകള്‍ക്കിടയില്‍ ചിലയിടങ്ങളിലും  മണ്ണുണ്ടാകും. അവിടെ പച്ചക്കുട നിവര്‍ത്തി മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു . മാഥേരാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നെറുകയിലെ വനമെന്നാണ്. നീലക്കൊടുവേലി, കരിനെച്ചി, ആടലോടകം  തുടങ്ങി നമുക്കു പരിചിതമായ കുറെ സസ്യങ്ങള്‍,  പിന്നെയും പേരറിയാത്തെ ഒട്ടനവധി വൃക്ഷങ്ങള്‍ ആ വനങ്ങളിലൊക്കെയുണ്ട് .  ഇനിയും ചില കാണാക്കാഴ്ചകള്‍ക്ക് ദുരദര്‍ശിനി സഹായിക്കും . 50 രൂപ കൊടുത്താല്‍ പന്‍വേലിലെ ഫിലില്‍ സിറ്റി, സല്മാന്‍ഖാന്റെ ബംഗ്ളാവ്, ദൂരെയുള്ള കോട്ട, ഉയരത്തില്‍ നിന്നു പതിക്കുന്നൊരു വെള്ളച്ചാട്ടം , വണ്‍ ട്രീ ഹില്‍ , ക്ഷേത്രം അങ്ങനെ കുറേ കാഴ്ചകള്‍ കാട്ടിത്തരും. 

 മഹാനഗര നിവാസികള്‍ ഇടയ്ക്കിടെ  മാഥേരനിലേയ്ക്കൊരു യാത്ര പോകുന്നത് എന്തുകൊണ്ടും ഗുണപ്രദമാണ്, മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും . ശുദ്ധമായ പ്രകൃതിയിലേയ്ക്കൊരു ഇറങ്ങിച്ചെല്ലല്‍ അതുതീരെ പരിചയമില്ലാത്ത കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും . അതവരെ ഒരുപാടൊരുപാടു സന്തോഷിപ്പിക്കും എന്നതിനു സംശയമില്ല.