Monday, October 16, 2017

വിരഹം ( Harisree Super Challenge )

രത്നം പതിപ്പിച്ച പെട്ടകമൊന്നിൽ ഞാൻ
ഓർമ്മകളൊക്കെയും പൂട്ടിവയ്പ്പൂ
നീയെനിക്കേകിയ സ്നേഹാർദ്രസൂനങ്ങ-
ളെല്ലാമതിൽ ഞാനടുക്കിവയ്പ്പൂ .

അന്നൊക്കെ നിന്നെക്കുറിച്ചു ഞാനോർക്കവേ
ചുണ്ടിൽ വിരിഞ്ഞു പ്രസാദപുഷ്പം
നിന്മുഖമിന്നെൻറെ  ഓർമ്മയിലെത്തവേ
കൺകളിലൂറുന്നതശ്രുബിന്ദു.

അന്നു നാം കൺകളിൽ കൺപാർത്തിരുന്നിട്ടു
നെയ്ത സ്വപ്നങ്ങളിന്നെങ്ങുപോയി!
അന്നു നീ ഹൃത്തിൽ നിറംപതിപ്പിച്ചോരാ
വർണ്ണചിത്രങ്ങളിന്നെങ്ങുപോയി!

ചാരത്തുവന്നീടിൽ ചിത്രപതംഗങ്ങ-
ളെത്ര  മനസ്സിൽ പറന്നിരുന്നു.
നിൻ വാക്കു കേൾക്കുകിൽ മുകിൽക്കണ്ട മയിലുപോൽ
മനമെത്ര നർത്തനം ചെയ്തിരുന്നു!

പൊട്ടിത്തകർന്നൊരെൻ  ഹൃദയത്തിൻ തുണ്ടുകൾ
ചിന്നിത്തെറിച്ചൊരെൻ സ്വപ്നപ്പളുങ്കുകൾ,
ഒക്കെയും കാറ്റിൽ പറത്തി നീയെങ്ങുപോയ്
ശോകാന്തനാടകനായകാ    നീ ?

ഇവിടെയീ ഏകാന്തനിമിഷങ്ങളിൽ ഇന്നു
മെല്ലെത്തുറക്കയാണോർമ്മതൻ പെട്ടകം
വിരഹനോവിൽ വീണുരുകുമെൻ മാനസം
ഒരുവേള മെല്ലെത്തണുക്കട്ടെ മിഴിനീരിൽ !



2 comments:

  1. orupad ezhuthanamennund miniye vaayikkaanum padikkaanum enikkippozhaanu samayam kittiyath kshamikkuka iniyum orupad ezhuthan sarggaathmaka sampatthullavalaanu mini nirantharam ezhuthikkondeyirikkuka

    ReplyDelete
  2. ഹാ കൊച്ചുതെന്നലേ! പ്രണയഗാനം പാടുന്ന ഗായികേ ഇത് പ്രണയ കവിത
    അല്ലെങ്കിൽ മറ്റെന്താണ്! പറഞ്ഞു തരു പ്രിയപ്പെട്ട മിത്രമേ.
    അതിമനോഹരമായി ഓടക്കുഴൽ വായിക്കാൻ കഴിവുള്ള
    ഗായികയെ ലോകം കാണാതെ പോകുന്നതെന്തുകൊണ്ടാണ് ?
    ഓടക്കുഴലിന്റെയും ഗായികയുടെയും കുഴപ്പമല്ല. കേൾവിക്കാർ
    മനപ്പൂർവ്വം കാതുകൾ അടച്ചുപിടിക്കുന്നതു കൊണ്ടുമാത്രമാണ്!

    ReplyDelete