Friday, March 8, 2019

ഇരാവാൻ - ഇനിയുമറിയാതെ ഇരുളിൽ മറഞ്ഞവൻ

ഇരാവാൻ - ഇനിയുമറിയാതെ ഇരുളിൽ മറഞ്ഞവൻ
===========================================
 മഹാഭാരതകഥയിൽ ഒട്ടുംതന്നെ പ്രാധാന്യത്തോടെ പറഞ്ഞുകേട്ടിട്ടിട്ടില്ലാത്തൊരു നാമമാണ് ഇരാവാൻ. വിദ്യകൊണ്ടും കർമ്മംകൊണ്ടും  മഹത്വംകൊണ്ടും ഏറെ ഉന്നതനെങ്കിലും അവഗണനയുടെ തമോഗർത്തങ്ങളിലേക്കെറിയപ്പെട്ടൊരു ശ്രേഷ്ടതാരകമായിരുന്നു ഇരാവാൻ.
അർജ്ജുനൻ പാണിഗ്രഹണം ചെയ്‌തെങ്കിലും മാതാവായ കുന്തിയുടെ വാക്കിനാൽ പഞ്ചപാണ്ഡവരുടെയും പത്നിയായി ദ്രൗപദി കഴിയുന്ന കാലം. (മുജ്ജന്മത്തില്‍ ദ്രൗപദി ശിവനോട് വരം ആവശ്യപ്പെട്ടതായി കഥയുണ്ട്. അതിവിശിഷ്ടമായ  14 ഗുണങ്ങള്‍ തന്റെ  ഭര്‍ത്താവിന് വേണമെന്ന് ചോദിച്ചു. എന്നാല്‍ ഇത്രയും ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാവില്ലെന്നും ,എല്ലാം സമ്മേളിക്കുന്ന അഞ്ചുപേരെ ഭര്‍ത്താവായി തരാമെന്നും ശിവന്‍ ഉത്തരം നല്‍കി എന്നും കഥ ) മൂപ്പുമുറപ്രകാരം ആദ്യ ഊഴം യുധിഷ്ഠിരനായിരുന്നു. ഒരുവർഷക്കാലം മറ്റുനാലുപേർ കൃഷ്ണയ്ക്ക് സഹോദരന്മാരായിരിക്കണമെന്നതാണ് നിഷ്ഠ. പഞ്ചപാണ്ഡവരില്‍ ഒരാളുടെ കൂടെ ദ്രൌപദി  കഴിയുന്ന കാലഘട്ടത്തില്‍, മറ്റൊരാള്‍ അവിടെ ചെന്നാല്‍, ഒരു വര്‍ഷം തീര്‍ത്ഥയാത്രക്ക് പോകണം എന്നാണ്‌ വ്യവസ്ഥ. ഒരിക്കല്‍ ധര്‍മ്മപുത്രരോടൊപ്പം പാഞ്ചാലി കഴിയുന്ന സമയം അര്‍ജ്ജുനന് ആ കൊട്ടാരത്തില്‍ ചെല്ലേണ്ടിവരികയും, തത്ഫലമായി ഗംഗാതടത്തിലേക്കു തീര്‍ത്ഥയാത്ര ചെയ്യേണ്ടിയും ചെയ്തു.

 അതിരാവിലെ ഗംഗാസ്നാനത്തിനെത്തുന്ന പാർത്ഥനെ  ഉലൂപി എന്ന നാഗരാജകന്യക കാണുവാനിടയായി. ഗംഗാനദിയുടെ അടിത്തട്ടിലുള്ള നാഗലോകത്തിന്റെ അധിപനായ നാഗരാജാവായ കൗരവ്യയുടെ പുത്രിയായിരുന്നു ഉലൂപി. സുന്ദരകളേബരനും അരോഗദൃഢഗാത്രനുമായ  ആ യുവകോമളനെ ഉലൂപി പ്രഥമദൃഷ്ട്യാ പ്രണയിച്ചുപോയി. അവൾ അർജുനനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. പക്ഷേ പന്ത്രണ്ടുദിനങ്ങളിലെ തന്റെ കഠിനവ്രതങ്ങൾക്കുശേഷം മാത്രമേ ഉലൂപിയുടെ ആതിഥ്യം സ്വീകരിക്കാൻ അർജുനൻ തയ്യാറായുള്ളു. അവൾ പ്രണയപാരവശ്യത്തോടെയെങ്കിലും  ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ  പന്ത്രണ്ടുനാൾ കഴിഞ്ഞ് ഉലൂപിയുടെ കൊട്ടാരത്തിലെത്തിയ അർജുനൻ അവളുടെ ആതിഥ്യവും ഗാഢപ്രണയവും  സ്വീകരിച്ചു. കാലം തികഞ്ഞപ്പോൾ ഉലൂപി തേജോരൂപനായ ഒരാൺകുഞ്ഞിനു ജന്മം നൽകി. ഇരാവാൻ  എന്ന നാമധേയവും അവനു നൽകി.  സകലകലകളിലും വൈദഗ്ദ്ധ്യം നേടിയിരുന്ന ഉലൂപി ഇരാവാനെ വളർത്തിയത് സർവ്വജ്ഞാനങ്ങളും  പകർന്നുനൽകിയാണ്.

ഒരിക്കൽ ശ്രീകൃഷ്ണൻ,  വിഷാസ്ത്രങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്ന ഇരാവാനെ കാണാനിടയായി. ഉജ്ജ്വലമായ തേജോകാന്തിയുള്ള ആ യുവാവിനോട് എന്തുചെയ്യുകയാണെന്നാരാഞ്ഞപ്പോൾ ഇനി വരാൻപോകുന്ന കുരുക്ഷേത്രയുദ്ധത്തിന് ആയുധങ്ങൾ കരുതിവെക്കുകയാണെന്നായിരുന്നു മറുപടി. അർജുനപുത്രനായ തനിക്ക് പിതാവിനെ യുദ്ധത്തിൽ സഹായിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇരാവാന്റെ ത്രിലോകജ്ഞാനത്തെക്കുറിച്ചോർത്ത് ശ്രീകൃഷ്ണൻ അത്ഭുതചിത്തനായി. കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസങ്ങളിലായി കല്പിക്കപ്പെട്ടതാണ്. ആ പതിനെട്ടു ദിനങ്ങളിലെ വിജയവും തോൽവിയും അർഹതപ്പെട്ടവരുടെ  മൃത്യുവും പാണ്ഡവരുടെ അന്ത്യവിജയവും  എല്ലാം മുമ്പേ കുറിക്കപ്പെട്ടതാണ്. പക്ഷേ അതിസമർത്ഥനായ  ഇരാവാൻ  യുദ്ധത്തിൽ പങ്കെടുത്താൽ അത് പതിനെട്ടു നാഴികകൾപോലും നീണ്ടുനിൽക്കില്ല എന്ന്  എല്ലാമറിയുന്ന കൃഷ്ണനറിഞ്ഞു.  അതുകൊണ്ട് അവനെ എങ്ങനെയും യുദ്ധഭൂമിയിൽനിന്നൊഴിവാക്കണമെന്നു തീരുമാനിച്ചു.

സംഭവബഹുലമായി  കാലം കടന്നുപോയി. ഒടുവിൽ കുരുക്ഷേത്രയുദ്ധവും വന്നെത്തി. ഇരാവാനെ യുദ്ധത്തിൽനിന്നൊഴിവാക്കാൻ തന്ത്രശാലിയായ കൃഷ്ണൻ ഒരു സൂത്രം പ്രയോഗിച്ചു.  പാണ്ഡവരുടെ യുദ്ധവിജയത്തിനായി കാളിദേവിക്ക്  ഒരു ബലിദാനം താന്ത്രികവിധിപ്രകാരം നിശ്ചയിച്ചു. കൃത്യമായി ഭാവി പ്രവചിക്കുന്നതിൽ പ്രഗത്ഭനായിരുന്ന സഹദേവനാണ് കവടിനിരത്തി  ബലിദാനം നിശ്ചയിച്ചത്.   ശരീരത്തിൽ മുപ്പത്തിയാറു പുണ്യചിഹ്നങ്ങളുള്ള, സർവ്വഗുണങ്ങളുമുള്ള,  ഒരു  വീരവര്യനെയാവണം ബാലികഴിക്കേണ്ടത്. ശ്രീകൃഷ്ണനും അർജുനനുമാണ് ആ തികവുള്ളവർ. പക്ഷേ പാണ്ഡവപക്ഷത്തിന്റെ നെടുംതൂണുകളായ ഇവരെ ബലിയർപ്പിക്കാനാവില്ലല്ലോ. പിന്നെയാര് എന്നതായി ചോദ്യം. അത് ഇരാവാനല്ലാതെ മറ്റാരുമായിരുന്നില്ല. ബ്രാഹ്മണനോ ക്ഷത്രിയനോ പുരോഹിതനോ  രാജ്യാവകാശിയോ അല്ല. അതുകൊണ്ടുതന്നെ  അവനെ ബലികൊടുക്കുന്നതിൽ അപാകതയില്ല. ഒട്ടും താമസിക്കാതെ ശ്രീകൃഷ്ണൻ ഇരാവാനെ സമീപിച്ചു കാര്യം അവതരിപ്പിച്ചു. ധീരനും ധർമ്മചാരിയുമായ ഇരാവാന്  തന്റെ പിതാവിനും രാജ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ മടിയുണ്ടായിരുന്നില്ല. അർജുനനാവട്ടെ തന്റെ പുത്രനെ ബാലിവസ്തുവാക്കുന്നതിൽ ഒരു സങ്കോചവുമുണ്ടായതുമില്ല. താൻ തന്റെ പിതാവിനെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം തന്നെ സ്നേഹിക്കുന്നില്ല എന്ന പരമാർത്ഥം ഇരാവാൻ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ.

 തന്റെ ബലിക്കായി  പുലർന്നുവരുംമുമ്പുള്ള  രാത്രിയിൽ ഭാര്യാസമേതം കഴിയാൻ അവസരമുണ്ടാക്കണമെന്ന് ഇരാവാൻ അഭ്യർത്ഥിച്ചു. മാതാവല്ലാതെ സ്നേഹിക്കാനാരുമില്ലാത്ത  തന്റെ വേർപാടിൽ  മനംനൊന്തുകരയാൻ പത്നി ഒപ്പമുണ്ടാവണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.   എന്നാൽ  അതത്ര എളുപ്പത്തിൽ സാധ്യമാക്കാവുന്ന കാര്യമല്ലല്ലോ. ഒരുരാത്രിമാത്രം സുമംഗലിയായി, പുലരുമ്പോൾ വൈധവ്യം സ്വീകരിക്കാൻ ഏതുപെൺകൊടിയാണു തയ്യാറാവുക! തങ്ങളുടെ  ഓമനപ്പുത്രിയെ ഇങ്ങനെയൊരു നിർഭാഗ്യത്തിലേക്കു തള്ളിവിടാൻ ഏതു മാതാപിതാക്കളാണ് തയ്യാറാവുക!    തികച്ചും അസാധ്യമെങ്കിലും   ആ ആഗ്രഹം  സാധിച്ചുകൊടുത്തേ  മതിയാകൂ. കുശാഗ്രബുദ്ധിയായ ഇരാവാന്റെ വാക്കുകളുടെ അന്തരാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻതന്നെ അതിനും പരിഹാരം കണ്ടെത്താമെന്നായി.

ഒരിക്കൽ  മഹേശ്വരനെപ്പോലും മോഹിപ്പിച്ച മായാമോഹിനിരൂപത്തിൽ പ്രത്യക്ഷപ്പെട്ട്  ഭഗവാൻ സ്വയം   ഇരാവാന്റെ  പത്നിയാകാൻ ആഗ്രഹമറിയിച്ചു . വസ്തുതകൾ സത്യമായിത്തന്നെ അറിയുമായിരുന്നെങ്കിലും അയാൾ മോഹിനിയെ  ഭാര്യയായി സ്വീകരിച്ചു. ഒരേയൊരു രാവുമാത്രം ഒന്നിച്ചുകഴിഞ്ഞ് പുലർച്ചെതന്നെ ഇരാവാൻ ബലിവസ്തുവാകാൻ  സന്നദ്ധനായി. തന്റെ വേർപാടിൽ അങ്ങേയറ്റം  മനംനൊന്ത് അലമുറയിട്ടുകരയുന്ന മോഹിനിയെക്കണ്ട് ഇരാവാന്റെ ആത്മാവ് കൃതാർത്ഥനായി..







2 comments:

  1. ഇരാവാൻറെകഥ ഏതുഗ്രന്ഥത്തിലാണുള്ളത്?

    ReplyDelete
  2. ഇത് ഏതു ഗ്രന്ഥത്തിൽ ആണ് ഉള്ളത്?

    ReplyDelete