Wednesday, July 31, 2019

പിതൃതർപ്പണത്തിനൊരുങ്ങുമ്പോൾ

പിതൃതർപ്പണത്തിനൊരുങ്ങുമ്പോൾ
=============================
മകളാണു  ഞാൻ, പേരക്കിടാവാണു ഞാൻ
പിന്നെ ആരോ, ആരോ ആരൊക്കെയോ...
ഉള്ളിലെ നീറ്റലിന്നെരിദീപനാളവും
ഉള്ളിന്റെയുള്ളിലായ് തെളിയുന്ന സ്നേഹത്തിൻ
നറുമണം തൂകുന്ന പൂക്കൾതൻ കാന്തിയും
ഓർമ്മത്തുരുത്തിലെ,യെള്ളിൻ കറുപ്പാർന്ന
ശോകനിമിഷങ്ങൾതൻ ഖണ്ഡസ്ഫടികങ്ങളും
ഇജ്ജന്മയാനത്തിലെന്നോടു ചേരുന്ന
വാത്സല്യധാരയിൽ വെന്തതാമന്നവും
നാക്കിലത്തുമ്പിൽ ഞാനൊന്നുനിരത്തട്ടെ.
എന്നെ ഞാനാക്കിയ പൈതൃകമേ, മഹിയി-
ലെനിക്കായിടംതന്നെ ജന്മസുകൃതങ്ങളേ...
ഒഴുകുന്നു കണ്ണീരായെന്നുള്ളിലെന്നും
തളംകെട്ടി നിൽക്കും കൃതജ്ഞതാവാരിധി.
ഇല്ലെനിക്കായില്ല, നിങ്ങൾതൻ സ്നേഹത്തിൻ
അയുതമാനംപോലും തിരികെനൽകീടുവാൻ.
സ്നേഹാമൃതം നാവിൽ സ്തന്യമായ് നൽകിയ
മാതാവിനെന്തുണ്ടു പകരമായി നൽകുവാൻ!
കൈപിടിച്ചെന്നെയീ മണ്ണിൽ  നടത്തിയ
താതന്നു തിരികെ ഞാനെന്തു തന്നീടണം..
കഥചൊല്ലിത്താരാട്ടുപാടിയുറക്കിയ
ചുക്കിച്ചുളിഞ്ഞ മുഖങ്ങളേ,  സ്നേഹമേ
എകിയില്ലൊന്നുമാ പാദങ്ങളിൽ ഞാൻ,
അർത്ഥിക്കുമെന്നുമനുഗ്രഹാശ്ശിസ്സുകൾ.
പിന്നെയുമെത്രയോ വാത്സല്യദീപങ്ങൾ
എന്നോ അണഞ്ഞുപോയിത്തമോവീഥിയിൽ
ഇന്നെന്റെയുള്ളിലായ് കാണുന്നതൊക്കെയും
നിങ്ങൾതന്നനഘമാം  വരപ്രസാദങ്ങൾ.
ഇരുളിന്നിരുൾതൂകുമീയമാവാസിയിൽ
സ്വർഗ്ഗവാതിൽതുറന്നെത്തുമീവേളയിൽ
നൽകേണമേൻറെയീ നെറുകയിൽ നന്മതൻ
നേരാർന്നനുഗ്രഹകൈത്തലസ്പർശനം.
ഈ രാവിരുട്ടിവെളുക്കുമ്പോളേകാം ഞാൻ
തർപ്പണത്തിന്നായ്ത്തിലോദകമീറനായ്
എന്നോ മറഞ്ഞൊരാ സ്നേഹതാരങ്ങൾക്കായ്
ഏകിടും ഞാനെന്റെ  സ്മരണപുഷ്പാഞ്ജലി.

(തുമ്പികൾ - വജ്രനക്ഷത്രം )

Tuesday, July 23, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ 1

ജ്വാലാമുഖിക്ഷേത്രത്തിലെ ഒരിക്കലുമണയാത്ത  ദീപജ്ജ്വാല.
-----------------------------------------------------------------------------------------
വർഷങ്ങൾക്കുമുൻപു നടത്തിയ ഉത്തരേന്ത്യൻ യാത്രയിലാണ് ആ അദ്‌ഭുതദൃശ്യം കാണാനുള്ള ഭാഗ്യം ലഭിച്ചത്. സഹസ്രാബ്‌ദങ്ങളായി എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്നിജ്വാല.  ഒന്നല്ല, വേറെ ഒൻപത്  അഗ്നിനാളങ്ങൾകൂടെ  നമുക്കവിടെക്കാണാം. അതേ , അതാണ് ഹിമാചൽപ്രദേശിലെ ശിവാലിക് പർവ്വതനിരകളിലെ കാംഗ്ര പ്രദേശത്തുള്ള  ജ്വാലാമുഖി ക്ഷേത്രം (ജ്വാലാജി ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു). കാംഗ്ര ജില്ലയുടെ ആസ്ഥാനമായ ധരംശാല പട്ടണത്തിൽനിന്ന് അമ്പതുകോലോമീറ്ററോളം  ദൂരമേയുള്ളൂ  ഈ പ്രസിദ്ധമായ ക്ഷേത്രത്തിലേക്ക്.

ജ്വാലാമുഖിക്ഷേത്രം, ഭാരതത്തിലെ  ശക്തിപീഠങ്ങളിൽ ഏറെ തേജസ്സാർന്ന  ഒൻപതു ക്ഷേത്രങ്ങളിലൊന്നാണ്.  ആദിപരാശക്തിയെ, സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. മഹേശ്വരസംഗമത്തിനായി, ദക്ഷപുത്രിയായ സതിയുടെ ജന്മമെടുക്കുകയായിരുന്നു  ആദിപരാശക്തി. സതീദേവി പിതാവിന്റെ ഇച്ഛയ്ക്കു  വിപരീതമായി പരമശിവനെ വിവാഹം ചെയ്തു. ഇക്കാരണംകൊണ്ടു പുത്രിയോടും ജാമാതാവിനോടും ദക്ഷപ്രജാപതി  ശത്രുതവെച്ചുപുലർത്തി. താൻ  നടത്തിയ മഹായാഗത്തിലേക്ക്   ഇവരിരുവരുമൊഴികെ മറ്റെല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. എങ്കിലും തന്റെ പിതാവു നടത്തുന്ന മഹായജ്ഞത്തിൽ സംബന്ധിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. സതിയെ താതഗൃഹത്തിലേക്കു  പോകുന്നതിൽനിന്നു പിൻതിരിപ്പിക്കാൻ  പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ ആ നിശ്ചയദാർഢ്യത്തിനുമുന്നിൽ ശിവനു വഴങ്ങേണ്ടിവന്നു. മനസ്സില്ലാമനസ്സോടെ  യാത്രാനുമതി  നൽകിയ   ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും പ്രേയസിയോടൊപ്പം അയച്ചു.

എന്നാൽ സതിക്ക് സ്വഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ലെന്നു മാത്രമല്ല,   ശിവനെ അപമാനിക്കുന്ന ഭാഷണങ്ങളാണു കേൾക്കാനിടയായതും. ഈ കടുത്ത അപമാനം സതിദേവിക്കു  സഹിക്കാൻ കഴിയുമായിരുന്നില്ല.  ദാക്ഷായണിയായതാണ് തന്നിലെ  അപരാധമെന്നു   സതി വിലപിച്ചു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽനിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു. ഈ വാർത്ത മഹേശ്വരനെ അങ്ങേയറ്റം ദുഖിതനാക്കി. ദക്ഷനോടുള്ള കഠിനകോപമായതു മാറി.  ദക്ഷനെ വധിച്ച്, യജ്ഞത്തെ ഇല്ലാതാക്കുവാൻ ഉഗ്രരൂപിയായ വീരഭദ്രനെ ദക്ഷന്റെ കൊട്ടാരത്തിലേക്കയച്ചു. ശിവന്റെ അവതാരമായ വീരഭദ്രൻ തന്റെ സഹചാരിയായ ഭദ്രകാളിയോടൊപ്പം ചെന്ന് ദക്ഷന്റെ ശിരസ്സ് ഛേദിക്കുകയും യാഗശാല നാശോന്മുഖമാക്കുകയും ചെയ്തു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ സതിയുടെ മാതാവായ യായപ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷ മാനിച്ച്, ദക്ഷനെ പുനഃർജീവിപ്പിക്കാൻ  നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജന്മം നൽകി. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം  ദക്ഷൻ ശിവനോടു ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് ദുഃഖം നിയന്ത്രിക്കാനാവാതെ  ശിവൻ ആ  ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. ആ  ശരീരഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. അവയാണ് പിന്നീട് ശക്തിപീഠങ്ങളായി ആരാധിക്കപ്പെട്ടത്. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശ്രീപരമശിവൻ കാലഭൈരവന്‍റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും കാവല്‍നില്‍ക്കുന്നു എന്നാണു  വിശ്വാസം.


ജ്വാലാമുഖിയിലാണ്  ദേവിയുടെ നാവു പതിച്ചതെന്നാണു  വിശ്വാസം. ഇവിടെ ദുര്‍ഗ്ഗാ ദേവിയുടെ ശക്തി പ്രവാഹമുള്ളതായി  കരുതപ്പെടുന്നു.  മറ്റു ക്ഷേത്രങ്ങളിലെ പോലെ പ്രതിഷ്ഠയും മൂർത്തിയും ഇവിടെയില്ല. സദാ ജ്വലിച്ചുനിൽക്കുന്ന  അഗ്നിയെയാണ് ഇവിടെ പൂജിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ മൂന്നടി താഴ്ച്ചയിലാണ് പ്രധാന ജ്വാല സ്ഥിതിചെയ്യുന്നത്. പടവുകള്‍ ഇറങ്ങിചെന്ന് ‘മഹാകാളിയുടെ വായ’എന്ന് വിളിക്കുന്ന നീലഛവിയുള്ള  ഈ അഗ്‌നി നാളം കാണാവുന്നതാണ്. സമീപത്തായി  മറ്റ് ഒന്‍പതു    ജ്വാലകൾകൂടെ  പുറത്തുവരുന്നുണ്ട്. സരസ്വതി, അന്നപുര്‍ണ്ണ, ചണ്ഡി, ഹിങ്ങ് ലജ്, വിന്ധ്യ വാസിനി, മഹാലക്ഷ്മി, മഹാകാളി, അംബിക, അഞ്ജന എന്നിവയാണ് ആ ഒന്‍പതു നാളങ്ങള്‍ പ്രതിനിധികരിക്കുന്ന ശക്തികള്‍. അടുത്തുതന്നെ  ജഗദ്ഗുരു  ശ്രീ ശങ്കരാചാര്യർ ഗഗനചാരിയായി സഞ്ചരിക്കവേ വനാന്തർഭാഗത്തു അതീവതേജസ്സാർന്ന അഗ്നിപ്രഭ കാണുകയാൽ അവിടെയിറങ്ങി. ആദിപരാശക്തിയായ  ദേവി അദ്ദേഹത്തിനു ദർശനം നൽകി അനുഗ്രഹമേകി. കലിയുഗത്തിൽ സാധാരണമനുഷ്യർക്ക്  ഈ താന്ത്രികോര്‍ജ്ജം താങ്ങാനുള്ള  കരുത്തുണ്ടാവില്ലെന്നും, അവര്‍ ഇതിനെ ദുരുപയോഗപ്പെടുത്തുമെന്നും മനസ്സിലാക്കിയ ആചാര്യന്‍, ഏകജ്വാലയായിനിന്ന അഗ്നിപ്രഭയെ ഒന്‍പതു ഭാഗമായി ലഘൂകരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ധോളിധര്‍  എന്ന പര്‍വ്വത പ്രദേശത്താണിത്. നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ടുകിടന്നിരുന്ന ഈ ക്ഷേത്രം  ഭൂമിചന്ദ്ര എന്ന രാജാവിന്‍റെ കാലത്ത് കാലിയെ മേയ്ക്കുന്നവരാണ് കണ്ടെത്തിയത്. നിത്യവും ഒരു പശുവിൽനിന്നുമാത്രം പാൽ ലഭിച്ചിരുന്നില്ല.  അതിന്റെ കാരണം കണ്ടെത്താനായി പശുവിന്റെ പിന്നാലെതന്നെ പോയ പശുപാലകന്  ഒരു കന്യക വന്നു പൽ കുടിച്ചശേഷം അഗ്നിജ്വാലയായി മറയുന്നതാണു കാണാനായത്. അവിടെയൊക്കെ അന്വേഷിച്ചപ്പോൾ   പാറപ്പുറത്ത് കത്തി നില്‍ക്കുന്ന ജ്വാലയാണു കാണാൻ കഴിഞ്ഞത്. അദ്‌ഭുതകരമായ ഈ ജ്വാല  കണ്ടകാര്യം രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം നേരിട്ടെത്തി നിജസ്ഥിതി മനസ്സിലാക്കുകയും  ക്ഷേത്രം പണിയിക്കുന്നതിനായി നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഈ ക്ഷേത്രദര്‍ശനംവഴി ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമതകളും മാറി സന്തോഷം വന്നുചേരുമെന്നുമാണ് ഭക്തരുടെ വിശ്വാസം. മോക്ഷത്തിലെക്കുള്ള പാത ഇതിലൂടെ തുറക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.


മുഗൾഭരണകാലത്ത് അക്ബർചക്രവർത്തി  ഈ ക്ഷേത്രം സന്ദർശിക്കുകയും ജ്വാല അണയ്ക്കുന്നതിനായി ലോഹപാളികൊണ്ടു മൂടുകയും അവിടേയ്‌ക്കൊരു ജലധാര സൃഷ്ടിക്കുകയുമൊക്കെ ചെയ്തത്രേ. പക്ഷേ അവയെയൊക്കെ അതിജീവിച്ചു ദീപനാളം ജ്വലിച്ചുതന്നെ നിന്നു. ഒടുവിൽ പരാജിതനായ ചക്രവർത്തി പ്രായശ്ചിത്തമെന്നോണം ജ്വാലയ്ക്കു മുകളിലായി ഇരു സ്വർണ്ണത്താഴികക്കുടം നിർമ്മിക്കുകയുണ്ടായി. പക്ഷേ ദേവീപ്രീതി ലഭിക്കാത്തതിനാലാവാം ആ  സ്വർണ്ണം മൂല്യംകുറഞ്ഞ മറ്റൊരു ലോഹമായി പരിണമിച്ചത്രേ! അനവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും  ഏതാണാ ലോഹമെന്നു തിരിച്ചറിയാനുമായിട്ടില്ല. ഇന്നുമതൊരു ദുരൂഹതയായിത്തുടരുന്നു.   ബ്രിട്ടീഷുകാരുടെ ഭരണകാലത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഈ ദീപനാളത്തിന്റെ രഹസ്യങ്ങൾതേടി ഗവേഷണങ്ങൾ നടന്നിരുന്നു. ദീർഘനാളത്തെ പരീക്ഷണങ്ങൾക്കുശേഷവും   ഈ പ്രദേശത്ത് എണ്ണ - പ്രകൃതിവാതകസാന്നിധ്യം ഉള്ളതായി തെളിവൊന്നും കിട്ടിയിട്ടില്ലത്രേ! പിന്നെ എങ്ങനെയാണീ അണയാദീപം ജ്വലിച്ചുകൊണ്ടേയിരിക്കുന്നത്! ഭക്തർക്കിതൊരു ദേവചൈതന്യമെങ്കിൽ  യുക്തിവാദികൾക്ക് ഈ ക്ഷേത്രവും അഗ്നിജ്വാലയും ഉത്തരംകിട്ടാത്തൊരു സമസ്യയായിത്തുടരുന്നു.

Image result for jwala devi temple photos