Saturday, August 31, 2019

ഈശ്വരൻ തൊട്ട കൈവിരലുകളുള്ള ജോയ്‌ഡ്‌ വിറ്റ്

കല ദൈവികമാണ്. കലാകാരൻമാർ ( കലാകാരികളും) എന്നെന്നും ആദരിക്കപ്പെടുന്നത് ഈ ദൈവാംശം അവരിൽ ഉള്ളതുകൊണ്ടാണ്. ഒരു കലാകാരന്റെ/ കലാകാരിയുടെ  സ്നേഹത്തിനു പാത്രീഭവിക്കുകയെന്നത്‌  ഈശ്വരസ്നേഹം ലഭിക്കുന്നതിനു തുല്യവും.

നെതർലണ്ടിലെ യാത്രയ്ക്കിടയിലാണ് ജോയ്‌ഡ്‌ വിറ്റ് എന്ന അതുല്യകാലാകാരനെ പരിചയപ്പെട്ടത്. റോട്ടർഡാം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോട്ടൽ 'ഗ്രേറ്റ് പാലസ്' ആയിരുന്നു അന്നത്തെ ഞങ്ങളുടെ താമസസ്ഥലം. വൈകുന്നേരം  ഏഴരയായി ഹോട്ടലിലെത്തിയപ്പോൾ. പക്ഷേ നാലുമണി ആയതുപോലെയേ തോന്നിയുള്ളൂ. അവിടെ സൂര്യനസ്തമിക്കണമെങ്കിൽ ഒമ്പതരമണിയെങ്കിലുമാകും. അന്തിയാവാൻ ഇനിയുമേറെ സമയമുള്ളതുകൊണ്ട് ഞങ്ങൾ പരിസരമൊക്കെ കാണാനായി പുറത്തേക്കിറങ്ങി.

ഹോട്ടലിന്റെ അങ്കണം കടന്നാൽ ഒരു  ഹൈവേ ആണ് . അതിനുമപ്പുറം പച്ചക്കടൽപോലെ പരന്നുകിടക്കുന്ന ഗോതമ്പുവയൽ. കുറച്ചുദൂരം നടന്നപ്പോൾ നീണ്ടുകിടക്കുന്നൊരു ഗ്രാമപാതയിലെത്തി. അവിടം  അതിമനോഹരമായ ഒരു ഗ്രാമപ്രദേശമാണ് .  ഗ്രാമപാതകൾക്കിരുവശവും  വിവിധവിളവുകൾ നിറഞ്ഞ  കൃഷിയിടങ്ങളും പുൽമേടുകളും പൂമരങ്ങളും. അതിനിടയിലൂടെ വളഞ്ഞൊഴുകുന്ന  കൊച്ചുനദിയും. നദിയോരത്തുകൂടെ കുറച്ചു നടന്നപ്പോൾ വിസ്മയിപ്പിക്കുന്നൊരു കാഴ്ച. ഒരുവീടിന്റെ പിന്നാമ്പുറത്ത് പൂച്ചെടികൾക്കിടയിൽ  നിരവധി ജീവൻതുടിക്കുന്ന  ശില്പങ്ങൾ. അവയിൽ   മനുഷ്യരും മൃഗങ്ങളും പക്ഷികളുമുണ്ട്. കുറച്ചുസമയം അതുനോക്കിനിന്നശേഷം മുന്നോട്ടു നടന്നു. വീടിന്റെ ഗേറ്റു തുറന്ന് ഒരു മനുഷ്യൻ  ഇറങ്ങിവന്നു. ഞങ്ങളെക്കണ്ടു ചിരപരിചിതനെപ്പോലെ അദ്ദേഹം ചിരിച്ചു, എന്തൊക്കെയോ പറഞ്ഞു. ഡച്ചുഭാഷയിലായതുകൊണ്ടു എന്താണെന്നു മനസ്സിലായില്ല. അദ്ദേഹം ഞങ്ങളെ സ്നേഹപൂർവ്വം അകത്തേക്കു ക്ഷണിച്ചു. പിന്നീട് സ്നേഹഭാഷയിൽ ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തി. ജോയ്‌ഡ്‌ വിറ്റ്  എന്നാണദ്ദേഹത്തിന്റെ പേരെന്നു പറഞ്ഞു. ഒരു ഏകാകിയായ കലാകാരൻ. ഒരുപക്ഷേ തന്റെ ഏകാന്തമായ ജീവിതസായന്തനത്തിൽ  വിശ്രമജീവിതം ആനന്ദഭരിതമാക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരിക്കാം ഈ കലാസപര്യ. ആ വീടും പരിസരവും ഒരു മ്യൂസിയമാണെന്നു തോന്നി.  ശില്പങ്ങളും ചിത്രങ്ങളുംകൊണ്ട് അവിടമാകെ  നിറഞ്ഞിരുന്നു . തന്റെ പണിപ്പുരയും  കലാരൂപങ്ങളും പത്രങ്ങളിൽ അവയെക്കുറിച്ചുവന്ന   വാർത്തകളുമൊക്കെ ആവേശത്തോടെ അദ്ദേഹം ഞങ്ങൾക്കു  കാട്ടിത്തന്നു. ഒപ്പംനിന്നു ഫോട്ടോ എടുക്കാനും ഒരുമടിയുമുണ്ടായില്ല. കുറച്ചുസമയംകൂടി അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവങ്ങൾ  ആസ്വദിച്ച്, അങ്ങേയറ്റം പ്രശംസിച്ച്,  ആ പ്രതിഭാധനനോടു   സ്നേഹപൂർവ്വം  നന്ദിപറഞ്ഞു മടങ്ങി. യാത്രപറഞ്ഞപ്പോൾ  തന്റെ ഇമെയിൽ അഡ്രെസ്സ് നൽകാനും അദ്ദേഹം മറന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മഹാനുഭാവന് ഒരായിരം പ്രണാമങ്ങളർപ്പിക്കുന്നു. 



















ഒരു ആനക്കഥ ( ഓഗസ്റ്റ് 25നു മാതൃഭൂമി പാത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

ഒരു ആനക്കഥ  ( ഓഗസ്റ്റ് 25നു മാതൃഭൂമി പാത്രത്തിൽ  പ്രസിദ്ധീകരിച്ച   ലേഖനം)
=============

ഇന്ദിര എന്ന പേരു  കേൾക്കുമ്പോൾ ഏതൊരിന്ത്യക്കാരന്റെയും  മനസ്സിൽ ആദ്യമെത്തുന്നത്  മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രമായിരിക്കും. എന്നാൽ ഇതേ ഇന്ദിരയുടെ പേരു നൽകിയ ഒരു ആനയുണ്ടായിരുന്നുവെന്ന്  ചരിത്രത്തിന്റെ ഏടുകൾ പിന്നിലേക്കു മറിക്കുമ്പോൾ നമുക്കു കാണാനാവും. അതേ, ഇന്ദിരയ്ക്ക്  ഇന്ദിരയെന്നു പേരുചൊല്ലിവിളിച്ച   അതേ   ജവഹർലാൽ നെഹ്രു ഇന്ദിരയെന്നു പേരിട്ടുവിളിച്ച  ഒരു ആനക്കുട്ടി.

ഈ കഥയുടെ തുടക്കം രണ്ടാം ലോകമഹായുദ്ധകാലം. അച്ചുതണ്ടുശക്തികളും സഖ്യകക്ഷികളും പരസ്പരം ബോംബുവർഷം തുടങ്ങിയിരുന്നു. പലരാജ്യങ്ങളും തങ്ങളുടെ മൃഗശാലകളിലെ അപകടകാരികളായ മൃഗങ്ങൾ പുറത്തുകടന്നാലുണ്ടാകാവുന്ന ഭീകരാന്തരീക്ഷത്തെ  മുന്നിൽക്കണ്ട് അവയേയൊക്കെ   കൊന്നുകളയാൻ നിർബ്ബന്ധിതരാക്കപ്പെട്ടു. ജപ്പാന്റെ കാര്യമായിരുന്നു ഏറെ കഷ്ടം. ദിനംപ്രതി ടോക്യോയിലും മറ്റുസ്ഥലങ്ങളിലും ബോംബുകൾ നാശം വിതച്ചുകൊണ്ടിരുന്നു. ടോക്യോയിലെ യൂഎനോ മൃഗശാലയിലെ സിംഹം , പുലി, കരടി മുതലായ ഹിംസ്രമൃഗങ്ങളെ  കൊല്ലാൻ അധികൃതർക്കു തീരുമാനിക്കേണ്ടിവന്നു. വിഷംകൊടുത്തും കഴുത്തിൽ കുരുക്കിട്ടുമൊക്കെ ഈ കൃത്യം നിർവ്വഹിക്കപ്പെട്ടു.  യുദ്ധം നൽകുന്ന ദുരന്തങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ഭക്ഷണക്ഷാമം രൂക്ഷമായി. മൃഗശാലയിലെ മറ്റുമൃഗങ്ങളെക്കൂടി ഇല്ലാതാക്കാൻ ഇതൊരു കരണമാവുകയായിരുന്നു.  ഏറ്റവും വലിയ മൃഗങ്ങളായ  ആനകളെ തീറ്റിപ്പോറ്റാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. അന്ന് അവിടെയുണ്ടായിരുന്നതു ജോൺ , തോങ്കി എന്നീ   ഇന്ത്യൻ ആനകളും ഹനാകോ (വാൻലി) എന്ന സയാമീസ് ആനയുമായിരുന്നു. സർക്കസിലെ ആനകളെപ്പോലെ പരിശീലനം സിദ്ധിച്ചിരുന്ന ഇവർ തങ്ങളുടെ വിവിധപ്രകടനങ്ങൾകൊണ്ട് കാഴ്ചക്കാരുടെ, പ്രത്യേകിച്ചു കുട്ടികളുടെ മനം കവർന്നിരുന്നു.   ഏവരുടെയും ഓമനകളായിരുന്നിട്ടുകൂടി  അവയേയും നാമാവശേഷമാക്കാൻ മൃഗശാലാധികൃതർക്കു  തയ്യാറാകേണ്ടിവന്നു.  ആദ്യം ജോണായിരുന്നു മരണപ്പട്ടികയിൽ. വിഷം കൊടുത്തുകൊല്ലാനായിരുന്നു ശ്രമം.  ജോണിന്റെ ഇഷ്ടഭക്ഷണമായ ഉരുളക്കിഴങ്ങിൽ മാരകവിഷം ചേർത്തു നൽകുകയാണ്  ആദ്യം ചെയ്തത്. പക്ഷേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള സഹജമായ വാസനയുള്ളതുകൊണ്ടാവാം ജോൺ വിഷമുള്ള ഉരുളക്കിഴങ്ങുകൾ തിന്നാൻ കൂട്ടാക്കിയില്ല. പിന്നീടു വിഷം കുത്തിവെക്കാനുള്ള ശ്രമമാരംഭിച്ചു. പക്ഷേ കട്ടികൂടിയ ത്വക്കിലൂടെ കടന്നുപോകാൻ അവിടെ ലഭ്യമായിരുന്ന സൂചികൾ അപര്യാപ്തമായിരുന്നു . അങ്ങനെ ആ ശ്രമവും പരാജയം  ഏറ്റുവാങ്ങി. വെടിവെച്ചുകൊല്ലുക എന്നൊരു മാർഗ്ഗംകൂടി അവർക്കുമുന്നിൽ അവശേഷിച്ചിരുന്നു. പക്ഷേ അതു മനുഷ്യരെമാത്രമല്ല, അവിടെയുള്ള മറ്റു മൃഗങ്ങളെപ്പോലും അസ്വസ്ഥരാക്കും എന്നതിനാൽ സ്വീകാര്യവുമായിരുന്നില്ല. പിന്നെ ആകെയുള്ളവഴി   പട്ടിണിക്കിട്ടു കൊല്ലുക എന്നതായിരുന്നു. പതിനേഴു ദിവസം ഭക്ഷണവും ജലവുമില്ലാതെ കഴിഞ്ഞ അവൻ അന്ത്യയാത്ര പറഞ്ഞു. പിന്നെയുണ്ടായിരുന്നത് പിടിയാനകളായ തോങ്കിയും വാൻലിയുമായിരുന്നു. തങ്ങൾ പരിശീലിച്ച അടവുകൾ കാട്ടി, കാഴ്ചക്കാരുടെ നേരെ  നിഷ്കളങ്കമായ നോട്ടമെറിഞ്ഞ് അവർ അവരുടെ മനംകവർന്നു. പക്ഷേ വിധി അവർക്കുമെതിരായിരുന്നു. തങ്ങളുടെ യജമാനമാർ കടന്നുപോകുമ്പോൾ ദയനീയമായി അവരെ നോക്കി, കാലുകൾ  ഉയർത്തിയും തുമ്പിക്കൈകൊണ്ടു സല്യൂട്ട് ചെയ്തുമൊക്കെ അവർ ഭക്ഷണത്തിനായി അപേക്ഷിച്ചു. പക്ഷേ ഒരു കനിവും അവർക്കു ലഭിച്ചില്ല. ഒരുതുള്ളിവെള്ളംപോലും ലഭിക്കാതെ ആ പാവം മിണ്ടാപ്രാണികൾ നരകയാതനയനുഭവിച്ചു. തളർന്നുവീണിട്ടും ആ തിളക്കമുള്ള  കൊച്ചുകണ്ണുകൾ കരുണയ്ക്കായി യാചിച്ചുകൊണ്ടിരുന്നു.  മൃഗശാലജീവനക്കാർ ഈ കാഴ്ചകണ്ട്‌ ഏറെ ദുഖിതരായിരുന്നുവെങ്കിലും അവർ നിസ്സഹായരായിരുന്നു .    ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തോങ്കിയും വാൻലിയും  ഓർമ്മയായി. ഇന്നും അവരുടെ മധുരസ്മരണകൾ മൃഗശാലയിലെ സ്മാരകത്തിൽ അന്തിയുറങ്ങുന്നു.

ശിഥിലമാക്കപ്പെട്ട നാടും  നഗരവും  യുദ്ധാനന്തരം പുനർജന്മമെടുത്തപ്പോൾ  യൂഎനോ മൃഗശാലയും നവീകരിക്കപ്പെട്ടു. വിവിധസ്ഥലങ്ങളിൽനിന്നായി,  മൃഗങ്ങളെ അവിടെ എത്തിച്ചു. അവയിലധികവും അമേരിക്കയിലെ ഉട്ടാ എന്ന സ്ഥലത്തുനിന്നായിരുന്നു  പക്ഷേ അക്കൂട്ടത്തിലൊന്നും  ആനകളുണ്ടായിരുന്നില്ല. ടോക്യോയിലെ  കുട്ടികൾക്ക്  തങ്ങളുടെ മൃഗശാലയിൽ  ആനകൾ വേണമെന്ന ആഗ്രഹം അധികരിച്ചു. 1949 ൽ  അവർ അധികൃതർക്ക് (The Supreme Commander for the Allied Powers (SCAP)) തങ്ങൾക്കൊരു    ഏഷ്യൻ ആനയെ വേണമെന്നാവശ്യപ്പെട്ടു കത്തെഴുതി. പക്ഷേ എന്തുകൊണ്ടോ ആ ആവശ്യത്തിന് വേണ്ടത്ര ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയുണ്ടായില്ല. എങ്കിലും  കുട്ടികൾ  ശ്രമം ഉപേക്ഷിക്കാൻ തയ്യാറായില്ല. കുട്ടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഇന്ത്യൻപ്രധാനമന്ത്രിയെക്കുറിച്ചവർ കേട്ടിരുന്നു. അദ്ദേഹത്തിനു തങ്ങളുടെ ആവശ്യം പറഞ്ഞൊരു കത്തെഴുതാൻതന്നെ അവർ തീരുമാനിച്ചു. ആയിരത്തിയഞ്ഞൂറോളം  കുട്ടികളാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.

തിരക്കേറിയ ജീവിതത്തിലും ഏതാനും മണിക്കുറുകൾ കത്തുകൾ വായിക്കാനും മറുകുറികൾ എഴുതാനും  നെഹ്രു സമയം കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചു കുട്ടികളുടെ കത്തുകൾക്ക്.
1949 ലെ ഒരു സാധാരണദിവസം  .എല്ലാ തിരക്കുകൾക്കും ശേഷം അന്നും അദ്ദേഹം കത്തുകൾ വായിക്കാനിരുന്നു. ജപ്പാനിലെ കുഞ്ഞുങ്ങളുടെ കത്ത് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകതന്നെ  ചെയ്തു . കാരണം അതിലെ ആവശ്യം ചെറുതൊന്നുമായിരുന്നില്ലല്ലോ. ഒരു ആനയെ അവർക്കു സമ്മാനമായി വേണമത്രേ! അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹമവർക്കു മറുപടിയയച്ചു . അനന്തരം  ആനയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഒടുവിൽ മൈസൂരിൽനിന്ന് ഒരാനക്കുട്ടിയെ കണ്ടെത്തി. പതിനഞ്ചുകാരിയായ  അവൾക്ക് അദ്ദേഹം ഇന്ദിരയെന്നു നാമകരണം ചെയ്തു. അവളെ എത്രയുംവേഗം ജപ്പാനിലേക്കയക്കാൻ തയ്യാറെടുപ്പുകൾ നടന്നു. കപ്പലിൽ അയക്കുന്നതിനുള്ള പണച്ചെലവു വഹിക്കാൻ ജപ്പാൻ തയ്യാറായി. അക്കാലത്തു ജപ്പാനും  ഇന്ത്യയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനുംകൂടി  നയതന്ത്രജ്ഞനായ നെഹ്രു ഈ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. അദ്ദേഹം ഇങ്ങനെയെഴുതി
" ഇന്ദിര സ്വഭാവഗുണമുള്ള  മിടുക്കിയായ ആനയാണ്. ഇന്ത്യയിലെയും ജപ്പാനിലെയും കുഞ്ഞുങ്ങൾ വളർന്നുവലുതാകുമ്പോൾ അവർ ഏഷ്യയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനത്തിനായി വർത്തിക്കുമെന്നു ഞാൻ സ്വപ്നം കാണുന്നു. ജപ്പാനിലെ  പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളീ ആനയെ ഇന്ത്യയിലെ നിങ്ങളുടെ കൊച്ചുകൂട്ടുകാരുടെ സ്നേഹവാത്സല്യങ്ങളുടെയും സൗഹൃദത്തിന്റെയും പ്രതീകമായി കാണണം. ഇവൾ സൗമ്യയും ശക്തയും ബുദ്ധിശാലിയും ക്ഷമാശീലയുമാണ് .  നിങ്ങളും ഈ സ്വഭാവഗുണങ്ങൾ ആർജ്ജിച്ചെടുക്കേണ്ടതാണ്. "
അങ്ങനെ ഇന്ദിര  'എൻകോ മാരു' എന്ന  കപ്പൽ കയറി ജപ്പാനിലേക്കുള്ള യാത്രക്കായി. ഉറ്റവരെയും ഉടയവരെയും തന്റെ നാടിനെയും തനിക്കു പ്രിയപ്പെട്ട  പനമ്പട്ടകളെയും   എല്ലാമുപേക്ഷിച്ചു പോകുമ്പോൾ    ഇനിയൊരിക്കലും മടങ്ങിവരാനാവാത്തൊരു യാത്രയാണിതെന്ന് അവളറിഞ്ഞിരുന്നതേയില്ല. അവളോടൊപ്പം സ്വന്തമെന്നു പറയാൻ  ആകെയുണ്ടായിരുന്നത്‌ അവളുടെ പ്രിയപ്പെട്ട രണ്ടു പാപ്പാന്മാരായിരുന്നു.  യാത്രക്കിടയിൽ എൻകോ മാരു പലവട്ടം കൊടുങ്കാറ്റിലും പേമാരിയിലുമൊക്കെ  അകപ്പെട്ടു. ഇന്ദിരയാകട്ടെ കടൽച്ചൊരുക്കിന്റെ തീക്ഷ്ണതയിൽ വിവശയാവുകയും ചെയ്തു. അതിനാൽ പ്രത്യേകാനുവാദത്തോടെ  ജപ്പാന്റെതന്നെ  തെക്കുഭാഗത്തെ  ഒകിനാവ എന്ന ദ്വീപിൽ കപ്പലടുപ്പിക്കുകയും അവിടെനിന്നു വാഴപ്പഴവും പനമ്പട്ടയുമൊക്കെ  ശേഖരിക്കുകയുമുണ്ടായി. സെപ്റ്റംബർ 23 നു ഹോൻഷു ദ്വീപിലെ  യോകഹോമ തുറമുഖത്ത്  ഇന്ദിര  കപ്പലിറങ്ങുമ്പോൾ ജപ്പാനിൽ, മണ്മറഞ്ഞ  തങ്ങളുടെ പ്രിയപ്പെട്ട  തോങ്കിയുടെ രണ്ടാംവരവായി അതു വിളംബരം ചെയ്യപ്പെട്ടു. അതിനിടയിൽ തായ്‌ലണ്ടിൽനിന്നൊരു ആന ജപ്പാനിലെത്തിയിരുന്നിട്ടുകൂടി ഇന്ദിരയുടെ ഉജ്ജ്വലമായ പ്രൗഢിക്കുമുന്നിൽ പുരുഷാരം തടിച്ചുകൂടി.

മൈസൂറിൽ,  തടിപിടിക്കുന്നതിൽ മാത്രമായിരുന്നു ഇന്ദിരയ്ക്കു പരിശീലനം ലഭിച്ചത് . പക്ഷേ ജപ്പാനിലെ കുട്ടികളെ രസിപ്പിക്കാനുള്ള പ്രകടനങ്ങൾകൂടെ  അവൾ അഭ്യസിക്കേണ്ടിയിരുന്നു. അതിനായി രണ്ടുമാസം കഠിനശ്രമം വേണ്ടിവന്നു. ഭാഷതന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്‍നം. കന്നടയിലുള്ള നിർദ്ദേശങ്ങൾ മാത്രമേ അവൾക്കു മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു  ഇന്ത്യയിൽനിന്നവളെ അനുഗമിച്ച പാപ്പാന്മാരുടെ സഹായത്തോടെയാണ് പരിശീലനം നടന്നത്.  ഒക്ടോബർ മാസത്തിൽ അവൾ കാണികൾക്കു മുന്നിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. ജപ്പാൻ   പ്രധാനമന്ത്രിയായിരുന്ന യോഷിദ ഷിഗേരു തന്നെ ആ ദൗത്യം നിർവ്വഹിക്കുകയുണ്ടായി. ഇന്ദിരയെ ഒരുനോക്കുകാണാൻ ആബാലവൃദ്ധം ജനങ്ങളും ടോക്കിയോയിലെ  യൂഎനോ മൃഗശാലയിൽ തടിച്ചുകൂടി.  വളരെപ്പെട്ടെന്നാണ് ഇന്ദിര ജപ്പാന്റെ പ്രിയദർശിനിയായത്.

അടുത്തവർഷമായപ്പോഴേക്കും ടോക്കിയോയിൽ  മാത്രമല്ല ജപ്പാനിലാകെ ഇന്ദിരയ്ക്ക്  ആരാധകരുണ്ടായി . അകലെയുള്ള ഗ്രാമവാസികൾക്കുപോലും  അവളെ ഒരുനോക്കുകാണാൻ ആശയേറി. അതിനാൽ  അധികൃതർ  ഇന്ദിരയുമായി ജപ്പാന്റെ വീവിധയിടങ്ങളിലേക്ക് ഒരു പദയാത്രതന്നെ നടപ്പാക്കി. ബോധിസത്വന്റെ നാട്ടിൽനിന്നെത്തിയ ഈ കുലീനമൃഗത്തെക്കാണാൻ അവർ ആവേശത്തോടെ കാത്തുനിന്നു. മഹായുദ്ധം അടിച്ചേൽപ്പിച്ച തിക്താനുഭവങ്ങളിൽ ആത്മവീര്യം തന്നെ നഷ്ടമായൊരു ജനതയ്ക്ക് ഇന്ദിരയുടെ വരവ് ഉണർവ്വും ഉന്മേഷവുമേകി. അവരവളെ  സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു. ജനം പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി വഴിയോരങ്ങളിൽ അവളെ ഒരുനോക്കുകാണാൻ കാത്തുനിന്നു. ദാരിദ്ര്യം നടമാടിയിരുന്ന ഗ്രാമങ്ങളിൽ പോലും  കുട്ടികൾ പട്ടിണികിടന്നും അവൾക്കുള്ള മധുരക്കിഴങ്ങുകളുമായി അവളെക്കാണാനെത്തി. ഇന്ദിര കടന്നുപോകുന്ന വഴിയിൽ അവർ തൂവെള്ളയിൽ ചുവന്നവൃത്തമുള്ള ജപ്പാൻപതാക വീശിക്കാട്ടി.   പക്ഷേ ഈ ആഹ്ലാദത്തിമിർപ്പൊക്കെ ഇന്ദിരയെ വല്ലാതെ അസ്വസ്ഥയാക്കുകയാണു ചെയ്തത് .  മധുരം നൽകിയൊക്കെ ഒരുവിധത്തിൽ അവളെ ശാന്തയാക്കി. എങ്കിലും  സാധാരണയുള്ള ചെപ്പടിവിദ്യകളൊന്നും കാട്ടാൻ അവൾ തയ്യാറായില്ല.  നാടിനെ ഇളക്കിമറിച്ച  ഈ ആനസവാരി കഴിഞ്ഞ് ഇന്ദിര യൂഎനോ മൃഗശാലയിൽ തിരികെയെത്തുമ്പോഴേക്കും   നാൽപതു ലക്ഷത്തോളം പേരാണ് അവളെ ഒരുനോക്കുകണ്ടു സായൂജ്യമടഞ്ഞത്.

സന്ദർശകരുടെ  തിരക്കുള്ള  പകലുകലിലെ ആരവങ്ങളൊഴിയുമ്പോൾ , കൂരിരുട്ടുമാത്രം ഒപ്പമുണ്ടാകുന്ന വിഷാദഭരിതമായ  ഏകാന്തരാവുകളിൽ   അവളൊരുപക്ഷേ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നിരിക്കാം. . സഹ്യപർവ്വതസാനുക്കളിലെ  അവളുടെ സ്വസ്ഥജീവിതവും അവിടെ അവളാസ്വദിച്ച സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒപ്പം കളിയാടിനടന്ന ചങ്ങാതിമാരും  കടക്കണ്ണെറിയുന്ന കൊമ്പന്മാരും ഒക്കെ അവളുടെ മനോമുകരത്തിൽ തെളിഞ്ഞിരിക്കാം . അതവളെ സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരിക്കാം.

യൂഎനോ മൃഗശാലയിൽ ആകർഷണകേന്ദ്രമായി ഇന്ദിര മാറിയെങ്കിലും ഭാരതത്തിൽ അവളെക്കുറിച്ചു പിന്നീടുകേൾക്കുന്നതു നെഹ്രുവും പുത്രി ഇന്ദിരയും 1957 ൽ ജപ്പാൻ സന്ദർശിച്ച വേളയിലാണ്. ജപ്പാനിൽ വിമാനമിറങ്ങിയ നെഹ്രു ആദ്യമാവശ്യപ്പെട്ടത് ഇന്ദിരയെ കാണണമെന്നായിരുന്നത്രേ!

1967 ൽ മൃഗശാലയിലേക്കു കൊണ്ടുവന്ന ജമ്പോ എന്ന വികൃതിക്കൊമ്പൻ ഇന്ദിരയുമയി വഴക്കിട്ട്, അവളെ ഒമ്പതടി താഴ്ചയുള്ള ഒരു കിടങ്ങിലേക്കു തള്ളിയിട്ടു.    അപ്രതീക്ഷിതമായ   വീഴ്ചയുടെ ആഘാതവും  കാഴ്ചക്കാരുടെ നിലവിളികളും ആരവങ്ങളും, നിരീക്ഷണത്തിനായി  മുകളിൽ പറന്നുകൊണ്ടിരുന്ന ഹെലികോപ്ടറിന്റെ കാതടപ്പിക്കുന്ന ഒച്ചയുമെല്ലാംകൂടി അവളെ പ്രക്ഷുബ്ധയാക്കി. ക്യാൻസർ ബാധിച്ചു കിടപ്പിലായിരുന്ന, അവളുടെ  ആദ്യപാപ്പാൻ ഒച്ചായി സീഗോ,  മരണശയ്യയിൽനിന്നെഴുന്നേറ്റുവന്നാണ് അവളെ ആശ്വസിപ്പിച്ചു ശാന്തയാക്കിയത്. (പത്തുദിവസങ്ങൾക്കുശേഷം സീഗോ ഇഹലോകവാസം വെടിഞ്ഞു.)

ഈ സംഭവം ഇന്ദിരയിലേൽപിച്ച ആഘാതം ചില്ലറയായിരുന്നില്ല. അവൾ കിടന്നുറങ്ങാൻ തന്നെ പിന്നീടു കൂട്ടാക്കിയില്ല. കാരണം കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ കഴിയുന്നോയെന്നവൾ ഭയപ്പെട്ടിരുന്നു. നിന്നുറങ്ങുമ്പോൾ ഒരിക്കൽ അവൾ  വീണുപോയി. എങ്കിലും തത്രപ്പെട്ട്         എഴുന്നേൽക്കാനായി. കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നെങ്കിലും  ഇന്ദിരതന്നെയായിരുന്നു മൃഗശാലയിലെ പ്രധാനാകർഷണം. 1972 ൽ ചൈനയിൽനിന്നു രണ്ടു ഭീമൻപാണ്ടകളെ മൃഗശാലയിലെത്തിക്കുന്നതുവരെ ആ സ്ഥിതി തുടർന്നു.  ഒടുവിൽ, തന്നെ സ്നേഹവാത്സല്യങ്ങൾകൊണ്ടു പൊതിഞ്ഞ ഒരു ജനതയെ കണ്ണീരിലാഴ്ത്തി, തന്റെ 49-)മത്തെ വയസ്സിൽ ഇന്ദിരയെന്ന പിടിയാന സമയതീരത്തിനപ്പുറത്തേക്കു നടന്നുപോയി. മൂന്നുദശാബ്ദത്തിലേറെ രണ്ടു രാജ്യങ്ങൾക്കിടയിലെ സമാധാനദൂതികയായിക്കഴിഞ്ഞ ഇന്ദിര നാമാവശേഷയായി. അവൾക്കുള്ള അനുശോചനസന്ദേശമായി മൃഗശാല ഡയറക്ടർ   ഇങ്ങനെ പറഞ്ഞു.
"ഇന്ദിരാ,  അങ്ങുദൂരെനിന്നു നീ ഇവിടെയെത്തി. ഞങ്ങളുടെ രാജ്യത്തു ജീവിക്കാൻ നീ ഏറെ ബുദ്ധിമുട്ടിക്കാണും. എന്നിട്ടും നീ ഞങ്ങൾക്കേകിയത് അളവറ്റ ആനന്ദമായിരുന്നു. എത്രയോ സംവത്സരങ്ങൾ  അതു തുടർന്നു. നീ എന്നും ഞങ്ങളുടെ ഓർമ്മയിലുണ്ടാവും. നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊള്ളുന്നു."

പൂക്കളാൽ അലംകൃതമായ, ഇന്ദിരയുടെ ചിത്രത്തിനുമുന്നിൽ ജനം കണ്ണുനീർ വാർത്തു. 1995 ൽ ഇന്ദിരയുടെ അസ്ഥികൾ ചേർത്തുവെച്ചു കൂട്ടിയിണക്കി യൂഎനോ മ്യൂസിയത്തിൽ പ്രദർശനത്തിനായി തയ്യാറാക്കി. അങ്ങനെ വീണ്ടും ഇന്ദിര കുട്ടികളുടെ കണ്ണുകൾക്കു കൗതുകമായി. ജപ്പാനിൽ ഇന്ത്യൻഭക്ഷണത്തെ പരിചയപ്പെടുത്തിയ, പ്രശസ്ത സംരംഭകൻ, നായർസാൻ എന്ന എ എം നായർ, അവളോടുള്ള സ്നേഹസൂചകമായി, തന്റെ വിപണനോത്പന്നമായ  കറിപ്പൊടിക്ക് 'ഇന്ദിര'യെന്നാണ് പേരുനൽകിയത്. ഇന്ദിരയുടെ വിയോഗമറിഞ്ഞ സാക്ഷാൽ ഇന്ദിര - ഇന്ദിരാ ഗാന്ധിയും അതീവദുഃഖിതയായി. ഇന്ദിരയുടെ വിയോഗം ജപ്പാനിലെ കുട്ടികളെ ‌ദുഃഖത്തിലാഴ്ത്തിയിരിക്കുമെന്നു നന്നായറിയാവുന്നതിനാൽ    അവർ 1984  സെപ്റ്റംബറിൽ രണ്ടാനകളെ അവിടേക്കയക്കുകയുണ്ടായി. ഒരുമാസത്തിനുശേഷം ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുകയും ചെയ്തു.

Tuesday, August 27, 2019

ഓർമ്മത്താളുകളിലെ മത്തങ്ങകൾ (katha)

ഓർമ്മത്താളുകളിലെ മത്തങ്ങകൾ
=============================

"എന്താ മോൾടെ  പേര് ?"
അന്നൊക്കെ ഞങ്ങളുടെ കോളേജിലെ കീഴ്‌വഴക്കം   അതായിരുന്നു . പരിചയമില്ലാത്ത കുട്ടികളോട് മോളെന്നു വിളിച്ചേ സംസാരിക്കുമായിരുന്നുള്ളു. വലിയ ക്‌ളാസ്സുകളിലെ കുട്ടികളെ ചേച്ചിയെന്നും വിളിക്കണം. അന്നൊക്കെ എന്നുപറഞ്ഞാൽ ഞാൻ പ്രീഡിഗ്രിക്കുചേർന്നു കോളേജിൽപോകാൻ തുടങ്ങിയ കാലത്ത്. ഒരുദിവസം  കോളേജിൽപോയി മടങ്ങുന്ന വഴിയിലാണ് എന്നെപ്പോലെ ഒറ്റയ്ക്കു  നടന്നുപോകുന്ന ആ കുട്ടിയെ കണ്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും കണ്ടിരുന്നു. അതുകൊണ്ടു ഒന്നു പരിചയപ്പെടാമെന്നു കരുതി.
"സാലിമ്മ" കിലുകിലാന്നുള്ള ശബ്ദത്തിൽ  മറുപടിവന്നു.
"നിന്റെ പേരോ?" ഇങ്ങോട്ടുള്ള ചോദ്യവും വളരെ വേഗം.
നീ എന്ന് വിളിച്ചത് എനിക്കത്ര ഇഷ്ടമായില്ലെങ്കിലും ഞാൻ പേരു  പറഞ്ഞു.
"ഏതു ഗ്രൂപ്പാ ?" ഞാൻ ചോദിച്ചു
"കല്യാണഗ്രൂപ്പ് " എടുത്തടിച്ചതുപോലെ മറുപടി വന്നു. ഞാനന്തംവിട്ടു. അങ്ങനെ ഒരു ഗ്രൂപ്പുള്ളതായി കേട്ടിട്ടേയില്ല.
" ങേ! അങ്ങനെയുമൊരു ഗ്രൂപ്പുണ്ടോ ?" എന്റെ അജ്ഞതയിൽ തെല്ലപകർഷതാബോധം തോന്നിയെങ്കിലും ഞാൻ ചോദിച്ചു.
" പച്ചമലയാളത്തിൽ പറഞ്ഞാൽ ഹോം സയൻസ്" സാലിമ്മ എന്നെ രൂക്ഷമായി നോക്കിക്കൊണ്ടാണതു പറഞ്ഞത്.
മറുപടിയില്ലാതെ ഞാൻ പകച്ചു നോക്കി.
എന്റെ നോട്ടത്തിലെ ശങ്ക മനസ്സിലാക്കിയെന്നോണം സാലിമ്മ പറഞ്ഞു.
"വല്യ വീട്ടിലെ പെൺപിള്ളാരെയൊക്കെ കെട്ടിക്കുന്നതുവരെ കോളേജിൽ പറഞ്ഞുവിടാനുള്ള ഗ്രൂപ്പാണ് ഹോം സയൻസ്. വല്യവീട്ടിലെയല്ലെങ്കിലും പത്തിൽ കഷ്ടി പാസ്സായകൊണ്ടു ഇതു  പഠിച്ചാൽ മതീന്ന് അപ്പച്ചൻ പറഞ്ഞു. എനിക്ക് ഫോർത്തു ഗ്രൂപ്പാരുന്നു  ഇഷ്ടം.  നമ്മുടെ കോളേജിൽ അതില്ലല്ലോ. ഈ തലതെറിച്ച  എന്നെ ആൺപിള്ളേരുള്ള കോളേജിൽ വിടാൻ അപ്പച്ചന് പേടി. അതാ ഇവിടെത്തന്നെ കല്യാണഗ്രൂപ്പിൽ  ചേർന്നത്. " ഒരു ദീർഘനിശ്വാസത്തോടെ സാലിമ്മ പറഞ്ഞു നിർത്തി. വളരെ വേഗത്തിലാണവളുടെ സംസാരം. ചെറിയൊരു ഗ്യാപ്പിട്ട്  നല്ലൊരു ചിരി മുഖത്ത് നിറച്ച് ചോദിച്ചു.
" ആട്ടെ, നീയേതുഗ്രൂപ്പാ ?"
" ഫസ്റ്റ് " ഞാൻ വിനയത്തോടെ പറഞ്ഞു
"ശ്ശൊ! ഈ എ പ്ലസ് ബി ദ ഹോൾ സ്‌ക്വയറൊക്കെ  ഓർക്കുമ്പോഴേ എനിക്ക് ഭ്രാന്ത് വരും. നീയൊക്കെ അതെങ്ങനെ പഠിക്കുന്നു!" പുരികം ചുളിച്ച്, ചുണ്ടുകൾ വക്രിച്ച് അവൾ ആക്രോശിച്ചു. പിന്നെ ചെറുപുഞ്ചിരിയോടെ തുടർന്നു.
 " എനിക്കീ കണക്ക് തീരെ ഇഷ്ടമല്ല. അത് പഠിക്കുന്നവരെയും. ഞങ്ങളുടെ സ്‌കൂളിലുമുണ്ടായിരുന്നു സെന്റ് പേര് സെന്റ് കണക്കത്തികൾ. എന്തൊരു ജാടയായിരുന്നെന്നോ അവളുമാർക്ക്!  നിന്നെക്കണ്ടിട്ടു കുഴപ്പമില്ലെന്ന് തോന്നുന്നു. എനിക്കിഷ്ടമായി"
ഞാൻ കുറച്ചുസമയത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ ചോദിച്ചു എവിടെയാണു  താമസിക്കുന്നതെന്ന്.
" കുരിശുപള്ളീടെയപ്പറത്തെ   വീട്ടിൽ വാടകയ്ക്കാ" അവൾ പറഞ്ഞു.
ആ വീടെനിക്കറിയാം. സ്ഥിരമായി വാടകക്കാർ താമസിക്കുന്ന വീട്. പി ഡബ്ള്യു ഡി യിലെ ഒരുദ്യോഗസ്ഥനായിരുന്നു അവിടെ താമസിച്ചിരുന്നത്. അദ്ദേഹം സ്ഥലം മാറി പോയിട്ടുണ്ടാവും.
" അപ്പച്ചനെവിടെയാ ജോലി?" ഞാൻ അടുത്ത ചോദ്യം തൊടുത്തു.
"പി ഡബ്ള്യു ഡി യിൽ. മാർച്ചിലാ അപ്പച്ചനിങ്ങോട്ടു സ്ഥലംമാറ്റം കിട്ടിയത്. ഞങ്ങളു കഴിഞ്ഞമാസമാ വന്നത്."
" വീട്ടിൽ നിങ്ങളെത്രമക്കളാ ?" വീണ്ടും ഞാൻ ജിജ്ഞാസുവായി
"ഹാഫ് ഡസൻ  ഗേൾസ്"
"ങേ !" ഞാൻ അദ്‌ഭുതംകൂറി
" എന്താ നിനക്ക് മനസ്സിലായില്ലേ.. പച്ചമലയാളത്തിൽ പറഞ്ഞാൽ അരഡസൻ പെൺപിള്ളേർ."
"ഹഹഹ..." ഞാൻ ഉറക്കെത്തന്നെ ചിരിച്ചുപോയി
" അതിനു നീയെന്തിനാ ഇത്ര ചിരിക്കുന്നത് ?" അവൾ നെറ്റി ചുളിച്ചു ചോദിച്ചു
" ഏയ് ഒന്നുമില്ല. എന്റെ വീട്ടിൽ അതിന്റെ പകുതിയേ ഉള്ളു." വീണ്ടുമെന്നെ അപകർഷതാബോധം പിടിമുറുക്കി. അതിനെ ഒന്ന് പോഷിപ്പിക്കാനെന്നോണം സാലിമ്മ പറഞ്ഞു.
" നാലു ചേച്ചിമാരും ഒരനിയത്തിയുമൊക്കെ വെല്യ ഭാഗ്യമുള്ളൊർക്കേ കിട്ടൂ. നിനക്ക് എന്നേക്കാൾ ഭാഗ്യം കുറവാ."
അതേ അവൾ പറഞ്ഞത് വളരെ സത്യം. അവളെന്നേക്കാൾ ഭാഗ്യവതിതന്നെ. അവളുടെ അപ്പച്ചനിപ്പോഴും അവളോടൊപ്പമുണ്ടല്ലോ. എന്റെയച്ഛൻ എന്നേ  കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എനിക്കവളോട് കുറച്ചൊരസൂയയും തോന്നി.
പിന്നെയും കുറേ വർത്തമാനങ്ങൾ പറഞ്ഞു ഞങ്ങൾ നടന്നു. അവളുടെ പ്രസരിപ്പും ചിരിയും സംസാരവുമൊക്കെ എനിക്ക് വളരെയിഷ്ടമായി. അല്പം ഇരുണ്ടനിറമാണ്. പക്ഷേ  ചെറിയ മുല്ലമൊട്ടുകൾപോലുള്ള വെളുത്ത പല്ലുകൾ കാട്ടിയുള്ള ചിരി   സുന്ദരമാണ്. കോലൻ മുടി തോളിനു തൊട്ടുതാഴെവെച്ചു ക്രോപ്പ്ചെയ്തിരിക്കുന്നു. അവളുടെ മുഖത്തിനതു നന്നായി ചേരുന്നുണ്ട്. മിഡിയും ടോപ്പുമാണു മിക്കവാറും ദിവസങ്ങളിലെ  വേഷം. അതും അവൾക്കു നന്നായിണങ്ങും. എല്ലാംകൊണ്ടും  എനിക്ക് സാലിമ്മയെ നന്നേ ഇഷ്ടമായി.
പിന്നീടു വല്ലപ്പോഴുമൊക്കെ കോളേജിലേക്കും തിരിച്ചുമുള്ള യാത്രയിൽ കണ്ടുമുട്ടി. പിന്നെ കുറേ ദിവസങ്ങളിൽ അവളെ കണ്ടതേയില്ല. ഇടയ്ക്കുവെച്ചു ആ ചങ്ങാതിയെ  ഞാൻ മറന്നോ എന്നും സംശയംതോന്നി.
ഒരു ദിവസം കോളേജിൽനിന്നു  മടങ്ങുമ്പോൾ എന്നെ പേരെടുത്താരോ പിന്നിൽനിന്നു  വിളിച്ചു. തിരഞ്ഞുനോക്കിയപ്പോൾ അതു  സാലിമ്മയായിരുന്നു. പതിവുപോലെ കാലിപ്പാത്രത്തിൽ കല്ലുകളിട്ടു കിലുക്കുന്നതുപോലെ അവൾ കലപില സംസാരിച്ചു. ഇടയ്ക്കിടക്കു തമാശകൾ പറഞ്ഞു . ഹോം സയൻസ് പഠിപ്പിക്കുന്ന സിസ്റ്റർ ലൂസിയെയും  കെമിസ്ട്രി പഠിപ്പിക്കുന്ന മിസ്സ് എലിസബത്തിനേയുമൊക്കെ അനുകരിച്ചു സ്വയം പൊട്ടിച്ചിരിച്ചു. ഒരു കമ്പനികൊടുക്കാൻ ഞാനും ചിരിച്ചു. ഞങ്ങളുടെ ചിരികണ്ടിട്ടാവാം എതിരെവന്ന നാണിപ്പണിക്കത്തി കർക്കിച്ചൊന്നു തുപ്പി.
"ഹും അസൂയയാ ..അസൂയ. അല്ലെങ്കിലും ഈ കടുംവെട്ടുകൾക്കെല്ലാം മുഴുത്ത അസൂയയാ." സാലിമ്മ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു ചുണ്ടുകൾ ഇടത്തേക്കും വലത്തേക്കും മാറിമാറി വേഗത്തിൽ  ചലിപ്പിച്ചു . അപ്പോഴും എനിക്കു  ചിരിവന്നു. പക്ഷേ  എന്തിനാണു നാണിപ്പണിക്കത്തിയെ കടുംവെട്ടെന്നു വിളിച്ചതെന്ന് മനസ്സിലായില്ല. ചോദിക്കാനൊരു മടി. മുമ്പൊരിക്കൽ ഇങ്ങനെയെന്തോ ഒന്ന് ചോദിച്ചപ്പോൾ
"നിന്റെ തലയ്ക്കകത്തു മണ്ണാങ്കട്ടയാ" എന്നു  പറഞ്ഞാക്ഷേപിച്ചതോർമ്മവന്നു.
 അതു  ശരിയായിരിക്കാം. അവൾ പറയുന്ന കാര്യങ്ങൾ പലതും  എനിക്കു  മനസ്സിലാവാറില്ല. ചിലപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവൾ പൊട്ടിച്ചിരിക്കും. എതിരെവരുന്നവരെക്കുറിച്ചാകാം. മറ്റെന്തെങ്കിലുമാകാം. ഞാനന്തംവിട്ടുനോക്കുമ്പോൾ കുറച്ചു കോപമഭിനയിച്ചവൾ പറയും
 " ഒരു ട്യൂബ് ലൈറ്റ് വന്നിരിക്കുന്നു. ഹും."  പിന്നെയതൊന്നു വിശദമാക്കും. അപ്പോളെനിക്കും പൊട്ടിച്ചിരിക്കാതിരിക്കാനാവില്ല.  എനിക്കവളെപ്പോലെ നർമ്മബോധത്തോടെ സംസാരിക്കാനൊന്നും  അറിയില്ല. താരതമ്യം ചെയ്താൽ ആകെയൊരുകാര്യത്തിലെ ഞാനവളുടെ മുന്നിലെത്തൂ. പത്താംക്‌ളാസ്സിൽ കിട്ടിയ മാർക്കിലാണത്. പക്ഷേ പരീക്ഷകളും മാർക്കുമൊന്നും അവൾക്കൊരു  പ്രശ്നമേയല്ലായിരുന്നു.
സാലിമ്മയുടെ  മൂത്തചേച്ചി നാലുകൊല്ലം മുമ്പാണ് ബി എ പാസ്സായത്. ജോലിക്കായി ടെസ്റ്റുകൾ എഴുതിക്കൊണ്ടിരിക്കുന്നു. അതിനുതാഴെയുള്ള രണ്ടുപേർ പലവട്ടം ശ്രമിച്ചെങ്കിലും  പ്രീഡിഗ്രി കടന്നിട്ടില്ല. ടൈപ്പും ഷോർട്ട്ഹാൻഡും തയ്യലുമൊക്കെ പഠിച്ചു നടക്കുന്നു. അതിനും താഴെയുള്ളയാൾ ബീഹാറിലോ മറ്റോ  നഴ്‌സിംഗ് പഠിക്കുന്നു. അനിയത്തി ആറാംക്‌ളാസ്സിലെത്തിയിട്ടേയുള്ളു. അമ്മച്ചിക്ക് എന്തൊക്കെയോ അസുഖങ്ങളുണ്ടത്രേ. അപ്പച്ചനു  നല്ല ശമ്പളമുണ്ടെങ്കിലും  വരുമാനത്തിൽ നല്ലൊരു പങ്ക് ചികിത്സയ്ക്കായിപോകും. ഇടയ്ക്ക് അമ്മച്ചി ആശുപത്രിയിലാകുമ്പോൾ കോളേജിൽവരുന്നതൊക്കെ കണക്കാണ്. ഹോംസയൻസ് ഡിപ്പാർമെന്റിന്റെ  HOD സിസ്റ്റർ ലൂസി  അവളുടെ അപ്പച്ചന്റെ അകന്നൊരു ബന്ധുവായതുകൊണ്ടു അവൾക്കു പല ഇളവുകളും കൊടുത്തിരുന്നു. അങ്ങനെയിങ്ങനെ ആ വർഷമങ്ങു കടന്നുപോയി. അടുത്തവർഷം എനിക്ക് ഒരു  ഫസ്റ്റ് പിഡിസി ക്കാരിയെ വീടിനടുത്തുന്നുതന്നെ കൂട്ടുകിട്ടി. സാലിമ്മയെ കണ്ടതേയില്ല. ഒന്നാംവർഷത്തെ റിസൾട്ട് വന്നതുകഴിഞ്ഞൊരു ദിവസം അവളെന്റെ ക്‌ളാസ് തേടിപ്പിടിച്ചു വന്നു.
"നിന്റെ കൈയിൽ ഫസ്റ്റ് ഇയറിന്റെ ഇംഗ്ലീഷ് നോട്ടുണ്ടോ ?" കണ്ടയുടനെ അവൾ ചോദിച്ചു.
ഞാൻ നോട്ടൊന്നും എഴുതിവെച്ചിരുന്നില്ല. ടെക്സ്റ്റ് ബുക്ക് പഠിക്കാറുണ്ടായിരുന്നതേയുള്ളു. പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രാധാനപ്പെട്ടതെന്നു പറയുന്നതൊക്കെ അവിടെത്തന്നെ മാർക്കുചെയ്‌തുവയ്ക്കുകയോ കുറിച്ചുവെക്കുകയോ ചെയ്യും. അതു പറഞ്ഞപ്പോൾ അവളെന്നെ നന്നായൊന്നു പിച്ചി.
"നോട്ടെഴുതാതെയാണോ കഴുതേ പഠിക്കുന്നത്.   നീയെവിടുത്തെ പഠിപ്പിസ്റ്റാ"
" ഇപ്പഴെന്തിനാ കഴിഞ്ഞ വർഷത്തെ നോട്ട് ?"ഞാൻ ചോദിച്ചു.
" ഹിന്ദിയൊഴികെ ബാക്കിയെല്ലാം പൊട്ടി നിൽക്കുവാ ഞാൻ. എല്ലാം  ഇംപ്രൂവ്മെന്റ് എഴുതി പാസ്സാകണം. ബാക്കിയൊക്കെ ക്‌ളാസ്സിൽനിന്നു കിട്ടി. ഇംഗ്ലീഷ് കിട്ടിയവർ ക്‌ളാസ്സിലും  വളരെക്കുറവാ. അതുകൊണ്ടു അതുമാത്രം കിട്ടിയില്ല."
" ഞങ്ങളുടെ ക്‌ളാസ്സിലെ ആരുടെയെങ്കിലും കൈയിലുണ്ടൊന്നു ഞാൻ ചോദിക്കാം."
"ങാ ചോദിച്ചോ.. ഞാനും തിരക്കട്ടെ വേറെ കിട്ടാനുണ്ടോന്ന്"
"സാലിമ്മയെ ഇക്കൊല്ലം വഴിയിൽ കണ്ടതേയില്ലല്ലോ"
"നിയറിഞ്ഞില്ലായിരുന്നോ, ഞാനിപ്പോ ഹോസ്റ്റലിലാ. അമ്മച്ചീടെ അസുഖമൊക്കെക്കാരണം പഠിപ്പു ശരിയാകില്ലെന്നുപറഞ്ഞ് അപ്പച്ചൻ ഹോസ്റ്റലിലാക്കി. അപ്പച്ചന്റെ വകേലൊരമ്മായിയാ സിസ്റ്റർ ലൂസി. ഹാജരില്ലെന്നുപറഞ്ഞു പരാതി. സിസ്റ്ററാ പറഞ്ഞത് ഹോസ്റ്റലിൽ നില്ക്കാൻ."
അതും പറഞ്ഞ് അവൾ നടന്നു. വേഗം തിരിഞ്ഞുനിന്നു പറഞ്ഞു. 
"ഇന്നു ഞാനുമുണ്ട് വീട്ടിലേക്ക്. കോളേജ് വിടുമ്പോ നീ ഗേറ്റിന്റെ മുന്നിൽ നിൽക്കണേ" അവളോടിപ്പോയി.
വൈകുന്നേരം ഞാനും എന്റെ ഫസ്റ്റ് പിഡിസി കൂട്ടുകാരിയും സാലിമ്മ വരുന്നതും കാത്തു നിന്നു. വൈകാതെ ഒരു വലിയ ബാഗും തോളിൽതൂക്കി അവൾ വന്നു.
"നിങ്ങളു കാത്തുനിൽക്കുന്നതുകൊണ്ടു  കാപ്പികുടിക്കാതെയാ പോന്നത്. "
" കുടിച്ചിട്ടു വന്നാൽപോരായിരുന്നോ." ഞങ്ങൾ  ഒരേ ശബ്ദത്തിൽ ചോദിച്ചു.
"അപ്പോപ്പിന്നെ താമസിക്കില്ലേ. എന്നും ചെല്ലുന്ന നേരത്തു  നിങ്ങളെക്കാണാതെ വന്നാൽ വല്ല ഉമ്മാക്കിയും പിടിച്ചോന്നു വീട്ടിലിരിക്കുന്ന  കാർന്നോമ്മാര് പേടിച്ചാലോ"
അവൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു. ഞങ്ങൾക്കു  രണ്ടുപേർക്കും അത്ര ചിരിയൊന്നും വന്നില്ല.
"ഹോ! ലാസ്റ്റ് അവർ മത്തങ്ങാ വരച്ചു മടുത്തു" അവൾ നെറ്റിയിൽ കൈകൊടുത്തു പറഞ്ഞു.
" ബോട്ടണിയായിരുന്നോ?" എന്റെ ചോദ്യം
" അല്ലല്ല . സുവോളജി "
"സുവോളജിയിൽ മത്തങ്ങ വരയ്ക്കാനുണ്ടോ?" ഞാനമ്പരന്നു.
"എനിക്കറിയാം. സിസ്റ്റർ ജോയ്‌സ് അല്ലാരുന്നോ ക്‌ളാസിൽ ?" എന്റെ സ്ഥിരം സഹയാത്രിക ഒരു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.
"ഞങ്ങളും സിസ്റ്ററിന്റെ ക്‌ളാസിൽ മത്തങ്ങ വരയ്ക്കും" സെക്കൻഡ് ഗ്രൂപ്പുകാരിയായ  അവൾ പ്രസ്താവിച്ചു. എന്നിട്ടു നിഷ്കരുണം എന്നെ അവഗണിച്ചു രണ്ടാളുംകൂടി പൊട്ടിച്ചിരിച്ചു.
എനിക്കദ്‌ഭുതമായി. രണ്ടുപേരും സുവോളജിക്‌ളാസ്സിൽ എന്തിനാ മത്തങ്ങ വരയ്ക്കുന്നത്! അവരുടെ ചിരി കഴിഞ്ഞപ്പോൾ ഇത്തിരി സഹതാപം തോന്നിയത് സാലിമ്മയ്ക്കു തന്നെ. കാര്യം വിശദീകരിച്ചുതന്നു. സിസ്റ്റർ ജോയ്സിന് നല്ല തടിയാണ്. പൊക്കം കുറവും.  എന്തു  ടോപ്പിക്കായാലും   പേരുകളൊക്കെ   ബോർഡിലെഴുതി   പടവും വരച്ചു വിശദീകരിച്ചേ പഠിപ്പിക്കൂ. അവർ ബോർഡിലേക്കു തിരിഞ്ഞുനിൽക്കുമ്പോൾ ഉടുപ്പിന്റെ വലിയ പ്ലീറ്റുകൾ ഒരു മത്തങ്ങയുടെ രൂപം തോന്നിപ്പിക്കുമത്രേ. അത് വരയ്ക്കുന്നതാണു കുട്ടികളുടെ ഹോബി. ഞാനപ്പോൾ ഞങ്ങളെ പഠിപ്പിക്കുന്ന സിസ്റ്റർമാരെ ഓർത്തു. എല്ലാവരും മെലിഞ്ഞവരാണ്. മാത്‍സ് ഡിപ്പാർമെന്റിലെ സിസ്റ്റർ ഏയ്മാഡ് മാത്രം നല്ല തടിച്ചിട്ടാണ്. പക്ഷേ അവർ ഡിഗ്രിക്ലാസിലാണു പഠിപ്പിച്ചിരുന്നത്. ഡിഗ്രിക്കു  മാത്‍സ് മെയിനെടുത്താൽ എനിക്കും വരയ്ക്കാം  മത്തങ്ങ..
പിന്നെയും ഒരുപാടു വിശേഷങ്ങൾ തമാശയുടെ മേമ്പൊടി ചേർത്ത്  സാലിമ്മ പറഞ്ഞുകൊണ്ടേയിരുന്നു. വഴിനീളെ  ഒരുപാടു ചിരിച്ചു. ഒടുവിൽ പിരിഞ്ഞു. പിന്നെ ഒരിക്കലും സാലിമ്മയെ കണ്ടിട്ടേയില്ല. കാണാൻ ശ്രമിച്ചതുമില്ല. അവളുടെ ക്‌ളാസ്സ് മറ്റൊരു ബിൽഡിങ്ങിലായിരുന്നു എന്ന് വേണമെങ്കിൽ കാരണം പറയാം.
ദിവസങ്ങൾ അതിവേഗം ഓടിമാഞ്ഞു. സ്റ്റഡിലീവും പരീക്ഷയും പിന്നെ അവധിക്കാലവും റിസൾട്ടും ഒന്നിനുപിന്നാലെയെത്തി. ഡിഗ്രിയ്ക്ക് മാത്‍സ് മെയിനെടുത്തു ധാരാളം മത്തങ്ങകൾ വരച്ചു.
സാലിമ്മയെ കണ്ടതേയില്ല. അവർ വീടുമാറിയകാര്യം പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞിരുന്നു.
കാലചക്രം അതിവേഗമുരുണ്ടു. ഞാൻ മുംബൈവാസിയായി. ഒരിക്കൽ ഒരവധിക്കാലം കഴിഞ്ഞു മുംബൈക്കു മടങ്ങാൻ ട്രെയിൻ കാത്തു റെയിൽവേസ്റ്റേഷനിലിരിക്കുമ്പോൾ എന്റെ എതിർവശത്തുള്ള സീറ്റുകളിൽ മൂന്നു കന്യാസ്ത്രീകൾ വന്നിരുന്നു. സിസ്റ്റർ എയ്മാഡിന്റേതുപോലെ ചാരനിരത്തിലെ കുപ്പായമായിരുന്നു മൂന്നുപേർക്കും. എനിക്ക്  അവരിൽ ഒരാളുടെ മുഖം നല്ല കണ്ടുപരിചയമുള്ളതുപോലെ തോന്നി. പക്ഷേ അതാരാണെന്നു വ്യക്തമാകുന്നില്ല. കുറേസമയം ഞാൻ ഓർമ്മത്താളുകളിൽ അരിച്ചുപെറുക്കി. എന്നിട്ടും  പിടികിട്ടുന്നില്ല. അങ്ങനെയിരിക്കെ അവർക്കുള്ള തീവണ്ടിയെത്തി. മൂവരും വേഗം അവിടെനിന്നു ആൾത്തിരക്കിനിടയിൽ മറഞ്ഞു.
അധികം താമസിയാതെ ഞങ്ങളുടെ തീവണ്ടിയുമെത്തി. ട്രെയിനിലിരുന്നും എന്റെ ചിന്ത ഓർമ്മത്താളുകളിൽ മറഞ്ഞുപോയ ആ മുഖത്തെക്കുറിച്ചായിരുന്നു. ഒരുനിമിഷം പെട്ടെന്നാ  മുഖം തെളിഞ്ഞു. ഇരുണ്ട നിറവും കോലൻമുടിയും മുല്ലമൊട്ടുപോലുള്ള പല്ലുകളുമുള്ള  പഴയ സാലിമ്മ. ആ സാലിമ്മയാണ് ഒരു കന്യാസ്ത്രീയായി ഞാനിന്നു കണ്ടത്. അന്നു തീരെ മേലിഞ്ഞിട്ടായിരുന്നെങ്കിലും ഇന്നു  കണ്ടപ്പോൾ നല്ല തടിയുണ്ടായിരുന്നു. പെട്ടെന്നെനിക്കു പഴയ മത്തങ്ങയുടെ കാര്യമോർമ്മവന്നു. ശ്ശോ! സിസ്റ്റർ നടന്നപ്പോൾ പിന്നിൽ  മത്തങ്ങ വന്നോയെന്നു നോക്കേണ്ടതായിരുന്നു. എനിക്കതോർത്തപ്പോൾ ചിരിയടക്കാനായില്ല.
"അമ്മയെന്തിനാ ചിരിക്കൂന്നേ" മോന്റെ നിഷ്കളങ്കമായ ചോദ്യം.
" ഏയ്  ഒന്നുമില്ല . മോന് വിശക്കുന്നില്ലേ. നമുക്ക് ചോറുണ്ടാലോ" ഞാൻ വിഷയം മാറ്റി. പിന്നെ ഞങ്ങൾ ഊണുകഴിക്കാനിരുന്നു. അപ്പോഴും എന്റെ ചിന്തകൾ സാലിമ്മയെക്കുറിച്ചായിരുന്നു. ഇപ്പോൾ എന്തായിരിക്കാം അവളുടെ പേര്? സിസ്റ്റർ സിൽവിയ എന്നോ സിസ്റ്റർ എമിലി എന്നോ ഒക്കെയാണെങ്കിൽ അവൾക്കു നന്നായി ചേരും. ഇനിയിപ്പോ സിസ്റ്റർ സാലിയെന്നുതന്നെയായിരിക്കുമോ? അറിയില്ല. ഇനി എന്നെങ്കിലും എവിടെവെച്ചു കണ്ടാലും ഞാനവളെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു മത്തങ്ങക്കഥ പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിക്കും, തീർച്ച.
ഇപ്പോഴും ഒറ്റയ്ക്കിരിക്കുമ്പോൾ സുവോളജിക്‌ളാസിലെ മത്തങ്ങകൾ എന്നെ ചിരിപ്പിക്കാറുണ്ട്.

















Sunday, August 25, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 3

മുക്തേശ്വറിലെ സൂര്യോദയം
--------------------------------------------
'മുക്തേശ്വർ' എന്ന പേര് നമുക്കു  പരിചിതമായത് ജിം കോർബെറ്റ്‌ എന്ന വിഖ്യാതനായ എഴുത്തുകാരന്റെ 'Man-Eaters of Kumaon' എന്ന പ്രശസ്തനോവലിലൂടെയാണ്. ഇന്നും നരഭോജികളെ കൊന്നൊടുക്കിയ  ജിംകോർബെറ്റിന്റെ  കഥകൾ അന്നാട്ടുകാരുടെ ഉൾപുളകമാണ്.  അതുപറയാൻ അവർക്കിന്നും ആയിരം നാവാണ്.

ഉത്തരാഞ്ചലിലെ ( ഉത്തരാഖണ്ഡ് ) നൈനിറ്റാൾ ജില്ലയിലെ ഒരു മനോഹരപ്രദേശമാണ് മുക്തേശ്വർ. ഹിമാലയത്തിലെ ക്യുമായോൺ ഡിവിഷനിലാണ്, സമുദ്രനിരപ്പില്‍നിന്ന് 2286 അടി ഉയരത്തിലുള്ള ഈ ഹിൽസ്റ്റേഷൻ. ഇവിടെയുള്ള 'മുക്തേശ്വർ ധാം' എന്ന പുരാതന ശിവക്ഷേത്രത്തിന്റെ പേരിൽനിന്നാണ് ഇന്നാടിന് ഈ പേരു ലഭിച്ചത്. ബ്രിട്ടീഷ്ഭരണകാലത്ത് മുക്തേശ്വര്‍ കേന്ദ്രീകരിച്ചു  നിരവധി പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിനാൽ അക്കാലത്തു മുക്തേശ്വർ പ്രസിദ്ധിയാർജിച്ചിരുന്നു. എന്നാൽ ഇക്കാലത്തെ മുക്തേശ്വറിന്റെ പ്രസിദ്ധി ഹിമാലയാദർശനത്തിന്റെ പേരിലാണ്.  പ്രത്യേകിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ
രണ്ടാമത്തെ കൊടുമുടിയായ നന്ദാദേവിയുടെ ദർശനസൗഭാഗ്യം മുക്തേശ്വറിൽനിന്നു ലഭിക്കുമെന്നുള്ളതാണ്.

മുക്തേശ്വറിന്റെ  ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ കാതഗോടം ആണ്. മുംബൈയിൽനിന്ന് രണ്ടുഘട്ടമായായിരുന്നു ട്രെയിൻയാത്ര. ആദ്യത്തേത് ഡൽഹിവരെയും അവിടെനിന്നു കാതഗോടം വരെയും. ഡൽഹിയിൽനിന്ന് ഏകദേശം ഏഴുമണിക്കൂർ ട്രെയിൻയാത്രയുണ്ട് കാതഗോഡത്തേക്ക്.  പിന്നീട് റോഡുമുഖേനയുള്ള യാത്രയായിരുന്നു. രണ്ടുമണിക്കൂറിലധികമെടുത്തു മുക്തേശ്വരിലെ 'ത്രിശൂൽ ഓർച്ചാഡ്‌' എന്ന റിസോർട്ടിലെത്താൻ. ഒരു സ്വഗ്ഗതുല്യമായ സ്ഥലമാണത്.  എവിടേക്കു നോക്കിയാലും മലനിരകളുടെ നിന്മോന്നതികൾ. റിസോർട്ട് സ്ഥിതിചെയ്യുന്നത് വളരെ ഉയരമുള്ളൊരു മലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായാണ്.  വിവിധവർണ്ണങ്ങളിലെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചുറ്റുപാടിലാണ് റിസോർട്ട്. ഔദ്യോഗികരംഗത്ത് ഉന്നദപദവിയലങ്കരിച്ചിരുന്നൊരു സർക്കാരുദ്യോഗസ്ഥനായിരുന്നു  അതിന്റെ ഉടമയായ വിക്രം ബിഷ്ത്. അദ്ദേഹത്തിന്റെ ഭാര്യ മുനിസിപ്പാലിറ്റി ചെയർപേഴ്സണായിരുന്നു അന്ന്.   അവർ താമസിക്കുന്നൊരു വലിയ കെട്ടിടവും അതിനോടുചേർന്ന്,  റിസോർട്ടിലെത്തുന്നവർക്കായി മുറികൾ സജ്ജീകരിച്ചിരിക്കുന്നൊരു കെട്ടിടവും ചേർന്നതാണ് പ്രധാനഭാഗം. അവിടെനിന്ന് പടിക്കെട്ടുകളിറങ്ങിച്ചെന്നാൽ കാണുന്നത്  കോട്ടേജുകൾ നിരനിരയായി നിൽക്കുന്നതാണ്. മലഞ്ചെരിവായതുകൊണ്ടു മുൻഭാഗം തൂണുകളിൽത്താങ്ങി stilt house പോലെയാണ് കോട്ടേജുകൾ പണിതിരിക്കുന്നത്. തടിയും മുളയുമൊക്കെക്കൊണ്ടുള്ള ചുവരുകളും പുല്ലുമേഞ്ഞ മേൽക്കൂരയുമൊക്കെയുള്ളതുകൊണ്ടു  പുറമേനിന്നുനോക്കിയാൽ പൗരാണികത തോന്നുമെങ്കിലും അകത്ത് എല്ലാവിധ ആധുനികസജ്ജീകരണങ്ങളുമുണ്ട്. കോട്ടേജുകൾക്കു മുകൾഭാഗത്തായാണ് റിക്രിയേഷൻ ഹാളും ഡൈനിംങ് ഹാളും മറ്റും . അതിനുമപ്പുറത്തെ വിശാലമായ മുറ്റത്ത് രാത്രികാലങ്ങളിൽ ക്യാമ്പ് ഫയറും മറ്റും ഒരുക്കി വിരുന്നുകാർക്ക് ഉല്ലാസത്തിനുള്ള വേദിയൊരുക്കും. പുതിയ നിർമ്മിതികൾ അവിടവിടെയായി നടന്നുവരുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്ന് ഒരു നീന്തൽകുളമായിരുന്നു.

റിസോർട്ട് സമുച്ചയത്തിനു  താഴെയായി മലയടിവാരംവരെ വ്യാപിച്ചുകിടക്കുന്ന  കൃഷിത്തോട്ടമാണ്. ഉടമയുടെ വസതിയോടു ചേർന്ന് നിത്യഭക്ഷണത്തിനായുള്ള  പച്ചക്കറികളും പഴങ്ങളും ഉദ്പാദിപ്പിക്കാൻ  ഒരു വിസ്തൃതമായ ഗ്രീൻഹൗസും ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ പോയത് നവംബറിലായതുകൊണ്ടു പുറത്തെ  കൃഷികളൊക്കെ ഏതാണ്ട് വിളവെടുപ്പു കഴിഞ്ഞ സ്ഥിതിയിലായിരുന്നു. മഞ്ഞുകാലത്തെ വരവേൽക്കാൻ ആപ്പിൾമരങ്ങളും പിയറും പീച്ചും ചെറിമരങ്ങളുമെല്ലാം ഇലകൊഴിച്ച് ഉണങ്ങിയതുപോലെ നിലകൊണ്ടു. പച്ചക്കറികളിൽ ആകെയുണ്ടായിരുന്നത്‌ ഏതാനും കാബേജുചെടികളും കോളിഫ്ളവറും മാത്രം. പക്ഷേ  ഗ്രീൻഹൗസിൽ ധാരാളം പച്ചക്കറികളും സ്ട്രോബറിയുമൊക്കെ പാകമായി നിൽക്കുന്നുണ്ടായിരുന്നു.   റിസോർട്ട് സമുച്ചയത്തിന്റെ  മുകളിലേക്കുള്ള മലയിൽ  ഓക്കുമരങ്ങളും പൈന്മരങ്ങളും വളർന്നു നിൽക്കുന്ന കാടാണ്. പക്ഷേ  വന്യമൃഗങ്ങളൊന്നും ഉപദ്രവത്തിനെത്തില്ല.  മുകളിലേക്കു  കയറിപ്പോകാൻ ഒരൊറ്റയടിപ്പാത മരങ്ങൾക്കിടയിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. അതുകയറി മുകളിലെത്തിയാൽ 360 ഡിഗ്രി കാഴ്ച ലഭിക്കുന്നൊരു വ്യൂ പോയിന്റ് ഉണ്ട്. റിസോർട്ടിന്റെ  ചുറ്റുപാടും വൈവിധ്യമാർന്ന കാഴ്ചകൾ സഞ്ചാരികളെ വിസ്മയഭരിതരാക്കാൻ കാത്തിരിക്കുന്നു.

മദ്ധ്യാഹ്നം കഴിഞ്ഞ സമയത്താണ് ഞങ്ങളവിടെയെത്തിയത്.  ദീർഘമായ ട്രെയിൻയാത്രയുടെ  ക്ഷീണമകറ്റാൻ കുളിയൊക്കെക്കഴിഞ്ഞു, ചുറ്റുപാടുകൾ കാണാനായുള്ള യാത്രക്കായി തയ്യാറായി. മലമുകളിലേക്കാണ് ആദ്യം കയറിപ്പോയത്. 200 മീറ്ററിലധികം കയറ്റമുണ്ട് . കുത്തനെയുള്ള വഴിയായതുകൊണ്ട് അല്പം ബുദ്ധിമുട്ടിയാലേ കയറാൻ കഴിയൂ. ഹൈറേഞ്ചിൽ ജനിച്ചുവളർന്ന ഞങ്ങൾക്ക് ആ മലകയറ്റം തൃണസമാനമായിരുന്നെങ്കിലും മഹാനഗരത്തിൽ ജനിച്ചുവളർന്ന,  ഞങ്ങളുടെ സഹയാത്രികർക്ക് അതേറെ  ദുഷ്കരമായിരുന്നു. മുകളിൽനിന്നുള്ള കാഴ്ച അവർണ്ണനീയമാണ്. അലഞൊറിഞ്ഞ തിരമാലകൾപോലെ മലനിരകൾ അനന്തതിയിലേക്കു  പടർന്നുകയറുന്നു. അതിനുമപ്പുറം പ്രാലേയകഞ്ചുകം ചാർത്തിനിൽക്കുന്ന ഹിമഗിരിശൃംഗങ്ങൾ. തെക്കുഭാഗത്തേക്കു അഭിമുഖമായിനിന്നു  നോക്കിയാൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ കാഴ്ചയിലെത്തുന്ന മഞ്ഞുകൊടുമുടികളിൽ ബദരീനാഥും തൃശൂലും നന്ദാദേവിയും പഞ്ചചൂലിയും നന്ദാകോട്ടും ഒക്കെയുണ്ട്. എത്രസമയം നോക്കിനിന്നാലും ഹിമവാൻ നമ്മേ  മുഷിപ്പിക്കില്ല. പിന്നെയും പിന്നെയും തന്നിലേക്കാകർഷിക്കാൻ ഈ മുതുമുത്തശ്ശന് എന്തോ മായാജാലം അറിയാമെന്നു തോന്നും. പക്ഷേ വേറെയും  കാഴ്ചകൾ ധാരാളമുള്ളതുകൊണ്ടു അവിടെനിന്നു യാത്രയായി.

അടുത്തുള്ള ക്ഷേത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ധാരാളം മണികൾ ക്ഷേത്രത്തിന്റെ പലഭാഗത്തായി കെട്ടിതൂക്കിയിട്ടിരിക്കുന്നതുകാണാം. ഭക്തരുടെ നേർച്ചയാണത്രേ ആ മണികൾ. അതൊരദ്‌ഭുതകാഴ്ച്ചതെന്നയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞുപോയത് അടുത്തുതന്നെയുള്ള ചൗതി ജാലി അഥവാ  ചൗലി കി ജാലി എന്നറിയപ്പെടുന്ന,  ഭക്തര്‍ ഏറെ പ്രാധാന്യത്തോടെ സന്ദര്‍ശിക്കുന്ന ഒരു പുണ്യസ്ഥലത്തേക്കാണ്. വളരെ വ്യത്യസ്തമായൊരു പാറക്കെട്ടുനിറഞ്ഞ സ്ഥലമാണത്.  ദേവിയും അസുരനുമായി യുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്ത് ആ യുദ്ധത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഒരു പരിച, ആനയുടെ തുമ്പിക്കൈ, വാള്‍ എന്നിവയുടെതെന്ന് തോന്നിപ്പിക്കുന്ന രൂപങ്ങള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നുണ്ട്. മലയുടെ പുറത്തേക്കു ചരിഞ്ഞു നിൽക്കുന്ന കൂറ്റൻ പാറകൾ ഒരദ്‌ഭുതം തന്നെ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് റോക്ക് ക്ലൈംബിങ്ങിനും റാപ്പെല്ലിങ്ങിനും വളരെ അനുയോജ്യമാണ് ഈ പാറക്കെട്ടുകൾ. റിസോർട്ട് ആക്ടിവിറ്റികളിൽ വളരെ പ്രാധാന്യമുള്ളവയാണിവ. പക്ഷേ ഞങ്ങൾക്ക് അതിലൊന്നും താല്പര്യമില്ലായിരുന്നു. അതുകൊണ്ടു പാറയുടെ മുകളിൽക്കയറി ഫോട്ടോയെടുത്ത്, ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ട്, അസ്തമയം ആസ്വദിച്ച്, അവിടെനിന്നു മടങ്ങി. മരംകോച്ചുന്ന തണുപ്പുമുണ്ട്. അത്രയും തണുപ്പ് പ്രതീക്ഷിച്ചിരുന്നുമില്ല. അടുത്തദിവസം കണ്ടുതീർക്കാൻ ധാരാളം കാഴ്ചകൾ ബാക്കിയുണ്ടിവിടെ. ബ്രിട്ടീഷുകാരുടെ കാലത്ത്, 1893ല്‍ നിര്‍മിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അതിനോട് ചേർന്നുള്ള വെറ്ററിനറി മ്യൂസിയം, മുക്തേശ്വർ ക്ഷേത്രത്തിനു  സമീപമുള്ള ജിം കോർബെറ്റ്  ഇൻസ്‌പെക്ഷൻ ബംഗ്ലാവ് എന്നിവ അതിൽ പ്രധാനമായവയാണ്. ഈ ബംഗ്ലാവായിരുന്നു ജിം കോർബെറ്റിന്റെ ഇവിടുത്തെ വിശ്രമകേന്ദ്രം.

രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് റിസോർട്ട് ഉടമയും   പത്നിയും കുശലാന്വേഷണവുമായെത്തിയത്. വർത്തമാനത്തിനിടയിൽ അവിടുത്തെ സൂര്യോദയത്തെക്കുറിച്ചു പറയുകയുണ്ടായി. മലമുകളിലെ വ്യൂപോയിന്റിൽനിന്നുള്ള സൂര്യോദയദൃശ്യം അതിഗംഭീരമത്രേ! പക്ഷേ വെളുപ്പിനു നാലുമണിക്കെഴുന്നേറ്റുപോയാലേ കാണാൻ കഴിയൂ. നമ്മുടെ നാട്ടിൽ സൂര്യനുദിക്കുന്നതിനേക്കാൾ വളരെ മുമ്പേയാണ് അവിടുത്തെ സൂര്യോദയം.  നീണ്ടുകിടക്കുന്ന ഹിമാലയനിരകളിലെ കൊടുമുടികളിലോരോന്നിലായി സൂര്യനുദിക്കുംപോലും.  അതിന്റെയൊരു വലിയ ഫോട്ടോ റിസപ്‌ഷനിൽ വെച്ചിരുന്നതു ഞാൻ കണ്ടിരുന്നു. ആ കാഴ്ച നേരിട്ടുകാണാതെ ഇവിടുന്നു മടങ്ങിപ്പോകുന്നതെങ്ങനെ!   റിസോർട്ടിൽനിന്നാരും കൂട്ടുവരികയൊന്നുമില്ല. ഞങ്ങളുടെ സഹയാത്രികരാരും അത്ര വെളുപ്പിനുണരാനും സൂര്യോദയം കാണാനായി മലകയറാനും തയ്യാറുമല്ല. മോനും വരില്ലെന്നു തീർത്തുപറഞ്ഞു. ഒടുവിൽ ചേട്ടനും ഞാനും മാത്രം സൂര്യോദയം കാണാൻ പോകാൻ തീരുമാനിച്ചു, ക്യാമ്പ് ഫയറും ഡാൻസും പാട്ടുമൊക്കെ കഴിഞ്ഞു പത്തുമണിയോടെ എല്ലാവരും ഉറങ്ങാൻ പോയി. മൂന്നേമുക്കാലിന് അലാം സെറ്റ് ചെയ്തു ഞങ്ങൾ കിടന്നു.

അലാമടിച്ചപ്പോൾത്തന്നെ ഉണർന്നു സൂര്യോദയദർശനത്തിനായി തയ്യാറായി. മോൻ നല്ല ഉറക്കത്തിലാണ്. കഠിനമായ തണുപ്പുണ്ട്. സ്വെറ്ററുമൊക്കെയിട്ട് ടോർച്ചുമായി ഞങ്ങൾ മുറിക്കു പുറത്തുകടന്നു വാതിൽ പൂട്ടി മലകയറ്റം തുടങ്ങി.  തലേദിവസം നടന്നു കയറിയ വഴിയിലൂടെ കയറി മുകളിലെത്തി. നേരിയ വെളിച്ചമുണ്ട്. എങ്കിലും ടോർച്ചും സഹായത്തിനെത്തി. മുകളിലെത്തിയപ്പോൾ ആ നേർത്തവെളിച്ചത്തിലെ ഹിമാലയദൃശ്യം കോരിത്തരിപ്പിച്ചു എന്നുതന്നെ പറയാം. അപ്പോഴാണ് ക്യാമറയെടുത്തില്ല എന്നകാര്യം ഓർമ്മവന്നത്. ചേട്ടൻ അതെടുക്കാനായി താഴേക്കുപോയി. ആ വിജനതയിൽ ചൂളംകുത്തുന്ന  കാറ്റിന്റെ കഥകേട്ട് ഹിമവാനെ നോക്കി  ഞാനവിടെ തനിച്ചുനിന്നു. ആ സമയത്ത് എനിക്കു  പേടിയൊന്നും തോന്നിയില്ല. പക്ഷേ ഇന്നോർക്കുമ്പോൾ ഒറ്റയ്ക്കവിടെ നിന്നതു വിശ്വസിക്കാൻപോലും എനിക്കാവുന്നില്ല.

ചേട്ടൻപോയി കുറച്ചുകഴിഞ്ഞപ്പോൾ അതിശയിപ്പിക്കുന്നൊരു കാഴ്‌ച  കാണാൻ കഴിഞ്ഞു.  വാക്കുകളിൽ എനിക്കതു വർണ്ണിക്കാനാവില്ല. എങ്കിലും ഒന്നു  ശ്രമിക്കട്ടെ. മഞ്ഞുകൊടുമുടികളുടെ നിരയിൽ ഏറ്റവും പടിഞ്ഞാറുഭാഗത്തായി ഉയർന്നുനിൽക്കുന്ന ശൃംഗത്തിന്റെ നെറുകയിൽ ഒരു വജ്രത്തിളക്കം. ഒരു വലിയ തീക്കനൽ അവിടെ വെച്ചതുപോലെതോന്നി. മെല്ലേ,  സ്വർണ്ണച്ഛവി ചുറ്റും പടർന്നു. ശ്വാസമടക്കി, കണ്ണുചിമ്മുകപോലും ചെയ്യാതെ നോക്കിനിൽക്കുമ്പോൾ ഇടതുവശത്തേക്ക്, ഓരോരോ കൊടുമുടികളും തങ്ങളുടെ നെറുകയിൽ  ആ ഉജ്ജ്വലശോഭ പകർന്നെടുക്കുന്നു. അതങ്ങനെ നീങ്ങിനീങ്ങി ഏറ്റവും കിഴക്കുഭാഗത്തെത്തിയപ്പോൾ സൂര്യൻ ഉദയപ്രൗഢിയുമായി  അതാ ഉയർന്നു വരുന്നു. ഈ സമയമൊക്കെയും ആകാശമാകെ അതിമനോഹരമായ വർണ്ണജാലത്തിലാറാടി നിന്നിരുന്നു. സൃഷ്ടികർത്താവിന്റെ സർഗ്ഗവൈഭവത്തിനുമുന്നിൽ അനന്തകോടിപ്രണാമങ്ങളർപ്പിച്ച നിമിഷങ്ങളായിരുന്നു അത്.   ഇത്രയുമായപ്പോഴാണ് ചേട്ടൻ മടങ്ങിയെത്തിയത്. പിന്നീടുള്ള കുറേനേരത്തേക്ക്  ഹിമാലയക്കാഴ്ച അതിസുന്ദരമായിരുന്നെങ്കിലും പടിഞ്ഞാറേ കൊടുമുടിയിൽതുടങ്ങി കിഴക്കോട്ടേക്കു പോയ ഉദയത്തിളക്കം അനുപമയൊരു ദൃശ്യസൗഭാഗ്യമാണു പകർന്നുതന്നത് .( ആ മനോഹരകാഴ്ചകാണാൻ എനിക്കേ അന്നു  ഭാഗ്യം ലഭിച്ചുള്ളൂ എന്നോരുസങ്കടം ഇപ്പോഴും ബാക്കിയാകുന്നുമുണ്ട്.) അതിനുമുമ്പ്   അത്ര മനോജ്ഞമായ ഒരു സൂര്യോദയം ഞാൻ കണ്ടിരുന്നില്ല. പിന്നീട് പരസഹസ്രം ഉദയങ്ങൾ ലോകത്തിന്റെ പലഭാഗത്തായി  വന്നുപോയെങ്കിലും ചിലതെങ്കിലും കാണാനയെങ്കിലും  ഇന്നോളം അത്ര സുന്ദരമായൊരുദയം എവിടെയും  കാണാനായിട്ടില്ല. ഫോട്ടോ എടുക്കാൻ കഴിയാതിരുന്നതിൽ നിരാശതോന്നിയില്ല. കാരണം ലോകത്തിലൊരു ക്യാമറയ്ക്കും ആ സൗന്ദര്യം ഒപ്പിയെടുക്കാനാവില്ലെനിക്കുറപ്പായിരുന്നു. ഒരു ചിത്രകാരനും അതു  തന്റെ ക്യാൻവാസിൽ പകർത്താനുമാവില്ല. പക്ഷേ  ഇന്നും ആ ദൃശ്യവിസ്മയം  കാലത്തിനുപോലും മങ്ങലേല്പിക്കാൻ കഴിയാതെ എന്റെ മനസ്സിന്റെ കാൻവാസിൽ പതിഞ്ഞുകിടപ്പുണ്ട്. ആ ദൃശ്യത്തിനു  വർണ്ണം കൊടുക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ഇന്നോളം കഴിഞ്ഞിട്ടുമില്ല.













 .












Monday, August 12, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 2

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
-------------------------------------------------------------
വർഷങ്ങൾക്കു മുമ്പു നടത്തിയ, ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് മണികരൻ സന്ദർശിക്കാനിടയായത്.
കുളുപട്ടണത്തിൽനിന്ന് ഏകദേശം  45 കിലോമീറ്റർ യാത്രയുണ്ട് പാർവ്വതിതാഴ്‌വരയിലെ   മണികരനിലേക്ക്. വളരെത്തണുപ്പുള്ള സ്ഥലങ്ങളാണ് ഹിമാചൽപ്രദേശിലെ ഷിംലയും  കുളുവും മണാലിയുമൊക്കെ. കമ്പിളിക്കുപ്പായങ്ങളും ഷാളുമൊക്കെയുണ്ടെങ്കിൽപ്പോലും അരിച്ചുകയറുന്ന തണുപ്പുള്ള സ്ഥലങ്ങൾ. അങ്ങനെയുള്ളയുള്ള ഒരിടത്ത് തിളച്ചുമറിയുന്ന വെള്ളമുള്ള നീർചാലുകളും പൊയ്കകളുമൊക്കെ കാണാൻ കഴിഞ്ഞാൽ അതു  നമ്മളെ അമ്പരപ്പിക്കില്ലേ..അതാണു മണികരനിൽ കാണാൻ കഴിഞ്ഞത്.

ഹിന്ദുക്കളും സിക്കുകാരും ഒന്നുപോലെ പ്രാധാന്യം നൽകുന്നൊരു തീർത്ഥാടനകേന്ദ്രമാണ് മണികരൻ. ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ പാർവ്വതിനദിക്കരയിലാണ് ഈ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നത്.
ഹൈദവവിശ്വാസപ്രകാരം മഹേശ്വരൻ ഈ താഴ്‌വരയിൽ മൂവായിരം സംവത്സരങ്ങൾ തപസ്സനുഷ്ഠിച്ചുവെന്നും ഈ മനോഹരമായ താഴ്‌വരയ്ക്ക് അദ്ദേഹം തന്റെ പ്രേയസിയുടെ നാമംതന്നെ നൽകിയെന്നുമാണ്. ശിവപാർവ്വതിമാർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കവേ, പർവ്വതീദേവിയുടെ ആഭരണങ്ങളിൽനിന്ന്  അതിവിശിഷ്ടമായൊരു രത്നം (മണി) നദിയിൽ വീണുപോകാനിടയായി. ദേവിക്കതു കണ്ടെത്താനായതുമില്ല. ദുഃഖിതയായ ദേവി മഹേശ്വരനോടു രത്നം വീണ്ടെടുത്തുതരണമെന്നാവശ്യപ്പെട്ടു. അനന്തരം മഹാദേവൻ തന്റെ അനുചരരായ ശിവഗണങ്ങളോട്  അതിനുള്ള ആജ്ഞ നൽകി. പക്ഷേ ശിവഭൂതഗണങ്ങൾ  ആ ദൗത്യത്തിൽ പരാജയപ്പെട്ടു. കോപിഷ്ഠനായ മഹേശ്വരൻ തന്റെ തൃക്കണ്ണു തുറന്നുവത്രേ!  അപ്പോൾ ഭൂമിപിളർന്ന്‌ അനന്തകോടി രത്നങ്ങൾ പ്രത്യക്ഷപ്പെടുകയും അക്കൂട്ടത്തിനിന്നു ദേവി തന്റെ രത്നം കണ്ടെത്തിയെന്നും ഒരു കഥ.

 മറ്റൊരു കഥയിൽ, ശിവഭഗവാൻ തൃക്കണ്ണുതുറന്നപ്പോൾ  പ്രപഞ്ചമാകെ ആ രൗദ്രതയിൽ ആടിയുലഞ്ഞു. പരിഭ്രാന്തരായ ദേവന്മാർ ശേഷനാഗത്തോട് എങ്ങനെയെങ്കിലും മഹാദേവന്റെ കോപം തണുപ്പിക്കണമെന്നപേക്ഷിച്ചു. ശേഷനാഗം  സീൽക്കാരത്തോടെ ഫണമുയർത്തിയപ്പോൾ തിളയ്ക്കുന്ന വെള്ളമൊഴുകുന്നൊരു നീരുറവ പ്രത്യക്ഷമായെന്നും അവിടം  ആ ജലപ്രവാഹത്തിൽ മുങ്ങുകയും ചെയ്തത്രേ! അപ്പോൾ ദേവിയുടെ നഷ്ടപ്പെട്ട  രത്നം അവിടെ ഉയർന്നുവരികയും ചെയ്തു.  ആ നീരുറവയാണത്രെ ഇപ്പോഴും തിളയ്ക്കുന്ന ജലവുമായൊഴുകുന്നത്! ഈ രണ്ടുകഥയിലും  പാർവ്വതിയുടെ നഷ്ടപ്പെട്ട രത്നമാണ്   ആ സ്ഥലത്തിന്  മണികരൻ എന്നപേരുവരാൻ  കാരണം. മറ്റൊരു വിശ്വാസപ്രകാരം മനുഷ്യരാശിയെ നശിപ്പിക്കുവാനായി ദേവഗണങ്ങളൊരുക്കിയ മഹാപ്രളയശേഷം മനുമഹർഷി  ആദ്യമായി മനുഷ്യസൃഷ്ടി നടത്തിയതിവിടെയാണെന്നാണ്. ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക്  അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനുപകരം മുക്തിലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശികദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.  സമുദ്രോപരിതലത്തില്‍ നിന്നും 1737 മീറ്റര്‍ ഉയരത്തിലുള്ള മണികരനിലെ ശിവക്ഷേത്രം 1905 ലുണ്ടായ ഭുചലനത്തില്‍ ചെരിഞ്ഞുപോയ നിലയിലാണ് ഇന്നു കാണപ്പെടുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതുകൂടാതെ  വേറെയും  ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.


സിക്കുമതസ്ഥർക്കും മണികരൻ  ഒരു പുണ്യസങ്കേതമാണ്. അവരുടെ വിശ്വാസപ്രകാരം മതസ്ഥാപകനായ ഗുരുനാനാക്ക് തന്റെ മൂന്നാം അദ്ധ്യാത്മികപര്യടനകാലത്ത്  (1514-1518 AD-  തീസരി ഉദാസി ) ശിഷ്യരോടൊപ്പം ഇവിടെയെത്തി താമസിക്കുകയുണ്ടായെന്നും വിശന്നു വലഞ്ഞ  ശിഷ്യർക്കു ഭക്ഷണമുണ്ടാക്കാനുള്ള പദാർത്ഥങ്ങൾക്കായി  ഗുരു തന്റെ വിശ്വസ്തനായ ഭായി മർദാനയെ അടുത്തുള്ള ഗ്രാമത്തിലേക്കയച്ചുവെന്നും അവർ കൊടുത്തയച്ച  ധന്യമാവുകൊണ്ടു റൊട്ടിയുണ്ടാക്കുകയും ചെയ്‌തെന്നുമാണ് കഥ. പക്ഷേ റൊട്ടി ചുട്ടെടുക്കുന്നതിനുള്ള അഗ്നി അവിടെയുണ്ടായിരുന്നില്ല. അതേക്കുറിച്ചു പറഞ്ഞപ്പോൾ ഗുരു അവിടെക്കണ്ട ഒരു കല്ല് നീക്കാനാവശ്യപ്പട്ടു. അതിനടിയിൽ തിളച്ചുമറിയുന്ന ജലമുള്ളൊരു കുണ്ഠമായിരുന്നു. അതിൽ റൊട്ടികളും കിഴികെട്ടിയ ധാന്യങ്ങളും  ഇട്ടുകൊള്ളാൻ ഗുരു കല്പിച്ചു. പക്ഷേ അത് താഴ്ന്നുപോവുകയാണുണ്ടായത്. നിരാശനായ ഭായി മർദാനയോട് ഈശ്വരനിൽ വിശ്വസിച്ചാൽ അവ പാകമായി  പൊങ്ങിവരുമെന്നദ്ദേഹം പറഞ്ഞു. ഈശ്വരപ്രാർത്ഥനയുമായി നിന്ന മർദാന അല്പം കഴിഞ്ഞപ്പോൾ കണ്ടത് വെന്തുപാകമായ റൊട്ടികളും  ധന്യക്കിഴികളും  പൊങ്ങിവന്നതാണ്. അതിനാൽ മണികരൻ ഒരു പുണ്യസ്ഥലമായി അവർ കരുതുന്നു. വളരെ പ്രസിദ്ധമായൊരു ഗുരുദ്വാരയും(സിക്കുകാരുടെ ആരാധനാകേന്ദ്രം) ഇവിടെയുണ്ട്. പൊങ്ങിവന്ന റൊട്ടിയെ അവലംബിച്ചാകാം,  ഈശ്വരഭക്തിയോടെ ദാനം ചെയ്താൽ നഷ്ടപ്പെട്ട വസ്തുക്കൾ, പ്രത്യേകിച്ച് ജലത്തിൽ മുങ്ങിപ്പോയ വസ്തുക്കൾ, തിരികെലഭിക്കുമെന്ന വിശ്വാസം സിക്കുകാരുടെയിടയിൽ നിലനിൽക്കുന്നുണ്ട്.

കുളുവിൽ ഒരു രാത്രി തങ്ങിയശേഷം രാവിലെയായിരുന്നു മണികരനിലേക്കുള്ള യാത്ര. അതികഠിനമായ തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നതുപോലെ. പക്ഷേ ചുറ്റുമുള്ള കാഴ്ചകൾ അതിമനോഹരം. പൈന്മരങ്ങളും ദേവതാരുക്കളും വളർന്നുനിൽക്കുന്ന മലകളും അതിസുന്ദരമായ താഴ്‌വാരങ്ങളുമൊക്കെ കടന്ന് പതഞ്ഞുപാഞ്ഞൊഴുകുന്ന പാർവ്വതിനദിക്കരയിലാണു ഞങ്ങൾസഞ്ചരിച്ച വാഹനം എത്തിനിന്നത്. ഒരു പാലം കടന്നാണ് ക്ഷേത്രങ്ങളും ഗുരുദ്വാരയുമുള്ള മറുകരയിലെത്തുന്നത്. ദൂരെനിന്നേ അവിടെമാകെ പുക ഉയരുന്നതുപോലെ തോന്നും. അടുത്തുചെല്ലുമ്പോഴാണ് പുകയല്ല, അതു നീരാവിയാണെന്നറിയുന്നത്. അത്ര ദൂരവും  കൊടും തണുപ്പു സഹിച്ചാണു വന്നതെങ്കിലും അവിടെയെത്തുമ്പോൾ നല്ല ചൂട്. ചവുട്ടിനടക്കുന്ന  പാറകളൊക്കെ, മരവിച്ചു കിടക്കുന്നതിനു പകരം നല്ല ചുടായാണ് കിടക്കുന്നത്. ചില പാറകളിൽ ചവുട്ടുമ്പോൾ കാല് പൊള്ളിപ്പോകുന്നോ എന്നുതോന്നും. പലയിടങ്ങളിലും തിളച്ചുമറിയുന്ന ജലമുള്ള കുണ്ഠങ്ങൾ കാണാം. ഈ ജലകുണ്ഠങ്ങൾ പവിത്രമായാണ് കരുതപ്പെടുന്നത്.  അവയിൽ ധാന്യങ്ങൾ കിഴികെട്ടിയിട്ടാൽ കുറച്ചു സമയത്തിനുശേഷം  വെന്തുപാകമായി  ലഭിക്കും. ഭക്തർ  അതൊരു നേർച്ചപോലെ ചെയ്യാറുണ്ട്. വിനോദസഞ്ചാരികൾ വെറുമൊരു കൗതുകത്തിനായും. അതിനുള്ള ധാന്യങ്ങൾ കിഴികളിലാക്കി വിൽക്കാൻ കച്ചവടക്കാരും ധാരാളമുണ്ട്. ഗുരുദ്വാരയിലെ ലംഗാറിനുള്ള ഭക്ഷണം  ഇങ്ങനെ വേവിച്ചാണത്രേ  തയ്യാറാക്കുന്നത്! പാത്രങ്ങളിൽ നിറച്ചും കിഴിയായുമൊക്കെ അരിയും പരിപ്പും പയറുമൊക്കെ ഈ കുണ്ഠങ്ങളിൽ നിക്ഷേപിക്കുന്നു. അവ വെന്തുപാകമാകുമ്പോൾ പുറത്തെടുക്കും.

ഗുരുദ്വാരയിലെത്തിയാൽ ലംഗാറിൽ പങ്കെടുക്കാതെ പോകുന്നത് ഒരു നിന്ദയായും അശുഭകരമാണെന്നുമൊക്കെ   വിശ്വാസം. അതുകൊണ്ടുതന്നെ  ഉച്ചഭക്ഷണത്തിനുള്ള സമയമാകഞ്ഞിട്ടും ഞങ്ങളും അവിടെനിന്നു ഭക്ഷണം കഴിച്ചിട്ടാണു മടങ്ങിയത്. തികച്ചും സൗജന്യമാണ് ഈ ഭക്ഷണവിതരണം. മനഃസംതൃപ്തിക്കായി  നമുക്കു കഴിയുന്ന തുക  അവിടെ സംഭാവന കൊടുത്തുപോരാം. ഏറ്റവും വൃത്തിയായി സ്വാദിഷ്ഠമായ വിവിധ വിഭവങ്ങളടങ്ങിയ ഭക്ഷണമാണ് ഭക്തർക്ക് വിളമ്പുന്നത്. സിക്കുമതവിശ്വാസികൾക്ക് ഈ സദ്യയൊരുക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനുമൊക്കെ പങ്കെടുക്കുകയെന്നത് ഈശ്വരവിശ്വാസത്തിന്റെ ഒരു ഭാഗമാണ്. അതിസമ്പന്നകുടുംബങ്ങളിലെ അംഗങ്ങൾപോലും അർപ്പണബുദ്ധിയോടെ ഈ ജോലികളിൽ പങ്കെടുക്കുന്നത് അവിടെയൊരു നിത്യസംഭവം. ഭക്ഷണത്തിനുള്ള പലവകകൾ ദാനം ചെയ്യുന്നതും അവർക്ക് ഈശ്വരസേവതന്നെ.   സൗജന്യതാമസസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞത്.

  ചില നീരുറവകൾ താപനില താരതമ്യേന കുറഞ്ഞവയാണ്. അവിടെയൊക്കെ കുളിക്കാനുള്ള സൗകര്യമുണ്ട്. ഔഷധഗുണമുള്ള ജലമാകയാൽ അവിടെ സ്നാനം ചെയ്യുന്നത് പല രോഗങ്ങൾക്കും ശമനമുണ്ടാക്കുമെന്ന വിശ്വാസവും ഭക്തർക്കുണ്ട്.
ഒരു സ്നാനഘട്ടത്തിൽ ചൂടുറവയും തണുത്ത ഉറവയും അവയൊന്നിച്ചു ചേർത്തു സ്നാനത്തിനു യോജിച്ച താപനിലയിലാക്കിയ ജലവും ഉള്ള മൂന്നു പൊയ്കകൾ കാണാം. അവിടെ സ്നാനം ചെയ്യുന്ന അനേക ഭക്തജനങ്ങളുമുണ്ട്.
ശാസ്ത്രഗവേഷണങ്ങളിൽ റേഡിയോ ആക്റ്റീവ് ആയ ധാതുക്കളുടെ സാന്നിധ്യമാണ് ഈ ഉയർന്നതാപനിലയ്ക്കു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതമായ ഗന്ധകസാന്നിധ്യവും ഈ ജലത്തിലുണ്ടത്രേ. അതുകൊണ്ട്  ഈ ചൂട് നീരുറവകളിൽ സ്നാനം ചെയ്യുന്നവർ പത്തുമിനുട്ടിലധികം വെള്ളവുമായി സമ്പർക്കത്തിലാകരുതെന്ന നിർദ്ദേശവുമുണ്ട്. പക്ഷേ ഭക്തജനങ്ങൾ അതു വേണ്ടത്ര കണക്കിലെടുക്കുന്നുണ്ടോ എന്നു സംശയമില്ലാതില്ല .

ഇവിടെയുള്ള മറ്റൊരദ്‌ഭുതമാണ് ഖീർഗംഗ എന്ന പേരുള്ള ഒരു നീരുറവ. മലയിൽനിന്നു താഴേക്കൊഴുകുന്ന ഈ അരുവി ഗന്ധകസാന്നിധ്യം കൊണ്ടാവാം വെളുത്തനിറത്തിലാണ് കാണപ്പെടുന്നത്. ഈ നിറമാണ് ഈ പേരിനും ആധാരം. ഖീർ എന്നാൽ പായസം. ഈ അരുവികണ്ടാൽ പാല്പായസം ഒഴുകിവരുന്നതായി തോന്നും.

ആത്മീയമായി പലകാരണങ്ങൾ ഇവിടെയെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നുവെങ്കിൽ മറ്റുള്ളവരെ ഇങ്ങോട്ടാകർഷിക്കുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഇവിടുത്തെ  അവാച്യമായ പ്രകൃതിസൗന്ദര്യവുമാണ്. ഞങ്ങൾ പോയത് ഒക്ടോബർ മാസത്തിലായിരുന്നു. മഞ്ഞുവീഴ്ചയൊന്നും തുടങ്ങിയിരുന്നില്ല. പക്ഷേ   മഞ്ഞുകാലത്ത് അവിടമാകെ മഞ്ഞിനടിയിലാകും. അതുകൊണ്ടുതന്നെ അങ്ങോട്ടേക്കുള്ള  യാത്രയും ക്ലേശകരമാകും.
മണികരനിലെ ചൂടുനീരുറവകൾ ഇവിടെയൊരു ജിയോ തെർമൽ പവർ പ്ലാന്റ്  പ്രവർത്തനമാരംഭിക്കുന്നതിനും സഹായകമായി.

സ്‌കൂൾകാലങ്ങളിൽ ഭൂമിശാസ്ത്രപുസ്തകത്തിൽ ചൂടുനീരുറവകളെക്കുറിച്ചു പഠിച്ചപ്പോൾ എവിടെയെങ്കിലും പാറയ്ക്കിടയിൽനിന്നു വരുന്ന ചെറിയ ചൂടുള്ള ഉറവകളെയാണ് ഭാവനയിൽ കണ്ടിരുന്നത്. ഇത്തരം വിപുലമായൊരു ജലസ്രോതസ്സ്, അതും ഇത്രയധികം ചൂടുള്ളത് സങ്കല്പിക്കാൻകൂടി കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മണികരനിലെ ഈ ചൂടുനീരുറവകൾ നൽകിയ വിസ്മയം സീമാതീതമാണ്. പിന്നീട് പലയിടങ്ങളിലും ഇത്തരം ചൂടുറവകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ ഞാൻ താമസിക്കുന്ന കല്യാണിനടുത്തുള്ള വാജ്രേശ്വരിയിലെ ക്ഷേത്രത്തോടനുബന്ധിച്ചും ഇത്തരം ചൂടുറവകളുണ്ട്.  എന്തൊക്കെയായാലും മണികരൻ  നൽകിയ വിസ്മയം അവിസ്മരണീയം.

Image result for Manikaran geothermal in Himachal Pradesh.

Image may contain: Mini Mohanan and MD Mohanan, people standing and outdoor


Image may contain: 3 people, including Mini Mohanan, people standing and outdoor




Tuesday, August 6, 2019

വാത്സല്യം. - നിമിഷകവിതമത്സരം (സംസ്കൃതി സാഹിത്യവേദി)

വാത്സല്യം. - നിമിഷകവിതമത്സരം (സംസ്കൃതി സാഹിത്യവേദി)

1. അമ്മിഞ്ഞപ്പാലിൻ  മധുരവു,മച്ഛൻതൻ
വാത്സല്യവർഷത്തിന്നാർദ്രതയും
ചേർന്നൊരുക്കുന്നതാം സ്വർഗ്ഗത്തിലാവണം
മക്കൾ വളർന്നിനിക്കാണുവാൻ നാളെയെ

2 .മാതൃത്വമെന്നാലത്രേ 
സ്നേഹവാത്സല്യങ്ങൾതൻ
ആകെത്തുകയാണതതെ-
ന്നെങ്ങുമെന്നുമോർക്കുകിൽ .
കാക്കയ്ക്കും തൻകുഞ്ഞതു  
പൊന്കുഞ്ഞാണെന്നായതും
ഈ മഹദ്‌വാത്സല്യത്തിൽ
ശ്രേഷ്ഠമാം ദൃഷ്ടാന്തം താൻ.

3. പേരക്കിടാവിനു മുത്തശ്ശി നൽകുന്ന
വാത്സല്യമെത്ര മധുരതരം!
അമ്മിണിക്കുഞ്ഞിന് അമ്മാവനേകുന്ന
സ്നേഹവാത്സല്യമതെത്രകേമം !
അനിയത്തിവാവയ്ക്കു കുഞ്ഞേട്ടനേകുന്ന
വാത്സല്യമുത്തത്തിനെന്തു ചേല്!
കുഞ്ഞനിയത്തിക്കു ചേച്ചിക്കൊടുക്കുന്ന
വാത്സല്യമെന്നും മഹത്തരം താൻ!.

4. മുരളീധരാ , മുകുന്ദാ,  ജനാർദ്ദനാ
വരമരുളീടുക കൃഷ്ണമുരാരേ
നിൻ ഭക്തവാത്സല്യം ഞങ്ങളിലെന്നും
നീ ചൊരിയേണമേ കരുണാകരാ..

5 നീർമണിമുത്തുകൾ വാരിവിതറിയീ
മണ്ണിലേക്കെത്തുന്നു  വർഷകാലം
ആ സ്നേഹവാത്സല്യത്തേൻ നുകർന്നീടുവാൻ
കാത്തുനിൽക്കുന്നു തരുലതകൾ.
മഴവന്നു ചുംബിച്ചുണർത്തുവാൻ വേണ്ടിയീ
പൂമൊട്ടുകൾ നിദ്ര പുൽകിനില്പൂ.
മണ്ണിൽപുതഞ്ഞുകിടന്നുറങ്ങുന്നതാം
വിത്തുകളും കാത്തുകാത്തിരിപ്പൂ.

6. എത്രമേൽ വാത്സല്യദുഗ്ദ്ധം പകർന്നതാ-
ണമ്മ നമുക്കെന്നറിയാമതെങ്കിലും
ഒക്കെ മറന്നൊരു വൃദ്ധസദനത്തിൻ
കോണിലായ് കൊണ്ടെറിയുന്നു മാതാവിനെ
നമ്മൾതൻ മക്കളെ എത്ര സ്നേഹിക്കിലും
നാളെ നമുക്കുമീ ഗതിയെന്നതോർക്കാതെ
ചെയ്തുകൂട്ടുന്നോരു ക്രൂരതയ്‌ക്കുത്തരം
കാലം നമുക്കുതരുമെന്നതേ സത്യം!

7. പൂർവ്വാംബരത്തിന്റെ  കോണിലായ് ചെഞ്ചായം
പൂശിയെത്തുന്നു പുലരിവീണ്ടും
ബാലാർക്കരശ്മിതൻ വാത്സല്യചുംബനം
നെറ്റിയിൽ വന്നുപതിക്കുവാനായ്
മഞ്ഞിൻപുതപ്പിനിന്നടിയിലുറങ്ങുന്നു  
സർവ്വംസഹയാകും ഭൂമിദേവി.

8. പാഠശാലയിലെന്നും ഗുരുവിൻ ഭേദ്യം മാത്രം
കിട്ടിയ ശിഷ്യർക്കും മേൽനാളതിലറിഞ്ഞിടും
ആ ഹൃദയത്തിനുള്ളിൽ അടക്കിപ്പിടിച്ചൊരാ
വാത്സല്യക്കടലിന്റെ ആഴവും അർത്ഥാംശവും.

9. അമ്മേ , വസുന്ധരേ,
നിൻസ്നേഹവാത്സല്യമെല്ലാമറിഞ്ഞിട്ടും
നിന്നെ ദ്രോഹിക്കുന്നു നിന്റെ മക്കൾ
സർവ്വംസഹേ, നീ  പൊറുക്കുക  മാതേ
നിന്റെയീ മക്കൾതന്നജ്ഞാനപർവ്വം

10. പൊന്നുണ്ണിക്കിത്തിരി മാമമൂട്ടാൻ
എത്രകഥകൾ പറഞ്ഞതമ്മ.
എന്നിട്ടും ശാഠ്യം പിടിച്ചിടുന്നു
അമ്പിളിമാമനെ വേണമത്രേ!
വാത്സല്യപ്പൊന്മുത്തമേകിയമ്മ
കൊഞ്ചുന്നു തങ്കക്കുടത്തിനോടായ്
'അമ്പിളിമാമനെ കൊണ്ടുവന്നു
നൽകിടാമുണ്ണീ, നീ മാമമുണ്ണ്'.

11. അമ്മയായ്ത്തീർന്നാൽ പെണ്ണിൻ
മനസ്സിൽത്തുടികൊട്ടും
തൻതങ്കക്കുടത്തിനോ-
ടുള്ള സ്നേഹവാത്സല്യം.
തൊടിയിൽ തുള്ളുന്നതാം
പൈക്കിടാവിവിനും പിന്നാ- 
ക്കറുമ്പിക്കുഞ്ഞാടിനും
കരയും കുറിഞ്ഞിക്കും
കളിക്കും നായ്ക്കുട്ടിക്കും
ചിലയ്ക്കും കിളികൾക്കും
ഒന്നുപോലവൾ നൽകും
വാത്സല്യാമൃതം സ്നേഹാൽ. .................posted

12. ഭാരതമാതേ നിന്റെ
മക്കളെ സ്നേഹിക്കയാൽ
ഇത്രമേൽ വാത്സല്യം നീ
ഞങ്ങളിൽ ചൊരികയാൽ
ജീവിതം കൊടുത്തും നിൻ
നാമത്തെ രക്ഷിക്കുവാൻ
സുദൃഢം സുനിശ്ചിതം
ബാധ്യസ്ഥരാണീ മക്കൾ

13. പല്ലില്ലാമോണകൾ കാട്ടിച്ചിരിക്കുന്ന
പിഞ്ചോമനക്കുഞ്ഞിനെന്തുചന്തം!
അക്കുഞ്ഞിൻ കൊഞ്ചലിലെല്ലാം മറക്കുന്ന 
അമ്മതൻ സ്നേഹത്തിൻ പാലാഴിയും
അച്ഛന്റെ നെഞ്ചിലെ വാത്സല്യത്തേൻകൂടും
എത്രമേൽ മാധുര്യമുള്ളതെന്നോ!

14. വാത്സല്യമേകുന്ന സദ്ജനങ്ങൾക്കൊക്കെ
സ്നേഹാദരങ്ങൾ പകർന്നിടേണം.
എന്നും മനസ്സിൽ കരുതണം നാന്ദിയാ-
സ്നേഹവായ്പ്പിന്നു  പകരമായി.

15. പുഞ്ചിരിക്കും നറുംപൂക്കൾക്കു സൂര്യൻ
എത്രമേൽ വാത്സല്യമേകിടുന്നു
പച്ചത്തുരുത്തുകൾക്കേകുന്നു സ്നേഹമീ
പൂഞ്ചോലയെന്നും സഹർഷമായി.
ഒന്നും തിരിച്ചുകിട്ടില്ലെന്നറിഞ്ഞട്ടും
അവർനൽകും  സ്നേഹമതെത്രശ്രേഷ്ഠം!

16. മന്ദാനിലൻ  വന്നു സ്നേഹാതിരേകത്താൽ
മെല്ലെത്തഴുകിക്കടന്നുപോകേ
ആ മുഗ്ദ്ധവാത്സല്യമെന്നെയേതോ സ്വർഗ്ഗ-
പ്പൂങ്കാവനത്തിലണച്ചുവല്ലോ

17. വിദ്യാലയത്തിൻ  പടികടന്നെത്തുന്ന
കുഞ്ഞുകുരുന്നുകൾക്കെത്രയും വാത്സല്യ-
മേകും ഗുരുജനങ്ങൾ ദൈവതുല്യർ.
മാനിച്ചിടേണമാ സന്മനസ്സെന്നുമേ
നൽകിടേണം സാദാ സ്നേഹാദരങ്ങൾ.

18. പാവക്കുരുന്നിനെ താലോലിച്ചും പിന്നെ
പാലുകുടിപ്പിച്ചും താരാട്ടിയും
തങ്കക്കുടമിന്നു കാട്ടിത്തരുന്നുണ്ടു
ഞാനവൾക്കേകുന്ന വാത്സല്യത്തെ.

19. തുള്ളിക്കളിച്ചങ്ങു  പാഞ്ഞുനടക്കുന്ന
പൈക്കിടാവിത്തിരി ദൂരെയായാൽ
അമ്മപ്പശു വിളിക്കുന്നുണ്ടു കുഞ്ഞിനെ
വാത്സല്യമൂറുന്ന നാദമോടെ

20. വാത്സല്യമെത്രയുണ്ടെങ്കിലും മക്കൾതൻ
കുറ്റങ്ങൾ കാണുകിൽ ചൊൽകവേണം.
തെറ്റുതിരുത്തുവാൻ സ്‌നേഹം കുറയ്ക്കാതെ
കുഞ്ഞുങ്ങളെ പ്രേരിപ്പിച്ചിടവേണം ......posted

21. മുറ്റത്തെ പൂച്ചട്ടിക്കുള്ളിലായ് പ്രാവുകൾ
ചേലുള്ള കൂടു ചമച്ചുവെച്ചു.
പിന്നെയാക്കൂട്ടിലോ കണ്ടു ഞാൻ, മുട്ടകൾ
രണ്ടെണ്ണം തൂവെള്ള മുത്തുപോലെ.
നാളുകൾപോകവേ മുട്ടവിരിഞ്ഞുര-
ണ്ടോമനക്കുഞ്ഞുങ്ങൾ വന്നണഞ്ഞു.
അച്ഛനുമമ്മയും മാറിമാറിപ്പോയി
ഭക്ഷണം തേടിവരുന്ന കാഴ്ച.
എത്ര മനോഹരമെത്ര കൗതൂഹലം
മാതൃപിതൃവാത്സല്യങ്ങൾ കാണാൻ. 

22. എന്നയല്പക്കത്തെ മുത്തശ്ശിക്കെപ്പോഴും
കൂട്ടിനായുണ്ടൊരു നായക്കുട്ടി.
മക്കളും പേരക്കിടാങ്ങളുമില്ലാത്ത
മുത്തശ്ശിതന്നേക തോഴനത്രേ !
എന്തൊരു സ്നേഹമാണെത്ര വാത്സല്യ-
മാണാ നായയോടാനല്ല  മുത്തശ്ശിക്ക്!
സ്നേഹവാത്സല്യങ്ങളൊക്കെയും നായ
മടക്കിനൽകീടും പതിന്മടങ്ങായ്.

23. പണ്ടൊരു മൂഷികൻ, സന്യാസിവര്യനോ-
ടാശയറിയിച്ചു പൂച്ചയാകാൻ
വാത്സല്യത്തോടെ തലോടിയാ സന്യാസി
മൂഷികനെയൊരു പൂച്ചയാക്കി.
പിന്നെയും ആശകളേറിവ,ന്നൊക്കെയും
സന്യാസിവര്യൻ സഫലമാക്കി
ഒടുവിലൊരു  കടുവയായ് മാറിയ മൂഷികൻ
സന്യാസിവര്യന്റെ നേർക്കുചാടി
ചൂണ്ടുവിരൽകൊണ്ടു മുനിയതാ മാനത്തു
വൃത്തമതൊന്നു വരച്ചുവെച്ചു.
മൂഷികൻ പിന്നെയും മൂഷികനായ് മാറി
കഷ്ടമല്ലാതെന്തു ചൊല്ലീടുവാൻ!

23 . സ്നേഹവാത്സല്യങ്ങളില്ലാത്ത ലോകം
പൂക്കളില്ലാത്തൊരു പൂങ്കാവനം
ആ ലോകമെത്ര വിരസ,മാ ജീവിതം
ദുഷ്കരം, മൃത്യുവാണേറെ ഭേദം.

24 . വാത്സല്യമോടെന്നെ തൊട്ടുതലോടുന്ന
മന്ദാനിലൻ എന്റെ ചങ്ങാതിയോ..
സ്നേഹത്താലെന്നെ ചുംബിക്കുവാൻ വരും
ചാറ്റൽമഴയെന്റെ സ്നേഹിതയോ..
ആരാകിലും നിങ്ങളെന്നുമെനിക്കെന്റെ
ജീവനുതുല്യം പ്രിയമെഴുന്നോർ. 

25. പകലന്തിയോളവും പാടത്തും തൊടിയിലും
പണിയെടുത്തിട്ടിട്ടു പടിക്കലെത്തുന്നമ്മ
പൈതങ്ങളോടിവന്നമ്മയെപ്പുണരുമ്പോ-
ളാനെഞ്ചിലൊഴുകുന്നു വാത്സല്യത്തേനരുവി.

 26. പ്രകൃതിയാണമ്മയീ മഹിയിലേവർക്കും
എത്ര വാത്സല്യം പകരുന്നതീയമ്മ!
കാറ്റും മഴയും വെയിലും മഴവില്ലും
പൂക്കളും പക്ഷിമൃഗങ്ങളും മത്സ്യവും
കടും മലയും  നദിയും സമുദ്രവും
ഒക്കെയും നമ്മൾക്കായമ്മ നല്കുന്നതാം
സ്നേഹാമൃതത്തിന്റെ സാക്ഷ്യപത്രം
ആ മഹത്വത്തിൻ വിളംബരങ്ങൾ.

27. എത്ര വാത്സല്യം ചൊരിഞ്ഞാലും
എത്രമേൽ സ്നേഹം പകർന്നാലും
വാർദ്ധക്യകാലത്തു സ്നേഹം ലഭിക്കുവാൻ
വേണം നമുക്ക് ജന്മാന്തരപുണ്യം

28. വാത്സല്യതേന്മഴയെത്ര ചൊരിഞ്ഞാലും
കുഞ്ഞുമക്കൾക്കു മതിയാവില്ല.
അമ്മയുമച്ഛനുമമ്മൂമ്മയും പിന്നെ
അപ്പൂപ്പനും ചേച്ചി, ചേട്ടന്മാരും
എല്ലാരുമേകണം  മേൽക്കുമേലായ്
സ്നേഹവാത്സല്യങ്ങളെന്നുമെന്നും

29. വാത്സല്യമില്ലാതെ, സ്നേഹമറിയാതെ
വാനിലെ നക്ഷത്രക്കുഞ്ഞുങ്ങൾപോൽ
തീർത്തുമനാഥരായെത്രയോ മക്കളീ
ഭൂമിയിലുണ്ടു നാം കണ്ടിടാതെ.
ഒരുവിരൽത്തുമ്പൊന്നു നീട്ടുക സ്നേഹത്തിൻ
ഒരുതിരിനാളം കൊളുത്തീടുക.

30. പൊന്നുണ്ണിക്കിടാങ്ങളതെത്രമേൽ വളർന്നാലും
അമ്മമാർക്കെന്നുമവർ കുഞ്ഞുപൈതങ്ങളല്ലോ
അവരെക്കാണീടുകിൽ അമ്മതൻമാറിൽനിന്നും
ഒഴുകും വാത്സല്യത്തിൻ ആയിരം മഹാനദി. 

31. അമ്മതൻ സ്നേഹവാത്സല്യങ്ങളെന്നും
ഏറെപ്പുകഴ്ത്തുന്നു മക്കളെല്ലാവരും
അളവറ്റ വാത്സല്യം ഹൃത്തിലൊളിപ്പിച്ച
അച്ഛനെയാരുമറിഞ്ഞിടുന്നില്ലയോ ..

32. തൊണ്ടയിലന്നം നിറച്ചുവരുന്നൊരു
അമ്മക്കിളിയുടെ വാത്സല്യമോ
കാക്കയും പൂച്ചയും കണ്ടെടുത്തിടാതെ
കാത്തിരിക്കുന്നച്ഛൻതൻ സ്നേഹമോ
ഏതാണ് പഥ്യമെൻ കുഞ്ഞിക്കിളികളെ
ചൊല്ലുക നിങ്ങൾ മടിച്ചിടാതെ

33. അമ്മതൻ വാത്സല്യപ്പാലമൃതേകണം
അച്ഛൻ സുരക്ഷതൻ മേൽക്കുടയാകണം
മക്കൾക്ക് പരിതിൽ സ്വർഗ്ഗം രചിക്കുവാൻ
കൂടുതലെന്തിനി  വേണ്ടതുണ്ട്!

34. വാത്സല്യഗീതികളെത്രകേട്ടാലും
സ്നേഹത്തിന്നാശ്ലേഷമെത്രയറിഞ്ഞാലും
ഒട്ടും മതിയാവതില്ല നമുക്കെന്നും
അത്രമേൽ മന്ത്രികഭാവത്തിലാണത്.
=====================================
35. വാത്സല്യമേത്രമേൽ ഉള്ളിൽനിറച്ചാണു
തീരത്തെത്തഴുകുവാൻ തിരകളെത്തുന്നത്!
എന്നിട്ടുമെന്തിനാണിത്രവേഗം തിരി-
ഞ്ഞോടുന്നതീ തരംഗങ്ങളെന്നോ

36. കടലോളം വാത്സല്യമുള്ളിൽ കരുതുന്നു
കർക്കശ്യക്കാരനാമച്ഛനെന്നും
അത് തിരിച്ചറിയുവാൻ മക്കളുമൊരുനാളിൽ
അച്ഛനായത്തീരണമെന്നേയുള്ളു.

37. മാനത്തെ മുറ്റത്തു ചാഞ്ചാട്ടമാടുന്ന
നക്ഷത്രക്കുഞ്ഞുങ്ങൾക്കെന്തു  ചന്തം!
ആരാണ് നിങ്ങള്ക്ക് സ്നേഹവാത്സല്യങ്ങൾ
നല്കുന്നതമ്പിളിമാമനോ സൂര്യനോ 












  

 














Saturday, August 3, 2019

കതിർമണികൾ-





കതിർമണികൾ
=============
ഈ ഭൂമിയെത്ര വിശാലമാം വിളനിലം!
ശ്രദ്ധയോടെന്നുമൊരുക്കണം മൃത്തിക
നീരേകിയാർദ്രതയൊപ്പം കരുതണം
നന്മതൻ വിത്തുകൾ മാത്രം വിതയ്ക്കണം.

മുളപൊട്ടി, മുകുളങ്ങൾ കാന്തിതൂകി
ചേലൊത്തുനിൽക്കും വിതാനമദ്ധ്യേ
കാക്കണം കതിരിട്ട പൊന്മണിക്കൂട്ടത്തെ
പ്രാണിയും  പറവയും കൊണ്ടുപോയീടാതെ.

വന്നൂ ശരത്കാലമെങ്കിലോ കാലമായ്
ഇക്കതിർക്കുലകൾക്കു കാഞ്ചനം പൂശുവാൻ.
കൊയ്തെടുക്കാമിത്രനാളത്തെയദ്ധ്വാന-
മിക്കാത്തിരിപ്പിന്റെയന്ത്യസിദ്ധി.

നിഷ്ഫലം പതിരുകൾ പാറ്റിപ്പെറുക്കണം
സത്‌ഫലം പത്തായമാകെ നിറയ്ക്കുവാൻ.
അന്നമാണർത്ഥമാണാത്മപ്രകാശമാ-
ണിക്കതിർമണികളീ മണിമുത്തുകൾ!....
.--- (അക്ഷരത്തുള്ളികൾ  2nd  prize)










Friday, August 2, 2019

മാറ്റൊലി ...താമസമെന്തേ....



(താമസമെന്തേ വരുവാൻ .......തണൽമരങ്ങൾ .)



പൂനിലാവു  പെയ്തിറങ്ങി ഈ നിശീഥ മലർവനിയിൽ

പൂവിടർത്തി മല്ലികകൾ  വാസനമണിച്ചെപ്പുടയ്‌ക്കേ


ഏകാന്തരാവിൽ ഞാൻ നിൻ പ്രേമഗാനമോർത്തിരിക്കേ

ഏതോ വിഷാദഗീതം  പാടിവന്നു  രാക്കിളിയും
(പൂനിലാവു  പെയ്തിറങ്ങി)



കുളിർതെന്നൽവീശിയെത്തും ഉപവനത്തിന്നരികിലല്ലോ

നീ പാടുമീണമൊന്നു കേൾക്കുവാനായ് കാത്തിരിപ്പൂ.
(പൂനിലാവു  പെയ്തിറങ്ങി)


നിന്നോർമ്മ പൂത്തുനിൽക്കുമീപ്പൂവനികയിലലയാം

കുഞ്ഞുപൂവിന്നുള്ളിലെ സുഗന്ധമായെൻ പ്രാണനേ

അഭയം


അഭയം
-------------
അമ്മേ, വസുന്ധരേ , ഇജ്‌ജീവപരാർധങ്ങൾ-
ക്കഭയം നീയേ തായേ, കാരുണ്യാംബുധേ ദേവീ,
ഊഴിയിൽ പതിക്കുമീ  സൂര്യരശ്മിക്കും പിന്നെ
വർഷമായ് ചൊരിഞ്ഞിടും നീരിനും, നിലാവിനും
പൂമഞ്ഞു  ചാർത്തിത്തരും  പട്ടുചേലയ്ക്കും നറും
പൂവിനും പൂവാടിക്കും കാടിനും കടലിനും
തളിർക്കും തരുവിനും മാനിനും മനുഷ്യനും
തടിനീതടത്തിനും പുല്ലിനും പുഴുവിനും
ഒടുവിൽ നിലംപറ്റു,മൽപാർത്ഥ  ജഡത്തിനു-
മേകീടും നിതാന്തമാമഭയം സർവ്വാത്മനാ.
നിൻമടിതട്ടിൻസ്നേഹതല്പത്തിൽ പുൽകീ ഞാനും
തേടുന്നു നിത്യാനന്ദ  ശരണം ക്ഷോണീദേവീ. (തണൽമരങ്ങൾ - മത്സരം )