Wednesday, November 27, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 7

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 7

വാഗാ അതിർത്തിയിലെ സായാഹ്നപരേഡ് 

=============================================
രണ്ടു പട്ടണങ്ങൾ - അമൃത്‌സറും ലാഹോറും. അമൃത്‌സർ ഭാരതത്തിലും ലാഹോർ പാകിസ്ഥാനിലുമാണ്. അവയ്ക്കിടയിലെ  അതിർത്തിപ്രദേശമാണ് വാഗാ. 1999 ൽ കാശ്മീരിലെ 'അമൻ സേതു' തുറക്കുന്നതുവരെ  ഇരുരാജ്യങ്ങൾക്കിടയിൽ അതിർത്തി മുറിച്ചുകടക്കുന്ന പാതയുണ്ടായിരുന്നത്  ഇവിടെ മാത്രമാണ്. ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണിത്.  ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന  പ്രസിദ്ധമായ ഗ്രാൻഡ്  ട്രങ്ക് റോഡിലാണ് ഈ റാഡ്ക്ലിഫ് രേഖ കടന്നുപോകുന്നത്. 1947 ൽ ഇന്ത്യ - പാകിസ്ഥാൻ വിഭജനത്തിലാണ് വാഗാ രണ്ടായി വിഭജിക്കപ്പെട്ട്, രണ്ടു രാജ്യങ്ങളുടെ ഭാഗമായത്. ഇന്ന് കിഴക്കൻ വാഗാ ഇന്ത്യയുടെ ഭാഗമാണ്. ഏഷ്യയുടെ ബെർലിൻ മതിലെന്നും വാഗാതിർത്തി അറിയപ്പെടുന്നു.  1959 മുതൽ  എല്ലാദിവസവും വൈകുന്നേരം  വാഗതിര്‍ത്തിയില്‍  പാതാക താഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്)  എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേനയുടേയും (BSF) പാക്കിസ്ഥാന്റെ പാകിസ്ഥാൻ  റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കാറുണ്ട്. ഒരേസമയം രണ്ടു രാജ്യങ്ങളുടെ  പരസ്പരസ്പർദ്ധയുടെയും തമ്മിലുള്ള സാഹോദര്യം പകർന്നേകുന്ന ഏകതയുടെയും പ്രതീകമാക്കുന്നു ഈ അനുഷ്ഠാനം.  ഈ ചടങ്ങിൽ പങ്കുകൊള്ളാനായി ധാരാളംപേർ ദിനംതോറും ഇവിടെയെത്തുന്നു.  തദ്ദേശീയരെന്നപോലെ വിദേശികളും ചടങ്ങുകൾ വീക്ഷിക്കാൻ ആവേശത്തോടെ എത്തുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.  ഇത് വെറുമൊരു വിനോദയാത്രയുടെ ഭാഗമല്ല. മറിച്ച് ദേശസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അവിസ്മരണീയമായ അനുഭവം പകർന്നുനൽകുന്ന അനുഭൂതിദായകമായൊരവസരമാണ്. 

അമൃത്‌സറിലെ സുവർണ്ണക്ഷേത്രദർശനവും ജാലിയൻവാലാബാഗിലെ സന്ദർശനവും കഴിഞ്ഞ് വാഗാബോർഡറിലെ ബീറ്റിംഗ് റിട്രീറ്റ് എന്ന  'വാഗ ബോർഡർ ഫ്ലാഗ്  സെറിമണി'യിൽ പങ്കെടുക്കാനായിരുന്നു ഞങ്ങളുടെ യാത്ര. മുപ്പതുകിലോമീറ്ററിൽത്താഴെ ദൂരമേ അവിടേയ്ക്കുള്ളു. നാലരയ്ക്കാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പ്രവേശനം .  എങ്കിലും ഒന്നരമണിക്കൂർ മുമ്പേയെങ്കിലും അവിടെയെത്തിയാൽ മാത്രമേ വിശദമായ സുരക്ഷാപരിശോധനകളും  മറ്റും കഴിഞ്ഞ് ചടങ്ങുകൾ വീക്ഷിക്കാൻ കഴിയൂ. എല്ലാദിവസവും നല്ല തിരക്കുമുണ്ടാവും. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ പരിമിതവുമാണ്.  അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രവേശനം ലഭിച്ചുവെന്നും വരില്ല.

ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ്  അമൃത്സറിൽനിന്ന് വാഗാതിർത്തിയിലേക്കുള്ള യാത്ര. ഏറെ പ്രത്യേകതകളുള്ളൊരു സഞ്ചാരപഥമാണിത്. 2500ലേറെ വർഷങ്ങൾ പഴക്കമുള്ളതും 2700 കിലോമീറ്ററിലേറെ നീളമുള്ളതുമായ ഈ പാത, ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ളതും ദൈർഘ്യമുള്ളതുമായ  ഗതാഗതമാർഗ്ഗമാണ്.  ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ആരംഭിച്ച്, ഇന്ത്യയും പാകിസ്ഥാനും കടന്ന്, അഫ്‍ഗാനിസ്ഥാനിലെ കാബുൾവരെ ഈ പാത നീളുന്നു. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തു തുടക്കമിട്ട്, അശോകന്റെ കാലത്തു വിപുലീകരിക്കപ്പെട്ട് , ഷേർഷായുടെയും മുഗളരുടെയും  കാലത്തു നിരവധിതവണ പുനർനിർമ്മിക്കപ്പെട്ട്,  ഒടുവിൽ ബ്രിട്ടീഷുകാരുടെ കാലത്ത് ആധുനികവത്കരിക്കപ്പെട്ട്  ഏതാണ്ട് പൂർണ്ണത കൈവരിച്ച സുദീർഘമായൊരു ചരിത്രമുണ്ട് ഈ പന്ഥാവിന്. എത്രയെത്ര അധിനിവേശങ്ങൾക്കും മഹായുദ്ധങ്ങൾക്കും നിർണ്ണായകമായ ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷിയാണ് ഈ മഹാരഥ്യ! അമൃത്‌സറിൽനിന്നു വാഗാതിർത്തിയിലേക്ക് ഈ പാത  കടന്നുപോകുന്നത് പഞ്ചാബിന്റെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾക്കിടയിലൂടെയാണ്.  അസുലഭമായൊരു അനുഭൂതിവിശേഷമാണ് ആ യാത്ര സഞ്ചാരികൾക്കു പകർന്നേകുന്നത്. നോക്കെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ, വഴിയോരങ്ങളിൽ തണൽമരങ്ങൾ, ഇടയ്ക്കിടെ ചെക്ക്പോസ്റ്റുകൾ, ചെറുകവലകൾ  അങ്ങനെ കാഴ്ചകൾ നീണ്ടുപോകുന്നു.

റെയിൽമാർഗ്ഗമാണ് യാത്രയെങ്കിൽ അട്ടാരി എന്ന സ്റ്റേഷനിൽ ഇറങ്ങി അതിർത്തിയിലേക്കു പോകണം. അമൃത്‌സറിൽനിന്ന്  അട്ടാരിയിലേക്ക്  40 മിനിട്ട് ട്രെയിൻയാത്രയുണ്ട്‌. സ്റ്റേഷനിൽനിന്ന്  സൈക്കിൾറിക്ഷയിലോ  ബസ്സിലോ കാറിലോ അതിർത്തിയിലെത്താം.  മൂന്നു ഘട്ടമായി കർശനമായ സുരക്ഷാപരിശോധനകൾക്കും വിധേയരാകണം. വിദേശികൾക്കു നിശ്ചയമായും  പാസ്പോർട്ട് കാണിക്കേണ്ടതായിവരും. അവർക്കു പ്രത്യകം ക്യൂ ഉണ്ട്.   ബാഗുകളും മറ്റും പരേഡ് നടക്കുന്നിടത്തേക്കു കൊണ്ടുപോകാനാവില്ല. മൊബൈലും കാമറയും കൊണ്ടുപോകാൻ അനുവാദമുണ്ട്.   സൂര്യതാപത്തെ പ്രതിരോധിക്കാൻ തൊപ്പിയും വെള്ളവുമൊക്കെ കരുതുന്നത് നന്നായിരിക്കും. ഒരു കോൺക്രീറ്റ് കവാടം കടന്നാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു നയിക്കുന്ന  പാത പോകുന്നത്. ദീർഘവൃത്താകൃതിയിലുള്ള ഒരു സ്റ്റേഡിയത്തെ അതിർത്തിരേഖ രണ്ടായി വിഭജിക്കുന്നു. ഇപ്പുറത്ത് ഇന്ത്യയും അപ്പുറത്ത് പാകിസ്ഥാനും  നാലുമണിയാകുമ്പോൾ ആ സ്റ്റേഡിയത്തിന്റെ  അകത്തു കടക്കാൻ കഴിയും.  അതിർത്തിയിലെ ഗേറ്റിനപ്പുറത്തെ പാകിസ്ഥാൻ ഭാഗത്തു 'ബാബ് ആസാദി' എഴുതിയിരിക്കുന്ന വലിയൊരു കോൺക്രീറ്റ്  കവാടം കാണാം. അതിർത്തിരേഖയിലെ ഇരുമ്പുഗേറ്റുകൾക്കിരുപുറവുമായി  രണ്ടുരാജ്യങ്ങളുടെയും ഗാലറികൾ ഒരുക്കിയിട്ടുണ്ട്. അവിടെയിരുന്നാണ് ചടങ്ങുകൾ വീക്ഷിക്കേണ്ടത്.   ഗാലറിയിൽ ആദ്യമാദ്യമെത്തുന്നവർക്കാണ്‌  സൗകര്യപ്രദമായ ഇരിപ്പിടം ലഭിക്കുന്നത്. അതുകൊണ്ട് എത്രയും നേരത്തെ ടിക്കറ്റ് കൗണ്ടറിലെ  ക്യൂവിലെത്തിയാൽ അത്രയും നന്ന്. നല്ല ജനത്തിരക്കായിരുന്നെങ്കിലും  ഞങ്ങൾക്കും സാമാന്യം ഭേദപ്പെട്ട രീതിയിൽ പരേഡ് കാണത്തക്കവിധത്തിൽ ഇരിപ്പിടങ്ങൾ ലഭിച്ചിരുന്നു. ഇരുഭാഗത്തേയും ഗാലറികൾ തിങ്ങിനിറഞ്ഞിരുന്നു.

 ദേശഭക്തിഗാനങ്ങൾകൊണ്ടും 'ജയ് ഭാരത് മാതാ' വിളികൾകൊണ്ടും മുഖരിതമായ അന്തരീക്ഷം.   അപ്പുറത്തെ  ഗാലറിയിൽനിന്ന് 'ജിയേ ജിയേ പാകിസ്ഥാൻ' വിളികൾ മുഴങ്ങുന്നു.  നമ്മുടെ   സൈനികോദ്യോഗസ്ഥർ  മൈക്കിലൂടെ  സന്ദർശകരെ ഭാരതാംബയ്ക്കു ജയ് വിളിക്കുന്നതിനായി ആവേശത്തോടെ ആഹ്വാനം  നൽകുന്നുണ്ട്. കൂടുതൽ ഉച്ചത്തിൽ ജയ്‌വിളിക്കുന്നതിനായി പ്രേരിപ്പിക്കുന്നു. ദേശഭക്തിഗാനങ്ങളുടെ താളത്തിനൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്നവരെയും കാണാം. സ്ത്രീകളാണ് നർത്തകർ. ഈ ഗാനങ്ങളുടെ വരികൾ നമ്മുടെ ഓരോ രോമകൂപങ്ങളിലും ആവേശോജ്ജ്വലമായൊരു വികാരതീവ്രതയെ കോരി നിറയ്ക്കും. ഇന്ത്യയെന്ന മഹത്തായ വികാരത്തെ, മാതൃരാജ്യമെന്ന പുണ്യചിന്തയെ അവിടെയുള്ള  ഓരോ ഭാരതീയന്റെയും അന്തരാത്മാവിലേക്ക് അഗ്നിജ്വാലയായ് പടർത്തുന്ന മാസ്മരികത അവിടെ നമുക്കനുഭവിച്ചറിയാം. കത്തിജ്വലിച്ചുനിൽക്കുന്ന സായാഹ്നസൂര്യനേക്കാൾ ശക്തിയിൽ ജ്വലിക്കുന്ന ദേശസ്നേഹം!  (താരതമ്യേന ദേശഭക്തി പുറമേ പ്രകടിപ്പിക്കാത്ത  തെക്കേയിന്ത്യക്കാർക്കുപോലും അതനുഭവേദ്യമാകുന്നു എന്നതാണ് വസ്തുത. )


ചടങ്ങുകൾക്കുള്ള സമയമായപ്പോൾ ഒരു സൈനികോദ്യോഗസ്ഥൻ bellowing നടത്തി. അതോടെ എല്ലാവരും നിശ്ശബ്ദരായി. പരിപാടികളുടെ അവതാരകനായ ഉദ്യോഗസ്ഥൻ ഉച്ചത്തിൽ ജയ് ഹിന്ദും വന്ദേ മാതരവും ചൊല്ലി,  ജനങ്ങളെക്കൊണ്ട് അതേറ്റു ചൊല്ലിച്ചു. തുടർന്ന് നടന്ന, അദ്ദേഹത്തിന്റെ വികാരനിർഭരമായ  പ്രഭാഷണത്തിലെ  ഓരോ വാക്കുകളും ദേശസ്നേഹത്തെ ഉലയൂതിയുണർത്തുന്നതായിരുന്നു. ഗാലറിയിലിരുന്ന ഏതാനും  പെൺകുട്ടികൾക്ക് പതാക കൈയിലേന്തി ഗേറ്റ് വരെ ഓടാനുള്ള അവസരവും കൊടുത്തു. ഒടുവിലായി  ഓടിയ   കുട്ടികൾ  പതാക അതിർത്തിഗേറ്റിനടുത്തുള്ള ഭടനെ പതാകയേല്പിച്ചു മടങ്ങി. പിന്നീട് പ്രധാനചടങ്ങുകൾ തുടങ്ങുകയായി. ആറുമണിയായിട്ടുണ്ടപ്പോൾ. അശ്വാരൂഢരായ ഭടന്മാരുടെ ഊഴമാണാദ്യം. പിന്നെ അതിർത്തിരക്ഷാഭടന്മാരുടെ വരവായി. പ്രത്യേകമായ തലപ്പാവുധരിച്ച കാക്കിവേഷധാരികളായ ഭടന്മാരുടെ മാർച്ചിങ് സവിശേഷമായ രീതിയിലാണ്. ഇടയ്ക്ക് കാൽ വളയ്ക്കാതെ തലയ്ക്കുമുകളിലേക്കുയർത്തി  ആഞ്ഞു  താഴേക്ക് ചവുട്ടിയാണ് പോകുന്നത്. അവർ അതിർത്തിയിലെ ഇരുമ്പുഗേറ്റിനടുത്തെത്തുമ്പോൾ അത് തുറക്കപ്പെടും. അതേസമയം സമാനമായ ഭാവഹാവാദികളോടെ പാകിസ്ഥാൻ ഭടന്മാരും പച്ചയുണിഫോമണിഞ്ഞ്  അവരുടെ ഗേറ്റിലെത്തിയിരിക്കും. ഇരുഗേറ്റുകൾക്കിടയിലുള്ളത്  'നോമാൻസ് ലാൻഡാ'ണ്. രണ്ടുഭാഗത്തുനിന്നും ഓരോഭടന്മാർ അങ്ങേയറ്റം ക്രോധം പ്രകടമാക്കുന്ന രീതിയിൽ കാലുയർത്തി ആഞ്ഞുചവുട്ടി ആക്രോശിക്കുന്നു , അതാവർത്തിക്കുന്നു. ഒരു യുദ്ധത്തിനുള്ള പുറപ്പാടാണോ എന്നു  തോന്നിപ്പോകും.  പിന്നെ അവർ പിന്മാറും. എന്തിനാണിവരിങ്ങനെ സ്പർദ്ധ പ്രകടിപ്പിക്കുന്നതെന്നു ചിന്തിച്ചുപോകും. (2010 ൽ പാകിസ്ഥാൻ ജനറലിന്റെ തീരുമാനപ്രകാരം ഈ ശൗര്യത്തിന് ഇത്തിരി കുറവ് വരുത്തിയിട്ടുണ്ട് എന്നാണറിവ്.) നമ്മുടെ മനസ്സിൽ രാജ്യസ്നേഹം ഇരമ്പുമെങ്കിലും  വിദേശികളായ കാഴ്ചക്കാർക്ക് കൗതുകമുളവാക്കുന്നൊരു കാഴ്ചയാണിത്.  ഈ സമയത്തൊക്കെ ഗാലറിയിലോ, പരേഡുസ്ഥലത്തോ അനിഷ്ടമായൊന്നും  സംഭവിക്കാതിരിക്കാൻ ഇരുഭാഗത്തേയും  സൈനികർ സദാ ജാഗരൂകരാണ്. ഒടുവിൽ ഇരുരാജ്യങ്ങളുടെയും കൊടിമരങ്ങളിൽ, ഒരേ ഉയരത്തിൽ  പാറിക്കളിക്കുന്ന  പതാകകൾ താഴ്ത്തി, നമ്മുടെ ത്രിവണ്ണപതാക മടക്കിയെടുത്ത് ഏതാനുംജവാന്മാർ മടങ്ങുന്നു.  പിന്നീട്   ഇരുവശത്തേയും ഭടന്മാർ സല്യൂട്ട് ചെയ്ത് , പരസ്പരം കൈകൊടുത്ത് അവരവരുടെ ഗേറ്റുകൾ അടച്ചുപൂട്ടി മടങ്ങും.  പതാകകൾ താഴ്ത്തുന്നവേളയിൽ അവയുടെ ചരടുകൾ X ആകൃതിയിൽ രൂപംകൊള്ളും. പതാക  മടക്കി ഭദ്രമായി സൂക്ഷിക്കുന്നതോടെ ഒരുമണിക്കൂറോളം ദൈർഘ്യമുള്ള  ചടങ്ങുകൾ അവസാനിക്കും.   അപ്പോഴേക്കും ഒരുപകൽ നീണ്ട മാർച്ച്പാസ്റ്റ് കഴിഞ്ഞു സൂര്യനും അന്തിയുറങ്ങാൻ പോയിരിക്കും. പ്രത്യേകമായ പരിശീലനവും നിരന്തരാഭ്യാസവുമുള്ള സൈനികോദ്യാഗസ്ഥന്മാരായിരിക്കും ഫ്ലാഗ് സെറിമണിക്കായി നിയോഗിക്കപ്പെടാറുള്ളത്.

ഈ സമയമത്രയും ഇന്ത്യയെന്ന ഒരു വികാരം മാത്രം അകക്കാമ്പിൽ ജ്വലിപ്പിച്ച്,  ജാതിമതദേശഭേദങ്ങൾ മറന്ന് ഒരേ മനസ്സോടെ അവിടെയിരുന്ന ഭാരതമക്കൾക്ക് ഇനി  മടങ്ങാം. ഇന്നോളം അനുഭവിച്ചിട്ടില്ലാത്തൊരു ഏകതാബോധം അവരിലോരോരുത്തരുടേയും ഹൃദയത്തെ കീഴടക്കിയിട്ടുണ്ടാവും കഴിഞ്ഞുപോയ ഭാഗ്യനിമിഷങ്ങളിൽ.  ഈ സായാഹ്‌നം ഒളിമങ്ങാത്തൊരോർമ്മയായി ആ ഹൃദയങ്ങളിൽ അന്ത്യനിമിഷം വരേക്കും നിലനിൽക്കും, തീർച്ച. മറ്റെവിടേക്കു യാത്രപോയില്ലെങ്കിലും ഓരോ ഭാരതീയനും വാഗാതിർത്തിയിലെ ഈ ഫ്ലാഗ് സെറിമണിയിൽ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്നാണ് എന്റെ  അഭിപ്രായം. നാം ഭാരതീയരാണെന്ന് അഭിമാനത്തോടെ ചിന്തിക്കാൻ,  പറയാൻ അത് നമ്മെ കൂടുതൽക്കൂടുതൽ  ശക്തരാക്കും.














2 comments:

  1. വായനയിൽ വായനക്കാരന് സന്തോഷവും ആഹ്ലാദവും പകരുന്ന മനോഹരമായ അവതരണം.
    ആശംസകൾ

    ReplyDelete