Wednesday, May 6, 2020

ഉത് സ്‌ കുഷി നിഹോൺ -10 - ഹിരോഷിമ ബൊട്ടാണിക്കൽ ഗാർഡൻ

 10 - ബൊട്ടാണിക്കൽ ഗാർഡൻ
------------------------------------------------------------
രാവിലെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾക്കു ശേഷം  യാത്രയ്ക്കു തയ്യാറായി. അടുക്കളയിൽപോയി കാപ്പിയുണ്ടാക്കി. അടുക്കളയിൽ ഭക്ഷണമുണ്ടാക്കാനുള്ള മിക്കവാറും എല്ലാ സാധനങ്ങളും ടിന്നുകളിലും പാക്കറ്റുകളിലുമൊക്കെയായി ഷെൽഫിൽ നിറച്ചിട്ടുണ്ട്. നമുക്കു  വേണമെങ്കിൽ അതൊക്കെ ഉപയോഗിക്കാം. പോകുമ്പോൾ വാങ്ങി നിറച്ചുവെച്ചിട്ടുപോകണമെന്നതാണു  മര്യാദ. പക്ഷേ  ഞങ്ങളുടെ കയ്യിൽ കാപ്പിപ്പൊടിയും മറ്റും ഉണ്ടായിരുന്നു .  തലേദിവസം  ഫാമിലി മാർട്ടിൽ കയറി വാങ്ങിയ  ബ്രെഡ്  പ്രാതലായിക്കഴിച്ചു. അപ്പോഴാണു  ശ്രദ്ധിച്ചത് , മേശയുടെ പുറത്തു 'Welcome Murukesh San  ' എന്നെഴുതിയ ഒരു ചെറിയ  ബോർഡ്  വെച്ചിരിക്കുന്നത് . എന്താണ് ഈ 'San ' എന്നന്വേഷിച്ചപ്പോൾ മോൻ പറഞ്ഞു ജപ്പാനിൽ ആളുകളെ  പേരുമാത്രമായി  വിളിക്കാറില്ല, അതു മാന്യതിയല്ലാത്ത പെരുമാറ്റമാണ്.  പുരുഷനായാലും സ്ത്രീയായാലും  ബഹുമാനാർത്ഥം 'San ' എന്നുകൂടി പേരിനൊപ്പം ചേർക്കും .   ഉത്തരേന്ത്യയിൽ പേരിനൊപ്പം ജി എന്നു  ചേർക്കുന്നതുപോലെയാവാം. കൂടുതൽ ബഹുമാനം കാണിക്കാൻ sama  എന്ന വാക്കാണ്  ഉപയോഗിക്കുന്നത്. അദ്ധ്യാപകരാണെങ്കിൽ 'Sensei ' എന്നാവും ചേർക്കുക. kun , chan  എന്നീവക്കുകൾ കുട്ടികളുടെ പേരിനൊപ്പമാണ് ഉപയോഗിക്കുന്നത്. സ്വന്തം പേരുപറയുമ്പോഴോ കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോഴോ ചങ്ങാതിമാർ തമ്മിലോ  ഇത്തരം വാക്കുകൾ  ഉപയോഗിക്കേണ്ടതില്ല.

സാൻ എന്ന വാക്ക്  നമുക്കും പരിചിതമാക്കിയ ഒരു മലയാളിയെ ഓർമ്മ വരുന്നു - സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നാം കേട്ടറിഞ്ഞ  നായർസാൻ എന്ന എ എം നായർ . തിരുവനന്തപുരം   സ്വദേശിയായ അയ്യപ്പന്‍പിള്ള മാധവന്‍നായര്‍ പതിനെട്ടുവയസ്സുള്ളപ്പോഴാണ് ഇന്ത്യ വിടുന്നത്. പഠനകാലത്തു തിരുവിതാംകൂർ ഭരണാധികാരികൾ നടപ്പാക്കിയ ചില വിദ്യാഭ്യാസപരിഷ്കാരങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിക്കുകയുണ്ടായി . ബ്രിട്ടീഷ്ഭരണത്തിനെതിരെയും ശബ്ദമുയർത്താൻ ആ ധീരനായ വിദ്യാർത്ഥിക്ക്‌ അന്നു കഴിഞ്ഞിരുന്നു.   തിരുവിതാംകൂർകാരനായ മാധവൻ നായർ    മെഡിക്കല്‍ വിദ്യാര്‍ഥിയായാണ് ജപ്പാനിലെത്തിയത്. പക്ഷേ ക്യോത്തോ  സര്‍വകലാശാലയില്‍ നിന്നും സിവില്‍എന്‍ജിനീയറിംഗിലാ‌ണ്‌‌‌‌‌‌‌ അദ്ദേഹം  ബിരുദം നേടിയത്.   ബ്രിട്ടീഷ്‌കൊളോണിയലിസത്തിനെതിരെ സധീരം പോരാടിയ   ഈ സ്വാതന്ത്ര്യസമര സേനാനിയെ ജപ്പാന്‍ ജനത സ്നേഹപൂര്‍വം 'നായര്‍സാനെ'ന്ന് വിളിച്ചു. റാഷ് ബിഹാരി ബോസിനോടൊപ്പം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപക നേതാക്കളിലൊരാളായ നായര്‍സാന്‍ ബ്രിട്ടനെതിരെ പോരാടുന്നതിനൊപ്പം ഒരു വ്യവസായി എന്ന നിലയില്‍ ജപ്പാന്‍ - മംഗോളിയന്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും സമയം കണ്ടെത്തി. ജപ്പാനിലെ  ഇന്ത്യന്‍ കറികളുടെ  രാജാവായാണ് അദ്ദേഹം  അറിയപ്പെട്ടത്. 1949 ൽ ടോക്യോയിലെ ചുവോയിലെ   ഗിൻസാ സ്ട്രീറ്റിൽ Nair's Restaurant   എന്നൊരു ഇന്ത്യൻ ഭക്ഷണശാല  ആരംഭിക്കുകയുണ്ടായി. ജപ്പാനിലെ ആദ്യ ഇന്ത്യൻ ഭക്ഷണശാലയായിരുന്നു അത്.  അവിടെ ആദ്യമായി ഭക്ഷണം കഴിക്കാനെത്തുന്ന എല്ലാ ഇന്ത്യക്കാർക്കും ഭക്ഷണം സൗജന്യമായിരുന്നു .   സിറ്റി ഡിപ്പാർട്ടമെന്റ് സ്റ്റോറിൽ ഈ ഭക്ഷണശാലയുടെ   ഒരു ശാഖയും  തുറക്കപ്പെട്ടു. ഇന്നും നായേഴ്സ് റെസ്റ്റോറന്റിൽ 'മുറുഗി ലഞ്ച്' (കോഴിക്കറിയും ചോറും) പ്രസിദ്ധമാണ്.  പക്ഷേ അദ്ദേഹത്തിന്റെ 'ഇന്ദിര' എന്ന ബ്രാൻഡ്‌നെയിമിലുള്ള കറിപ്പൊടികളാണ് ജപ്പാനിൽ  കൂടുതൽ ജനപ്രിയമായത്. മോഹൻലാലിനെയും ജാക്കിച്ചാനെയും എ ആർ  റഹ്മാനെയും ഒക്കെയുൾപ്പെടുത്തി, അദ്ദേഹത്തെക്കുറിച്ച്    'നായർസാൻ' എന്ന പേരിൽ   സിനിമയെടുക്കുന്നതിനെപ്പറ്റി  പത്രത്തിലും ടിവിയിലുമൊക്കെ വാർത്തവന്നിരുന്നു. അതു പുറത്തിറങ്ങിയോയെന്നറിയില്ല.


രാവിലെതന്നെ മഴ തുടങ്ങിയിരിക്കുന്നു. 60% എന്നത് 80% ആയി ഉയർന്നിട്ടുണ്ട്. എട്ടരയായി റൂം വിട്ടിറങ്ങുമ്പോൾ . വെക്കേറ്റ് ചെയ്തു   പെട്ടിയുമായിട്ടാണു പോകുന്നത്. മുറിവാടക  കൊടുക്കാനുണ്ട്. പക്ഷേ അവിടെ ആരുമില്ല. പണം മേശപ്പുറത്തുവെച്ചു. ഒരു രാത്രിയിലെക്കുള്ള വാടക 12,800 യെൻ (8,000  രൂപ).  മുറിപൂട്ടി തക്കോൽ പുറത്തുള്ള പെട്ടിയിൽ  നിക്ഷേപിച്ചു. പാർക്കിങ്ങിൽ ചെന്നു കാറെടുത്തു യാത്ര തിരിച്ചു. ഓടിട്ട മേൽക്കൂരയും മുറ്റം നിറയെ പൂച്ചെടികളുമുള്ള ആ പഴയ വീടിനോടു  യാത്രപറയുകയാ‌ണ്‌‌‌‌‌‌‌.

    . ഉച്ചകഴിഞ്ഞു  മൂന്നരയ്ക്കുള്ള ഷിങ്കാൻസെനിൽ ഹിരോഷിമയിൽ നിന്നു മടങ്ങണം. അതിനിടയിൽ കാണാൻ പറ്റുന്ന കാഴ്ചകളൊക്കെ കണ്ടുതീർക്കണം. പീസ്‌മെമ്മോറിയൽ രാത്രിയിലാണ്  കണ്ടത്.  പകൽ അതൊന്നുകൂടി കാണണമെന്നുണ്ടായിരുന്നു. പക്ഷേ മഴ തകർത്തുപെയ്യുന്നതുകൊണ്ടു അതു വേണ്ടായെന്നു വെച്ചു. ബൊട്ടാണിക്കൽ ഗാർഡനിലേക്കാണു പോയത്. കാർപാർക്കിങ്ങിൽ നിന്നു കുറെ നടക്കണം . നടക്കുന്നതിനിടയിലാണ് മോൻ ക്യാമറ വണ്ടിയിൽ  നിന്നെടുത്തില്ലെന്നോർത്തത് . അവൻ അതെടുക്കാനായി തിരികെപ്പോയി. ഞങ്ങൾ മുന്നോട്ടു നടന്നു. കുടയുണ്ടെങ്കിലും  മഴയിൽ ആകെ നനയുന്നു. ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ  എത്തി മോനെത്തുന്നതും കാത്തു നിന്നു. കൗണ്ടറിന്റെ മുന്നിലും നിറയെ പൂച്ചെടികൾ . അതിമനോഹരമായ കാഴ്‌ച. അതു കണ്ടു നിൽക്കുമ്പോൾ മോനെത്തി. 510 യെൻ ആണ് ഒരാളുടെ  ടിക്കറ്റ് ചാർജ് . (കാർപാർക്കിങ്ങിനു 450യെൻ ) 9മണിമുതലാണ് പ്രവേശനം.45 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനത്തിൽ രണ്ടരലക്ഷത്തോളം സസ്യങ്ങൾ പരിപാലിക്കപ്പെടുന്നു. ഞങ്ങൾ അകത്തേക്കു  കയറുമ്പോൾ കൗണ്ടറിലുണ്ടായിരുന്ന സ്ത്രീ വന്നു മൂന്നു വലിയ കുടകൾ തന്നു. ഞങ്ങളുടെ കുടകൾ വാങ്ങി അവിടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലിട്ടുവെക്കുകയും ചെയ്തു . അവർതന്ന മഞ്ഞനിറമുള്ള വലിയ    കുടകളും ചൂടി   ഞങ്ങൾ മുൻപോട്ടു നടന്നു. വിവിധവർണ്ണങ്ങളിലും ഇനങ്ങളിലുമുള്ള ചെടികളുടെ ഗ്രീൻഹൌസുകളും   കൊച്ചുകൊച്ചു തോട്ടങ്ങളും തടാകങ്ങളും വെള്ളച്ചാട്ടവും  ഫൗണ്ടനും ഒക്കെ കടന്നു കുറെ പടിക്കെട്ടുകളുള്ള ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലെത്തി. അവിടെ എന്തൊക്കെയോ കടകളുണ്ട്. അതുനുമപ്പുറം ഒരു വലിയ ഗ്രീൻ-ഹൌസ്  ആണ് . വളരെ വിസ്തൃതവും ഉയരമുള്ളതുമാണ് ഈ ഗ്രീൻ ഹൌസ് . ഇതിൽ കൂടുതലും ഉഷ്ണമേഖലസസ്യങ്ങളാണ്. താപനിലയും ഈർപ്പവും ആ വിധത്തിലാണ് നിലനിർത്തുന്നത്. മരങ്ങളിൽ ആസ്ട്രേലിയൻ ബോബ് മരങ്ങൾ മുതൽ നമ്മുടെ പ്ലാവും മാവും തെങ്ങും കവുങ്ങും വരെയുണ്ട്.  ഇവയൊന്നും ജപ്പാനിലുള്ളവയല്ല. പൂക്കൾ  അനവധിയാണ്.  വിവിധയിനം ഇരപിടിയൻ പൂക്കളുണ്ട്.  വീനസ് ഹണി ട്രാപ്പും , വലിയ പൂക്കളുള്ള പിച്ചർപ്ലാന്റും ഒക്കെയുണ്ട്. ജലസസ്യങ്ങളുടെ കൂട്ടത്തിൽ  ഏറ്റവും വലിയ ഇലകളുള്ള വിക്ടോറിയ റീജിയയും ഉണ്ട്. വർഷത്തിലെ  ഏതോ സമയത്ത് കുട്ടികളെ അതിൽ ഇരുത്തി ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ടത്രേ. മറ്റൊരത്ഭുതം ആനച്ചേനകളായിരുന്നു. നാലുമീറ്ററിൽകൂടുതൽ ഉയരമുണ്ടാകും അവയ്ക്ക്. ഭീമന്മാരായ ചേനപ്പൂക്കളും സന്ദർശകരെ ആകർഷിക്കാറുണ്ട്. ഞങ്ങൾക്ക് കാണാൻകഴിഞ്ഞതു ഉണങ്ങിപ്പോയ ഒരു പൂവിന്റെ അവശിഷ്ടം മാത്രമായിരുന്നു. മറ്റൊരത്ഭുതം പല വലുപ്പത്തിലും രൂപത്തിലും പൂക്കളുള്ളതും ഇല്ലാത്തതും  ഒക്കെയായ കള്ളിമുൾച്ചെടികളാണ് . ഓർക്കിഡുകൾ കൊണ്ട് പ്രത്യേകമുള്ള  അലങ്കാരച്ചെടികളും ഉണ്ട്. അവയുടെ വിലയും  കൊടുത്തിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വാങ്ങിക്കൊണ്ടുപോകാം.

. ബിഗോണിയ, ബോഗൻവില്ല,  ഹൈഡ്രാഞ്ചിയ, ഫ്യുഷ്യ (ലേഡീസ് ഇയർഡ്രോപ്‌സ് ), കാക്ടസ് , എന്നിവയൊക്കെ പ്രത്യേകം പ്രത്യേകം ഗ്രീൻ ഹൌസുകളിലുണ്ട് അവയ്ക്കുള്ളിലെ പുഷ്പപ്രപഞ്ചം നമ്മൾ ഭൂമിയിൽത്തതന്നെയാണോ നിൽക്കുന്നതെന്ന് സംശയം ജനിപ്പിക്കും. റോസ് ഗാർഡൻ വിശാലമായ  തുറന്ന ഉദ്യാനമാണ്. പെരുമഴ പെയ്യുന്നതുകൊണ്ടു അതിലെ കാഴ്ചകൾ ഒന്നും ക്യാമറയിലാക്കാൻ കഴിഞ്ഞില്ല.

അവിടെ ചില പുൽത്തകിടികളും ചെറിയ വിശ്രമസ്ഥലങ്ങളുമൊക്കെയുണ്ട്. ഒരിടത്തു കുറേ വൃദ്ധജനങ്ങൾ ഇരിക്കുന്നുണ്ട്. അവരോടൊപ്പമുള്ള മൂന്നു  ചെറുപ്പക്കാർ അവർക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്നു. ഏതോ വൃദ്ധമന്ദിരത്തിൽനിന്നു ഉല്ലാസയാത്രക്കായി കൊണ്ടുവന്നതാവാം' ജപ്പാനിൽ വൃദ്ധജനങ്ങളുടെ എണ്ണം വളരെക്കൂടുതലാണ് . നൂറുവയസ്സിനുമേൽ പ്രായമുള്ളവർ 70,000ലധികമുണ്ടത്രേ!

പിന്നെയും നടന്നെത്തുന്നത് വിശാലമായൊരു ജാപ്പനീസ് ഗാർഡനിലാണ് . മേപ്പിൾ  ഗാർഡനും റോക്ക് ഗാർഡനും ഒക്കെ അതിനടുത്തായുണ്ട്. ഒരിടത്തു  മുളങ്കുഴൽ ഒരുമീറ്റർ നീളത്തിൽ മുറിച്ച് എതോ ഒരു കമ്പിൽ ബന്ധിച്ചു വെച്ചിട്ടുണ്ട്. അതിലൂടെ നോക്കിയിട്ടു കണാനൊന്നുമില്ല.  ചെവി വെച്ചു നോക്കിയപ്പോൾ മധുരമായ സംഗീതം. അതേക്കുറിച്ചായിരിക്കും അടുത്തൊരു ബോർഡിൽ കുറിപ്പുണ്ട്. പക്ഷേ ജാപ്പനീസിലാണത്. വീണ്ടും നടന്നപ്പോൾ   ഏതോ പ്രത്യേകചെടികളുള്ള ഒരു കാട്ടുപ്രദേശത്തേക്കു പോകാൻ വഴിയുണ്ട്.   പാമ്പുകളുണ്ട്, ശ്രദ്ധിക്കുക  എന്നു മുന്നറിയിപ്പും. ചേട്ടനും മോനും പോകാനായി മുന്നോട്ടു നടന്നു. പാമ്പിനെ എനിക്കു  പേടിയാണ്. ഞാൻ പിന്തിരിപ്പിച്ചു. മനസ്സില്ലാ  മനസ്സോടെ അവർ തിരിഞ്ഞു നടന്നു. 'ഞാനെപ്പോഴെങ്കിലും തനിയെ വന്ന് അവിടെ പോകും ' എന്നു മോൻ. ഈ ദിനങ്ങളൊക്കെ അവൻ അച്ഛനുമമ്മയ്ക്കുമായി മാറ്റിവെച്ചിരിക്കുകയാണല്ലോ.

അവിടെ കറങ്ങിനടന്നാൽ സമയം പോകുന്നതറിയുകയേ ഇല്ല. ആകെ നനഞ്ഞു കുളിച്ചു എങ്കിലും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത കാഴ്ചകളായിരുന്നു ആ ബൊട്ടാണിക്കൽ ഗാർഡൻ ഞങ്ങൾക്കു  സമ്മാനിച്ചത്. പുല്ലുപോലും മുളയ്ക്കാത്തതെന്നു കരുതിയ നാട്ടിലെ അത്ഭുതസസ്യപ്രപഞ്ചം. ചെറിപ്പൂക്കളുടെ  കാലം കഴിഞ്ഞിരുന്നു. അല്ലെങ്കിൽ ആ വസന്തവും കണ്ണുകൾക്ക് വിരുന്നൊരുക്കിയേനെ. ശിശിരകാലമാകുമ്പോൾ വൃക്ഷങ്ങളൊക്കെ വർണ്ണശബളമാകും. അതും കണ്ണിനിമ്പമേകുന്ന കാഴ്ചതന്നെ.

പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ അവിടെ നിന്നു മടങ്ങി.  ഹിരോഷിമസ്റ്റേഷനിലേക്കുതന്നെ പോയി. നഗരത്തിന്റെ മുഖം എത്ര സുന്ദരമാണ്! എന്നോ ഒരിക്കൽ അവിടെയൊരു മഹാദുരന്തം നടന്നു എന്നതിന്റെ ഒരു ലാഞ്ഛനയും ഇപ്പോഴീനഗരത്തിലില്ല. കത്തിക്കരിഞ്ഞ ചാരത്തിൽനിന്ന് ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ഹിരോഷിമ ഹൃദയം നിറയെ സ്വപ്നങ്ങളുമായി ഉയിർത്തെഴുന്നേറ്റു. ഈ മഹാദുരന്തത്തെ അതിജീവിച്ചവർ ശാരീരികമായും മാനസികമായും ഏറെ  മുറിപ്പെട്ടവരായിരുന്നു.  'ഹിബാക്കുഷ' എന്നാണവർ  വിളിക്കപ്പെടുന്നത്  . ഭക്ഷണമോ വസ്ത്രമോ വീടോ ഒന്നുമില്ലാതെ നരകയാതനായറിഞ്ഞ നാളുകളായിരുന്നു അവരെക്കാത്തിരുന്നത്.  രണ്ടായിരത്തിലധികം  കുഞ്ഞുങ്ങൾ അനാഥരാക്കപ്പെട്ടു. അവരിൽ കുറേപ്പേരെ  ബാലസംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റി. ചിലരാകട്ടെ ഷൂപോളീഷ് പോലുള്ള ജോലികൾ ചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോയി.  അനാഥരാക്കപ്പെട്ട ഒട്ടനവധി പെൺകുട്ടികൾ അനാശാസ്യകേന്ദ്രങ്ങളിലെത്തപ്പെട്ടു.  ഇനിയൊരു 75വർഷത്തിൽ ഹിരോഷിമയിൽ ഒരു പുല്ലുപോലും മുളയ്ക്കില്ലെന്ന വിശാസം ജനങ്ങൾക്കിടയിൽ എങ്ങനെയോ വേരുറച്ചിരുന്നു. പക്ഷേ തകർന്നടിഞ്ഞുകിടന്നിരുന്ന  കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു മുളച്ചുപൊന്തിയ ഒരു  വാഴച്ചെടികളിലെ ചുവന്നപൂക്കൾ  അവരുടെ മനസ്സിൽ പ്രതീക്ഷകളുടെ  ദീപം കൊളുത്തി. അവർ ആത്മവിശ്വാസം വീണ്ടെടുത്തു.  അടുത്ത പത്തുവർഷങ്ങളിൽ ഹിരോഷിമ വളർച്ചയുടെ പടവുകൾ കുതിച്ചു കയറി, ചിന്തിക്കാൻ കഴിയുന്നതിനേക്കാൾ വളരെ
 വേഗതയിൽ. 1949ൽ  നിലവിൽ വന്ന  Hiroshima Peace Memorial City Construction Law ഈ വളർച്ചയ്ക്ക് നീരും വളവുമേകി. വളരെ വേഗത്തിലാണ് താല്കാലികവീടുകൾക്കുപകരം സ്ഥിരവീടുകൾ നിർമ്മിക്കപ്പെട്ടതും ആശുപത്രികളും റോഡുകളുമൊക്കെ പുനർനിർമ്മിക്കപ്പെട്ടതും. വളരെ വേഗത്തിൽതന്നെ  ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു. അങ്ങനെ  ഏഴു ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് ഹിരോഷിമ എല്ലാംതികഞ്ഞൊരു നഗരമാണ്. രാജ്യത്തിനു തന്നെ അഭിമാനമായ ഒട്ടനവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്നു  ഹിരോഷിമയിൽ പ്രവർത്തിക്കുന്നു. മികച്ച ഗതാഗതസൗകര്യങ്ങളും ഇവിടെയുണ്ട്.  'ഹിരോഡൻ' എന്നറിയപ്പെടുന്ന ഹിരോഷിമ വൈദ്യുത റെയിൽവേ ആണ് പൊതു ഗതാഗത സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. ട്രാം സർവ്വീസുകളാണ് പൊതുഗതാഗതത്തിനായി കൂടുതലും ഉപയോഗിക്കുന്നത്. ഹിരോഡൻ ഹിരോഷിമയിൽ ബസ്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റെല്ലാ ആധുനികസൗകര്യങ്ങളും ഇന്നീ നഗരത്തിലുണ്ട്. തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും ഉരുക്കിന്റെ  ബലമുള്ള ഇച്ഛാശക്തിയും മാത്രം കൈമുതലായുള്ള ഒരു ജനതയുടെ കഠിനാദ്ധ്വാനത്തിന്റെ മധുരഫലമാണ് നാം കാണുന്ന ഈ പുരോഗതിയത്രയും. തന്നെക്കാണാനെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസ്സിൽ ഹിരോഷിമ നഗരം പകർന്നുകൊടുക്കുന്നതും ഈ ആത്മവിശ്വാസമാണ്, പ്രതീക്ഷയാണ് - നമുക്കു  സാധ്യമല്ലാത്തതായി ഒന്നുമില്ലെന്ന ഏറ്റവും ലളിതമായ സത്യദർശനമാണ്.

ആദ്യം  കാർ മടക്കിക്കൊടുത്തു. പറഞ്ഞിരുന്നത്രസമയം കാറുപയോഗിച്ചിരുന്നില്ല. അതിനാൽ പണം കുറച്ചു മടക്കിത്തരുകയും ചെയ്തു.  പെട്ടി റെയിൽവെസ്റ്റേഷനിൽ  ഒരു ലോക്കറിൽ വെച്ചു. അപ്പോഴേക്കും ഒന്നരയായി. പിന്നെ നമസ്തേ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു, മൂന്നരയ്ക്കാണ് മടക്കയാത്രക്കുള്ള ബുള്ളറ്റ്ട്രെയിൻ. വേറെ ഏതെങ്കിലും സഥലത്തേക്കുപോയി കാഴ്ചകൾ കാണാൻ സമയമില്ല. അടുത്തെവിടെയെങ്കിലും    പോകാമെന്നു വെച്ചാലും തകർത്തുപെയ്യുന്ന മഴ. അതുകൊണ്ടു ഹോട്ടലിന്റെ താഴത്തെ നിലകളിലുള്ള വിവിവിധ ഷോപ്പിംഗ് കേന്ദ്രങ്ങൾ കാണാമെന്നു കരുതി.  ഒരിടത്തു ഫാഷൻ വസ്ത്രങ്ങളും മറ്റും . മറ്റൊരു നിലയിൽ പുസ്തകങ്ങൾ. പിന്നൊരിടത്തു മധുരപലഹാരങ്ങൾ. അതിനും താഴെ ഒരു സൂപ്പർ മാർക്കറ്റ് . അവിടെയും കയറി . അവിടെക്കിട്ടാത്തതൊന്നുമില്ല എന്നു തോന്നി.  എന്തൊക്കെ  പഴങ്ങളും പച്ചക്കറികളും!. സസ്യേതര വിഭാഗവും നമ്മേ  അതിശയിപ്പിക്കും. എല്ലാം നടന്നു കാണാൻ  സമയമില്ല. കുറച്ചു ആപ്പിളും സ്ട്രോബെറിയും ഒക്കെ   വാങ്ങി അവിടെനിന്നിറങ്ങി. ലോക്കറിൽ നിന്നു പെട്ടിയുമെടുത്തു പ്ലാറ്റ്ഫോമിലെത്തി. ഞങ്ങളുടെ ഷിങ്കാൻസെൻ എത്തുന്നതിനു മുൻപ് വേറെ രണ്ടുമൂന്നെണ്ണം വന്നുപോയി. എന്തൊരു ഭംഗിയാണെന്നോ  ഈ ബുള്ളറ്റ്ട്രെയിൻ വരുന്നതും പോകുന്നതുമൊക്കെ കാണാൻ! കണ്ടുനിൽക്കേ   ഒടുവിൽ കൃത്യസമയത്തുതന്നെ ഞങ്ങളുടെ ട്രെയിനെത്തി. ഷിൻഒസാക്കാ വരെയാണ് അതിലെ യാത്ര. അവിടെ നിന്നു ടോക്യോയിലേക്കു  വേറെ ഹിക്കാരി പിടിക്കണം.  ഹിരോഷിമയോടു  യാത്രപറയുമ്പോൾ ഞാൻ മാർക്ക് ട്വൈന്റെ വാക്കുകളോർമ്മിച്ചു 'Travel is fatal to prejudice ' ഹിരോഷിമയെക്കുറിച്ചുണ്ടായിരുന്ന എല്ലാ ധാരണകളും മനസ്സിൽനിന്നൊഴുക്കിക്കളഞ്ഞു ഈ യാത്ര. ഇനിയെന്നെങ്കിലും ജപ്പാനിൽ വന്നാൽ ഇവിടേക്കു  വീണ്ടും വരണം. അന്തിവെളിച്ചത്തിൽ മാത്രം കണ്ട പീസ് മെമ്മോറിയൽ ഒരിക്കൽക്കൂടി പകൽവെളിച്ചത്തിൽ വിശദമായി  കാണണം. ബാക്കിവെച്ച ഹിരോഷിമക്കാഴ്ചകൾ കണ്ടുമടങ്ങണം. പ്രസന്നവതിയായ ഈ നഗരം ആത്മാവിലേക്കു പകർന്നുനൽകുന്നതു ശുഭാപ്തിവിശ്വാസം മാത്രമാണ്.

ഷിങ്കാൻസെനിൽ ഇരുന്ന്   ഓടിമറയുന്ന കാഴ്ചകൾ കാണുമ്പോൾ ഞാനാ രാജ്യത്തേക്കുറിച്ചാലോചിക്കുകയായിരുന്നു. ആ ജനതയുടെ സംസ്കാരത്തെക്കുറിച്ചു അത്ഭുതം കൂറുകയായിരുന്നു. എവിടെ നോക്കിയാലും അവർ അനുവർത്തിക്കുന്ന ജീവിതമൂല്യങ്ങൾ ആർക്കും അനുഭവവേദ്യമാകും. നമ്മുടെ നാട്ടിൽ കാണുന്നതുപോലെ അറപ്പുളവാക്കുന്ന മാലിന്യനിക്ഷേപങ്ങൾ ഒരിടത്തുമില്ല. പ്രകൃതിയെ  അതിന്റെ എല്ലാ നന്മകളോടെയും കാത്തുസൂക്ഷിക്കുന്നുണ്ടിവിടെ . വിനയവും അച്ചടക്കവും മുഖമുദ്രയാക്കിയ ജനങ്ങൾ . ജപ്പാനിലെ യാത്രക്കിടയിൽ ആരും ആരോടും കോപിക്കുകയോ കയർക്കുകയോ ആക്രോശിക്കുകയോ ചെയ്തു കണ്ടില്ല. ഓരോരുത്തരും സ്വന്തം സുഖസൗകര്യത്തേക്കാൾ മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾക്കാണ് പ്രാധാന്യം  കൊടുക്കുന്നതെന്നു തോന്നി. അവകാശങ്ങൾ നേടുന്നതിനേക്കാൾ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലാണവരുടെ ശ്രദ്ധ. എന്തു ത്യാഗം സഹിച്ചും രാജ്യപുരോഗതിക്കവർ കൈകോർത്തുനിൽക്കും.  നമ്മുടെ നാട്ടിലേതിൽനിന്നു തികച്ചും വിപരീതം. ഈ സംസ്കാരം അവർ ശീലിച്ചുതുടങ്ങുന്നതു വീട്ടിൽനിന്നു തന്നെയാണ്. സ്‌കൂളിലും അവർ പഠിക്കുന്നത്, എങ്ങനെ ഒരു നല്ല സാമൂഹ്യജീവിയാകാമെന്നാണ്.  ഇതൊന്നും ഇന്നോ ഇന്നലെയോ കൈക്കൊണ്ട ജീവിതരീതിയല്ല. നൂറ്റാണ്ടുകളായി , തലമുറകളിൽനിന്നു തലമുറകളിലേക്കു പകർന്നുപോരുന്ന ഉദാത്തമായ സഹജീവിസ്നേഹത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. പാശ്ചാത്യജീവിതരീതികൾ തങ്ങളുടെ ജീവിതത്തിൽ പകർത്തുന്നതിൽ ശ്രദ്ധപുലർത്തിയപ്പോഴും അവർ അതിലെ നന്മകൾ മാത്രമാണ് സ്വീകരിച്ചത്.  പക്ഷേ ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോൾ സഫാരിചാനലിൽ ശ്രീ സന്തോഷ്‌ കുളങ്ങര 'ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' എന്ന പ്രോഗ്രാമിൽ ഫിലിപ്പൈൻസ്   യാത്രയുടെ കാണാക്കാഴ്ചകൾ വിവരിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാൻ സൈനികർ  അവിടെ നടത്തിയ ഹീനവും പൈശാചികവുമായ  കൊടുംക്രൂരതയുടെ കഥകൾ വിറയാർന്ന സ്വരത്തിൽ അദ്ദേഹം വിവരിക്കുമ്പോൾ ഞാനത്ഭുതം കൂറുകയായിരുന്നു, അവർക്കെങ്ങനെ അത്രയും ക്രൂരതകാട്ടാനായി എന്ന്. അതെ, ചില സത്യങ്ങൾ ചോദ്യചിഹ്നങ്ങളായിത്തന്നെ നിലനിൽക്കും .







.   

No comments:

Post a Comment