Monday, May 4, 2020

ഉത് സ്‌ കുഷി നിഹോൺ -7

7
നാരാ ഡിയർപാർക്കും ഡോൾഫിൻ ഷോയും
====================================
മെയ്മാസം നാലാം തീയതിയാണ് . ക്യോത്തോയിൽ രണ്ടുരാവുകൾ ഉറങ്ങിയുണർന്നു. പ്രഭാതകൃത്യങ്ങൾക്കുശേഷം കാപ്പിയുണ്ടാക്കി തലേദിവസം വാങ്ങിയിരുന്ന ബ്രെഡും സ്റ്റഫഡ് ബണ്ണും ഒക്കെ കഴിച്ചു . എട്ടുമണി കഴിഞ്ഞപ്പോൾ റൂമിൽനിന്നിറങ്ങി. ബസ്സിൽ ക്യോത്തോസ്റ്റേഷനിലെത്തി നാരായിലേക്കുള്ള ട്രെയിൻ പിടിച്ചു . ലിമിറ്റഡ് എക്സ്പ്രസ്സ് ട്രെയിനിൽ 35 മിനിറ്റ് യാത്രയാണ് നാരായിലെത്താൻ. മറ്റു ട്രെയിനുകളാണെങ്കിൽ ഒന്നരമണിക്കൂർ തൊട്ടു  രണ്ടുമണിക്കൂർ വരെ എടുക്കാം. നാരാസ്റ്റേഷനിൽനിന്ന് ഡിയർ പാർക്കിനെ ലക്ഷ്യമാക്കി  നടന്നു. ഇവിടെ ബസ്സ്, റിക്ഷ സൗകര്യവും ഉണ്ട്.  ആദ്യമെത്തിയത് ഒരു ക്ഷേത്രമുറ്റത്താണ്. കോഫോക്കുജി എന്ന പുരാതനമായ ബുദ്ധക്ഷേത്രം . യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രം കൂടിയാണിത്. ക്ഷേത്രത്തിനുനേരെ നടക്കുമ്പോഴാണ് ഒരു ആംബുലൻസ് അവിടെയെത്തി നിന്നത്. വാതിൽതുറന്നപ്പോൾ സ്‌ട്രെച്ചർ പുറത്തേക്കു നീണ്ടുവന്നു പിന്നെയത് താഴേക്കമർന്നു. അവശനിലയിൽ ഒരു രോഗിയെ അതിൽ കിടത്തിയതും ഉള്ളിലേക്ക് വലിഞ്ഞു വാതിലടഞ്ഞു. അതു പോവുകയും ചെയ്തു. കോലാഹലങ്ങളൊന്നുമില്ലാതെ എത്രവേഗം കാര്യങ്ങൾ നടന്നു.!

 ക്ഷേത്രത്തിൽ കയറാനായി  300യെൻ  ആണ് പ്രവേശനഫീസ് . അതിനോട് ചേർന്നുള്ള ചരിത്രമ്യൂസിയത്തിൽ കയറാൻ 600യെൻ. പാദരക്ഷകൾ പുറത്തുസൂക്ഷിക്കാൻ സൗകര്യമില്ല. അതിനായി ഒരു പ്ലാസ്റ്റിക്‌സഞ്ചി ഓരോരുത്തർക്കും തരും. ചെരുപ്പുകളൂരി  അതിലിട്ടു കൈയിൽ പിടിക്കണം.  ക്ഷേത്രത്തിനു  മൂന്നു ഗോൾഡൻ ഹാളുകളാണുള്ളത്. പ്രധാന ഗോൾഡൻ ഹാളിൽ ബുദ്ധന്റെ വലിയൊരു വെങ്കലപ്രതിമയും ബോധിസത്വന്റെ പ്രതിമകളും  ഉണ്ട്. മറ്റു പ്രതിമകൾ ദേവന്മാരുടെയും അസുരന്മാരുടെയും ( deva , Ashura ) പത്ത് അനുചാരികളുടെയും, ആയിരം കൈകളുള്ള രാക്ഷസന്റെയും, അമോഘപാശ എന്ന എട്ടുകൈകളോടുകൂടിയ ദേവന്റെയും ഒക്കെയാണ്. വെങ്കലത്തിലും കളിമണ്ണിലും ഒക്കെയുള്ളവയുണ്ട്. 'കോഫോക്കുജി' എന്നാൽ ആനന്ദത്തിന്റെ ക്ഷേത്രമെന്നാണ്

പ്രധാനക്ഷേത്രത്തിന്റെ  കിഴക്കുഭാഗത്തായി അഞ്ചുനിലകളുള്ള ഒരു പഗോഡയും പടിഞ്ഞാറുഭാഗത്തായി മൂന്നു നിലകളുള്ള ഒരു പഗോഡയും. തെക്കും വടക്കും ഭാഗങ്ങളിലായി അഷ്ടമുഖാകൃതിയിലുള്ള രണ്ടു ഹാളുകൾ. മറ്റൊന്ന് പതിമൂന്നു മണികളുടെ ഹാളായ ഓമിഡോ  ആണ്. ഒയുയ എന്നു പേരുള്ള  ഒരു പൊതുകുളിമുറിയും ഉണ്ട്.  അഞ്ചുനിലകളുള്ള പഗോഡയ്‌ക്കുതന്നെയാണ് ഏറ്റവും പ്രാധാന്യം. ഇതിന്റെ മൂലരൂപം നിർമ്മിച്ചത് എ ഡി 725 ലാണ് . അനവധിതവണ വിവിധങ്ങളായ കാരണങ്ങളാൽ  നാശോന്മുഖമാവുകയും പുനർനിർമ്മാണം നടത്തുകയും ചെയ്തതാണ് ഇന്നു നമ്മൾ കാണുന്ന ഈ പഗോഡ. 164 അടി ഉയരമുള്ള ഈ ഗോപുരം ഉയരത്തിൽ ജപ്പാനിൽത്തന്നെ രണ്ടാംസ്ഥാനത്താണ് ആണികൾ ഉപയോഗിക്കാതെയാണ് ഇതിന്റെ നിർമ്മിതി എന്നതു എടുത്തുപറയേണ്ട ഒന്നാണ്.   1959 ൽ ഇവിടെയാരംഭിച്ച മ്യുസിയം ബുദ്ധമതകലകളുടെ, പ്രത്യേകിച്ച് ശില്പ, ചിത്രകലകളുടെ ഒരു നിധിശേഖരം തന്നെയാണ്. തടിയിൽതീർത്ത, ആറുകരങ്ങളുള്ള അഷുര വിഗ്രഹമാണ് ഇതിൽ ഏറ്റവും പ്രൗഢമായത്. യകുഷി നയോരയുടെ   വെങ്കലശില്പവും വളരെ പ്രാധാന്യമുള്ളതുതന്നെ. പേരന്വർത്ഥമാക്കി ഇവിടുത്തെ കാഴ്ചകൾ ഓരോന്നും നമ്മെ ആനന്ദപുളകിതരാക്കുന്നു എന്നതു നിഷേധിക്കാനാവാത്ത സത്യം.  ക്ഷേത്രവും മ്യുസിയവും വിശദമായി കണ്ടശേഷം  പാർക്കിലേക്കു  നടന്നു. അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. കാരണം പാർക്കിനുള്ളിൽത്തന്നെയാണ് ക്ഷേത്രം.

 1600  ഏക്കറിലായി  വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം 1200ലധികം പുള്ളിമാനുകൾക്കു വാസഗേഹമാകുന്നു.  നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പുൽമേടുകളും ഇടയിലുള്ള വൃക്ഷങ്ങളും ഒക്കെച്ചേർന്ന് അതിമനോഹരമായൊരു ഭൂഭാഗം. നടവഴികളുടെ  ഒരു  ശ്രുംഖലതന്നെയുണ്ട്. തുടക്കത്തിൽത്തന്നെ മാനുകളെ കാണാം. ജപ്പാനിൽ പുരാതനകാലത്ത്  മാനുകൾക്കൊരു ദൈവികപരിവേഷമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം വരെ ഈ  വിശ്വാസം തുടർന്നുപോന്നിരുന്നു. അതിനുശേഷമാ‌ണ്‌‌‌‌‌‌‌  ദൈവികത അവരിൽനിന്നെടുത്തുമാറ്റി, മാനുകൾ ദേശീയസമ്പത്തായി പരിഗണിക്കാൻ തുടങ്ങിയത്.  മാനുകളെ ഉപദ്രവിക്കുന്നതു വലിയ കുറ്റമായിത്തന്നെ കണ്ടിരുന്നു. ഇപ്പോഴും  അവയെ  കൊന്നാൽ അതിനുള്ള ശിക്ഷ കൊലമരമായിരിക്കുമെന്നതും നിശ്ചയം.   വഴിയരുകിൽ മാനുകൾക്കുള്ള ഭക്ഷണം 'ഷിക സെൻബെയി' എന്ന റൈസ് ക്രാക്കേഴ്സ് വിൽക്കുന്നവരെ കാണാം. ഒരു പാക്കറ്റിനു 150യെൻ ആണ് വില. ഞങ്ങളും മൂന്നു പാക്കറ്റ്  വാങ്ങി. വട്ടത്തിൽ പപ്പടംപോലുള്ള അരിബിസ്കറ്റുകൾ ഓരോന്നായെടുത്തു മാനുകൾക്കു കൊടുത്താൽ അവ നമ്മുടെ പിന്നാലെ വരും. ഒരുപാടു സന്ദർശകരുണ്ട്. എല്ലാവർക്കും ഇണക്കമുള്ള ഈ മാനുകൾ ഒരു പുതിയ അനുഭവമാകുന്നു.  കൂടുതൽ മരങ്ങളുള്ള ഭാഗങ്ങളും ഉദ്യാനത്തിലുണ്ട്. സക്കൂറക്കാലത്തു വന്നാൽ അതിമനോഹരമായിരിക്കും ഈ ഉദ്യാനദൃശ്യം. മാനുകളെ കണ്ടും തൊട്ടും തലോടിയും തീറ്റകൊടുത്തും നടന്നാൽ സമയം പോകുന്നതറിയുകയേയില്ല.

ഉദ്യാനത്തിൽത്തന്നെ വേറെയും ക്ഷേത്രങ്ങളുണ്ട്. 'തദോജി'  എന്ന ക്ഷേത്രമാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ തടികൊണ്ടുള്ള നിർമ്മിതി. ഇവിടെ 15മീറ്റർ ഉയരമുള്ളൊരു ബുദ്ധപ്രതിമയുമുണ്ട്. ഈ ബുദ്ധപ്രതിമയെ പ്രതിഷ്ഠിക്കുമ്പോൾ പ്രധാന കാർമ്മികത്വം വഹിച്ചത് ഇന്ത്യയിൽനിന്നെത്തിയ ബോധിസേന എന്ന ബുദ്ധസന്യാസിയായിരുന്നു. നാരാ നാഷണൽ മ്യുസിയവും ഈ ഉദ്യാനത്തിൽത്തന്നെയാണ് .

കുറേസമയം മനോഹരമായ  ഡിയർപാർക്കിൽ ചുറ്റിനടന്നശേഷം പിന്നീടു പോയതു   നാരായിലെ മന്യോഷു ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് . 500യെൻ  ടിക്കറ്റ് എടുത്ത് അകത്തുകയറാം. മന്യോഷു എന്നത് ജപ്പാനിലെ ഏറ്റവും പുരാതനമായ പതിനായിരത്തോളം വരുന്ന  താങ്കാ കവിതകളാണ്. ആ കവിതകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന സസ്യങ്ങളും പൂക്കളുമാണത്രേ ഈ ഉദ്യാനത്തിലുള്ളത്. ഷിൻതോ ക്ഷേത്രമായ കസുഗ തൈഷയുടെ ഭാഗമായാണ് ഉദ്യാനം.

ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം ഇരുനൂറിലധികമുള്ള  വെസ്റ്റീരിയ ചെടികളാണ്. വസന്തകാലത്ത് അവയിൽ നിറയെ പൂക്കളായിരിക്കും. നീണ്ടു താഴേക്കുവളർന്നുകിടക്കുന്ന പൂങ്കുലകൾ  നീലയും വെള്ളയും വൈലറ്റ്  നിറത്തിലുള്ളവയും ഒക്കെയുണ്ട്. അതിമനോഹരമാണ് ആ കാഴ്ച. ഞങ്ങൾ എത്തിയപ്പോഴേക്കും പല വെസ്റ്റീരിയ ചെടിയിലെയും പൂക്കൾ കൊഴിഞ്ഞുതുടങ്ങിയിരുന്നു. എങ്കിലും ധാരാളം ചെടികളിലെ പൂക്കൾ കാണാൻകഴിഞ്ഞു. അപ്പോഴുണ്ടായിരുന്നതിലധികവും വെളുത്തപൂക്കളായിരുന്നു. ഒട്ടനവധി വൃക്ഷങ്ങളും പൂച്ചെടികളും ഒക്കെയുണ്ടെങ്കിലും പേരുകളെല്ലാം ജാപ്പനീസിൽ ആണെഴുതിവെച്ചിരിക്കുന്നത്. ചിലതൊക്കെ മോനുവിനോടു ചോദിച്ചു ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കി. ചെറിമരങ്ങളിലൊക്കെ പൂക്കാലം  കഴിഞ്ഞു കായകൾ പഴുത്ത്, കിളികൾക്കു ഭക്ഷണമായി നിൽക്കുന്നു.  ഉദ്യാനത്തിൽ അലങ്കാരമത്സ്യങ്ങളുള്ള   ചെറിയ  തടാകങ്ങളും കാണാനായി. ഒരുഭാഗത്ത് ധാന്യങ്ങളുടെയും കടുകും ഉള്ളിയും ചില പച്ചക്കറികളും  അതുപോലെയുള്ള വേറെചില സസ്യങ്ങളുടേയുമൊക്കെ കൊച്ചുകൊച്ചു തോട്ടങ്ങൾ കാണാം. ആകെയുള്ള കാഴ്ചകൾ അതിമനോഹരം തന്നെ. എല്ലായിടത്തും അസീലിയയും ഐറിസും പൂത്തു നിൽക്കുന്നതുകാണാം. കമീലിയ എന്നൊരിനത്തിന്റെ  പൂക്കൾ അതിമനോഹരമാണ്. പലനിറത്തിലുണ്ടത്.   ഗോൾഡൻ വീക്ക് ആയതുകൊണ്ടും വെസ്റ്റീരിയപൂക്കാലമായതുകൊണ്ടും ഗാർഡനിൽ സന്ദർശകരുടെ  നല്ല തിരക്കാണ് . പിറ്റേദിവസം അവിടെയൊരു പൗരാണികസംഗീതനൃത്തപരിപാടി നടക്കാനിരിക്കുകയാണ്. എല്ലാവർഷവും മെയ്മാസം അഞ്ചാം തീയതിയും നവംബർമാസം മൂന്നാം തീയതിയും ഈ കലാവിരുന്ന് അരങ്ങേറുന്നു.

ബൊട്ടാണിക്കൽ ഗാർഡൻ കണ്ടുകഴിഞ്ഞു ഞങ്ങൾ ട്രെയിനിൽ ക്യോത്തോയിലേക്കു മടങ്ങി. ആദ്യം റെയിൽമ്യൂസിയം കാണാനാണ് പോയത്. 1200യെൻ (750 രൂപ ) ആണ് പ്രവേശനഫീസ്‌. സ്റ്റീം എഞ്ചിൻ മുതൽ ഷിങ്കാൻസൻ വരെ ഇതുവരെ ജപ്പാനിൽ ഉപയോഗിച്ച എല്ലാ ലോക്കോമോട്ടീവ്‌സിന്റെയും മോഡലുകൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയുടെയൊക്കെ പ്രവർത്തനവും വിശദമാക്കിയിട്ടുണ്ട്. പുരാതനകൊട്ടാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ കണ്ടുമടുക്കുമ്പോൾ ഇങ്ങനെയൊരു ആധുനികതയുടെ സങ്കേതത്തിലെത്തിച്ചേരുന്നത് സഞ്ചാരികളെ ഉന്മേഷമുള്ളവരാക്കാൻ സഹായിക്കും. ട്രക്കും ബ്രിഡ്ജും പണിയുന്നതുമുതൽ ടിക്കറ്റ് അടിക്കുന്നതുവരെ എല്ലാം അവിടെനിന്നു പഠിക്കാനാവും എന്നത് എത്ര ആനന്ദകരം! ട്രെയിൻസ്നേഹികളാണെങ്കിൽ സന്തോഷം ഇരട്ടിക്കും. ചേട്ടനും മോനും അതാണ് സംഭവിച്ചത്. അവർക്കുരണ്ടുപേർക്കും ഓടിനടന്ന് എല്ലാം കാണാനും മനസ്സിലാക്കാനും നല്ല താല്പര്യം. സത്യം പറഞ്ഞാൽ ആദ്യത്തെ ഒരു കൗതുകം കഴിഞ്ഞപ്പോൾ എനിക്കു ബോറടിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്നൊന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. പക്ഷേ അവരുടെ ഉത്സാഹം വർദ്ധിച്ചുവരുന്നതേയുള്ളു. എല്ലാം സഹിച്ചു ഞാനും ഒപ്പം നടന്നു.

1872ൽ ആണ് ജപ്പാനിൽ ആദ്യത്തെ ട്രെയിൻ ഓടിയത്- ടോക്കിയോ മുതൽ യോക്കോഹാമ വരെ. ട്രെയിൻപോലെതന്നെ റെയിൽഗതാഗതവും അവിടെ കുതിപ്പു നടത്തി. 1964ൽ  ലോകത്തിലെതന്നെ ആദ്യത്തെയും എക്കാലത്തെയും ഏറ്റവും മികവുറ്റതുമായ   ബുള്ളറ്റ്ട്രെയിൻ ഓടിത്തുടങ്ങി. ഇപ്പോൾ മഗ്-ലെവിന്റെ (Magnetic Levitation Train ) പണികൾ നടന്നുവരുന്നു . മണിക്കൂറിൽ അറുനൂറു കിലോമീറ്റർ വരെ താണ്ടാൻ ഇവയ്ക്കു കഴിയുമത്രേ. പരീക്ഷണയാത്രയിൽ 603 km / H  ആണ് റെക്കോഡ് . ഇപ്പോൾ മഗ് ലെവ് ഓടുന്ന ചൈന, സൗത്ത് കൊറിയ, ഷാങ്ഹായ് എന്നിവിടെങ്ങളിലേക്കാൾ വളരെക്കൂടുതലാണ് ഈ സ്പീഡ്. ഏതാനും വർഷങ്ങൾക്കകം ഇവയായിരിക്കും ജപ്പാന്റെ പ്രധാനപ്പെട്ട ഗതാഗത സങ്കേതം.

അവിടെനിന്നിറങ്ങിയത് അടുത്തുള്ള അക്വേറിയം കാണാനുള്ള തീരുമാനവുമായാണ്. തലേദിവസം ഒസാക്കാ അക്വേറിയം നന്നായി ആസ്വദിച്ചതാണ്. പക്ഷേ ഇവിടുത്തെ ആകർഷണം ഡോൾഫിൻഷോ ആണ്. കുട്ടിക്കാലത്തു കണ്ട 'ഏഴാംകടലിനക്കരെ' എന്ന സിനിമയിലെ ഡോൾഫിൻഷോ ഓർമ്മവന്നു. അതോർത്തപ്പോൾത്തന്നെ ആകെയൊരു ത്രിൽ .

രണ്ടുനിലകളിലുള്ള ഈ അക്വേറിയം 2012ലാണ് പ്രവർത്തണം ആരംഭിച്ചത് . 15000 ജലജീവികളാണിവിടെയുള്ളത്. 2050 യെൻ (1275 രൂപ ) ആണ് ടിക്കറ്റ്ചാർജ്. ആദ്യം തന്നെ അവിടെ ഒരു സീൽ ഷോ ആയിരുന്നു കണ്ടത്. സീലുകൾക്കു ഒരാൾ കൊടുക്കുന്ന നിർദ്ദേശമനുസരിച്ച് പൊങ്ങുകയും താഴുകയുമൊക്കെ ചെയ്യുന്നുണ്ട്. ഉള്ളിലേക്കു കയറിയപ്പോൾ ജലജീവികളുടെ വലിയ ലോകം.   ഒസാക്കയിൽ കണ്ടതിൽ നിന്നു വ്യത്യസ്തമായി ഇവിടെ കണ്ടത് മണലിൽ നിന്നു ചെടികൾ  വളരുന്നതുപോലെ പൊങ്ങിവരുന്ന ഒരുതരം പാമ്പുകളെയാണ്. പിന്നെ ആഫ്രിക്കൻ പെൻഗ്വിനുകളും. ഏറ്റവും കൗതുകം തോന്നുന്നത് ഭീമാകാരനായ ജാപ്പനീസ് സലമാണ്ടർ ആണ് .ഇവിടയുള്ള കൂറ്റൻ ടാങ്കിനു മുന്നിൽ നിൽക്കുമ്പോൾ കടലിന്റെ അടിത്തട്ടിൽ നിൽക്കുന്ന പ്രതീതിയാണ്. പക്ഷേ കൂടുതൽ സമയം ഇതൊന്നും നോക്കിനിൽക്കാൻ കഴിയുമായിരുന്നില്ല.  കാരണം ഡോൾഫിൻ ഷോ  തുടങ്ങാനുള്ള സമയമെടുത്തു. അത്‌ ഏഴുമണിക്കാണ്.  ആറര കഴിഞ്ഞു.  ഇടയ്ക്കൊക്കെ മോൻ പറയുന്നുണ്ടായിരുന്നു നമുക്കിനി അങ്ങോട്ടു നീങ്ങാമെന്ന്. അപ്പോൾ അടുത്ത കഴ്ചകളാകുമെന്നു കരുതി ഞങ്ങൾ നടന്നു .ഷോയുടെ കാര്യം ചോദിച്ചപ്പോഴാണ് അവൻ പറയുന്നത്
 'അതല്ലേ നിങ്ങളോടിത്രയും നേരം പറഞ്ഞത് അങ്ങോട്ട് നീങ്ങാമെന്ന്. അവിടെ ഇപ്പോൾ തന്നെ ആൾക്കാർ നിറഞ്ഞുകാണും.'
പിന്നെ ഞങ്ങളൊരു ഓട്ടമായിരുന്നു ഡോൾഫിൻ  സ്റ്റേഡിയത്തിലേക്ക് . മോൻ പറഞ്ഞതുപോലെ ആളുകൾ വന്നു നിറഞ്ഞിട്ടുണ്ട്. ബീൻസ് ആകൃതിയിലുള്ള  ഒരു വലിയ ടാങ്കിലാണ് ഡോൾഫിനുകൾ. അതിനുമുന്നിൽ അർദ്ധവൃത്താകൃതിയിൽ തട്ടുകളായി ഇരിപ്പിടങ്ങൾ. ഞങ്ങൾക്ക്  ഇടതുവശത്തായി താഴെത്തന്നെ സീറ്റ് കിട്ടി. മോനു ഫോട്ടോ എടുക്കാൻ സൗകര്യം നോക്കിയാണ് അവിടെ ഇരുന്നത്. തൊട്ടുമുന്നിലെ  സീറ്റുകളൊക്കെ നിറഞ്ഞിരുന്നു. നന്നായി ഇരുട്ടിയിരുന്നതുകൊണ്ടു വൈദ്യുതവിളക്കുകളാണ് വെളിച്ചം നൽകിയത്. പകലായിരുന്നെകിൽ ഷോ കൂടുതൽ  നന്നായി ആസ്വദിക്കാമെന്നു തോന്നി. .  കൃത്യസമയത്തുതന്നെ ഷോ ആരംഭിച്ചു. തുടങ്ങുന്നതിനുമുന്നേ ഒരു ചെറിയ പ്ലാസ്റ്റിക് റ്റ്യൂബിന്റെ കഷണം എല്ലാവരുടെയും കയ്യിൽ തന്നു. അതൊരു വിസിൽ ആണ്. ഷോ നടക്കുമ്പോൾ അതിൽ ഊതി ശബ്ദമുണ്ടാക്കി പ്രോത്സാഹിപ്പിക്കുന്നതിനു  വേണ്ടിയാണ്. ഡോൾഫിനുകളെ കളിപ്പിക്കാനുള്ള ആൾക്കാർ പ്രത്യേക വേഷവിധാനത്തിലെത്തി ചില പ്രകടനങ്ങളൊക്കെ നടത്തി. ഉച്ചത്തിലുള്ള  പശ്ചാത്തലസംഗീതവും. അതല്പം അരോചകമായിത്തോന്നാതിരുന്നില്ല. പിന്നെ ഡോൾഫിനുകൾ ഓരോന്നായി വന്നു പ്രകടനം തുടങ്ങി. വളരെ രസകരമായ ചലനങ്ങൾ. ഇടയ്ക്കവ സംഗീതത്തിനൊത്തു പൊങ്ങിച്ചാടും. പരിശീലകർ ഉച്ചത്തിൽ എന്തൊക്കെയോ അനൗൺസ് ചെയ്യുന്നുണ്ട്. ജാപ്പനീസിൽ ആയതുകൊണ്ട് അതൊന്നും എന്താണെന്നു പിടികിട്ടിയില്ല. കുട്ടികൾ നന്നായി ആസ്വദിക്കുന്നുണ്ട്. സമയം പോയതറിഞ്ഞതേയില്ല. ഷോ അവസാനിച്ചപ്പോൾ ഉച്ചത്തിൽ കരഘോഷമുയർന്നു. പരിശീലകരും ഡോൾഫിനുകളും നന്ദിപ്രകടനം നടത്തി. ഗോൾഡൻ വീക്ക് ആയതുകൊണ്ടാണ് ഇത്രയും വൈകി ഷോ നടത്തുന്നത്. അല്ലെങ്കിൽ   നാലുമണിക്ക് അവസാന ഷോ കഴിയും. എന്തായാലും ഭാഗ്യമായി അതു  കാണാൻ കഴിഞ്ഞത്. മനസ്സുനിറഞ്ഞ ആഹ്ലാദത്തോടെയാണ് അവിടെനിന്നിറിങ്ങിയത്.

ക്യോത്തോയിലുള്ള ഒരു 'കേരളാ റെസ്റ്റോറന്റ്' മോൻ ഗൂഗിൾ സേർച്ച് ചെയ്തു കണ്ടുപിടിച്ചിരുന്നു. കവരമാച്ചി എന്ന സ്ഥലത്താണത്.  അത്താഴം അവിടെ നിന്നാകാമെന്നു കരുതി. ആ സ്റ്റോപ്പിലേക്കുള്ള ബസ് പിടിച്ചു. റെസ്റ്റോറന്റിന്റെ  തൊട്ടടുത്തായിരുന്നു സ്റ്റോപ്പെങ്കിലും അതു കണ്ടെത്താൻ ഞങ്ങൾക്ക് കുറച്ചലയേണ്ടിവന്നു. കേരളാ ഹോട്ടലെന്നു പേരേയുള്ളു. . ഒരു ജീവനക്കാർ പോലും മലയാളിയല്ല. കഥകളിയുടെയും തെങ്ങിന്റെയുമൊക്കെ ചിത്രങ്ങൾ ചുവരുകളെ അലങ്കരിക്കുന്നുണ്ട്. ഒരു ചെറിയവള്ളത്തിന്റെ തടിരൂപവും ഒരു മേശപ്പുറത്തുണ്ട്. ഞങ്ങളിരുന്നതിനു കുറച്ചപ്പുറത്തായി ഒരു പഞ്ചാബിക്കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു.  ആദ്യംതന്നെ കൈ തുടയ്ക്കാൻ നല്ല ചൂടും നനവുമുള്ള നാപ്കിനുകൾ കൊണ്ടുവന്നു തന്നു . കൈവരുത്തിയാക്കിശേഷം അതു മടക്കി വിസയുടെ ഒരു വശത്തു വെയ്ക്കണം. അതാണു മര്യാദ. തണുത്ത വെള്ളമാകും കുടിക്കാൻ കൊണ്ടുവരിക. ചൂടുവെള്ളം വേണമെങ്കിൽ പ്രത്യേകം ആവശ്യപ്പെടണം.    ഇവിടെ പൊതുവേ  വെജിറ്റേറിയൻ ഭക്ഷണത്തിനു നോൺ-വേജ് വിഭവങ്ങളെക്കാൾ  വില വളരെക്കൂടുതലാണ്. ഞാൻ വെജിറ്റബിൾ പുലാവാണു  കഴിച്ചത്. അവർ രണ്ടുപേരും  ബിരിയാണി കഴിച്ചു.  രുചികരമായ ഇന്ത്യൻ ഭക്ഷണം .  ഭക്ഷണശേഷം  അവിടെനിന്നു തന്നെ ഡൈട്ടോകുജിയിലേക്ക് ബസ്സ് പിടിച്ചു.  പത്തുമണി കഴിഞ്ഞപ്പോൾ മുറിയിലെത്തി.

ഞങ്ങളുടെ ജാപ്പനീസ്  ഭക്ഷണത്തോടുള്ള ഇഷ്ടക്കേടു മോനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അവൻ ഒന്നും ഞങ്ങളോടു  പറഞ്ഞിരുന്നില്ലെങ്കിലും യാത്രയിൽ മാറ്റംവരുത്താൻ തന്നെ അതിടയാക്കി. രണ്ടുദിവസം കൂടി ഡൈട്ടോകുജിയിൽ മുറി ബുക്ക് ചെയ്തിരുന്നു. പക്ഷേ അവൻ പറഞ്ഞു അതുവേണ്ട, നമുക്കു നാളെ  ടോക്യോയിൽ ചെന്ന് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കഴിക്കാം. പിറ്റേദിവസം രാവിലെ ഹിരോഷിമയിലേക്കു പോകാമെന്ന്. ഹിരോഷിമയിൽ മുറി ബുക്ക് ചെയ്യുകകൂടിചെയ്തു. ഒരുപാടു സാമ്പത്തികനഷ്ടം വരുത്തുന്ന കാര്യമാണിത്. മുറിവാടക മാത്രമല്ല ഷിങ്കാൻസെനിലെ   രണ്ടുദിവസത്തെ  ഗ്രീൻകാർഡ്  ടിക്കറ്റ് ചാർജും  ഒക്കെചേർന്ന് നല്ലൊരു തുക പോയിക്കിട്ടും. അതേക്കുറിച്ചു പറഞ്ഞിട്ടും  അവൻ അതു കാര്യമാക്കിയില്ല.













1 comment:

  1. യാത്രയോടൊപ്പം വായനക്കാരനേയും കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ അവതരണശൈലി.ഭക്ഷണകാര്യത്തിന് മകന്റെ താല്പര്യം ശ്രദ്ധിച്ച സ്നേഹസമ്പന്നരായ മാതാപിതാക്കൾ…...ഫോട്ടോകളും നന്നായി
    ആശംസകൾ

    ReplyDelete