Wednesday, June 24, 2020

ഇന്നലെ, ഇന്ന്, നാളെ

ഇന്നലെ, ഇന്ന്, നാളെ
.
ഇന്നലെകളെങ്ങോ മറഞ്ഞുപോയി
ഇനിവരാനാവാതെ മാഞ്ഞുപോയി
കൊഴിഞ്ഞതാമിലകളീ തരുശാഖിയിൽ
വന്നു തളിരായ്‌പിറക്കുവാൻ കഥയതില്ല.
ഇന്നലത്തെത്താളിലെഴുതിക്കുറിച്ചിട്ട
കഥയിലൊരു വാക്കും തിരുത്തുവാനാകില്ല
അവിടെപ്പതിപ്പിച്ച  വർണ്ണചിത്രങ്ങളിൽ
നിറമേതുമിനിയൊന്നു മാറ്റുവാനാവുമോ!

'നാളെ' യോ  വെറുമൊരു നിറമാർന്ന സ്വപ്‍നം
വിരിയാൻവിതുമ്പുന്ന പൂമൊട്ടിൻ നിശ്ചയം
നാളെയെ നിനച്ചിന്നു വ്യഥവേണ്ടാ  പാരിതിൽ
അതുവരും കാലം നിനയ്ക്കുന്ന രീതിയിൽ
പുലരിയിൽ ദിനകരനുദിച്ചിടും, സന്ധ്യയിൽ
ഭൂമിയെ ചെമ്പട്ടുടുപ്പിച്ചു  മാഞ്ഞീടും.
ശ്യാമമേഘങ്ങളങ്ങെത്ര  ശ്രമിക്കിലും
ഒരുപകൽ രാവാക്കി മാറ്റുവാനാവുമോ!

ഇന്നാണു മുന്നിൽ നമുക്കുജീവിക്കുവാൻ
ഇന്നൊന്നു മാത്രമേ ബാക്കിയുള്ളു.
വർണ്ണങ്ങൾ തുന്നിപ്പിടിപ്പിച്ചു നറുമണം
നീളെച്ചൊരിഞ്ഞു വിടർന്നുവിലസുന്ന
ഇന്നിന്റെപൂക്കളെ നെഞ്ചോടുചേർക്കണം
ഇന്നിൽ രമിക്കണം  ഇന്നിൽ ലയിക്കണം
നന്മതൻ കാല്പാദമൂന്നിക്കടക്കണം
സങ്കടക്കടലിന്റെയപ്പുറം താണ്ടണം

Friday, June 5, 2020

ഗജലോകത്തിനു പറയാനുള്ളത്.

എന്തിനാണീ അർത്ഥശൂന്യമായ വിലാപങ്ങൾ?
നിങ്ങൾ ഞങ്ങളോട് ഇതുവരെക്കാട്ടിയിരുന്ന  ക്രൂരതകൾ അങ്ങനെയല്ലായെന്നുണ്ടോ!
കെണിയിൽപ്പെടുത്തി, കുഴിയിൽച്ചാടിച്ച്, അതികഠിനമുറകളിലൂടെ മെരുക്കിയെടുത്ത് ബന്ധനസ്ഥരാക്കി, ഞങ്ങളുടെ ചലനസ്വാതന്ത്ര്യം ഇല്ലാതെയാക്കി നിങ്ങൾ ഞങ്ങളെ നിർദ്ദാക്ഷിണ്യം ഉപയോഗിക്കുകയായിരുന്നില്ലേ ഇത്രകാലവും!
നിങ്ങൾക്കു കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും  നിർമ്മിക്കാൻ ഭാരമേറിയ ശിലാഖണ്ഡങ്ങളും മരത്തടികളും കാതങ്ങളോളം ഞങ്ങളെക്കൊണ്ടു വലിച്ചിഴപ്പിച്ചു വിശ്രമംതരാതെ പണിയെടുപ്പിച്ചു.
നിങ്ങൾ ഞങ്ങൾക്കേകിയ ക്രൗര്യത്തിന്റെ, ദയാരഹിത്യത്തിന്റെ, അഹന്തയുടെ, ഇരുമ്പുചങ്ങലകൾ ഞങ്ങളുടെ കാലിലും മേലിലുമേൽപ്പിച്ച ആഴമേറിയ  മുറിവുകൾതന്ന വേദനയുടെ ഗാഢത നിങ്ങളെങ്ങനെയറിയാൻ!
കൊമ്പും പല്ലുമെടുത്തു  കോടിക്കുവകയുണ്ടാക്കാൻ ഞങ്ങളിലെത്രയോപേരെ നിങ്ങൾ ക്രൂരമായി വകവരുത്തിയിരിക്കുന്നു!
പ്രകൃതത്തിനു യോജിക്കാത്ത ഭക്ഷണം നൽകി എരണ്ടക്കെട്ടുണ്ടാക്കി ദ്രോഹിക്കുമ്പോഴും നിങ്ങൾക്കതൊരാഘോഷം.
 ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പെരുന്നാളുകൾക്കും വിനോദസഞ്ചരികളെ രസിപ്പിക്കുന്നതിനും  ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ മണിക്കൂറുകളോളം ഞങ്ങളെക്കൊണ്ടെഴുന്നെള്ളത്തുനടത്തുമ്പോൾ നിങ്ങളുടെ കണ്ണിൽ ഒരുതുള്ളിക്കണ്ണീരെങ്കിലും ഞങ്ങൾക്കായി പൊടിഞ്ഞിട്ടുണ്ടോ?
കാട്ടിലെ സ്വച്ഛസുന്ദരമായ ഹരിതമേഖലകളിൽ ശൈശവബാല്യകുതൂഹലങ്ങളിൽ ആടിത്തിമിർക്കേണ്ട എന്റെ കുഞ്ഞുമക്കളെ ഇടുങ്ങിയ മരക്കൂടുകൾക്കുള്ളിലാക്കി ചട്ടം പഠിപ്പിക്കുന്നത് നിങ്ങൾ കണ്ടാസ്വദിക്കയല്ലേ ചെയ്യുന്നത്!
ഇതു നിങ്ങളുടെ കുഞ്ഞിനായിരുന്നു സംഭവിച്ചതെങ്കിലെന്ന്   എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചുവോ?
കഠിനപീഡകൾനൽകി സർക്കസ്കൂടാരങ്ങളിൽ ഞങ്ങളെക്കൊണ്ട് കോമാളിത്തരങ്ങൾ കാട്ടുമ്പോഴും നിങ്ങൾ കൈകൊട്ടിച്ചിരിച്ചില്ലേ, ആർപ്പുവിളിച്ചില്ലേ?
നിങ്ങൾ കാടുമുഴുവൻ നടക്കിമാറ്റിയപ്പോൾ ഭക്ഷണംതേടി അലഞ്ഞു നടന്ന ഞങ്ങളെ വൈദ്യുതികൊണ്ടു പ്രഹരിച്ചില്ലേ?
മൃഗശാലകളിലെ ഇടുങ്ങിയ അഴികൾക്കുള്ളിൽ ഞങ്ങളെത്തളച്ചിട്ടു
കണ്ടുരസിക്കുന്നതും നിങ്ങൾതന്നെയല്ലേ?
ഞങ്ങളുടെ വംശംതന്നെയില്ലാത്ത,അതിജീവനം അസാധ്യമായ  വിദേശരാജ്യങ്ങളിലേക്കുപോലും സംഘത്തിൽനിന്നടർത്തിമാറ്റി പലരെയും നിങ്ങൾ കൊണ്ടുപോയില്ലേ? മരണതുല്യമായ ആ ഏകാന്തതയിൽ, ആത്മഹത്യപോലും ചെയ്യാനറിയാത്ത ആ മിണ്ടാപ്രാണികൾ അനുഭവിച്ച ആത്മനൊമ്പരങ്ങൾ നിങ്ങൾക്കൂഹിക്കാനാവുമോ!
പറഞ്ഞാൽ തീരില്ല നിങ്ങൾ ഞങ്ങളോടുകാട്ടിയ ക്രൂരതകളുടെ തീരാക്കഥകൾ.
ഇന്നത്തെ നിങ്ങളുടെ വിലാപങ്ങൾ തികച്ചും പരിഹാസ്യമാണ്.
ഇത് ഞങ്ങൾക്കാവശ്യമേയില്ല.
ഓർമ്മയിൽ വയ്ക്കുക.

Thursday, June 4, 2020

ചിന്താനുറുങ്ങുകൾ

നമുക്കു  ചുറ്റുപാടും സംഭവിക്കുന്ന പലകാര്യങ്ങളും വളരെ വേദനയുളവാക്കുന്നതാണ്. പ്രത്യേകിച്ച് കുട്ടികളുടെ ആത്മഹത്യ. എത്രമേൽ സ്നേഹിച്ചും ലാളിച്ചും വളർത്തിക്കൊണ്ടുവരുന്ന ഓമനക്കുഞ്ഞ് തങ്ങളെ വിട്ടുപോകുന്നത് ഏതു മാതാപിതാക്കൾക്കാണ് സാഹിക്കാനാവുക!
ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളാണെന്നു പറഞ്ഞുകേൾക്കാം. പക്ഷേ അതുചെയ്യാനുള്ള മനക്കരുത്തിന്റെ നാലിലൊരംശം മതിയാകില്ലേ ജീവിതത്തിലെ ഏതു പ്രശ്നത്തെയും നേരിടാൻ!
എനിക്കോർമ്മവരുന്നത് സ്‌കൂളിലെ ഞങ്ങളുടെ പത്താംക്ലാസ് ജീവിതമാണ്.
ഹൈറേഞ്ചിലെ പരിമിതമായ സൗകര്യങ്ങളുള്ള  ഒരു സാധാരണ ഹൈസ്‌കൂൾ. അടുത്തപ്രദേശങ്ങളിലുള്ള കുട്ടികളൊക്കെ കിലോമീറ്ററുകൾ താണ്ടി  അവിടെയെത്തിയാണ്  പഠിക്കുന്നത്. കാരണം അക്കാലത്ത്  ഹൈസ്കൂളുകൾ ഞങ്ങളുടെ നാട്ടിൽ വളരെക്കുറവായിരുന്നു.
പാഠപുസ്തകങ്ങൾ സ്‌കൂളിലെ സ്റ്റോറിൽനിന്നാണ് ലഭിച്ചിരുന്നത്. മറ്റു പുസ്തകശാലകളിൽ ലഭ്യമായിരുന്നില്ല. ആ വർഷം ഭൂമിശാസ്ത്രപുസ്തകം സ്റ്റോറിൽ എത്തിയതേയില്ല. ഓരോ പ്രാവശ്യവും അന്വേഷിക്കാൻ ചെല്ലുമ്പോൾ പുസ്തകം താമസിച്ചേ കിട്ടൂ എന്ന മറുപടിയാണ് കിട്ടിയിരുന്നത്. ആ പ്രതീക്ഷയിൽ ദിവസങ്ങൾ കഴിച്ചു. എല്ലാവർഷവും പുതിയ പുസ്തകം വാങ്ങാറുള്ളതുകൊണ്ട് മുൻവർഷത്തെ കുട്ടികൾ പഠിച്ച പുസ്തകം ആരോടും വാങ്ങിവെച്ചതുമില്ല. മറ്റൊരു ദുരന്തംകൂടി ഞങ്ങളുടെ ഡിവിഷന് ഏറ്റുവാങ്ങേണ്ടിവന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ചിക്കൻപോക്‌സ് വന്നു കിടപ്പിലായി. ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിത്തുടർന്നതുകൊണ്ടു വർഷം മുഴുവൻ അദ്ദേഹം അവധിയിലായി. പകരം പഠിപ്പിക്കാൻ ആരേയും നിയമിച്ചതുമില്ല. നിരന്തരമായി പരാതിപ്പെട്ടിട്ടും ഹെഡ്മാസ്റ്റർ കാര്യം ഗൗനിച്ചതേയില്ല.  അതിനപ്പുറം എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ അശക്തരായിരുന്നു.  പെണ്കുട്ടികൾ മാത്രമുള്ള ക്ലാസ്സ് അയതിനാലാവാം സമരംചെയ്യാനുള്ള ചിന്തകളൊന്നും ആർക്കും ഉണ്ടായതുമില്ല.  മാതാപിതാക്കളും ഇത്തരംകാര്യങ്ങളിൽ അത്രമേൽ ശ്രദ്ധാലുക്കളായിരുന്നുമില്ല.  ഒപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ഹിന്ദി പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും പലകരണങ്ങളാൽ സ്ഥിരമായി അവധിയിലായി. അങ്ങനെ സാമൂഹ്യപാഠവും ഹിന്ദിയും ഞങ്ങൾ സ്വയം പഠിക്കേണ്ട അവസ്ഥയിലായി. ട്യൂഷനു പോകുന്നവർ അവിടെനിന്നു പഠിച്ചു. എനിക്കു ട്യൂഷൻ ഉണ്ടായിരുന്നില്ല.

ഓണപ്പരീക്ഷയും ക്രിസ്തുമസ്സ് പരീക്ഷയും എങ്ങനെയൊക്കെയോ എഴുതി. ചരിത്രം, ഭൂമിശാസ്ത്രം, ഹിന്ദി പരീക്ഷാപ്പേപ്പറുകൾ മൂല്യനിർണ്ണയംനടത്തി ഞങ്ങൾക്ക് കിട്ടിയുമില്ല. അന്നത്തെ വിവരക്കെടുകൊണ്ട് അതു വലിയ ആശ്വാസമായിത്തോന്നി.  മോഡൽപരീക്ഷയുടെ സമയമായപ്പോൾ  ഒരുപാടു ശ്രമഫലമായി  എങ്ങനെയോ ഒരു ഭൂമിശാസ്ത്രപുസ്തകം ഞാൻ  കൈവശപ്പെടുത്തി. പലകുട്ടികൾക്കും പുസ്തകം ലഭിച്ചതേയില്ല. കൂട്ടുകാരുടെ പുസ്തകം ഒന്നോരണ്ടോ ദിവസത്തേക്കു  കടംവാങ്ങിയും മറ്റു ഡിവിഷനുകളിലെ  കുട്ടികളുടെ നോട്ടുബുക്കിലെ ചോദ്യോത്തരങ്ങൾ പകർത്തിയെഴുതിപ്പഠിച്ചും അവരും പരിഹാരം കണ്ടെത്തി. ഒന്നുംചെയ്യാതെയും കുറച്ചുപേർ. എന്നെസംബന്ധിച്ചിടത്തോളം   ചരിത്രവും ഭൂമിശാസ്ത്രവും തനിയെ വായിച്ചു മനസ്സിലാക്കിപ്പഠിക്കാം. പക്ഷേ ഹിന്ദി പഠനം കഠിനമായിരുന്നു. ഒമ്പതാം ക്ലാസ്സിലും ഹിന്ദി പഠിപ്പിക്കാൻ സ്ഥിരമായി അദ്ധ്യാപകൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാകാം ഹിന്ദിഭാഷയിൽ ഒട്ടുംതന്നെ സ്വാധീനമുണ്ടായിരുന്നില്ല. പാഠങ്ങൾ വായിച്ചാൽ മനസ്സിലാകുമായിരുന്നില്ല.  ഒരു ഗൈഡ് വാങ്ങി ഒരുവിധത്തിൽ എന്തൊക്കെയോ പഠിച്ചു. ഒടുവിൽ പൊതുപരീക്ഷയുമെഴുതി. പരീക്ഷാഫലം വന്നപ്പോൾ  ഏറ്റവും കുറവുമാർക്കു ലഭിച്ചത് ചരിത്രം, ഭൂമിശാസ്ത്രം, ഹിന്ദി വിഷയങ്ങൾക്കായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയങ്ങൾകൂടി നന്നായെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ അന്ന് ലഭിച്ചതിനെക്കാൾ മുപ്പതുമാർക്കെങ്കിലും കൂടുതൽ ലഭിക്കുമായിരുന്നു എന്നെനിക്കുറപ്പാണ്.


അക്കാലത്തെ  ചില പൊതുകാര്യങ്ങൾ 
സ്‌കൂൾ തുറക്കുന്നകാലം മഴക്കാലമായതയുകൊണ്ടു പലദിവസങ്ങളിലും ക്ലാസ്സുകളിൽ  കുട്ടികളുടെ  എണ്ണം നന്നേ കുറവായിരിക്കും. തോടുകൾ കടക്കാനാവാതെയും വഴികളിലെ മറ്റു പ്രതിബന്ധങ്ങളുമൊക്കെ അതിനു ഹേതുവാകാം. പലതരത്തിലുള്ള ഇല്ലായ്മകളുടെ കാലമാണല്ലോ മഴക്കാലം. ചിലപ്പോൾ അതുമൊരു കാരണമാകാം. ഓണാവധി കഴിഞ്ഞാൽപ്പിന്നെ സുവർണ്ണകാലമാണ്.  ഡിസംബർ ജനുവരി മാസങ്ങളിൽ   അദ്ധ്യാപകരും മുതിർന്ന ക്ലാസ്സ്കളിലെ ആണ്കുട്ടികളും എണ്ണത്തിൽ വളരെ കുറവാകും സ്കൂളിലെത്തുന്നത്. അതിനു കാരണം കുരുമുളകിന്റെ വിളവെടുപ്പാണ്.