Tuesday, February 2, 2021

നിമിഷകവിതാരചന മത്സരം


നിമിഷകവിതാരചന മത്സരം വിഷയം : മൗനമായ് മറഞ്ഞവർ ========================== എത്രമേൽ സ്നേഹംപകർന്നെ,ത്രയോ സ്വപ്നം പങ്കിട്ടെ- ന്നിട്ടും അഴൽക്കാട്ടിന്നിരുട്ടിൽത്തനിച്ചാക്കി- പ്പോയ്മറഞ്ഞില്ലേ, ഹൃത്തിൽ മുറിപ്പാടുകൾ വീഴ്ത്തി നോവിന്റെ മൂർച്ചക്കത്തി നിണച്ചാലുകൾ ചാർത്തി. സ്മൃതിയിൽ തെളിഞ്ഞിരുന്നൊ,രുനാൾ മറഞ്ഞുപോയ്‌ വിടചൊല്ലിടാതെങ്ങോ പ്രിയമുള്ളവർ മൂകം. നിനവിൽ വരുന്നുണ്ടാ ജ്വലിക്കും സ്മരണകൾ, ഹിതമായ് വിടർന്നീടും മൃദുഹാസത്തിൻ പൂക്കൾ. മറക്കാൻ കഴിയില്ല സ്നേഹത്തിൻ മുഖങ്ങളേ നിങ്ങൾതൻ മധുരിക്കും വാക്കുകൾ, തേൻതുള്ളികൾ. കാത്തിരിക്കയാണെന്നോ കണ്ടുമുട്ടുവാൻ വീണ്ടും കരളിൽ തുടിക്കുന്ന സ്നേഹത്തിന്നമൃതുമായ് ..........മിനി മോഹനൻ
അക്ഷരസന്ധ്യ - യു എ ഖാദർ അനുസ്മരണം 
ഇക്കഴിഞ്ഞ ഡിസംബർ 12നു കഥകളുടെ ലോകത്തുനിന്ന് കഥകളില്ലാത്തിടത്തേക്കു യാത്രയായ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ യു എ ഖാദറിന് ആദരാഞ്ജലി അർപ്പിക്കുന്നു. 
യു ഏ ഖാദറെന്ന എഴുത്തുകാരൻ ഒരു വിസ്മയംതന്നെയായിരുന്നു. ജീവിതംപോലെതന്നെ വൈരുദ്ധ്യംനിറഞ്ഞ അവിഷ്കാരരീതികളും ആശയഗതികളും അവതരണമാർഗ്ഗങ്ങളും തെല്ലൊരമ്പരപ്പോടുകൂടിത്തന്നെയേ നോക്കിക്കാണാനാവൂ. 
മലയാളമണ്ണില്നിന്ന് എത്രയോ അകലെ മ്യാൻമറിലെ ഏതോ ഒരു ഗ്രാമത്തിൽ ജനിച്ച്, ശൈശവബാല്യങ്ങൾ അവിടെക്കഴിച്ചുകൂട്ടി എട്ടാംവയസ്സിൽ മലയാളമണ്ണിലേക്കു പറിച്ചുനടപ്പെട്ട ജീവിതം. തികച്ചും അന്യമായിരുന്നൊരു ഭാഷയിൽ പഠനം നടത്തുകയും ആ ഭാഷയിൽ സാഹിത്യരചനയിലേർപ്പെടുകയും ചെയ്ത ശ്രീ ഖാദർ, മലയാളനാട്ടിൽ ജനിച്ച്, ഇവിടെത്തന്നെ പഠിച്ചുവളർന്നിട്ടും മലയാളം നന്നായി പറയാൻപോലും കഴിയാത്ത മലയാളികൾക്ക് ഒരദ്‌ഭുതംതന്നെ. 85)o വയസ്സിൽ തന്റെ പൊൻതൂലിക മണ്ണിലുപേക്ഷിച്ചു യാത്രയായപ്പോൾ മലയാളഭാഷയ്ക്കു സമർപ്പിക്കപ്പെട്ടത്‌ എഴുപതിലധികം കൃതികൾ. നിരവധി പുരസ്കാരങ്ങളും  ഈ അക്ഷരപുണ്യം ഒപ്പം ചേർക്കുകയും ചെയ്തു. 

തൃക്കോട്ടൂരും പരിസരങ്ങളും അവിടെത്തെ ജനതയുടെ ജീവിതസാഹചര്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലധികവും പശ്ചാത്തലമാക്കപ്പെട്ടിരുന്നത്. ഉറഞ്ഞുതുള്ളുന്ന കോമരത്തിന്റെ വെളിപാടുകൾപോലെ സൂക്ഷ്മവും വ്യത്യസ്തത പുലർത്തുന്നതുമായ സത്യദര്ശനങ്ങളാണ് ഓരോ രചനകൾക്കും കാരണഭൂതമായിട്ടുള്ളതും എന്നാണ് അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത്. പ്രാദേശികമായി ആചാരാനുബന്ധികളായി നിലനിന്നുപോന്ന മിത്തുകളും വടക്കൻപാട്ടിന്റെ പരമ്പര്യാശയങ്ങളും അദ്ദേഹത്തിന്റെ പല  രചനകളിൽ ധാരളിത്തത്തോടെ യഥേഷ്ടം വിഹരിക്കുന്നത് കണ്ടറിയാനാവും. അതാകട്ടെ സ്വന്തം മതചിന്തകൾക്കും ആചാരങ്ങൾക്കുമപ്പുറം നിലകൊള്ളുന്നൊരു വിചാരധാരയുടെ സങ്കല്പസൗകുമാര്യമാണെങ്കിൽക്കൂടി തന്റെ സർഗ്ഗാത്മകതയെ വിപുലപ്പെടുത്താൻ സർവാത്മനാ ഹൃദയത്തിലേറ്റിയതും. ഈ ഹൃദയവിശാലതയെ തൊട്ടറിയാൻകഴിയുന്ന കൃതികളാണ്   തൃക്കോട്ടൂർ പെരുമ, ആഘോരാശിവം തുടങ്ങി പല കൃതികളും..എല്ല കൃതികളേയും പരാമര്ശിക്കാനും സവിശേഷതകളെടുത്തുപറയാനും സമയം അനുവദിക്കുന്നില്ല.   യു എ ഖാദറെന്ന ചിത്രകാരനിലും ഈ സവിശേഷതകൾ നമുക്ക് കണ്ടെത്താനാവും.  പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഈ പ്രിയങ്കരനായ കഥാകാരന്റെ വിയോഗം മലയാളസഹിത്യലോകത്തിന് ഒരു തീരാ നഷ്ടംതന്നെ. സ്നേഹാജ്ഞലികളോടെ 

മിനി മോഹനൻ.