Tuesday, April 12, 2022

ലങ്കയിൽ ( മെട്രോ മിറർ ഏപ്രിൽ ലക്കം )

 ലങ്കയിലൂടെ 

.

"നിങ്ങളുടെ നാട് വളരെ മനോഹരമാണ്. നാട്ടുകാരും വളരെ നല്ലവർ. നിയമങ്ങളനുസരിക്കുന്ന, അച്ചടക്കമുള്ളവർ . ഈ നാട് ഞങ്ങൾക്ക് വളരെയിഷ്ടമായി "


ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ നടത്തിയ ഒരാഴ്ചത്തെ  ശ്രീലങ്കയിൽ യാത്രയിൽ   പലപ്പോഴും അന്നാട്ടുകാരോട് പറഞ്ഞ വാക്കുകളാണ്. തികച്ചും ആത്മാർത്ഥതനിറഞ്ഞ വാക്കുകളായിരുന്നു അത്. തീർച്ചയായും അതവരെ സന്തോഷിപ്പിച്ചിരിക്കും. എന്നാൽ  ഒരു ടുക് ടുക്(ഓട്ടോറിക്ഷാ)ഡ്രൈവർ ഞങ്ങളോട്  വളരെ നിരാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു 

"നിങ്ങൾ കണ്ടറിഞ്ഞതല്ല യാഥാർത്ഥ്യം. ഇവിടെയൊന്നും ശരിയല്ല. ഭരണാധികാരികളും ഭരണവും ഒന്നും. ആകെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രനാളിങ്ങനെ പോകുമെന്നറിയില്ല."

പക്ഷേ അദ്ദേഹത്തോട് വിശദമായി സംസാരിക്കാൻ  പരിമിതമായ സമയം ഞങ്ങളെ അനുവദിച്ചില്ല. ഒരുപക്ഷേ അർഹിക്കുന്ന  ഗൗരവം ആ  വാക്കുകൾക്ക് കൊടുത്തുമില്ല എന്നതാണ് വാസ്തവം.  എന്നാൽ  നാട്ടിലെത്തി അധികനാൾ കഴിയുംമുമ്പ് ശ്രീലങ്കയിൽനിന്നെത്തുന്ന വാർത്തകൾ ആ മനുഷ്യന്റെ വാക്കുകൾ സാധൂകരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു . ഇന്ന് ശ്രീലങ്ക ആകെ അസ്വസ്ഥമാണ്. കലാപഭൂമിയാണ്. നാളെ എന്തുസംഭവിക്കും എന്നുപറയാനാവാത്ത അവസ്ഥ. 

കാര്യങ്ങൾ ഇപ്രകാരമാണെകിലും  ശ്രീലങ്ക തന്ന അനുഭവങ്ങൾ മധുരതരമായിരുന്നു. ഒരാഴ്ചകൊണ്ട് ശ്രീലങ്കയുടെ വളരെചെറിയൊരു ഭാഗം മാത്രമാണ് കണ്ടറിയാനായത്. കൊളംബോയില്നിന്ന് തുടങ്ങി , പിന്നാവാല, കാൻഡി, നുവാരാ എലിയ, ബൻതോട്ട, എന്നിവിടങ്ങളിലൂടെ റോഡുമാർഗ്ഗം യാത്രചെയ്ത് വീണ്ടും  കൊളംബോയിലെത്തുന്ന ഒരു ചുറ്റിത്തിരിയൽ.   ഹരിതഭംഗിയാർന്ന ഈ ഭൂഭാഗങ്ങൾ കണ്ടാൽ  നമ്മുടെ കൊച്ചുകേരളത്തിന്റെ മറ്റൊരു പകർപ്പെന്നേ തോന്നൂ. മാവും പിലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും മരച്ചീനിയും വാഴയും  നെല്ലിയും വളർന്നുനിൽക്കുന്ന തൊടികളും ഓലയോ ഓടോ മേഞ്ഞ  ലാളിത്യമാർന്ന വീടുകളും  പൂച്ചെടികളും   അമ്പഴവും അഗസ്തിയും ആരംപുളിയും അതിരിടുന്ന വീട്ടുമുറ്റങ്ങളും കുട്ടിക്കാലത്തുകണ്ട ഗ്രാമക്കാഴ്ചകളെ ഓർമ്മയിലെത്തിച്ചു. ടുക്ക് ടുക്ക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും, നിരത്തുകളിൽ  ബസ്സുകളുമൊക്കെ നമ്മുടെ നാട്ടിലേതുതന്നെ.  വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് അല്പം  അന്തരമുണ്ടെങ്കിലും  ആഹാരക്കാര്യത്തിൽ വളരെ സാമ്യമുണ്ട്. പ്രാതലിനു പുട്ടും ഇടിയപ്പവും അപ്പവും ദോശയുമൊക്കെ നമ്മളെപ്പോലെ അവർക്കും പ്രിയം. കൂടെ തേങ്ങയും തേങ്ങാപ്പാലും അധികമായിച്ചേർത്ത കറികളും.  ചോറിനുള്ള കറികളും പലതരം ചമ്മന്തികളും  തേങ്ങചേർത്തതുതന്നെ. 


നമ്മളെക്കാൾ സാമ്പത്തികമായി പിന്നിലാണെങ്കിലും  പൊതുവേ, നന്നായി  പരിപാലിച്ചിരിക്കുന്ന  നിലവാരമുള്ള റോഡുകളും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരും തെല്ലമ്പരപ്പിക്കാതിരുന്നില്ല. അനാവശ്യമായുള്ള ഹോണടിശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു.  


ശ്രിലങ്കക്കാരെക്കുറിച്ച് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നത് അവർ മടിയന്മാരും അലസന്മാരുമൊക്കെയാണെന്നാണല്ലോ.  പക്ഷേ കാഴ്‌ചകൾ ആ ധാരണയെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. ചുറുചുറുക്കോടെ അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും.  പാതകൾക്കിരുവശവുമുള്ള കൃഷിഭൂമികളിലൊക്കെ നന്നായി കൃഷിയിറക്കിയിരുന്നു. (പുതുതായി പ്രചാരത്തിൽവന്ന ജൈവകൃഷിമൂലം ഉദ്പാദനം വളരെക്കുറഞ്ഞിട്ടുമുണ്ടെന്നു കർഷകൻ സമ്മതിച്ചിരുന്നു.) പരിസരങ്ങൾ  കർശനമായി  വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നു. അലസമായി നിക്ഷേപിക്കപ്പെട്ടിരുന്ന  മാലിന്യങ്ങളും ദുർഗന്ധവുമൊന്നും എവിടെയുമില്ല. പട്ടണങ്ങളിൽപോലും നിർമ്മലമായൊരു ഗ്രാമശുദ്ധിയും ലാളിത്യവും അനുഭവിച്ചറിയാൻ കഴിയും. ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീലങ്കയിൽ വളരെക്കാലമുണ്ടായിരുന്ന ഒരു സുഹൃത്തുപറഞ്ഞത് തമിഴ്‌വ്മശജർ അധികമുള്ള പ്രദേശങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ്. 


രാജ്യതലസ്ഥാനമായ കൊളോമ്പോയിൽ വിമാനമിറങ്ങി ആദ്യം പോയത് പിന്നാവാലയിലെ ഗജപരിപാലനകേന്ദ്രത്തിലേക്കാണ്. പ്രസിദ്ധമായ  ആനകളുടെ അനാഥാലയം. സ്നേഹവും കരുണയും നൽകി ആനകൾക്ക് ഭൂമിയിൽ  സ്വർഗ്ഗമൊരുക്കുന്ന അസുലഭസുന്ദരമായ കാഴ്ച!   പിന്നീട് മലമ്പ്രദേശമായ കാൻഡിയിലേക്ക് . ഇടുക്കിജില്ലയുടെ പരിച്ഛേദമാണെന്നുതോന്നും  കാൻഡി. മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന തേയിലത്തോട്ടങ്ങൾ പലയിടത്തും കാണാം. ഇവിടെയാണ്  ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം  (കുളിർമയുള്ള, ശാന്തസുന്ദരമായിരുന്ന  ആ മനോഹരപട്ടണം ഇന്ന് ഒരു കലാപഭൂമിയാണെന്നു വാർത്തകളിലൂടെ അറിയുമ്പോൾ ആകെയൊരു ഞെട്ടലാണ്.) കോളനിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന,  നുവാര എലിയ ശ്രീലങ്കയിലെ ഊട്ടിയെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമൊക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. അവിടെയടുത്തുള്ള ഹനുമാൻ ക്ഷേത്രവും സീതാ അമ്മൻ കോവിലുമൊക്കെ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോകുന്നില്ലേ എന്നൊരു സംശയംതോന്നി. ഒപ്പമുണ്ടായിരുന്ന ഗൈഡ് ചാമുണ്ഡ അതുശരിവയ്ക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങളോട് ശ്രീലങ്കൻ സർക്കാരിനു വലിയ പഥ്യമൊന്നുമില്ലത്രേ! ഭാരതത്തിൽനിന്നു സഹസ്രാബ്ദങ്ങൾക്കുമുമ്പുമുതൽ കുടിയേറിയ തമിഴ്‌വംശജരാണ്‌ പ്രധാനമായും  അവിടുത്തെ ഹിന്ദുക്കൾ. ജനസംഖ്യയുടെ വളരെകുറച്ചൊരുഭാഗമേയുള്ളൂ  ഇക്കൂട്ടർ. രാമായണകഥയുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലാണ്.  ബുദ്ധക്ഷേത്രങ്ങൾക്ക് നല്ല ശ്രദ്ധയും സംരക്ഷണവും നൽകിവരുന്നു. 


കൊടുംതണുപ്പും കോടമഞ്ഞുമൊക്കെയുള്ള ഈ അചലപ്രദേശത്തുനിന്നു പിന്നീട്‌പോയത് തിരമാലകളുടെ നിരന്തരപരിലാളനമേറ്റുകിടക്കുന്ന ബൻതോട്ട എന്ന കടലോരനഗരത്തിലേക്കായിരുന്നു. സ്വർണ്ണനിറത്തിലെ, അതിലോലമായ മണൽത്തരികൾ നിറഞ്ഞ അതിമനോഹരമായ  അവിടുത്തെ കടൽത്തീരങ്ങൾ ഏറെ വിസ്മയിപ്പിച്ചു.സുവർണ്ണച്ഛായയുള്ള  തീരത്തോ നീലചേർന്ന  കരിമ്പച്ചനിറത്തിലെ സമുദ്രജലത്തിലോ  മാലിന്യത്തിന്റെ ഒരംശംപോലും കാണാൻ കഴിയില്ല. നൂറുശതമാനം വൃത്തി ഉറപ്പുവരുത്താൻ അന്നാട്ടുകാർ സദാ ജാഗരൂകരാണ്. അവിടെയുള്ള ഒരു  കായലിലൂടെ ഒരുമണിക്കൂർ നീണ്ട തോണിയാത്രയുണ്ടായിരുന്നു. തങ്ങളുടെ നാടിൻറെ പ്രകൃതിവൈവിധ്യങ്ങളെ അവർ എത്ര വിദഗ്ദ്ധമായാണ് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുന്നത്!  നമ്മുടെനാട്ടിൽ ഇതിനേക്കാൾ മികച്ച തീരങ്ങളും കായലുകളും മറ്റു പ്രകൃതിഘടകങ്ങളുമൊക്കെയുണ്ടല്ലോ, എന്നിട്ടും- എന്നൊരു നെടുവീർപ്പ് . 

കൗതുകമുണർത്തുന്ന മറ്റൊരനുഭവമായിരുന്നു അവിടെയുള്ള 'Turtle Hatchery 'കൾ. കടലാമയുടെ മുട്ടകൾ ശേഖരിച്ചു വിരിയിച്ച കുഞ്ഞുങ്ങളെ  സംരക്ഷിച്ച്, പിന്നീട് സമുദ്രത്തിലെത്തിക്കുന്നു. മുട്ടകൾമുതൽ പലപ്രായത്തിലുള്ള ആമകൾവരെ ഈ ഹാച്ചറികളിലുണ്ട്. ഏതെങ്കിലുംവിധത്തിൽ അംഗവൈകല്യം സംഭവിച്ച ആമകളെയും ശരിയായ പരിചരണം നൽകി സംരക്ഷിക്കുന്നു.  വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന  ഇത്തരം കേന്ദ്രങ്ങൾ   തീർച്ചയായും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നു എന്നത് സത്യംതന്നെ. പക്ഷേ ഈ പ്രവൃത്തികളുടെ പിന്നിലുള്ള മഹത്വപൂർണ്ണമായ സഹജീവിസ്നേഹത്തെ   നമുക്ക് എങ്ങനെയാണ് അംഗീകരിക്കാതിരിക്കാനാവുക!  ആദരിക്കാതിരിക്കാനാവുക !

ശ്രീലങ്കൻയാത്രയ്ക്കിടയിൽ അവിടെയെന്തെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ ഉള്ളതായി അന്ന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ചൈനയുടെയും ജപ്പാന്റെയുമൊക്കെ സഹായത്താൽ നിർമ്മിക്കപ്പെട്ട പോർട്ടുകളും റോഡുകളും പാലങ്ങളുമൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവയുടെ പിന്നിലെ ഭാരിച്ച കടബാധ്യതയെക്കുറിച്ചൊന്നും ജനം വ്യാകുലപ്പെടുന്നതായി തോന്നിയുമില്ല. ചൈനയുടെയും മറ്റും സാമ്പത്തികസഹായത്തോടെ നടത്തിയ പല പദ്ധതികളും പ്രവർത്തനരഹിതമാണെന്നും അറിഞ്ഞിരുന്നു. അതിനൊരുദാഹരണം അവിടുത്തെ മനോഹരമായ ലോട്ടസ് ടവർ തന്നെ. ഭീമമായൊരുതുക ചൈനയിൽനിന്ന് കടംകൊണ്ട നിർമ്മിച്ചതാണെങ്കിലും പണിപൂർത്തിയായിട്ടും അത് കമ്മീഷൻ ചെയ്തിരുന്നില്ല. അതിനാൽത്തന്നെ വരുമാനവും ലഭിച്ചിരുന്നില്ല.   ഞങ്ങൾ മടങ്ങുന്നദിവസം കൊളംബോയിലൊരു  സുപ്രധാനചടങ്ങുനടക്കുന്നകാര്യം ഒരു  ടുക്ടുക്  ഡ്രൈവർ പറഞ്ഞറിഞ്ഞിരുന്നു. ആയിരകണക്കിന് ബസ്സുകൾ പൊതുപയോഗത്തിനായി അന്ന് സമർപ്പിക്കയാണത്രേ! പണിനടന്നുകൊണ്ടിരിക്കുന്ന ചൈനപോർട്ട് കാണാനുള്ള യാത്രയിൽ നിരനിരയായിക്കിടക്കുന്ന ചുവന്നനിറത്തിലെ  പുതുപുത്തൻ ബസ്സുകളും കണ്ടിരുന്നു. പെട്രോളിനും ഡീസലിനുമൊക്കെ നമ്മുടെ നാട്ടിലെക്കാൾ വളരെ കുറഞ്ഞവിലയുമായിരുന്നു അന്നവിടെ. പക്ഷേ ആ ദിവസങ്ങളിൽ പാൽപ്പൊടിക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഹോട്ടൽമുറികളിൽ ഇലക്ട്രിക് കെറ്റിലിനോടൊപ്പം  വയ്ക്കാറുള്ള ചായ, കാപ്പി, പാൽപ്പൊടി സാഷലുകളിൽ  പലപ്പോഴും പാൽപ്പൊടിസാഷലുകൾ എണ്ണത്തിൽ കുറവോ, ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്തിരുന്നു. ഹോട്ടലധികാരികളിൽനിന്നറിയാൻ കഴിഞ്ഞത് പാൽപ്പൊടി ഇറക്കുമതി നിലച്ചിരിക്കുന്നതിനാൽ സ്ഥിതി തുടരുമെന്നാണ്. പകരം ഗ്ലാസ്സിലോ കുപ്പിയിലോ പാൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.  

ഭാരതത്തിന്റെ കണ്ണുനീർത്തുള്ളിയെന്നറിയപ്പെടുന്ന ഈ കൊച്ചുദ്വീപുരാജ്യത്തിൽനിന്നു മടങ്ങുമ്പോൾ ആ നാടിനെക്കുറിച്ചു മോശമായൊന്നും മനസ്സിൽ സൂക്ഷിക്കാനുണ്ടായിരുന്നില്ല . മറിച്ച് അറിയാനും പഠിക്കാനും ഏറെയുണ്ടായിരുന്നുതാനും. ഇന്നവിടെ  നിലനിൽക്കുന്ന സംഘർഷവും ഏറെ ചിന്തിപ്പിക്കുന്നു, ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിച്ചുതരുന്നു. ദീർഘവീക്ഷണമില്ലാതെ കടമെടുത്തുമുടിയാൻ ഒരുരാജ്യത്തിനു വളരെയെളുപ്പം സാധിക്കുമെന്ന ലളിതമായ പാഠമാണ് അതിലേറെ പ്രധാനം.