Thursday, August 14, 2025

ശബളം - ആമുഖം

 ''ശബളം' - പ്രതീക്ഷാഭരിതമായൊരു  സാഹിത്യസംരഭത്തിന്റെ സമയോചിതവും അർത്ഥപൂർണ്ണവുമായൊരു ചുവടുവയ്പ്പ്. വളരെ കുറഞ്ഞൊരു കാലയളവിൽ ലോകത്തിലെതന്നെ നാനാഭാഗങ്ങളിൽനിന്നു  നൂറുകവികളെ കണ്ടെത്തി അവരുടെ കവിതകൾ  സമാഹരിച്ച് ഒരു കവിതാസമാഹാരം എന്നൊരു സ്വപ്നം  സാക്ഷാത്കൃതമാകുമ്പോൾ ഈ ഓണക്കാലത്ത് ഫിലമെന്റ് കലാസാഹിത്യവേദിയുടെ ഇടുക്കിജില്ലാ യുണിറ്റ്  മലയാളസാഹിത്യമുറ്റത്തു തീർക്കുന്ന ശബളാഭമായൊരു കവിതപ്പൂക്കളമായ് മാറുന്നു എന്നത് ഏറെ കൗതുകകരമാകുന്നു. ഇതുകൊണ്ടുതന്നെയാവാം  ഈ കവിതാസമാഹാരത്തിനു നൽകിയിരിക്കുന്ന ശീർഷകം അത്രമേൽ അനുയോജ്യമായതും. 


മലയാളസാഹിത്യത്തെ ഹൃദയത്തോടു ചേർക്കുന്ന ഒരുപിടി എഴുത്തുകാരുടെ സ്വപ്നസാക്ഷാത്‍കാരംകൂടിയാണ് 'ശബളം'. കവിതാസമാഹാരത്തിലെ വിവിധങ്ങളായ സൃഷ്ടികളുടെ ഗുണദോഷവിചിന്തനമല്ല ഈ ആമുഖക്കുറിപ്പിലൂടെ ഞാൻ ലക്ഷ്യമാക്കുന്നത്.  വ്യത്യസ്തമായ ചിന്താസരണികളുടെ, തികച്ചും സ്വതന്ത്രവും സുതാര്യവുമായ ആവിഷ്‌കാരസൗന്ദര്യം വ്യക്തമാക്കുന്ന ഈ കവിതകൾ ഓരോന്നും  സമാഹാരത്തിനു രൂപവും ജീവനും നൽകുമ്പോൾ അത്തരമൊരു സാഹസത്തിനു മുതിരുന്നതുതന്നെ നിരർത്ഥകം. 'ശിശുക്കളെപ്പോലെ ചെറുതാകാനാവാത്തവർക്ക് ദൈവരാജ്യത്തിലെന്നപോലെ കവിതയിലും പ്രവേശനമില്ല' എന്ന മഹദ്വചനം ഇവിടെ വളരെ പ്രസക്തവുമാണ്. 


ആധുനികകവിതാലോകത്തിന്റെ ഒരു പരിച്ഛേദമായെടുക്കാവുന്ന സമാഹാരത്തിലെ  ഈ കവിതകളിൽ ജീവിതമുണ്ട്, മരണമുണ്ട്‌, ആനന്ദവും  പ്രണയവും വിരഹവും അന്തരാത്മാവിലെരിയുന്ന കനലുമുണ്ട്, സമൂഹവും സാമൂഹികപ്രശ്നങ്ങളുമുണ്ട്,   കാലവും പ്രകൃതിയുമുണ്ട്. കവികൾ എല്ലാം നിരീക്ഷിക്കുന്നത് ഒരേസമയം ഐന്ദ്രികവും അതിനതീതമായ ഭാവുകത്വത്തിന്റെ ഹൃദയഭാഷയിലുംകൂടിയാണ്. അവ അക്ഷരങ്ങളിലൂടെ രൂപമെടുത്ത് അനുവാചകഹൃദയങ്ങളിലേക്ക് അനുഭൂതിയുടെ നിലാവൊളി വീശുമ്പോൾ കവിയുടെ ദൗത്യം പൂർണ്ണമാകുന്നു.  


എട്ടാം ക്‌ളാസ്സ് വിദ്യാർത്ഥിമുതൽ എല്ലാ  പ്രായവിഭാഗത്തിലുമുള്ള കവികളുടെ സാന്നിധ്യമാണ് ഈ സമാഹാരത്തിന്റെ മറ്റൊരു സവിശേഷത. കുട്ടികളുടെ   എടുത്തുപറയേണ്ട ചില രചനകൾ പരാമർശിക്കപ്പെടാതെപോയാൽ ഒരു പോരായ്മയുമാകും. ആകാശ് എന്ന എട്ടാംക്ലസ്സുകാരന്റെ 'യാത്ര' എന്ന കവിത വരികൾക്കിടയിലൂടെ വായന ആവശ്യപ്പെടുന്നൊരു   രചനയാണ്‌.  'ഒരു കൊച്ചു സ്വപ്നം' എന്ന കവിതയിലൂടെ   പാർവ്വതി ശ്യാം എന്നൊരു കവിയെ മലയാളഭാഷയ്ക്ക് വാഗ്ദാനമായി ലഭിച്ചിരിക്കുന്നു എന്നതും  ഏറെ അഭിമാനകരം. കൂടാതെ  ആഗ്നസ് സജി, വൈഷ്ണവി ശ്രീശൻ എന്നിവരും  സ്‌കൂൾമുറ്റം കടന്നുപോകാത്ത പ്രതിഭകൾതന്നെ. 


മലയാളകവിതയിൽ കഴിഞ്ഞദശകങ്ങളിൽ വന്നുഭവിച്ചിരിക്കുന്ന രൂപഭാവങ്ങളിലെ പരിണാമങ്ങൾ  ഈ സമാഹാരത്തിലും വളരെ സ്പഷ്ടമാണ്. മാറ്റങ്ങളാണല്ലോ എക്കാലവും പുരോഗതിയിലേക്കുള്ള പാത നിജപ്പെടുത്തുന്നത്. അതോടൊപ്പംതന്നെ ഒരു ദേശത്തിന്റെ, സമൂഹത്തിന്റെ  സംസ്കാരത്തെ നിർണ്ണയിക്കുന്നതിൽ ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യം വളരെ ഗൗരവമുള്ളതുതന്നെ.    ദേശസംസ്കൃതി നിലനിറുത്തുവാൻ സാഹിത്യത്തിന് എത്രവലിയ പങ്കാണുള്ളതെന്നറിയുന്ന, സമകാലികസമൂഹത്തിലെ ഉദാത്തമായ സാംസ്കാരികബോധമുള്ള ഒരുപിടിയാളുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമായ ഈ കൃതി  മലയാളഭാഷാസാഹിത്യഖനിയിലെ ശബളാഭമായൊരു രത്നമാല്യമാകുമെന്നതിൽ സംശയമേതുമില്ല.  

................മിനി മോഹനൻ 


No comments:

Post a Comment