2 . കടുവയെ കിടുവ പിടിച്ചാൽ
============================
മുമ്പ് സയാം എന്നറിയപ്പെട്ടിരുന്ന തായ്‌ലൻഡിലെ കാഴ്ചകളിലേക്കാണ് ഞങ്ങൾ ഇറങ്ങുന്നത് . ആദ്യംപോകുന്നത് 'ശ്രീരാച്ച ടൈഗർ ടോപിയ' എന്ന കടുവസംരക്ഷണകേന്ദ്രത്തിലേക്കാണ്. 'ശ്രീരാച്ച ടൈഗർ സൂ' എന്നാണിത് മുമ്പറിയപ്പെട്ടിരുന്നത്. ബസ്സിൽ ഏകദേശം അരമണിക്കൂറോളം യാത്രചെയ്താണ് അവിടെയെത്തിയത്. പ്രധാനോദ്ദേശ്യം കടുവയോടൊപ്പം ഫോട്ടോ എടുക്കുക എന്നതാണ്. അതിനു ടിക്കറ്റ് എടുക്കേണ്ടതുണ്ട്. വേണമെങ്കിൽ സിംഹത്തോടൊപ്പമോ മുതലയോടൊപ്പമോ ഒക്കെയാവാം. പക്ഷേ ഞങ്ങളുടെ ടിക്കറ്റ് കടുവയ്‌ക്കൊപ്പമായുള്ളതാണ്. ഒരുമുറിയിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിൽ ഒരു വലിയ ബംഗാൾകടുവയെ ചങ്ങലയുമായി ബന്ധിച്ചു കിടത്തിയിട്ടുണ്ട്. അവനെ (അതോ അവളെയോ) തൊട്ടുതലോടാം, കെട്ടിപ്പിടിക്കും, വാലിൽപിടിക്കാം, അതൊക്കെ ചിത്രങ്ങളോ വിഡിയോയോ ആക്കി എടുക്കുകയും ചെയ്യാം. മൊബൈൽ കൊടുത്താൽ കടുവകൾക്കൊപ്പംനിൽക്കുന്ന മൃഗശാലാജോലിക്കാർ അതൊക്കെ ചെയ്തോളും. ഞങ്ങളിരുവരും ഊഴമെത്തിയപ്പോൾ ഒന്നിച്ചുതന്നെ ഉള്ളിൽക്കയറി. ഒരു തടിയൻ ബംഗാൾ കടുവയുടെ പുറത്തുതലോടുന്നതും അവന്റെ വലിൽപ്പിടിക്കുന്നതുമൊക്കെയായായി ജോലിക്കാർ ഫോട്ടോയും വിഡിയോയും എടുത്തുതന്നു. തലയിൽ തൊടരുതെന്നു മുന്നറിയിപ്പും തന്നിരുന്നു. ആക്രമണകാരികളായ വ്യാഘ്രങ്ങളെ എങ്ങനെയാണിങ്ങനെ ശാന്തരാക്കിവെച്ചിരിക്കുന്നതെന്നു അതിശയം തോന്നും. അധികസമയമൊന്നും അതിനുള്ളിൽ നില്ക്കാൻ അനുവദിക്കില്ല. വേഗംതന്നെ പുറത്തേക്കു വിടും. അടുത്ത സന്ദർശകർ തിരക്കുകൂട്ടി നിൽക്കുന്നുണ്ടാവും.
രാവിലെ 9 മണിമുതൽ വളരെ തിരക്കുള്ളതിനാൽ ആദ്യംതന്നെ ടിക്കെറ്റ് എടുത്തില്ലെങ്കിൽ പിന്നീട് ഒരുപാട്സമയം കാത്തുനിൽക്കേണ്ടിവരും. ഞങ്ങൾക്ക് സമയം വളരെക്കുറവാണ്. അതിനാൽ ആദ്യംതന്നെ എടുത്തിരുന്നു. എങ്കിലും അവിടെ അപ്പോൾത്തന്നെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഈ ഫോട്ടോ സെഷൻ അല്ലാതെ മറ്റുപല കാര്യങ്ങളും ഇവിടെ ചെയ്യാനുണ്ട്. സിംഹത്തോടൊപ്പവും ഫോട്ടോ എടുക്കാം. കടുവ, സിംഹം, മുതല മുതലായ മൃഗങ്ങൾക്കു തീറ്റ കൊടുക്കൽ, മൃഗങ്ങളുടെ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവയ്ക്കു പാലുകൊടുക്കലും താലോലിക്കലും, മൃഗങ്ങളോടൊപ്പമുള്ള നടത്തം, ആനപ്പുറത്തുകയറിയുള്ള യാത്ര. എന്നിങ്ങനെ ഈ പട്ടിക നീളുന്നു. കൂടാതെ പരിശീലനം നേടിയ മൃഗങ്ങളുടെയും പക്ഷികളുടെയും വ്യത്യസ്തപ്രകടനങ്ങളുമുണ്ട്. നമ്മൾ എന്തൊക്കെ ചെയ്യുന്നു എന്നതിനനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ. ഒന്ന് ചുറ്റിനടന്നു കാണുകയുമാവാം.
ഫോട്ടോസെഷനുശേഷം ഞങ്ങൾ അവിടെയൊക്കെ ഒന്ന് ചുറ്റിനടന്നു കണ്ടു. സിംഹങ്ങളും മുതലകളും മറ്റു മൃഗങ്ങളും പക്ഷികളും ഒക്കെയുണ്ട്. കൂടുതൽസമയം അവിടെ ചെലവഴിക്കാൻ കഴിയുമായിരുന്നില്ല. അന്നുതന്നെ പട്ടായ എന്ന പ്രസിദ്ധമായ(അതോ കുപ്രസിദ്ധമോ) നഗരത്തിലേക്ക് പോകേണ്ടതുണ്ട്. പോകുന്നവഴിക്ക് 'നൂങ് നൂച്ച്' എന്നുപേരായ ഒരു ഗ്രാമത്തിലേക്ക് പോകണം. അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം കാഴ്ചകൾകണ്ട്, അവിടെ അവതരിപ്പിക്കാറുള്ള പരമ്പരാഗതനൃത്തവും ആനകളുടെ പ്രകടനവും പിന്നീട് ഒരു ട്രാം യാത്രയും നടത്തിയശേഷം പാട്ടായയിലേക്കു പോകാനാണ് പദ്ധതി. അവിടെയാണ് രണ്ടുദിവസത്തെ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏതാണ്ട് ഒരുമണിക്കൂറോളം യാത്രയുണ്ട് നൂങ് നൂച്ച് ഗ്രാമത്തിലേക്ക്. ഈ യാത്രയിലാണ് ഞങ്ങൾ പരസ്പരം പരിചയപ്പെടുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരാണ് സഹയാത്രികർ. കുടുംബമായിവന്നവരും ഒറ്റയ്ക്കുള്ളവരും ഉണ്ട്. ചിത്രകലയിൽ അതിപ്രശസ്തരായ ഫ്രാൻസിസും ഭാര്യ ഷേർളിയും ഇക്കൂടെയുണ്ടായിരുന്നു. ഫ്രാൻസിസ് സാറിന് പറയാൻ ഔദ്യോഗികജീവിതത്തിലെ കഥകളും ഒരുപാടുണ്ടായിരുന്നു. ഞങ്ങളേവരും അതുകേൾക്കാൻ കാതുകൂർപ്പിച്ചിരുന്നു. പിന്നീട് ഗൈഡ് ആനി നൂങ് നൂച്ചിനെക്കുറിച്ച് വാചാലയായി. ഏഷ്യാവൻകരയിലെതന്നെ ഏറ്റവുംവലിയ ഉഷ്ണമേഖലാസസ്യോദ്യാനമാണിത്. അറുനൂറേക്കറിലധികം വിസ്തൃതിയുള്ള ഉദ്യാനമാണിത്. അതിന്റെ ചരിത്രം ഇങ്ങനെ:-
1954 ൽ ഖുൻ പിസിറ്റും അദ്ദേഹത്തിന്റെ പത്നി നൂങ് നൂച് ടാന്സാച്ചയും ചേർന്ന് ഫലവൃക്ഷത്തോട്ടം വളർത്തിയെടുക്കാനായി പട്ടായയ്ക്കടുത്തുള്ള ഒരു മലമ്പ്രദേശത്ത് 600 ഏക്കർ സ്ഥലം വാങ്ങി. വിദേശരാജ്യങ്ങലിലൊക്കെ സന്ദർശനത്തിനുപോയപ്പോൾ അവിടെയൊക്കെക്കണ്ട പുഷ്പോദ്യാനങ്ങളും മറ്റും നൂങ് നൂച്ചിനെ ഹഠാദാകർഷിച്ചു. അതിനാലാവാം തങ്ങളുടെ തീരുമാനം മാറ്റി അവർ അത് സസ്യവൈവിധ്യമുള്ളൊരു സുന്ദരോദ്യാനമാക്കി മാറ്റാൻ തീരുമാനിച്ചത്. അതിൽത്തന്നെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പലവിധത്തിലുള്ള സൗകര്യങ്ങളും ഒരുക്കിയെടുത്തു. 1980 ൽ അത് പൊതുജനത്തിനായി തുറന്നുകൊടുക്കുമ്പോൾ ബൃഹത്തായൊരു സസ്യോദ്യാനം എന്നതിനപ്പുറം താമസസൗകര്യവും നീന്തൽക്കുളവും ഭക്ഷണശാലകളും കലാസാംസ്കാരികപ്രവർത്തനങ്ങൾക്കുള്ള വിശാലവേദിയും സെമിനാർഹാളുകളും ഒക്കെ അവിടെ ഒരുങ്ങിയിരുന്നു. പിന്നീട് അവരുടെ പുത്രൻ കാംപോൻ താന്സാച്ച ഈ ഉദ്യാനത്തിന്റെ പ്രവർത്തനത്തിന്റെ ചുക്കാൻ ഏറ്റെടുക്കുകയുണ്ടായി. ഇന്നത് തായ്‌ലൻഡിലെ ഏറ്റവും പൊതുജനശ്രദ്ധയാകർഷിച്ച ഒരുകേന്ദ്രമായി മാറിയിട്ടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ പത്തുദ്യാനങ്ങളിൽ ഒന്ന് നൂങ് നൂച്ച് ഉദ്യാനമായിരിക്കും.















No comments:
Post a Comment