Wednesday, October 31, 2012

പ്രണയം

പ്രണയം പൊട്ടിമുളയ്ക്കാന്‍ മണ്ണും 
മണ്ണിന്‍ നനവും വേണ്ടല്ലോ
 മഴയുംകാറ്റും വെയിലും ചൂടും 
ഒന്നുമതില്ലാതതു വളരും 
മാനവഹൃത്തില്‍ വടവൃക്ഷത്തിന്‍ 
ചാരുതയേകീട്ടതു വളരും 
പൂക്കുംകായ്ക്കും തളിരിടുമെന്നും 
ഋതുഭേദങ്ങളതറിയാതെ 
കാലമിതെത്ര പുരോഗതി കൈവ-
ന്നെല്ലാം യാന്ത്രികമാണെന്നാകിലു-
മോരോമനസ്സിലുമൊരു മൃദു മധുര -
ത്തേ൯കണമായി പ്രണയം വിരിയും 
ജാതിമതാ൪ത്ഥവിചാരമതെല്ലാം 
പ്രണയക്കുളിരിലണഞ്ഞേപോകും 
ജീവിതയാത്രയിലോര്‍മ്മിക്കാനും 
നൊമ്പരമധുരം നുണയാനായും 
പ്രണയം വേണമതെല്ലാനാളും
മനസ്സാം വല്ലിയിലോമനമലരായ്  

Wednesday, October 17, 2012

മൂന്നാ൪

മൂന്നാ൪
.
ഒരു മുഗ്ദ്ധസ്വപ്നംപോല്‍ കേരളമണ്ണിന്‍ 
കിഴക്കേച്ചരുവിലായ് മേവുന്ന സുന്ദരി
പച്ചയാം പട്ടിന്റെ  ചേലയും ചുറ്റിയി -
ട്ടാര്‍ദ്രമാം പുഞ്ചിരി തൂകിയാ സുന്ദരി 
മാനവഹൃദയത്തിലാഹ്ലാദവര്‍ഷം  
ചൊരിഞ്ഞങ്ങു നില്‍ക്കയാണീ സഹ്യപുത്രി
 ദൂരെയങ്ങാകാശസീമയെ  ചുംബിക്കും
തേയിലക്കാടിന്‍ ഹരിതാഭ കൗതുകം 
നല്ലിളംകാറ്റിന്റെ കൈപിടിച്ചോടുന്ന 
കോടമഞ്ഞാകും കുസൃതിക്കുരുന്നുകള്‍
എത്ര സുഭഗമീ  മാമാലക്കൂട്ടത്തിന്‍
കണ്ണുപൊത്തിക്കളി, കണ്ടു നിന്നീടുകില്‍!
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുമായ് നില്‍ക്കും 
കാര്‍മുകില്‍ വര്‍ണ്ണനെപ്പോലൊരാകാശവും 
കാലികള്‍ മേയാനായ് പുല്‍ത്തടം തീര്‍ത്തിട്ടു 
നീളെക്കുതിക്കുന്ന കല്ലോലിനികളും 
പര്‍വ്വതപുത്രനൊന്നങ്ങതാ ദൂരത്തു 
നീര്‍ച്ചാലു തീര്‍ക്കുന്ന പൂണൂലുമിട്ടിട്ടു 
ഗായത്രിമന്ത്രം ജപിച്ചങ്ങു കാറ്റിനാല്‍ 
നിൽക്കയാണര്‍ക്കന്നു സ്വാഗതമോതുവാന്‍ 
മാമരക്കൂട്ടങ്ങള്‍ മേലെ നിവര്‍ത്തിയി -
ട്ടായിരം പൂക്കള്‍ തന്‍ വര്‍ണ്ണക്കുടകളും 
പോകുവാനാവാതെ ശങ്കിച്ചു നിൽപ്പൂ  ഞാ- 
നീ  വശ്യസുന്ദരഭൂമികയില്‍ നിന്നു 

Monday, October 15, 2012

ഉണ്ണിക്കണ്ണനോട്

ഉണ്ണിക്കണ്ണനോട് 

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
നിന്‍ ചുടുനിശ്വാസം തഴുകുമ്പോള്‍ ഞാനതിന്‍
 സംഗീതമായിപ്പൊഴിഞ്ഞിടട്ടെ
ആ വേണുനാദത്തിലലിയുന്ന കാളിന്ദി
തീരത്തു  ഞാന്‍ വീണുറങ്ങിടട്ടെ
നിന്റെ വൃന്ദാവന ജ്യോത്സ്നകള്‍ വിരിയിക്കും
മലർമണമായി ഞാന്‍മാറിടട്ടെ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
കാളിന്ദി തീരത്തെ കുഞ്ഞിളം കാറ്റില്‍ ഞാന്‍
തേനൂറും ഗാനമായ് തീര്‍ന്നിടട്ടെ
യദുകുലഗോക്കള്‍ തന്‍കുടമണി  കേള്‍പ്പിക്കും
നാദമതായിഞാന്‍ തീര്‍ന്നിടട്ടെ
ഗോക്കള്‍ ചുരത്തും നറുംപാലിന്‍ വെണ്മയായ്
എന്നെ നീ മാറ്റിത്തരില്ലേ കണ്ണാ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
കൌത്സ്തുഭദ്യുതിയായ്മാറിയെങ്കില്‍
നിന്മുടി ചൂടുമാപീലിത്തിളക്കത്തിന്‍
മഞ്ജുളശോഭയായ് മാറിയെങ്കിൽ
നിന്‍ മഞ്ഞപ്പട്ടുടയാടതന്നിഴതീര്‍ക്കും
സ്വര്‍ണ്ണനൂലായിഞാൻ  മാറിയെങ്കില്‍
നിന്മാറിലണിയുന്ന മലർമാലതന്നിലെ
പൂവിന്‍സുഗന്ധമായ്‌ മാറി ഞാന്‍ മാറിയെങ്കില്‍

കണ്ണാ കണ്ണാ കണ്ണാ നിനക്കെന്റെ
ഭക്തിചന്ദനത്തിനാല്‍ മുഴുക്കാപ്പൂ
താമരക്കണ്ണാ.. ഗുരുവായൂരപ്പാനിന്‍
പാദപത്മത്തിലെൻ പു ഷ്പാർച്ചന
കാര്‍മുകില്‍ വര്‍ണ്ണാ പൊന്നുണ്ണിക്കണ്ണാ
നിനക്കേകുന്നുഞാനെന്റ ഹൃദയപുഷ്പം
സ്വീകരിക്കു നീ, അനുഗ്രഹിക്കു എന്നെ
മുകില്‍വര്‍ണ്ണാ ...കൃഷ്ണാ, പീതാംബരാ..
   

Saturday, October 13, 2012

ഓണമെത്തി

ഓണമെത്തി
‌========

ചിങ്ങപ്പുലരി പിറന്നു മലയാള -
നാടാകെക്കോടിയുടുത്തുവല്ലോ
കരിമേഘം മാറിയ മാനത്തു പൊന്നൊളി -
വീശിയാത്തമ്പുരാനെത്തിയല്ലോ
മുത്തൊളിപോൽ തുമ്പപ്പൂവു ചിരിക്കുന്നു  
മുറ്റത്തുയരുന്നുണ്ടാരവങ്ങൾ 
മുക്കുറ്റിപ്പൂവു പിണങ്ങി നില്‍ക്കുന്നതു
മന്ദാരം പുഞ്ചിരിച്ചെത്തി  നോക്കി
ചെമ്പരത്തിപ്പൂവും ചെത്തിയും ചുണ്ടത്തു
ചെഞ്ചായം പൂശിയൊരുങ്ങിയെത്തി
അഞ്ജനക്കണ്ണുമായ് കാക്കപ്പൂ വഴിയോര -
ത്തങ്ങനെ ശങ്കിച്ചുനിന്നിടുന്നു
ചെമ്പകമാകട്ടെ പ്രാലേയം ചൂടിയി -
ട്ടിമ്പമോടങ്ങനെ പുഞ്ചിരിച്ചു
തുമ്പികള്‍ പാറിപ്പറക്കും പുഴയോര-
ത്താരോ കളിത്തോണി കൊണ്ടുവന്നു
തേന്മാവിന്‍ കൊമ്പത്തു കെട്ടിയൊരൂഞ്ഞാല-
തേടുന്നു കുഞ്ഞിളം പാദങ്ങളെ 
ആരാണു വന്നെന്നെ പുല്കുവതാദ്യമാ -
ത്തെങ്ങോലത്തുഞ്ചത്തു കൊണ്ടു പോകാം
ഒന്നതില്‍ക്കയറിയിട്ടാകാശമുറ്റത്തെ
വെണ്‍പൂവു തൊട്ടുമടങ്ങിയെത്താന്‍
ബാല്യത്തിലേക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കി-
ലാകെയൊരിക്കലെന്നാശിച്ചുഞാന്‍  .

രാവിന്റെ പുണ്യം



ഇന്നലെ രാവിലെന്‍ പൂച്ചട്ടി തന്നോരു
ചന്ദ്രികത്തുണ്ടാം നറുമലരൊന്നിനെ

ശുഭ്രമതിന്‍ നേ൪ത്ത രേശ്മദലങ്ങളില്‍
ശുദ്ധസൗന്ദര്യത്തെ ദ൪ശിച്ചുഞാ൯

എ൯പ്രിയപൈതലിന്‍ സ്നിഗ്ദ്ധസുസ്മേരം പോ 
ല൯പോടതി൯ പ്രഭ ഞാനറിഞ്ഞു

ഇരുളിന്റെ താരുണ്യമേറുമ്പോളീ സൂന -
സൗരഭ്യമെങ്ങും പട൪ന്നിതല്ലോ

രാവിന്റെ പാതിയിതേറെക്കഴിഞ്ഞിട്ടും
രാക്കിളിപ്പാട്ടിന്റെ താളങ്ങളില്‍

നിഴലും നിലാവുമീപ്പൂവിന്നു ചുറ്റും
നിരവദ്യ ന൪ത്തനം ചെയ്തിടുന്നു

നിദ്രാവിഹീനരാം താരകപ്പൂക്കളീ -
ക്കൊച്ചുസൗന്ദര്യത്തെയുറ്റു നോക്കി

വിസ്മയം പൂണ്ടിടാം -നീ നിശാഗന്ധിയോ
ബ്രഹ്മകമലമോ രാവിന്റെ റാണിയോ

നാമമേതാകട്ടെ,യെങ്കിലും പുലരിയില്‍
നീ വെറും വിസ്മൃതി ദുഃഖപുത്രി!

എങ്കിലും നീയെ൯ പുല൪കാല സ്വപ്നത്തില്‍
മന്ദസ്മിതം തൂകി വന്നുനില്‍ക്കാം

വിരസമാം മധ്യാഹ്നവേളയില്‍ നീയെനി -
ക്കാശ്വാസമേകുമൊരോ൪മ്മയാകാം

നിദ്രയെന്നോടു പിണങ്ങുന്ന രാവില്‍ നീ
നിശ്ശബ്ദമായ് വന്നു കിന്നരിക്കാം

നന്ദി പറഞ്ഞിടാനാവില്ല വാക്കിനാ-
ലാല്ലെങ്കിലാക്ക൪മ്മമ൪ത്ഥശൂന്യം

ഇനിഞാ൯ മടങ്ങട്ടെയെ൯ ശുഷ്കനിദ്രത൯
കനിവിന്റെ കംബളക്കൂട്ടിലേക്കായ്

   

Thursday, October 11, 2012

Repose


Repose

Mini Mohanan at Mute - 3 weeks ago
Never have I seen thy face
 Nor I heard your soothing voice
 In my fancies I rest my weary head
 On your shoulder with ease indeed

 As thy velvet fingers touch my face
 A deep smile flickers on my lips
 I find it hard to define or discern 
And I don't know the reason why 

Every morning wakes me up
 To pomp the infinite sky ahead
 I open my eyes from sleep to lime light
 To pomp the peaks of western ghats

 Where thou sent a lonely breeze
 To hug me with its thousand hands 
And the coffee blossoms white
 To welcome me with its glorious fragrance 

The green cloak of the paddy field 
Stretches its edge to horizon.
A narrow hub stream flows down
With a sleek ally river stripe

My Lord, you are there every where
But your face is hidden from me
From the core of reality and the flow of life
Let me soar high with glory to touch your feet of eternity.  

നന്ദി , ഒരായിരം നന്ദി......

ജീവിതം - ദീർഘമാം തീര്‍ത്ഥാടനം, അതില്‍
ഓരോ മനുഷ്യരും തീര്‍ത്ഥാടകര്‍
ലക്ഷ്യത്തിലെത്തിയാല്‍ പിന്നെത്തിരിച്ചോരു
യാത്രയതൊട്ടുമേ സാധ്യമല്ല

ഉത്തരം കിട്ടാത്തോരീ പ്രഹേളികയില്‍നി -
ന്നെത്തിപ്പിടിക്കാന്‍ കഴിയാത്ത സത്യങ്ങ -
ളെത്ര നിരാകരിച്ചാലും മനുഷ്യന്റെ
ചിന്താതലങ്ങളില്‍ വടുക്കളായ് മാറിടും

എങ്കിലുമീ ലോകജീവിതം മര്‍ത്യന്നു
സങ്കടക്കൂമ്പാരമേകുന്നതെന്തേ
ഒരുമാത്ര നോക്കിയാലീ ദുഃഖപര്‍വ്വങ്ങ-
ളത്രയും നമ്മള്‍തന്‍ സൃഷ്ടിമാത്രം

ഒന്നും നമുക്കില്ല സ്വന്തമീ ലോകത്തി-
ലെല്ലാം വെറുംവ്യഥ-പാഴ്ക്കിനാവും
ഇന്നലെച്ചെയ്തോരാ നന്മകളൊക്കെയും
ഈ തീര്‍ത്ഥയാത്രയില്‍ പാഥേയമായ്

വ്യർത്ഥ ദുഃഖങ്ങള്‍കൊണ്ടെന്തിന്നു ഞാനെന്റെ
മുഗ്ദ്ധമനോഹരജീവിതാരാമത്തെ
 ശുഷ്കനിശൂന്യമാം പാഴ്നിലമാക്കിയി -
ട്ടെന്തിനെല്ലമോ പരിതപിച്ചു

ഇനിയെന്റെ സ്വപ്നങ്ങൾക്കതിരില്ല
വഴിതേടുമാശകൾക്കന്ത്യമില്ല
അകലെയാകാശത്തു നിഴല്‍ ചൂടിനില്‍ക്കുമീ
കാര്‍മേഘമാലകള്‍ കാണ്മതില്ല

ആർത്തിരമ്പുന്നൊരീപ്പേമാരി ജാലക -
ച്ചില്ലില്‍ വീണുടയുന്ന താളത്തിമിര്‍പ്പിലെന്‍
ചീര്‍ത്തദുഃഖത്തിന്‍ കളിപ്പാവക്കൂട്ടങ്ങ-
ളാടിത്തിമിര്‍ത്തങ്ങുദൂരേയ്ക്കു പോയിതാ

നീലോല്പലത്തിന്‍ദലങ്ങള്‍പോലാകാശ-
മുറ്റത്തു പാറിക്കളിക്കുന്ന വാരിദ
ക്കൂട്ടങ്ങളെന്നോടു സ്നേഹാതിരേകത്താല്‍
കിന്നാരമൊന്നും പറയാന്‍ വരില്ലയോ

കാലത്തിനായ് ഞാന്‍ മടക്കിക്കൊടുത്തെന്റെ
കാളിമയോലും കദനത്തിന്‍ പൂക്കളെ
കാണുവാനായിനിക്കണ്മുന്നിലെത്തുന്ന
കാഴ്ച്ചകളൊക്കെയും ജ്യോതിര്‍മയം

ഹൃദയത്തുടിപ്പിലേക്കിറ്റുവീഴുന്നൊരാ
നൊമ്പരത്തുള്ളികളാരേ തുടച്ചിട്ടു
തേനൂറുമാശതന്‍ മുന്തിരിച്ചാറെന്റെ
പാനപാത്രത്തിലൊഴിച്ചുതന്നു!

കാലമെന്നാത്മാവിലാഴത്തിലേല്പി-
ച്ചുണങ്ങാത്ത നൊമ്പരപ്പാടുകളൊക്കെയും
സ്നേഹാമൃതംകൊണ്ടു ലേപനംചെയ്തിട്ടി-
താരേതികച്ചും സുഖപ്പെടുത്തി!

നിശ്ചയമില്ലെനിക്കാരോടുചൊല്ലേണ്ടു
നന്ദിയെന്നുള്ള രണ്ടക്ഷരത്തെ
എങ്കിലും ഞാനീ പ്രപഞ്ചത്തിനർപ്പിപ്പൂ
എന്റെ കൃതജ്ഞതാസാഗരത്തെ. 


Tuesday, October 9, 2012

കാത്തിരിപ്പ്

രാവേറെയായ് ,ഇരുട്ടിനു കനമേറി
നീ എന്തേ വന്നതില്ല ?
ഈയിടെയായി നീ എന്നെ വല്ലാതെ അവഗണിക്കുന്നു.
നിന്നോടെനിക്കുള്ള സ്നേഹം, നീ എന്തേ  അറിഞ്ഞതില്ല ?
കടലും നീര്‍പ്പോളയും പോലെ
നമ്മള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നുവോ
നീ ഇല്ലാതെ ഒരു രാത്രിപോലും കഴിയനെനിക്കവില്ലെന്നറിയില്ലേ
എന്റെ കണ്‍പോളകള്‍ നിന്റെ ചുംബനം കൊതിക്കുന്നു
നിന്റെ സ്നേഹലിംഗനത്തിലമരാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുന്നു
ഇനിയും വൈകുന്നതെന്തേ
നീ ഒന്ന് വേഗമെത്തുക ,എത്രയും വേഗം.
നിന്നെ ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രിയപ്പെട്ട നിദ്രേ
എന്നെ പുല്കുക ,ചുംബനം കൊണ്ട് മൂടുക
നിദ്രേ എന്റെ ജീവനാഡിയാം നിദ്രേ

Friday, October 5, 2012

എന്റെ ഗ്രാമം

എന്റെ ഗ്രാമം
=========

ഓര്‍മ്മകള്‍ പുഴയായതൊഴുകട്ടെയീ-
ക്ക൪മ്മകാണ്ഡത്തിനൊപ്പമനുസ്യൂതമായ്  

പുഴയേകദിക്കിലേക്കൊഴുകുമ്പോളോര്‍മ്മകള്‍  
നാലല്ല, നാനാദിശയിലേയ്ക്കൊഴുകുന്നു 

എവിടേയ്ക്കു ഞാനെന്റെയോര്‍മ്മതന്‍ കുതിരയെ 
മേയാന്‍ കടിഞ്ഞാണഴിച്ചുവിട്ടാകിലും 

അതുവേഗമെത്തിടുമോടിക്കിതച്ചങ്ങു 
ദൂരെയാ മാമലച്ചെരുവിലെ൯ ഗ്രാമത്തില്‍ 

പച്ചപ്പുതപ്പിന്നടിയിലുറങ്ങുമാ
സഹ്യന്റെ മാറിലെ കൊച്ചുഗ്രാമം 

ഏലവും കാപ്പിയും പിന്നെക്കറുത്തൊരാ  
മുത്തും വിളയുന്ന കൊച്ചുഗ്രാമം 

എത്ര കണ്ടാലും മതിവരാ സുന്ദര 
സ്വപ്നംപോല്‍ നിര്‍മ്മലമെന്റെ ഗ്രാമം 

കോടമഞ്ഞിന്‍ ചേല വാരിപ്പുതച്ചിട്ടു  
സുപ്രഭാതം ചൊല്ലുമെന്റെ ഗ്രാമം

വെള്ളിക്കൊലുസിട്ട മാമലച്ചെരുവിലായ് 
കാലികള്‍ മേയുന്ന കൊച്ചു ഗ്രാമം 

ഗ്രാമത്തിന്‍ മാറിലൂടകലേക്കു നീളുന്നോ 
രൊറ്റയടിപ്പാത കാണ്‍മതില്ലേ 

അതു ചെന്നു നില്‍ക്കുമാ പാഠശാലാങ്കണ- 
മെന്നുമെന്നോ൪മ്മത൯ സ്വര്‍ഗ്ഗഭൂമി 

കൗമാരസുന്ദര സ്വപ്നങ്ങള്‍ നെയ്തൊരാ
പുണ്യസുഭഗമാം പൂങ്കാവനം

അഭിവന്ദ്യരാം ഗുരുഭൂതര്‍ തന്‍ പാദത്തി-
ലര്‍പ്പിച്ചിടട്ടെയെന്നശ്രുപൂജ

കളകളം പാടിക്കൊണ്ടൊഴുകുമാപ്പൂഞ്ചോല-
യെന്നോടു മന്ത്രിച്ചതേതു രാഗം 

ദൂരെയങ്ങാകാശ വീഥിയില്‍ പാറി-
 പ്പറക്കുന്ന പക്ഷികള്‍ പോവതെങ്ങോ 

ദേവാലയങ്ങള്‍ മുഴക്കും മണിനാദ-
നിർഝരിയില്‍ ഭക്തിസാന്ദ്രമാകും   


പൊന്നുഷ:സന്ധ്യകളാരതിചെയ്യുന്ന
നിത്യവിശുദ്ധമാം പുണ്യഭൂമി

അവിടെയാണെന്റെയാത്മാവിന്റെ വേരുകള്‍ 
അവിടെയെ൯ ജീവന്റെ വ൪ണ്ണത്തുടിപ്പുകള്‍ .