Tuesday, December 11, 2012

അതിഥി ദേവോ ഭവ:...........

എത്ര മുഖംമൂടികളാണു നമ്മള്‍
 അണിയുന്നു നിത്യമീ ജീവിതത്തില്‍ !
ഒട്ടിച്ചു വെച്ചൊരു പുഞ്ചിരി ചുണ്ടത്തു
 നേര്‍ത്തതാണെങ്കിലും കാണ്മതില്ലേ 
 പൂമുഖത്തുള്ളോരു വാതിലിന്‍ മണിയൊച്ച 
കേള്‍ക്കുകില്‍ ഒരുമാത്ര പല്ലിറുമ്മും 
'ആരാണീ നേരത്തു ശല്യം 'എന്നോര്‍ത്തിടും
വാതില്‍ തുറന്നിട്ടു പുഞ്ചിരിക്കും 
''ആരാണ് വന്നിതു,കണ്ടിട്ടിതെത്രനാള്‍ 
തോന്നിയല്ലോ വരാനിപ്പോഴേലും 
.............."
സല്‍ക്കാരം നീണ്ടുപോം -നാവിന്നു വിശ്രമം 
തീരെയില്ലാതങ്ങു സംസാരം നീണ്ടുപോം 
ഒടുവില്‍ വിടചൊല്ലിപ്പിരിയുന്ന നേരത്തു 
കണ്ണുനീര്‍ത്തുള്ളിയൊന്നിറ്റു വീഴും 
കാണണം വീണ്ടുമെന്നാശയില്ലാകിലും 
ഉരചെയ്തിടുന്നുപോല്‍ 'വീണ്ടും കാണാം' 
പിന്നെയൊരാശ്വാസനിശ്വാസമുണ്ട -
ങ്ങതിഥികള്‍ പോയതിന്നാഘോഷമായ്  
ആരാണു ചൊല്ലിയെന്നറിയില്ല പണ്ടെന്നോ 
അതിഥി ദേവോഭവ : എന്ന വാക്യം .



No comments:

Post a Comment