Saturday, September 19, 2026

 ലോലം

======

ലോലമെന്നതു പുലരിയാണെന്നു 

കരുതിയെന്നുടെ ബാല്യകാലത്തിൽ!  

എത്ര ലോലമീ ബാലസൂര്യന്റെ 

കൈവിരൽസ്പർശമെന്നതോർക്കുമ്പോൾ,

ലോലമാം കളകൂജനങ്ങളാൽ

പക്ഷികൾ സുപ്രഭാതമോതുമ്പോൾ,

മഞ്ഞുതുള്ളിതൻ നേർത്ത ചുംബനം 

പൂവിതൾത്തുമ്പിലിറ്റു വീഴുമ്പോൾ, 

പൈക്കിടാവിന്റെ പശിയടക്കുവാൻ 

അകിടിലമ്മതൻ സ്നേഹമൂറുമ്പോൾ,

ചിതറിവീഴുന്ന ചെറുമഴത്തുള്ളി-

നൂലുകൾ ശീതസ്പർശമേകുമ്പോൾ,

തഴുകി മെല്ലെക്കടന്നുപോകുന്ന 

കാറ്റുചൊല്ലുന്ന കഥകൾ കേൾക്കുമ്പോൾ,

മുകളിലാകാശവീഥിയിൽ വെള്ള-

മേഘജാലങ്ങൾ മേഞ്ഞുപോകുമ്പോൾ, 

പ്രകൃതിവീണയിൽ   ലോലഭാവങ്ങൾ 

പുലരിതൻ സ്നേഹതന്തി മീട്ടുന്നു. 

ശബളരാഗസുധാരവങ്ങളിൽ

അലിഞ്ഞുപോയ്  ഞാനുമൊരു തരംഗമായ്! 

.....................മിനി മോഹനൻ  

Thursday, September 17, 2026

കയറും കുറ്റിയുമില്ലാത്ത ഒട്ടകം

കയറും കുറ്റിയുമില്ലാത്ത ഒട്ടകം 

=========================

പണ്ടുപണ്ടൊരിക്കൽ  ഒരു വലിയ വ്യാപാരസംഘം ഉപ്പുവിൽക്കുന്നതിനായി  നൂറോളം ഒട്ടകങ്ങളുമായി ആഫ്രിക്കയുടെ വടക്കുഭാഗത്തുള്ള സഹാറാമരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇങ്ങനെപോകുന്ന വണിക്കുകളുടെ സംഘത്തെ കാരവൻ എന്നാണു വിളിച്ചിരുന്നത്. ടിംബക്തു എന്ന നഗരത്തിൽ ഉപ്പുവിൽക്കുന്നതിനായി അവർ  തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു.  ഉപ്പുവിറ്റ് പകരം  സ്വർണ്ണം വാങ്ങി അവർ തിരികെപ്പോകും. തെക്കുദിക്കിൽനിന്നു വരുന്ന  സ്വർണ്ണവ്യാപാരികളെത്തുന്നത് ഈ നഗരത്തിലാണ്. അന്നൊക്കെ ഉപ്പിനു സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു.  


വഴികൾ കൃത്യമായറിയുന്ന, 'തക്ഷീഫ്' എന്ന് വിളിപ്പേരുള്ള    വഴികാട്ടികൾ  മുമ്പേ പോകും. പിന്നാലെ കാരവനും. അന്നൊക്കെ  അവർക്ക്  യാത്ര പൂർത്തിയാക്കാൻ മാസങ്ങളോളം സമയമെടുത്തിരുന്നു.


അതിവിശാലമായ മരുഭൂമിയിൽ ചിലയിടങ്ങളിൽ മാത്രമേ ജലലഭ്യതയുണ്ടാകൂ. ആ മരുപ്പച്ചകളുടെ  പ്രദേശങ്ങളെ ഒയാസിസ് എന്നാണു വിളിച്ചിരുന്നത്. രാത്രിവിശ്രമത്തിന്  ഇത്തരം മരുപ്പച്ചകളിലെ സത്രങ്ങളെയാണ് ആശ്രയിക്കാറുള്ളത്. അവിടെ ഭക്ഷണംകഴിച്ചു വിശ്രമിക്കുകയും    ഒട്ടകങ്ങൾക്കു ഭക്ഷണവും  വെള്ളവും  നൽകുകയും ചെയ്ത ശേഷം  അവർ യാത്ര തുടരുന്നത്. 


പകൽ മുഴുവൻ യാത്രചെയ്തശേഷം ഉപ്പുവ്യാപാരത്തിനു പോയ നമ്മുടെ  കാരവൻ സംഘം  രാത്രിയിൽ ഒരു സത്രത്തിലെത്തി. ഒട്ടകങ്ങൾക്കു വിശ്രമിക്കാനുള്ള താവളങ്ങളിൽ  ഓരോ ഒട്ടകത്തെയും കയറുകൊണ്ട് കുറ്റിയിൽ ബന്ധിച്ച് കിടത്തി. പക്ഷേ അവസാനം വന്ന ഒരു ഒട്ടകത്തിനെ ബന്ധിക്കാനുള്ള  കയറും കുറ്റിയും ഇല്ല!

രാത്രിയിൽ തണുപ്പ് കൂടുതലുള്ളതുകൊണ്ടു നഗരത്തിലെ കടകളൊക്കെ സന്ധ്യകഴിഞ്ഞപ്പോൾത്തന്നെ അടച്ചുപൂട്ടി, കച്ചവടക്കാർ വീടുകളിലേക്ക് പോയിരുന്നതുകൊണ്ടു പുതിയ കുറ്റിയും കയറും വാങ്ങാനുമായില്ല. ബന്ധിച്ചില്ലെങ്കിൽ ഒട്ടകം ഓടി മറ്റെവിടേക്കെങ്കിലും പോയെങ്കിലോ!


വ്യാപാരികൾ വിഷമിച്ച് സത്രത്തിന്റെ ഉടമയായ വൃദ്ധന്റെ അടുത്തെത്തി.


“ഞങ്ങളുടെ ഒരു ഒട്ടകത്തിന് കയറും കുറ്റിയും നഷ്ടപ്പെട്ടു. അതിനെ കെട്ടാതെയിരുന്നാൽ  രാത്രിയിൽ എങ്ങോട്ടെങ്കിലും പോയേക്കും.  കയറോ കുറ്റിയോ ആയി ഉപയോഗിക്കാൻ കഴിയുന്ന എന്തെങ്കിലും തരാമോ?”


വൃദ്ധൻ ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു .


“എന്റെ പക്കൽ കയറുമില്ല, കുറ്റിയുമില്ല.”


വ്യാപാരികൾ വീണ്ടും വിഷമിച്ചു.


അപ്പോൾ വൃദ്ധൻ പറഞ്ഞു:


“നിങ്ങൾ ഒട്ടകങ്ങളെ ഇത്രകാലം പരിപാലിച്ചിട്ടും  ഇത്രയും ചെറിയകാര്യം പഠിച്ചില്ലേ? പോയി ആ ഒട്ടകത്തെ പതിവുപോലെ കെട്ടുക.”


വ്യാപാരികൾ അമ്പരന്നു.


“കയറും കുറ്റിയും ഇല്ലാതെ എങ്ങനെ കെട്ടും!”


വൃദ്ധൻ പറഞ്ഞു:


“കുറ്റിയുള്ളതുപോലെ നിലത്ത് കുത്തുക. കയറുള്ളതുപോലെ ഒട്ടകത്തിന്റെ കഴുത്തിൽ ചുറ്റുക. കെട്ടിയതായി നടിക്കുക. പിന്നെ ‘കിടന്നുറങ്ങൂ’ എന്ന് പറയുക.”


അവർക്ക് വൃദ്ധന്റെ ബുദ്ധി മനസ്സിലായില്ല. എങ്കിലും വേറെ മാർഗമില്ലാത്തതിനാൽ അങ്ങനെ ചെയ്തു.


അവർ നിലത്ത് കുറ്റി അടിക്കുന്നതുപോലെ അഭിനയിച്ചു.

കയർ എടുത്ത് ഒട്ടകത്തിന്റെ കഴുത്തിൽ ചുറ്റുന്നതുപോലെയും  അഭിനയിച്ചു.

പിന്നെ മറ്റു ഒട്ടകങ്ങളോട് പറഞ്ഞതുപോലെ അതിനോടും കിടക്കാൻ പറഞ്ഞു.

അത്ഭുതം!

ഒട്ടകം കിടന്നു.

അവർക്ക് അതിശയം തോന്നി. പക്ഷേ നന്നേ ക്ഷീണിച്ചിരുന്നതിനാൽ  അതിനെക്കുറിച്ച് അധികം ചിന്തിക്കാതെ എല്ലാവരും ഉറങ്ങാൻ പോയി.


പിറ്റേന്ന് രാവിലെ യാത്ര തുടരാനുള്ള സമയമായി.


വ്യാപാരികൾ ഓരോ ഒട്ടകത്തിന്റെയും യഥാർത്ഥ കയറുകൾ അഴിച്ചു. കുറ്റികൾ ഊരി. ഒട്ടകങ്ങൾ ഒന്നൊന്നായി എഴുന്നേറ്റു.


പക്ഷേ…


 കയറും കുറ്റിയുമില്ലാതിരുന്ന ആ ഒരു ഒട്ടകംമാത്രം  എഴുന്നേറ്റില്ല!


അവർ അതിനെ  വിളിച്ചുനോക്കി. ഉന്തിയും തള്ളിയും അടികൊടുത്തും   എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. എന്തൊക്കെ ചെയ്തിട്ടും ഒട്ടകം അനങ്ങുന്നില്ല.


അവസാനം അവർ വീണ്ടും വൃദ്ധന്റെ അടുത്തെത്തി.


“ എന്താണ് ഈ ഒട്ടകത്തിന് സംഭവിച്ചത്? ഇന്നലെ രാത്രി  അങ്ങയുടെ  ഉപായം പ്രവർത്തിച്ചു. പക്ഷേ  ഇപ്പോൾ ഇത് എഴുന്നേൽക്കുന്നില്ല!”


വൃദ്ധൻ ചോദിച്ചു:


“കുറ്റി ഊരിയോ? കയർ അഴിച്ചോ?”


അവർ പറഞ്ഞു:


“അഴിച്ചെടുക്കാൻ അതിനു കുറ്റിയും കയറും അവിടെയില്ലല്ലോ ”


വൃദ്ധൻ ചിരിച്ചു.


“ഇന്നലെ രാത്രി നിങ്ങൾ കെട്ടിയതുപോലെ തന്നെ ഇന്ന് അഴിക്കൂ.”


അവർക്ക് കാര്യം മനസ്സിലായി.


അവർ വീണ്ടും കുറ്റി ഊരുന്നതുപോലെ അഭിനയിച്ചു. അതിനുശേഷം  കയർ അഴിക്കുന്നതുപോലെയും  അഭിനയിച്ചു.


അപ്പോൾ…ഒട്ടകം എഴുന്നേറ്റു!


മറ്റു ഒട്ടകങ്ങളോടൊപ്പം യാത്ര തുടരാൻ തയ്യാറായി.


വ്യാപാരികൾ അത്ഭുതപ്പെട്ടു.

“അങ്ങേയ്ക്ക് ഒട്ടകങ്ങളെക്കുറിച്ച് ഇത്ര വലിയ അറിവുണ്ടെന്ന് ഞങ്ങൾ കരുതിയില്ല!”


വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു:


“എനിക്ക് ഒട്ടകങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടല്ല ഇത് ചെയ്യാൻ കഴിഞ്ഞത്. മനുഷ്യരുടെ മനസ്സിനെക്കുറിച്ചുള്ള അറിവുകൊണ്ടാണ്.  നമ്മൾ മനസ്സിൽ വിശ്വസിച്ചുപോകുന്ന ചില കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മെ ബന്ധിച്ചിട്ടില്ലെങ്കിലും, ബന്ധിച്ചിരിക്കുന്നതുപോലെ നമ്മെ നിർത്തിയേക്കാം.

ഈ കഥയിൽ ഒട്ടകത്തെ ബന്ധിച്ചത് യഥാർത്ഥ കയറല്ല; അത് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന അതിന്റെ ധാരണയാണ്.”


ജ്ഞാനിയായ ആ വൃദ്ധനു നന്ദിപറഞ്ഞു വണങ്ങിയശേഷം ഒട്ടകങ്ങളുമായി വ്യാപാരിസംഘം യാത്രതുടർന്നു. 


Tuesday, September 1, 2026

വൈ ജൻ - സെഡ് ജെൻ ഓണാഘോഷം (metro mirror august issue )

 

വൈ ജൻ - സെഡ് ജെൻ ഓണാഘോഷം 

====================================.

ആധുനികജീവിതശൈലിയും നൂതനസങ്കേതികജ്ഞാനവും  മാറുന്ന സാമൂഹികബോധവും നമ്മുടെ ആഘോഷങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്നു നോക്കിക്കാണുന്നത് വളരെ കൗതുകമുള്ളൊരു കാര്യമാണ്. പറഞ്ഞാൽതീരാത്ത പഴങ്കഥകളുടെ  വർണ്ണത്തുടിപ്പും താളമേളങ്ങളും രുചിയോർമ്മകളും ഓരോ മലയാളിയുടേയും  ഹൃദയത്തിൽ ആഹ്ലാദം വാരിവിതറി വീണ്ടുമൊരോണക്കാലം വന്നെത്തിയിരിക്കുന്നു. വൈ ജെൻ, സെഡ്  ജെൻ എന്നൊക്കെ വേർതിരിക്കപ്പെട്ട പുതിയ തലമുറക്കാർ ഓണത്തെ സ്വാഗതം ചെയ്യുന്ന രീതി പഴയ  തലമുറയുടേതിൽനിന്ന്  എത്രയോ വ്യത്യസ്തമാണെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നേ പറയേണ്ടൂ. 


ഓണം വരുമ്പോൾ കേരളത്തിന്റെ ഓർമ്മകളിൽ ആദ്യം തെളിയുന്നത് പൂവിളിയും പൂക്കളവും ഓണക്കോടിയും സദ്യയും ഊഞ്ഞാലും ഓണക്കളികളും തന്നെയാണ്. എന്നാൽ കാലം മാറുന്നതിനനുസരിച്ച് ഇവയുടെയൊക്കെ രൂപഭാവങ്ങൾ കാലാനുസൃതമായ പരിണാമങ്ങൾക്കു  വിധേയമായിക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും വാസ്തവംതന്നെ. ഒരുകാലത്തു വീട്ടുമുറ്റങ്ങൾ വേദികൾ തീർത്തിരുന്ന ഓണാഘോഷം   ഇന്ന് ഫ്ലാറ്റുകളിലേക്കും നഗരങ്ങളിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു.

പോയ കാലങ്ങളിൽ ദാരിദ്ര്യം നിത്യദുഃഖമായി ഒപ്പം കൊണ്ടുനടന്ന ഭൂരിഭാഗം വരുന്ന കേരളീയർക്ക് സമൃദ്ധിയുടെ ഓണക്കാലം വിശപ്പിനുമേൽ വെന്നികൊടിക്കൂറ പാറിക്കുന്ന സന്തോഷദിനങ്ങളായിരുന്നു. അതവർ ഹൃദയത്തിൽ എന്നെന്നും സൂക്ഷിക്കുകയും ചെയ്തു. പക്ഷേ  പുതിയ തലമുറയ്ക്ക് അത്തരം തീക്ഷ്ണമായ ദുഃഖാനുഭവങ്ങളൊന്നും സ്മരണവീഥികളിൽ കണ്ടെത്താനാവില്ല. മറിച്ച് ഓണക്കാലം അവർക്ക് വ്യത്യസ്തമായ ആഘോഷാനുഭവങ്ങളെ അല്പമെങ്കിലും കൃത്രിമത്വത്തോടെ ആസ്വദിക്കാനുള്ള വേദിയൊരുക്കുന്നു. പൂക്കളങ്ങളിലും ഓണക്കോടിയിലും ഓണക്കളികളിലും  ഓണസദ്യയിലുമൊക്കെ പുതുതലമുറയുടെ നവീനമായൊരു സൃഷ്ടിപരത നമുക്കിന്നു ദർശിക്കാനാവും . ഒരുകാലത്തു വീട്ടുമുറ്റങ്ങൾ വേദികൾതീർത്തിരുന്ന ഓണാഘോഷം  ഇന്ന് സ്ഥാപനങ്ങളിലേക്കും  ഫ്ലാറ്റുകളിലേക്കും നഗരങ്ങളിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. 


വിദൂരമായ ഇന്നലെകളിൽ   കുട്ടികൾ പൂക്കളമൊരുക്കാൻ  നാട്ടിലാകെ ഓടിനടന്നു പൂക്കൾ ശേഖരിച്ചിരുന്നു. ഇന്നാകട്ടെ പൂക്കൾ  വിലകൊടുത്തുവാങ്ങുന്ന പതിവായിട്ടുണ്ട്. മുറ്റത്തു ചാണകം മെഴുകിയൊരുക്കുന്ന കളത്തിനു മദ്ധ്യത്തിൽ മണ്ണുകുഴച്ചു മെനഞ്ഞെടുത്ത തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച്, അത്തം മുതൽ പത്തുനാളത്തേക്കു ചിട്ടകൾ പാലിച്ചു പൂക്കളമിട്ടിരുന്നു. ഇന്നിപ്പോൾ ഡിജിറ്റൽ ഡിസൈനിൽ എവിടെയും  എങ്ങനെയും പൂക്കളമിടുന്ന നൂതനരീതിയാണ്. വിവിധസംഘടനകളുടെ   മത്സരങ്ങളും തകൃതിയായി അരങ്ങേറുന്നു. ഇതിനെ പാരമ്പര്യത്തിന്റെ നഷ്ടമായി കാണേണ്ടതില്ല. പുതുതലമുറ പഴയ പൂക്കളത്തെ പുതിയ ആവിഷ്കാരസമൃദ്ധിയോടെ  സമീപിക്കുകയാണ്. പൂക്കളത്തിന്റെ  രൂപം, പൂക്കൾ, രീതി ഇവയൊക്കെ  മാറിയേക്കാം, പക്ഷേ ഒരുമിച്ച് പൂക്കളം ഒരുക്കുന്ന മനസ്സ് മാറുന്നില്ല  എന്നത് എത്ര ആശ്വാസകരമാണ്!


ആണ്ടിലൊരിക്കൽമാത്രം  വസ്ത്രം വാങ്ങിയിരുന്ന കാലത്ത് ഓണക്കോടി ഒരു പ്രതീക്ഷയും ആശ്വാസവുമായിരുന്നുവെങ്കിൽ ഇന്ന് ഓണക്കോടി ആർഭാടവും ആഡംബരവുമൊക്കെയായി മാറിയിരിക്കുന്നു. എങ്കിലും പുതുതലമുറയ്ക്ക് വിലയേറിയ ബ്രാൻഡഡ് വസ്ത്രം ധരിക്കണമെന്ന നിന്റർബ്ബന്ധമൊന്നുമില്ല.  കസവുമുണ്ടും സാരിയും മാത്രമല്ല, തങ്ങളുടെ സൗകര്യത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ വസ്ത്രങ്ങളിലൂടെയും അവർ ഓണത്തെ ആഘോഷിക്കുന്നു.


ഓണസദ്യയ്ക്ക് ഇന്നും അതേ പ്രാധാന്യമുണ്ട്. പക്ഷേ സദ്യയുടെ സമീപനത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം അതിന്റെ ആരോഗ്യപരമായ വശവും പാഴാക്കാതിരിക്കലും പരിസ്ഥിതി സൗഹൃദ രീതികളും പുതുതലമുറ ശ്രദ്ധിക്കുന്നു.  വാഴയിലയിലെ സദ്യയുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുവതലമുറയെ ചിലപ്പോൾ നമ്മൾ പരിഹസിക്കാറുണ്ട്. പക്ഷേ അതിലും ഒരു സാംസ്കാരിക രേഖപ്പെടുത്തലുണ്ട്. അവർ തങ്ങളുടെ ഓണം ലോകവുമായി പങ്കിടുകയാണ്. റെഡിമേഡ് ഓണസദ്യക്കുള്ള ഡിമാൻഡും ഏറിവരികയാണെന്നുള്ളത് അല്പം ആശങ്കയ്ക്ക് വഴിയൊരുക്കുന്നു എന്ന കാര്യം മറക്കുന്നില്ല. 


പണ്ടൊക്കെ ഓണത്തിന്റെ ഓർമ്മകൾ ചിലരെങ്കിലും  കുടുംബ ആൽബങ്ങളിൽ സൂക്ഷിച്ചിരുന്നു. ഇന്ന് അവ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മറ്റു ഡിജിറ്റൽ ഇടങ്ങളിലും ജീവിക്കുന്നു. ഓണാശംസകൾ, പൂക്കളങ്ങൾ, സദ്യകൾ, ഓണക്കളികൾ, കുടുംബസംഗമങ്ങൾ — എല്ലാം നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളിലേക്ക് എത്തുന്നു. അതുകൊണ്ട് ഓണം ഇന്ന്  കേരളത്തിനപ്പുറം ഒരു ആഗോള മലയാളി അനുഭവമായി  മാറിയിരിക്കുന്നു.  വിദേശത്ത് കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ ഓണം കേരളത്തിലെ സ്വന്തം വീട്ടിലെ  ഓണത്തിൽ നിന്ന് വ്യത്യസ്തമായിരിക്കാം. പക്ഷേ പൂക്കളവും സദ്യയും ഓണക്കോടിയും ഓർമ്മകളും അവരെ കേരളവുമായി, സ്വന്തം പൈതൃകവുമായി, അഭേദ്യമായി  ബന്ധിപ്പിക്കുന്നു.


ഇങ്ങനെയൊക്കെയാണെങ്കിലും വിമർശനാത്മകമായ  ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരിക്കും.  

ഓണം ഒരു വിപണിയുടെ ആഘോഷമായി മാത്രം മാറുന്നുണ്ടോ?  ഓണക്കോടി, സമ്മാനങ്ങൾ, പരസ്യങ്ങൾ, വിലക്കിഴിവുകൾ, ഓൺലൈൻ ഷോപ്പിംഗ് — ഇവയെല്ലാം ഓണത്തിന്റെ ഭാഗമാകുമ്പോൾ ആഘോഷത്തിന്റെ ആത്മാവ് നഷ്ടമാകുന്നുവോ?സോഷ്യൽ മീഡിയയിലെ മനോഹരമായ ഓണച്ചിത്രങ്ങൾക്കു പിന്നിൽ യഥാർത്ഥ സന്തോഷമുണ്ടോ, അതോ വെറും പ്രദർശനാത്മകമായ ഒരു ആഘോഷമായി അത് മാറുന്നുണ്ടോ? 

ഈവക ചോദ്യങ്ങൾക്കൊന്നും തൃപതികരമായ മറുപടി കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നതാവും ബുദ്ധി. കാരണം എല്ലാ മാറ്റങ്ങൾക്കിടയിലും പുതുതലമുറ ഓണത്തിന് നൽകുന്ന ഏറ്റവും വലിയ സംഭാവന സമത്വത്തിന്റെ പുതിയ വായനയാണ്. മാനുഷരെല്ലാരുമൊന്നുപോലെ വാണിരുന്ന മാവേലിനാടിനെ അവർ തങ്ങളുടെ മാർഗ്ഗങ്ങളിലൂടെ പുനഃസൃഷ്ടിക്കുമ്പോൾ ഓണാഘോഷത്തെയും അതിന്റെ ഉള്ളിലുള്ള മാനവികതയെയും  സംരക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. പൂക്കളം മാറട്ടെ, ഓണക്കോടിയുടെ രൂപം മാറട്ടെ, സദ്യയുടെ രീതികൾ മാറട്ടെ, ഓണാഘോഷത്തിന്റെ വേദികൾ മാറട്ടെ-   പക്ഷേ മനുഷ്യർ തമ്മിലുള്ള സ്നേഹവും പങ്കിടലും സമത്വബോധവും പ്രകൃതിയോടുള്ള ആദരവും നഷ്ടപ്പെടരുത്.  മാവേലി ഒരിക്കൽ വന്നുപോയ ഒരു രാജാവായി മാത്രം ഓർമ്മിക്കപ്പെടേണ്ടതില്ല. ഓരോ മനുഷ്യനും മറ്റൊരാളുടെ നന്മയിൽ സന്തോഷിക്കുന്ന ഒരു സമൂഹം  സൃഷ്ടിക്കാനായാൽ, മാവേലിയുടെ നാട്, ഭാവനയിൽനിന്നു യാഥാർത്ഥ്യത്തിലേക്കു  കൊണ്ടുവരാനാവും. അതാകട്ടെ  പുതുതലമുറയുടെ കണ്ണിലൂടെത്തെളിയുന്ന  ഓണത്തിന്റെ ഏറ്റവും മനോഹരമായ അർത്ഥം. അതിലൂടെ ഓണം മലയാളിസമൂഹത്തിന്റെ നന്മ തിരിച്ചു കൊണ്ടുവരുമെന്നത് ശങ്കയ്ക്കു വകയില്ലാത്ത കാര്യമാകുന്നു.

(metro mirror)











.

Saturday, July 11, 2026

മലയാളകവിത ഇന്ന്

 

മലയാളകവിത ഇന്ന്


====================


മലയാളകവിതയുടെ തുടക്കം എവിടെയെന്നുചോദിച്ചാൽ ഉത്തരം ചെന്നുനിൽക്കുന്നത്  മലയാളലിപിയും അക്ഷരങ്ങളും പിറവിയെടുക്കുംമുമ്പേ ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടിയ   നാടോടിപ്പാട്ടുകളുടെ ആത്മാവുകളിലാവും. കാലഘട്ടത്തിന്റെ ജീവിതരീതികളുമായി ഇഴുകിച്ചേർന്നവയായിരുന്നു ആ ഗാനങ്ങളുടെ അവതരണരീതികൾ. പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും യക്ഷിക്കഥകളുമൊക്കെയായിരുന്നു ഈ ഗാനങ്ങളുടെ ഇതിവൃത്തം. പിന്നീട് സംസ്കൃതത്തിൽ  അടിസ്ഥാനമുറപ്പിച്ചു   നിലനിന്ന മണിപ്രവാളകവിതാരചനയിൽനിന്നു ശുദ്ധമലയാളത്തിലേക്കു കവിതയുടെ  രൂപപരിണാമം സംഭവിച്ചപ്പോഴും ഇതിവൃത്തം കാര്യമായി മാറ്റങ്ങൾക്കു വിധേയമായതുമില്ല. ഒരുപക്ഷേ   ഇവ്വിധത്തിൽ രചിച്ചെങ്കിൽ മാത്രമേ തങ്ങളുടെ രചനകൾ  ഉത്തമകൃതികൾ  ആകൂ എന്ന വിശ്വാസമാകാം  ഈ രീതിക്ക്  മാറ്റം വരാതിരുന്നത്. ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റേയും കുഞ്ചൻനമ്പ്യാരുടേയുമൊക്കെ കവിതകൾ ഈ ഗണത്തിൽത്തന്നെയായിരുന്നു. 


ആദ്യകാലത്തെ  കാല്പനികകവിതകൾ ഭാഷയുടെ ഗരിമകൊണ്ടും ഇതിവൃത്തത്തിന്റെ സ്ഥൂലതകൊണ്ടും  സാധാരണമനുഷ്യന്റെ ജീവിതത്തിൽനിന്ന് അകലംപാലിച്ചതുകൊണ്ടാവാം കവികളുടെയും കവിതകളുടെയും എണ്ണം പരിമിതമായിരുന്നു. പക്ഷേ കാലത്തിന്റെ കുതിപ്പിനൊപ്പം ഭാഷയും സാഹിത്യവും ആസ്വാദനരീതികളുമെല്ലാം നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായി. ദൈവങ്ങളുടെയും രാജാക്കന്മാരുടെയും കഥകൾക്കുപകരം മനുഷ്യജീവിതവും അതിലെ നന്മതിന്മകളും ഗുണപാഠങ്ങളും സാമൂഹ്യവിമർശനങ്ങളുമൊക്കെ കവിതയ്ക്കു വിഷയമായി. ഇങ്ങനെ രചിക്കപ്പെട്ട ആധുനികകവിതകളുടെ ഭാഷ, സാധാരണക്കാരനു പ്രാപ്യമായിരുന്നുവെന്നത്      ഈ കവിതകളെ കൂടുതൽ ജനപ്രിയമാക്കി. വൃത്താലങ്കാരപ്രാസനിബന്ധനകള്‍ കൃത്യമായി അവലംബിക്കപ്പെട്ടിരുന്നതിനാൽ താളലയങ്ങളോടെ പാടി ഹൃദിസ്ഥമാക്കാൻ കഴിഞ്ഞിരുന്നുവെന്നതും കവിതകളുടെ പൊതുജനസ്വീകാര്യതയ്ക്ക് കാരണമായി. 


ആധുനികകവിത്രയങ്ങളുടെ ഉദയത്തോടെ ഖണ്ഡകാവ്യങ്ങൾക്കും ചെറുകവിതകൾക്കും പ്രചാരമേറി. പിന്നീട് മലയാളകവിത ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയെന്ന് പറയാം. സംസ്കൃതഭാഷയിലധിഷ്ഠിതമായ പാരമ്പര്യവിദ്യാഭ്യാസത്തിനപ്പുറം ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യസാഹിത്യവും പരിചിതമായതോടെ  മലയാളകവിതയിലും അവയുടെ സ്വാധീനം പ്രബലമായി. പ്രകൃതിയുടെ ഘടകങ്ങളും സ്നേഹം,  സന്തോഷം, സന്താപം മുതലായ വികാരഭാവങ്ങളുമൊക്കെ കവിതയ്ക്കിതിവൃത്തമായി. നാടകം, സിനിമ തുടങ്ങിയ കലാരൂപങ്ങളുടെ ആഗമനം കവിതയ്ക്കു മറ്റൊരുമാനംകൂടി കൈവരുന്നതിനു  കാരണമായി. കവിതകളേക്കാൾ നാടക- സിനിമാഗാനങ്ങൾ ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു. സ്വാതന്ത്ര്യസമരവും മറ്റു സാമൂഹികസമരങ്ങളും നാടിൻറെ മുക്കിലും മൂലയിലും മാറ്റൊലിക്കൊണ്ടത് ഈ ഗാനങ്ങളിൽക്കൂടിയായിരുന്നു. അക്കാലത്തെ വിപ്ലവഗാഥകളൊക്കെയും പൊതുജനം ഏറ്റുപാടിയത് കുറിക്കുകൊള്ളുന്ന വാക്കുകളും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഈണങ്ങളും ചേർന്ന് രൂപംകൊടുത്ത ഇത്തരം കവിതകളിലൂടെയായിരുന്നു. സമരമുന്നേറ്റങ്ങൾക്കു ശക്തിപകരുന്ന മുദ്രാവാക്യങ്ങളായിപ്പോലും ഈ ഗാനങ്ങൾ ഉപയോഗിക്കപ്പെട്ടു. 


പിന്നീടുവന്ന മാറ്റം  ആശയങ്ങളെ വൃത്തത്തിലൊതുക്കാതെ ലളിതമായ  ഭാഷയിൽ  കവിതയിൽ ധ്വനിപ്പിക്കുക എന്നതായിരുന്നു. ശൈലിയിലെ വൈജാത്യങ്ങളും പ്രമേയത്തിലെ പ്രചുരത്വവും ഇത്തരം കവിതകളിൽ വളരെ വ്യക്തമാണ്. വ്യക്തിബന്ധങ്ങൾ, ജീവിതത്തിന്റെ അർത്ഥശൂന്യത,നഗരജീവിതത്തിന്റെ തിരക്കുകളും ഏകാന്തതയും, പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹിക അസമത്വങ്ങൾ, സ്ത്രീസ്വാതന്ത്ര്യവും ലിംഗസമത്വവും, മനുഷ്യാവകാശങ്ങൾ,    സാമൂഹ്യനീതി,സാമൂഹികരാഷ്ട്രീയരംഗത്തെ അപചയങ്ങള്‍,  ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിപാദ്യവിഷയങ്ങൾ ആവിഷ്കരിക്കപ്പെട്ട കവിതകൾ. മലയാളമണ്ണിൽമാത്രമല്ല, ലോകമെമ്പാടും അനുഭവേദ്യമായ സാംസ്കാരികമായ മൂല്യത്തകർച്ചയും സാമൂഹികജീവിതത്തിൽ അതുണ്ടാക്കിയ അപചയങ്ങളും മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിച്ച അന്യതാബോധവും അസ്തിത്വദുഃഖവും കവിതകളുടെ കേന്ദ്രബിന്ദുവായപ്പോൾ ആധുനികതയുടെ ശിഥിലചിത്രങ്ങൾ നൂതനമായൊരു കാവ്യാവബോധംതന്നെ രൂപപ്പെടുന്നതിനു കാരണമായി.   അപ്പോഴേക്കും അനുവാചകർ കവിതയിൽനിന്നകലുന്നുവോ എന്നുതോന്നിയതിനാലും ടേപ്പ് റെക്കോർഡർ പോലെയുള്ള  ആധുനികയന്ത്രമാധ്യമങ്ങൾ  പ്രചാരത്തിൽ വന്നതിനാലും കവിതകളുടെ കവിതകളുടെ  കാസെറ്റ്  റെക്കോഡുകള്‍  ഉപനയിക്കപ്പെട്ടു. കവിതയെ പുസ്തകങ്ങളില്‍ കൂടി മാത്രമല്ല ശബ്ദരൂപത്തിലും ആസ്വാദകനിലേക്കെത്തിക്കാം എന്നു തെളിയിക്കുന്നതായിരുന്നു ഈ പുതുപദന്യാസം. 


മലയാളകവിത പിന്നെയും വളർന്ന് അത്യന്താധുനികതയിലേക്കു നടന്നുകയറിയപ്പോൾ അതൊരുകൂട്ടം ബുദ്ധിജീവികളുടെ മാത്രം സ്വന്തമായെന്നുപറയാം. പദ്യരൂപത്തിൽനിന്നു  വഴിമാറി  ഗദ്യരൂപത്തിൽ ശക്തിപ്രകടനം കാഴ്ചവെച്ചു.   എണ്ണിയാലൊടുങ്ങാത്ത ബിംബങ്ങളും പ്രതിബിംബങ്ങളും പ്രതീകങ്ങളുമൊക്കെയായി സാധാരണ അനുവാചകർക്ക് അപ്രാപ്യമായ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്ന  രചനാവൈഭവം മലയാളസാഹിത്യത്തിൽത്തന്നെ ചോദ്യചിഹ്നങ്ങളുയർത്താതിരുന്നുമില്ല. ഇപ്പോഴും  സാഹിത്യചർച്ചകളിൽ വളരെ നല്ലൊരുസ്ഥാനം 'പദ്യകവിതയോ ഗദ്യകവിതയോ മികച്ചത് ?' എന്ന വിഷയത്തിനുണ്ട്. കവിത പദ്യമോ ഗദ്യമോ എന്നതിലുപരി അതിലെ കാവ്യഭംഗിയും ആശയത്തിന്റെ കെട്ടുറപ്പും ഭാഷാലാളിത്യവുമൊക്കെയാണ് കവിതയെ ജനകീയമാക്കുന്നതെന്നു രണ്ടുപക്ഷമുണ്ടാകില്ല. പക്ഷേ അവിടെയും ചില ഉപരിശ്രേണികർ, വായനക്കാരന്റെ ധിഷണയ്ക്ക് അജീർണ്ണമുണ്ടാക്കുന്ന ചില രചനാവൈകൃതങ്ങളെ ഉത്തരോത്തരമെന്നു ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ സാധാരണ അനുവാചകർ ആശസംഘട്ടനത്തിൽ കുഴങ്ങിപ്പോകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. 


ആധുനികകാലത്തിന്റെ സാങ്കേതികപരിജ്ഞാനം നമുക്കു നൽകിയ  സാമൂഹ്യമാധ്യമങ്ങൾ വളരെവേഗം  ജനകീയമായതോടെ കവികളുടെയും   കവിതകളുടെയും ഒരു മലവെള്ളപ്പാച്ചിൽതന്നെ സൃഷ്ടിക്കപ്പെട്ടു.  വിവിധ തലമുറകളിൽപ്പെട്ട കവികൾ തങ്ങളുടെ വ്യത്യസ്തയുള്ള  അനുഭവങ്ങളും കാഴ്ചപ്പാടുകളും കവിതയിൽ പ്രകടിപ്പിക്കുന്നു എന്നത് വളരെ സ്വാഗതാർഹമാണ്. സ്വയം പ്രകാശനത്തിന് അതിവിശാലമായ വേദികൾ കൈവന്നതോടെ എഴുത്തിലെ തുടക്കക്കാർക്കും  യുവകവികൾക്കും അവരുടെ രചനകൾ പ്രസാധകരുടെ കാരുണ്യത്തിനു കാത്തുനിൽക്കാതെ  വായനക്കാരിലേക്കെത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. എന്നാൽ ഇതിനൊരു മറുവശംകൂടിയുണ്ട്.  കവിതയെക്കുറിച്ചും കാവ്യനിർമ്മാണത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ചും  നമുക്കുണ്ടായിരുന്ന മുൻവിധികളെയൊക്കെ കാറ്റിൽപ്പറത്തി,  ആര്, എന്തെഴുതിയാലും അത് കവിതയാണെന്നു പറയേണ്ടിവരുന്ന ഒരു  ദാരുണാവസ്ഥയാണ് ഇന്നത്തെ കാവ്യലോകത്തിന്. നിഷ്കളങ്കവും ലളിതവുമായ ആഖ്യാനരീതിയാണെങ്കിലും ഇത്തരം കവിതകൾ സാഹിത്യശാഖയ്ക്കു മുതൽക്കൂട്ടുന്നു എന്ന് പറയാനാവുന്നില്ല. വരുംകാലങ്ങളിൽ ഇതിന്റെ പ്രത്യാഘാതം എങ്ങനെ കവിതയെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുതന്നെ. 


ഭാഷയുടെ കൃത്യതയ്ക്കോ വ്യാകരണനിയമങ്ങൾക്കോ പദശുദ്ധിക്കോ ഒന്നും ഇന്നത്തെ ഭൂരിഭാഗം കവിതകളിലും  ഒരു പ്രാധാന്യവുമുള്ളതായി തോന്നാറില്ല. ഭാഷ കൃത്യമായുപയോഗിക്കാൻ  നിഷ്ഠവയ്ക്കാതിരിക്കുന്നത് ഭാഷയുടെ നിലനില്പിനെത്തന്നെ ബാധിക്കും. ഒരു ജനതയുടെ സംസ്കാരത്തിന്റെ അടിസ്ഥാനംതന്നെ ഭാഷയാണ്.  ഭാഷയില്ലാതെ സംസ്കാരത്തിന് നിലനിൽപ്പില്ല. അതുകൊണ്ടുതന്നെ ഈ മാറ്റം ഒട്ടും സ്വീകാര്യമായി തോന്നുന്നില്ല. ഇക്കാര്യത്തിൽ ഓരോ ഭാഷാസ്നേഹിയും വളരെ ജാഗ്രത്താകേണ്ടതായിരിക്കുന്നു. എന്നാൽ അടുത്തകാലത്ത് ശ്രദ്ധപിടിച്ചുപറ്റിയ, മലയാളലിപി ഉപയോഗിച്ചെഴുതപ്പെട്ട    ഗോത്രഭാഷാകവിതകളും മലയാളഭാഷയുടെ  പ്രാദേശികഭേദങ്ങളിൽ രചിക്കപ്പെട്ട കവിതകളും നാളെ വിസ്മൃതിയിലാണ്ടുപോകേണ്ടിയിരുന്ന ഭാഷാശാഖകളുടെ സ്വത്വവൈവിധ്യത്തെ തിരിച്ചറിയുന്നതിനു സഹായിക്കുകയും ഒരു പുനർജ്ജനിക്കു വഴിയൊരുക്കുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്,  അഭിനന്ദനാർഹമാണ്. 


അടുത്തകാലത്തായി മറ്റൊരു  അപകടകരമായ അവസ്ഥ മറ്റുപല രംഗങ്ങളിലുമെന്നപോലെ മലയാളകവിതയിലും പ്രകടമാകുന്നതുകാണാം -  അതാണ് നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റം. ചാറ്റ് ജി പിറ്റിയും ജമിനിയുമൊക്കെ,  ഏതുതരം കവിത ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം നല്കുമെന്നത്‌ മലയാളകവിതാലോകത്ത് ഒരുപാടു നവാഗതരെ ആനയിക്കാൻ കാരണമാകുന്നു.  യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ ഇങ്ങനെ ലഭിക്കുന്ന കവിതകൾ തങ്ങളുടെപേരിൽ വായനക്കാർക്ക് സമർപ്പിക്കാൻ കവികൾ  മത്സരിക്കുകയാണ്. പലരും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തുകഴിഞ്ഞു. യഥാർത്ഥകവികൾ ആരൊക്കെയെന്ന് തിരിച്ചറിയാൻ ഇനി നമുക്ക് കഴിഞ്ഞെന്നു വരില്ല. സാഹിത്യലോകം ഇന്ന് നേരിടുന്ന   ഈ ദുരവസ്ഥയ്ക്ക് പരിഹാരമൊന്നുമില്ലയെന്നതും ഈ അപകടത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. 


ഇങ്ങനെയൊക്കെയാണെങ്കിലും മലയാളകവിത ഇന്നും  സജീവവും സൃഷ്ടിപരവുമായ ഒരു സാഹിത്യരൂപമായി നിലകൊള്ളുന്നു എന്നതിന് തെളിവായി ധാരാളം മികച്ച കവിതകളും നമുക്കു കാണാനാകും. ജീവിതത്തിന്റെ, തികച്ചും അപ്രധാനമെന്നു തോന്നുന്ന,   ചെറിയ അനുഭവങ്ങളിൽനിന്ന് ഗഹനമായ ചിന്താധാരകളിലേക്കും കാലികമായ   വലിയ സാമൂഹികവിമർശനങ്ങളിലേക്കും എത്തിച്ചേരാൻ മലയാളകവിതക്ക് ഇന്നും കഴിവുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴത്തിലുള്ള വികാരങ്ങളെ  ആവിഷ്കരിക്കാൻ  കവിതയോളം മറ്റൊരു മാധ്യമത്തിനും കഴിയുന്നില്ലെന്നുതും  സമ്മതിച്ചേ മതിയാവൂ. മലയാളസാഹിത്യത്തിൽ കവിതയുടെ സ്ഥാനം ഇന്നും  വളരെ പ്രഭാവമുള്ളതാണെന്നു സമർത്ഥിക്കാൻ സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളുടെ കവിതാമത്സരം ഒന്നവലോകനം ചെയ്‌താൽ മാത്രം  മതിയാകും. കാര്യങ്ങൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും  ഇന്നും  മലയാളകവിത മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളെയും സമൂഹത്തിലെ മാറ്റങ്ങളെയും കൂടുതൽ ആഴത്തിൽ അവതരിപ്പിക്കുന്ന ഒരു ശക്തമായ സാഹിത്യരൂപമായി നിലനിൽക്കുന്നു എന്നത് തികച്ചും ആശാവഹംതന്നെ. കൂടുതൽ നല്ലതിനായി നമുക്ക് പ്രതീക്ഷിക്കാം.




ശിവജി മഹാരാജ് - 5

 5. ശിവജി വീണ്ടും പൂനെയിൽ 

======================= 


ശഹാജിരാജെ ഒരു സംസ്കൃതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയിൽ ധാരാളം ഭാഷാപണ്ഡിതന്മാരും കലാ, ശാസ്ത്ര, ശസ്ത്ര വിഷയങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ചവരുമുണ്ടായിരുന്നു. അതിനാൽത്തന്നെ ശിവാജിയുടെ വിദ്യാഭ്യാസത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഓരോ വിഷയങ്ങളിലും ഏറ്റവും  പ്രാഗത്ഭ്യമുള്ളവരായിരുന്നു ശിവജിയുടെ ഗുരുനാഥന്മാർ. സമർത്ഥനായ ആ ബാലൻ വളരെ വേഗം എഴുതാനും വായിക്കാനും പഠിച്ചു. രാമായണം, മഹാഭാരതം, ഭാഗവതം മുതലായ മഹദ്ഗ്രന്ഥങ്ങളൊക്കെ അവൻ വായിച്ചു. കലകളും  കുതിരസവാരിയും യുദ്ധതന്ത്രങ്ങളും വാൾപ്പയറ്റും മല്ലയുദ്ധവുമൊക്കെ അഭ്യസിപ്പിക്കാൻ പ്രത്യേകം പ്രത്യേകം ഗുരുനാഥന്മാരുണ്ടായിരുന്നു. പന്ത്രണ്ടുവയസ്സായപ്പോഴേക്കും ശിവജി വിജ്ഞാനത്തിന്റെ വിവിധശാഖകളിൽ പാണ്ഡിത്യം ആർജ്ജിച്ചിരുന്നു. 




നിനച്ചിരിക്കാതെയാണ് വീണ്ടും രണഭൂമിയിലേക്ക് ശഹാജിരാജെ പോകേണ്ടിവന്നത്. കർണ്ണാടകത്തിലെ ചില നാട്ടുപ്രഭുക്കന്മാരെ ആക്രമിച്ചു  കീഴ്പെടുത്തുക എന്നതായിരുന്നു പുതിയ ദൗത്യം. അതിനായി പുറപ്പെടുംമുമ്പേ തന്റെ പത്നിയെയും പുത്രനെയും സുരക്ഷിതരാക്കാനായി അവരെ അദ്ദേഹം പുനെയിലേക്കയച്ചു. ആന- കുതിര- കാലാൾപ്പടയും ധ്വജഹസ്തരായ സൈനികരും വിശ്വസ്തരായ  മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും വിദഗ്ദ്ധരായ അദ്ധ്യാപകരും   അവരെ  ആ യാത്രയിൽ അനുഗമിച്ചു. 


പൂനെയിലെത്തിയ ശിവജിക്ക് തന്റെ ബാല്യകാലസുഹൃത്തുക്കളെയും   അവരൊന്നിച്ചു ചെലവഴിച്ച നാളുകളെയും   ഓർമ്മവന്നു. അവർ ഓടിനടന്നുകളിച്ചിരുന്ന   സഹ്യാദ്രിക്കുന്നുകൾ വീണ്ടും കണ്ടപ്പോൾ ശിവജിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. എന്നാൽ പൂനെ പട്ടണത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളിൽ വീടുകളും ക്ഷേത്രങ്ങളും വസ്തുവകകളും കൃഷിയിടങ്ങളും  തകർക്കപ്പെട്ട നിലയിലായിരുന്നു. ശത്രുക്കളെ ഭയന്ന് ജനങ്ങൾ നാടുതന്നെ ഉപേക്ഷിച്ചുപോയിരുന്നു. നാടാകെ കാടായിമാറിയ അവസ്ഥ. ചെന്നായ്ക്കളും കുറുക്കന്മാരും അലഞ്ഞുതിരിയുന്ന കാടുകൾ! 


ജീജാബായി പൂനെയിൽ  മടങ്ങിയെത്തിയ വാർത്തയറിഞ്ഞപ്പോൾ നാടുപേക്ഷിച്ചുപോയവരൊക്കെ മടങ്ങിവരാൻ തയ്യാറായി. വാസസ്ഥലങ്ങളും ക്ഷേത്രങ്ങളും പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രങ്ങളിൽ പൂജകളും ആരാധനകളും പുനഃസ്ഥാപിതമായി.  കാടു നീക്കംചെയ്തു കൃഷിയിടങ്ങൾ വീണ്ടെടുത്തു . എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയുടെ കൂരിരുട്ടിൽ അകപ്പെട്ടുപോയ ആ പാവം  മനുഷ്യർക്കുമേൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ അനുഗ്രഹം ചൊരിഞ്ഞു. ആളും ബഹളവുമായി പൂനെ പട്ടണം വീണ്ടും സജീവമായി. 


ശിവജി മഹാരാജ് - 4

  4.ശഹാജി ബാംഗ്ലൂരിൽ 

=====================


ശഹാജി, നിസാമിന്റെ പാളയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അവിടെ അദ്ദേഹത്തിനു പലവിധത്തിലുള്ള ഉപജാപങ്ങളെയും നേരിടേണ്ടിവന്നു. നിസാംഷായുടെ  മന്ത്രിമാരും ഉപദേശകരും  സൈനീകോദ്യോഗസ്ഥന്മാരും ശഹാജിക്കെതിരെ പല ഗൂഢനീക്കണങ്ങളും നടത്തി. അവരുടെ ഏഷണികൾ  നിസാംഷാ മുഖവിലയ്‌ക്കെടുക്കുകയുംചെയ്തിരുന്നു. അത്തരം ചില നുണപ്രചരണങ്ങൾ ശഹാജിക്കും നിസാമിനുമിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. ശഹാജിയുടെ ഭാര്യാപിതാവായ   ലഖുജിറാവു യാദവിന്റെ പരസ്യവധത്തിലാണ് അതവസാനിച്ചത്. അതിൽ നന്നേ  ക്രുദ്ധനായ ശഹാജി നിസാംഷായുമായുള്ള ബന്ധം അവസാനിപ്പിച്ചു മുഗൾസൈന്യത്തിൽ ചേർന്നു. ഷാജഹാൻ ചക്രവർത്തി അദ്ദേഹത്തെ തന്റെ സൈന്യാധിപനായി ഉപരോധിക്കുകയും ചെയ്തു. 

ഇതിനിടയിൽ ചക്രവർത്തിയുമായി രഹസ്യധാരണയുണ്ടാക്കിയ ഫത്തേഖാൻ നിസാംഷായെ വധിച്ചു. നാഥനില്ലാതായ  രാജ്യത്ത് അരാജകത്വം നടമാടി. നിസാമിന്റെ ഭരണത്തിൻകീഴിലായിരുന്ന  ഭൂപ്രദേശത്തെ മുഗൾചക്രവർത്തിയുടെ  അധീനതയിൽകൊണ്ടുവരാനുള്ള ഗൂഢപ്രവൃത്തിയുടെ ഫലമായിരുന്നു  അത്. അതിനുള്ള പാരിതോഷികമായി ഷാജഹാൻ ചക്രവർത്തി ഫത്തേഖാന് ഒരു ഭൂപ്രദേശം ജാഗീർ ആയി നൽകി. പക്ഷേ ആ പ്രദേശം നിലവിൽ  ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന ജാഗീർ ആയിരുന്നു. അദ്ദേഹത്തിനു തന്റെ കോപം നിയന്ത്രിക്കാനായില്ല. പിന്നെ ഒരുനിമിഷംപോലും പാഴാക്കാതെ അദ്ദേഹം ചക്രവർത്തിയുമായുള്ള എല്ലാ ചാർച്ചകളും അവസാനിപ്പിക്കുകയും പ്രതികാരംചെയ്യാൻ  തീരുമാനിക്കുകയും ചെയ്തു. 


നിസാംഷായുടെ വധത്തോടെ രാജ്യത്തുടലെടുത്ത അരക്ഷിതാവസ്ഥയെ ഇല്ലാതാക്കുവാൻ ശഹാജി ശ്രമം തുടങ്ങി. ആദ്യം നിസാമിന്റെ കുടുംബത്തിൽനിന്നുതന്നെ അദ്ദേഹത്തിന്റെ ഒരു പിൻഗാമിയെ കണ്ടെത്തി. ചെറിയൊരു ബാലകനായിരുന്നിട്ടുകൂടി അവനെ ജൂന്നാറിനടുത്തുള്ള പെംഗിരി കോട്ടയിൽവെച്ചു പുതിയ നിസാംഷായായി പ്രഖ്യാപിച്ച് അഭിഷിക്തനാക്കി. അങ്ങനെ പുതിയൊരു നിസാംഷാഹി (പ്രവിശ്യ) രൂപംകൊണ്ടു. ഗോദാവരി നദിക്കും നീരാനദിക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശമായിരുന്നു പുതിയ രാജ്യം. 

പുതിയ രാജ്യത്തെ ഷാജഹാനിൽനിന്നു  സംരക്ഷിക്കാൻ ശഹാജി കഠിനപ്രയത്നം ചെയ്യേണ്ടിവന്നു. ആദ്യമൊക്കെ ആദിൽഷാ ശഹാജിക്കൊപ്പം നിന്നിരുന്നെങ്കിലും അധികം താമസിയാതെ ചക്രവർത്തി അദ്ദേഹത്തെ നേരിട്ടെത്തി  ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി. ഈ രണ്ടു മഹാശക്തികളോട് പൊരുതാൻ ഗറില്ലായുദ്ധതന്ത്രമാണ്  ശഹാജി പ്രയോഗിച്ചത്. ഒളിച്ചിരുന്നു ശത്രുക്കളെ നേരിടുന്ന രീതിയാണിത്.   താരതമ്യേന ചെറുതും ദുർബ്ബലവുമായ ശക്തികൾക്ക് വൻശക്തികളെ നേരിടേണ്ടിവരുമ്പോൾ ഈ തന്ത്രം വളരെ പ്രയോജനപ്പെടും. 

കഴിയുന്നത്ര കാലം  ശത്രുക്കളോടു സധൈര്യം പോരാടിയെങ്കിലും    വൻശക്തികൾക്കെതിരെ തനിച്ചുള്ള തന്റെ പോരാട്ടം അധികനാൾ നീട്ടിക്കൊണ്ടുപോകാൻ ശഹാജിക്ക്‌ കഴിയുമായിരുന്നില്ല. അദ്ദേഹം ചക്രവർത്തിയുമായി ഒരു  സമാധാനകരാർ ഒപ്പുവയ്ച്ചു. 1636 -ൽ ഒപ്പുവെച്ച ഉടമ്പടിയിൽ  പുതിയ രാജ്യരൂപീകരണംതന്നെ ഉപേക്ഷിച്ച്, ശഹാജിയുടെ അധീനതയിലുള്ള പ്രദേശങ്ങളും കോട്ടകളും ചക്രവർത്തിക്കു കൈമാറി. അദ്ദേഹം തന്റെ  താമസം ബാംഗ്ലൂരിലേക്ക് മാറ്റി ആദിൽഷായെ സഹായിക്കാനും  തീരുമാനമെടുത്തു. ശഹാജിക്ക് സ്വന്തം രാജ്യം സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും മറാഠാജനതയുടെ ഹൃദയത്തിൽ  അദ്ദേഹത്തിന്‌ ഒരുന്നതസ്ഥാനം ലഭിക്കുകയുണ്ടായി 

ശഹാജിയുടെ ജാഗിർ ഉൾപ്പെടെയുള്ള നിസാംഷാഹിപ്രദേശം, ചക്രവർത്തിയും ആദിൽഷായും പങ്കിട്ടെടുത്തു. ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന പൂനെയും സുപെയും ആദിൽഷായുടെ കൈവശം വന്നുചേർന്നെങ്കിലും അദ്ദേഹം അത് ശഹാജിക്കു വിട്ടുകൊടുത്തു. അതോടെ അവർ വീണ്ടും സൗഹൃദത്തിലായി. ശഹാജി ആദിൽഷായുടെ സൈന്യത്തിൽ ചേരുകയും ചെയ്തു. ഷായാകട്ടെ, കർണ്ണാടകയുടെ വിദൂരപ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ദൗത്യം ശഹാജിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിനു വീണ്ടും  കുടുംബത്തെ പിരിയേണ്ടതായിവന്നു. പക്ഷേ ഏറെ താമസിയാതെ ജീജാബായിയും ശിവജിയും ശഹാജിയുടെ ഒപ്പം ചേരാൻ കർണ്ണാടകത്തിലേക്കു യാത്രയായി. 

ശിവജിക്കിപ്പോൾ ആറുവയസ്സാണ് പ്രായം. ഇതുവരെയുള്ള അവന്റെ ജീവിതം സംഭ്രമജനകമായിരുന്നു. എന്നാൽ  യുദ്ധകാഹളങ്ങളും  കോട്ടകളിൽനിന്നു കോട്ടകളിലേക്കുള്ള പലായനങ്ങളും അവനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. സ്വപിതാവിനെക്കുറിച്ചുള്ള  ധാരാളം  വീരസാഹസികകഥകൾ  അവനു കേൾക്കാൻ കഴിഞ്ഞിരുന്നു.

കർണ്ണാടകയിലെ ജീവിതം ജീജാബായിക്കും പുത്രനും സമാധാനപൂർണ്ണമായിരുന്നു. എന്നാൽ ശഹാജിരാജെയുടെ പോരാട്ടവീര്യത്തിനു വിശ്രമം ലഭിച്ചതേയില്ല. ആദിൽഷായ്ക്കുവേണ്ടി  കർണ്ണാടകത്തിലെ പല  നാട്ടുരാജാക്കന്മാരെയും   അദ്ദേഹം ആക്രമിച്ചു കീഴടക്കി. നന്ദിസൂചകമായി ആദിൽഷാ ശഹാജിരാജെയ്ക്ക് ബാംഗ്ലൂർ ജാഗീർ ആയി നൽകി. അവിടെ എല്ലാവിധ  രാജപ്രൗഢിയോടെ ശഹാജി കുടുംബത്തോടൊപ്പം  ജീവിതം മുന്നോട്ടുകൊണ്ടുപോയി.  അക്കാലത്ത് ബഹുഭാര്യാത്വം സാധാരണമായിരുന്നു. ശഹാജിയും വേറെ വിവാഹബന്ധത്തിൽ ഏർപ്പെടുകയും സന്താനങ്ങൾ ജനിക്കുകയും ചെയ്തിരുന്നു. 


ശിവജി മഹാരാജ് - 3

 3. ശിവജിയുടെ ജനനം 

=================

സ്ഥിതിഗതികൾ എല്ലാവിധത്തിലും  പ്രതികൂലമായിരിക്കുന്ന കാലത്താണ് ശഹാജിയുടെ പത്നി ജീജാബായി ഗർഭവതിയാകുന്നത്. അദ്ദേഹത്തിന്  തന്റെ പത്നിയുടെയും ഗർഭസ്ഥശിശുവിന്റെയും സംരക്ഷണം   ഒരു ചോദ്യചിഹ്നമായി. ഒടുവിൽ ശക്തമായ  ശിവനേരി കോട്ടയിൽ അവരെ എത്തിച്ച്, ബന്ധുവായ വിജയരാജിനെ അവരുടെ സംരക്ഷണം ചുമതലപ്പെടുത്തി ശഹാജി വീണ്ടും യുദ്ധഭൂമിയിലേക്കു യാത്രയായി.  പൂനെയ്ക്കടുത്തുള്ള ജുന്നർ എന്ന സ്ഥലത്ത് വലിയ പാറക്കൂട്ടങ്ങൾക്കു നടുവിൽ നിർമ്മിച്ചിരിക്കുന്ന അതിശക്തമായൊരു കോട്ടയായിരുന്നു ശിവനേരി. അവിടുത്തെ നിസ്തുലമായ കവാടങ്ങൾ ശത്രുക്കൾക്കു തകർക്കുവാനായിരുന്നില്ല.


ജീജാബായി കാത്തിരുന്ന സുദിനം വന്നണഞ്ഞു. ശകവർഷം  1551 ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ മൂന്നാംനാൾ അതായത്, ക്രിസ്തുവർഷം 

1630 ഫെബ്രുവരി മാസം  19 - ജീജാബായി ഒരാൺകുഞ്ഞിനു ജന്മമേകി. മതപരമായ ഒരു പുണ്യദിനമായതിനാൽ തെരുവുകളിലൊക്കെ വാദ്യഘോഷങ്ങളും ആഹ്ലാദത്തിമിർപ്പുകളുമായിരുന്നു. ഈ സന്തോഷവാർത്ത കേട്ടതോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. പന്ത്രണ്ടാംദിനം അനുചിതമായ ചടങ്ങുകളോടെ നാമകരണവും നടന്നു. ജനനം ശിവനേരിയിൽവെച്ചായതുകൊണ്ട് 'ശിവജി' എന്ന പേരാണ് ശിശുവിനു നൽകിയത്. 


കുഞ്ഞുശിവജി അമ്മയുടെ സംരക്ഷണയിൽ അല്ലലറിയാതെ  കഴിഞ്ഞപ്പോഴും  ചുറ്റുപാടുകൾ സംഘർഷഭരിതമായിരുന്നു. ശത്രുക്കളെ തുരത്താൻ ശഹാജി രാപകലില്ലാതെ യുദ്ധഭൂമിയിൽ  പോരാടുമ്പോൾ ജീജാബായി പ്രാർത്ഥനയുമായി കോട്ടയ്ക്കുള്ളിൽ കഴിഞ്ഞു. കടുത്ത മനസികസംഘർഷങ്ങൾക്കിടയിലും തന്റെ ഓമനക്കുഞ്ഞിന്റെ വളർച്ചയിൽ ആ 'അമ്മ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ അഭാവത്തിൽ ആ സ്നേഹവും ലാളനയുംകൂടി മകന്  നൽകാൻ ആ 'അമ്മ ശ്രമിച്ചിരുന്നു. വളർച്ചയുടെ വിവിധ  ഘട്ടങ്ങളിൽ വേണ്ട അറിവുകൾ പകർന്നുനൽകാനും ജ്ഞാനിയായ ആ സ്ത്രീരത്നം ജാഗ്രത കാട്ടി. ഈശ്വരസ്തുതികളും പ്രാർത്ഥനാഗീതങ്ങളും  പുരാണകഥകളും അവർ മകന്  പഠിപ്പിച്ചുകൊടുത്തു. ആറുവയസ്സായപ്പോഴേക്കും രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളൊക്കെ ശിവജിക്ക്‌ പരിചിതരായിക്കഴിഞ്ഞിരുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും ഭീമനും അഭിമന്യുവുമൊക്കെ കുഞ്ഞുശിവയെ വളരെ സ്വാധീനിച്ചു. വലുതാകുമ്പോൾ താനും അവരെയൊക്കെപ്പോലെ ശക്തനാകുമെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു. 


ശിവജിക്ക്‌ കുട്ടിക്കാലത്തു ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ചുറ്റുപാടുകളിൽ താമസിച്ചിരുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളായിരുന്നു അവരിലേറെയും. പക്ഷേ അവരോടൊക്കെ യാതൊരു വേർതിരിവുമില്ലാതെ പെരുമാറാൻ അമ്മ ശിവജിയെ പരിശീലിപ്പിച്ചിരുന്നു. കളികൾക്കിടയിൽ  കൂട്ടുകാരുടെ കുടിലുകളിൽ പോവുകയും അവർ കഴിക്കുന്നതുപോലെ  ലളിതമായ ഭക്ഷണം  കഴിക്കുകയും ചെയ്യുന്നതിന് ആ ബാലനു മടിയുണ്ടായിരുന്നില്ല.  ഒളിച്ചുകളിയും പന്തുകളിലും പമ്പരംകറക്കലുമൊക്കെ കളിച്ചുമടുക്കുമ്പോൾ അവർ മണ്ണുകുഴച്ച് ആനയുടെയും  കുതിരകളുടെയും രൂപങ്ങൾ   ഉണ്ടാക്കി. കുയിലെപ്പോലെ പാടാനും മൈനയെപ്പോലെയും  തത്തയെപ്പോലെയും  ശബ്ദമുണ്ടാക്കാനും അവർ മത്സരിച്ചു. എല്ലാക്കളികളിലും ശിവജി മുന്നിട്ടു നിൽക്കുമായിരുന്നു. ചങ്ങാതിമാർക്കെല്ലാം അവൻ വളരെ  പ്രിയപ്പെട്ടവനായിമാറി.


ശിവജി മഹാരാജ് -2

 2. മറാഠാ പ്രഭുക്കന്മാരും ക്രമസമാധാനഭഞ്ജനവും 

=====================================

മദ്ധ്യേന്ത്യയിൽ അധിപത്യമുറപ്പിച്ചിരുന്ന പ്രമുഖസുൽത്താന്മാരായ  ബിജാപൂരിലെ ആദിൽഷായും അഹമ്മദ്‌നഗറിലെ നിസാംഷായും ആജന്മശത്രുക്കളും നിരന്തരം പോരടിക്കുന്നവരുമായിരുന്നു എന്നു പറഞ്ഞുവല്ലോ. ഇവരുടെ യുദ്ധങ്ങളിൽ  മറാഠയിലെ സേനാധിപന്മാരെയും പ്രഭുക്കന്മാരെയും  തങ്ങളുടെയൊപ്പം ചേർത്ത് സേനാബലം വർദ്ധിപ്പിക്കുന്നതു പതിവായിരുന്നു. 

മറാഠാസൈന്യാധിപൻമാരും അവരുടെ  സൈനികരും അസാമാന്യധീരന്മാരും  യുദ്ധമുറകളിൽ വളരെയധികം പ്രാവീണ്യം നേടിയവരുമായിരുന്നു. തങ്ങളുടെ യജമാനനോട് ഏറ്റവും വിശ്വസ്തത പുലർത്തുകയും അവർക്കുവേണ്ടി ജീവൻ ത്യജിക്കാനും സന്നദ്ധരുമായിരുന്നു.  യുദ്ധങ്ങളിൽ  തങ്ങൾ നേടുന്ന വിജയങ്ങൾ അവരെ ഊറ്റം കൊള്ളിക്കുകയും അത്  കൂടുതൽ കരുത്തുമായി വീണ്ടും പോർക്കളങ്ങളിൽ അടരാടാൻ പ്രചോദനമാവുകയും ചെയ്തിരുന്നു.

പ്രഭുക്കളോ സൈന്യാധിപന്മാരോ സുൽത്താന്മാർക്കു തങ്ങളുടെ സൈന്യത്തെ വിട്ടുകൊടുക്കുമ്പോൾ പകരമായി അവർക്ക് ജാഗീർ(ഭൂമി) ലഭിച്ചിരുന്നു. സിന്ധ്ഘേഡ്,  ഫൽട്ടൻ,  മുധോൾ, ജാവളി, വെരൂൾ എന്നീ പ്രദേശങ്ങളൊക്കെ ഇത്തരം ജാഗീറുകളായിരുന്നു.    ഇങ്ങനെ ഭൂമി ലഭിക്കുന്നവർ ആ ജാഗീറിന്റെ  ഭരണകർത്താവായി  സ്വയം  അവരോധിക്കപ്പെട്ടു. സിന്ധ്ഘേഡിലെ    യാദവരും ഫൽട്ടനിലെ നിംബാൽക്കർമാരും മുധോളിലെ ഘോർപഡെമാരും ജാവളിയിലെ മോറെമാരും വേരുളിലെ ഭോൺസലെമാരും  ഇക്കൂട്ടരിലെ  പ്രമുഖന്മാരാണ്.  ഇത്തരം സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാർ ജനക്ഷേമത്തിനു വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ലയെങ്കിലും അവരുടെ യുദ്ധവീര്യം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. പലപ്പോഴും അവർ പരസ്പരം  ശത്രുത വെച്ചുപുലർത്തുകയും മേൽക്കോയ്മക്കായി മത്സരിക്കുകയും ചെയ്തുപോന്നു. അതിനാൽത്തന്നെ അവരുടെ ധീരതയും യുദ്ധനൈപുണ്യവുമൊക്കെ സുൽത്താന്മാർക്ക് അനായാസം ചൂഷണംചെയ്യാൻ സാധിച്ചു.

വെരൂൾ എന്ന ദേശത്തിന്റെ ഭരണാധികാരിയായിരുന്ന ബാബാജി  രാജെ ഭോൺസലെയുടെ പുത്രന്മാരായിരുന്നു മാലോജിയും വിഠോജിയും. മുഗർചക്രവർത്തി അഹമ്മദ്‌നഗറിനെ ആക്രമിച്ചപ്പോൾ സുൽത്താൻ നിസാംഷാ ഇവരുടെ സഹായം തേടി. പ്രത്യുപകരമായി മാലോജിക്ക് പൂനെയും സുപെയുമടങ്ങുന്ന പ്രദേശം ജാഗീർ ആയി നൽകി ആദരിച്ചു.  ഫൽട്ടനിലെ നിംബാൽക്കർകുടുംബത്തിലെ ഉമാബായിയെ മാലോജി വിവാഹം ചെയ്യുകയും അവർക്ക് രണ്ടു പുത്രന്മാർ ജനിക്കുകയും ചെയ്തു - ശഹാജിയും ശരിഫ്ജിയും. ശഹാജിക്ക് അഞ്ചുവയസ്സുള്ളപ്പോൾ മിഡ്നാപൂരിൽ നടന്ന ഒരു യുദ്ധത്തിൽ മാലോജി വധിക്കപ്പെട്ടു. മാലോജിയുടെ ഇളയ സഹോദരൻ വിഠോജി കുടുംബത്തിന്റെയും ജാഗറിന്റെയും സംരക്ഷണം ഏറ്റെടുക്കുകയും കുട്ടികൾക്ക് നല്ല ശ്രദ്ധകൊടുത്തു വളർത്തുകയും ചെയ്തു. ശഹാജിക്ക് വിവാഹപ്രായമെത്തിയപ്പോൾ സിന്ധ്ഘേഡിലെ  ലഖുജി യാദവിന്റെ പുത്രിയായ ജീജാബായിയുമായുള്ള  വിവാഹം അത്യാഡംബരപൂർവ്വം നടത്തി. 

ജീജാബായിയുടെ ആഗമനത്തോടെ  ഭോൺസലെകുടുംബത്തിന് കൂടുതൽ ഐശ്വര്യങ്ങൾ വന്നുചേർന്നു. മാലോജിരാജേയുടെ അധികാരപരിധിയിലുള്ള ജാഗീർ, നിസാംഷാ, ശഹാജിക്ക്‌ കൈമാറി. ശഹാജിയുടെ ധീരതയും നിശ്ചയദാർഢ്യവും  കാര്യക്ഷമതയുമൊക്കെ നിസാംഷായിൽ നല്ല മതിപ്പുളവാക്കി. അക്കാലത്താണ് മുഗൾചക്രവർത്തി നിസാമിനെ  ആക്രമിക്കാനെത്തുന്നത്. അതിനായി ചക്രവർത്തി ബിജാപുരിലെ   ആദിൽഷായുമായി  സന്ധി ചെയ്യുകയും ചെയ്തു.  പക്ഷേ ശഹാജിയുടെയും  നിസാംഷായുടെ  പ്രധാനമന്ത്രിയായിരുന്ന മാലിക് അംബറിന്റെയും നേതൃത്വത്തിലുള്ള സൈന്യം ചക്രവർത്തിയുടെയും ആദിൽഷായുടെയും  സൈന്യത്തെ തുരത്തുകതന്നെ ചെയ്തു. പക്ഷേ ശഹാജിയുടെ സഹോദരൻ ശറഫ്ജി യുദ്ധത്തിൽ കൊല്ലപ്പെട്ടു. 

ശഹാജിയുടെ ധീരതയും യുദ്ധവീര്യവും മുക്തകണ്ഠപ്രശംസയ്ക്കു പാത്രമായി.നിസാംഷാ അദ്ദേഹത്തിന്  രാജസഭയിൽ ഉന്നതമായ സ്ഥാനം നൽകുകയും ചെയ്തു. പക്ഷേ ഇത് മാലിക് അംബറിനെ അസൂയാലുവാക്കുകയും അത് ശഹാജിയോടുള്ള ശത്രുതയായി മാറുകയുമാണുണ്ടായത്. ഈ  വിദ്വേഷം പാരമ്യത്തിലെത്തിയപ്പോൾ ശഹാജി, നിസാംഷായുമായുള്ള സഹവർത്തകത്വം ഉപേക്ഷിക്കുകയും ആദിൽഷായുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ആദിൽഷാ അദ്ദേഹത്തെ ബിജാപുരിലെ സൈന്യാധിപനായി അവരോധിക്കുകയുമുണ്ടായി.

അഹമ്മദ്‌നഗർ അക്കാലത്ത് പല സംഭവവികാസങ്ങൾക്കും സാക്ഷ്യം വഹിച്ചു. മാലിക് അംബർ കഥാവശേഷനാവുകയും അദ്ദേഹത്തിന്റെ തന്ത്രശാലിയായ പുത്രൻ ഫത്തേഖാൻ ആ സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീടുള്ള കാലഘട്ടം  നിസാംഷാഹിയുടെ അധഃപതനത്തിന്റേതായിരുന്നു. ഈ അവസ്ഥ മുതലെടുത്ത് മുഗളന്മാർ വീണ്ടും യുദ്ധത്തിനു കോപ്പുകൂട്ടി. നിസാംഷായുടെ മാതാവ് ശഹാജിയെ സമീപിച്ച് ,  മടങ്ങിവരണമെന്നും  തന്റെ മകനെ സഹായിച്ചു  രാജ്യത്തെ ശത്രുവിൽനിന്നു രക്ഷിക്കണമെന്നും അപേക്ഷിച്ചു.  അങ്ങനെ ശഹാജി വീണ്ടും നിസാംപക്ഷത്തെത്തിയെങ്കിലും  മുഗൾചക്രവർത്തി  ഷാജഹാന്റെയും ബീജാപ്പൂർ സുൽത്താൻ ആദിൽഷായുടെയും ആക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നു. ശഹാജിയുടെ കീഴിലുണ്ടായിരുന്ന  ജാഗിറിന്റെ പ്രധാനപട്ടണമായ പൂനെ ചുട്ടെരിച്ചുകൊണ്ട് ആദിൽഷാ പടയോട്ടം തുടർന്നു. ഈ രണ്ടുശക്തികളെയും നേരിടുകയെന്നത് ദുരിതപൂർണ്ണമായൊരു ദൗത്യമായിരുന്നു.  ശഹാജി അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിലായി. 


ശിവജി മഹാരാജ് - 1

 

ശിവജി മഹാരാജ് - 1

മദ്ധ്യകാലഘട്ടത്തിലെ മറാഠാദേശം 

================================

ഭാരതചരിത്രത്തിൽ, ക്രിസ്തുവിനുശേഷം ആറുമുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലം മദ്ധ്യകാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. സാമ്രാട്ടുകളുടെയും സുൽത്താന്മാരുടെയും   നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടേയുമൊക്കെ  സ്വേച്ഛാധിപത്യം കൊടുമ്പിരികൊണ്ടിരുന്ന മദ്ധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്താണ് ശിവജിമഹാരാജ്‌, ഇന്ന് മഹാരാഷ്ട്രയെന്നറിയപ്പെടുന്ന മറാഠാമണ്ണിൽ ഉദയംചെയ്തത്. അക്കാലത്തെ ഭൂരിഭാഗം  നാടുവാഴികളും രാജാക്കന്മാരും പ്രജകളുടെ  ക്ഷേമത്തെക്കാൾ  താന്താങ്ങളുടെ ഭൗതികസുഖങ്ങൾക്കും ഉല്ലാസജീവിതത്തിനുമാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ  മുഗൾ ചക്രവർത്തിയായിരുന്ന അക്ബറും വിജയനഗരസാമ്രാജ്യത്തിലെ കൃഷ്ണദേവരായാരുമൊക്കെ അതിനപവാദങ്ങളാണ്. അവരുടെ ശ്രേണിൽപ്പെടുന്ന മഹാനായ ഭരണാധികാരിയായിരുന്നു ഛത്രപതി  ശിവജി.  മഹാരാഷ്ട്രയിൽ സ്വരാജ് ( സ്വയംഭരണം) യാഥാർത്ഥ്യമാക്കിയ ക്രാന്തദർശിയാണദ്ദേഹം.  അതെന്താണെന്നു നമുക്കൊന്ന് നോക്കാം.

നാലുനൂറ്റാണ്ടുകൾക്കുമുമ്പ് മഹാരാഷ്ട്രയുടെ നല്ലൊരുഭാഗം  അഹമ്മദ്‌നഗറിലെ നിസാംഷായുടെയും ബീജാപൂരിലെ ആദിൽഷായുടേയുമൊക്കെ അധികാരപരിധിയിലായിരുന്നു.  പരസ്പരം ബദ്ധശത്രുക്കളായിരുന്ന ഈ സുൽത്താന്മാർ തികച്ചും യാഥാസ്ഥിതികരുമായിരുന്നു. സ്വേച്ഛാധിപകളായ   ഇവർ   മറാഠാദേശത്തെ പങ്കിട്ടെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലെ  ജനങ്ങളെ അടിച്ചമർത്തി ഭരിക്കുകയുമായിരുന്നു. 

സുൽത്താന്മാർ നിരന്തരം യുദ്ധങ്ങളിലേർപ്പെട്ടിരുന്നതുകൊണ്ടു ജനജീവിതം  ദുരിതത്തിലായി. വേണ്ടത്ര ഭക്ഷണമോ മറ്റു  ജീവിതസൗകര്യങ്ങളോ ഇല്ലായിരുന്നെന്നു മാത്രമല്ല, ഈശ്വരാരാധനയ്ക്കും ഉത്സവാഘോഷങ്ങൾക്കുംപോലുമുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടായിരുന്നില്ല.  സ്വഗൃഹങ്ങളിൽപ്പോലും സുരക്ഷിതരായിരുന്നുമില്ല. എവിടെയും  അസമത്വങ്ങളും  അന്യായങ്ങളും     അനീതികളും നടമാടി. 

അക്കാലങ്ങളിൽ സുൽത്താന്മാർ,  സൈനികസേവനത്തിനോ ഭരണപരമായ സേവനങ്ങൾക്കോ പ്രതിഫലമായി  ഒരു പ്രഭുവിനോ ഉദ്യോഗസ്ഥനോ  ഒരു നിശ്ചിതഭൂപ്രദേശത്തെ നികുതി പിരിക്കാനുള്ള  അധികാരം നൽകുന്ന  പതിവുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഭൂമിയെ ജാഗിർ (നാട്ടുരാജ്യം) എന്നും അത് ലഭിച്ചവരെ ജാഗീർദാർ (സാമന്തർ)  എന്നും വിളിച്ചിരുന്നു. ഇവർ സാധാരണയായി പ്രധാന രാജാവിന് കപ്പം (നികുതി) നൽകുന്നവരായിരിക്കും.  മഹാരാഷ്ട്രയിൽ ദേശ്മുഖ്, ദേശ്പാണ്ഡെ എന്നീവിഭാഗങ്ങളിൽപ്പെട്ട ധാരാളം സാമന്തർ  ഉണ്ടായിരുന്നു. അവർ സ്വന്തമായിക്കിട്ടിയ ജാഗീറിനെ മാത്രമാണ് സ്നേഹിച്ചത്. നാട്ടുകാരെയോ സ്വന്തം രാജ്യത്തെയോ പോലും അവർ തെല്ലും വിലമതിച്ചിരുന്നില്ല. മാത്രമല്ല, അവർ പരസ്പരം നിരന്തരമായി പോരടിക്കുകയും ചെയ്തിരുന്നു. അവരുടെ  ദുർഭരണത്തിലും  ചൂഷണങ്ങളിലും ജനങ്ങൾ വലഞ്ഞുപോയിരുന്നു. 

തന്റെ നാടു നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ ശിവജിയെ  ചിന്താഗ്രസ്തനാക്കി. നാടിനെ ഇത്തരമൊരു ദുരന്തത്തിൽനിന്നു മോചിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമമാരംഭിച്ചു. ആദ്യംതന്നെ പോർവിളിയും കലഹവുമായിക്കഴിഞ്ഞിരുന്ന  ജാഗിർദാർമാരെ സംഘടിപ്പിച്ചു.  അവരുടെ സഹായത്തോടെ അദ്ദേഹം,   ജനങ്ങളെ അടിച്ചമർത്തിയിരുന്ന ശക്തികൾക്കെതിരെ  പൊരുതി വിജയംവരിച്ചു. സ്വന്തം മണ്ണിൽ, ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും നീതിയും ന്യായവും സമത്വവും ഉറപ്പാക്കുന്ന 'ഹിന്ദവി സ്വരാജ്' എന്ന സ്വയംഭരണസംവിധാനം അദ്ദേഹം നടപ്പിൽ വരുത്തി. അതിലൂടെ ഒരു പുതുയുഗപ്പിറവിയുടെ കാഹളമുയരുകയായിരുന്നു. 

മാനവചരിത്രത്തിന്റെ ഏതു കാലഘട്ടം പരിശോധിച്ചാലും എപ്പോഴൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതിയാലോ അസമത്വങ്ങളാലോ  സാമൂഹികജീവിതം ദുരിതപൂർണ്ണമാകുന്നുവോ അപ്പോഴൊക്കെ ആത്മീയാചാര്യന്മാർ ജനങ്ങളെ ശാന്തിയിലേക്കു കൊണ്ടുവരാൻ ഉദയം ചെയ്യാറുണ്ട്. സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാട്ടുകയും അവയെ ദുരീകരിച്ചു സദ്പ്രവൃത്തികളിലേക്കു ജനങ്ങളെ നയിക്കുകയും ചെയ്തിരുന്ന ധാരാളം ദിവ്യപുരുഷന്മാർ മദ്ധ്യകാലഘട്ടത്തിൽ മഹാരാഷ്ട്രയിലും ജീവിച്ചിരുന്നു. 'സന്ത്‌' എന്നായിരുന്നു അവർ പൊതുവിൽ അറിയപ്പെട്ടിരുന്നത്. സന്ത്‌  ചക്രധാർ സ്വാമി, സന്ത്  ജ്ഞാനേശ്വർ, സന്ത്  ഏകനാഥ്, സന്ത്  തുക്കാറാം, സമർത്ഥ രാംദേവ് എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. ഈ ആത്മീയാചാര്യന്മാരുടെയൊക്കെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കാനും തങ്ങളുടെ കഴിവുകളെക്കുറിച്ച്  ഉദ്ബുദ്ധരാക്കുവാനും തങ്ങൾക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും വളരെയധികം സഹായിച്ചു. 'ഹിന്ദവി സ്വരാജ്' പ്രാവർത്തികമാക്കാൻ ഈ ഉദ്ബോധനങ്ങൾ  ശിവജി മഹാരാജിനെയും  നല്ലവണ്ണം സഹായിച്ചിരുന്നു. 

ശിവജി മഹാരാജ് - ആമുഖം

 

ശിവജി മഹാരാജ് - ആമുഖം 

========================


പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,


മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനും അധിപനുമായിരുന്ന ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? 

അദ്ദേഹം ഒരു സാധാരണ ഭരണാധികാരിയായിരുന്നില്ല.

ഭാരതത്തിന്റെ ചരിത്രത്തിൽ ആത്മവീര്യത്തിന്റെ  ജ്വാലയായി തെളിഞ്ഞുനിന്ന മഹാനായ  രാജാവായിരുന്നു  ശിവജി മഹാരാജ്. 

സ്വപ്നം കാണാൻ ധൈര്യം കണ്ടെത്തിയ ഒരു ബാലനിൽനിന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ച മഹാനായ ചക്രവർത്തിയിലേക്കുള്ള ദൂരമാണ് ശിവാജിയുടെ ജീവിതം.


ചെറിയ പ്രായത്തിൽത്തന്നെ മാതൃഭൂമിയെ ഹൃദയത്തിലേറ്റി  സ്നേഹിക്കാൻ പഠിച്ച ബാലൻ, അനീതിക്കെതിരെ പോരാട്ടവീര്യവുമായി മുന്നേറി, തങ്ങൾക്കു നഷ്ടമായതൊക്കെ പിടിച്ചെടുത്തു സ്വന്തം ജനതയ്ക്കു കരുത്തും അസ്തിത്വവും പകർന്നുനൽകിയ യുവാവ്, ജനങ്ങളുടെ മനസ്സിൽ വിശ്വാസവും ആത്മവിശ്വാസവും വിതച്ച  നേതാവ്, ധൈര്യം എന്നത് പേടിയില്ലായ്മയല്ല, പേടിയുണ്ടായിട്ടും ശരിയായ കാര്യം ചെയ്യാനുള്ള ശക്തിയാണ് എന്നുപഠിപ്പിച്ച മനുഷ്യസ്നേഹി- 

ഇതൊക്കെയായിരുന്നു മഹാനായ ശിവജി. 


നമുക്കദ്ദേഹത്തിന്റെ ജീവിതപാതകളിലൂടെ ഒരു അക്ഷരയാത്ര പോയാലോ? ഒരു കുഞ്ഞ് എങ്ങനെ ഒരു മഹാനായ രാജാവായി വളർന്നു, ഒരു സ്വപ്നം എങ്ങനെ ഒരു രാജ്യത്തിന്റെ ആത്മവിശ്വാസമായി മാറി എന്നതാണ് ഈ യാത്രയിലൂടെ  നമ്മളറിയാൻ പോകുന്നത്. 


ഈ യാത്ര കഴിയുമ്പോൾ നിങ്ങളുടെ മനസ്സിലും ഒരു ചോദ്യം ഉയരണം 

"എനിക്ക് എന്തു നല്ലകാര്യം ചെയ്യാൻ കഴിയും?" എന്ന്. 

കാരണം നിങ്ങളോരുരുത്തരുടേയും  ഹൃദയത്തിൽ ഒരു കുഞ്ഞു  ശിവജി ഉറങ്ങിക്കിടക്കുന്നു.    ആ ധൈര്യത്തെയും സത്യസന്ധതയെയും ആത്മവിശ്വാസത്തെയും ഉണർത്തുകയെന്നതാണ് ഈ യാത്രയുടെ ലക്ഷ്യവും. 

എന്നോടൊപ്പം നിങ്ങളും വരികയല്ലേ? 



Monday, June 29, 2026

#നാടൻപാട്ടുരചന

  #നാടൻപാട്ടുരചനാമത്സരം


മഴ മഴ മഴ മഴ പെയ്യുന്നു 

മലമുകളിലും മഴപെയ്യുന്നു

മരച്ചില്ലമേലും മഴപെയ്യുന്നു 

മഴ നനഞ്ഞിട്ടു കുളിരുകോരുന്നു 

മഴ മഴ മഴ ,  മഴ മഴ -  മഴ മഴ മഴ,  മഴ മഴ 

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ...


മണ്ണിൻമണമെങ്ങും പരന്നൊഴുകുന്നു 

മാടപ്പിറാവുകൾ ചിറകടിക്കുന്നു 

മഴവില്ലു വാനിൽ കുട വിരിക്കുന്നു 

മധുരസ്വപ്നങ്ങൾ  മനം  നിറയ്ക്കുന്നു  

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ...


തുള്ളി തുള്ളി  തുള്ളി തുള്ളിയായി

തൂവിയെത്തുന്നൊരു  പൊൻമഴയേ

തുള്ളിക്കൊരുകുടം പെയ്തീടുകിൽ 

തൂമലരൊക്കെകൊഴിയുമല്ലോ 

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ.....


കുയിൽ വിളിക്കുന്നു കാക്ക കരയുന്നു 

കുഞ്ഞിക്കിളികളോ ചിലചിലയ്ക്കുന്നു 

അണ്ണാറക്കണ്ണന്മാർ ഒളിച്ചിരിക്കുന്നു 

അമ്മിണിപ്പയ്യോ നനഞ്ഞു വിറയ്ക്കുന്നു 

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ....


Friday, June 26, 2026

എഴുത്തകം - ആശംസ

 "Together, Not Alone"

പുതുമുഖ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുകയും, സാഹിത്യസ്നേഹികളെ ഒരു പൊതുവേദിയിൽ കൂട്ടിയിണക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ 'ഫിലമെന്റ് കലാസാഹിത്യവേദി' കേരളത്തിലങ്ങോളമിങ്ങോളം   ചുരുങ്ങിയ കാലത്തിനുള്ളിൽ കാഴ്ചവെച്ച നിസ്തുലമായ കലാസാഹിത്യപ്രവർത്തനങ്ങൾ എക്കാലവും ശ്ലാഘിക്കപ്പെടേണ്ടതാണ്. "ഒരുമയാണ് സൃഷ്ടിയുടെ ശക്തി." എന്ന ആശയം മുൻനിർത്തി, കലാസാഹിത്യപ്രവർത്തകർക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന്, സർവ്വവിധ പ്രോത്സാഹനങ്ങളും നൽകുന്ന മഹനീയമായ    ദൗത്യത്തിന്റെ മറ്റൊരു മനോഹരമായ അധ്യായമാണ് 'ഫിലമെന്റ് കലാസാഹിത്യവേദി, ഇടുക്കിജില്ല യുണിറ്റ്' മലയാളസാഹിത്യലോകത്തിനു  സമർപ്പിക്കുന്ന 33 എഴുത്തുകാരുടെ സർഗാത്മകസംഗമമായ   'എഴുത്തകം' എന്ന കഥാസമാഹാരം. ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന മുപ്പത്തിമൂന്നു  കഥകൾ—ഓരോന്നും വ്യത്യസ്തമായ അനുഭവവും വ്യത്യസ്തമായ ആവിഷ്‌കാരവും സമ്മാനിക്കുന്നു.


ഈ എഴുത്തകത്തിന്റെ ഓരോ അറകളിലും നിങ്ങൾ കണ്ടുമുട്ടുന്നത് കേവലം കഥകളല്ല, മനുഷ്യജീവിതത്തിന്റെ അനേകം മുഖങ്ങളെയാണ്. ചില കഥകൾ നിങ്ങളെ പുഞ്ചിരിപ്പിക്കും, ചിലത് ഹൃദയത്തെ നനയ്ക്കും, ചിലത് അസ്വസ്ഥമാക്കും, ചിലത് പുതിയ ചിന്തകളിലേക്ക് കൈപിടിച്ചുനടത്തും.  സ്നേഹവും നഷ്ടവും, പ്രതീക്ഷയും പോരാട്ടവും, പ്രകൃതിയും മനുഷ്യനും, ഗ്രാമവും നഗരവും, ബന്ധങ്ങളുടെ സങ്കീർണതകളും സാമൂഹിക യാഥാർഥ്യങ്ങളും ഈ കഥകളിൽ പല നിറങ്ങളിലായി വിരിയുന്നു. ശൈലിയിലും പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തരായ എഴുത്തുകാർ ഒരുമിക്കുമ്പോൾ രൂപപ്പെടുന്ന വൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവിടെ സാഹിത്യം വെറും വിനോദമല്ല; അത് മനുഷ്യഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യമായൊരു സേതുബന്ധമാണ്; ഒരു ജനതയുടെ സാംസ്കാരികമായ അന്തഃസത്തയുടെ നേർക്കാഴ്ചകളാണ്. ഒരു ഗ്രന്ഥം വായിച്ച്   അടച്ചുവെച്ചശേഷവും അത്  മനസ്സിൽ അവശേഷിപ്പിക്കുന്ന  വ്യത്യസ്താശയങ്ങളുടെയും അനുഭൂതിവിശേഷങ്ങളുടെയും  അനുരണനമാണ് ആ ഗ്രന്ഥത്തിന്റെ വിജയം നിശ്ചയിക്കുന്നത്.  ഈ കഥാസമാഹാരത്തിന്റെ യഥാർത്ഥശക്തി കുടിയിരിക്കുന്നത്  അതിലെ ഓരോ കഥയും അനുവാചകഹൃദയങ്ങളിൽ ഉയർത്തുന്ന  പ്രതിധ്വനിയിലാണ് . 



'എഴുത്തകം' വായനക്കാരുടെ കൈകളിൽ നിന്ന് മനസ്സുകളിലേക്ക് ജൈത്രയാത്ര തുടരട്ടെ, അതിലെ ഓരോ രചയിതാവും  പുതിയ അനുവാചകരെ  കണ്ടെത്തട്ടെ, ഫിലമെന്റ് കലാസാഹിത്യവേദിയുടെ ഇടുക്കി ജില്ലാ യൂണിറ്റിന് ഈ സംരംഭം ഒരു നാഴികക്കല്ലാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഒപ്പം 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി' ഇനിയുമൊരുപാടുദൂരം 'ഫിലമെന്റ് കലാസാഹിത്യവേദി' മലയാളസാഹിത്യസരണിയിൽ സാർത്ഥകപ്രയാണം തുടരട്ടെ എന്നാശംസിക്കുന്നു. 


സ്നേഹാദരങ്ങളോടെ,

മിനി മോഹനൻ.

Monday, May 25, 2026

My Countless Bliss


My Countless Bliss
=======================
The endless canopy of tranquil, dressed in majestic blue,
Where daybreak portrays the world in glowing tone.
A muted canvas where where clouds drift away,
As lucid breezes glide through valleys all day.
On the day-time the golden sunbeams play their role.
To bounce the flashing twilight of the day.
When night arrives in robes of pitch-black grace,
Brilliant stars emerge along their cosmic trace.
A timeless witness to the infinite blue dome,
My heart dances with every grace it owns!

Saturday, May 23, 2026

പ്രിയമുള്ളവർ - മിനിക്കഥ

 


"ഡോക്ടർ, നമ്മൾ ആരോടാണ് ഏറ്റവും നന്നായി പെരുമാറേണ്ടത്?"

" ഏറ്റവും പ്രിയപ്പെട്ടവരോട്. കാരണം അങ്ങനെ അല്ലാതെവന്നാൽ തീർച്ചയായും അവർ പ്രിയമല്ലാത്തവരായി മാറും" പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ പറഞ്ഞു. 

"പക്ഷേ എന്റെ ഭർത്താവ് എന്നോടെപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കും. എന്തുചെയ്താലും കുറ്റപ്പെടുത്തും."

"നിങ്ങളുടെ ചോദ്യത്തിന് ഞാൻ നൽകിയ മറുപടി ഭാര്യ എന്നല്ല"

Friday, May 22, 2026

സത്യം സുന്ദരം - ബാലകഥ

 സത്യം സുന്ദരം 

===============

ഹിമാലയൻതാഴ്‌വരകളിലെ വാനപ്രദേശങ്ങളോടു ചേർന്നു കിടന്നിരുന്ന വലിയൊരു രാജ്യമായിരുന്നു  പട്ടാംഗപുരി. അവിടയുള്ള പ്രവത്സലം എന്ന  കൊച്ചുഗ്രാമത്തിൽ ധൃതവ്രതൻ എന്നൊരു പ്രസിദ്ധനായ  യുവാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറയില്ല എന്നതായിരുന്നു പ്രശസ്തിക്കു കാരണം. അവിടുത്തെ മഹാരാജാവായിരുന്ന സിംഹസത്യന്റെ കാതിലും   ധൃതവ്രതനെക്കുറിച്ചുള്ള കഥകൾ എങ്ങനെയോ എത്തി. രാജാവിന്, ജീവൻപോയാലും കള്ളംപറയാത്ത  ധൃതവ്രതനോട്  അല്പം അസൂയ തോന്നാതിരുന്നില്ല. എങ്ങനെങ്കിലും അയാളുടെ ഈ സൽപ്പേര് കളഞ്ഞുകുളിക്കണമെന്നു രാജാവ് തീരുമാനിച്ചു. 


ഒരുദിവസം സിംഹസത്യൻ ധൃതവ്രതനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. വേണ്ടവിധത്തിൽ അദ്ദേഹത്തെ സൽക്കരിക്കുകയും രാജസദസ്സിൽ പ്രശംസിക്കുകയുമൊക്കെ  ചെയ്തു. രണ്ടുദിവസം തന്നോടൊപ്പം  കൊട്ടാരത്തിൽ കഴിയാൻ  ആവശ്യപ്പെടുകയും ചെയ്തു. ധൃതവ്രതൻ സന്തുഷ്ടനായി. ആ ദിനം ഉത്സവത്തിമിർപ്പോടെ  എല്ലാവരും കൊണ്ടാടി.   

പിറ്റേദിവസം ധൃതവ്രതനുവേണ്ടി  പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ ആഡംബരപൂർവ്വം തയ്യാറാക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കൊട്ടാരത്തിനുമുന്നിലെ ഉപവനത്തിൽ രാജാവും കൂട്ടരും ധൃതവ്രതനുമായിച്ചേർന്നു സൊറപറഞ്ഞിരിക്കുമ്പോൾ പെട്ടെന്നു രാജാവ് നായാട്ടിനുപോകാനുള്ള ഉത്തരവിട്ടു. ഒരുക്കങ്ങളുമായി സേവകർ വേഗമെത്തി. രാജാവ് തന്റെ പ്രിയപ്പെട്ട സമീർ എന്ന കുതിരയെ സമീപിച്ചു.  കുതിരയുടെ പുറത്തുനിന്നു തൂക്കിയിട്ടിരിക്കുന്ന പാദാധാനത്തിൽ   ഇടതുകാൽ ഉറപ്പിച്ചു. തിരിഞ്ഞുനിന്നു ധൃതവ്രതനോട് ഇപ്രകാരം പറഞ്ഞു 

" ചങ്ങാതീ ധൃതവ്രതൻ, താങ്കൾ പോയി രാജ്ഞിയോട് പറയൂ  നാം നായാട്ടിനു പുറപ്പെടുന്നുവെന്നും നാളെ തിരികെയെത്തുമ്പോഴേക്കും അതിഗംഭീരമായ വിരുന്നൊരുക്കിവയ്ക്കണമെന്നും"

അതുകേട്ട് അദ്‌ഭുതംകൂടുന്ന കണ്ണുകളുമായി ഒട്ടൊന്നു  ശങ്കിച്ചിനിന്ന ധൃതവ്രതനോട് ഇത്തവണ രാജാവ് ആജ്ഞാപിക്കുകതന്നെ  ചെയ്തു.   ധൃതവ്രതൻ വേഗം മഹാറാണിയുടെ അന്തപുരവാതിൽ ലക്ഷ്യമാക്കി നടന്നു . 

അപ്പോൾ രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

 "ഞാൻ നായാട്ടിനു പോകുന്നതേയില്ല. അപ്പോൾ ഇയാൾ രാജ്ഞിയോട് കള്ളംപറഞ്ഞു എന്നാകുമല്ലോ. അങ്ങനെ ഒരിക്കലും നുണപറയാത്തവൻ എന്ന  പ്രശസ്തി നാളെ അയാൾക്ക്‌ നഷ്ടമാകും" 


മഹാറാണിയെ മുഖംകാണിക്കാൻ തോഴിമാരോട് അനുവാദംചോദിച്ചു കാത്തുനിന്ന ധൃതവ്രതൻ തോഴിമാരോടൊപ്പം തനിക്കുനേരെ  നടന്നുവരുന്ന രാജ്ഞിയെക്കണ്ടു താണുവണങ്ങി. 

എന്നിട്ടു ശാന്തമായി പറഞ്ഞു. 

"അല്ലയോ മഹാറാണീ, അങ്ങേക്കെന്റെ വിനീത നമസ്കാരം. ഒരുകാര്യം അങ്ങയോടുണർത്തിക്കേണ്ടതുണ്ട്. മഹാരാജാവുതിരുമനസ്സ് ഇന്നൊരു വേട്ടയ്ക്ക് പോയേക്കാം. ചിലപ്പോൾ പോകാതെയുമിരിക്കാം, താങ്കൾക്ക്  നാളെ ഗംഭീരമായൊരു വിരുന്നൊരുക്കേണ്ടിവരും. ചിലപ്പോൾ അതിന്റെ ആവശ്യമുണ്ടായെന്നും വരില്ല."

രാജ്ഞിക്ക് ഇതുകേട്ട് ഒന്നും മനസ്സിലായില്ല.  

പകച്ചുനിൽക്കുന്ന റാണിയുടെ  മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ധൃതവ്രതൻ പറഞ്ഞു.

"മഹാറാണി തിരുമനസ്സ് എന്നോട് പൊറുക്കണം. രാജാവുതിരുമനസ്സ് ഒരു പാദം മാത്രം  കുതിരയുടെ പാദാധാനത്തിൽ കയറ്റിവെച്ചുകൊണ്ടാണ് എന്നോടിക്കാര്യം ഇവിടെ ഉണർത്തിക്കാൻ ആജ്ഞ നൽകിയത്. കുതിരപ്പുറത്തേറി  മറ്റേ പാദവും  പാദാധാനത്തിൽ വെച്ചോ എന്നും  നായാട്ടിനു പോയോ എന്നും എനിക്കറിയില്ല. അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ അറിയിക്കേണ്ടിവന്നത്." 

പിറ്റേദിവസം രാജ്ഞിയുടെ സമീപമെത്തി സിംഹസത്യൻ  നിറഞ്ഞ ചിരിയോടെ പറഞ്ഞു 

"പ്രിയേ, ഒരിക്കലും കള്ളംപറയാത്തവനെന്നു പ്രശസ്തിനേടിയ ധൃതവ്രതൻ ഇന്നലെ   ഭാവതിയോടു നുണപറഞ്ഞു- നാം വേട്ടയ്ക്ക് പോയി എന്ന്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. കള്ളം പറഞ്ഞതിനാൽ അയാൾക്ക്  'നുണപറയാത്തവൻ' എന്ന വിശേഷണം  ചേരാതായിരിക്കുന്നു."

പൊട്ടിച്ചിരിച്ചുകൊണ്ട് പത്നിയുടെ മുഖത്തേക്കു നോക്കിയ  രാജാവിന് എന്തോ പന്തികേടു തോന്നി. തുടർന്ന്, നടന്നകാര്യങ്ങൾ റാണി രാജാവിനോട് വിശദമാക്കി. തന്റെ പരാജയം സിംഹസത്യനു മുഖവിലക്കെടുക്കേണ്ടിവന്നു. 

ധൃതവ്രതൻ  വരുംകാലങ്ങളിൽ സിംഹസത്യമഹാരാജാവിന്റെ ഏറ്റവുമടുത്ത സുഹൃത്തും ഉപദേശകനുമൊക്കെയായി മാറി. 



പോക്കുവെയിൽ - കഥ

 



പോക്കുവെയിൽ 

--------------------------


പോക്കുവെയിലിന്റെ  ചാഞ്ഞ  വെളിച്ചം മുറ്റത്ത് വീണുകിടക്കുന്നു. പതിവുപോലെ സതിയമ്മ  നിശ്ശബ്ദമായി ഉദയൻചേട്ടന്റെ അടുത്തേക്കു  വന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ സായാഹ്നപ്രഭപോലെ മങ്ങിക്കൊണ്ടിരിക്കുകയാണ് . പലപ്പോഴും ആളുകളെ  തിരിച്ചറിയാതെ നിശ്ചലമായി നോക്കിയിരിക്കും. മക്കളെയും അവരുടെ ഭാര്യമാരെയും  കൊച്ചുമക്കളെയും  കാണുമ്പോൾ വളരെ സന്തോഷമാണ്. അവരോടു ഭക്ഷണം കഴിച്ചോ, ജോലിക്കുപോയോ, സ്‌കൂളിൽപോയോ എന്നൊക്കെ ചോദിക്കും. എന്നാൽ  സതിയമ്മച്ചേച്ചി മാത്രം മറവിയുടെ ആഴങ്ങളിലെവിടെയോ ആണ്. അവരെക്കാണുമ്പോൾ  ആകെ ഇഷ്ടക്കേടാണ്.


'ഇവരാരാ, എന്തിനാ അന്യസ്ത്രീകൾ നമ്മുടെ വീട്ടിനകത്തു കയറുന്നതെ'ന്നാവും ചിലപ്പോൾ ചോദ്യം.


ഒരുദിവസം പറഞ്ഞത് 'അവരുടെ മുഖത്തൊരു ലക്ഷണക്കേടുണ്ട്. വീട്ടിൽനിന്നൊന്നും അടിച്ചോണ്ടുപോകാതെ സൂക്ഷിക്കണ'മെന്നായിരുന്നു. 


ചേച്ചി മാറിയിരുന്നു കരയുന്നതുകണ്ടു. ആർക്കാണ് ചേച്ചിയെ ഒന്നാശ്വസിപ്പിക്കാനാവുക. 


വേറെയേതെങ്കിലും സ്ത്രീകളായിരുന്നെങ്കിൽ പിന്നെ അങ്ങേരെ തിരിഞ്ഞുനോക്കില്ലായിരുന്നു. പക്ഷേ സതിയമ്മച്ചേച്ചി ചേട്ടനുവേണ്ടതൊക്കെ കൃത്യമായി ചെയ്തുകൊടുത്തിരുന്നു. ഉണർന്നിരിക്കുമ്പോൾ മുറിയിൽച്ചെല്ലാൻ സമ്മതിക്കാത്തതുകൊണ്ടു  അദ്ദേഹം ഉറങ്ങുമ്പോൾ അടുത്തുപോയിരുന്നു തലോടികൊടുക്കുമായിരുന്നു.  




ഒരു രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. നല്ല ടെമ്പറേച്ചറും. മരുന്നുകൾ കഴിക്കുന്നതേയില്ല. ആശുപത്രിയിൽ പോകാനും ഒരുക്കമല്ല.  വീട്ടുകാർ എല്ലാവരും ചുറ്റും കൂടി. കൊച്ചുമക്കളും മക്കളും മരുമക്കളും ആശങ്കയോടെ നിന്നു. 




സതിയമ്മച്ചേച്ചി    ശാന്തമായി മുറിയിൽവന്ന്  അദ്ദേഹത്തിന്റെ കൈ പിടിച്ചു.

പിന്നെ വളരെ സൗമ്യമായി   അദ്ദേഹത്തോട് പറഞ്ഞു:

“മരുന്ന് കഴിക്കണം… ഇല്ലെങ്കിൽ അസുഖം കൂടും.”


അദ്ദേഹം പതുക്കെ കണ്ണുതുറന്നു. മുറിയിൽ നിന്നിരുന്ന എല്ലാവരെയും മാറിമാറി  നോക്കി. സതിയമ്മ കൊടുത്ത മരുന്ന് അനിഷ്ടത്തോടെയെങ്കിലും കഴിച്ചു   വീണ്ടും കിടക്കയിലേക്ക് വീണു. പതിയെ മിഴികൾ അടഞ്ഞു. വീണ്ടും കണ്ണുതുറന്നത്  കുറേസമയം കഴിഞ്ഞാണ്. അപ്പോൾ  കണ്ടത് തന്റെ മുഖത്തേക്കു സാകൂതം  നോക്കിയിരിക്കുന്ന സതിയമ്മയെയാണ്. ആദ്യം വെറുപ്പോടെ മുഖം തിരിച്ചെങ്കിലും  പിന്നെ സതിയമ്മയുടെ മുഖത്തേക്ക് കുറേനേരം സൂക്ഷിച്ചു   നോക്കി. എന്നിട്ട് 

പതിഞ്ഞ  ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു:

“നിങ്ങൾ … ആരാ…?”

അത് കേട്ടപ്പോൾ സതിയമ്മയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

പക്ഷേ അവർ പതിവുപോലെ പുഞ്ചിരിച്ചു.

അദ്ദേഹത്തിന്റെ കൈ കൂടുതൽ ഉറപ്പായി പിടിച്ചുകൊണ്ട് അവർ മന്ത്രിക്കുംപോലെ   പറഞ്ഞു:

"വളരെ വേണ്ടപ്പെട്ടൊരാൾ"


അദ്ദേഹം ഒരു നിമിഷം അവരുടെ മുഖം നോക്കി. ആ മുഖത്തു തെളിഞ്ഞ  സ്നേഹത്തിന്റെ ജ്വാല  അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തെവിടെയോ വെളിച്ചം വീശി. 


ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു. ഉദയൻചേട്ടൻ അധികസമയവും കിടക്കയിൽത്തന്നെ. നടക്കാൻ ഒരാളുടെ സഹായം കൂടിയേ മതിയാവൂ എന്നായപ്പോൾ ഒരു ഹോം നേഴ്‌സിനെ നിയമിച്ചു.   സതിയമ്മ ഉദയൻചേട്ടന് തികച്ചും അന്യയായിത്തന്നെ കഴിഞ്ഞു. പക്ഷേ അവർ  അദ്ദേഹത്തിന് ഇഷ്ടപ്പെട്ട  ഭക്ഷണമുണ്ടാക്കി, കൃത്യസമയത്തു മരുന്നുകൾ നൽകി, ഹോംനേഴ്സ് ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌ത്‌ അദ്ദേഹത്തെ   നന്നായി പരിചരിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി  അല്പമൊന്നു മാറിയാൽ പിന്നെ ഊണും ഉറക്കവുമില്ലാതെ അവർ അദ്ദേഹത്തെ നോക്കിയിരുന്നു. 


ഹോംനേഴ്സ് ഒരിക്കൽ അവരോടു  ചോദിച്ചു. 

" അമ്മയെ ഒട്ടും ഇഷ്ടമില്ലാത്ത, അമ്മ ആരാണെന്നുപോലും അറിയാത്ത ഇദ്ദേഹത്തെ അമ്മയ്ക്കെങ്ങനെയാണ് സ്നേഹിക്കാനാവുക!"


ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ മറുപടി  പറഞ്ഞു. 


" അദ്ദേഹത്തിനല്ലേ എന്നെ ഓർമ്മയില്ലാത്തത്.   എനിക്കറിയാമല്ലോ അദ്ദേഹം എന്റെ ആരാണെന്ന്. കഴിഞ്ഞ 54വർഷങ്ങൾ അദ്ദേഹത്തിന്റെ നിഴൽപോലെ ഞാൻ ഒപ്പമുണ്ടായിരുന്നു. 17)0 വയസ്സിലാണ്  എന്നെ അദ്ദേഹം താലികെട്ടി ഈ വീട്ടിൽ കൊണ്ടുവന്നത്. അന്നുതൊട്ടിന്നുവരെ എന്റെ ലോകം അദ്ദേഹമാണ്."


സമയം ഒരു നദിപോലെ മുമ്പോട്ടു കുതിച്ചുകൊണ്ടിരുന്നു. ഉടയൻചേട്ടന്റെ ആരോഗ്യം  ദിനംപ്രതി വഷളാവുകയും ചെയ്തു. ഹോം നേഴ്സ് വിദേശത്തു ജോലികിട്ടി പോയപ്പോൾ സതിയമ്മച്ചേച്ചിയും മൂത്തമകനും ചേർന്ന് ആ ജോലികൾ ഭംഗിയായി ചെയ്തു. അപ്പോഴും ചേട്ടൻ ചേച്ചിയെ ഇറക്കിവിടാൻ പറയാറുണ്ടായിരുന്നു. 


ഒരുദിവസം മകൻ അത്യാവശ്യമായി ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് ചേട്ടന് അസ്വസ്ഥത വർദ്ധിച്ചത്. ചേച്ചി അത്യാവശ്യഘട്ടങ്ങളിൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു. എല്ലാ ശുശ്രുഷകളും നൽകി. ഇടയ്ക്ക് ചേട്ടൻ വ്യക്തമാകാത്ത  ശബ്ദത്തിൽ ചോദിച്ചു,


" നിങ്ങളെന്നെ നന്നായി പരിചരിക്കുന്നുണ്ടല്ലോ ? എന്റെ ആരാ നിങ്ങൾ ? "


"ഏറ്റവും പ്രിയപ്പെട്ടൊരാൾ "


ചേച്ചി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 


കുറേനേരം ചേട്ടൻ ചേച്ചിയെത്തന്നെ  നോക്കിയിരുന്നു . അപ്രതീക്ഷിതമായി ആ ക്ഷീണിച്ച  കണ്ണുകളിൽ ഒരു ചെറുതരിവെളിച്ചം മിന്നിമറഞ്ഞു.

അദ്ദേഹത്തിന്റെ അധരങ്ങൾ വളരെ മന്ദമായി ചലിച്ചു.


"എന്റെ സതിയമ്മ ..." പിന്നെ തല തലയിണയുടെ ഒരുവശത്തേക്കു  ചെരിച്ചു കണ്ണുകളടച്ചു. 

വളരെ വ്യക്തമായിട്ടാണ്  ചേട്ടൻ ആ പേര് വിളിച്ചത്. 

അതു കേട്ട നിമിഷം സതിയമ്മ  പൊട്ടിക്കരഞ്ഞുപോയി.

54 വർഷത്തെ ഓർമ്മകൾ വീണ്ടും മടങ്ങിവന്നില്ല.

പക്ഷേ അവസാന നിമിഷത്തിൽ…

ആ  പേരെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ തിരിച്ചെത്തി. 

അല്ലെങ്കിലും സ്നേഹദീപങ്ങൾ   ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഇടങ്ങളിലാണല്ലോ  ജ്വലിച്ചുനിൽക്കുന്നത്. 


ഉദയൻചേട്ടന്റെ കൈകളെ തന്റെ കരങ്ങളിൽ ചേർത്തുപിടിക്കുമ്പോൾ സതിയമ്മയ്ക്കു  മനസ്സിലായി നിതാന്തമായൊരു തണുപ്പ് ആ കൈകളിൽ കുടിയിരിപ്പു തുടങ്ങിയെന്ന്. 

(ജീവിതമെന്നത് എന്തു സംഭവിക്കുന്നു എന്നതല്ല, സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്)


Friday, May 1, 2026

ആത്മാവിൻ്റെ തേങ്ങൽ

 

ആത്മാവിൻ്റെ തേങ്ങൽ

===================

വേനൽമഴ താളമേളങ്ങളോടെ ആടിത്തിമിർക്കുന്ന സായന്തനം. ടാക്സിയിൽനിന്നിറങ്ങി പെട്ടിയുമെടുത്തു നനഞ്ഞുകൊണ്ടുതന്നെ  തന്റെ പഴയ വീട്ടിന്റെ വരാന്തയിലേക്ക് കയറി.   നീണ്ട ഇടവേളയ്‌ക്കുശേഷമാണ്  സന്ദീപ്  വീണ്ടും ആ വീട്ടിലേക്കുവരുന്നത്. ഒരിക്കൽ അവന്റെ കൊഞ്ചലുകളും  കളിചിരികളും  കുസൃതികളുംകൊണ്ട് ആഹ്ലാദപൂർണ്ണമായിരുന്ന ആ വീട് ഇപ്പോൾ നിശ്ശബ്ദതയിൽ മുങ്ങിയിരിക്കുന്നു. സന്ധ്യയായില്ലെങ്കിലും മഴയുടെ വരവ് അവിടെയാകെ ഇരുട്ടുപരത്താൻ തുടങ്ങിയിരുന്നു. അവൻ അരമതിലിരുന്ന് പുറത്തെ മഴയിലേക്ക് നോക്കി. എതിരേൽക്കാൻ ആരുമില്ലാത്ത വീട്ടിലേക്കു വരാൻ ഈ മഴയ്‌ക്കേ കഴിയുകയുള്ളു. 

അവൻ എഴുന്നേറ്റു വാതിൽതുറന്ന് അകത്തു കടന്നു. ചുവരിൽ അമ്മയുടെയും അച്ഛന്റെയും മാലയിട്ട ഫോട്ടോകൾ. പിന്നെ എന്നോ കൊഴിഞ്ഞുപോയ നല്ലദിനങ്ങളുടെ ഓർമ്മകൾ തിരികെനൽകുന്ന കുറേ ഫോട്ടോകൾ വേറെയും. എല്ലാ ചിത്രങ്ങളിലും സന്ദീപിന്റെ നിറഞ്ഞചിരി, നേരിയ വെളിച്ചത്തിലും പ്രകശംവിതറുന്നു. 

“നീ വന്നോ…” നേർത്ത തേങ്ങൽപോലൊരു ശബ്ദം. 

അവൻ ഞെട്ടി ചുറ്റും  തിരിഞ്ഞുനോക്കി. ആരുമില്ല. പക്ഷേ വളരെ പരിചിതമായിരുന്നു ആ  ശബ്ദം. പെട്ടെന്നവൻ തിരിച്ചറിഞ്ഞു, ആ ശബ്ദം തന്റെ ഉള്ളിൽനിന്നായിരുന്നുവെന്ന്. 

സന്ദീപ്, തന്റെ കണ്ഠത്തിൽ എന്തോ വലിയ ഭാരമെടുത്തുവെച്ചതുപോലെ വല്ലാതൊന്നു പിടഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നതേയില്ല. 

മുംബൈ മഹാനഗരത്തിൽ പി എച് ഡി പഠനവുമായി ഐ ഐ ടി യിലെ  നീണ്ട ഏഴുവർഷങ്ങൾ! അറിവിന്റെ ആകാശങ്ങൾ തേടുന്ന  തിരക്കിൽ നാടും  വീടും മറന്നു. അച്ഛനുമമ്മയും തന്റെ സാമീപ്യം കൊതിച്ചപ്പോൾ  വിജയങ്ങൾ കൊയ്യാൻ പറന്നകന്നു.  സ്വന്തം ആത്മാവിന്റെ വേദനകൾക്കുനേരെ കണ്ണും കാതും കൊട്ടിയടച്ച്,  സ്വത്വം  പോലും മറന്നുപോയ അവധൂതവാസം.

വർണ്ണങ്ങളിൽ താൻ മെനഞ്ഞെടുത്ത ചിത്രഭംഗികൾ, എഴുതിവെച്ച  അക്ഷരക്കൂട്ടുകൾ, ആകാശത്തേക്ക് നോക്കി മെനഞ്ഞെടുത്ത  സ്വപ്‌നങ്ങൾ -എല്ലാം അവൻ മറന്നുപോയിരുന്നു. 

''എന്നിലെ ഞാൻ എവിടെയായിരുന്നു!''

ഒരുനിമിഷം അവൻ സ്വയം ചോദിച്ചു. 

''ഞാൻ ഇവിടെയുണ്ടായിരുന്നു''

ആ ക്ഷീണിച്ചു  നേർത്ത  ശബ്ദം വീണ്ടും പറഞ്ഞു,

''നിന്റെയുള്ളിൽ ഞാനെന്നുമുണ്ടായിരുന്നു. പക്ഷേ നീയെന്നെ കണ്ടതേയില്ല. എന്നെ കേൾക്കാൻ നിനക്കു സമയമുണ്ടായില്ല.''

അവന്റെ കണ്ണുകളിൽ നനവു പടർന്നു. 

“എനിക്ക് ഞാനാവണം. മടങ്ങിവരട്ടെ ഞാൻ? ” അവൻ മൃദുവായി ചോദിച്ചു.

“തീർച്ചയായും വേണം”

മഴ  ശക്തിയായി പെയ്തുകൊണ്ടേയിരുന്നു. സന്ദീപ് ലൈറ്റ് ഇട്ടു.  വാതിലടച്ചു ജനാല തുറന്നു. മഴയിൽക്കുളിച്ച്, പാരിജാതപ്പൂവിന്റെ സുഗന്ധം ചാർത്തിക്കൊടുത്ത ചേലചുറ്റി,  വീശിയെത്തിയ   തണുത്ത കാറ്റ് അവന്റെ മുഖത്തു തലോടി കടന്നുപോയി. ആ നിമിഷത്തിൽ, എത്രയോ നാളുകൾക്കുശേഷം  അവൻ തികഞ്ഞ ശാന്തതയുടെ ഭാരമില്ലായ്മ അനുഭവിക്കുകയായിരുന്നു. .


മുറിയുടെ വടക്കേ ചുവരോടുചേർന്ന് ജനാലയുടെ സമീപമിട്ടിരുന്ന മേശമേൽ പൊടിപിടിച്ചുകിടന്ന തന്റെ പഴയ  ബുക്ക് അവൻ കൈയ്യിലെടുത്തു. പൊടി തട്ടിക്കളഞ്ഞു ബുക്ക് നിവർത്തി. ആദ്യപേജിൽ ഒരു  ചെറിയ കുട്ടിയുടെ മനോഹരമായ അക്ഷരങ്ങൾ അവനെനോക്കി മന്ദഹസിച്ചു. 

'എന്റെ സ്വപ്നങ്ങൾ.'

അവൻ സുന്ദരമായൊരു പുഞ്ചിരി  തിരികെ നൽകി, ബാഗിൽ നിന്നൊരു പേനയെടുത്ത് മെല്ലേ എഴുതിത്തുടങ്ങി. 

നൃത്തംചെയ്യുന്ന അക്ഷരങ്ങൾ കവിതപ്പൂക്കളെ വിടർത്തി.

അവൻ എഴുതിക്കൊണ്ടേയിരുന്നു. ഉള്ളിൽ നിറഞ്ഞുനിന്ന വികാരങ്ങളുടെ അനർഗ്ഗളമായ പ്രവാഹം!

തേങ്ങിത്തേങ്ങി തളർന്നുപോയ ആത്മാവിന്റെ നൊമ്പരം പതിയെപ്പതിയെ കുറഞ്ഞുവന്നു. കാരണം, അതിനെ കേൾക്കുന്ന ഒരാൾ വീണ്ടുമെത്തിയിരിക്കുന്നു.

വേനൽമഴ അപ്പോഴേക്കും  പെയ്തുതോർന്നിരുന്നു. 

Sunday, April 5, 2026

മഴ - മിനിക്കഥ (സമസ്യ മാഗസിൻ)

 മഴ 

.

ചുട്ടുപൊള്ളുന്ന വേനലിൽ ആദ്യമഴ  

അവൾ മുറ്റത്തേക്കോടിയിറങ്ങി.

" മോളേ, പുതുമഴയാ. നനയേണ്ട. പനിവരുവേ.... "

പെട്ടെന്നവൾ തിരിഞ്ഞുനിന്നു. ആരുമില്ലല്ലോ ഇവിടെ 

എന്നിട്ടും ഈ ശബ്ദം

മെല്ലേ അവൾ വരാന്തയിലേക്കു കയറി. പുറത്തേക്കു കൈകൾനീട്ടി. മഴത്തുള്ളികൾ ഒന്നൊന്നായി കൈക്കുമ്പിളിൽ പതിച്ചപ്പോൾ അവളനുഭവിച്ചത് എന്നന്നേക്കുമായി മാഞ്ഞുപോയ അമ്മസ്നേഹമായിരുന്നു. കണ്ണുകളടച്ച് ആവോളം ആ സ്നേഹത്തിലലിഞ്ഞുനിൽക്കുമ്പോൾ അവളറിഞ്ഞു, 

മഴ വെറുമൊരു ഋതുവിശേഷമല്ല, അതൊരോർമ്മയാണ് .

അമ്മയുടെ സ്‌നേഹശാസനയുടെ, നേർത്ത തലോടലിന്റെ, പനിച്ചൂടിനെ മാറ്റുന്ന   ചുക്കുകാപ്പിയുടെ, നനഞ്ഞ തലയിൽ അമർത്തി തുവർത്തുന്ന കരുതലിന്റെ, കുട മറക്കുമ്പോൾ പിന്നാലെ കുടയുമായോടിയെത്തുന്ന അമ്മസ്നേഹത്തിന്റെ ............

പെട്ടെന്നുവീശിയടിച്ച കാറ്റിൽ അവളറിഞ്ഞത് അമ്മയുടെ ആശ്ലേഷത്തിന്റെ കുളിരുള്ള  നേർത്ത ചൂടായിരുന്നു.  

മഴയ്ക്കും കാറ്റിനും ശക്തികൂടി. അവൾ അകത്തേക്കുകയറി വാതിലടച്ചു. പക്ഷേ ഹൃദയത്തിൽ ഓർമ്മകളിലേക്കുള്ള വാതിൽ മലർക്കെ തുറന്നു, ഈ മഴയിരമ്പലിൽ തനിച്ചാവാതിരിക്കാൻ.

   





Friday, February 6, 2026

റാന്തൽ വിളക്ക്

 ഒരിക്കൽ അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ ഒരു റാന്തൽവിളക്കും കൈയ്യിലേന്തി നടക്കുന്നതുകണ്ട വഴിയാത്രക്കാർ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു. 

"താങ്കൾക്ക് കാഴ്ചയില്ലല്ലോ, പിന്നെയെന്തിനാണ് ഈ റാന്തൽവിളക്കുമായി നടക്കുന്നത് ?"

" അതു നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ എതിരെ വരുന്നത് എനിക്ക് കാണാൻ കഴിയില്ല.  ഇരുട്ടുള്ള വഴിയിൽ നിങ്ങൾക്കെന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വന്നു കൂട്ടിയിടിച്ചെങ്കിലോ. അതൊഴിവാക്കാനാണ് ഈ റാന്തൽ വിളക്ക്"

Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 20

    20 . ഹോയ് ആൻ

------------------------------------------------------

സമയം നാലുമണിയടുത്തു. 'ഹോയ് ആൻ' എന്ന ചരിത്രനഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര.  ബസ്സ്‌ വിയറ്റ്നാമിന്റെ സുന്ദരമായ പാതകളിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും  നെൽപ്പാടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മറ്റുപലവിധത്തിലുള്ള കൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ചകളിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഗ്രാമങ്ങളിൽ വളരെ ചെറിയ  വീടുകളാണ്.   പരമ്പരാഗതമായി  നെല്ലാണ് ഈ രാജ്യത്തെ  പ്രധാന കൃഷി. വിവിധയിനം അരിയിനങ്ങൾ  ഇവിടെനിന്നു ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്. നെൽകൃഷിക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് മറ്റുകൃഷികൾ ചെയ്യാനുള്ള അനുവാദമില്ല. കൃഷിയിടങ്ങൾ കൃഷിക്കാരുടെ സ്വന്തമല്ല. ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. കൃഷിക്കാർക്ക്  കൃഷിചെയ്യാൻ സ്ഥലം പതിച്ചുനൽകിയിരിക്കുന്നു എന്നുമാത്രം. കുറേപ്പേർ ചേർന്നുള്ള കൂട്ടുകൃഷിയാവാം.  എന്നാൽ കോർപറേറ്റുകൾക്ക് ഇവിടെ നെൽകൃഷിചെയ്യാൻ അനുവാദം ലഭിക്കുകയുമില്ല.  വിയറ്റ്നാം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണല്ലോ. 

 റോഡിലൊക്കെ ധാരാളം മോട്ടോർസൈക്കിൾ സഞ്ചാരികളെക്കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അധികമായുള്ള ഇന്നാട്ടിൽ ആരാധനാലയങ്ങളും എല്ലാ  ഗ്രാമത്തിലും  കാണാം.  ഒന്നരമണിക്കൂറിലധികം സഞ്ചരിച്ച് ഞങ്ങൾ ഹോയ് ആൻ എന്ന പട്ടണത്തിലെത്തി. നദികളും കായലുകളുമൊക്കെയുള്ള താഴ്ന്ന പ്രദേശമാണിത്. അവിടെയൊരു ബസ്സ്‌ പാർക്കിംഗ്   ഏരിയായിൽ ഇറങ്ങിയശേഷം രണ്ടുമൂന്നു ഇലക്ട്രിക്ക്  ബഗ്ഗികളിലായിട്ടായിരുന്നു  ഞങ്ങൾ തുടർയാത്ര  നടത്തിയത്. ഷീറ്റിട്ടതുപോലെ മേലാപ്പുള്ള,  പണ്ടുകാലത്തെ ലോറിയുടെ മുൻവശംപോലെ ഒരു മുഖവുമായുള്ള   വിചിത്രരൂപമാണ് 'ഹോയ് ആൻ ഗോ' എന്ന് വിളിപ്പേരുള്ള ഈ ബഗ്ഗികൾക്ക്. ഒരുകിലോമീറ്റർ സഞ്ചരിച്ച് ഒരു നദീതീരത്തുള്ള മൈതാനം പോലൊരു സ്ഥലത്തെത്തി. 'തു ബോൺ' എന്നാണ് ഈ നദിയുടെ പേര്. 

ഈ നദിയുടെ തീരങ്ങളും  അതിനോടുചേർന്നുള്ള ഭാഗങ്ങളൊക്കെയും ഒരുത്സവ ഛായയിലാണ്. ജനത്തിരക്കും കച്ചവടക്കാരുമൊക്കെയായി ആകെ ബഹളമയം. സോങ് ഹോവായ് സ്ക്വയർ എന്ന വിശാലമായ ചത്വരത്തിൽ ഞങ്ങളുടെ സംഘം ഒത്തുചേർന്നു. അവിടെ പഴക്കൂടകൾ ഒരു വടിയുടെ ഇരുവശവും തൂക്കിയിട്ട് കച്ചവടക്കാരായ സ്ത്രീകൾ എല്ലാവരെയും സമീപിക്കുന്നുണ്ട്. നമുക്ക്  പഴങ്ങൾ വാങ്ങാം, കൂടാതെ പഴക്കൂടകൾ  തൂക്കിയിട്ടിരിക്കുന്ന വടി തോളിലിട്ട് ഫോട്ടോയെടുക്കാൻ അവസരവും കിട്ടും. പക്ഷേ നല്ലൊരുതുക അവർ കൈപ്പറ്റിയിരിക്കും. നല്ല സാമർത്ഥ്യമാണ് ഈ പെണ്ണുങ്ങൾക്ക്. ഞങ്ങൾ ചിലർ കൂടയുമായി ഫോട്ടോ എടുത്തു. പിന്നെ ഗൈഡിനു പിന്നാലെ നടന്നു. പുരാതനനഗരം സന്ദർശിക്കുന്നതിന് ടിക്കട് എടുക്കേണ്ടതുണ്ട്‌. ആരും ടിക്കറ്റ് പരിശോധന നടത്തുന്നില്ലെങ്കിലും  എല്ലാവരും ടിക്കറ്റ്  എടുത്തുമാത്രമേ പോകാറുള്ളൂ. ടിക്കറ്റുമായി മുമ്പേ പോകുന്ന  ഗൈഡിനൊപ്പം  ഞങ്ങൾ നടക്കവേ പെട്ടെന്ന് യൂണിഫോമിട്ട ഒരാൾ പിന്നാലെയെത്തി  ഗൈഡിനെ തടഞ്ഞു. ടിക്കറ്റിന്റെ എണ്ണം ശരിയല്ലത്രേ! പക്ഷേ ക്ര്യത്യമായ ടിക്കറ്റുകൾ കാണിച്ചപ്പോൾ അയാൾ സോറി പറഞ്ഞു മടങ്ങി. ക്യൂ നിന്നപ്പോൾ മറ്റാരോകൂടി  ഞങ്ങളുടെ  ഇടയിൽകയറിയതാണ് എണ്ണത്തിൽ പിശകുവരുത്തിയത്. എല്ലാം അവർ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. 

രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു ഹോയ് ആൻ. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇന്തോനേഷ്യയുമായുള്ള തന്ത്രപ്രധാനമായ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നതും 16, 17 നൂറ്റാണ്ടുകളിൽ ഒരു പ്രധാന അന്താരാഷ്ട്ര തുറമുഖവുമായിരുന്നു ഹോയ് ആൻ. ഇവിടുത്തെ  സംസ്കാരവും പൈതൃകവും പ്രധാനമായും ഭാരതത്തിലെ ചമ്പാരാജ്യത്തുനിന്നുവന്ന   ഹിന്ദുമതക്കാരായ  ചാം ജനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിൽ  പിന്നീട്  അറബ് , ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശവ്യാപാരബന്ധങ്ങൾ കാലാകാലങ്ങളിൽ തങ്ങളുടെ സ്വാധീനം സന്നിവേശിപ്പിച്ചുപോന്നു.  അവയുടെയൊക്കെ തെളിവുകളാണ് ഇന്നീ ചരിത്രനഗരത്തിൽ എവിടെയും കാണാൻ കഴിയുന്നത്. 

തു ബോൺ നദിയുടെ ഇരുകരകളിലുമായി പഴമയുടെ പ്രൗഢിയുമയി ധാരാളം കെട്ടിടങ്ങളുണ്ട്. വിദേശവണിക്കുകൾ തുറമുഖം കടന്നുവന്നു താമസിച്ചിരുന്ന വീടുകളും  തങ്ങളുടെ കച്ചവടസാധനങ്ങൾ ശേഖരിച്ചിരുന്നു ഗോഡൗണുകളും പലകാലത്തായി വന്ന വ്യത്യസ്‌തവിശ്വാസികൾ  നിർമ്മിച്ച ആരാധനാലയങ്ങളും ചില ചരിത്രസ്മാരകങ്ങളുമൊക്കെ ഇവയിലുണ്ട്. ഇന്ന് വീടുകളും പീടികകളും ഗോഡൗണുകളുമൊക്കെ  വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു നടത്തുന്നത്  കച്ചവടസ്ഥാപനങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ടാൽ വിദേശികൾക്ക് വാങ്ങാൻതോന്നുന്നവിധം   ആകർഷകമായ രീതിയിൽ വസ്ത്രങ്ങളും ആഭരണങ്ങളും  ബാഗുകളും തൊപ്പികളും കരകൗശലവസ്തുക്കളും പലഹാരങ്ങളുമൊക്കെ അവകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ കശ്മീർ സിൽക്ക് വസ്ത്രങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നു.  

ഗംഭീരങ്ങളായ  ഭക്ഷണശാലകളും ബിയർ പാർലറുകളും  കൂടാതെ,  പലതരത്തിലുള്ള ഭക്ഷണങ്ങൾ അപ്പപ്പോൾ പാകംചെയ്തുകൊടുക്കുന്ന തട്ടുകടകൾപോലെയുള്ള ചില സംവിധാനങ്ങളും നദിക്കരകളിലുണ്ട്. കൂടാതെ തടിയിൽ ശില്പങ്ങൾ കൊത്തുന്നവരും  ചിത്രംവരയ്ക്കുന്ന കലാകാരന്മാരും കുരുത്തോലകൊണ്ടു കൗതുകവസ്തുക്കളുണ്ടാക്കുന്ന  വിദഗ്ധന്മാരുമൊക്കെ തങ്ങളുടെ കഴിവുകളെ പണമാക്കിമാറ്റുന്നുണ്ട്.   വൃത്തിയും ഭംഗിയുമുമാണ് എല്ലാ കാഴ്ചകളുടെയും  മുഖമുദ്ര. പൗരാണികത അങ്ങനെതന്നെ  നിലനിർത്തി കെട്ടിടങ്ങളൊക്കെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചു സൂക്ഷിക്കുന്നു. പുരാതനമരക്കെട്ടിടങ്ങളൊക്കെ നശിച്ചുപോകാതെ എങ്ങനെയാണിവർ സംരക്ഷിക്കുന്നതെന്നു അദ്‌ഭുതപ്പെട്ടുപോയി. ഇതൊക്കെക്കാണാൻ  വിദേശികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. 

വളരെ പ്രസിദ്ധമായ, മേൽക്കൂരയുള്ള ഒരു   ജാപ്പനീസ് പാലവും  ചില ക്ഷേത്രങ്ങളും ഒരു മ്യുസിയവുമൊക്കെയാണ് ഞങ്ങൾ എത്തിയ  നദിക്കരയിലെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ചാം നൂറ്റാണ്ടിൽ , ഡച്ച്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ് വ്യാപാരികൾ തുറമുഖത്തിന് ചുറ്റും സ്ഥിരതാമസമാക്കാൻ തുടങ്ങി. വ്യത്യസ്ത പ്രദേശങ്ങളിൽ സമൂഹങ്ങൾ വളർന്നപ്പോൾ, അവരുടെ പരസ്പരമുള്ള  ഇടപെടലുകളും വളർന്നു. 1593 -ഓടെ, ജാപ്പനീസ് താമസക്കാർ  തങ്ങളുടെ അയൽപക്കത്തെ ചൈനക്കാരുമായി  ബന്ധംപുലർത്തുന്നതിനു വിഘാതമായിനിന്ന ഒരു തോടിനുകുറുകെ  ഒരു പാലം നിർമ്മിച്ചു. ഭൂകമ്പത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാണ ജാപ്പനീസ് ക്യാറ്റ്ഫിഷ് ജീവിയായ നമാസുവിനെ കീഴടക്കാനും ഈ പാലം ഉദ്ദേശിച്ചിരുന്നുവെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും, ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. 20,000 VND ബാങ്ക് നോട്ടിൽ പോലും ഈ ലാൻഡ്മാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് - അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ ചരിത്രസ്മാരകം. മരപ്പലകകൾകൊണ്ടുള്ള  ഒരു പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആ പാലം കണ്ടത്. അടുത്തുതന്നെ അവരുടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെ പൂജകൾ നടക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടുവാദ്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചുദൂരെ ചൈനക്കാരുടെയും ക്ഷേത്രമുണ്ട്. അലങ്കാരങ്ങളും  വലിയ  വ്യാളികളുടെ ശില്പങ്ങളും ദേവവിഗ്രഹങ്ങളുമൊക്കെ  കണ്ണുകൾക്ക് വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. ഇത്തരം നാലുക്ഷേത്രങ്ങൾ ഇവിടെത്തന്നെയുണ്ട്. വിവാഹങ്ങളും മതപരമായ ആഘോഷങ്ങളുമൊക്കെ ഈ ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്. 

ക്ഷേത്രങ്ങളും മ്യുസിയവുമൊക്കെ കണ്ടശേഷം 'ചാവോ  തു വോൻ' എന്ന പാലം കടന്ന് നദിയുടെ മറുകരയിലേക്കുപോയി. അപ്പോഴേക്കും അന്തിവെയിൽമങ്ങി ഇരുട്ടുപരക്കാൻ തുടങ്ങിയിരുന്നു. ജനത്തിരക്കേറിവരികയാണ്. ഇവിടെ സൈക്കിളും സൈക്കിൾ റിക്ഷകളും മാത്രമേ വാഹനങ്ങളായുള്ളൂ.  മലിനീകരണമുണ്ടാക്കുന്ന ഒന്നുമില്ല. നദിയിൽ വർണ്ണവിളക്കുകളുമായി ധാരാളം തോണികൾ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ്  ചൈനീസ്, ജാപ്പനീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് റാന്തൽവിളക്കുകൾ. എല്ലാ പൗർണ്ണമിരാവിലും ഇവിടെ എണ്ണമറ്റ  റാന്തലുകൾ കൊളുത്തി അവർ ലാന്റേൺ ഫെസ്റ്റിവൽ ആഘോഷിക്കുന്നു.   

ഇരുതീരങ്ങളിലെ,  അന്തകോടിദീപങ്ങൾകൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകളും തോണികളും പാലങ്ങളും!  നിറങ്ങളും പ്രകാശവുംചേർന്നൊരു സ്വർഗ്ഗീയദൃശ്യം. വിവിധവർണ്ണങ്ങളിലെ റാന്തലുകളുടെ  വെളിച്ചത്തിൽകുളിച്ചുനിൽക്കുന്ന തോണികളുടെ നദിയിലെ പ്രതിഫലനം ഓളങ്ങളിൽ ഇളകുന്നതുകാണാൻ എന്തുരസമാണ്! മറ്റൊരു കൗതുകകരമായ കാര്യം ജലത്തിലൊഴുക്കുന്ന ചെരാതുകളാണ്. മെഴുകുതിരിദീപം കത്തിച്ചു ചെരാതുകൾ നദിയിലൊഴുക്കുന്നത് ഭാഗ്യദായകമായി ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കാശിയിലും ഹരിദ്വാറിലുമൊക്കെ നമ്മളും ഇങ്ങനെ ദീപങ്ങളൊഴുക്കാറുണ്ടല്ലോ. ഇവിടെ  ചെരാതുകളൊഴുക്കാൻ നദിയിലേക്കിറങ്ങേണ്ട,  നീളമുള്ളൊരു മുളംകമ്പിൽ കൊരുത്ത് വെള്ളത്തിലേക്ക് വെച്ചാൽമതി. കൂടാതെ പരിസ്ഥിതികപ്രശ്നമുണ്ടാക്കാത്തവിധം കടലാസും മുളങ്കമ്പുകളുംകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നതും.  ഞങ്ങളും നദിയിൽ  ദീപങ്ങളൊഴുക്കി. കടകളിലൊക്കെ കയറിയിറങ്ങി എന്തൊക്കെയോ വാങ്ങി, പരിചിതമല്ലാത്ത ചില ഭക്ഷണസാധനങ്ങളും രുചിച്ചുനോക്കി കുറേസമയം അവിടെ ചെലവഴിച്ചു മടങ്ങി.  ഒമ്പതരകഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ. അത്താഴം അവിടെനിന്നുതന്നെ കഴിച്ച് മുറിയിൽപോയി സുഖമായുറങ്ങി. 


കിഴക്കനേഷ്യൻ മരതകമണികൾ - 18

  കിഴക്കനേഷ്യൻ മരതകമണികൾ - 18 . ഡാനാങിലേക്ക് 

==============================

നോയ്‌ബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും നമ്മുടെ നാട്ടിലെ ചില സർക്കാർഓഫിസുകളെ  ഓർമ്മപ്പെടുത്തി. 'സാ'മട്ടില് ഇരിപ്പും വെള്ളക്കുപ്പി തുറക്കുന്നതും മെല്ലേ വെള്ളം കുടിക്കുന്നതും അതിനു ശേഷമുള്ള അൽപവിശ്രമവും പിന്നെ എന്താ കാര്യമെന്ന അന്വേഷണവും ഒക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ബോഡിങ്ങിനു സമയമേറെ ബാക്കിയുണ്ട്.  ഒന്നേകാൽ മണിക്കൂർ യാത്രയാണ് ഡാനാങിലേക്ക്.  


ഇവിടെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമൊക്കെ  താമരപ്പൂക്കൾകൊണ്ട് പൂപ്പാലികകൾ അലങ്കരിച്ചുവെച്ചിരിക്കുന്നതുകാണാം. എയർപോർട്ടിലും  ധാരാളമായി ഇങ്ങനെയുള്ള അലങ്കാരം കാണാം. ദേശീയപുഷ്പമായ   താമരപ്പൂവിന്  ഇന്നാട്ടിൽ വലിയ പ്രാധാന്യമാണ്. അത് അവരുടെ സംസ്കാരത്തിന്റെ അന്തഃസത്തയാണെന്നുതന്നെ പറയാം. ചെളിയിൽ വേരുകളൂന്നുന്ന  താമരച്ചെടിയുടെ പൂവ് ജലത്തിൽ സ്നാനംചെയ്തു ശുദ്ധിവരുത്തിയാണ് വായുവിൽ വിടർന്നു നിൽക്കുന്നത്. ഈ പൂവ്    അശുദ്ധിക്കും ഇരുട്ടിനുമിടയിലും വേറിട്ടുനിൽക്കാൻ കഴിയുന്ന ദിവ്യസൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ,  ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.




വിയറ്റ്നാമിലെ ഒരു പ്രമുഖമതമായ ബുദ്ധമതത്തിന്റെയും പ്രതീകമാണ് താമര. ബുദ്ധമതത്തിൽ, താമര ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. താമരപ്പൂവിന്റെ സാന്നിദ്ധ്യം ശുഭകരമായ ഊർജ്ജത്തെ പ്രദാനംചെയ്യുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ പൂവിന്റെ നിറമനുസരിച്ച് വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾക്കും വകഭേദം വരുന്നുമുണ്ട്. രാജ്യത്തെ  പുരാതനവും ആധുനികവുമായ പല നിർമ്മിതികൾക്കും താമരപ്പൂവിന്റെ സ്വാധീനമുണ്ടെന്നും കാണാൻ കഴിയും. നേരത്തെ കണ്ട വൺ പില്ലർ  പഗോഡയും രൂപമെടുത്തിരിക്കുന്നത് ജലത്തിൽനിന്നുയർന്നുവരുന്ന തണ്ടും താമരമൊട്ടുമാണ്. 


ഔദ്യോഗികനടപടികളൊക്കെ പൂർത്തിയാക്കി ഞങ്ങൾ ബോഡിങ്ങിനായി  കാത്തിരുന്നു. ഞങ്ങളുടെ ടിക്കറ്റ് നമ്പർ 17 E , 17 G എന്നാണ്. എനിക്കതൊരു കൗതുകമായി. അടുത്തടുത്ത സീറ്റിനായി മുമ്പേതന്നെ പ്രത്യേകം പണം നൽകിയിരുന്നതാണ്. എന്നിട്ടും ഒന്നിടവിട്ട സീറ്റാണല്ലോ എന്നോർത്ത് ചെറിയൊരു വിഷമവും തോന്നി. പക്ഷേ  വിമാനത്തിൽ ഇരിപ്പിടങ്ങൾ അടുത്തടുത്തായിരുന്നു. അപ്പോൾ F ന്  എന്തുപറ്റി എന്നായി എന്റെ ചിന്ത. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്  F, J, W,  Z എന്നീ അക്ഷരങ്ങളുടെ ശബ്ദമുള്ള അക്ഷരങ്ങൾ വിയറ്റ്നാമീസ് ഭാഷയിൽ ഇല്ല. അതുകൊണ്ടു തദ്ദേശ്ശീയരിൽ അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഈ അക്ഷരങ്ങൾ അവർ ഒഴിവാക്കുന്നു എന്നാണ്. 


ആറുമണിയായപ്പോൾ വിമാനം ഉയർന്നുപൊങ്ങി. താഴെയുള്ള കാഴ്ചകൾ  കൂടുതലും കടലിന്റേതായിരുന്നു. പിന്നെ മേഘങ്ങളും. ഏഴരയായപ്പോൾ ഡനാങ്  ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഞങ്ങൾ എത്തി.  ബാഗേജ് കിട്ടാൻ അല്പം വൈകി. സംഘത്തിലെ  ഒരാളുടെ ഒരു ബാഗ് കീറി നാശമായിരിക്കുന്നു. അതിന്റെ ക്ലെയിമിനായി അദ്ദേഹവും മറ്റുരണ്ടുപേരുംകൂടി പോയി. അവർ വരാൻ വളരെവൈകി. എങ്കിലും 13 ഡോളർ ക്ലെയിമായി കിട്ടി. ബാഗിന്റെ നാട്ടിലെ  വിലയേക്കാൾ കൂടുതലായിരുന്നത്രേ അത്!  ഗൈഡിനൊപ്പം ഞങ്ങളെക്കാത്തുകിടന്ന ബസ്സിൽകയറി ഒരിന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. അത്താഴം കഴിഞ്ഞശേഷമാണ് താമസം തരപ്പെടുത്തിയിരിക്കുന്ന 'ഹിൽട്ടൺ ഗാർഡൻ ഇൻ' എന്ന ഹോട്ടലിലേക്ക് പോയത്. ഹോട്ടലിൽനിന്ന് ഏകദേശം അമ്പതു മീറ്റർ ദൂരമേ കാണൂ  ഡാനാങ്ങിലെ പ്രസിദ്ധമായ  'മൈ ഖേ  ബീച്ചി'ലിക്ക്. ഞങ്ങളുടെ മുറി പതിനേഴാം നിലയിലാണ്. മുറിയുടെ ചാവി സ്കാൻ ചെയ്താലേ ലിഫ്റ്റ് പ്രവർത്തിക്കൂ. ഇതറിയാതെ  ഞങ്ങളോടൊപ്പം എട്ടാം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയും  ലിഫ്റ്റിൽ കയറിയിരുന്നു.  ചാവി അവരുടെ ഭർത്താവിന്റെ കൈവശവും. മൊബൈലിൽ കുറേ വിളിച്ചിട്ടും അദ്ദേഹം എടുക്കുന്നുമില്ല.   പിന്നെ അവരെയുംകൊണ്ട്  റിസെപ്ഷനിൽ പോയി സ്പെയർ കീ വാങ്ങി മുറിയിൽ എത്തിച്ചശേഷമാണ് ഞങ്ങൾ മുറിയിലേക്ക് പോയത്. 


ഡനാങ് നഗരം ഹാൻ നദിയുടെ തീരത്തായി വ്യാപാരിച്ചിരിക്കുന്നു. പഴയ പ്രാദേശികഭാഷയിൽ  നദീമുഖം എന്നാണ് ഈ പേരിനർത്ഥമെന്നു ചില ഗവേഷകർ പറയുന്നു. വിയറ്റ്നാമിലെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്  വളരെ ദൈർഘ്യമുള്ള കടൽത്തീരവുമുണ്ട് .   ഇത് വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിൽ ഒന്നാണ്. ഇവിടുത്തെ തുറമുഖത്തിനടുത്തുള്ള കടലിടുക്കിലൂടെയാണ്  വിയറ്റ്നാം കീഴടക്കാനുള്ള  സ്വപ്നവുമായി അമേരിക്കൻ കപ്പൽപ്പട നുഴഞ്ഞുകയറിയത്.   രാജ്യത്തെ ആറ് നേരിട്ടുള്ള നിയന്ത്രിത മുനിസിപ്പാലിറ്റികളിൽ ഒന്നായ ഇത് കേന്ദ്ര സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ്. ആദ്യകാല ഡായി വിയറ്റ് കുടിയേറ്റകാലത്ത്(പത്താം നൂറ്റാണ്ട്) ഈ നഗരം കോവ ഹാൻ എന്നും ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് ടൂറെയ്ൻ എന്നും അറിയപ്പെട്ടിട്ടിരുന്നു.   




അമേരിക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ധാരാളമായുണ്ടത്രേ!  വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റുപലതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന  ഈ നഗരം  ഒരുക്കിവെച്ചിട്ടുണ്ട്. ചോര ചിന്നിച്ചിതറിയ പോർക്കെടുതികൾനിറഞ്ഞ  ഒരു പ്രദേശത്തുനിന്ന് ഊർജ്ജസ്വലമായ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം പരിണമിച്ച ഒരു നഗരത്തെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ആഗോളടൂറിസത്തിന്റെ കാലാനുസൃതമായ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം പരിണമിക്കുമ്പോൾതന്നെ ചരിത്രം, സംസ്കാരം, ആധുനികത, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയുടെ സംഗമസ്ഥാനംകൂടിയാകുന്നു ഈ അദ്‌ഭുതനഗരം.


ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ മുൻഭാഗത്തെ റോഡും അതിനപ്പുറത്തെ ബീച്ചും കടലും എതിർവശത്തു പരന്നുകിടക്കുന്ന നഗരഭാഗവുമൊക്കെക്കാണാം. അരണ്ടവെളിച്ചത്തിൽ പതനുരഞ്ഞെത്തുന്ന തിരമാലകൾ തീരത്തെ  ചുംബിച്ചു മടങ്ങിപ്പോകുന്ന കാഴ്ച എത്ര മനോഹരമാണ്!       രാത്രിയിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തിന് ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ്. വലിയ കെട്ടിടങ്ങളൊക്കെ അതിവിശാലമായ  ഓരോ ടി വി സ്‌ക്രീൻ പോലെ ചലിക്കുന്ന ചിത്രങ്ങളെക്കൊണ്ടും മാറിവരുന്ന വർണ്ണങ്ങളെക്കൊണ്ടും  വിസ്മയിപ്പിക്കുന്നു. കുറേസമയം ആ കഴ്ചകളൊക്കെക്കണ്ടുനിന്നു. പിന്നെ ഉറങ്ങാൻ കിടന്നു. നാളത്തെ പ്രഭാതം വലിയൊരു പ്രതീക്ഷയാണ്. എത്രയോ കാലമായി നേരിൽക്കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മനുഷ്യനെ കണ്ടുമുട്ടാൻ പോകുന്നു. അദ്ദേഹവും ഈ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഞങ്ങളെക്കാൾമുന്നേ സ്ഥാനം പിടിച്ചിട്ടുണ്ട്. 



കിഴക്കനേഷ്യൻ മരതകമണികൾ - 17

 കിഴക്കനേഷ്യൻ മരതകമണികൾ - 17 

==============================

17.ഹലോങ് ബേ

--------------------

ഇന്ന് ഈ  യാത്രയുടെ ഏഴാംദിവസമാണ്. രാവിലെ ഉണർന്നപ്പോൾ രണ്ടുപേർക്കും  പനിയും ശരീരവേദനയുമൊക്കെയാണ്. പ്രഭാതഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചു. എട്ടുമണിയായപ്പോൾ ഹോട്ടലിനോട് വിടപറഞ്ഞു ബസ്സിൽ യാത്രതുടങ്ങി. ഏതാണ്ടെല്ലാവരുടെയും ആരോഗ്യസ്ഥിതി അത്ര നല്ലതായിരുന്നില്ല. ചിലരൊക്കെ മരുന്നുകഴിക്കില്ല എന്ന് ദുർവാശിയുമായിരിക്കുന്നുണ്ടായിരുന്നു. ഇത്തരം യാത്രകളിൽ ഈവക ദുർവാശികൾ നന്നല്ല. അസുഖം രൂക്ഷമായാൽ അത് മറ്റുള്ളവരെയും ബാധിക്കുമെന്ന സാമാന്യതത്വം ഓർമ്മിക്കേണ്ടതല്ലേ. 


ഇന്ന് ഹലോങ് ബേയിലേക്കാണ് പോകേണ്ടത്. അവിടേക്ക്  മൂന്നുമണിക്കൂർ യാത്രയുണ്ട്. വിയറ്റ്നാമിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിയിടങ്ങളും നദികളും പുഴകളുമൊക്കെക്കടന്നു ബസ്സ് ഓടിക്കൊണ്ടിരുന്നു. ഹലോങ് ബേ ഏറെ സവിശേഷതകളുള്ള ഒരുൾക്കടൽഭാഗമാണ്. യുനെസ്കോയുടെ ലോകപൈതൃക സ്ഥലമാണിത്.  ഗൾഫ് ഓഫ് ടോങ്കിനിൽ ചിതറി കിടക്കുന്ന ആയിരത്തിഅഞ്ഞൂറോളം കൊച്ചു കൊച്ചു ദ്വീപുകളാണ് ഇവിടത്തെ കാഴ്ച. വിയറ്റ്നാമിന്റെ വടക്കുകിഴക്കു ഭാഗത്തായി  നീലകാശത്തിന് കീഴെ ഉൾക്കടലിലെ ഗഹനമായ ജലപ്പരപ്പിൽ  ചിതറികിടക്കുന്ന ഹരിതകഞ്ചുകമണിഞ്ഞ  ചുണ്ണാമ്പുപാറമലകൾ. പച്ച തുരുത്തുകൾക് താഴെ പ്രകൃതി ഒരുക്കിയ നിഗൂഢമായ  ഗുഹകൾ. ആരുടെയും ഹൃദയം കവരുന്ന, വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗികൾക്കു പേർപെറ്റ ഈ ഉൾക്കടൽപ്രദേശത്ത് ഒരു ക്രൂസ് ഷിപ്പിൽ ഒരു ദിവസം തങ്ങണം. ഈ പാറമലകൾക്കിടയിലൂടെ സഞ്ചരിച്ച് ഈ അദ്‌ഭുതങ്ങൾകണ്ടു മനസ്സുനിറയണം. 


'ലാ റെജീന' എന്നു  പേരായ ക്രൂസ് ഷിപ്പിലാണ് ഞങ്ങളുടെ യാത്രയും താമസവും ഏർപ്പാടാക്കിയിരിക്കുന്നത്. പതിനൊന്നുമണിയോടെ 'തുവാൻ ചാവു മറീന' എന്ന പോർട്ടിലെത്തി. അവിടെനിന്നു സ്പീഡ്ബോട്ടിലാണ് ഷിപ്പിലെത്തിക്കുന്നത്. പന്ത്രണ്ടുമണികഴിഞ്ഞപ്പോൾ ക്രൂസിൽ ചെക്ക് ഇൻ ചെയ്തു. ഒന്നാം നിലയിലായിരുന്നു ഞങ്ങളുടെ മുറി.  വിശാലമായ മുറിയും ബാത്ത് ഏരിയയും പിന്നെ ഒരു ഓപ്പൺ ബാൽക്കണിയും. ബാല്കണിയിലേക്കിറങ്ങിയാൽ ജലപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന കച്ചവടബോട്ടുകൾ അടുത്തേക്കുവരും. പഴങ്ങളും സ്‌നാക്‌സും വെള്ളവും പിന്നെ വേറെയും എന്തൊക്കെയോ സാധങ്ങൾ അവരുടെപക്കൽ വിൽക്കാനുണ്ട്. വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ടു വേഗം അകത്തുകയറി വാതിലടച്ചു. മുഴുവൻ ഗ്ലാസ് ആയതുകൊണ്ട് പുറംകാഴ്ചകൾ വളരെ വ്യക്തമായി കാണാം.   അവിടെനിന്നു 'ലാൻ ഹാ ബേ'യിലേക്ക് യാത്രതുടങ്ങി. ഉച്ചഭക്ഷണവും ക്രൂസിൽ തയ്യാറാക്കിയിരുന്നു. രണ്ടാം നിലയിലെ 'ലാ കൊറോണ' എന്ന വലിയ ഭക്ഷണശാലയിൽ വിയറ്റ്നാമിന്റെ തനിമയാർന്ന ഭക്ഷണവിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ഇന്ത്യൻ വിഭവങ്ങളും. 


പിന്നീട് ചെറിയ ബോട്ടുകളിൽ പാറമലകൾക്കിടയിലൂടെ ഒരു യാത്ര.  ഇത് ഭൂമിയിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. മരതകവർണ്ണത്തിലെ ജലപ്പരപ്പും അതിനുമീതെ ഉയർന്നുനിൽക്കുന്ന കൽമേടുകളും  പാറകളിൽ യുഗയുഗാന്തന്തരങ്ങളായി ജലമൊഴുകിയുണ്ടായ ഗുഹകളും കമാനങ്ങളുമൊക്കെ എത്രമാത്രം വിസ്മയജനകമെന്നു വാക്കുകളിൽ വർണ്ണിക്കാനാവുന്നില്ല. 'ഡാർക്ക് ആൻഡ് ബ്രൈറ്റ് കേവ്സ്' എന്നറിയപ്പെടുന്ന ചില ഗുഹകൾ വലിയചുണ്ണാമ്പുപാറകളിൽ തിരമാലകളടിച്ചു തേയ്മാനം സംഭവിച്ചു തുരങ്കംപോലെ രൂപംവന്നവയാണ്. അവയുടെ ആകൃതിയും അതിവിശേഷം. അതിലൂടെ ബോട്ടുകൾ കടന്നുവരുന്നത് വ്യത്യസ്തമായൊരനുഭവമാണ്.  പ്രകൃതിയിലെ  ഈ അദ്‌ഭുതസൃഷ്ടിയെക്കുറിച്ച് ഇന്നാട്ടുകാർക്കിടയിൽ ഒരു കഥ പ്രചരിക്കുന്നുണ്ട്. 




വിയറ്റ്നാം എന്നരാജ്യം പിറവിയെടുത്തകാലത്ത് കടൽമാർഗം വന്ന് അയൽരാജ്യങ്ങൾ നിരന്തരം ആക്രമിക്കുകയും ജനങ്ങളുടെ സ്വൈര്യജീവിതംതന്നെ അതിനാൽ ധ്വംസിക്കപ്പെടുകയും ചെയ്തു. ഈ ദുർഗ്ഗതിയിൽനിന്നു തങ്ങളെ രക്ഷിക്കണമെന്ന് ചക്രവർത്തിയും ജനങ്ങളും ഒന്നായി  ഇഷ്ടദൈവങ്ങളോടു പ്രാർത്ഥിച്ചു. തന്റെ ഭക്തരുടെ  ദൈന്യസ്ഥിതി മനസ്സിലാക്കിയ ദൈവം ഒരു വ്യാളീമാതാവിനെയും അവരുടെ സന്താനങ്ങളെയും  ഭൂമിയിലേക്കയച്ചു. ശത്രുക്കളുടെ കപ്പലുകൾ വരുന്നതുകൊണ്ട് ഈ വ്യാളികൾ തീ തുപ്പുകയും അവയെ ചുട്ടെരിക്കുകയും ചെയ്തു. വീണ്ടും ശത്രുക്കളുടെ കപ്പലുകൾ തീരത്തേക്കടുക്കാതിരിക്കാനായി വ്യാളികൾ മറ്റൊരു വിദ്യയാണ് പ്രയോഗിച്ചത്. അഗ്നിക്കുപകരം ധാരാളം മരതകക്കല്ലുകളും വൈഡൂര്യങ്ങളുമൊക്കെയാണ് വാർഷിച്ചത്. അവയൊക്കെ കടലിൽപതിച്ചശേഷം വളർന്നുയർന്നു പാറമലകളായിമാറി. അവയ്ക്കിടയിലൂടെ ശത്രുക്കളുടെ ജലയാനങ്ങൾക്കു കടന്നുവരാണാത്തവിധം ഒരു മതിൽക്കെട്ടുപോലെ ഈ മലകൾ നിലകൊണ്ടു. അപ്പോഴേക്കും ഈ സുന്ദരമായ സമുദ്രഭാഗത്തോട്  അമ്മവ്യാളിക്ക് വല്ലാത്തൊരഭിനിവേശമായി. അവൾ അവിടെത്തന്നെ സ്ഥിരവസമാക്കുകയും ചെയ്തു. ഹാ ലോങ്ങ് എന്ന വിയറ്റ്നാം പദങ്ങൾക്കർത്ഥം വ്യാളി ഇറങ്ങിയയിടം എന്നാണ്.  ( ഫ്രഞ്ചുകാർ ഇവിടെ ഭരിച്ചിരുന്നകാലത്ത് പലപ്പോഴായി കടൽത്തീരത്ത് ഡ്രാഗണുകളെ കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ വാസ്തവം തെളിയിക്കപ്പെട്ടിട്ടില്ല)




ബോട്ട് യാത്രകഴിഞ്ഞു  വീണ്ടും ക്രൂസിലെത്തി കുറച്ചു വിശ്രമിച്ചശേഷം ഏറ്റവും മുകൾനിലയിൽ ഡെക്കിലെത്തി. അതിഥികൾക്ക്  ഇഷ്ടപാനീയങ്ങളുമായി ഒരു 'happy hour  session ' നടന്നുകൊണ്ടിരിക്കുന്നു.  കപ്പൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ,  ചുറ്റുപാടുമുള്ള കാഴ്ചകളൊക്കെ ആസ്വദിച്ച് എത്രനേരംവെണമെങ്കിലും അവിടെനിൽക്കാൻ തോന്നും. വേറെയും ഒരുപാടു ക്രൂസ് ഷിപ്പുകളുണ്ട്, ബോട്ടുകളും. കുറേസമയം കാഴ്ചകണ്ടിരുന്നപ്പോൾ അവിടെയൊരു മേശയും കുറച്ചു പാത്രങ്ങളും എന്തൊക്കെയോ ചില പാചകസാമഗ്രികളുമൊക്കെ സജ്ജമാക്കുന്നതുകണ്ടു. വിദേശികൾക്കായി വിയറ്റ്നാമീസ് ഭക്ഷണത്തിന്റെ  ഒരു പാചകപരിശീലനത്തിനുള്ള തയ്യാറെടുപ്പാണ്. ആർക്കുവേണമെങ്കിലും അതിൽ പങ്കുചേരാം. ക്രൂസ് ആക്ടിവിറ്റികളിൽ ഉൾപ്പെട്ടതാണിതൊക്കെ.




 പരിശീലക വന്ന് ഒരു ബർണറിൽ എണ്ണ പകർന്ന  ചീനച്ചട്ടി വെച്ചു. പാചകത്തിനുള്ള സാമഗ്രികൾ, പരിശീലിക്കാൻ വന്നവരുടെയൊക്കെ കൈകളിൽ കൊടുത്തു. നേർത്ത വെർമിസെല്ലി പോലെ എന്തോ ഒരു വസ്തുവും പച്ചക്കറികളും മാസവും സോസുകളും  ഒക്കെയുണ്ട്. ചതുരക്കഷണങ്ങളായി മുറിച്ച ബട്ടർപേപ്പർപോലിരിക്കുന്ന റൈസ് പേപ്പറിൽ (അരിപ്പൊടിയും മരച്ചീനിപ്പശയും ചേർത്തുണ്ടാക്കുന്ന നേർത്ത ഷീറ്റ്),  സൊസിൽമുക്കിയ  മറ്റുസാധനങ്ങൾ കുറേശ്ശെയായി വെച്ചു പൊതിഞ്ഞു റോൾ ആക്കി തിളയ്ക്കുന്ന എണ്ണയിൽ വറുത്തുകോറും. അത്രയേ ഉള്ളൂ. പക്ഷേ സായിപ്പുമാരും മദാമ്മമാരും അതൊക്കെ നന്നായി ആസ്വദിച്ചു. വിദേശസഞ്ചാരികളെ ആകർഷിക്കാൻ  നമ്മുടെ നാട്ടിലും കൊഴുക്കട്ടയുണ്ടാക്കാനും ഇടിയപ്പമുണ്ടാക്കാനും ദോശ ചുടാനുമൊക്കെ ക്‌ളാസ്സ്  എടുക്കാവുന്നതല്ലേ എന്നായി എന്റെ ചിന്ത. 


ക്‌ളാസ് കഴിഞ്ഞു ഉണ്ടാക്കിയ വിഭവങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. പിന്നെ രണ്ടാംനിലയിലെ റെസ്റ്ററന്റിൽപോയി  വിഭവസമൃദ്ധമായ ഡിന്നർ  കഴിച്ചു. അതിനുശേഷം ഒരു ചൂണ്ടയിടലും എന്തൊക്കെയോ കളികളുമൊക്കെയുണ്ടായിരുന്നു. ചൂണ്ടയിട്ടിട്ട് അധികമാർക്കും മത്സ്യങ്ങളെ കിട്ടിയതുമില്ല. ഉറങ്ങാൻകിടന്നപ്പോൾ നന്നേ വൈകിയിരുന്നു. രാവിലെ ഉണർന്നത് ഉൾക്കടലിന്റെ മറ്റേതോ ഭാഗത്തായിരുന്നു. അതിരാവിലെതന്നെ ഒരു യാത്രയുണ്ട്. അതിരാവിലെയായതുകൊണ്ടു പ്രഭാതഭക്ഷണം വളരെ ലളിതമായിരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അവിടെ വിഭവങ്ങൾ സമൃദ്ധമായിത്തന്നെ കരുതിയിരുന്നു. 


അരമുക്കാൽ മണിക്കൂർ ഒരു ബോട്ടിൽ യാത്രചെയ്തശേഷം ജിയാ ലുവാൻ എന്നൊരു തുറമുഖഭാഗത്തെത്തി. ഇവിടെനിന്നാണ് പത്തുകിലോമീറ്റർ ദൂരെയുള്ള  ക്യാറ്റ് ബാ എന്ന ദ്വീപിലേക്ക്‌ പോകേണ്ടത്. സ്ത്രീകളുടെ ദ്വീപെന്നാണ് ഈ പേരിനർത്ഥം. വടക്കൻ വിയറ്റ്നാമിലെ ലാൻ ഹാ ബേയുടെ തെക്കുകിഴക്കൻ അറ്റത്തായി  ഈ ദ്വീപസമൂഹം   രൂപംകൊണ്ടിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ 367 ദ്വീപുകളിൽ ഏറ്റവുംവലുതാണിത്. ഇതിന്റെ ഏകദേശം പകുതിയോളം പ്രദേശം കാറ്റ് ബാ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ട്രൂങ് ട്രാങ് ഗുഹാസമുച്ചയമാണ് ഞങ്ങളുടെ ലക്‌ഷ്യം. 


ബോട്ടിൽനിന്നിറങ്ങി അല്പദൂരംനടന്നുചെന്ന് ഒരു ബസ്സിൽ കയറി. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയും ഉഷ്ണമേഖലാമഴക്കാടുകളിലൂടെയും ബസ്സ് ഓടിക്കൊണ്ടിരുന്നു. മനോഹരമായ ഗ്രാമക്കാഴ്ചകളും ഇടയ്ക്കു കണ്ണുകൾക്ക് വിരുന്നായി. ഗ്രാമത്തനിമ നിലനിർത്തുന്ന കൊച്ചുകൊച്ചു വീടുകളും തോടുകളും ലളിതമായ ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകളായി മുന്നിൽത്തെളിയുമ്പോൾ നമ്മുടെ നാടിന്റെ മങ്ങിയ പ്രതിച്ഛായയും ഇവിടെ കാണാൻ കഴിയും. പാതയോരത്തെ  തൊടികളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന  വൃക്ഷലതാദികളും പൂച്ചെടികളും പച്ചക്കറികളുമൊക്കെ നമ്മുടെ നാടിനെ ഓർമ്മിപ്പിക്കും. മഞ്ഞപ്പൂക്കളുമായി നിൽക്കുന്ന കൈപ്പൻചെടികൾപോലും ഇവിടെ ധാരാളമുണ്ട്. ഒരുമണിക്കൂറിലധികം യാത്രകഴിഞ്ഞാണ് ഗുഹാകവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയത്. ഒരുകിലോമീറ്റർ നടക്കാനുണ്ട് ഗുഹയിലേക്ക് കയറാനുള്ള പടവുകൾക്കു സമീപമെത്താൻ. ഞങ്ങളുടെ ടൂർ മാനേജർ സംഘാഗങ്ങളോടൊക്കെ  പറഞ്ഞിരുന്നു ഗുഹയിലേക്ക് കയറാൻ നൂറ്റിനാല്പതു പടികളുണ്ടെന്നും ബുദ്ധിമുട്ടുള്ളവർ ക്രൂസിലിരുന്നാൽ മതിയെന്നും. അതുകൊണ്ടു കുറച്ചുപേർ വന്നിരുന്നില്ല. പക്ഷേ കയറാൻ ആർക്കുംതന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല. 


പടിക്കെട്ടുകളിൽ ചിലയിടങ്ങളിൽ മലകളുടെയും കാടുകളുടെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന വ്യൂ പോയിന്റുകളും  ഉണ്ടായിരുന്നു. ഗുഹയിൽ എത്തിയപ്പോൾ, ഞങ്ങളുടെ ഗൈഡ് കർശനമായി ഒരുമിച്ച് നിൽക്കാനും അദ്ദേഹത്തെ പിന്തുടരാനും നിർദ്ദേശിച്ചു. ചില സ്ഥലങ്ങളിൽ പാറകളുടെ വഴുക്കലിനെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും, വഴി വളരെ ഇടുങ്ങിയതും ചെറുതുമായിരുന്നു, അതിനാൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം നീങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളിൽ ഗുഹയിൽ വിളക്കുകളും ഉണ്ടായിരുന്നു. സ്റ്റാലക്ടൈറ്റുകളും സ്റ്റാലക്മൈറ്റുകളും ഭീമാകാരങ്ങളായ വ്യത്യസ്തരൂപങ്ങൾ ഗുഹയ്ക്കുള്ളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മേഘാലയത്തിലെ മൗസ്മായി ഗുഹകളും ആൻഡമാനിലെ ബാരാതാങ് ദ്വീപിലെ ചുണ്ണാമ്പുകൽ ഗുഹകളുമൊക്കെ ഈ വിധത്തിലുള്ളതാണ്. എന്നാൽ  അവയെക്കാളൊക്കെ ഇത് വളരെ വലുതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിനു ഗുഹകൾ ഈ ദ്വീപുസമൂഹത്തിൽ പലയിടത്തായി ഉണ്ടത്രേ! ചില സ്ഥലങ്ങളിൽ, പാറകളുടെ വശങ്ങളിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നത്  കാണാൻ കഴിഞ്ഞു, ആയിരക്കണക്കിന് വർഷങ്ങളായി ഈ പാറരൂപങ്ങളുടെ  രൂപീകരണത്തിന് കാരണമായ പ്രക്രിയയാണിത്.




ഗുഹയുടെ പുറത്തേക്ക്‌കടക്കാനുള്ള വഴി മറ്റൊരു ഭാഗത്തായിരുന്നു. അവിടെനിന്നു കുറച്ചുദൂരം നടന്നപ്പോൾ ബസ്സ്  കാത്തുകിടന്നിരുന്നിടത്തെത്തി. പിന്നെ ജെട്ടിയിലേക്കും അവിടെനിന്നു ക്രൂസിലെക്കും മടക്കയാത്ര. ഒമ്പതര കഴിഞ്ഞപ്പോൾ ക്രൂസിലെത്തി. മുറി വെക്കേറ്റ് ചെയ്തു ലഗേജ് താഴെ റിസപ്ഷനിൽ വെച്ചു.  ഗംഭീരമായൊരു ബ്രഞ്ച് കഴിച്ച്, പതിനൊന്നുമണിയോടെ തുവാൻ ചാവു മറീനയിലേക്കു സ്പീഡ്ബോട്ടിൽ യാത്രയായി. അവിടെനിന്നു ഹാനോയിലെ നോയി ബായി  എയർപോർട്ടിലേക്കു പോകണം. രണ്ടരമണിക്കൂറോളം യാത്രയുണ്ട്. 




വിയറ്റ്നാമിന്റെ  വൈവിധ്യമായ ഭൂപ്രദേശങ്ങൾ കടന്നു ബസ് ഓടിക്കൊണ്ടിരുന്നു. നമ്മുടെ നാടുമായി വളരെയേറെ സാമ്യമുണ്ട് കടന്നുപോകുന്ന  ഈ പ്രദേശങ്ങൾക്ക്. ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിസ്ഥലങ്ങളും ഉദ്യാനങ്ങളും ആരാധനാലയങ്ങളും ശ്മാശാനങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുമറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ മാലിന്യങ്ങൾ കത്തിക്കുന്ന കാഴ്ചകളും ഉണ്ടായിരുന്നു.വളരെ നേരത്തെ ബ്രഞ്ച് കഴിച്ചതുകൊണ്ടു പലവിഭവങ്ങളുൾപ്പെടുത്തിയ ഒരു ഹൈ ടീയും വിമാനത്താവളത്തിനടുത്ത് ഏർപ്പാടുചെയ്തിരുന്നു. 


കിഴക്കനേഷ്യൻ മരതകമണികൾ - 16

16.ഹോവാൻ കീം തടാകവും ട്രെയിൻ സ്ട്രീറ്റും 


---------------------------------------------------------------


ഉച്ചഭക്ഷണത്തിനുശേഷം ഒരു തടാകം കാണുന്നതിനായുള്ള  യാത്രയാണ്. 'ഹോവാൻ കിം തടാകം'. ഹനോയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ തടാകമാണിത്. റെഡ് റിവർ  തന്റെ ഒഴുക്കിന്റെ ഗതി ഇടയ്ക്കിടെ മാറുന്നതനുസരിച്ച് തൻ്റെ പ്രവാഹവീഥികളിൽ തടാകങ്ങളും ചതുപ്പുനിലങ്ങളുമൊക്കെ അവശേഷിപ്പിച്ചു പോകുന്നു. അത്തരത്തിലൊരു സരോവരമാണ് ഗ്രീൻ ലേക്ക് എന്നറിയപ്പെട്ടിരുന്ന ഹോവാൻ കീം. പച്ചനിറമാണ് ഈ തടാകത്തിലെ  ജലത്തിന്.  ഈ തടാകത്തെക്കുറിച്ച് കൗതുകം തോന്നുന്ന  ഒരു ഐതിഹ്യകഥയുണ്ട്. 




വിയറ്റ്നാം ചക്രവർത്തിയായിരുന്ന ലി ലോയി 1428-ൽ ചൈനീസ് മിംഗ് രാജവംശത്തെ പരാജയപ്പെടുത്തി. അതിനുശേഷം ഒരുദിവസം അദ്ദേഹം ഈ തടാകത്തിൽ തോണിയാത്ര നടത്തവേ 'കിം ക്യൂയി' എന്നുപേരായ ഒരു സ്വർണ്ണകൂർമ്മം അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ കൈവശമുള്ള മന്ത്രികവാൾ  തിരികെനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ വാൾ  മിംഗ് രാജവംശത്തെ പരാജയപ്പെടുത്താനായി അദ്ദേഹത്തിന്  അന്നാടിന്റെ ദേവതയായ ഒരു വ്യാളി നൽകിയതായിരുന്നു. ആ വാളാണ് ഇപ്പോൾ ഈ ആമ തിരികെ ആവശ്യപ്പെടുന്നതെന്ന് ചക്രവർത്തിക്ക് മനസ്സിലായി, അത് തിരികെ നൽകുകയും ചെയ്തു. വാൾ കിട്ടിയപാടെ ആമ അപ്രത്യക്ഷമായി. അതിനുശേഷമാണ് തടാകത്തിനു 'ഹോവാൻ കീം' എന്ന് പേര് ലഭിച്ചത്. 'വാൾ മടക്കി നൽകിയ തടാകം' എന്നാണ് ഈ പുതിയ പേരിനർത്ഥം.  തടാകമാധ്യത്തിൽ ചെറിയ തുരുത്തിൽ ഒരു സ്തൂപമുണ്ട്. ആമസ്‌തൂപമെന്നാണ് ഇതറിയപ്പെടുന്നത്. 


തടാകത്തിൽ താമസിച്ചിരുന്ന യഥാർത്ഥ ആമ സൂര്യസ്നാനത്തിനായി കയറിയിരുന്നത്  അവിടെയായിരുന്നു. ഫ്രഞ്ചുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു ഇടനിലക്കാരൻ 1886 ൽ ഈ ചെറിയ ഗോപുരം നിർമ്മിച്ചു. രാജാവ് ലെ ലോയിയെ ബഹുമാനിക്കാൻ താൻ ഒരു ഗോപുരം പണിയുകയാണെന്നായിരുന്നു  അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം , മരിച്ചുപോയ തന്റെ പിതാവിന്റെ അസ്ഥികൾ സ്തൂപത്തിനടിയിൽ  കുഴിച്ചിടുക എന്നതായിരുന്നു, സ്വന്തം കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്നതിന്, ഫെങ് ഷൂയിയിലെ ഒരു തന്ത്രമാണിത്. എന്നാൽ തദ്ദേശീയരായ ജോലിക്കാർ  രഹസ്യമായി ആ ഭൗതികാവശിഷ്ടങ്ങൾ  അവിടെനിന്നു നീക്കം ചെയ്തു. ഫ്രഞ്ചുകാർക്ക് ഹിതകരമായ  എന്തെങ്കിലും ചെയ്യാൻ അവരാരും തയ്യാറായിരുന്നില്ല. വ്യക്തമായ മാതൃകയില്ലാത്ത മൂന്ന് നിലകളുള്ള ഈ  ഗോപുരം  നഗരത്തിന്റെ ഒരു പ്രതീകസ്മാരകമായി നിലനിൽക്കുന്നു.


തടാകം കരയിൽനിന്നു കണ്ടശേഷം നോക് സാൻ ക്ഷേത്രം സന്ദർശിക്കാൻ അതിലുള്ള പ്രസിദ്ധമായ 'ചുവന്ന ചായമടിച്ച മരപ്പാലം' കയറുന്നതിനായി നടന്നു. ഈ പാലത്തിനുമുണ്ട് പറയാൻ ഒരുപിടി കഥകൾ. ഹക് ബ്രിഡ്ജ് എന്നാണ് ഈ മനോഹരമായ പാലത്തിന്റെ പേര്. തു ഡുക് ചക്രവർത്തി  1865  ൽ നിർമ്മിച്ചതാണ് ഈ പാലം. ഉദിച്ചുയരുന്ന സൂര്യൻ എന്നാണ് ഹക് എന്ന പേരിനർത്ഥം. ജീവിതത്തിന്റെ ഉയർച്ചയെ പ്രതീകവത്കരിക്കുകയാണ് ഈ നാമം.  ഇതിന്റെ ചുവപ്പ്‌നിറം ഭാഗ്യസൂചകമാണ്. 32 മരത്തൂണുകളിൽ നിലകൊള്ളുന്ന പാലത്തിനു 15 കമാനങ്ങളാണുള്ളത്.   1897 , ൽ ഈ പാലം  തകരുകയും പുനർനിർമിക്കുകയും ചെയ്തിരുന്നു. പിന്നീട് 1952 ൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ചുണ്ടായ ജനത്തിരക്കിൽ പാലം തകരുകയും  പുനർനിർമ്മാണം നടക്കുകയുമുണ്ടായി.ഹാനോയിയുടെ പൗരാണികതയെയും  ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ  പാലത്തിൽ  സന്ദർശകരുടെ തിരക്കൊഴിയാറില്ല.


 .നോക് സാൻ ക്ഷേത്രം, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന മൂന്ന് പ്രധാന മംഗോളിയൻ അധിനിവേശങ്ങളിൽ രണ്ടെണ്ണത്തെ പരാജയപ്പെടുത്തിയ സൈനിക കമാൻഡർ ട്രാൻ ഹങ് ദാവോയ്ക്ക് (വിയറ്റ്നാമിന്റെ 14 ദേശീയ വീരന്മാരിൽ ഒരാൾ) സമർപ്പിച്ചിരിക്കുന്നു .  ക്ഷേത്രം സ്ഥിതിചെയ്യുന്ന തുരുത്തിനെ  ജേഡ് ദ്വീപ് എന്ന് വിളിക്കുന്നു. ജേഡ് പോലെ നല്ല പച്ചനിറമാണ് ഈ കുഞ്ഞുദ്വീപിന്‌.


വെൻചാങ്,  ലുസു എന്നീ താവോദേവന്മാർക്കൊപ്പം ഗുവാൻ യു എന്ന , മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് സൈനിക ജനറലിന്റെയും പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ. കാവൽദൈവമായി ആരാധിച്ചുപോരുന്ന ഗുവാൻ യുവിന്റെ 

ഛായാചിത്രങ്ങളോ പ്രതിമകളോ   ഇന്നാട്ടുകാർ വീടിന്റെ പ്രധാനവാതിലിൽ സ്ഥാപിക്കാറുണ്ട്. 


വേറെയും ഒന്നുരണ്ടുക്ഷേത്രങ്ങൾകൂടി കണ്ടിരുന്നു. പക്ഷേ അവയെക്കുറിച്ചൊന്നും ഗൈഡ് കൂടുതലായി പറഞ്ഞില്ല. അവിടെനിന്നു ഹാനോയിയുടെ ഓൾഡ് ക്വാർട്ടർ എന്ന ഭാഗത്തേക്കാണ് ഇനി പോകേണ്ടത്. അതിനായി അവിടുത്തെ സൈക്ലോ എന്ന് വിളിക്കപ്പെടുന്ന സൈക്കിൾ റിക്ഷയിലാണ് പോകുന്നത് . ഇത് നമ്മുടെ സൈക്കിൾ റിക്ഷ പോലെയല്ല. മുൻഭാഗത്ത് വീൽചെയർ പോലൊരു ഭാഗവും പിന്നിൽ ഡ്രൈവറുടെ സീറ്റും ഒരു വീലുമാണ്. മടക്കിയും നിവർത്തിയും വയ്ക്കാവുന്ന കുടപോലൊരു ഭാഗം വീല്ചെയറിനു മുകളിലുണ്ട്. അതിലിരുന്നു സഞ്ചരിച്ചാൽ മുമ്പിലുള്ള കാഴ്ചകൾ വ്യക്തമാണ്. ഞങ്ങൾ കയറിയയുടനെ മഴ ചാറാൻ തുടങ്ങി. അതിനാൽ മുകളിലെ കുട നിവർത്തി. പിന്നിലിരുന്നു ഡ്രൈവർ ഉച്ചത്തിൽ  ചുമയ്ക്കുകയും തുമ്മുകയും കാറിത്തുപ്പുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു യാത്ര അത്ര സുഖകരമായില്ല. 


യാത്ര അവസാനിപ്പിച്ച് ഒരു മാർക്കറ്റ് ഭാഗത്തേക്കാണ് പോയത്. തുണികളും ബാഗുകളും വാച്ചുകളും ചെരുപ്പുകളും എന്നുവേണ്ട നമുക്കാവശ്യമുള്ളതൊക്കെ വാങ്ങാൻ കിട്ടുന്ന കടകളാണ് തെരുവുകൾക്കിരുവശവും. ഷോപ്പിംഗിനു താല്പര്യമില്ലാത്തതുകൊണ്ടു ഒക്കെ കണ്ടുനടന്നതേയുള്ളു. ഇവിടെ കച്ചവടക്കാർ കൂടുതലും സ്ത്രീകളാണ്. കുടുംബത്തിനുവേണ്ടി സ്ത്രീകളാണ് ഇന്നാട്ടിൽ കഠിനപ്രയത്നം നടത്തുന്നത്. യുദ്ധങ്ങളിൽപോലും സ്ത്രീകളുടെ പങ്ക് വളരെ ശ്രദ്ധേയമാണ്. കണ്ടുകണ്ടു നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നുകണ്ടു. മക്കഡേമിയ നട്ട്സ് . ലോകത്തിലെ ഏറ്റവും വിലയുള്ള നട്ട് ആണിതെന്നു കേട്ടിട്ടുണ്ട്. അതിന്റെ തൊണ്ടു തുറക്കാൻ ഒരു ചാവിയും ഉണ്ടാകുമത്രേ! അരകിലോയുടെ കുപ്പികൾ രണ്ടുമൂന്നെണ്ണം വാങ്ങി. 1350 ഇന്ത്യൻ രൂപയായിരുന്നു  അരക്കിലോയുടെ വില. അണ്ടിപ്പരിപ്പിനും ഏതാണ്ട് അതേ വിലയാണ്. നമ്മുടെ നാട്ടിലെ കശുവണ്ടിയേക്കാൾ നല്ല സ്വാദുണ്ട് ഇവിടെ കിട്ടുന്നതിന്. അതും വാങ്ങി. ഇവിടെ ധാരാളം കശുമാന്തോട്ടങ്ങൾ യാത്രകൾക്കിടയിൽ കണ്ടിരുന്നു. 


ഈ ദിവസങ്ങളിൽ കഠിനമായ തണുപ്പുണ്ടായിരുന്നു. ഞങ്ങൾ ജാക്കറ്റ് എടുത്തിരുന്നുമില്ല. അതുകൊണ്ടു രണ്ടുപേർക്കും ജാക്കറ്റും വാങ്ങി. നമ്മുടെ നാട്ടിലെ  വിലയൊക്കെയേ അവിടെയുമുള്ളൂ. എന്തായാലും അത് വളരെ ഉപകരിച്ചു. അടുത്തദിവസങ്ങളിൽ തണുപ്പ് അതികഠിനമായിരുന്നു. അവിടെനിന്നുപോയത് ഇവിടുത്തെ പ്രസിദ്ധമായ ട്രെയിൻ സ്ട്രീറ്റിലേക്കാണ്. അഞ്ചരമണിക്ക് ട്രെയിൻ വരുമെന്നാണ്   ഗൈഡ് പറഞ്ഞത്. പക്ഷേ ആ   സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. അതിനാൽ വീണ്ടും അടുത്തുള്ള ഷോപ്പിംഗ് സൗകര്യങ്ങൾനോക്കി എല്ലാവരും പോയി. ഏഴേമുക്കാലിന്  ട്രെയിൻ വരുമെന്ന് പറഞ്ഞതുകൊണ്ട് സമയമായപ്പോൾ എല്ലാവരും റെയിൽവേപാളത്തിൽ എത്തിയിരുന്നു. ട്രാക്കിനിരുവശവും ഭക്ഷണശാലകളും മറ്റു കടകളുമൊക്കെയാണ്. പാളത്തോടു  ചേർന്നാണ് കസേരകളും ബെഞ്ചും മേശയുമൊക്കെ നിരത്തിയിരിക്കുന്നത്. അവിടെയിരുന്നു സഞ്ചാരികൾ ബിയറും കാപ്പിയും ചായയും വളരെ വിശേഷപ്പെട്ട മുട്ടക്കാപ്പിയുമൊക്കെ  നുണഞ്ഞു സംസാരിക്കുന്നു. പക്ഷേ ട്രെയിൻ വരുന്ന നേരമാകുമ്പോൾ എല്ലാം അവിടെനിന്നു നീക്കി ട്രെയിൻയാത്ര  സുഗമമാക്കും.


ആയിരക്കണക്കിനു വിദേശസഞ്ചാരികൾ ആ ട്രെയിനൊന്നു പോകുന്നതുകാണാൻ ഇവിടെയെത്തിയിട്ടുണ്ട്.   മുംബൈയിലെ ട്രെയിൻയാത്രകൾ ധാരാളം കണ്ടിരിക്കുന്ന നമുക്ക് ഇതത്ര വലിയ സംഭവമാണെന്നൊന്നും തോന്നുന്നില്ല. പക്ഷേ ഇവിടുത്തെ വൃത്തിയും ഞങ്ങളുടെ അച്ചടക്കവും നമ്മേ വിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കും. മദ്യപിക്കുന്നവർ ഒന്നുറക്കെ സംസാരിക്കുന്നുപോലുമില്ല. ആരും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു പരിസരം മലിനമാക്കുന്നില്ല. 


1902 മുതൽ ഈ ട്രാക്കിൽ ട്രെയിൻ ഓടുന്നുണ്ട്. ഫ്രഞ്ചുകാരാണ്  ട്രാക്ക് നിർമ്മിച്ചതെങ്കിലും ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ തദ്ദേശീയർ നിർമ്മിച്ചതാണ്. തലമുറകളായി താമസിക്കുന്നവരും ഇവിടെയുണ്ട്. 350 മീറ്റർ നീളമുണ്ട്‌ ഈ തെരുവിന്. ട്രാക്കിലൂടെ കുറേദൂരം ഞങ്ങളും നടന്നു.  പിന്നെ  ഒരുകടയുടെ രണ്ടാംനിലയിലെ കഫെയുടെ കസേരകളിൽ സ്ഥാനംപിടിച്ചു കോഫി ഓർഡർ ചെയ്തു. അപ്പോഴേക്കും ചൂളംവിളിച്ചു ട്രെയിനെത്തി. കുതിച്ചുപാഞ്ഞൊന്നുമല്ല. സാവധാനം തന്നെ. ചാറ്റൽമഴ പെയ്തുകൊണ്ടേയിരുന്നു.  അതുകഠിനമായ തണുപ്പിലും ഈ ട്രെയിൻയാത്ര കാണാൻ മൊബൈലും കാമറയുമായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു.  കൗതുകകരമായ ഈ ട്രെയിൻ യാത്ര          ആസ്വദിച്ചശേഷം ഹോട്ടലിലേക്ക് മടങ്ങി. അത്താഴവും കഴിച്ചു കിടന്നു. അപ്പോഴേക്കും ജലദോഷം കലശലായി ആക്രമിച്ചിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുകൾ കഴിച്ചു. സുഖമായുറങ്ങി.