Thursday, February 28, 2013

ഊമക്കുയില്‍ .....

പാടനുള്ളതു പാടിനടക്കാന്‍ 
കഴിഞ്ഞിടാത്തൊരു പൂങ്കുയിലേ ... 
പാട്ടുകളായിരമുണ്ടോ മനസ്സില്‍ 
കാട്ടാറിന്‍ കളനാദം പോല്‍ 

അകലെമരത്തിന്‍ ചാഞ്ഞൊരുകൊമ്പില്‍ 
ആയിരമല്ലിവിടര്‍ത്തിയ പൂവുകള്‍ 
ആശകളായിട്ടാത്മാവിന്‍ വഴി 
അറിയാതെങ്ങോ നിറമിയലുന്നു 

കളകളനാദം ചേര്‍ന്നൊഴുകീടും 
കണ്ണീരരുവിയിലോളം തീര്‍ത്തതു 
കറുകപ്പുല്ലിനു തീര്‍ത്ഥംനല്‍കി 
കാണാക്കരകളിലൊഴുകിയിറങ്ങി 

പൊന്നുരുകുന്നൊരു പകലിന്മീതെ 
പതഞ്ഞുപൊങ്ങും രോഷം തീര്‍ക്കും 
പതിതര്‍ തന്നുടെ വേര്‍പ്പിന്‍കണമതില്‍ 
പകരം നല്‍കിയ പറുദീസ

നേര്‍ത്തൊരു കനവു പുതച്ചുമയങ്ങും 
നിദ്രവരാത്തൊരു രാവിന്‍ മടിയില്‍ 
നിര്‍ത്താതുതിരും തേന്മഴയായി 
നിരുപമമാമൊരു രാഗാലാപം 

ശോഭയെഴും നിറമോടിയലും പൂ-
ശോഭയുതിര്‍ക്കും പിഞ്ചോമനകള്‍ 
ശോകം മുറ്റിയ മുഖവും മനവും 
ശോഷിക്കുന്നിതു സ്നേഹം മാത്രം 

ജനിമൃതികള്‍ക്കൊരു പാലം തീര്‍ക്കും 
ജനനിക്കായൊരു വാക്കോ നോക്കോ 
ജന്മം നല്‍കിയ താതനുനല്കാന്‍ 
ജീവിതവഴിയില്‍ യാതൊന്നില്ല 

ഉയരുന്നത്യുന്നതികളില്‍ മാനവന്‍ 
ഉയിരില്ലാത്തൊരു പാവകണക്കെ 
ഉയര്‍ത്തെണീക്കാന്‍ പാടെ വൈകി 
ഉണ്മയതെങ്ങൊ ദൂരെമറഞ്ഞു 

കാലം തിങ്ങി വളര്‍ന്നൊരു കാടായ് 
കത്തിക്കാളും വൈജാത്യങ്ങളില്‍ 
കനവും നിനവും വറ്റിവരണ്ടൊരു 
കല്ലോലിനിയീ മാനവജന്മം ....   

Saturday, February 23, 2013

ആവര്‍ത്തനങ്ങള്‍

 നമ്മുടെ മുന്‍പില്‍ കാണുന്ന ചില ജീവിതങ്ങള്‍ പ്രജ്ഞക്കുമുന്‍പില്‍ ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കാറുണ്ട് . ജ്യോതിയുടെ ജീവിതവും അങ്ങനെയാണെനിക്ക് തോന്നുന്നത് . 
   ജ്യോതിയെ ഞാന്‍ പരിചയപ്പെടുന്നത് വിവാഹശേഷം മുംബൈയിലെ കല്യാണിലെത്തിയപ്പോഴാണ്. . കല്യാണില്‍ താമസിക്കാന്‍ വരുമ്പോള്‍ എനിക്കാദ്യം കിട്ടിയ സുഹൃത്താണ്  ജ്യോതി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടു താഴെയുള്ള ഫ്ലാറ്റ് ജ്യോതിയുടേതായിരുന്നു. ജ്യോതിവന്നിട്ട് അപ്പോള്‍ ഒരുവര്‍ഷത്തിലേറെ യായിരുന്നു. ഭര്‍ത്താവു ഗോപകുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ 
അക്കൗണ്ടന്റ് . 

ജ്യോതി എന്റെ അച്ഛന്റെ നാട്ടുകാരിയായിരുന്നതും അവരുടെ ചേച്ചി പ്രീതി എന്റെ ചേച്ചിയുടെ സഹപാഠി ആയിരുന്നതും ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ടാകാന്‍ സഹായകമായി. എനിക്ക് ആ ചങ്ങാത്തം ആ സമയത്ത് വലിയൊരു അനുഗ്രഹമായി  ഭവിക്കുകയും ചെയ്തു. 
     ഞാന്‍ കാണുമ്പോള്‍ ജ്യോതി രണ്ടോ മൂന്നോ  മാസം ഗര്‍ഭിണിയായിരുന്നു . ആക്കാലത്തുതന്നെ ജ്യോതിക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചു . പക്ഷെ ഗോപന്‍ അതൊട്ടും ഇഷ്ടമായില്ല . ഒരുപാട് പറഞ്ഞുനോക്കി ,ജോലി സ്വീകരിക്കരുതെന്ന് .  പക്ഷെ അവര്‍ അതിനൊട്ടും വഴങ്ങിയില്ല. പിന്നീട് അവര്‍ പറഞ്ഞറിഞ്ഞു പലതവണ ഗോപന്‍ ജ്യോതിയെ അബോര്‍ഷന്‍ വേണ്ടിയും നിര്‍ബന്ധിക്കുമായിരുന്നെന്ന് . പ്രസവത്തിനായി നാട്ടിലേക്കു പോകാനും അവര്‍ക്കിഷ്ടമായിരുന്നില്ല . അമ്മയെ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ അധികം അവധി എടുക്കേണ്ടിവരില്ലല്ലോ എന്നായിരുന്നു ചിന്ത. പക്ഷെ ഗോപന്‍ അതൊട്ടും ചെവിക്കൊണ്ടില്ല . സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ വാക്കുകള്‍ അവഗണിച്ചു 
നാട്ടിലേക്ക് പോകാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി -അവര്‍ നാട്ടിലേക്കു വണ്ടി കയറി. ഇന്നത്തെപോലെ ഫോണ്‍ സൗകര്യമൊന്നുമില്ലതിരുന്നതുകൊണ്ടു അധികം വിവരങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. ഗോപനാകട്ടെ മുഖം തരാറുമുണ്ടായിരുന്നില്ല.

    നാലഞ്ചു  മാസങ്ങള്‍ കഴിഞ്ഞാണ് ജ്യോതിവന്നത് . കുഞ്ഞിനു രണ്ടു മാസം തികഞ്ഞിരുന്നില്ല . അമ്മയും കൂടെ വന്നിരുന്നു. പക്ഷെ എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചു ഗോപന്‍ അപ്രത്യക്ഷനായിരുന്നു. 
സ്വന്തം മകളുടെ മുഖം പോലും കാണാന്‍ നില്‍ക്കാതെ അയാള്‍ എങ്ങോട്ടോ പോയി . തലേദിവസം രാത്രി വരെ അയാള്‍ അവിടെയുണ്ടായിരുന്നു . എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല . പക്ഷെ ജ്യോതി മാത്രം 
യാതൊന്നും പ്രത്യേകിച്ചു സംഭവിക്കാത്തതുപോലെ ഓരോരോ കാര്യങ്ങള്‍ നടത്താന്‍ തിരക്കിട്ടു നടന്നു. പക്ഷെ അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു ഗോപന്റെ അസാന്നിദ്ധ്യം അവരെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മകള്‍ ഉത്തരം കൊടുത്തതുമില്ല .
      ജ്യോതിയുടെ അമ്മ വളരെ ചെറുപ്പത്തിലേ വിധവ ആയതാണ് . ഭര്‍ത്താവിന്റെ ജോലി ലഭിച്ചതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. ജോലിയില്‍ നിന്ന് വിരമിച്ചതുകൊണ്ടാണ്‌ അവര്‍ക്ക് മകളോടൊപ്പം വരാന്‍ സാധിച്ചത് . മൂത്ത മകളും കുടുംബവും വീട്ടില്‍ താമസിക്കുന്നു . അവര്‍ രണ്ടുപേരും അടുത്ത സ്കൂളിലെ അധ്യാപകരാണ് .അവരുടെ  രണ്ടു കുട്ടികളും സ്കൂളില്‍ പോകുന്നു .
       ഇടയ്ക്കു ചിലപ്പോഴൊക്കെ ഞാന്‍ അങ്ങോട്ടുപോയി കുഞ്ഞിനേയും അമ്മയെയുമൊക്കെ കാണുമായിരുന്നു . ജ്യോതി അവധികഴിഞ്ഞു ജോലിക്ക് ചേരേണ്ടകാര്യവും പറഞ്ഞിരുന്നു . വിവരങ്ങള്‍ തിരക്കാന്‍ പതിവുപോലെ ചെന്നതാണ് . അമ്മ എന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഒട്ടൊരു ഭയം എന്നെ ഗ്രസിച്ചു . പക്ഷെ ജ്യോതിയുടെ നിസ്സംഗത കണ്ടപ്പോള്‍ കുഴപ്പമൊന്നും ഇല്ലാ എന്നു തന്നെ തോന്നി. കുറെനേരം കരഞ്ഞശേഷമാണ് അമ്മ കാര്യം പറഞ്ഞത് . ജ്യോതിയും ഗോപനും വിവാഹബന്ധം 
വേര്‍പെടുത്തിയത്രെ .........
      ആ വാര്‍ത്ത അവര്‍ക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു . പക്ഷെ ജ്യോതിക്ക് അവളുടേതായ ന്യായമുണ്ടായിരുന്നു . ഗോപന് അവളെ വിവാഹം കഴിക്കും മുന്‍പു തന്നെ മറ്റൊരു പെണ്കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ഇഷ്ടം നടത്തിക്കൊടുക്കാനാണ് അയാള്‍ ജ്യോതിയെ കല്യാണം കഴിച്ചത് . പക്ഷേ മറ്റേ കുട്ടി ഒട്ടും പിന്മാറാന്‍ തയ്യാറാവാതിരുന്നപ്പോള്‍ അയാള്‍ക്ക്‌ ജ്യോതിയെ ഉപേക്ഷിക്കുകയേ തരമുണ്ടായുള്ളൂ. അതിനായാണ് അബോര്‍ഷനുവേണ്ടിയും ജോലി ഉപെക്ഷിക്കാനുമൊക്കെ അയാള്‍ അവളെ നിര്‍ബന്ധിച്ചത് . ഒന്നും നടക്കാതെ വന്നപ്പോളാണ് അവളെ നാട്ടില്‍ കൊണ്ടുപോയി വിടാമെന്നു തീരുമാനിച്ചത് . അയാള്‍ അവളോട്‌ എല്ലാം തുറന്നു പറഞ്ഞു . വിവാഹമോചനത്തിനായി അവളോട്‌ ആവശ്യപ്പെടുകയും ചെയ്തു. നഷ്ടപരിഹാരം കൊടുക്കാന്‍ അയാള്‍ ഒരുക്കവുമായിരുന്നു. പക്ഷെ അവള്‍ക്കാവശ്യം രണ്ടു കാര്യങ്ങള്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഉടനെ ഇക്കാര്യം നാട്ടില്‍ അറിയിക്കാതിരിക്കുക , അവര്‍ താമസിച്ചിരുന്ന വീട് തുടര്‍ന്നും അവള്‍  കുഞ്ഞുമായി വരുമ്പോള്‍ താമസിക്കാന്‍ തരപ്പെടുത്തുക . രണ്ടും അയാള്‍ സമ്മതിച്ചു .പരസ്പര ധാരണ പത്രം ഒപ്പിട്ടു വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു. 

      ജ്യോതി എല്ലാ വിഷമങ്ങളും മറന്നു ജോലിക്ക് പോകാന്‍ തുടങ്ങി. അമ്മയാകട്ടെ കണ്ണീരും കയ്യുമായി കഴിഞ്ഞുകൂടി . ഏതാനും ദിവസങ്ങള്‍ കൊണ്ട് അവര്‍ വല്ലാതെ കോലം കെട്ടു . രോഗങ്ങള്‍ ഒന്നൊഴിയാതെ നിന്നു. രണ്ടു മാസം ഒരുതരത്തില്‍ കഴിച്ചുകൂട്ടി . പിന്നെ നാട്ടിലേക്കു പോകുന്ന ഒരു പരിചയക്കാരന്റെ കൂടെ അവര്‍ പോയി .
      കുഞ്ഞിനെ ജ്യോതി അടുത്തവീട്ടിലെ പാട്ടീല്‍ കുടുംബത്തെ നോക്കാനേല്പിച്ചു . പാട്ടീലും റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു. കാഞ്ചനദീദി വളരെ സ്നേഹമയിയായ വീട്ടമ്മയായിരുന്നു . അവരുടെ മൂത്തമകന്‍ ഒന്നാം ക്ലാസ്സില്‍ . രണ്ടാമത്തെ കുട്ടി ജ്യോതിയുടെ മോളേക്കാള്‍ രണ്ടോ മൂന്നോ മാസം പ്രായക്കൂടുതലേ ഉണ്ടായിരുന്നുള്ളൂ . വിശേഷണങ്ങള്‍ക്കപ്പുറമായൊരു 
സ്നേഹബന്ധത്തിലൂടെ ആ കുടുംബങ്ങള്‍ കടന്നുപോയി ......... 

       പിന്നെ എപ്പോഴോ നാട്ടില്‍ ചെന്നപ്പോള്‍ ജ്യോതിയുടെ കാര്യവും വീട്ടില്‍ പറയാനിടയായി. മക്കളെ രാജകുമാരിമാരെപ്പോലെ ഒരുകുറവും അറിയിക്കാതെ ആണ് ആ  അമ്മ  വളര്‍ത്തിയത്‌ . ജോലികഴിഞ്ഞ് വന്നാല്‍ തുണിതയ്ചും ഫാബ്രിക് പെയിന്റ് ചെയ്തും പിന്നെ കോളേജ് കുട്ടികള്‍ക്ക്  പ്രക്ടിക്കല്‍ റെക്കോടില് പടം വരച്ചു കൊടുത്തും അവര്‍  പണം സമ്പാദിച്ചിരുന്നു . അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഉയര്‍ന്ന ജീവിതനിലവാരവും ഉണ്ടായിരുന്നു.അച്ഛനില്ല എന്നകുറവ് അറിയാതെ അവര്‍ വളര്‍ന്നു. നല്ലവിദ്യാഭ്യാസവും കൊടുത്തു. രണ്ടുപേരുടെയും വിവാഹവും സമയാസമയത്തു  നടത്തി ആ അമ്മ തന്റെ കടമാകളൊക്കെ ഭംഗിയായി നിര്‍വ്വഹിച്ചു .പക്ഷെ ജ്യോതിയുടെ ജീവിതത്തിലെ താളപ്പിഴ അവര്‍ക്ക് തങ്ങാനാവുന്നതിനപ്പുറമായിരുന്നു. അത്  മാനസികമായും ശാരീരികമായും ആ വൃദ്ധയെ വല്ലാതെ തളര്‍ത്തി . 
        കാലമാകുന്ന പുഴ അനുസ്യൂതം ഒഴുകിക്കൊണ്ടേയിരുന്നു... ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ ...  പാട്ടീല്‍ കുടുംബം റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയപ്പോള്‍  അദ്ദേഹം തന്റ സ്വാധീനമുപയോഗിച്ച് അടുത്ത ക്വാര്‍ട്ടര്‍  ജ്യോതിക്കും തരപ്പെടുത്തിയിരുന്നു . ജ്യോതിയുടെ മകള്‍ ലയ പാട്ടീലിന്റെ മക്കളായ അങ്കിതിന്റെയും നിധിയുടെയുമൊപ്പം സസന്തോഷം വളര്‍ന്നു .. ഇടയ്ക്കൊക്കെ ഏതെങ്കിലും ഒത്തുകൂടല് ഉള്ളപ്പോള്‍ ജ്യോതിയെ കാണാറു ണ്ടായിരുന്നു. കഞ്ചനദീദി ലയയെ  സ്വന്തം കുഞ്ഞിനെപ്പോലെ തന്നെ 
കരുതി. കുറേക്കാലം ഗോപന്റെ കാര്യമൊന്നും അറിഞ്ഞിരുന്നില്ല . ഗോപനും പുതിയ ഭാര്യയും ഇതിനിടയില്‍  വിദേശത്തേക്കു പോയിരുന്നു. അതിനുശേഷം 
അവരെക്കുറിച്ചു ആരും അന്വേഷിച്ചതുമില്ല . 
         എന്റെ മകന്‍ അഞ്ചാം ക്ലാസ്സിലായപ്പോളേക്കും ഞങ്ങള്‍ സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു . കുറച്ചു ദൂരെയായിരുന്നതുകൊണ്ട് പഴയചങ്ങാതിമാരെ വല്ലപ്പോഴുമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ . പാട്ടീലും 
ജ്യോതിയും ഒരേസ്ഥലത്തുതന്നെ ഫ്ലാറ്റെടുത്തു താമസം മാറിയിരുന്നു നേരത്തെ തന്നെ.  ... അങ്ങനെ സമയവൃക്ഷം അതിന്റെ ഇലകള്‍ കൊഴിച്ചുകൊണ്ടിരുന്നു. .... നാടിനും നാട്ടാര്‍ക്കും പലമാറ്റങ്ങളും സംഭവിച്ചു. വര്‍ഷങ്ങള്‍ കുറെ കടന്നുപോയി . 
        എന്റെ മകന്‍ ഐ ഐ ടി -യില്‍ അഡ്മിഷന്‍ കിട്ടി . ഗുവാഹട്ടിയില്‍ . മോനെ കൊണ്ടുപോകാനുള്ള തിരക്കിലും തയ്യാറെടുപ്പുകള്‍ക്കും ഇടയില്‍ പുതിയ താമസക്കാര്‍ വരുന്ന കാര്യം ആരോ പറഞ്ഞു കേട്ടിരുന്നു . ഞങ്ങള്‍ 
മടങ്ങിയെത്തിയപ്പോള്‍ അവര്‍ താമസം തുടങ്ങിയിരുന്നു . മകനെ പ്പിരിഞ്ഞ സങ്കടം എന്നെ വല്ലാതെ ഉലച്ചിരുന്നു . ഏതാനും ദിവസം പുറത്തിറങ്ങിയതേയില്ല . ഞങ്ങളുടെ ഫ്ലോറില്  നാലു ഫ്ലാറ്റുകളാണ് . രണ്ടെണ്ണത്തില്‍ മാത്രമേ താമസം ഉണ്ടായിരുന്നുള്ലൂ. മറ്റു രണ്ടെണ്ണം മുംബൈയില്‍ ഉള്ള ഏതോ വ്യവസായി രണ്ടുമക്കളുടെ പേരില്‍ വാങ്ങിയിട്ടിരുന്നതാണ്‌ . കടുത്ത സാമ്പത്തികപ്രതിസന്ധി വന്നപ്പോള്‍ അവര്‍ വെറുതെ കിടന്നിരുന്ന ഫ്ലാറ്റ് വില്‍ക്കാന്‍ തയ്യാറായി. വാങ്ങിയതരാണെന്ന്  അറിഞ്ഞിരുന്നുമില്ല.

     അടുത്ത ഞായറാഴ്ച പത്രക്കാരന്‍ ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്നതും മുന്‍പില്‍ ജ്യോതി . എന്റെ പുതിയ അയല്‍ക്കാരി .... സന്തോഷവും അത്ഭുതവും അമ്പരപ്പും ഒന്നിച്ചുചേര്‍ന്ന വല്ലാത്തൊരവസ്ഥ !...... പിന്നെ വിശേഷങ്ങള്‍ പങ്കുവെച്ചു സമയം പോയതെ അറിഞ്ഞില്ല . എതിര്‍വശത്ത് പാട്ടീല്‍ കുടുംബവും. കുട്ടികളൊക്കെ വലുതായി . ലയ ബി ടെക്  ഫൈനല്‍ ഇയര്‍ . അങ്കിത് എം ടെക് കഴിഞ്ഞു നല്ല ജോലിയുമായി. നിധി സി എ  ചെയ്യുന്നു . മകന്റെ അസാന്നിധ്യത്തിന്റെ ദുഃഖം കുറയ്ക്കാന്‍ പുതിയ അയല്‍ക്കാരുടെ വരവ് എന്നെ ഏറെ സഹായിച്ചു. 
     വളരെ പെട്ടെന്നായിരുന്നു അങ്കിതിന്റെ വിവാഹം നിശ്ചയിച്ചത് . പൂനെയിലുള്ള ഇഷ . ടീച്ചര്‍ ആയിരുന്നു . വെളുത്തു മെലിഞ്ഞു ചെമ്പന്‍ മുടിയുള്ള സുന്ദരിക്കുട്ടി . ചുരുങ്ങിയ കാലം കൊണ്ട് ഇഷ എല്ലാവരുടെയും 
സ്നേഹം പിടിച്ചുപറ്റി . കഞ്ചനദീദിക്ക് അവള്‍ മരുമകള്‍ ആയിരുന്നില്ല ,മകള്‍  തന്നെ ആയിരുന്നു. 
      ലയയുടെ പരീക്ഷ കഴിഞ്ഞ സമയത്തു അവള്‍ക്കു ജോലി തരപ്പെടുത്തുന്നതിനായി ജ്യോതി ശ്രമം തുടങ്ങിയിരുന്നു. ഒപ്പം കല്യാണാലോചനയും ... ഇതിനിടയില്‍ ഇഷ ഗര്‍ഭിണിയായി . ആ കുടുംബത്തിനു ഉത്സവത്തിന്റെ നാളുകളായിരുന്നു . പക്ഷെ നിധി എപ്പോഴും 
ആഹ്ലാദങ്ങളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. .... അകാരണമായി .... ഏഴാം മാസത്തിലോ മറ്റോ ഇഷയെ വീട്ടുകാര്‍ പ്രസവത്തിനായി കൂട്ടിക്കൊണ്ടു പോയി. അന്ന് നിധി വല്ലാതെ പൊട്ടിക്കരഞ്ഞു. ആരൊക്കെ 
ആശ്വസിപ്പിച്ചിട്ടും അവള്‍ക്കു സങ്കടം അടക്കാനായില്ല . എല്ലാവരെയും ആശ്ചര്യപ്പെടുത്തി അത് . 

       മകന്‍ രണ്ടു മാസത്തെ അവധിക്കു വന്ന സമയമായിരുന്നു. അവനും ലയച്ചേച്ചിയുമായി നല്ല കൂട്ടായി. എവിടെയെങ്കിലുമൊക്കെ പോകുമ്പോള്‍ ചിലപ്പോള്‍ ലയ അവനെയും കൂട്ടാറുണ്ടായിരുന്നു. ഒരുദിവസം ജ്യോതി ജോലിക്കുപോയി കുറച്ചുകഴിഞ്ഞപ്പോള്‍ ലയ രണ്ടുമൂന്നു ബാഗുകളുമായിപോകുന്നത് മകന്‍ ബാല്കണി യില്‍ നിന്ന് കണ്ടു . 
"ചേച്ചി എവിടെയ്ക്കാ പോകുന്നത്?"
അവന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത് ഞാന്‍ അടുക്കളയില്‍ നിന്ന് കേട്ടാണ് വന്നു നോക്കിയത് . 
അപ്പോഴേക്കും കൈ വീശി അവള്‍ നടന്നു മറഞ്ഞിരുന്നു ..... 
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതുകൊണ്ട് അന്വേഷിക്കാന്‍ സാധിച്ചുമില്ല . 
"ചേച്ചിയുടെ ഫ്രണ്ട് ബുക്സ് വേണമെന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ അത് കൊടുക്കാന്‍ പോയതായിരിക്കും. "
അങ്ങനെയായിരിക്കുമെന്ന് ഞാനും കരുതി. .... 
വൈകുന്നേരം ജ്യോതിഎത്തിയിട്ടും ലയ വന്നിരുന്നില്ല. 
അവളെക്കാണാത്തതുകൊണ്ട് കഞ്ചനദീദിയോടു ചോദിയ്ക്കാന്‍ ചെന്നു . ദീദി അകെ വിഷമിച്ചിരിക്കുന്നു. രാവിലെ മുതല്‍ നിധി കരച്ചിലാണത്രെ . കാര്യമൊന്നും പറയുന്നില്ല . ഒന്നും കഴിച്ചിട്ടുമില്ല... ജ്യോതി ലയയുടെ മൊബൈലില്‍ ശ്രമിച്ചു സ്വിച്ച് ഓഫ് ..... 
എല്ലാവരുടെയും മനസ്സില്‍ വല്ലാത്ത അകാംഷയായിരുന്നു ... ലയ എവിടെപോയി .... ?എട്ടുമണികഴിഞ്ഞിരിക്കും ,ജ്യോതിയുടെ ഫോണ്‍ ബെല്ലടിച്ചു . അത് അങ്കിതിന്റെ ശബ്ദമായിരുന്നു .  ലയയും അങ്കിതും ഷില്ലോങ്ങില്‍ എത്തിയത്രെ. ..... 
..................
     കുട്ടിക്കാലം മുതല്‍ അങ്കിതും ലയയും ഇഷ്ടത്തിലായിരുന്നു . പഠിത്തം കഴിഞ്ഞു വിവാഹത്തെപ്പറ്റി വീട്ടില്‍ പറയാനിരുന്നതാണ് . അപ്പോളാണ് അങ്കിതിന്റെ ഇഷയുമായുള്ള കല്യാണം നടന്നത് . എങ്കിലും അവരുടെ 
ബന്ധത്തിനു മാറ്റമൊന്നും വന്നില്ല . ലയയുടെ റിസല്‍റ്റ് വന്നതും അവര്‍ അകലേക്ക്‌ പറന്നുപോയി ... നിധി മാത്രം എല്ലാത്തിനും മൂകസാക്ഷിയായി ..... എല്ലാമറിഞ്ഞ് ....... ഒന്നുമറിയാത്തപോലെ...... 
ഇഷ ......?
ജ്യോതി .......?
ഒരുനിമിഷം ഞാന്‍ ഈശ്വരനോട് യാചിച്ചുപോയി ...... 
ഇവരെ കല്ലാക്കി മാറ്റിയെങ്കില്‍ .............   
  
    

Wednesday, February 20, 2013

ശൂന്യത .....

കുന്നിന്‍ ചെരുവിലെ കൊച്ചുവീട്ടില്‍ ഇനി 
കാത്തിരിക്കാനെനിക്കമ്മയില്ല 
അഭയമേകുന്നൊരാ മൃദുലമാം കൈവിരല്‍ -
ത്തുമ്പെനിക്കെങ്ങൊ കളഞ്ഞുപോയി 
ഒരുകുഞ്ഞുപൈതലയായ് ചാഞ്ഞുറങ്ങാനെനി -
യ്കാമടിത്തട്ടിന്നു നഷ്ടമായി ... 
ഒരുപാടുസ്നേഹം നിറച്ചോരാപുഞ്ചിരി 
ഒന്നിനിക്കാണുവാനാവതില്ല .... 
ഓണവും വിഷുവുമിങ്ങെത്തുമ്പോള്‍ ഹൃദ്യമാം 
സദ്യയുണ്ടാക്കുവാനമ്മയില്ല 
ഉച്ചനേരത്തങ്ങകലേനിന്നെത്തുന്ന 
വാത്സല്യമണിനാദമോര്മ്മയായി 
ഒരുപാടുപേരുണ്ടു ചുറ്റിലുമെങ്കിലും 
അമ്മയാകാനമ്മതന്നെവേണം 
അമ്മതന്‍ സ്നേഹവും കരുതലും മാത്രമാ-
ണീലോകവാടിയിലേകസത്യം 

Monday, February 18, 2013

അമ്മ

                                                                     അമ്മ 
ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടുന്ന ശ്രുതികളില്‍ 
അമൃതമാം രാഗമാണമ്മ 
അനുപമസ്നേഹത്തിന്നലകള്‍ നിലയ്ക്കാത്ത
പാലാഴി തീര്‍ക്കുന്നതമ്മ 
ഓര്‍മ്മതന്‍ പുസ്തകത്താളില്‍ വിരിയുന്ന 
ജ്യോതിസ്വരൂപമാണമ്മ  
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വിരല്‍ത്തുമ്പില്‍ 
ആദ്യമായ് നല്കിയെന്നമ്മ 
അലിവോടെയെന്കണ്ണിലൂറും മിഴിനീരു
മെല്ലെ തുടച്ചതുമമ്മ  
ഹൃദയം തപിക്കുമ്പോളാശ്വാസമേകുന്ന 
ശീതളസ്പര്‍ശമാണമ്മ 
അകതാരിലാര്‌ദ്രമായ് പെയ്തിറങ്ങുന്നോരു
തേന്മഴയാകുന്നിതമ്മ   
ആത്മാവിലെരിയുന്ന ജീവന്റെ പൊന്‍തിരി 
തീര്‍ക്കും പ്രഭാപൂരമമ്മ 

പ്രകൃതിതന്‍ പൊരുള്‍ നമുക്കജ്ഞമാണെങ്കിലും 
സത്യത്തിന്‍പൊരുളാണതമ്മ 
അമ്മയ്ക്കു നല്‍കുവാന്‍ ഒന്നുമില്ലെന്സ്നേഹ 
സാഗരത്തിന്നാഴമൊന്നുമാത്രം 
  Thursday, February 14, 2013

പ്രയാണം ......

പണ്ട് ......പണ്ടേയ്ക്ക പണ്ട് ......
ഭൂമിയിലെ മനുഷ്യര്‍ക്ക് ഭാഷ ഇല്ലാതിരുന്ന കാലം ...
അവര്‍ സ്നേഹം മാത്രം പങ്കുവെച്ചിരുന്ന കാലം....
അന്ന് പൂക്കള്‍ക്ക് നിറവും മണവും കിട്ടിയിരുന്നത് മനുഷ്യരില്‍ പ്രണയം 
ഉണ്ടാകുമ്പോഴായിരുന്നു.
വിടരുന്ന പൂക്കളൊക്കെ മനുഷ്യരിലെ പ്രണയമറിഞ്ഞു നിറവും മണവും ചാര്‍ത്തി ഭൂമിയെ ഹര്ഷപുളകിതയാക്കി......
ഭൂമിയിലെ വര്‍ണ്ണശബളവും സുഗന്ധപൂരിതവുമായ പൂക്കളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങി........
പക്ഷെ അകലങ്ങളില്‍നിന്നു പ്രണയം പകരാനാവാതെ അവര്‍ വിഷണ്ണരായി....
അവരുടെ പ്രണയസന്ദേശങ്ങള്‍ കൈമാറാന്‍ ഒരു വെള്ളിനൂല്‍ സൃഷ്ടികര്‍ത്താവ്‌ അവര്‍ക്കുവേണ്ടിയുണ്ടാക്കി .......
മഴത്തുള്ളികള്‍ തീര്‍ക്കുന്ന വെള്ളിനൂലുകള്‍ .......
അവയിലൂടെ  നക്ഷത്രങ്ങളും പൂക്കളും ഹൃദയരഹസ്യങ്ങള്‍ കൈമാറി...
ഭൂമിയില്‍ ആനന്ദം കളിയാടി ..
പക്ഷെ മഹാസമുദ്രമാകട്ടെ തന്റെ പ്രിയകാമുകനായ ആകാശത്തെ നോക്കി 
നെടുവീര്‍പ്പുകള്‍ ഇട്ടുകൊണ്ടെയിരുന്നു .....
ഒരിക്കലും ഒന്നുചേരാനാവാത്ത കമിതാക്കളുടെ നൊമ്പരപ്പെടുത്തുന്ന നെടുവീര്‍പ്പുകള്‍ ........
ആ നെടുവീര്‍പ്പുകള്‍ മേഘങ്ങളായി പരിണമിച്ചു ....
അവ ഉയര്‍ന്നു ആകാശത്തിന്റെ മാറില്‍ അഭയം പ്രാപിച്ചു ....
ആകാശത്തിന്റെ പ്രണയസന്ദേശങ്ങളുമായി അവയും താഴേയ്ക്കു മഴയായി പതിച്ചു...
ആഹ്ലാദത്തിന്റെ പ്രകാശം പരന്ന നാളുകള്‍ ......
പിന്നെപ്പിന്നെ .......
മനുഷ്യന്‍ ഭാഷയുപയോഗിച്ചു ...
അവനില്‍ സ്നേഹത്തെക്കാള്‍ മറ്റുവികാരങ്ങള്‍ വന്നുനിറഞ്ഞു .....
എവിടെയും കൃത്രിമത്വം വന്നുകൂടി .
തനതായ നിറവും മണവും പൂക്കള്‍ക്ക് നഷ്ടമായി 
അവയുടെ കടുത്തനിറങ്ങളും രൂക്ഷഗന്ധവും നക്ഷത്രങ്ങളെ അവയില്‍ നിന്നകറ്റി .....
അവയ്ക്ക് സന്ദേശവാഹകരെ ആവശ്യമില്ലാതായി ......
ആകാശത്തില്‍നിന്നുള്ള വെള്ളിനൂലുകള്‍ ഭൂമിയിലേക്ക്‌ വരാതായി ...
ഭൂമി ഊഷരമായിക്കൊണ്ടേയിരുന്നു ........
മനുഷ്യന്‍ ആകട്ടെ ഇതൊന്നുമറിയാതെ പുതുമയുടെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു ........
ഒരിക്കലും നിലയ്ക്കാത്ത പ്രയാണം....
പ്രണയം നഷ്ടപ്പെട്ട പ്രയാണം ..............

Wednesday, February 13, 2013

പ്രിയനായ്......

നിന്നെക്കുറിച്ചൊന്നു 
പാടുവാൻ  ഞാനെന്റെ 
പൊന്മുളന്തണ്ടൊന്നെടുത്തുവെച്ചു 
അറിയുമീ രാഗങ്ങ-
ളൊക്കെയും ചേർത്തുവെ -
ച്ചൊരു രാഗമാലികയാലപിക്കാം  
അതിലൂടെയൊഴുകുമെൻ  
ജീവന്റെ താളവും
സ്നേഹശ്രുതിയുമലിഞ്ഞ  ഗാനം 
അരുമയോടെന്നാത്മ
ഹർഷം ധ്വനിക്കുന്ന 
അനിതരമധുരമാം പ്രേമഗാനം.
കൂട്ടുകാരാ  നിനക്കേ-
കുവാൻ  ഈ ശ്രേഷ്ഠ 
ഗാനമല്ലാതൊന്നുമില്ലയെന്നിൽ 
കാതോർത്തിരിക്കുക -
ഈ കൊച്ചുഗാനത്തിൻ 
ശ്രുതിതാളമൊന്നും പിഴക്കുകില്ല.
ഹൃദയമാം  തംബുരു
മീട്ടുന്ന ശ്രുതിനിന്റെ 
ഹൃദ്യമാം സ്നേഹമതൊന്നുമാത്രം 
നിന്നെക്കുറിച്ചൊന്നു 
പാടിടട്ടെ ഞാനീ 
പൊന്മുളന്തണ്ടിലൂടൊഴുകീടട്ടെ ............


Tuesday, February 12, 2013

ശാപം പേറുന്നവള്‍....

ശാപം ശിലാശില്പമാക്കി അഹല്യയെ 
ശങ്കയുണ്ടെന്താണവള്‍ ചെയ്ത പാപം 

അംബയ്ക്ക് മംഗല്യമുണ്ടായതില്ലവള്‍ -
അപരാധമെന്തൊന്നു ചെയ്തു....?

ഗര്‍ഭം ചുമന്നൊരു സീതയെ ഘോരമാം 
കാട്ടിലയച്ചതും എന്തിനായ് രാമന്‍?

പ്രാണനാം പതി വനവാസം നയിക്കവെ
 പരിത്യക്തയായതും ഊര്‍മ്മിള മാത്രം.

കൃഷ്ണനായ്‌ ജന്മമുഴിഞ്ഞൊരു കൃഷ്ണയ്ക്ക്
പതികളായ് പഞ്ചവര്‍ വന്നുപോയെന്തിനോ 

ഇന്നുമീ ഊഴിയില്‌ ഒരുപാടഹല്യമാര്‍ 
സീതമാര്‍,അംബമാര്‍ ,കൃഷ്ണമാരും 

അരുതാത്തതൊന്നുമേ ചെയ്യാതിരുന്നിട്ടും 
അവര്‍ക്കായി കാലം കൊടുക്കുന്നു പീഡനം 

പെണ്മനസ്സു കല്ലോ മരമോ കരിക്കട്ടയോ 
ഒന്നുമില്ലാത്തൊരു മണ്‍ കുംഭമോ ?

Friday, February 8, 2013

Life........

Life is a noble cloak
Put on by each soul on earth
May be silky, smooth or rough
But everyone should wear it with

We can wear it unstained
We're free to make its shape
We may sometimes tear or stitch it
We may lose its sheen or starch

Life is a puzzle board
With each and every columns unfilled
We may find the clues around
From the very first beginning of it

Life is a sacred game we play
A real game we play to lose
If opponents are our dear and near
Whom we never like to let down

Life is a restless journey of skills
To mend it fit for the world around
To shape the numberless hopes within
Before the bucket is kicked

Life is a gift of almighty
Never can buy or bargain for
Nor can we sell it for a penny
No trade will help us ever................