Wednesday, August 28, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-6

അദ്ധ്യായം  6 - കൂടാരനഗരിയില്‍ 


സോജ്ജിലാപാസ്സിന്റെ താഴ്ഭാഗത്തുള്ള, വിശാലമായ പുല്‍മേടുകള്‍ നിറഞ്ഞ മനോഹര പ്രദേശമാണ് സിന്ധുനദീതീരത്തു സ്ഥിതിചെയ്യുന്ന  ബാല്‍ത്താള്‍. ഇവിടുത്തെ പരന്നുകിടക്കുന്ന പുല്‍മേടുകല്‍ നിറയെ അമര്‍നാഥ് തീര്‍ത്ഥാടനക്കാലത്ത് യാത്രികള്‍ക്കായുള്ള കൂടാരങ്ങള്‍ കെട്ടിയിരിക്കും. മറ്റു സൗകര്യങ്ങളും പട്ടാളക്കാരുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും.ഇവിടെനിന്നും പുണ്യഗുഹയിലേയ്ക്കുള്ള ദൂരം 14 കി. മി. മാത്രമാണ്.  കാല്‍നടയായി പോകുന്നവര്‍ക്കുപോലും ഒരു ദിവസം കൊണ്ടു ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്താം. കുതിരകളും ഡോളിയും ഇവിടെയും ലഭ്യമാണ്. ഇവിടെനിന്നും ഹെലികോപ്ടര്‍ സൗകര്യവുമുണ്ട്. പക്ഷേ അതു വളരെ മുന്നേതന്നെ ബൂക്ക് ചെയ്യേണ്ടതുണ്ട്.

എണ്ണമറ്റ കൂടാരങ്ങളുടെ അത്ഭുതക്കാഴ്ചകളിലേ
ക്കാണ്  പ്രഭാതത്തില്‍  ഉറക്കമുണര്‍ന്നത്. എവിടേയ്ക്കു നോക്കിയാലും കൂടാരങ്ങള്‍ മാത്രം.  താല്‍കാലിക ടോയ് ലറ്റുകള്‍ കൂരാരങ്ങളോടു ചേര്‍ന്നു സജ്ജമാക്കിയിട്ടുണ്ട് ‌ - പണം കൊടുത്തുപയോഗിക്കാവുന്നവ. ഓരോ പ്രാവശ്യത്തെ ഉപയോഗശേഷവും ലോഷനുപയോഗിച്ചു വൃത്തിയാക്കാന്‍ ആളുണ്ട്.  അതിനടുത്തു തന്നെ ചൂടുവെള്ളവും ലഭ്യമാണ്.   ഈ കൊടും തണുപ്പില്‍ തണുത്തവെള്ളം ഉപയോഗിക്കുകയെന്നത് ഒട്ടും പ്രായോഗികമല്ല.  ചുടുവെള്ളം ലഭിക്കുന്നിടത്തുവെച്ച് ഞാനൊരു തമിഴ്നാട്ടുകാരി സ്ത്രീയെ പരിചയപ്പെട്ടു. കഴിഞ്ഞ നാലുദിവസമായി അവര്‍ ഇവിടെ കഴിയുന്നത്രേ. ഹെലികോപ്ടര്‍ ടിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് ഗുഹാദര്‍ശനം വൈകുന്നത്.  അന്നെ ദിവസം അവര്‍ക്കു ടിക്കറ്റ് കിട്ടിയിട്ടുണ്ട്. വൈകുന്നേരം തന്നെ അവര്‍ ശ്രീനഗറിലേയ്ക്കു പോകുമെന്നും പറഞ്ഞു.  അങ്ങോട്ടുമിങ്ങോട്ടും കൂടി 4500 രൂപയാണ് ഒരാള്‍ക്കു ടിക്കറ്റ്  ചാര്‍ജ്ജായത്. പെഹല്‍ഗാമില്‍ നിന്നും ബാല്‍ത്താള്‍ വരെയെത്താന്‍ 3 കുതിരകള്‍ക്കും ഒരു ഡോളിക്കും കൂടി ഞങ്ങള്‍ക്ക്  9000 രൂപയ്ക്കടുത്താണ് ഒരാള്‍ക്കു ചെലവായത്. പക്ഷേ എത്ര പണം കൊടുത്താലും ലഭിയ്ക്കാത്ത ഹിമാലയാണുഭവങ്ങളാണല്ലോ ഞങ്ങള്‍ക്കു ലഭിച്ചത്.

ഇനി ഞങ്ങളുടെ വാഹനവും സാരഥിയും  എവിടെയെന്നു കണ്ടെത്തണം. രാവിലെതന്നെ സോന്‍മാര്‍ഗ്ഗിലേയ്ക്കു പോകാനാണ് പദ്ധതി.  ഇവിടെനിന്ന് ഏകദേശം ഒരുമണിക്കൂര്‍ യാത്ര. 48 കി.മി. ദൂരമാണ്. അവിടെയെത്തി ഹോട്ടല്‍മുറിയില്‍  ചെന്നുവേണം  കുളിയും മറ്റും നടത്താന്‍. പക്ഷെ ബാല്‍ത്താള്‍ മൈതാനങ്ങള്‍ കൂടാരങ്ങളെക്കൊണ്ടു മാത്രമല്ല വാഹനങ്ങളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അതു കണ്ടെത്താനും കുറെ സമയമെടുത്തു.  വാഹനത്തിനു വേണ്ടി കാത്തിരിക്കുമ്പോളാണ് ഒട്ടും സുഖകരമല്ലാത്ത ഒരനുഭവം. നല്ല ആരോഗ്യമുള്ള ചെറൂപ്പക്കാരായ സ്ത്രീകള്‍ (പുരുഷന്‍മാരുമുണ്ട്- കുറവെന്നു മാത്രം) ഭിക്ഷ യാചിച്ചുകൊണ്ടു നടക്കുന്നത്.  ഇത്രയധികം ജനങ്ങളിവിടെയെത്തുന്ന ഈ സമയത്ത്, ജോലി ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കെ, മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടി നടക്കുന്ന ഈ സ്ത്രീകളെ കണ്ടപ്പോള്‍ വല്ലാത്ത ജാള്യത തോന്നി. എന്നെ സമീപിച്ച ഒരു സ്ത്രീയോടു ഞാനൊന്നു സാരോപദേശത്തിനായി ഒരുങ്ങി. ജോലിചെയ്തു ജീവിക്കുന്നതിന്റെ മഹത്വത്തെക്കുറിച്ച് ഒരു ചെറുപ്രസംഗം തന്നെ നടത്തി. എന്നെ ഒന്നു  രൂക്ഷമായി നോക്കി, ഒന്നമര്‍ത്തിമൂളി അവര്‍ അപ്പുറത്തുനിന്ന പുരുഷന്‍മാരുടെ നേര്‍ക്കു നീങ്ങി. ഞാന്‍ കണ്ഠക്ഷോഭം നടത്തിയതിനു ഫലം നാസ്തി! അസ്വസ്ഥയുളവാക്കുന്ന ഈ കാഴ്ചയില്‍ മുഖം തിരിച്ചപ്പോള്‍ മറുഭാഗത്തു കാത്തിരുന്നത് അതിസുഭഗമായ 
മറ്റൊരു കൗതുകക്കാഴ്ചയാണ്. വിവിധവ ര്‍ണ്ണങ്ങളിലുള്ള ഹെലികോപ്ടറുകള്‍ -പറന്നുയര്‍ന്നും താഴ്ന്നിറങ്ങിയും, താഴെ വിശ്രമിച്ചും. ഒരുനിമിഷം മനസ്സ് പൂത്തുമ്പികള്‍ക്കു പിന്നാലെ പായുന്ന ബാല്യകുതൂഹലത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര പോയി....  ഒടുവില്‍ വാഹനമെത്തി. ഞങ്ങള്‍ യാത്രയായി- മഞ്ഞിന്‍ കൂടാരമായ സോന്‍മാര്‍ഗ്ഗിലേയ്ക്ക്...

ഝലം നദിയുടെ കൈവഴിയായ നല്ല് സിന്ധു നദിയുടെ തീരത്താണ് സോന്‍മാര്‍ഗ്ഗ്- സുവര്‍ണ്ണ മൈതാനം. പ്രകൃതിമനോഹാരിതയ്ക്കു പെര്‍പെറ്റ സ്ഥലമാണിത്. വളരെ ഉയര്‍ന്ന മലനിരകളായ ഗംഗാബാല്‍, വിഷന്‍സര്‍, സത് സര്‍, ഗഡ്സര്‍, കിഷന്‍സര്‍ തുടങ്ങിയവയാല്‍  ചുറ്റപ്പെട്ടുകിടക്കുന്ന സോന്‍മാര്‍ഗ്  ട്രെക്കിംഗ് പ്രേമികളുടെ പ്രിയതാവളമാണ്.  ഇതേപേരുകളിലുള്ള തടാകങ്ങളും ഈ മലകളിലാണ്. മഞ്ഞുകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന സോന്‍മാര്‍ഗ്ഗ്  സാഹസികരായ പര്‍വ്വതാരോഹകര്‍ക്ക്  ഒരു സ്വര്‍ഗ്ഗഭൂമിതന്നെയാണ്. വേനല്‍ക്കാലത്തെ സുഖകരവും ഉന്‍മേഷപൂര്‍ണ്ണ വുമായ  അന്തരീക്ഷം സഞ്ചാരികളെ  ഹഠാദാകര്‍ഷിക്കുന്നതിനാല്‍  ഏതുസമയവും ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കാണ്. അതിമനോഹരമായ പുല്‍മേടുകളും പിന്നിലായി ഉയര്‍ന്നു കാണുന്ന പൈന്‍മരക്കാടുകള്‍ നിറഞ്ഞ പര്‍വ്വതശിഖരങ്ങളുടെ ഉറഞ്ഞ മഞ്ഞിന്‍മേലാപ്പും ഈ പ്രദേശത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയിരിക്കുന്നു.


ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി കുളിയും ആഹാരവും ഒക്കെ കഴിഞ്ഞ് സോന്‍മാര്‍ഗ്ഗിന്റെ നൈസര്‍ഗ്ഗിക ചാരുതയിലേയ്ക്കിറങ്ങി. സംഘാംഗങ്ങള്‍ ചിലര്‍ പുല്‍മേടുകള്‍ നിറഞ്ഞ നിന്മോന്നതങ്ങളിലേയ്ക്കു കുതിരസാരി നടത്തി. ഞങ്ങള്‍ ചിലര്‍ മലയുടെ മുകളിലേയ്ക്കു നടന്നു കയറി. ബാക്കിയുള്ളവരാകട്ടെ, മുറിയിലിരുന്നു കഴിഞ്ഞയാത്രയുടെ ക്ഷീണമകറ്റി. ഹിമാലയത്തെ തഴുകിയെത്തുന്ന കാറ്റിലുലഞ്ഞുള്ള മലകയറ്റം വളരെ ആനന്ദ  ദായകമായിരുന്നു. മലമുകളില്‍ നിന്നുള്ള കാഴ്ച വര്‍ണ്ണനാതീതവും.  ഒരുവശത്തു പൊട്ടിച്ചിരിച്ചൊഴുകുന്ന നദിയുടെ തീരത്തെ കൊച്ചു പട്ടണം. മറുഭാഗത്ത് ഹിമവാന്റെ സ്നിഗ്ദ്ധസൗന്ദര്യം. മടങ്ങിപ്പോകാന്‍ മനസ്സു സമ്മതിക്കുന്നില്ല . എങ്കിലും അന്നുതന്നെ ഞങ്ങള്‍ക്കു ശ്രീനഗറില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ സോന്‍മാര്‍ഗ്ഗിനോടു ദുഃഖത്തോടെ വിട പറഞ്ഞു യാത്ര തുടര്‍ന്നു. ഇനി 78 കി.മി. യാത്ര ചെയ്തുവേണം ശ്രീനഗറിലെത്താന്‍.


ഏകദേശം രണ്ടുമണിക്കൂറില്‍ എത്തേണ്ടതായിരുന്നു ശ്രീനഗറില്‍. പക്ഷേ ഈ യാത്രയ്ക്കും ഒട്ടും തന്നെ വേഗതയുണ്ടായിരുന്നില്ല. പലതരത്തിലുള്ള വഴിമുടക്കങ്ങള്‍ വന്നുകൊണ്ടേയിരുന്നു. വളരെ വിസ്താരത്തില്‍ തായ്ത്തടി വളര്‍ന്നിട്ടുള്ള ചിനാര്‍ മരങ്ങള്‍ തണല്‍ വിരിയ്ക്കുന്ന രാജപാതയിലൂടെയുള്ള യാത്ര.  ശ്രീനഗറിലേയ്ക്കു വാഹനം കടക്കുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു. ചുറ്റുപാടുമുള്ള വിവിധവര്‍ണ്ണ വൈദ്യുതവിളക്കുകളുടെ പ്രതിഫലനം ദാല്‍ തടാകത്തിലെ കുഞ്ഞോളങ്ങളില്‍ തുള്ളിക്കളിക്കുന്ന നയനമനോഹരമായ കാഴ്ച ഒരിക്കലും കണ്ണില്‍ നിന്നു മറയുകയേയില്ല. അതിവിശാലമായ തടാകത്തിന്റെ കരയിലൂടെ കുറെ സമയം യാത്ര ചെയ്താണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തിയത്. അവിടെ നിന്നും ശിക്കാര എന്നു പേരുള്ള മനോഹരമായ പൂത്തോണിയില്‍ ഇനി യാത്ര-ദാല്‍ തടാകത്തിന്റെ വിരിമാറിലൂടെ... പിന്നെ താമസിക്കനുള്ള ബോട്ട് ഹൗസില്‍. ഇനി താമസിയ്ക്കേണ്ടത് നമ്മുടെ കെട്ടുവള്ളത്തിനോടു സമാനമായ ഈ ബോട്ട് ഹൗസിലെ മുറികളിലാണ്. അവിടെയെത്തിയിട്ടും ഓളങ്ങളിലിളകുന്ന വര്‍ണ്ണപ്രഭാജാലം തീര്‍ക്കുന്ന  ഇന്ദ്രജാലത്തില്‍ നിന്നും കണ്ണുകള്‍ മുക്തമായിരുന്നില്ല. അപ്പോഴും മനസ്സില്‍ നിന്ന് പുണ്യഗുഹാദര്‍ശനവും ഒട്ടും മാഞ്ഞതുമില്ല. 


No comments:

Post a Comment