Thursday, January 23, 2014

ജീവിതം

പേരറിയാത്തൊരെന്തിനോ വേണ്ടി
പോരടിക്കുന്നൊരീ ജീവിതം
വാക്കുകള്‍ തിന്നും ദഹിപ്പിച്ചും ജീവിത-
മേനി വളർന്നിടും സ്വപ്നവേഗാൽ.

നേടുന്നതും നമുക്കന്യമാകുന്നതും
നേരൊന്നു മാത്രം, നിനയ്ക്കില്‍
നേടുവാനായി നാം നഷ്ടമാക്കുന്നതും
നേരെന്നൊരജ്ഞത മാത്രം.

തലമുറകള്‍ കൈമാറി, തേയ്മാനം വന്നുപോയ്
അന്ത:കരണത്തിന്‍ വാള്‍മുനയ്ക്കും
തരളമാം സ്നേഹാര്‍ദ്ര മാസ്മരമാനസം
എങ്ങോ കളഞ്ഞുപോയ് പഴ്ഭൂവിതില്‍

ജരാനരയ്ക്കുള്ളിലമര്‍ന്നോരു കാരുണ്യം
ഏതോ വയോജന മന്ദിരം പൂകവേ
ക്രൗര്യമോ യൗവ്വനം പൂണ്ടങ്ങു മേവുന്നു
ഉന്‍മത്തഭാവത്തിലാടിത്തിമിര്‍മക്കുന്നു

സ്നേഹത്തിന്‍ കണികയൊന്നിറ്റുവീഴാനൊരു
മേഘം പിറക്കണം മാനവഹൃത്തമാം
വിസ്തൃതാകാശത്ത്-കരുണതന്‍ കാറ്റിനാല്‍
വര്‍ഷിതമാകണം പീയൂഷധാരയായ്

ആ നേര്‍ത്തധാരയില്‍ മുഴുകിയാശീതള
സ്പര്‍ശമേടൊരുമാത്ര ഇമപൂട്ടിനില്‍ക്കുകില്‍
ഒരു നേര്‍ത്ത പുഞ്ചിരിപ്പൊയ്കയില്‍ ഞാനെന്റെ
ദുഃഖപത്മങ്ങള്‍ വിടര്‍ത്തിടാം കൂട്ടരേ...

4 comments:

  1. ജീവിതമല്ലേ?

    ReplyDelete
  2. നേരാംവഴി കാട്ടുന്നതും
    ഗുരുവല്ലോ പരദൈവം.
    ആശംസകള്‍

    ReplyDelete