Thursday, February 20, 2014

ആത്മാക്കളുടെ താരാട്ട്

 ആത്മാക്കളുടെ   താരാട്ട്.
=====================

ഈ രാവിലലസമായ് ഇരുളിനെ നോക്കി
ഈറന്‍ നിലാവിന്റെ കണ്ണിണ മൂടി
ഈ പടിവാതില്ക്കല്‍ ഞാനിരിക്കേ,
ഈണം മറന്നൊരാ രാപ്പാട്ടു കേള്‍ക്കുന്നു.

ആര്‍ദ്രമായമൃതുപോലൊഴുകിയെത്തുന്നൊരാ
രാപ്പാടി തന്‍ നേര്‍ത്ത മധുരഗീതം
ആനന്ദമേകുമാ താരാട്ടു കേട്ടെന്റെ
ഏകാന്തചിത്തം വിതുമ്പിടുന്നു

അനുസ്യൂതമകലെ നിന്നെത്തുമീ മൃദുനാദ-
നിര്‍ഝരി മധുമാരിയായ് പൊഴിഞ്ഞു
കൂരിരുട്ടിന്റെയപാരതയ്ക്കുള്ളിലായ്
ചെറുസ്നേഹനാളമൊന്നതിലെരിഞ്ഞു

ആകാശമധ്യേ ചിരിച്ചു നില്‍ക്കുന്നുണ്ട-
ങ്ങെന്നെയും നോക്കിയാ താരദ്വയങ്ങള്‍
പാടുന്നുവോ സ്നേഹവാത്സല്യമൊക്കെയും
ചാലിച്ചെടുത്തോരു  താരാട്ടിന്‍ ശീലുകൾ

നെറ്റിമേല്‍ വീണുകിടക്കും കുറുനിര
മെല്ലെയൊതുക്കി,ത്തഴുകിയെന്‍ മുടിയിഴ,
മെല്ലെപ്പുറത്തങ്ങു താളം പിടിച്ചുവോ,
നെറ്റിയില്‍ പൊന്നുമ്മ ചന്ദനം ചാര്‍ത്തിയോ

ഒക്കെയും സ്വപ്നമാണെന്നറിഞ്ഞീടിലും
ഒരുവേള ആശതന്‍ പൂന്തോണിയേറി
പ്രിയരവര്‍ വാഴുമാ പൂങ്കാവനത്തില്‍
ചെന്നണഞ്ഞീടുവാന്‍ മോഹമേറെ....




10 comments:

  1. മനോഹരമായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍, ഈ പ്രോത്സാഹനത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല...

      Delete
  2. Replies
    1. സര്‍, ഈ പ്രോത്സാഹനത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല...

      Delete
  3. ഇഷ്ട്ടപ്പെട്ട വരി കട്ട്‌ കോപ്പി ചെയ്യണമെങ്കില്‍ കവിത മൊത്തം വീണ്ടും പോസ്റ്റ്‌ ചെയ്യേണ്ടിവരും... ആശംസകള്‍ ചേച്ചി .......

    ReplyDelete
    Replies
    1. വളരെ നന്ദി വിജിന്‍ ഈ നല്ല വാക്കുകള്‍ക്ക്.. ഒരുപാടു സന്തോഷം

      Delete
  4. കവിത നന്നായിരിക്കുന്നു ചേച്ചി

    ReplyDelete
  5. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍, ഈ നല്ല വാക്കുകള്‍ക്ക്.

      Delete