Thursday, June 26, 2014

രാരീരം.... പൊന്നുണ്ണീ.......


വാനിലൊരമ്പിളിക്കിണ്ണം മിനുക്കുന്നു
കൂരിരുള്‍പ്പെണ്‍കൊടി രാവിതിന്‍ കോലായില്‍
താരകക്കുഞ്ഞുങ്ങളോടിക്കളിച്ചെത്തും
മാമുണ്ടു പൈദാഹമാറ്റിയുറങ്ങുവാന്‍

വെള്ളിത്തളികയാം പൂര്‍ണ്ണേന്ദുവെണ്‍മയില്‍
പാല്‍ക്കഞ്ഞിയുണ്ണുവാനെത്തുന്നുഡുക്കളും
പാടിത്തളര്‍ന്നോരു രാപ്പാടി പിന്നെയും
പാടുന്നു നേര്‍ത്തോരു താരാട്ടിന്നീണവും

വിലോലമാമൊരു വിസ്മയരാഗമീ
വിജനമാം രാവില്‍ നീ പാടിടുമ്പോള്‍
മറന്നൊരാ സുന്ദര സ്വപ്നവിഹായസ്സില്‍
മൗനത്തിന്‍ ചിറകേറിപ്പറന്നിടുന്നോ...

പിന്നെയാ താരകക്കുഞ്ഞുങ്ങള്‍ മാനത്തിന്‍
പൂന്തൊട്ടിലേറിയങ്ങൂയലാടും ചെമ്മേ.
കുഞ്ഞിളം കണ്‍കളെ മെല്ലെത്തഴുകിടും
സ്വച്ഛമാം  നിദ്രതന്നംഗുലീസ്പര്‍ശവും

എന്‍മടിത്തടിലെന്നോമനക്കുഞ്ഞുണ്ടു
പുഞ്ചിരിപ്പാല്‍നിലാക്കിണ്ണം മറിച്ചിട്ടു
കൊഞ്ചലിന്‍തേന്‍കണം മെല്ലെയുതിര്‍ക്കുന്നു
പിഞ്ചിളം കയ്യാലെന്‍ കണ്ണുപൊത്തീടുന്നു

താരങ്ങള്‍ താലോലമാടുന്ന രാവിതില്‍
താരാട്ടു കേട്ടു നീ ചായുറങ്ങോമനേ.
നാളെനിന്‍ കണ്‍കളില്‍ പൊന്നൊളിവീശിയെന്‍
പൈതലേ പുലരിവന്നെത്തും നിനക്കായി

6 comments:

  1. താരങ്ങള്‍ താലോലമാടുന്ന രാവിതില്‍
    താരാട്ടു കേട്ടു നീ ചായുറങ്ങോമനേ.
    നാളെനിന്‍ കണ്‍കളില്‍ പൊന്നൊളിവീശിയെന്‍
    പൈതലേ പുലരിവന്നെത്തുമല്ലോ..
    മനോഹരമായൊരു താരാട്ടുപാട്ട്
    ആശംസകള്‍

    ReplyDelete
  2. പുലരി വന്നെത്തട്ടെ നല്ല പാട്ട് കേട്ടിട്ട്!

    ReplyDelete
  3. Replies
    1. വളരെ നന്ദി സാജന്‍

      Delete