Monday, December 22, 2014

വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഹാ! വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?

       ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന, മലയാളത്തിന്റെ പ്രിയകവിയുടെ ഓരോ അക്ഷരക്കൂട്ടുകളും. വൈലോപ്പിള്ളിയെ കൂടാതെ മലയാള കവിതാശഖയ്ക്ക് ഒരു ചരിത്രമില്ല തന്നെ. കാല്പനികത കൊടികുത്തിവാണിരുന്ന, അതിന്റെ താരള്യത്തില്‍ ഉണ്മ തന്നെ ചോദ്യം ചെയ്യപ്പെട്ടു നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പും തുടിപ്പും പച്ചയായി ആവിഷ്കരിക്കുന്ന, ലാളിത്യവും ഒപ്പം ഗഹനതയും ഒന്നിനോടൊന്നിണങ്ങിച്ചേര്‍ന്ന ഒരുപിടി മലയാള കവിതകളുമായി ഈ യുഗപരിവര്‍ത്തന കവി അരങ്ങത്തെത്തുന്നത്. കൈരളിക്കു കിട്ടിയ ഒരു വലിയ സൗഭാഗ്യം തന്നെയാണ് ഈ കവിയുടെ തൂലിക 'തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല, ജീവിതത്തിന്റെ
കടലെ' ന്ന മഷിപ്പാത്രത്തില്‍ മുക്കിയെഴുതിയ ഓരോ കവിതാമലരുകളും.

         1911 മെയ് 11ന് എറണാകുളം കലൂരില്‍ ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനനം. ഡോക്ടറാവണമെന്നാഗ്രഹിച്ചു പഠിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം അതിനു കഴിഞ്ഞില്ല. ബി.എ., ബി.ടി. ബിരുദങ്ങള്‍ നേടി. അധ്യാപകനായി. 1952-ലായിരുന്നു വിവാഹം. ഭാര്യ ഭാനുമതിയമ്മ. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. 

       18-ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ വൈലോപ്പിള്ളിയുടെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. ആദ്യ കവിതാസമാഹാരം, കന്നിക്കൊയ്ത്ത് പുറത്തിറങ്ങിയത് 1947-ലാണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. രണ്ടാമത്തെ കവിതാസമാഹാരം 'ശ്രീരേഖ' 1950-ല്‍ പുറത്തിറങ്ങി. ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം 'കുടിയൊഴിക്കല്‍' പുറത്തിറങ്ങുന്നത് 1952-ലാണ്. ജന്മിത്തത്തെപ്പറ്റി, തൊഴിലാളിവര്‍ഗത്തെപ്പറ്റി, അവരുടെ മോചനത്തെപ്പറ്റി, വിപ്ലവത്തെപ്പറ്റിയൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് വൈലോപ്പിള്ളി അവതരിപ്പിച്ചത്.

       ഋശ്യശൃംഗന്‍, അലക്‌സാണ്ടര്‍ എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥാപരമായ കൃതിയാണ് 'കാവ്യലോകസ്മരണകള്‍'. കന്നിക്കൊയ്ത്തിന് 1947-ല്‍ മദ്രാസ് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. ശ്രീരേഖയ്ക്ക് 1951-ല്‍ എം.പി. പോള്‍ പുരസ്‌കാരം. കയ്പവല്ലരിക്ക് 1965-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കുടിയൊഴിക്കലിന് 1969-ലെ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. വിട (1970) എന്ന സമാഹാരമാണ് ഏറ്റവുമധികം ബഹുമതികള്‍ നേടിയത്. 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1971-ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1977-ലെ എസ്.പി.സി.എസ്. അവാര്‍ഡ് എന്നിവ 'വിട'യ്ക്ക് ലഭിച്ചു. മകരക്കൊയ്ത്തിന് 1981-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി.

         എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
.        വെണ്ണീറാകാം പുകയാകാം
         പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
         തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)
ഈയൊരു പ്രതീക്ഷ, നാളെയിലെ നന്മയുടെ പ്രത്യാശ, വൈലോപ്പിള്ളിയുടെ ഏതൊരു രചനയിലും ഊര്‍ജ്ജസ്രോതസ്സായ് നിലനിന്നു പോരുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ജീവിതത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങളെ ഇത്രയേറെ ആഴവും പരപ്പും നല്‍കി വരികളില്‍ ആവിഷ്കരിച്ച വൈലോപ്പിള്ളി, തന്റെ സവിശേഷമായ രചനാപാടവത്താല്‍ അനന്തതയേ ഒരു ബിന്ദുവിലേയ്ക്കും ഒരു കേവലബിന്ദുവിനെ അനന്തതയിലേയ്ക്കും വാക്കുകളുടെ മാന്ത്രികതയില്‍ സന്നിവേശിപ്പിക്കാന്‍ അതി സമര്‍ത്ഥമായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു എന്നു തന്നെ പറയാം.

          വൃശ്ചികക്കാറ്റില്‍ മാമ്പൂക്കളുടെ സുഗന്ധം പരന്നൊഴുകുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഓര്‍മ്മവരുന്നത് 'ദീര്‍ഘദര്‍ശനം ചെയ്തു' കടന്നുപോയ ഒരു പൈതലിന്റെ വാടിയ വദനാംബുജവും മണ്ണിലേയ്ക്കെറിഞ്ഞ പൂങ്കുലയും ഒടുവില്‍ സ്വര്‍ണ്ണമായി അടര്‍ന്നു വീണ മരതക ക്കിങ്ങിണി സൗഗന്ധികം 'തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത മണ്ണില്‍' നിക്ഷേപിച്ച സ്നേഹമയിയായ ഒരമ്മയുടെ വറ്റാത്ത കണ്ണിര്‍നൈവേദ്യവുമാണ്. ഈ അശ്രുധാരയില്‍ നിന്നു മലയാള കവിതാസ്നേഹികള്‍ക്ക് ഒരിക്കലും പിന്‍തിരിയാനാവുകയില്ല എന്നതാണ് കാലം തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കവിതയും 'മാമ്പഴം' തന്നെ.   

        'ചങ്ങാലിപ്രാവ് ' എന്ന  കവിതയിലും ഒരമ്മക്കിളിയുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം വരച്ചുകാട്ടിയിരിക്കുന്നു. 

ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ നീ
തല തല്ലിക്കരയുന്നതെന്തിനെന്നോ – നിന്റെ
തല തല്ലിക്കരയുന്നതെന്തിനെന്നോ?

പറയുന്നു ചങ്ങാലി – ഞാനിന്നു നാഴി-

പ്പയറെന്‍ മകള്ക്കു കൊടുത്തു പോയി – ഉപ്പിട്ടു
തിരികേ വരുമ്പോള്‍ വറുത്തു വെയ്ക്കാന്‍…‍ 

തിരികേ വരും നേരമെന്തു ചൊല്ലേണ്ടൂ?

ഉരിയപ്പയറുണ്ടുണ്ടു ചട്ടിയില്‍- ഒട്ടാകെ
ഉരിയപ്പയറേ ഞാന്‍ കണ്ടതുള്ളൂ.

“പയറെന്തു ചെയ്തു നീ അറുകള്ളിപ്പെണ്ണേ?

പകുതിയുമില്ലല്ലോ നീ കൊറിച്ചോ – നിന്റെ
പല കൂട്ടുകാര്‍ക്കും നീ സല്‍ക്കരിച്ചോ?”

പറയുന്നീലവളൊന്നും – “വറവു തീര്‍ന്നപ്പോള്‍

പയറിത്ര മാത്രമേ കണ്ടതുള്ളൂ – കള്ളം
പറയുന്നതല്ല ഞാന്‍ തെല്ലുമമ്മേ…”

“പൊളിയാണിതെല്ലാം – ഞാന്‍ പൊട്ടിയെന്നോര്‍ത്തോ ?”

കലി കൊണ്ടു കൊത്തി ഞാന്‍ നെഞ്ചിന്‍ നീളെ – എന്റെ
കലി കൊണ്ടു കൊന്നു ഞാന്‍ പൊന്നുമോളെ!”

"ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,

ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."

      വൈലോപ്പിള്ലിയെന്ന മനുഷ്യനില്‍ ആഴത്തില്‍ വേരോടിയ സാമൂഹ്യബോധവും, പ്രകൃതിസ്നേഹവും ശാസ്ത്രാവബോധവും നിര്‍ഭയത്വവും എല്ലാം അദ്ദേഹത്തിന്റെ കവിതകളില്‍ സ്പഷ്ടമാണ്. ശാസ്ത്രപുരോഗതിയില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നെങ്കിലും ദിശാബോധം നഷ്ടമായ നമ്മുടെ ശാസ്ത്രവളര്‍ച്ചയെ അദ്ദേഹം തെല്ലുപരിഹാസത്തോടെ നോക്കിക്കണ്ടിരുന്നു.  സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.
"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
         ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
         എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പുത്ര-
         സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" ” 
എന്നാണു കവി വേദനിക്കുന്നത്.  അതുപോലെതന്നെ  വൈലോപ്പിള്ളികവിതകളിൽ ഏറെ തെളിഞ്ഞു കാണാവുന്ന ഒന്നാണ്‌ അടിസ്ഥാന വർഗ്ഗ പക്ഷപാതം, കുടിയൊഴിക്കൽ, കന്നിക്കൊയ്ത്‌, കാക്ക ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, വിഷുക്കണി, അഭിവാദനം, യുഗപരിവർത്തനം തുടങ്ങിയ മുതലായ കവിതകളിൽ കൂടുതലായി ഇതിന്റെ അനുരണനങ്ങൾ കാണാൻ സാധിക്കും. പുരോഗമനവും മാറ്റവും കവിയെ ഏറ്റവും സ്വാധീനിച്ച രണ്ട്‌ ആശയങ്ങളാണ്‌. തൊഴിലാളി വർഗ്ഗവിപ്ലവം 'സ്നേഹസുന്ദരപാതയിലൂടാകട്ടെ" എന്ന് കുടിയൊഴിക്കലിലൂടെ ആഹ്വാനം ചെയ്തത്‌ ഏറെ പ്രസിദ്ധവുമാണ്‌. തകരുന്ന ജന്മിത്തമേടകളിലിരുന്ന് പുതിയ യുഗത്തെ ആത്മാർഥമായി സ്വാഗതം ചെയ്യുന്ന കഥാപാത്രങ്ങളെ "യുഗപരിവർത്തനം", "കുടിയൊഴിക്കൽ" മുതലായ കൃതികളിൽ കാണാൻ സാധിക്കും. അവരെ കവിയോടു തന്നെ സമരസപ്പെടുത്തി വായിക്കുവാനും കഴിയും.

           കേരളത്തിന്റെ ഗ്രാമജീവിതവും, അതിന്റെ നൈര്‍മ്മല്യവും ഉല്‍കൃഷ്ടമായ ലാവണ്യവും വൈലോപ്പിള്ളി എന്ന കവിയെ എന്നും ആകര്‍ഷിച്ചു പോന്നു. തന്റെ കവിതകളിലൊക്കെയും ഈ ഗ്രാമസൗന്ദര്യവും നിഷ്കളങ്കതയും ഊടും പാവും നെയ്യുന്നതു നമുക്കു കാണാനാകും.  വിഷുക്കണി എന്ന കവിതയില്‍ അദ്ദേഹം ഉല്‍ഘോഷിക്കുന്നത്..
    "ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
     ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
     മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
     മണവും മമതയും ഇത്തിരി കൊന്നപ്പൂവും"   
എന്നാണ്. ആസ്സാം പണിക്കാര്‍ എന്ന കവിതയില്ലെ ഈ വരികള്‍ അദ്ദേഹം യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് ഒട്ടും മാറി നിന്നിരുന്നില്ല എന്നും നമ്മെ പഠിപ്പിക്കുന്നു.
    ". അറിയുമേ ഞങ്ങളറിയും നീതിയും 
     നെറിയും കെട്ടൊരീപ്പിറന്ന നാടിനെ! 
     അതിഥികള്‍ക്കെല്ലാമമരലോകമീ-
     ക്കിതവി ഞങ്ങള്‍ക്കു നരകദേശവും
     മദിപ്പിക്കും, കനിക്കിനാവുകൾ കാട്ടി
     കൊതിപ്പിക്കും; പക്ഷെ കൊടുക്കയില്ലവൾ"". 

    മലയാള മനസ്സുകളില്‍ കുന്നിമണിയുടെ നിഷകളങ്ക സ്നേഹം നിറച്ച്, കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കയ്പവല്ലരിയും സഹ്യപര്‍വ്വതവും അനുഭൂതി നിറയുന്ന പത്മതീര്‍ത്ഥമായ് കോരിനിറച്ച് ഈ ധന്യനായ അക്ഷരസ്നേഹി ഒടുവില്‍ 1985 ല്‍ ഇന്നേ ദിവസം 74 )0 വയസ്സില്‍ വിടചൊല്ലി കൊടിപ്പടം താഴ്ത്താതെ കടന്നുപോയി. നമുക്കോര്‍ക്കാം ഈ മഹാത്മാവിനെ ഒരു മാമ്പഴക്കാറ്റു തഴുകി കടന്നു പോകുമ്പോഴുള്ളള്ള ഉള്‍പുളകത്തോടെ.......

7 comments:

 1. മാമ്പഴം!!!!!!!!!!!!

  ReplyDelete
 2. Hello... nice article...One request..Could u please provide full version of the poem 'ചങ്ങാലി പ്രാവ്'... thank u...

  ReplyDelete
  Replies
  1. ഈ വരികളാണ് സ്‌കൂളിൽ പഠിക്കാനുണ്ടായിരുന്നത് . കൂടുതലറിയില്ല.

   Delete