Wednesday, January 7, 2015

ഭക്തിയുടെ ഉത്തുംഗം- ശ്രീ വൈഷ്ണവദേവീ ക്ഷേത്രം.

     പൊതുവേ യാത്രകളോടും തീര്‍ത്ഥയാത്രകളോടും ഒക്കെ വൈമുഖ്യം കാട്ടുന്ന മലയാളിക്ക് അത്ര പരിചിതമല്ലാത്ത തീര്‍ത്ഥാടന കേന്ദ്രമാണ് വൈഷ്ണവദേവിയുടെ പേരില്‍ പ്രസിദ്ധമായ ഗുഹാക്ഷേത്രം. 108 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. മഹാവിഷ്ണു സുദര്‍ശനചക്രത്താല്‍ പല ഭാഗങ്ങളാക്കി മുറിച്ചെറിഞ്ഞ സതീദേവിയുടെ ശരീരത്തിലെ കൈ ഇവിടെയാണു വന്നു പതിച്ചതെന്നു വിശ്വാസമുണ്ട്.   പഴമയുടെ ആത്മീയവിശുദ്ധിയും നൈര്‍മ്മല്യവും ഒത്തു ചേര്‍ന്ന ഭക്തികേദാരമണ് ജമ്മുകാഷ്മീരിലുള്ല ഈ തീര്‍ത്ഥാടനകേന്ദ്രം. ജമ്മുവില്‍ നിന്ന് ഏകദേശം നാല്പത്തിയാറ് കിലോമീറ്റര്‍ ദൂരെയുള്ള കട്ട്റ യിലെ ത്രികൂട ഗിരിനിരകള്‍ക്ക് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി എഴുനൂറ് മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയിലാണ് ആത്മീയ ഔന്നത്യത്തിന്റെ നിറുകയില്‍ പരിലസിക്കുന്ന ഈ ഗുഹാക്ഷേത്രം. ഏകദേശം 30 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവുമുള്ള ഗുഹയാണ് ക്ഷേത്രമായി സങ്കള്‍പിച്ചു പോരുന്നത്. ഈ ഗുഹാക്ഷേത്രത്തെക്കുറിച്ച് പല സങ്കല്‍പങ്ങളും നിലനില്‍ക്കുന്നു എങ്കിലും ഒരു അസുരന്റെ ഉപദ്രവത്തില്‍ നിന്നു താല്‍ക്കാലിക രക്ഷയ്കായി ദേവി ഈ ഗുഹയെ അഭയകേന്ദ്രമാക്കിയെന്നും പിന്നീട് ദേവി അസുരനെ നിഗ്രഹിച്ചു എന്നും തദ്ദേശീയര്‍ വിശ്വസിച്ചു പോരുന്നു. വൈഷ്ണവദേവിയുടെ മൂന്ന് വിശിഷ്ട ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബിംബങ്ങളാണ് ക്ഷേത്രത്തിന്റെ അലൌകികമായ ആകര്‍ഷണം. മൃത്യുവും കാലവും കൈവെള്ളയിലാക്കിയ മഹാകാളി, അറിവിന്റെ ആദിരൂപമായ സരസ്വതി, ഐശ്വര്യസൌഭാഗ്യങ്ങളുടെ മഹാലക്ഷ്മി എന്നീ രൂപങ്ങളില്‍ ദേവിയെ ഭക്തര്‍ക്ക് ഇവിടെ ദര്‍ശിക്കാം. ശ്രീ മാത വൈഷ്ണവദേവി ക്ഷേത്ര സമിതിയാണ് കോവിലിന്റെ മേല്‍നോട്ടം വഹിക്കുന്നത്.  വര്‍ഷത്തിന്റെ എല്ലാ സമയത്തും ഇവിടേയ്ക്കു തീര്‍ത്ഥാടകരുടെ പ്രവാഹം തന്നെയുണ്ടെങ്കിലും നവരാത്രി കാലത്താണ് അത് ഏറ്റവും അധികം. 

     ആന്ധ്രയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശക ബാഹുല്യം അവകാശപ്പെടാവുന്നത് വൈഷ്ണവദേവി ക്ഷേത്രത്തിനാണ്. ഏകദേശം ഒരു കോടിയോളം  തീര്‍ത്ഥാടകരാണ് ആണ്ടുതോറും ഇവിടെ വന്ന് ദര്‍ശന പുണ്യം നേടുന്നത്. ആത്മീയ നിര്‍വൃതി തേടി  വൈഷ്ണവ മാതാ സന്നിധിയിലേക്ക് അല്പം ദുര്‍ഘടമായ പാതകള്‍ താണ്ടിയാണ് വിശ്വാസികള്‍ ചെന്നെത്തുന്നത് എന്നാണ് പൊതുവിലുള്ള അറിവ്.  വൈഷ്ണവദേവിയിലേയ്ക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ തന്നെ മനസ്സില്‍ വന്നത് വളരെ ദുര്‍ഘടം പിടിച്ച ഒരു യാത്ര ആയിരുന്നു. മലകയറ്റവും തണുപ്പും ആസ്വദിക്കാന്‍ അതുകൊണ്ടു തന്നെ മനസ്സിനെ പാകപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബര്‍, ജനുവരി ഫെബ്രുവരികാലത്തെ മഞ്ഞുവീഴ്ച യാഅത്രയ്ക്കു ചെറിയൊരു കുറവും വരുത്തുന്നു.

 മെയ്മാസത്തിലെ കൊടും ചൂടില്‍ നിന്നാണ്  മുംബൈയില്‍ നിന്ന് വൈഷ്ണവദേവി യാത്രയ്ക്കായി ട്രെയിന്‍ കയറുന്നത്. ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവിന്റെ ഏതാനും സഹപ്രവര്‍ത്തകരും കുടുംബവും. അവരില്‍ പലരും ഈ തീര്‍ത്ഥാടനം മുന്‍പും നടത്തിയവരാണ്.
ആ പരിചയം മറ്റു സാങ്കേതിക തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഏറെ സഹായകമാവുകയും ചെയ്തു.  ഡല്‍ഹിയില്‍ എത്തിയശേഷം ട്രെയിന്‍ മാറിക്കയറി ജമ്മു തവിയിലെത്തിയത് ഒരു തണുത്തു വിറയ്ക്കുന്ന പുലര്‍കാലത്തായിരുന്നു. വളരെയധികം യാത്രികള്‍ വന്നിറങ്ങുന്ന റെയില്‍വേസ്ടേഷന്‍ ആണെങ്കിലും നമ്മുടെ നാട്ടില്‍ ഹൈറേഞ്ചില്‍ ഒരു കുഗ്രാമത്തെ ഓര്‍മ്മപ്പെടുത്തി അവിടം. തവി നദി ഒഴുകുന്ന ഈ കര, ക്ഷേത്രങ്ങളുടെ നാടണ്. അവിടെ നിന്ന് ബസ്സ് മര്‍ഗ്ഗമാണ് കട്രയിലെത്തിയത്. ( ഇപ്പോള്‍ കട്ര വരെ ട്രെയിന്‍ സൗകര്യം ഉണ്ട്) കര്‍ത്രി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. മുപ്പതു കിലോമീറ്ററില്‍ അധികം ദൂരമുണ്ട് ഈ ബസ്സ് യാത്രയ്ക്ക്. കട്രയില്‍ താമസസൗകര്യങ്ങല്‍ പലവിധത്തില്‍ ലഭ്യമാണ്. ഹോട്ടല്‍ മുറികള്‍ ഏതു നിലവാരത്തിലുള്ളതും ഉണ്ട് എന്നതിനു പുറമേ ധാരാളം ധര്‍മ്മശാലകള്‍ യാത്രികള്‍ക്ക് സകലസൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ക്ക് അമിതമായ സാമ്പത്തികച്ചിലവ് ഇല്ല എന്നതിനാലും ഹോട്ടലില്‍ മുറികിട്ടാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് പലരും ഇവിടെയണ് യാത്രയ്ക്കിടയിലെ വിശ്രമത്തിന് ആശ്രയം കണ്ടെത്തുന്നത്. കട്രയില്‍ നിന്നു കൂലി ഏജന്സിയില്‍ നിന്നു പര്‍ച്ചി എന്ന രജിസ്ട്രേഷന്‍ വാങ്ങി വേണം യാത്രികള്‍ മുകളിലേയ്ക്കുള്ല കയറ്റം തുടങ്ങേണ്ടത്. ഈ അനുമതി പത്രം ഇല്ലായെങ്കില്‍ അധികൃതര്‍ യാത്ര തടഞ്ഞേക്കാം. ഇപ്പോള്‍ ഇത് ഓണ്‍ലൈനിലും ലഭിക്കുന്നുണ്ട്.

       കട്രയില്‍ നിന്നു എത്രയും വേഗം കയറ്റം തുടങ്ങേണ്ടതുണ്ട്. 13 കി മി ദൂരം മലകയറ്റമാണ്.  വൈകുന്നേരത്തെ ആരതി കഴിഞ്ഞ് 2 മണിക്കൂര്‍ നേരം ഗുഹയിലേയ്ക്കുള്ള പ്രവേശനം നിര്‍ത്തിവെയ്ക്കും. അതിനു മുന്‍പ് ഗുഹയിലേയ്ക്കുള്ള പ്രവേശനകവാടത്തിലെത്തിയെങ്കില്‍ മാത്രമേ ദര്‍ശനം അന്നു സാധ്യമാകൂ. വൈകിയാല്‍ അടുത്ത ദിവസം മാത്രമേ ഗുഹാക്ഷേത്രദര്‍ശനം സഫലമാകൂ. അതുകൊണ്ട് ഞങ്ങള്‍ ഒരു ധര്‍മ്മശാലയില്‍ ലഗ്ഗേജ് ഒക്കെ വെച്ച് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ തയ്യാറായി. വലിയ നീളമുള്ള ഒരുപാടു ഹാളുകള്‍ പണിതിട്ടിട്ടുണ്ട്. രജായികളും കംബിളിപ്പുതപ്പുകളും അടുക്കി വെച്ചിട്ടുണ്ട്. ഹാളില്‍ പലയിടത്തായി യാത്രികള്‍ രജായി വിരിച്ച് കംബിളി പുതച്ച് കിടന്നുറങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കുളിമുറികളും ശൗചാലയങ്ങളും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയുണ്ട്. എല്ലാവരും തയ്യാറായി അത്യാവശ്യം വേണ്ട സാധനങ്ങളുമായി ആണ് മലകയറ്റം തുടങ്ങുന്നത്. മറ്റു ലഗ്ഗേജുകള്‍ സുരക്ഷിതമായി അവിടെ മുറിയില്‍ വെച്ച് താക്കോല്‍ കൈവശം സൂക്ഷിച്ചു. തിരികെ വരുമ്പോള്‍ എടുത്താല്‍ മതി. 



ലഘുഭക്ഷണത്തിനു ശേഷമാണ് മലകയറാന്‍ തുടങ്ങിയത്. പതിനൊന്നു മണിയോടടുത്തു. പതിമൂന്നര കിലോമീറ്റര്‍ നടന്നെങ്കില്‍ മാത്രമേ ഗുഹയില്‍ എത്തുകയുള്ളു. മലകയറിപ്പോകുന്ന ഒരു ഭീമന്‍ പാമ്പിനെ പ്പോലെ കറുത്ത വളഞ്ഞു പുളഞ്ഞ പാത. നന്നായി ടാര്‍ചെയ്തും കോണ്‍ക്രീട് ചെയ്തും ഓടുകള്‍ പതിച്ചും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. താഴെയും മുകളിലും ജമ്മുവിന്റെ സസ്യസമ്പത്ത് വിളിച്ചോതുന്ന വനങ്ങള്‍.  ദേവതാരു മരങ്ങളും പൈന്‍മരങ്ങളും  ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്നു. വലിയ സൂചിപോലുള്ള ഇലകള്‍ കൊഴിഞ്ഞു വീണ് ഉണങ്ങിക്കിടക്കുന്നുണ്ട്. നല്ല മിനുസമുള്ള പ്ലാസ്റ്റിക് പോലുള്ല ഈ ഇലകളിള്‍ ചവിട്ടിയാല്‍ തെന്നിപ്പോകാനും സാധ്യതുണ്ട്. വഴിയിലൊക്കെ ധാരാളം കുരങ്ങന്‍മാരുമുണ്ട്. വെയില്‍ ചൂട് കാരണം തണുപ്പ് അത്ര രൂക്ഷമായി അനുഭവപ്പെട്ടില്ല. എങ്കിലും എല്ലാവരുടെ കയ്യിലും സ്വെറ്ററും ഷാളും മഫ്ളറും മങ്കിക്യാപ്പും ഒക്കെയുണ്ട്. നടന്നു കയറാന്‍ വൈഷമ്യമുള്ലവര്‍ക്ക് ഹെലികോപ്ടര്‍ സൗകര്യവുമുണ്ട്. കൂടാതെ ഡോളി എന്നറിയപ്പെടുന്ന പല്ലക്കും കുതിരകളും ലഭ്യമാണ്. 

     കയറിപ്പോകുന്ന വഴി തെല്ലല്ല അത്ഭുതപ്പെടുത്തിയത്. ഓരോ മുക്കിലും മൂലയിലും ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ലഘുഭക്ഷനശാലകളും എല്ലായിടത്തുമുണ്ട്.  അതും ശ്ലാഘനീയമായ വൃത്തി ഉറപ്പാക്കിക്കൊണ്ട്. അതുപോലെ തന്നെ ശൗചാലയങ്ങളും . ദശലക്ഷങ്ങള്‍ വന്നെത്തുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇതെങ്ങനെ സാധ്യമാകുന്നു എന്ന് അമ്പരക്കാതിരുന്നില്ല. ഇക്കാര്യത്തില്‍ നമ്മുടെ പ്രബുദ്ധകേരളം എത്ര പിന്നിലാണെന്ന് ഓര്‍ത്തുപോയി. ശബരിമലയിലും മറ്റും അയ്യപ്പന്‍മാര്‍ ഓരോ വര്‍ഷവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തു. സുന്ദരമായ ത്രികുടപര്‍വ്വതദൃശ്യങ്ങളിലെ ഹരിതഭംഗി നുകര്‍ന്ന്, മനോഹരമായ പാതയിലൂടെ 'ജയ്മാതാദി' എന്നു പാടി യാത്രികള്‍ ഒട്ടും മടുപ്പറിയാതെ നടന്നു പോകുന്നു.. ഞങ്ങളും അവരോടൊപ്പം... ഇടയ്ക്ക് ചോറും രാജ്മക്കറിയും , ആലുപറാത്തയും വിവിധ പാനീയങ്ങളും ഒക്കെ ലഭ്യവുമാണ്. വളഞ്ഞു പുളഞ്ഞു കയറുന്ന ടാറിട്ട പാതകൂടാതെ മലയിലേയ്ക്കു കയറിപ്പോകുന്ന കുത്തനെയുള്ല പടിക്കെട്ടുകളുമൂണ്ട്. പടികയറാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയാകാം. ഹെലികോപ്ടറില്‍ മുകളിലെത്തുന്നവരും കുറവല്ല.

      ഒരുവന്‍ എത്ര ധനികനോ ശക്തിമാനോ ആകട്ടെ, അമ്മദേവിയുടെ സ്നേഹപൂര്‍വ്വമായ വിളിയില്ലെങ്കില്‍ വൈഷ്ണവദേവിയിലേയ്ക്കുള്ല യാത്ര അസാധ്യം എന്നാണ് ഭക്തരുടെ ചിരകാലമായുള്ല വിശ്വാസം. പലരും രെജിസ്ട്രേഷന്‍ കഴിഞ്ഞു യാത്ര മുടങ്ങിയതിനാലാവാം ഇങ്ങനെ ഒരു വിശ്വാസം പ്രചരിച്ചിരിക്കുന്നത്. ഈ യാത്ര ഏതുവിധത്തില്‍ നോക്കിയാലും ഒരു മഹാ ഭഗ്യം തന്നെ. വൈഷ്ണവമാതാ, ഭൈരോണ്‍നാഥ് എന്ന അസുരനില്‍ നിന്നു രക്ഷനേടാന്‍ ത്രികൂടപര്‍വ്വതത്തില്‍ എത്തി ബാന്‍ഗംഗ ( ദേവി അമ്പു തൊടുത്തു സൃഷ്ടിച്ചതാണ് ഈ നദി- ബാണഗംഗ) , ചരണപാദുക, അധകുവാരി എന്നിവിടങ്ങളില്‍ തങ്ങിയശേഷമാണ് പവിത്രഗുഹയില്‍ എത്തിയത്. അതുകൊണ്ടു തന്നെ തീര്‍ത്ഥാടകരും ഈ അരാധനാസ്ഥലങ്ങള്‍ കടന്നു വേണം വൈഷ്ണോദേവിഭവനില്‍ എത്തി ഗുഹ സന്ദര്‍ശിച്ചു ദേവീ ദര്‍ശനം നടത്തേണ്ടത്.

ദേവിഭവനില്‍ ധര്‍മ്മശാലകളും മറ്റും ഉണ്ട്. ദേഹശുദ്ധിവരുത്തി വേണം ദേവീദര്‍ശനം നടത്തേണ്ടത്. അതിനുള്ള സൗകര്യം അവിടെയുണ്ട്. പലപ്രായക്കാരും ഈ യാത്രയിലുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ടുള്ള അമ്മമാരും അംഗവൈകല്യം ബാധിച്ചവരും ഒക്കെ പ്രസന്നവദനരായി അത്യുത്സാഹത്തോടെ നടന്നു നീങ്ങുന്നത് ഒരത്ഭുത കാഴ്ച തന്നെ. സ്ത്രീകളധികവും ചുവന്നപട്ടുടുത്താണ് എത്തിയിരിക്കുന്നത്, ഇതും ഒരു വിശ്വാസത്തിന്റെ ഭാഗം. കണ്ടുമുട്ടിയ മുഖങ്ങളിലൊന്നും ഒരു ദുരിതയാത്രയുടെ ആലസ്യമോ വിരസതയോ കാണാനില്ലായിരുന്നു, മറിച്ച് നിറഞ്ഞ ആത്മവിശ്വാസവും പ്രസരിപ്പും മാത്രം. 

ചുവന്നപട്ടുതുണിയും, സാരിയും വെള്ളി-സ്വര്‍ണ്ണ ആഭരണങ്ങളും പൂക്കളും പഴങ്ങളും ഒക്കെ ഇവിടുത്തെ നേര്‍ച്ചവസ്തുക്കളാണ്. വഴിയോരത്തൊക്കെ ഇവയൊക്കെയും ലഭ്യമാണ്. നാളികേരം ഗുഹയിലേയ്ക്കു കൊണ്ടുപോകാന്‍ അനുവദിക്കപ്പെട്ടിട്ടില്ല. മറ്റെല്ലാ ക്ഷേത്രങ്ങളിലെയും പോലെ ഇവിടെ എവിടെയും തേങ്ങയുടയ്ക്കാനുമാവില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണിത്. (നാളികേരത്തില്‍ ബോംബുഭീഷണി ഉണ്ടായിരുന്നു ഇവിടെ ) എങ്കിലും ഭക്തരുടെ താല്‍പര്യം കണക്കിലെടുത്ത് കൊണ്ടുവരുന്ന നാളികേരങ്ങള്‍ ഗുഹയ്ക്ക്യ് പുറത്തുള്ല കൗണ്ടറില്‍ സ്വീകരിക്കുന്നതാണ്. പണവും ആഭരണങ്ങളും നിക്ഷേപിക്കാനുള്ല വിവിധ ഭണ്ടാരപ്പെട്ടികളുണ്ട്. വലിയ ആഭരണങ്ങള്‍ കൗണ്ടറില്‍ സ്വീകരിക്കും.  


      ഞങ്ങള്‍ ദേവിഭവനില്‍ എത്തിയത് വൈകുന്നേരത്തെ ആരാധനയ്ക്കു മുന്‍പായിരുന്നു. അതുകൊണ്ട് 2 മണിക്കൂര്‍ അവിടെ കാത്തിരിക്കേണ്ടി വന്നില്ല. ഗുഹയിലേയ്ക്കു പ്രവേശിക്കാന്‍ ബാക്കി എല്ലാ സമയവും സാധ്യമാകുമെങ്കിലും അകത്തേയ്ക്കു കടത്തിവിടുന്ന ഭക്തരുടെ എണ്ണത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രികരുടെ സൗകര്യം കണക്കിലെടുത്തും തിക്കിത്തിരക്കിലുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനും വേണ്ടിയാണിത്. ഗുഹയിലേയ്ക്കുള്ള പ്രവേശനം കഠിനമാണ്. പലപ്പോഴും ഇഴയുന്ന രീതിയില്‍ വേണം മുന്‍പോട്ടു പോകേണ്ടത്. ദേവീദര്‍ശനം മൂന്നു വ്യത്യസ്ഥമായ ശിലാരൂപങ്ങളായ 'പിണ്ഡി'ദര്‍ശനമാണ്. ഇവ, കാളി, മഹാലക്ഷ്മി, സരസ്വതി ദേവിമാരുടെ പ്രതീകങ്ങളായി കരുതിപ്പോരുന്നു. മറ്റു വിഗ്രഹങ്ങളൊന്നും ഇവിടെ കാണാന്‍ കഴിയില്ല. വലിയൊരു ക്ഷേത്രസമുച്ചയവും കാണാനില്ല. എങ്കിലും പിണ്ഡിപൂജ ഭക്തര്‍ക്ക് വളരെ പ്രധാനം.  ബാണഗംഗയുടെ ഉത്ഭവസ്ഥാനവും ഈ ഗുഹയ്ക്കടുത്തു തന്നെ.



ഭൈരോണ്‍നാഥില്‍ നിന്നു രക്ഷ്നേടാന്‍ ഒന്‍പതുമാസക്കാലം ദേവി അധകുവാരിഗുഹയില്‍ കഴിഞ്ഞത്രേ. അതിനുശേഷം പുറത്തുവരുമ്പോള്‍ ഹനുമാന്‍ കാവലുണ്ടായിരുന്നു. സ്നാനം നടത്താന്‍ ജലസ്രോതസ്സൊന്നും കാണാതിരുന്നതിനാല്‍ ദേവി ഒരമ്പെയ്ത് മണ്ണില്‍ പതിപ്പിച്ച് അതില്‍ നിന്നു നിര്‍ഗ്ഗളിച്ചതാണ് ബാണഗംഗ. ഈ ജലം ശേഖരിച്ച് ഭക്തര്‍ വീട്ടില്‍ കൊണ്ടുപോകാറുണ്ട്. ഇതു പാനം ചെയ്യുന്നതും പുണ്യമായി കരുതപ്പെടുന്നു. ദേവിയെ ദര്‍ശിക്കാന്‍ ഈ പവിത്രഗുഹയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും വന്നു എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ ദേവീ ദര്‍ശനം കൊണ്ട് ഈ സര്‍വ്വദൈവങ്ങളുടേയും അനുഗ്രഹമുണ്ടാകുമെന്നും വിശ്വസിക്കുന്നു. ഗുഹയില്‍ പിണ്ഡി ദര്‍ശനത്തിനു പുറമേ, വിഘ്നേശരന്‍, ശിവപാര്‍വ്വതി, ബ്രഹ്മാവിഷ്ണുമഹേശ്വര്‍മാര്‍, പാണ്ഡവന്‍മാര്‍ ശേഷനാഗം ഇവരുടെയൊക്കെ പ്രതീകദര്‍ശനവും സാധ്യമാണ്. മൂലപാതയിലൂടെ ഗുഹയില്‍ കടന്നാല്‍ മാത്രമേ ഇവയൊക്കെ ദര്‍ശിക്കാനാവൂ. തിരക്കൂ കൂടുതലുള്ലപ്പോള്‍ സുരക്ഷയെ നിലനിര്‍ത്തി പുതിയവഴിയുലൂടെയാണ് അകത്തു പ്രവേശിക്കാന്‍ അനുമതി.

       പവിത്രഗുഹയിലെ ദര്‍ശനവും ബാണഗംഗയിലെ ജലപാനവും ഒക്കെ വളരെ സുഗമമായി കഴിഞ്ഞു. ഇരുട്ടും തുളച്ചുകയറുന്ന തണുപ്പും യാത്രികളെ വലയം ചെയ്തു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. വൈഷ്ണവദേവിഭവനില്‍ എല്ലാസമയവും അന്നദാനം ഉണ്ട്. ലങ്കാര്‍ എന്നാണിത് അറിയപ്പെടുന്നത്. ഭക്ഷണം കഴിക്കാന്‍ പണം നല്‍കേണ്ടതില്ല. നമുക്കിഷ്ടമുള്ളത് അവിടെയുള്ള ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം.  പല പ്രസിദ്ധരും ഈ സംരഭത്തിലേയ്ക്കായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അങ്ങളുടെ സംഘവും അവിടെ നിന്ന് ഭക്ഷണം കഴിച്ച്  ഭൈരോണ്‍ നാഥിലേയ്ക്കു ദര്‍ശനത്തിനായി പുറപ്പെട്ടു. നാലു കിലോമീറ്റര്‍ വീണ്ടും പോകേണ്ടതുണ്ട് അവിടെയെത്താന്‍. സംഘത്തിലെ ചിലര്‍ കുതിരയെ ആശ്രയിച്ചു ഈ ദുര്‍ഘടയാത്രയ്ക്ക്.  വൈഷ്ണോദേവീ ദര്‍ശനത്തിനു വരുന്നവര്‍ ഇവിടെയും ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ഈ യാത്ര പൂര്‍ണ്ണമാകൂ എന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഭൈരോണ്‍നാഥിന്റെ ശിരഛേദം നടത്തി നിഗ്രഹിച്ചപ്പോള്‍ ദേവി കൊടുത്ത വരമാണ് ആ ശിരസ്സ് പതിച്ചയിടം കൂടി ദേവീ ദര്‍ശനത്തിനായി എത്തുന്നവര്‍ സന്ദര്‍ശിച്ചു കൊള്ളുമെന്ന്..


     ദര്‍ശനം അടുത്ത പ്രഭാതത്തിലേയ്ക്കു മാറ്റിവെച്ച്, അവിടെ തന്നെയുള്ല വിശ്രമാലയത്തിലാണ് ഞങ്ങളുടെ സംഘവും ഉറങ്ങാന്‍ തീരുമാനിച്ചത്. ഹാളില്‍ നിറയെ ധാരാളം ആളുകള്‍ ഉറങ്ങുന്നുണ്ട്. പിന്നെയും രജായിയും കമ്പിളിയുമൊക്കെ അടുക്കി വെച്ചിരിക്കുന്നു. എല്ലാവരും അതെടുത്ത് വിരിച്ച് അതിനുമുകളില്‍ കൈവശമുള്ള ഷീറ്റും പുതപ്പുമൊക്കെ വിരിച്ച് ഉറങ്ങാന്‍ കിടന്നു. തണുപ്പിന്റെ കാഠിന്യത്താല്‍ ജനാകളൊന്നും തുറക്കാറേയില്ല. വായുസഞ്ചാരമൊട്ടുമില്ലാത്ത ഹാളില്‍ ആകെ മുഷിഞ്ഞ മണം തളം കെട്ടി നിന്നു. പിന്നെ കമ്പിളിയുടെ പൊടിയും ഒക്കെയായപ്പോള്‍ എന്റെ ഭര്‍ത്താവിന് ശ്വാസതടസ്സം കലശ്ശലായി. അതുകൊണ്ട് ഞങ്ങള്‍ പുറത്തിറങ്ങി മുറ്റത്തെ സിമന്റു ബെഞ്ചില്‍ കിടക്കാമെന്നു കരുതി. തണുപ്പ് ശരീരത്തിന്റെ ഓരോ അണുവിലേയ്ക്കും അരിച്ചു കയറുന്ന്ണ്ട്. എങ്കിലും പുറത്തു കടന്നപ്പോള്‍ നല്ല ആശ്വാസം തോന്നി. മുകളിലേയ്ക്കു നോക്കിയപ്പോഴുള്ല കാഴ്ച അവിശ്വസനീയമായി തോന്നി. വിശാലനഭസ്സില്‍ വിതറിയിട്ട മുല്ലപ്പൂക്കള്‍ പോലെ ഒരായിരം നക്ഷത്രജാലം. അതും കയ്യെത്തിയാല്‍ തൊടാമെന്നതുപോലെ.. ഏകദേശം ആറായിരം അടി ഉയരത്തിലാണു ഞങ്ങള്‍. നക്ഷത്രങ്ങളെ ഇത്ര അടുത്തു കാണുന്നത് ഇതാദ്യമായാണ്.. അരിച്ചു കയറുന്ന തണുപ്പിനെപ്പോലും മറന്ന് ആ നക്ഷത്രക്കാഴ്ചയില്‍ മുഴുകിയിരുന്നു പോയി. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ മുന്‍പു പുസ്തകത്താളുകളില്‍ പഠിച്ച പല നക്ഷത്രക്കൂട്ടങ്ങളേയും കണ്ടെത്താന്‍ ആ മെയ്മാസരാത്രിയില്‍ കഴിഞ്ഞു. ഏറ്റവും ആദ്യം തിരിച്ചറിഞ്ഞത് സപ്തര്‍ഷികളേയായിരുന്നു. മകനാണ് അതെനിക്കു കാട്ടിത്തന്നത്. പിന്നെ ഞങ്ങള്‍ മത്സരിച്ചു, ഓരോ ഗണത്തേയും തിരിച്ചറിയുന്നതാരെന്നറിയാന്‍.. അങ്ങനെ എത്ര നേരം ഇരുന്നു എന്നറിയില്ല.. പതിയെ പൊഴിയുന്ന മഞ്ഞിന്റെ കനം കൂടി, തണുപ്പു സഹിക്കാനാകാത്തരീതിയില്‍ ആക്രമണം രൂക്ഷമാക്കി. ഞങ്ങള്‍ മൂവരും തൊട്ടപ്പുറത്തെ തിരക്കു കുറഞ്ഞൊരു ഹാളിലേയ്ക്കു പോയി.  ആ രാത്രി അവിടെ ഉറങ്ങാതെ ഉറങ്ങി കഴിച്ചുകൂട്ടി. 


      സഹയാത്രികരൊക്കെ ഉറക്കമുണര്‍ന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു. പിന്നെ ചൂടു ചായ കുടിച്ച്, പ്രഭാതകൃത്യങ്ങളൊക്കെ നിര്‍വ്വഹിച്ച്, ഭൈരോണ്‍നാഥ്  ദര്‍ശനവും നടത്തി മലയിറങ്ങാന്‍ തയ്യാറെടുത്തു. മലയിറങ്ങും വഴി വൈഷ്ണോദേവിയുടെ പ്രസാദമായി ലഭിക്കുന്ന ഉണങ്ങിയ ആപ്പിളും മുന്തിരിയും ബദാമും അക്രൂട്ടുമടങ്ങിയ പാക്കറ്റുകള്‍ വാങ്ങി ശേഖരിച്ചു. പിന്നെ കുങ്കുമപ്പുവും അവിടുത്തെ സര്‍ക്കാര്‍ വിപണനകേന്ദ്രങ്ങളില്‍ നിന്നും വാങ്ങി വെച്ചു.  ഇനിയും ഞങ്ങളുടെ യാത്ര ഒരുപാടു മുന്‍പോട്ടു പോകേണ്ടതുണ്ട്. അന്നു തന്നെ ഞങ്ങള്‍ക്ക് അമൃത് സറില്‍ എത്തേണം. അടുത്തദിവസം അമൃത് സറിലെ പ്രസിദ്ധമായ സുവര്‍ണ്ണക്ഷേത്രവും ജാലിയന്‍വാലാബാഗും സന്ദര്‍ശിച്ച് വാഗാ അതിര്‍ത്തിയിലെ സായന്തന പരേഡും കാണാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  പിണ്ഡിദര്‍ശനം 

നടത്തി, സകലസംതൃപ്തിയോടെയും മലയിറങ്ങുമ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ചോദ്യം ദേവിയോടു പ്രാര്‍ത്ഥിക്കാന്‍ ഒന്നുമില്ലാതെ പോയതെന്തേ എന്നായിരുന്നു...



          .

No comments:

Post a Comment