Friday, January 30, 2015

ചുവപ്പുചായം, ഒരു മനഃസമാധാനം

     കല്യാണില്‍ താമസം തുടങ്ങിയപ്പോള്‍ കിട്ടിയ സൗഹൃദമായിരുന്നു ഗീതയുമായി. അടുത്ത ഫ്ലാറ്റിലായിരുന്നതുകൊണ്ടു വരവും പോക്കും ഒക്കെയായി ഞങ്ങള്‍ അങ്ങനെ കഴിഞ്ഞുപോന്നു. മോനെയും കൊണ്ടു വന്നപ്പോള്‍ ഗീത ഒരു വലിയ ആശ്വാസം തന്നെയായിരുന്നു. ഒന്നു കൈമാറിപ്പിടിക്കാന്‍, മോനുറങ്ങുമ്പോള്‍ കാവലിരുത്തി കടയില്‍ പോകാന്‍ ഒക്കെ ഗീതയുണ്ടായിരുന്നു. വലുതാകുന്തോറും അവന്റെ ശാഠ്യവും കൂടിക്കൂടി വന്നു. വാശിപിടിച്ചു കരയുമ്പോള്‍ ആശ്വസിപ്പിക്കാനുള്ല ഏക മാര്‍ഗ്ഗം കഥ പറയുക എന്നതാണ്. കൈവശമുണ്ടായിരുന്ന കഥയുടെ ഖനി ശൂന്യമായപ്പോള്‍ സ്വയം കഥകള്‍ മെനയാന്‍ തുടങ്ങി. കഥയെന്ന പേരില്‍ എന്തുപറഞ്ഞാലും അവന്‍ കരച്ചില്‍ നിര്‍ത്തി അതില്‍ ശ്രദ്ധിച്ചിരിക്കുമായിരുന്നു. ഗീത കഥപറയാന്‍ മിടുക്കിയായിരുന്നു. മോന്റെ നിര്‍ത്താതെയുള്ല കരച്ചില്‍ കേട്ടാല്‍ പലപ്പോഴും അവള്‍ പ്രശ്നം പരിഹരിക്കാനെത്തിയിരുന്നത് ഒരു വലിയ ആശ്വാസമായിരുന്നെനിക്ക്..

    മോനെ ജൂനിയര്‍ കെ ജി യില്‍ ചേര്‍ത്തപ്പോള്‍ ഞാനും ഒരു സ്കൂളില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് തിരക്കിനിടയില്‍ ഗീതയുമായുള്ള കൂടിച്ചേരല്‍ വല്ലപ്പോഴുമായി. കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചിരുന്ന അവള്‍ കുറെനാള്‍ നാട്ടില്‍ ഏതോ ചികത്സയിലുമായിരുന്നു. എന്തായാലും അധികം താമസിയാതെ കാലം അവള്‍ക്കും സന്താനഭാഗ്യം കൊടുത്തു. രണ്ടു മിടുക്കന്മാരായ ആണ്‍മക്കള്‍. ആ കാലത്തു തന്നെ ഞങ്ങള്‍ രണ്ടു കൂട്ടരും കല്യാണിന്റെ രണ്ടു ഭാഗങ്ങളിലായി താമസം മാറി. എനിക്കവള്‍ ചെയ്ത സഹായങ്ങളൊന്നും തിരികെക്കൊടുക്കാന്‍ എനിക്കായില്ല..എങ്കിലും നന്ദിയോടെ മാത്രമേ ഞാനെന്നും അവളെ ഓര്‍മ്മിക്കാറുള്ളൂ...

     വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഗീതയേ കണ്ടുമുട്ടുന്നത് ഒരു വിവാഹസല്‍ക്കാര വേളയിലായിരുന്നു. അന്നു അവളുടെ മൂത്തമകന്‍ പത്താം ക്ലാസ്സില്‍ പടിക്കുന്നു. രണ്ടാമന്‍ ഒന്‍പതിലും. മുഖത്തെ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട്, വേഷത്തിലൊന്നും ഒരു ശ്രദ്ധയുമില്ലാതെ.. ആകെക്കൂടെ അകാലവാര്‍ദ്ധക്യ്ം ബാധിച്ചതുപോലെ....ഒരാളെ കാണുമ്പോള്‍ " അയ്യോ, ഇതെന്തുപറ്റി, ആകെ ക്ഷീണിച്ചുപോയല്ലോ, അല്ല അസുഖവു മാണോ.." എന്നക്കെയുള്ള അമര്യാദയുടെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് (കേള്‍ക്കുന്നതും) എനിക്കൊട്ടും ഇഷ്ടമുള്ല കാര്യമല്ല. എങ്കിലും അവളോട് ചോദിക്കാതിരിക്കാനായില്ല എന്തു പറ്റിയെന്ന്.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞതൊക്കെ അവളുടെ സങ്കടങ്ങള്‍. മകന്‍ ആകെ പ്രശ്നക്കാരനാണത്രേ.. അനുസരണ ഒട്ടുമില്ല. തോന്നുമ്പോലെയേ എന്തും ചെയ്യൂ.. എന്തു പറഞ്ഞാലും തറുതല പറയും. ആരേയും വകവെയ്ക്കില്ല. സ്കൂളിള്‍ നിന്നും പരാതികള്‍ കിട്ടാറുണ്ട്.  പഠിക്കാന്‍ തീരെ താല്‍പര്യമില്ല. ചീത്തസ്വഭാവക്കാരായ കുട്ടികളാണ്ത്രേ കൂട്ട്. രാത്രിയില്‍ പോലും വളരെ വൈകും വരെ കൂട്ടുകാരുമൊത്തു കറങ്ങി നടക്കും. അവളുടെ ഭര്‍ത്താവിന് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയവുമില്ല. ഒരു സ്വകാര്യസ്ഥാപനത്തിലെ ഉയര്‍ന്ന തസ്തികയിലുള്ല ആളാണ് അദ്ദേഹം. രാത്രി വളരെ വൈകിയാവും ദിവസവും എത്തുക. മകനാകട്ടെ സാഹചര്യങ്ങളൊക്കെ നന്നായി മുതലെടുത്തുപോന്നു...ഒക്കെ കേട്ട്  ഞാനും വല്ലാത്ത വിഷമത്തിലായി. കുറെ ആശ്വാസവാക്കുകളൊക്കെ പറഞ്ഞു. ഈ പ്രായത്തിലെ മിക്കവാറും എല്ലാ കുട്ടികള്‍ക്കും കുറച്ചു ധാര്‍ഷ്ട്യം ഉണ്ടാകുമല്ലോ..ഒക്കെ കുറച്ചു കഴിയുമ്പോള്‍ മാറി മിടുക്കനാവും എന്നൊക്കെ. എന്റെ വാക്കുകള്‍ മനസ്സില്‍ നിന്നു വന്നതായിരുന്നു. അതുകൊണ്ട് എനിക്കുറപ്പുണ്ടായിരുന്നു ഗീതയുടെ എല്ലാ വിഷമങ്ങളും മാറുമെന്ന്..

     ഇന്നലെ യാദൃശ്ചികമായി വീണ്ടും ഗീതയെ കണ്ടുമുട്ടി. വളരെ സന്തോഷവതിയായിരിക്കുന്നു. ആ പഴയ ഗീതയായി.. മകന്‍ മുംബൈയില്‍ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നു. മിടുക്കനായിരിക്കുന്നു. ചെറിയ മോന്‍ പത്രണ്ടാം ക്ലാസ്സിലും. മൂത്തയാളുടെ ദുഃസ്വഭാവമൊക്കെ മാറി നല്ല കുട്ടിയായത്രേ. അതിന്റെ പിന്നിലെ കഥയും അവളെന്നോടു പറഞ്ഞു. മകന്റെ നല്ലതിനായി ജ്യോതിഷികളേയും വാസ്തുശാസ്ത്രജ്ഞരേയുമൊക്കെ കണ്ട് ഒരുപാടു പണം ചെലവാക്കി. എന്നിട്ടും ഒരു മാറ്റവും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ടി വി ചാനലില്‍ ഫ്യുങ്ങ്ഷ്വെ  അവതരിപ്പിച്ചിരുന്ന ഒരു സ്ത്രീയാണ് ഗീതയ്ക്ക് മോക്ഷം കൊടുത്തത്. വീടിന്റെ കിഴക്കു വശത്ത്  കക്കൂസ്, കുളിമുറി ഇത്യാദികള്‍ വന്നാല്‍ അതു ചീത്ത ഊര്‍ജ്ജത്തെ കൊണ്ടുവരുമത്രേ..അതു ബാധിക്കുക കുട്ടികള്‍ക്കാണ്. അവര്‍ വഴിപിഴച്ചുപോകുന്നതിനിടയാക്കും ഈ ചീത്ത ഊര്‍ജ്ജം. അതു മാറ്റി യോജിച്ച സ്ഥലത്തേയ്ക്കു പണിതാല്‍ ഈ പ്രശ്നം പരിഹരിക്കാം. .. പക്ഷേ ഫ്ലാറ്റില്‍ എന്തു ചെയ്യും!.. അതിനും ഉണ്ട് മാര്‍ഗ്ഗം. കക്കൂസിന്റെ കിഴക്കേ ഭിത്തിയില്‍ ചുവന്ന ചായം തേച്ചാല്‍ മതിയത്രേ.. ഗീത പിന്നെ ഒട്ടും അമാന്തിച്ചില്ല കക്കൂസിന്റെ ഭിത്തിയില്‍ ചുവന്ന ചായം പൂശി. എന്തായാലും മകനു നല്ല മാറ്റം വന്നു. പഠനത്തില്‍ ശ്രദ്ധിച്ചു, അമ്മയോടു സ്നേഹത്തോടെ പെരുമാറാനും സഹായിക്കാനുമൊക്കെ  തുടങ്ങി. സന്തോഷം അവളുടെ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തി. ഗീത പറയുന്നത് ആ ചുവന്ന ചായമാണത്രേ അവള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും കൊടുത്തതെന്ന്..

1 comment:

  1. വിശ്വാസമല്ലേ എല്ലാം....
    അച്ഛനും,അമ്മയും,ഒന്നോരണ്ടോ മക്കളും ഉള്ള കുടുംബത്തിന് സംഭവിക്കുന്നത് ഇതാണ്.എല്ലാകാര്യങ്ങളിലും കുട്ടികളെ ശ്രദ്ധിക്കുവാന്‍ കഴിഞ്ഞുവെന്ന് വരില്ല.അപ്പോഴാണ്‌കൂട്ടുകുടുംബത്തിന്‍റെ നല്ലവശം ഓര്‍ക്കുക.......
    ആശംസകള്‍

    ReplyDelete