Friday, June 26, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. - 4

വ്യാളിയുടെ മേഘഗര്‍ജ്ജനങ്ങള്‍ക്കു കാതോര്‍ത്ത്.....

അതിര്‍ത്തി കടന്ന് മേഘങ്ങള്‍ തൊട്ടിലാട്ടുന്ന താഴവരകളിലേയ്ക്കാണു യാത്ര . വ്യാളീ ചിത്രങ്ങള്‍ വശങ്ങളിലുള്ള മനോഹരമായ പ്രവേശന കവാടം കടന്നു പോകുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഗാ അതിര്‍ത്തിയില്‍ കണ്ട സായാഹ്നപരേഡ് ഓര്‍മ്മവന്നു. സ്പര്‍ദ്ധയുടേയും വിദ്വേഷത്തിന്റേയും രോഷജ്വാലകള്‍ കണ്ണിലും കൈകാലുകളിലും ആളിക്കത്തുന്ന പരേഡും അതു കഴിഞ്ഞുള്ള  പതാക താഴ്ത്തലും ഗേറ്റ് പൂട്ടലും ഒക്കെ.. അപ്പോള്‍ ദേശസ്നേഹത്തേക്കാള്‍ മനസ്സില്‍ തോന്നുക വേറേ എന്തൊക്കെയോ ചേര്‍ന്നൊരു സമ്മിശ്ര വികാരമാണ്. ഇവിടെ തികച്ചും ശാന്തമായൊരു അതിര്‍ത്തി. ജയ്ഗാവിലെ പ്രവേശനകവാടം കടന്നാല്‍  ഭൂട്ടാനിലെ ഫ്യുണ്ട്ഷ്ളോങ്ങ് ആണ്. അവിടെ വെച്ച് നമ്മുടെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാകും. അതുകൊണ്ട് ഭൂട്ടാനിലെ സിംകാര്‍ഡ് എടുക്കേണ്ടി  വരും അത്യാവശ്യ ആശയവിനിമയത്തിന്. ഇന്റെര്‍നെറ്റ് ഓഫാക്കിയില്ലെങ്കില്‍ വളരെയധികം പണനഷ്ടവുമുണ്ടാകും. 

കാര്‍ മെല്ലെ ഭൂട്ടാനിലെ ദേശീയ പാതയായ AH 38 ലൂടെ മുന്‍പോട്ടു ഓടിത്തുടങ്ങുമ്പോള്‍ മുതല്‍ ശാന്തിയുടെ കുളിര്‍തെന്നല്‍ മെല്ലെ തഴുകിത്തുടങ്ങും. മുന്‍പോട്ടു പോകുന്നതനുസരിച്ചു ഉയരം കൂടുകയും ഭൂപ്രകൃതിയില്‍ അതിന്റേതായ മാറ്റങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും. മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന റോഡുകള്‍. യാത്ര സുരക്ഷിതമാകാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. BRO ആണ് ഭൂട്ടാനിലെ റോഡ് നിര്‍മ്മാണത്തിലും പരിപാലനത്തിലും ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കീഴിലുള്ള ജനറല്‍ റിസര്‍വ് എന്‍ജിനീയറിംഗ് ഫോഴ്സിന്റെ (GREF) കീഴിലുള്ള പാരാ മിലിട്ടറി ഓര്‍ഗനൈസേഷനാണ് (BRO).  ‘ദണ്ടക്’ എന്നാണ് ആ പ്രോജക്ടിന്റെ പേര്.

ഫെബ്രുവരി മുതല്‍ ജൂണ്‍ അവസാനം വരെ ഇവിടെ വിനോദസഞ്ചാരത്തിനു യോജിച്ച സമയമാണ്. ഏപ്രില്‍ മാസം ആദ്യഭാഗം വരെ മഞ്ഞു വീണുകിടക്കുന്ന കാഴ്ചകള്‍ ഭൂട്ടാന്‍ നഗരങ്ങളില്‍ കാണാം. പിന്നെ മഞ്ഞുരുകി കാഴ്ചകള്‍ പതിയെ പച്ചപ്പിലേയ്ക്കു വഴിമാറും . ജൂണ്‍ അവസാനമായതുകൊണ്ട് മഴയ്ക്ക് എപ്പോഴും കടന്നു വരാന്‍ പ്രകൃതി അനുവാദം കൊടുത്തിരിക്കുന്നു, ഇവിടെ. ആകെ മേഘാവൃതമായിരിക്കുന്നു എങ്കിലും ഇടയ്ക്ക് നല്ല വെയിലും തെളിയുന്നുണ്ട്. കുറച്ചു ദൂരം പോയപ്പോള്‍ മലഞ്ചെരുവിലെ ഒരു വ്യൂ പോയിന്റിലെത്തി. അങ്ങകലെ താഴ്വരയില്‍ ഒരു വെള്ളിരേഖ പോലെ കൊലോമീറ്ററുകളോളം  നീണ്ടുകിടക്കുന്ന തോര്‍സാ നദിയും നദിക്കരയിലെ പട്ടണവും ചേര്‍ന്നു കിടക്കുന്ന കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളും ഒക്കെ ചേര്‍ന്നൊരു അമോഘദദൃശ്യം. എത്ര കണ്ടാലും മതിവരാത്ത ആ സുന്ദരദൃശ്യത്തില്‍ നിന്നു പിന്‍വാങ്ങി ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. പിന്നെയും വഴിയില്‍ പലയിടത്തും നദിയും നദീപുളിനവും തീര്‍ക്കുന്ന രജതരേഖയായ് കാഴ്ചയില്‍ വന്നുകൊണ്ടിരുന്നു.ഒരു സര്‍പ്പത്തെപ്പോലെ മലഞ്ചെരുവില്‍ കൂടി വളഞ്ഞുപുളഞ്ഞു പോകുന്ന  റോഡില്‍ അധികം വാഹനങ്ങളൊന്നും കാണാനായില്ല. വല്ലപ്പോഴും കടന്നു പോകുന്ന ചെറിയ ബസ്സും കാറും പിന്നെ മിലിട്ടറി ട്രക്കും. ചിലയിടങ്ങളില്‍ വീടുകളോ മറ്റു കെട്ടിടങ്ങളോ ഒക്കെ കാഴ്ചയിലെത്തും. സമാനമായ പാരമ്പര്യ രീതിയാണ് നിര്‍മ്മാണത്തിന്  അവലംബിച്ചിരിക്കുന്നത്. വഴിയിലെവിടെയെങ്കിലും കാണാന്‍ കഴിയുന്ന ആള്‍ക്കാരും ഭൂട്ടാനിലെ പരമ്പരാഗത വേഷത്തിലും. ചെറിയ ക്ഷേത്രങ്ങള്‍ പോലുള്ല നിര്‍മ്മിതിയില്‍ വലുതും ചെറുതുമായ പ്രാര്‍ത്ഥനാചക്രങ്ങള്‍ കാണം.
അവയില്‍ ആയിര്ക്കണക്കിന്  ജപമന്ത്രങ്ങള്‍ അടക്കം ചെയ്തിരിക്കുന്നു. ആയിരക്കണക്കിനു മന്ത്രമുരുവിടുന്നതിനു തുല്യമത്രേ ഈ ചക്രങ്ങള്‍ കറക്കുന്നത്. അപ്പോഴുണ്ടാകുന്ന മണിനാദം മോക്ഷപ്രദം.    ചില ചെറിയ കവലകള്‍ പോലുള്ല സ്ഥലങ്ങളില്‍ മരം കൊണ്ടു മാത്രം നിര്‍മ്മിച്ച വീടും കാണാന്‍ കഴിഞ്ഞു. യാത്രയിലധികവും കടന്നു പോകുന്നത് മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ലാത്ത കന്യവനങ്ങള്‍ തന്നെ. പലനിറത്തിലെ പൂക്കള്‍ വൈവിധ്യമര്‍ന്ന സസ്യലതാദികളില്‍ വസന്തമൊരുക്കി നമ്മെ ആനന്ദിപ്പിക്കുന്നു.
ചിലയിടങ്ങളില്‍ പാറ തുരന്നാണു പാതയൊരുക്കിയിരിക്കുന്നത്. അടുക്കടുക്കായിട്ടുള്ല കല്‍പ്പാളികള്‍ വളരെ വ്യക്തമായി നമുക്കു കാണാനാവും. ഈ പാറകളിലെ ഇടസ്ഥലങ്ങളില്‍ ധാരാളം കളിമണ്‍രൂപങ്ങള്‍ വെച്ചിരിക്കുന്നതു കാണാം. ഇത് ഭൂട്ടാന്‍ ജനതയുടെ ഈശ്വരാരാധനയുടെ ഭാഗമാണ്. മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ ഈ മണ്‍ചിമിഴില്‍ അടക്കം ചെയ്തിട്ടുണ്ടത്രേ.അതുമല്ലെങ്കില്‍
പ്രകൃതിയെ നോവിച്ചതിനുള്ള ക്ഷമാപണമായോ, അതില്‍ കോപിക്കരുതെന്ന പ്രാര്‍ത്ഥനയോ ഒക്കെയാവാം ഈ കളിമണ്‍ രൂപസമര്‍പ്പണത്തിനു പിന്നില്‍. പിന്നെ എവിടെയും കാണാവുന്ന വേറെയൊരു ആരാധനാമാര്‍ഗ്ഗമാണ് പാറിപ്പറക്കുന്ന പ്രാര്‍ത്ഥനാ പതാകകള്‍
. ഉയരം കൂടിയതും കുറഞ്ഞതും തോരണങ്ങള്‍ പോലെയും ഒക്കെ പലയിടത്തും ഇതു കാണാറാകും. മരിച്ചു പോയവരുടെ ആത്മക്കളുടെ മോക്ഷത്തിനായുള്ള പ്രാര്‍ത്ഥനകളാണത്രേ അവയില്‍ അലേഖനം ചെയ്തിരിക്കുന്നത്. കാറ്റില്‍ എത്രത്തോളം പറക്കുന്നുവോ അത്രയും നന്മകള്‍ പരേതാത്മാവിനു ലഭിക്കുമെന്നു വിശ്വാസം. .

കൃഷിസ്ഥലങ്ങള്‍ വളരെ അപൂര്‍വ്വമായേ യാത്രയ്ക്കിടയില്‍ കാണാന്‍ കഴിഞ്ഞുള്ളു. ചിലയിടങ്ങളില്‍ ഉയരമുള്ല മലഞ്ചെരുവില്‍ നിന്നു താഴേയ്ക്കു നോക്കുമ്പോള്‍ അങ്ങകലെ താഴ്വരയില്‍ ചെറിയ പട്ടണമോ ഗ്രാമമോ അതിനോടു ചേര്‍ന്ന കൃഷിയിടങ്ങളുടെയോ വിദൂര ദൃശ്യം. ഭൂട്ടാന്‍ സമയം 1. 15, അതായത് നമ്മുടെ 12 .45  ആയപ്പോള്‍ ഗേഡു എന്ന സ്ഥലത്തെത്തി. അവിടെയൊരു ചെക്ക്പോസ്ട് ഉണ്ട്. തിംഫുവിലെത്തും മുന്‍പ് രണ്ടു ചെക്ക്പോസ്ടുകള്‍ കടക്കണം.  യാത്രാരേഖകളൊക്കെ അവിടെ കാണിച്ച് അനുമതി നേടി വേണം മുന്‍പോട്ടു പോകാന്‍.


മുന്‍പേ എത്തിയ ഏതാനും വാഹനങ്ങളും അവിടെയുണ്ട്. മനോഹരമായൊരു പാലവും ചില കെട്ടിടങ്ങളും അവിടെ കാണാം. യാത്രക്കാരെ നിരീക്ഷണം ചെയ്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവിടെയുണ്ടായിരുന്നു. നേവിബ്ലൂ നിറത്തിലെ യൂണിഫോം ധരിച്ച സൗമ്യനായ ഒരു ചെറുപ്പക്കാരന്‍. വളരെ സൗഹൃദത്തോടെ സംസാരിക്കുകയും ഞങ്ങളുടെ സംശയങ്ങളൊക്കെ ക്ഷമയോടെ  തീര്‍ത്തുതരികയും ചെയ്യാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായില്ല. പക്ഷേ ഒപ്പം നിന്നൊരു ഫോട്ടോ എടുക്കുണമെന്ന  ആഗ്രഹം മാത്രം വിനയപൂര്‍വ്വം അദ്ദേഹം നിരാകരിച്ചു. 
.ഒരു വശത്ത് ഉന്നതശീര്‍ഷനായ മഹാമേരുവും മറുവശത്ത് കീഴ്കാംതൂക്കായ താഴ്വാരപ്രദേശവും കടന്ന് പിന്നെയും മുന്‍പോട്ടു പോയ്ക്കൊണ്ടിരുന്നു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി റോഡ് തകരാറിലായിരുന്നത് റിപ്പയര്‍ ചെയ്തിരിക്കുന്നത് നമുക്കു കാണാം.  

2 മണി കഴിഞ്ഞപ്പോഴാണ് ചുക്ക എന്നും വോഖ എന്നും പേരുള്ള ചെറിയ ഒരു പട്ടണത്തില്‍ എത്തിയത്. അവിടെ ആകെയൊരു ഭക്ഷണശാലയാണുള്ളത്. ഇനി അടുത്ത സ്ഥലങ്ങളിലൊന്നും ഭക്ഷണം കിട്ടാനിടയില്ലെന്നും സൈകത് മുന്നറിയിപ്പു നല്‍കി. അതുകൊണ്ട് വളരെ തിരക്കായിരുന്നെങ്കിലും അവിടെ നിന്നു തന്നെ ഭക്ഷണം കഴിച്ചു. സസ്യഭക്ഷണവും സസ്യേതരഭക്ഷണവും ലഭിക്കും . പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും . ചൂടുള്ള ഭക്ഷണം കഴിച്ചപ്പോള്‍ ഒരാശ്വാസമായി അരിച്ചു കയറുന്ന തണുപ്പിന്.
അവിടെ നിന്നു നോക്കിയാല്‍ വോഖ നദിയും അതില്‍ നിര്‍മ്മിച്ചിരിക്കുന്ന ചെറിയൊരണക്കെട്ടും അതിനോടു ചേര്‍ന്നൊരു ജലവൈദ്യുതപദ്ധതിയും ഒക്കെ ദൂരെക്കാഴ്ചയായി കാണാന്‍ കഴിയും.

ഭക്ഷണം കഴിച്ചു, അല്‍പവിശ്രമത്തിനു ശേഷം പിന്നെയും യാത്ര. ഇരുവശവും കാടിനു കാളിമയും മലകള്‍ക്ക് ഉയരവും കൂടിവന്നു. തണുപ്പും ചാറ്റല്‍മഴയും കോടമഞ്ഞും ഒക്കെ കൂടിയും കുറഞ്ഞും ഞങ്ങളെ അനുഗമിച്ചുകൊണ്ടിരുന്നു. ഇരുപുറവുമുള്ല മായക്കാഴ്ചകള്‍ യാത്രയുടെ വിരസതയേ നിഷ്പ്രഭമക്കിയതിനാല്‍ സമയം കടന്നു പോകുന്നത് അറിഞ്ഞതേയില്ല. 154 km പിന്നിട്ടുകഴിഞ്ഞാല്‍ ഭൂട്ടാന്റെ തലസ്ഥാനമായ തിംഫു എന്ന മനോഹര നഗരം നമ്മെ സ്വാഗതം ചെയ്യും.
ഭക്ഷണം കഴിക്കാനും ഇടയ്ക്കുള്ള മനോഹരക്കാഴ്ചകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുമൊക്കെയായി യാത്രയ്ക്കിടയില്‍ സമയം പോകുന്നതുകൊണ്ട് 5 മണിക്കൂറെങ്കിലും എടുക്കും തിംഫുവില്‍ എത്താന്‍. ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരപ്രദേശമാണ് തിംഫു. താഴവരയിലൂടെയൊഴുകുന്ന വോങ്ങ് ച്ശൂ നദിയുടെ ഇരുകരകളിലായി വളര്‍ന്നു പടര്‍ന്നിരിക്കുന്ന ഒരു കൊച്ചു നഗരം. ചിലയിടങ്ങളില്‍ മലഞ്ചെരുവിലെ വനാന്തരങ്ങളിലേയ്ക്ക് നഗരം വളര്‍ന്നു കയറുന്നുണ്ട്. അത്രയധികം വാഹനത്തിരക്കൊന്നുമില്ല ഇവിടുത്തെ റോഡുകളില്‍.
നഗരത്തിലൂടെ കുറച്ചു നേരം കാറോടിയശേഷം ഒലാഖ എന്ന നഗരഭാഗത്തുള്ള 'ഹോട്ടല്‍ വെല്‍കം ഹോമി'ല്‍ എത്തി. അവിടെയാണ് ഇനി 3 ദിവസത്തെ ഞങ്ങളുടെ താമസം. വളരെ സുന്ദരമായി ഒരുക്കിയിട്ടിരിക്കുന്ന മുറികള്‍. ചുറ്റുപാടും വലിയ ജനാലകള്‍. കര്‍ട്ടന്‍ മാറ്റിനോക്കിയാല്‍ തിംഫു നഗരക്കാഴ്ചകളും അകലെയുള്ല മലനിരകളും ഒക്കെ കണ്ണുകള്‍ക്കു വിരുന്നൊരുക്കി നില്‍ക്കുന്നു. വളരെ കൗതുകം തോന്നിയ ഒരു കാര്യം ഹോട്ടല്‍ ജീവനക്കാരായ പെണ്‍കുട്ടികള്‍ ഞങ്ങളുടെ ലഗ്ഗേജൊക്കെ എടുത്തു മുറിയില്‍ വന്ന കാഴ്ചയാണ്. നല്ല ഭാരമുള്ല പെട്ടികള്‍ രണ്ടുകയ്യിലും എടുത്തു ഓടിവന്ന കെലിഞ്ഞ പെണ്‍കുട്ടി ഒരത്ഭുതമായി തോന്നി.

യാത്രയുടെ ക്ഷീണമൊന്നും അത്രയില്ലയെങ്കിലും കുളിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. നല്ല തണുപ്പും. മുറിയില്‍ ഹീറ്ററുണ്ട്. പക്ഷേ തിംഫുവിലെ ഹോട്ടലുകളില്‍  ഫാന്‍ ഉണ്ടാവില്ലയെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. സന്ധ്യ കഴിഞ്ഞിരുന്നതുകൊണ്ട് പുറത്തേയ്ക്കിനി പോകേണ്ടതില്ല എന്നു തന്നെ തീരുമാനിച്ചു. അതുകൊണ്ട് ഹോട്ടലിലെ റെസ്ടോറന്റില്‍ തന്നെ ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു. സുഖമായി ഉറങ്ങിയുണര്‍ന്നശേഷം ബാക്കി തിംഫുക്കാഴ്ചകള്‍.. 

6 comments:

 1. ഫോട്ടോയില്‍ മുഖം കാണിക്കാന്‍ ഇഷ്ടപ്പെടാത്തവരില്‍ ഒരാള്‍.
  യാത്രാവിവരണം നന്നാവുന്നുണ്ട്.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സർ , സന്തോഷം, സ്നേഹം.

   Delete
  2. നന്ദി സർ , സന്തോഷം, സ്നേഹം.

   Delete
 2. പല സ്ഥലങ്ങലിലേക്കുള്ള യാത്രയുടെ വിവരണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ഭൂട്ടാനിലെ വിശേഷങ്ങള്‍ ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ആദ്യമായി വായിക്കുന്നത് ഈ ബ്ലോഗിലാണ്

  ReplyDelete
  Replies
  1. നന്ദി സർ , സന്തോഷം, സ്നേഹം.

   Delete
  2. നന്ദി സർ , സന്തോഷം, സ്നേഹം.

   Delete