Friday, April 22, 2016

ചേതന്‍ പോയിന്റ് ഭഗത്




ആരുടേയും മനം കവരുന്ന,  കുട്ടിത്തവും കുസൃതിയും നിറഞ്ഞ സുസ്മേരവദനം. ചേതന്‍ ഭഗത് എന്ന പ്രശസ്തനായ നോവലിസ്റ്റിനെക്കുറിച്ചു കേള്‍ക്കുമ്പോഴേ വാത്സല്യം നിറഞ്ഞ മനസ്സോടെയേ ആ മുഖം ഓര്‍മ്മിക്കാന്‍ കഴിയൂ. വിരലിലെണ്ണാവുന്ന ഏതാനും  മികച്ച നോവലുകളിലൂടെ ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രശംസയ്ക്കു പാത്രമായ ഈ എഴുത്തുകാരന്‍ സിനിമ, ടെലിവിഷന്‍, പത്ര, മാധ്യമങ്ങളിലൊക്കെ തന്റെ ശക്തമായ സാന്നിധ്യം ഇതിനോടകം തെളിയിച്ചിട്ടുണ്ട് . ഇന്ത്യയുടെ സാഹിത്യചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട - അതും വളരെ ചുരുങ്ങിയ കാലയളവില്‍- ഇംഗ്ലീഷ് നോവലിന്റെ രചയിതാവാണ് ഈ ധിഷണാശാലിയായ ചെറുപ്പക്കാരന്‍. ഏഴു കോടിയിലധികം പ്രതികളാണ് ഇതിനോടകം വിറ്റുപോയിരിക്കുന്നത്.

1974 ഏപ്രില്‍ 22ന് , ഡല്‍ഹിയില്‍ താമസമാക്കിയിരുന്ന ഒരു പഞ്ചാബി കുടുംബത്തില്‍ ജനനം. അച്ഛന്‍ ആര്‍മി ഓഫീസറും, അമ്മ കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥയുമായിരുന്നു. ആര്‍മി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മെക്കാനിക്കല്‍  എഞ്ചിനീയറിംഗ് ബിരുദമെടുത്തത് ഡല്‍ഹി ഐ ഐ റ്റി യില്‍ നിന്ന് 1995 ല്‍. തുടര്‍ന്ന് അഹമ്മദാബാദ് ഐ ഐ എം ല്‍ നിന്ന് 1997 ല്‍ എം ബി എ ബിരുദം .പിന്നീട് 11 വര്‍ഷം ഉദ്യോഗാര്‍ത്ഥം ഹോങ്കോങ്ങില്‍. അവിടെ വെച്ചാണ് തന്റെ ആദ്യ നോവലായ ഫൈവ് പോയിന്റ് സം വണ്‍ എഴുതിയത് ( 2004 ). ഐ ഐ റ്റി കളിലെത്തുന്ന സാധാരണ വിദ്യാര്‍ത്ഥികളുടെ ഉദ്വേഗപൂര്‍ണ്ണമായ ജീവിതത്തിലെ മാനസികസംഘര്‍ഷങ്ങളും ദിശാമാറ്റങ്ങളുമൊക്കെ അതിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ തന്നെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ ഹര്‍ഷാരവത്തോടെ തന്നെ ഇന്ത്യന്‍ ജനത ഏറ്റുവാങ്ങി.2005 ല്‍ One Night @ the Call Center എന്ന നോവലും പ്രസിദ്ധീകരിച്ചു .   തുടര്‍ന്ന്  മുംബൈയിലേയ്ക്കു ജീവിതം പറിച്ചു നടുകയായിരുന്നു, സാഹിത്യരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനായി. പിന്നീടു പ്രസിദ്ധീകരിച്ച  രചനകളാണ്  , The 3 Mistakes of My Life (2008), 2 States (2009), Revolution 2020 (2011), What Young India Wants (2012) (speeches and columns), Half Girlfriend (2014) ,  Making India Awesome (2015) (Synopsis) .എന്നിവ. ഇവയില്‍ അഞ്ചെണ്ണം നോവലുകള്‍ .  ലളിതമായഭാഷയില്‍, ഏതൊരു സാധാരണക്കാരനും തന്റെ ജീവിതത്തോടൊപ്പം ചേര്‍ക്കാവുന്ന സാഹിത്യസൃഷ്ടികളാണ് ഈ പ്രതിഭയുടെ തൂലികയില്‍ നിന്നു ജന്മം കൊണ്ടത്. അതുകൊണ്ടു തന്നെ ചേതന്‍ ഭഗത്തിന്റെ രചനകള്‍ക്കായി ഇന്ത്യന്‍ വായനക്കാര്‍ അക്ഷമയോടെ  കാത്തിരിക്കുന്നു എന്നതാണു സത്യം.  എല്ലാ പുസ്തകങ്ങളും ബെസ്റ്റ് സെല്ലെര്‍ ഗ്രൂപ്പില്‍ പെടുകയും ചെയ്തു. ദി ന്യൂയോർക്ക് ടൈംസ് ദിനപ്പത്രം ഭഗത്തിനെ വിശേഷിപ്പിക്കുന്നത് "ഇന്ത്യ കണ്ട ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഇംഗ്ലീഷ് കഥാകൃത്ത്" എന്നാണ്. ന്യൂയോര്‍ക്ക് ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറെ സ്വാധീനിച്ച 100 വ്യക്തികളിലൊരാൾ എന്നാണ്. ഭഗത്, യുവജനതയെ ലക്ഷ്യമിട്ട് ദി ഗാർഡിയൻ, ദി ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ഭാസ്കർ തുടങ്ങി ഇംഗ്ലീഷ് ഹിന്ദി ദിനപ്പത്രങ്ങളിൽ കോളങ്ങളും എഴുതുന്നുണ്ട്.  ദേശീയ രാഷ്ട്രീയകാര്യങ്ങളിലും സജീവമായി ഇടപെടുന്നു.

രണ്ടാമത്തെ നോവലായ One Night @ the Call Center 'ഹല്ലോ' എന്ന പേരില്‍ 2008 ല്‍ സിനിമയാക്കിയെങ്കിലും പ്രതീക്ഷിച്ച  സ്വീകരണം ലഭിക്കയുണ്ടായില്ല. പക്ഷേ
തന്റെ ആദ്യനോവല്‍ 'ത്രീ ഇഡിയറ്റ്സ്' എന്ന പേരില്‍ 2009 ല്‍  സിനിമയായപ്പോഴാകട്ടെ  അഭൂതപൂര്‍വ്വമായ സ്വീകരണമാണു ലഭിച്ചത്.    The 3 Mistakes of My Life എന്ന    നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ തിരക്കഥയെഴുതിയതും അദ്ദേഹം തന്നെ . മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ഫെയര്‍ അവര്‍ഡും ലഭിക്കുകയുണ്ടായി . തുടര്‍ന്നുള്ള നോവലുകളുടേയും സിനിമ രൂപാന്തരത്തിന് തിരക്കഥാ രൂപമേകിയത് ചേതന്‍ തന്നെയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയൊക്കെ സമകാലീന സംഭങ്ങളേക്കുറിച്ചു തന്റേതായ അഭിപ്രായങ്ങള്‍  ശക്തമായി പ്രകടിപ്പിക്കാന്‍ ചേതന്‍ ഭഗത്തെന്ന പ്രതിഭയ്ക്കു കഴിയുന്നുണ്ടെന്നതും ഇക്കാലഘട്ടത്തിന് ആശ്വാസമേകുന്നു. ഈ ചെറിയ കാലയളവില്‍ തന്നെ ധാരാളം പുരസ്കാരങ്ങളും ഈ യുവ സാഹിത്യകാരനെ തേടിയെത്തിയിട്ടുണ്ട്. ഇനിയും എത്രയോ പുര്സ്കാരങ്ങള്‍ ഈ പ്രതിഭയ്ക്കായി കാത്തിരിക്കുന്നു!.

ഐ ഐ എം ലെ തന്റെ സഹപാഠിയായിരുന്ന അനുഷ സൂര്യനാരായണന്‍ എന്ന തമിഴ് നാട്ടുകാരി പെണ്‍കുട്ടിയെ  1998ല്‍  ജീവിത സഖിയാക്കി . കാമ്പസ്സില്‍  ഒരു കോമാളിയെപ്പോലെ തമാശകള്‍ പറഞ്ഞു തന്നെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ചേതനുമായി പ്രണയത്തിലായ അനുഷയ്ക്ക് യാഥാസ്ഥികരായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന് ഒരുപാടെതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു . പക്ഷേ ആ ഗാഢപ്രണയത്തെ തോല്‍പ്പിക്കാന്‍ ആ എതിര്‍പ്പുകള്‍ക്കൊന്നും കഴിഞ്ഞില്ല.  . ഇവരുടെ പ്രണയകഥയാണ് 2 States  എന്ന നോവലിനാധാരം. ചേതന്റെ വിജയത്തിനു പിന്നില്‍ ഏറ്റവും ശക്തമായ പിന്‍തുണയായി അനൂഷയുണ്ട്. തന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് അനുഷ എന്നാണ് ചേതന്‍ പറയുന്നത്. ആ അനുരഗവല്ലരിയില്‍ രണ്ടിരട്ടപ്പൂക്കള്‍ കൂടിയുണ്ട്. ശ്യാമും ഇഷാനും. ഇഷാന്‍,  അച്ഛന്റെ സിനിമയില്‍ അഭിനയിക്കുകകൂടി ചെയ്തു .

ഇന്ന് ചേതന്‍ ഭഗത്ത് എന്ന പ്രതിഭാധനന്റെ 42 )0 പിറന്നാള്‍ . എല്ലാ നന്മകളും ആശംസിക്കുന്നു ഈ പുണ്യദിനത്തില്‍ .




2 comments:

  1. സത്യം പറയട്ടെ, എനിക്ക് ഇഷ്ടപ്പെട്ടില്ല ആദ്യമായി വായിച്ച 2 സ്റ്റേറ്റ്സ്. പിന്നെ വായിക്കണമെന്നും തോന്നിയില്ല

    ReplyDelete