Wednesday, October 19, 2016

ശ്വാനായനം

നായ്ക്കളുടെ കലണ്ടറില്‍
ദിവസങ്ങളും ആഴ്ചകളും വര്‍ഷങ്ങളും
ഉണ്ടായിരുന്നില്ല
ഉണ്ടായിരുന്നത്  ഒരു കന്നിമാസം മാത്രം.
നായ്ക്കളുടെ സാമ്രാജ്യങ്ങളാകട്ടെ
യജമാനന്റെ കാല്‍ച്ചുവട്ടിലും.
നായ്ക്കള്‍ നന്ദിയുള്ള മൃഗങ്ങള്‍,
ആത്മാഭിമാനമില്ലാത്ത വെറും ദാസരെങ്കിലും
നന്മയുടെ വക്താക്കള്‍.
മാലിന്യം വലിച്ചെറിയാത്ത വഴിയോരങ്ങളില്‍
നായ്ക്കളെ ഭയക്കാതെ 
വഴിനടക്കാന്‍ കഴിഞ്ഞിരുന്ന
രാപ്പകലുകള്‍  
അതു ചരിത്രം .
ഇന്നു കഥയാകെ മാറി.
അല്ലെങ്കിലും പൊളിച്ചെഴുതപ്പെടേണ്ടതാണ് ചരിത്രമെന്നത്
അലിഖിതനിയമം.
 ഇന്ന്എല്ലാ ദിനങ്ങളും നായ്ക്കളുടേത് .
എല്ലാ നാടും നായ്ക്കളുടെ അധീനതയില്‍ .
നഗരത്തില്‍, ഗ്രാമത്തില്‍
എങ്ങും മുഴങ്ങുന്നത് ഉച്ചത്തിലുള്ള ഓരിയിടല്‍
ആധിപത്യത്തിന്റെ വിജയകാഹളം 
ആ വിജയഭേരിയില്‍ മുങ്ങിപ്പോകുന്നുണ്ട് 
നിലവിളികള്‍
പൈതങ്ങള്‍ മുതല്‍ വയോധികര്‍ വരെ 
ഇരകളാണ്
ചീന്തി  എറിയപ്പെട്ട മംസത്തില്‍ നിന്ന്
ഒലിച്ചിറങ്ങുന്നത് കടുത്ത രോഷത്തിന്റെ 
രക്തച്ചിന്തുകളല്ല ,
പതിനാലു സൂചിക്കുത്തുകള്‍ക്കു തിരികെ നല്കാനാവാത്ത ജീവധാര.
ആഴ്ന്നിറങ്ങുന്ന വേദനയുടെ 
ദീനരോദനങ്ങള്‍,
പൊത്താന്‍  കഴിയാത്ത കാതുകളില്‍
ഒരിക്കലും ചെന്നു വീഴാത്ത
നിസ്സഹായതയുടെ വനരോദനങ്ങള്‍ !
കാതുകള്‍ തന്നെ നഷ്ടമായ ഭരണയന്ത്രങ്ങള്‍
നോക്കു കുത്തികള്‍!
ഭ്രാന്തിനെ  ചങ്ങലയ്ക്കിടാമെന്നത്
ക്രൗര്യത്തെ വന്ധ്യംകരിക്കാമെന്നത്, 
വ്യാമോഹം മാത്രം
 ഈ യുഗം
തുടക്കവും ഒടുക്കവും അറിയാത്ത ശ്വാനയുഗം .
ഇവിടെയൊരു യാനം , ശ്വാനായനം
ശ്വാനജൈത്രയാനം!

Tuesday, October 18, 2016

ഒരു അന്നവിചാരം

പണ്ടെന്നോ പാഠപുസ്തകങ്ങളിലെവിടെയോ വായിച്ചൊരു ഉത്തരേന്ത്യന്‍കഥയുടെ മലയാളപുനരാവിഷ്കാരം
-----------------------------------------------------------------------------------------------------------------------------
ബാബുവും രാജുവും സഹപാഠികളും ഉത്തമസുഹൃത്തുക്കളുമായിരുന്നു . വിദ്യാലയത്തില്‍ നിന്നു പിരിഞ്ഞശേഷവും അവരുടെ സ്നേഹത്തിന് ഒരു കുറവും വന്നിരുന്നില്ല. ബാബു പഠനം കഴിഞ്ഞ് തന്റെ മലയോരഗ്രാമത്തിലെ കൃഷിസ്ഥലത്ത് അച്ഛന്റെ സഹായിയായി കൃഷിപ്പണികളും വീട്ടുകാര്യങ്ങളും നോക്കി കഴിഞ്ഞു . രാജുവാകട്ടെ ഉപരിപഠനവും കഴിഞ്ഞ് പട്ടണത്തില്‍  തന്റെ പിതാവിന്റെ വ്യവസായസാമ്രാജ്യത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു . ഏതിനും എന്തിനും കാതോര്‍ത്തു നില്‍ക്കാതെ കാലം കടന്നുപൊയ്ക്കോണ്ടേയിരുന്നു. പക്ഷേ അവരുടെ സൗഹൃദത്തിനു കോട്ടമൊന്നും വന്നിരുന്നില്ല.

രാജു,  നഗരത്തിലെ തന്റെ തിരക്കേറിയ ജീവിതത്തിൽ  ബാബുവിന്റെ ഹ്രസ്വമെങ്കിലും ഒരു സന്ദര്‍ശനവും ആ സ്നേഹസാന്നിധ്യം കൊണ്ടു തനിക്കു കൈവരുന്ന ആനന്ദവുമൊക്കെ ഒരുപാടാഗ്രഹിക്കുകയും പലവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു . ഒടുവില്‍ കൃഷിസ്ഥലത്തെ പണികളൊക്കെ തീര്‍ന്ന  ഒരു മഞ്ഞുകാലത്ത് കടുത്ത തണുപ്പു തുടങ്ങിയപ്പോള്‍  ബാബു രാജുവിന്റെ ക്ഷണം സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. നഗരത്തിലെത്തിയ ബാബുവിനെ   അമിതാഹ്ലാദത്തോടെ രാജു  സ്വീകരിച്ചു. അവിടുത്തെ സുഖകരമായ കാലാവസ്ഥയും എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയ ജീവിതവും ഒക്കെ ബാബുവിനു നന്നേ ഇഷ്ടമായി. വളരെ വിശിഷ്ടനായ ഒരതിഥിക്കു വേണ്ട രീതിയിലായിരുന്നു അവിടെ രാജു തയ്യാറാക്കിയിരുന്ന സല്‍ക്കാരങ്ങളും താമസസൗകര്യങ്ങളും വാഹനങ്ങളും ഒക്കെ. രാജു തന്റെ തിരക്കിട്ട ജീവിതത്തിന് അവധി നല്‍കി ഏതാനുംദിവസം ബാബുവിനായി മാറ്റിവെച്ചു. പഴയ കൗമാരകാലസുഹൃത്തുക്കളായി അവര്‍ വീണ്ടും ആഹ്ളാദങ്ങളിലേയ്ക്കു മടങ്ങിയെത്തി . ബാബുവിനായി ലഭിക്കാവുന്നതിലേയ്ക്കും ഏറ്റവും നല്ല ഭക്ഷണം തയ്യാറാക്കാനായിരുന്നു രാജു തന്റെ പാചകക്കാരോടു പറഞ്ഞേല്‍പ്പിച്ചിരുന്നത് .  രാജകീയഭക്ഷണം തന്നെ അവര്‍ ഓരോ നേരത്തേയ്ക്കും തീരുമാനിച്ചിരുന്നു . കൊതിപ്പിക്കുന്ന സുഗന്ധം അവിടെയാകെ എല്ലായ്പോഴും  വ്യാപരിച്ചു . ബാബുവിന് ഭക്ഷണം വളരെ ഇഷ്ടമായി . എല്ലാ വിഭവങ്ങളും രുചിച്ചു നോക്കി അയാൾ  അത്ഭുതപരതന്ത്രനായി . അന്നു രാത്രി  ഉറക്കറയിലേക്കു  പോകും മുമ്പ് രാജു ബാബുവിനോട് ഭക്ഷണമൊക്കെ ഇഷ്ടമായോ എന്നു ചോദിച്ചു.
" എങ്ങനെ ഇഷ്ടമാകാതിരിക്കും! എന്തൊക്കെ വിഭവങ്ങളായിരുന്നു. ഇത്ര സ്വാദുള്ളളതൊന്നും ഞാനിതുവരെ കഴിച്ചിട്ടേയില്ല." ബാബു മറുപടി പറഞ്ഞു
" ഓ,, അങ്ങനെയോ. നീ ഒന്നും പറയാതിരുന്നതുകൊണ്ട് ഇഷ്ടമായില്ലേ എന്നു സംശയം ഉണ്ടായിരുന്നു. നിന്റെ മുഖത്ത് ഒരു തൃപ്തിക്കുറവുപോലെ തോന്നി  "
" ഇത്ര രുചികരമായ ഭക്ഷണം ആര്‍ക്കാണിഷ്ടമാകാത്തത് . .... പക്ഷേ എന്തൊക്കെയായാലും ഇതിനേക്കാള്‍ എനിക്കു തൃപ്തി തരുന്നത്    എന്റെ  ഗ്രാമത്തിലെ  ഭക്ഷണം  തന്നെ രാജൂ "
ബാബുവിന്റെ വാക്കുകള്‍ കേട്ട് രാജുവിന് ആകെ നിരാശയായി. പിറ്റേ ദിവസത്തേ ഭക്ഷണം കൂടുതല്‍ മികച്ചതാക്കാന്‍ അയാള്‍ അപ്പോള്‍തന്നെ പ്രധാന പാചകക്കാരന് കല്‍പന കൊടുത്തു .
പിറ്റെദിവസം വിശിഷ്ടമായ പ്രാതല്‍ കഴിച്ച് നഗരക്കാഴ്ചകളുടെ വിസ്മയങ്ങളിലേയ്ക്കാണവര്‍ പോയത്. ഉച്ചഭക്ഷണത്തിനു വീട്ടിലെത്തിയപ്പോള്‍ നന്നേ വിശന്നിരുന്നു.  അതീവഹൃദ്യമായിരുന്നു ഏറെ സ്വാദിഷ്ടവും വിഭവസമൃദ്ധവുമായിരുന്ന ഉച്ചഭക്ഷണം. അല്പസമയത്തെ  വിശ്രമം  കഴിഞ്ഞ്  അവര്‍ വീണ്ടും വിനോദങ്ങളിലേര്‍പ്പെട്ടു . ചായയും പലഹാരങ്ങളും രാത്രി ഭക്ഷണവും ഒക്കെ ബാബുവിനെ അമ്പരപ്പിക്കുന്ന വിധത്തിലാക്കാന്‍ രാജു വളരെ ശ്രദ്ധിച്ചിരുന്നു . പക്ഷേ അന്നു രാത്രിയിലും കഴിഞ്ഞ ദിവസത്തെ അതേ അഭിപ്രായമാണു ബാബു പറഞ്ഞത്. തന്റെ ഗ്രാമത്തിലെ ഭക്ഷണമാണത്രേ മികച്ചത് !.

പിറ്റേ ദിവസം രാജു കൂടുതല്‍ ശ്രദ്ധാലുവായി. ഇനി എന്തായാലും നാണക്കേടു സഹിക്കവയ്യ. മത്സ്യമാംസാദികളും മറ്റെല്ലാസാധനങ്ങളും ഏറ്റവും മുന്തിയതുതന്നെ വാങ്ങാന്‍ കര്‍ശനമായി പറഞ്ഞേല്‍പ്പിച്ചു. പാചകത്തിനു നഗരത്തിലെ ഏറ്റവും മികച്ച പാചകക്കാരെ എത്തിക്കാനും രാത്രിതന്നെ ഏര്‍പ്പാടാക്കി. അന്നത്തെ ഭക്ഷണം ശരിക്കും ദേവലോകത്തുനിന്നു കൊണ്ടുവന്നതാണോ, എന്നുതോന്നിപ്പിക്കുംവിധം രുചികരവും അനേകവിഭവങ്ങളോടുകൂടിയതുമായിരുന്നു. പക്ഷേ  അന്നും രാത്രി ബാബുവിന്റെ അഭിപ്രായത്തിനു മാറ്റംവന്നില്ല. രാജുവിന്റെ നിരാശ അതിന്റെ പാരമ്യത്തിലെത്തി. ഒരുപക്ഷേ ഗ്രാമത്തിലെ ശുദ്ധമായ മണ്ണും ജലവും സസ്യജാലവും ഒക്കെ അവിടുത്തെ ഭക്ഷണത്തിനു കൂടുതല്‍ സ്വാദേകുന്നുണ്ടായിരിക്കാം . അവര്‍ കര്‍ഷകരായതുകൊണ്ട് എല്ലാം തങ്ങളുടെ കൃഷിസ്ഥലത്തെ മികച്ച പദാര്‍ത്ഥങ്ങളാല്‍ തയ്യാറാക്കുന്നതായിരിക്കും. വിഭവങ്ങളും ധാരാളമുണ്ടാകും . അതീവ സ്വാദുള്ള  കാട്ടുമാംസവും കാട്ടുചോലയിലെ മത്സ്യങ്ങളും ഒക്കെയാവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്തായാലും ഇനി മത്സരിക്കാനില്ല എന്നയാള്‍ തീര്‍ച്ചയാക്കി തോല്‍വി സമ്മതിച്ചു. . തുടര്‍ന്നുള്ള ദിവസങ്ങളിലും വിഭവങ്ങള്‍ക്കോ സ്വാദിനോ കുറവൊന്നും വരുത്തിയില്ല. എങ്കിലും അഭിപ്രായമൊന്നും അയാള്‍ ബാബുവിനോടു ചോദിച്ചില്ല .

ഒടുവില്‍ ബാബുവിനു മടങ്ങേണ്ട ദിവസമെത്തി . വളരെ സങ്കടത്തോടെയായിരുന്നു ഇരുവരും യാത്രപറഞ്ഞു പിരിഞ്ഞത് . വേനല്‍ക്കാലത്തെ നഗരത്തിലെ കൊടും ചൂടില്‍ നിന്നു രക്ഷപ്പെട്ട് തന്റെ മലയോരഗ്രാമത്തിലെ വീട്ടില്‍ കുറച്ചു ദിവസം കഴിയാന്‍ രാജുവിനെ  ക്ഷണിച്ചിട്ടാണു  ബാബു മടങ്ങിയത് . രാജു ആ ദിനങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി . അവിടുത്തെ അതിഗംഭീരമായ ഭക്ഷണം രുചിക്കാന്‍ അയാളുടെ നാവിനു ധൃതിയായിരുന്നു.

ഒടുവില്‍ ആ ദിനങ്ങള്‍ മുമ്പിലെത്തി. വേനല്‍ മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ ഏസിയിലെ തണുപ്പില്‍നിന്നു പ്രകൃതി കനിഞ്ഞുനല്‍കുന്ന സുഖകരമായ കാലാവസ്ഥയുള്ള ഹൈറേഞ്ചിലേയ്ക്കയാള്‍ യാത്രയായി. യാത്രയിലുടനീളം അവിടെ ലഭിക്കുന്ന അതിവിശിഷ്ടമായ ഭക്ഷണത്തേക്കുറിച്ചയാള്‍ ദിവാസ്വപ്നം കണ്ടു. താനിതുവരെ രുചിച്ചിട്ടില്ലാത്ത വിഭവങ്ങളെ അയാള്‍ സങ്കല്‍പചിത്രങ്ങളാക്കി. ഒടുവില്‍ ഒരു വൈകുന്നേരമാണ് അയാള്‍ ബാബുവിന്റെ ഗ്രാമത്തിലെത്തിയത്. പച്ചപ്പു നിറഞ്ഞ മലകളും താഴ്വരകളും ചോലകളും പുഴകളും കൊച്ചുകൊച്ചു ഭംഗിയുള്ള വീടുകളുമുള്ള മനോഹരമായ ഗ്രാമം. വിവിധവര്‍ണ്ണങ്ങളിലെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന തൊടികളും വഴിയോരങ്ങളും .അവയുടെ സുഗന്ധം അന്തരീക്ഷമാകെ നിറഞ്ഞു നില്‍ക്കുന്നു  . എവിടെയും ശാന്തിയും സമാധാനവും നല്‍കുന്ന നിശ്ശബ്ദത. ഇടയ്ക്ക് ആ നിശ്ശബ്ദതയ്ക്കു  ഭംഗം വരുത്തുന്ന പക്ഷികളുടെ കളകൂജനം . വല്ലപ്പോഴും മാത്രമാണു വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്. അതിമനോഹരമായ ഒരു സ്വപ്നംപോലെ അയാളാ കാഴ്ചകള്‍ ആസ്വദിച്ചു. ഒടുവില്‍ അയാള്‍ കാത്തിരുന്ന ഭക്ഷണസമയം എത്തി . രാജുവും ബാബുവും മറ്റു മുടുംബാംഗങ്ങളും താഴെ വിരിച്ച പായയിലിരുന്നു. ബാബുവിന്റെ ഭാര്യ എല്ലാവരുടേയും മുമ്പില്‍ ഭക്ഷണം വിളമ്പി. ഒരു പാത്രത്തില്‍ കഞ്ഞി. കൂട്ടാന്‍ ചമ്മന്തിയും പുഴുക്കും അച്ചിങ്ങ മെഴുക്കുപുരട്ടിയും മോരുകറിയും പപ്പടംചുട്ടതും . സന്തോഷമായി അവര്‍ അത്താഴം കഴിച്ചു. രാജുവിന് അല്പം  ശങ്ക തോന്നാതിരുന്നില്ല. ഒരുപക്ഷേ വൈകുന്നേരം എത്തിയതുകൊണ്ട് വിഭവങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടിയിരിക്കില്ല. അയാള്‍ അങ്ങനെ ആശ്വസിച്ചു .

രാവിലെ നല്ല പാലൊഴിച്ചെടുത്ത കാപ്പി കുടിച്ച്, മധുരമേറിയ വാഴപ്പഴവും കഴിച്ച്  അവര്‍ ബാബുവിന്റെ കൃഷിസ്ഥലത്തേക്കിറങ്ങി. ചില കൃഷികളൊക്കെ നോക്കി തിരികെയെത്തുമ്പോള്‍ പ്രാതല്‍ തയ്യാറായിരുന്നു. നല്ല മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളകും ഉള്ളിയും ചേര്‍ത്തുടച്ചത് വെളിച്ചെണ്ണയൊഴിച്ചെടുത്ത ചമ്മന്തിയും ഉണക്കമീന്‍ വറുത്തതും . രാജുവിന് അതൊന്നും തീരെ ഇഷ്ടമായില്ലെങ്കിലും അനിഷ്ടമൊന്നും കാണിക്കാതെ അതൊക്കെക്കഴിച്ചു. ഉച്ചയ്ക്കൂണിനും ചോറും  മീന്‍കറിയും എന്തോ ഒരു തോരനും തൈരും  രസവും പപ്പടവും. ഇടനേരങ്ങളില്‍ തൊടികളില്‍ വിളഞ്ഞുപഴുത്ത, വിവിധസ്വാദുകളിലെ പഴങ്ങള്‍ ബാബുവിന്റെ മക്കള്‍ ശേഖരിച്ചു കൊണ്ടുവന്നുകൊടുത്തു .  ഭക്ഷണത്തില്‍ വലിയ മാറ്റമൊന്നുമില്ലാതെ അടുത്ത ദിവസവും കടന്നുപോയി. രാജു പ്രതീക്ഷിച്ച വിശിഷ്ടവിഭവങ്ങളൊന്നും അയാള്‍ക്കു മുന്നിലെത്തിയില്ല. മൂന്നാംദിവസം ക്ഷമകെട്ടു എന്നുതന്നെ പറയാം . പിറ്റേന്നു രാവിലെ പുറപ്പെടണം . എന്തായാലും അതിനുമുന്‍പ് അതു ചോദിക്കാതെ വയ്യ. ഒടുവില്‍ ഉറങ്ങാന്‍ പോകുംമുമ്പ് രാജു വളരെ വിനയത്തോടെതന്നെ ബാബുവിനോടു ചോദിച്ചു
" ബാബൂ, നാളെ രാവിലെ ഞാന്‍ മടങ്ങിപ്പോവുകയാണ്. അതിനുമുമ്പ് നിന്നോട് ഒരു കാര്യം ചോദിച്ചോട്ടേ. അന്നു നീ അവിടെ വന്നപ്പോള്‍ ഏറ്റവും നല്ല ഭക്ഷണമൊരുക്കി വിരുന്നുതന്നിട്ടും നീ എല്ലായ്പ്പോഴും പറഞ്ഞത് നിന്റെ ഗ്രാമത്തിലെ ഭക്ഷണമാണു അതിനേക്കാള്‍ ഗംഭീരമെന്ന്. പക്ഷേ ഞാനിവിടുന്നു കഴിച്ചതൊക്കെ സാധാരണ ഭക്ഷണം മാത്രം . എന്തുകൊണ്ടാണ് എനിക്കാ വിശിഷ്ടമായ ഭക്ഷണങ്ങളൊന്നും തരാതിരുന്നത്?"
ഒട്ടൊന്ന് അമ്പരന്ന ബാബു മെല്ലെ ഭാവംമാറ്റി ചിരിച്ചുകൊണ്ടു പറഞ്ഞു.
" അതിനേക്കാള്‍ ഗംഭീരമായ ഭക്ഷണമോ! അങ്ങനെയൊന്ന് ഇവിടെ ചിന്തിക്കാനേ ആവില്ല. ഞങ്ങള്‍ പാവപ്പെട്ട  കര്‍ഷകരാണ്. ഞങ്ങളുടെ വരുമാനവും കൃഷിയെ അവംലംബിച്ചുകിട്ടുന്ന തുച്ഛമായതാണ്. ഞങ്ങളുടെ ഭക്ഷണവും ജീവിതത്തിനു യോജിച്ചരീതിയില്‍   ലളിതവും എന്നാല്‍ പോഷകസമൃദ്ധവും ആയിരിക്കും . അമിതഭക്ഷണം ഞങ്ങളെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തും . അതുകൊണ്ട് ആവശ്യത്തിനു മാത്രം കഴിക്കുന്നതാണു ഞങ്ങളുടെ ശീലം .ഇവിടെ ഞങ്ങളുടെ ഭക്ഷണം  ഒരിക്കലും നീ എനിക്കു നല്‍കിയ ഭക്ഷണത്തോടു കിടപിടിക്കാവുന്നതല്ല. പക്ഷേ ഞങ്ങള്‍ ഇതാണു ശീലിച്ചത്. അതുകൊണ്ടുതന്നെ ഇതു  ഞങ്ങള്‍ക്ക് കൂടുതല്‍ തൃപ്തികരം . ഞാനത്രയേ അന്നും ഉദ്ദേശിച്ചുള്ളൂ"

രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അയാള്‍ കുറ്റബോധംകൊണ്ടു വീര്‍പ്പുമുട്ടി. തന്റെ  പാവം സുഹൃത്തിനെ സ്നേഹത്തോടെ ആലിംഗനംചെയ്തു . പിന്നെ യാത്രപറഞ്ഞ്  വാഹനത്തില്‍കയറി. കാഴ്ചയില്‍നിന്നു മറയുംവരെ അയാള്‍ കൈ വീശിക്കൊണ്ടിരുന്നു. എന്തൊക്കെയോ നന്മകള്‍ ആ മനസ്സില്‍ നിറയ്ക്കാന്‍ മലഞ്ചെരുവില്‍ നിന്നെത്തിയൊരു കാറ്റ് അയാളെ പിന്‍തുടര്‍ന്നിരുന്നു അപ്പോള്‍ .

Monday, October 17, 2016

കുട്ടിപ്പാട്ട്

പൊന്നുണ്ണിപ്പൈതലേ കണ്ണുതുറക്കുക
പൊന്നുഷസ്സെത്തി , അറിഞ്ഞതില്ലേ
വാനിലെ മാളികപ്പൂജാമുറിയതില്‍
അര്‍ക്കന്‍  വിളക്കു കൊളുത്തി വെയ്ക്കും.
ആ ദീപരശ്മികള്‍ താഴത്തണഞ്ഞിട്ടു
മൊട്ടായ മൊട്ടൊക്കെ പൂക്കളാക്കും
മാനത്തു മിന്നിയ നക്ഷത്രച്ചിന്തുകള്‍
ചിത്രശലഭങ്ങളായിങ്ങെത്തും
പൂമണം പേറിപ്പരന്നൊഴുകുന്നൊരു
കാറ്റിന്റെ ചേലയിലൂയലാടി
കുഞ്ഞുകിളികള്‍ പറന്നു നടക്കുന്നു
പാട്ടുകള്‍ പാടി രസിച്ചിടുന്നു .
നീമാത്രമെന്തേ ഉറങ്ങുന്നു പൊന്നുണ്ണീ
വേഗമുറക്കമുണര്‍ന്നെണീല്‍ക്കൂ..
കാത്തിരിക്കുന്നൊരു ചങ്ങാതിക്കൂട്ടരോ-
ടൊത്തു കളിച്ചു മദിച്ചിടേണ്ടേ 
പാഠങ്ങളെത്ര പഠിക്കുവാനുണ്ടിനി
പള്ളിക്കുടത്തിലും പോകവേണ്ടേ
അച്ഛന്‍ വിളിക്കുന്നു, അമ്മ വിളിക്കുന്നു
എന്തേ ഉറക്കം വെടിഞ്ഞിടാത്തേ..


Thursday, October 6, 2016

My prayer

Oh! Dear Morning Sun
Before your tender rays
Kiss my sleeping eyelids
To wake me up to this
Glorious day break..
Please give strength..
To stretch my hands
To help a needy friend,
To wipe the rolling tears
Of a grieving child...
And to support  slipping
Old feet who lost eyesight.
It's my wish, it's my prayer.

Tuesday, October 4, 2016

പരുന്തും പാറ

പരുന്തും പാറ
----------------------
ഇടുക്കി ജില്ല എന്നാല്‍ പ്രകൃതി സൗന്ദര്യത്തിന്റെ കേദാരം എന്നൊരു നിര്‍വ്വചനം കൊടുക്കാം . മനുഷ്യനിര്‍മ്മിതമല്ലാത്തതൊക്കേയും സ്വാഭാവികസൗന്ദര്യത്തിന്റെ ദൈവസ്പര്‍ശങ്ങളാണ്. ഇത്രമേല്‍ കലാവിരുതുള്ള ആ കരങ്ങളെ മനസ്സാ പ്രണമിച്ചു പോകുന്ന സൃഷ്ടിവൈഭവമാണ് എവിടെയും കാണാന്‍ കഴിയുക. പക്ഷേ ഈ മനോഹാരിതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന എന്നേപ്പോലുള്ളവര്‍ക്ക് അവിടുത്തെ ഏതെങ്കിലുമൊരു പ്രത്യേക കാഴ്ചയോടു അസാധാരണമായൊരു മമതയോ വിരക്തിയോ തോന്നുകയില്ലെന്നതു വാസ്തവം . വര്‍ഷങ്ങളായുള്ള മുംബൈയിലെ ജീവിതം അപൂര്‍വ്വമായി മാത്രമേ ഈ സൗന്ദര്യാസ്വാദനത്തിനു അവസരം നല്‍കുന്നുള്ളു . വല്ലപ്പോഴും ലഭിക്കുന്ന ഈ സൗഭാഗ്യങ്ങളെ വിവരിക്കാന്‍ വാക്കുകളില്ല എന്നതാണു സത്യം .
പരുന്തുമ്പാറ എന്റെ വീട്ടില്‍ നിന്ന് ഒരുപാടകലെയൊന്നുമല്ല. എങ്കിലും ഇക്കഴിഞ്ഞ ഓണക്കാലത്തു നാട്ടില്‍ പോയപ്പോഴാണ് ആദ്യമായി അവിടം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായത് . ഏതാണ്ട് ഒരുമണിക്കൂര്‍ യാത്രയേയുള്ളു. ഞങ്ങള്‍ ആദ്യം അയ്യപ്പന്‍കോവില്‍ ക്ഷേത്രദര്‍ശനം നടത്തി. ഇത്തവണ മഴ തീരെ കുറവായിരുന്നതിനാല്‍ ഒട്ടും വെള്ളമുണ്ടായിരുന്നില്ല. ക്ഷേത്രത്തിനടുത്തുവരെ കാറെത്തും . അതുകൊണ്ട് വലിയ തൂക്കുപാലം കയറേണ്ടി വന്നില്ല. എങ്കിലും സ്ഫടികതുല്യമായ ജലമൊഴുകുന്ന പെരിയാറും ചുറ്റുമുള്ള പച്ചപ്പും അതിനു നടുവില്‍ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ പണിതുയര്‍ത്തിയ ക്ഷേത്രവും ഒക്കെ കണ്ണുകള്‍ക്കു ദൃശ്യവിരുന്നൊരുക്കി നില്‍ക്കുന്നു.
ക്ഷേത്രത്തില്‍ നിന്നു പരുന്തുമ്പാറയിലേയ്ക്കായിരുന്നു യാത്ര. കുട്ടിക്കാനത്തു നിന്ന് കുമളി റൂട്ടില്‍ പീരുമേടിനടുത്താണ് പരുന്തുമ്പാറ എന്ന പ്രകൃതിമനോഹരി. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് എന്നു മനസ്സിലായില്ല. ആ പ്രദേശത്തിന് ഒരു പരുന്തിന്റെ ആകൃതി ഉണ്ടെന്നു പറയുന്നു. ചുറ്റുമുള്ള മലകളുടെ കാഴ്ചകള്‍ ഒരു പക്ഷിയുടെ കണ്ണിലൂടെ എന്നവണ്ണം അനന്തമായി കാണാന്‍ കഴിയും . നോക്കിനില്‍ക്കെ കാഴ്ചയെ മറച്ച് മൂടല്‍മഞ്ഞ് പടര്‍ന്നു കയറും. ചിലപ്പോള്‍ എന്തോ എടുക്കാന്‍ മറന്നതുപോലെ തിടുക്കത്തില്‍ ഈ മൂടല്‍ മഞ്ഞ് കുന്നിറങ്ങി താഴേയ്ക്കു പോകും. അപ്പോള്‍ മുമ്പില്‍ തെളിയുന്ന മലകളും വെള്ളിയുരുക്കി ഒഴിച്ചതുപോലുള്ള അരുവികളും ഒക്കെ ഒരു സുന്ദര സ്വപ്നം പോലെ. പുല്‍മേടുകളിലെ കാറ്റിന്റെ കൈപിടിച്ച് അവിടെയൊക്കെ ഇറങ്ങിനടന്നു കാണാം . വിശാലമായ പാറകളില്‍ വളര്‍ന്നു നില്‍ക്കുന്ന കൊച്ചു ചെടിപ്പടര്‍പ്പുകളില്‍ വിടര്‍ന്നു വിലസുന്ന കാട്ട്പൂക്കളുടെ ഭംഗി നുകരാം. ആവോളം ശുദ്ധവായു ശ്വസിക്കാം . കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലും മലഞ്ചെരുവിലുമൊക്കെ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടസാധ്യതയുണ്ട് എപ്പോഴും ഓര്‍മ്മയില്‍ വെയ്ക്കണം .
അവിടെ കാണുന്ന ഒരു പാറക്കെട്ടിന് നീണ്ട മൂക്കും , വളര്‍ന്നിറങ്ങിയ താടിയുമുള്ള ഒരു മുത്തശ്ശന്റെ മുഖത്തിന്റെ രൂപമാണ്. ടാഗോറിന്റെ മുഖത്തോടുള്ള സാമ്യം കൊണ്ടായിരിക്കണം അതിന് ടാഗോര്‍പാറയെന്നാണു പേരിട്ടിരിക്കുന്നത് . പല ചലച്ചിത്രങ്ങളുടേയും പശ്ചാത്തലമായിട്ടുള്ള പ്രദേശമാണ് പരുന്തും പാറ . ഭ്രമരം എന്ന പ്രസിദ്ധമായ ചിത്രത്തില്‍ മോഹന്‍ ലാല്‍ വാഹനമോടിച്ചു കൊണ്ടുപോകുന്ന ഒരു സീന്‍ ഇവിടെയാണ് എടുത്തിരിക്കുന്നത് .( ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിൽ കുട്ടികൾ കപ്പയും മീനും കഴിച്ചിട്ട് കൈ കഴുകുന്നയിടത്തു നിന്ന് കാണുന്നത് ഈ ടാഗോർ പാറയാണ് )  .അന്തരീക്ഷം പ്രസന്നമാണെങ്കില്‍ ശബരിമലയുടെ ദൂരക്കാഴ്ചയും ഇവിടെ നിന്ന് ലഭിക്കുമത്രേ .മകരവിളക്കു കാലത്ത് ജ്യോതി കാണാന്‍ ഇവിടെ വലിയ തിരക്കുണ്ടാകുമെന്നു പറയുന്നു .
ഒരുദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് പരുന്തുമ്പാറ. അത്യാവശ്യം ഭക്ഷണമൊക്കെ കൂടെ കരുതണമെന്നു മാത്രം . താമസസൗകര്യങ്ങളൊന്നും ഇവിടെ ലഭ്യമല്ലാത്തതിനാല്‍ കുട്ടിക്കാനത്തോ കുമളിയിലോ എത്തേണ്ടിവരും അതിനായി . പരുന്തുമ്പാറയിലേയ്ക്കുള്ള യാത്ര ഒരിക്കലും ഒരു സമയനഷ്ടമാകില്ല പ്രകൃതിസ്നേഹികള്‍ക്ക് .



























ഇല്ലിക്കല്‍ കല്ല്

ഇല്ലിക്കല്‍ കല്ല്
.
ഇങ്ങനെയൊരു സ്ഥലത്തേക്കുറിച്ച് മുമ്പൊരിക്കലും കേട്ടിരുന്നില്ല. നാട്ടില്‍ പോയിയുള്ള മടക്കയാത്രയിലാണ് അപ്രതീക്ഷിതമായി ഈ മനോഹരമായ വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാനിടയായത്. വാഗമണ്ണില്‍ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്കുള്ള വഴിയില്‍ തീക്കോയിക്കടുത്തായി ആണ് ഇല്ലിക്കല്‍ കല്ല്. താമരശ്ശേരി ചുരം അനുസ്മരിപ്പിക്കുന്ന വളഞ്ഞു പുളഞ്ഞ മലമ്പാത. ഇടയ്ക്കു വെച്ചു കണ്ട സുമുഖനായ ചെറുപ്പക്കാരനോട് വഴി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസിപ്പിക്കുന്നതായിരുന്നു.
" നല്ല സൂപ്പര്‍ റോഡാ . ഉഗ്രന്‍ വളവും തിരിവും " .
വളഞ്ഞു പുളഞ്ഞു കയറി കുത്തനെ കിടക്കുന്ന മലമുകളിലെത്തുമ്പോഴുള്ള കാഴ്ച മനോഹരം. വാഹനങ്ങളുടെ നീണ്ട നിരതന്നെ പാതയില്‍. അത്രയധികം വിനോദസഞ്ചാരികള്‍ അവിടെ എത്തിയിരുന്നു ഓണാവധി ആഘോഷിക്കാന്‍ .
3400 അടിയിലധികം ഉയരത്തിലുള്ള ഗിരിശിഖരങ്ങളും രണ്ടു വലിയ പാറയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏതാനും ചില കടകളുള്ളതൊഴിച്ചാല്‍ മനുഷ്യന്റെ കടന്നുകയറ്റം ഒട്ടും ഇല്ല തന്ന. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഒട്ടും സാധ്യത ഇല്ല. അതിനാല്‍ തന്നെ അപകടം പതിയിരിക്കുന്ന ചെങ്കുത്തായ പാറയും കീഴ്ക്കാം തൂക്കായ മലഞ്ചെരിവുകളും വളരെ ശ്രദ്ധിക്കേണ്ടതുണ്ട് .

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് ഇല്ലിക്കല്‍ മല. അവിടെയുള്ള ഭീമാകാരത്തിലുള്ള ഇല്ലിക്കല്‍ കല്ലിന്റെ ഒരുഭാഗം അടര്‍ന്നു പോയതാണ്. ബാക്കി ഭാഗം ആണ് ഇപ്പോഴുള്ളത് .
കൂണുപോലെ നില്‍ക്കുന്ന കുടക്കല്ല് എന്ന മല നീലിക്കൊടുവേലിയാല്‍ സമൃദ്ധമാണെന്നു പറയപ്പെടുന്നു. (കാണാന്‍ കഴിഞ്ഞില്ല) . പാറ ഒരു കൂനുപോലെ തോന്നിപ്പിക്കുന്ന കൂനുകല്ലാണ് രണ്ടാമത്തെ മല. ഈ പാറയെ ബന്ധിപ്പിക്കുന്ന നരകപ്പാലം എന്നൊരു ഇടുങ്ങിയ പാലവും ഉണ്ട്. സാഹസികരായ മലകയറ്റക്കാര്‍ക്ക് ഏറെ ഇഷ്ടമാകും ഇവിടം . വളരെ പ്രസന്നമായ കാലാവസ്ഥയാണെങ്കില്‍ അങ്ങുദൂരെ അറബിക്കടല്‍ ഈ മലമുകളില്‍ നിന്നു കാണാമത്രേ. ഇവിടെ നിന്നുള്ള അസ്തമയ ദൃശ്യവും എതിര്‍ വശത്തെ ചന്ദ്രോദയവുമൊക്കെ ഏറെ ഹൃദ്യമായ കാഴ്ചകള്‍ ! പിന്നെ ചുറ്റുപാടും പലയിടങ്ങളില്‍ നിന്നായി വെള്ളച്ചാട്ടങ്ങള്‍ ഒഴുകി താഴെയൊഴുകിപ്പോകുന്ന മീനച്ചിലാറ്റില്‍ പതിക്കുന്നു. കട്ടിക്കയം എന്ന വെള്ളച്ചാട്ടം ഇവിടെയടുത്താണ്. ഇവയൊക്കെ കൂടി സിനിമ ഷൂട്ടിംഗിന് ഏറെ അനുയോജ്യമാക്കുന്നു ഇല്ലിക്കല്‍ കല്ലിനെ .
പക്ഷേ മഴയും മൂടല്‍മഞ്ഞും ഒക്കെയായി ഞങ്ങള്‍ക്ക് അത്ര നല്ല കാഴ്ചകളൊന്നും ലഭിച്ചില്ല. ഇല്ലിക്കല്‍ കല്ലു തന്നെ നോക്കി നില്‍ക്കെ മഞ്ഞു വന്നു മൂടിപ്പോയി. നന്നായി ഒരു ഫോട്ടോ എടുക്കാന്‍ പോലും കഴിഞ്ഞില്ല. എങ്കിലും ഒന്നുറപ്പാണ്. വിനോദസഞ്ചാരമേഖലയില്‍ അനന്തസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന അനുഗൃഹീതമായൊരു പ്രദേശമാണ് ഇല്ലിക്കല്‍ കല്ല്.

Monday, October 3, 2016

ഇനിയൊരു യാത്ര

ഇനിയൊരു യാത്ര
.
ഒരു യാത്ര പോകുവാന്‍ ബാക്കിയാണൊരു
ദീര്‍ഘയാത്ര മാത്രമിനി ദൂരേക്കു പോകുവാന്‍
സ്വപ്നങ്ങള്‍, നഷ്ടങ്ങള്‍ - എല്ലാം നിറച്ചൊരെന്‍ 
ഹൃദയഭാണ്ഡം കടല്‍ച്ചുഴിയില്‍ കളഞ്ഞിട്ടു 
തഴുകുന്ന തിരയോടു വിടയൊന്നു ചൊല്ലാതെ 
തുള്ളിക്കളിക്കുന്ന കാറ്റിനെ നോക്കാതെ ...
എവിടെത്തുടങ്ങുമെന്നറിയില്ല, ആരൊക്കെ 
സഹയാത്രയ്ക്കെന്നൊപ്പമുണ്ടെന്നുമറിയില്ല 
എങ്കിലും പോകണം, ദൂരെയങ്ങതിദൂരെ
ഓര്‍മ്മതന്‍ കുടമുല്ല പൂക്കാത്ത വാടിയില്‍ 
സ്വപ്നം വിതയ്ക്കാത്തെ രാവിന്നിരുൾവയൽ-
ക്കോണിലൊരു നിദ്രതന്‍ ചെറുചാലൊഴുക്കുവാന്‍ 
അതിലെന്റെ മറവിതന്‍ കടലാസു തോണികള്‍ 
മെല്ലെയൊഴുക്കിയൊരു നെടുവീര്‍പ്പുതിര്‍ക്കണം.
മിഴിനീരു വറ്റി വരണ്ടൊരെന്‍ കണ്‍കളില്‍  
നിറയുന്ന ശുന്യതാമേഘജാലങ്ങള്‍തന്‍ 
നിറമാരിവില്ലിന്റെ വര്‍ണ്ണം നിറയ്ക്കുവാന്‍ 
ചക്രവാളത്തിലെ ചായങ്ങള്‍ തേടണം 
പാഥേയമില്ലാതെ പോകുമീ യാത്രയില്‍ 
മഞ്ഞിന്‍ കണങ്ങളെന്‍ പൈദാഹമാറ്റണം 
മുമ്പേ നടന്നവര്‍ വഴിയില്‍ കൊഴിച്ചിട്ട 
ചെമ്പകപ്പൂക്കള്‍തന്‍ ഗന്ധം നുകരണം 
ഇല്ലെനിക്കൊന്നുമീ യാത്രയില്‍ പങ്കിടാന്‍ 
ഹൃദയം മഥിക്കുന്ന ദുഃഖങ്ങള്‍ പോലും 
ഏകാന്തമാകുന്ന വീഥികള്‍ താണ്ടുവാന്‍ 
സ്നേഹത്തിന്‍  കുടയൊന്നു തണല്‍ നല്ക വേണ്ടാ 
പോകണം, അകലെ,യങ്ങതിദൂരെ, ഓര്‍മ്മകള്‍ 
കുടമുല്ലപ്പൂമണം ചൊരിയാത്ത വാടിയില്‍ 
.