Tuesday, October 4, 2016

പരുന്തും പാറ

പരുന്തും പാറ
----------------------
ഇടുക്കി ജില്ല എന്നാല്‍ പ്രകൃതി സൗന്ദര്യത്തിന്റെ കേദാരം എന്നൊരു നിര്‍വ്വചനം കൊടുക്കാം . മനുഷ്യനിര്‍മ്മിതമല്ലാത്തതൊക്കേയും സ്വാഭാവികസൗന്ദര്യത്തിന്റെ ദൈവസ്പര്‍ശങ്ങളാണ്. ഇത്രമേല്‍ കലാവിരുതുള്ള ആ കരങ്ങളെ മനസ്സാ പ്രണമിച്ചു പോകുന്ന സൃഷ്ടിവൈഭവമാണ് എവിടെയും കാണാന്‍ കഴിയുക. പക്ഷേ ഈ മനോഹാരിതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന എന്നേപ്പോലുള്ളവര്‍ക്ക് അവിടുത്തെ ഏതെങ്കിലുമൊരു പ്രത്യേക കാഴ്ചയോടു അസാധാരണമായൊരു മമതയോ വിരക്തിയോ തോന്നുകയില്ലെന്നതു വാസ്തവം . വര്‍ഷങ്ങളായുള്ള മുംബൈയിലെ ജീവിതം അപൂര്‍വ്വമായി മാത്രമേ ഈ സൗന്ദര്യാസ്വാദനത്തിനു അവസരം നല്‍കുന്നുള്ളു . വല്ലപ്പോഴും ലഭിക്കുന്ന ഈ സൗഭാഗ്യങ്ങളെ വിവരിക്കാന്‍ വാക്കുകളില്ല എന്നതാണു സത്യം .
പരുന്തുമ്പാറ എന്റെ വീട്ടില്‍ നിന്ന് ഒരുപാടകലെയൊന്നുമല്ല. എങ്കിലും ഇക്കഴിഞ്ഞ ഓണക്കാലത്തു നാട്ടില്‍ പോയപ്പോഴാണ് ആദ്യമായി അവിടം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായത് . ഏതാണ്ട് ഒരുമണിക്കൂര്‍ യാത്രയേയുള്ളു. ഞങ്ങള്‍ ആദ്യം അയ്യപ്പന്‍കോവില്‍ ക്ഷേത്രദര്‍ശനം നടത്തി. ഇത്തവണ മഴ തീരെ കുറവായിരുന്നതിനാല്‍ ഒട്ടും വെള്ളമുണ്ടായിരുന്നില്ല. ക്ഷേത്രത്തിനടുത്തുവരെ കാറെത്തും . അതുകൊണ്ട് വലിയ തൂക്കുപാലം കയറേണ്ടി വന്നില്ല. എങ്കിലും സ്ഫടികതുല്യമായ ജലമൊഴുകുന്ന പെരിയാറും ചുറ്റുമുള്ള പച്ചപ്പും അതിനു നടുവില്‍ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ പണിതുയര്‍ത്തിയ ക്ഷേത്രവും ഒക്കെ കണ്ണുകള്‍ക്കു ദൃശ്യവിരുന്നൊരുക്കി നില്‍ക്കുന്നു.
ക്ഷേത്രത്തില്‍ നിന്നു പരുന്തുമ്പാറയിലേയ്ക്കായിരുന്നു യാത്ര. കുട്ടിക്കാനത്തു നിന്ന് കുമളി റൂട്ടില്‍ പീരുമേടിനടുത്താണ് പരുന്തുമ്പാറ എന്ന പ്രകൃതിമനോഹരി. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് എന്നു മനസ്സിലായില്ല. ആ പ്രദേശത്തിന് ഒരു പരുന്തിന്റെ ആകൃതി ഉണ്ടെന്നു പറയുന്നു. ചുറ്റുമുള്ള മലകളുടെ കാഴ്ചകള്‍ ഒരു പക്ഷിയുടെ കണ്ണിലൂടെ എന്നവണ്ണം അനന്തമായി കാണാന്‍ കഴിയും . നോക്കിനില്‍ക്കെ കാഴ്ചയെ മറച്ച് മൂടല്‍മഞ്ഞ് പടര്‍ന്നു കയറും. ചിലപ്പോള്‍ എന്തോ എടുക്കാന്‍ മറന്നതുപോലെ തിടുക്കത്തില്‍ ഈ മൂടല്‍ മഞ്ഞ് കുന്നിറങ്ങി താഴേയ്ക്കു പോകും. അപ്പോള്‍ മുമ്പില്‍ തെളിയുന്ന മലകളും വെള്ളിയുരുക്കി ഒഴിച്ചതുപോലുള്ള അരുവികളും ഒക്കെ ഒരു സുന്ദര സ്വപ്നം പോലെ. പുല്‍മേടുകളിലെ കാറ്റിന്റെ കൈപിടിച്ച് അവിടെയൊക്കെ ഇറങ്ങിനടന്നു കാണാം . വിശാലമായ പാറകളില്‍ വളര്‍ന്നു നില്‍ക്കുന്ന കൊച്ചു ചെടിപ്പടര്‍പ്പുകളില്‍ വിടര്‍ന്നു വിലസുന്ന കാട്ട്പൂക്കളുടെ ഭംഗി നുകരാം. ആവോളം ശുദ്ധവായു ശ്വസിക്കാം . കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലും മലഞ്ചെരുവിലുമൊക്കെ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടസാധ്യതയുണ്ട് എപ്പോഴും ഓര്‍മ്മയില്‍ വെയ്ക്കണം .
അവിടെ കാണുന്ന ഒരു പാറക്കെട്ടിന് നീണ്ട മൂക്കും , വളര്‍ന്നിറങ്ങിയ താടിയുമുള്ള ഒരു മുത്തശ്ശന്റെ മുഖത്തിന്റെ രൂപമാണ്. ടാഗോറിന്റെ മുഖത്തോടുള്ള സാമ്യം കൊണ്ടായിരിക്കണം അതിന് ടാഗോര്‍പാറയെന്നാണു പേരിട്ടിരിക്കുന്നത് . പല ചലച്ചിത്രങ്ങളുടേയും പശ്ചാത്തലമായിട്ടുള്ള പ്രദേശമാണ് പരുന്തും പാറ . ഭ്രമരം എന്ന പ്രസിദ്ധമായ ചിത്രത്തില്‍ മോഹന്‍ ലാല്‍ വാഹനമോടിച്ചു കൊണ്ടുപോകുന്ന ഒരു സീന്‍ ഇവിടെയാണ് എടുത്തിരിക്കുന്നത് .( ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിൽ കുട്ടികൾ കപ്പയും മീനും കഴിച്ചിട്ട് കൈ കഴുകുന്നയിടത്തു നിന്ന് കാണുന്നത് ഈ ടാഗോർ പാറയാണ് )  .അന്തരീക്ഷം പ്രസന്നമാണെങ്കില്‍ ശബരിമലയുടെ ദൂരക്കാഴ്ചയും ഇവിടെ നിന്ന് ലഭിക്കുമത്രേ .മകരവിളക്കു കാലത്ത് ജ്യോതി കാണാന്‍ ഇവിടെ വലിയ തിരക്കുണ്ടാകുമെന്നു പറയുന്നു .
ഒരുദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് പരുന്തുമ്പാറ. അത്യാവശ്യം ഭക്ഷണമൊക്കെ കൂടെ കരുതണമെന്നു മാത്രം . താമസസൗകര്യങ്ങളൊന്നും ഇവിടെ ലഭ്യമല്ലാത്തതിനാല്‍ കുട്ടിക്കാനത്തോ കുമളിയിലോ എത്തേണ്ടിവരും അതിനായി . പരുന്തുമ്പാറയിലേയ്ക്കുള്ള യാത്ര ഒരിക്കലും ഒരു സമയനഷ്ടമാകില്ല പ്രകൃതിസ്നേഹികള്‍ക്ക് .1 comment:

  1. പരുന്തും പാറയെ പറ്റിയുള്ള വിവരണവുംഫോട്ടോകളും അതീവ ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete