Saturday, January 7, 2017

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ -1

1. ടിട്‌വാല  സിദ്ധിവിനായക മഹാഗണപതിക്ഷേത്രം 
=====================
മുംബൈയില്‍ നിന്നു വളരെയൊന്നും ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഗണപതിക്ഷേത്രമാണ്  ടിട്‌വാലയിലെ പുരാതനമായ  സിദ്ധിവിനായക മഹാഗണപതിക്ഷേത്രം . താനെ ജില്ലയില്‍ കല്യാണ്‍ താലൂക്കില്‍ പെട്ട ഒരു ചെറിയ പട്ടണമാണ് ടിട്‌വാല . വിവാഹബന്ധത്തിന്റെ ദൃഢതയ്ക്കു വേണ്ടിയും വിവാഹം നടക്കാനുള്ള പ്രാര്‍ത്ഥനയ്ക്കായും വേര്‍പിരിഞ്ഞു  നില്‍ക്കുന്ന ദമ്പതികളുടെ പുനഃസമാഗമത്തിനും ഒക്കെയാണ് ഭക്തര്‍ ഈ മഹാഗണപതിക്ഷേത്രത്തില്‍ ആരാധനയ്ക്കായെത്തുന്നത്. വിവാഹക്കാര്യത്തില്‍ ഇവിടെ നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലിയ്ക്കുമെന്നാണ് ഉറച്ച  വിശ്വാസം.

 മുംബൈയില്‍ നിന്നും കസാറയിലേയ്ക്കുള്ളലോക്കല്‍ ട്രെയിന്‍ കടന്നു പോകുന്നത് ഈ പട്ടണത്തില്‍ കൂടിയാണ്.   മുംബൈയില്‍ നിന്നു റോഡ് മാര്‍ഗ്ഗവും ഇവിടെ എത്താം. ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട്.  ലോക്കല്‍ ട്രെയിന്‍ യാത്ര കഴിഞ്ഞാല്‍ റിക്ഷയിലോ കുതിരവണ്ടിയിലോ ക്ഷേത്രത്തിലേയ്ക്കു പോകാം. ക്ഷേത്രപൂജകള്‍ക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന ധാരാളം കടകള്‍ പല നിരകളിലായി ക്ഷേത്രത്തിനടുത്തു തന്നെയുണ്ട്. പൂക്കളും  കറുകമാലയും പുഷ്പഹാരവും മോദകവും നാളികേരവും ചന്ദനത്തിരിയും കല്‍ക്കണ്ടവും  ഒക്കെ   താലത്തിലാക്കി ലഭിക്കും. ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ താലം തിരികെകൊടുത്തു പണമടച്ചു പ്രസാദവും വാങ്ങിപ്പോകാം . 

ഭക്തമാനസങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ചില ഐതിഹ്യങ്ങളുണ്ട് ഈ ക്ഷേത്രത്തേക്കുറിച്ച് .ഇതിഹാസകാലത്ത് ഈ പ്രദേശം ദണ്ഡകരണ്യവനത്തിന്റെ ഒരു ഭാഗമായിരുന്നു. ഇവിടെയായിരുന്നു മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ട , മാലിനിനദിയുടെ തീരത്തെ ( ഇന്നത്തെ കുലുനദി ) കണ്വമുനിയുടെ തപോവനം . ദുഷ്യന്തനാല്‍ തിരസ്കരിക്കപ്പെട്ടു ആശ്രമത്തില്‍ തിരികെയെത്തിയ പുത്രി ശകുന്തളയുടെ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കിയ കണ്വന്‍,  ഒരു  ക്ഷേത്രം നിര്‍മ്മിച്ച് സിദ്ധിവിനായക ഗണേശന്റെ ബിംബം   പ്രതിഷ്ഠിച്ച് ഭക്തിപൂര്‍വ്വം  ആരാധന നടത്താന്‍ ഉപദേശിച്ചു. അത് ഭര്‍തൃസമാഗമത്തിനു തീര്‍ച്ചയായും വഴിയൊരുക്കുമെന്ന് ഉറപ്പും നല്കി . അങ്ങനെയാണ് ഈ ക്ഷേത്രത്തിന്റെ ഉല്പത്തി . 

ശകുന്തള നിര്‍മ്മിച്ച്,  ആരാധന നടത്തിയിരുന്ന പഴയക്ഷേത്രം കാലാന്തരത്തില്‍ അവഗണിക്കപ്പെടുകയും അശ്രദ്ധകാരണം മണ്ണു മൂടി,  അതൊരു ജലസംഭരണിക്കടിയിലായിപ്പോവുകയും ചെയ്തു .പതിനെട്ടാം നൂറ്റാണ്ടില്‍  പേഷ്വാ മാധവറാവു ഒന്നാമന്റെ കാലത്തുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിനായി ഈ ജലസംഭരണി വൃത്തിയാക്കുകയുണ്ടായി. അതിനായി മണ്ണു നീക്കുമ്പോളാണ് മണ്ണിലാണ്ടുപോയ ഈ ക്ഷേത്രം കണ്ടെത്തിയത്. അവിടെ നിന്നും വീണ്ടെടുത്ത വിഗ്രഹം, ഒരു പുതിയ ക്ഷേത്രം പണിത് അവിടേയ്ക്കു പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു . അന്ന് തടികൊണ്ടു നിര്‍മ്മിച്ച സഭാമണ്ഡപത്തോടു കൂടിയ ഒരു ചെറിയ ക്ഷേത്രമായിരുന്നു നിര്‍മ്മിച്ചത്. പിന്നീട് കാലപ്പഴക്കത്താല്‍ അതും നാശോന്മുഖമായപ്പൊഴാണ് ഇന്നു കാണുന്നരീതിയില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. 1965-66 കാലത്ത് രണ്ടുലക്ഷം രൂപയാണു പുനഃരുദ്ധാരണത്തിനായി വിനിയോഗിക്കപ്പെട്ടത്. ഈ ക്ഷേത്രനിര്‍മ്മിതിക്കായി രണ്ടു ഹെക്ടറോളം സ്ഥലം നല്കിയത് പേഷ്വാമാരായിരുന്നു. പിന്നീട് ക്ഷേത്രത്തിലെ പരമ്പരാഗതപുരോഹിതന്മാരായ  ജോഷിമാര്‍ നല്കിയ സ്ഥലം കൂടി ചേര്‍ന്നപ്പോള്‍ അഞ്ചു ഹെക്ടറോളമായി അത്.  ബിംബം പ്രതിഷ്ഠിച്ചിരിക്കുന്ന  ക്ഷേത്രം നിലകൊള്ളുന്ന മൂന്നരയടി ഉയരത്തിലുള്ള കല്‍മണ്ഡപവും രണ്ടു നിലകളിലായി വെണ്ണക്കല്ലുകള്‍ പാകിയ  സഭാമണ്ഡപവും പുനഃരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടു. അടുത്തകാലത്താണു ബിംബത്തിന്റെ കണ്ണുകള്‍ മാണിക്യക്കല്ലുകല്‍ പതിച്ചു മനോഹരമാക്കിയത് . പ്രധാനകവാടത്തിന്റെ വലതുഭാഗത്തായി ഒരു ശിവലിംഗപ്രതിഷ്ഠമായ ചെറിയൊരു ശ്രീകോവിലും ഉണ്ട് .ഇവിടെയും ക്ഷീരധാരയും മറ്റും നടത്തുന്നത് ഭക്തരുടെ അരാധനാക്രമമാണ്.   മുന്‍ഭാഗത്തായി ഒരു ദീപസ്തംഭവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വ വെള്ളി ദിനങ്ങള്‍ ദര്‍ശനത്തിനു വിശേഷമായി കരുതുന്നു . ഗണേശ ചതുര്‍ത്ഥി, അംഗരിക ചതുര്‍ത്ഥി ദിനങ്ങളില്‍ ഇവിടെ വിശേഷ പൂജകളും ഉത്സവങ്ങളും ഉണ്ടാകാറുണ്ട്. മാഘമാസത്തിലെ ഗണേശ ജയന്തി മാഘി ഗണേശോത്സവം എന്നറിയപ്പെടുന്നു.  ആ സമയങ്ങളിലൊക്കെ  ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ  തിരക്കുണ്ടാകും ഇവിടെ . 

 2004ല്‍ ആരംഭിച്ച് ഒന്നരക്കോടി രൂപ ചെലവില്‍ 

അഞ്ചുവര്‍ഷമായി നടന്നു വന്ന പുനഃരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തോടു ചേര്‍ന്നുണ്ടായിരുന്ന തടാകം മണ്ണു നീക്കം ചെയ്തു വൃത്തിയാക്കി സംരക്ഷിക്കുന്നു. അതിനു ചുറ്റും മനോഹരമായ പൂങ്കാവനവും തയ്യാറാക്കിയിട്ടുണ്ട്. ബോട്ടിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ഈ ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെ ഒരു വിഠല്‍-രുഗ്മിണി ക്ഷേത്രവും ഭക്തരുടെ പ്രിയപ്പെട്ട ആരാധനാ കേന്ദ്രമാണ്. ശ്രീ ശനിക്ഷേത്രം, സ്വാമി സമര്‍ത്ഥ് മഠം, സദ്ഗുരു നിവാസ്, സായ് ബാബ മന്ദിര്‍ , ഹനുമാന്‍ ക്ഷേത്രം ,  വൈഷ്ണോദേവി ക്ഷേത്രം എന്നിവിടെങ്ങളിലും ഇവിടെയെത്തുന്ന  ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്.

 1 comment:

  1. നല്ല വിവരണം
    ആശംസകള്‍

    ReplyDelete