Sunday, August 25, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 3

മുക്തേശ്വരിലെ സൂര്യോദയം
--------------------------------------------
മുക്തേശ്വർ എന്ന പേര് നമുക്ക് പരിചിതമായത് ജിം കോർബെറ്റ്‌ എന്ന വിഖ്യാതനായ എഴുത്തുകാരന്റെ 'Man-Eaters of Kumaon' എന്ന പ്രശസ്തനോവലിലൂടെയാണ്. ഇന്നും നരഭോജികളെ കൊന്നൊടുക്കിയ  ജിംകോർബെറ്റിന്റെ  കഥകൾ അന്നാട്ടുകാരുടെ ഉൾപുളകമാണ്.  അതുപറയാൻ അവർക്കിന്നും ആയിരം നാവാണ്.

ഉത്തരാഞ്ചലിലെ ( ഉത്തരാഖണ്ഡ് ) നൈനിറ്റാൾ ജില്ലയിലെ ഒരു മനോഹരപ്രദേശമാണ് മുക്തേശ്വർ. ഹിമാലയത്തിലെ ക്യുമായോൺ ഡിവിഷനിലാണ്, സമുദ്രനിരപ്പില്‍നിന്ന് 2286 അടി ഉയരത്തിലുള്ള ഈ ഹിൽസ്റ്റേഷൻ. ഇവിടെയുള്ള മുക്തേശ്വർ ധാം എന്ന പുരാതന ശിവക്ഷേത്രത്തിന്റെ പേരിൽനിന്നാണ് ഇന്നാടിന് ഈ പേരു ലഭിച്ചത്. ബ്രിട്ടീഷ്ഭരണകാലത്ത് മുക്തേശ്വര്‍ കേന്ദ്രീകരിച്ചു  നിരവധി പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിനാൽ അക്കാലത്തു മുക്തേശ്വർ പ്രസിദ്ധിയാർജിച്ചിരുന്നു. എന്നാൽ ഇക്കാലത്തെ മുക്തേശ്വരിന്റെ പ്രസിദ്ധി ഹിമാലയാദർശനത്തിന്റെ പേരിലാണ്. പ്രത്യേകിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ
രണ്ടാമത്തെ കൊടുമുടിയായ നന്ദാദേവിയുടെ ദർശനസൗഭാഗ്യം മുക്തേശ്വരിൽനിന്നു ലഭിക്കുമെന്നുള്ളതാണ്.

മുക്തേശ്വറിന്റെ  ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ കാതഗോടം ആണ്. മുംബൈയിൽനിന്ന് രണ്ടുഘട്ടമായായിരുന്നു ട്രെയിൻയാത്ര. ആദ്യത്തേത് ഡൽഹിവരെയും അവിടെനിന്നു കാതഗോടം വരെയും. ഡൽഹിയിൽനിന്ന് ഏകദേശം ഏഴുമണിക്കൂർ ട്രെയിൻയാത്രയുണ്ട് കാതഗോഡത്തേക്ക്.  പിന്നീട് റോഡുമുഖേനയുള്ള യാത്രയായിരുന്നു. രണ്ടുമണിക്കൂറിലധികംഎടുത്തു മുക്തേശ്വരിലെ ത്രിശൂൽ ഓർച്ചാഡ്‌ എന്ന റിസോർട്ടിലെത്താൻ.  വൈകുന്നേരമാണ് അവിടെയെത്തിയത്. എവിടേക്കു നോക്കിയാലും മലനിരകളുടെ നിന്മോന്നതികൾ. റിസോർട്ട് സ്ഥിതിചെയ്യുന്നത് വളരെ ഉയരമുള്ളൊരു മലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായാണ്.  വിവിധവർണ്ണങ്ങളിലെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചുറ്റുപാടിലാണ് റിസോർട്. ഔദ്യോഗികരംഗത്ത് ഉന്നദപദവിയലങ്കരിച്ചിരുന്നൊരു സർക്കാരുദ്യോഗസ്ഥനാണ് അതിന്റെ ഉടമ. അദ്ദേഹത്തിന്റെ ഭാര്യ മുനിസിപ്പാലിറ്റി ചെയര്പേഴ്സണായിരുന്നു അന്ന്.   അവർ താമസിക്കുന്നൊരു വലിയ കെട്ടിടവും അതിനോട് ചേർന്ന്, റിസോർട്ടിലെത്തുന്നവർക്കായി മുറികൾ സജ്ജീകരിച്ചിരിക്കുന്നൊരു കെട്ടിടവും ചേർന്നതാണ് പ്രധാനഭാഗം. അവിടെനിന്ന് പടിക്കെട്ടുകളിറങ്ങിച്ചെന്നാൽ കാണുന്നത്  കോട്ടേജുകൾ നിരനിരയായി നിൽക്കുന്നതാണ്. മലഞ്ചെരിവായതുകൊണ്ടു മുൻഭാഗം തൂണുകളിൽത്താങ്ങി stilt house പോലെയാണ് കോട്ടേജുകൾ പണിതിരിക്കുന്നത്. തടിയും മുളയുമൊക്കെക്കൊണ്ടുള്ള ചുവരുകളും പുല്ലുമേഞ്ഞ മേൽക്കൂരയുമൊക്കെയുള്ളതുകൊണ്ടു  പുറമെനിന്നുനോക്കിയാൽ പൗരാണികത തോന്നുമെങ്കിലും അകത്ത് എല്ലാവിധ ആധുനികസജ്ജീകരണങ്ങളുമുണ്ട്. കോട്ടേജുകൾക്കു മുകള്ഭാഗത്തായാണ് റിക്രിയേഷൻ ഹാളും ഡൈനിംങ് ഹാളും ഒക്കെയുള്ളത്. അതിനുമപ്പുറത്തെ വിശാലമായ മുറ്റത്ത് രാത്രികാലങ്ങളിൽ ക്യാമ്പ് ഫയറും മറ്റും ഒരുക്കി വിരുന്നുകാർക്ക് ഉല്ലാസത്തിനുള്ള വേദിയൊരുക്കും.

റിസോർട്ട് സമുച്ചയത്തിനു  താഴെയായി വിശാലമായ കൃഷിത്തോട്ടമാണ്. ഉടമയുടെ വസതിയോടു ചേർന്ന് പച്ചക്കറികളും പഴങ്ങളും ഉദ്പാദിപ്പിക്കാൻ  ഒരു വിസ്തൃതമായ ഗ്രീൻ ഹൗസും ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ പോയത് നവംബറിലായതുകൊണ്ടു കൃഷികളൊക്കെ ഏതാണ്ട് വിളവെടുപ്പ് കഴിഞ്ഞ സ്ഥിതിയിലായിരുന്നു. മഞ്ഞുകാലത്തെ വരവേൽക്കാൻ ആപ്പിൾമരങ്ങളും പിയറും പീച്ചും ചെറിമരങ്ങളുമെല്ലാം   ഇലകൊഴിച്ച് ഉണങ്ങിയതുപോലെ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ  ഗ്രീൻഹൗസിൽ ധാരാളം പച്ചക്കറികളും സ്ട്രോബറിയുമൊക്കെ പാകമായി നിൽക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നു പറിച്ചെടുക്കുന്ന പച്ചക്കറികളാണ് ദിവസവും ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.   റിസോർട്ട് സമുച്ചയത്തിന്റെ  മുകളിലേക്കുള്ള മലയിൽ  ഓക്കുമരങ്ങളും പൈന്മരങ്ങളും വളർന്നു നിൽക്കുന്ന കാടാണ്. പക്ഷേ  വന്യമൃഗങ്ങളൊന്നും ഉപദ്രവത്തിനെത്തില്ല.  മുകളിലേക്കു  കയറിപ്പോകാൻ ഒരൊറ്റയടിപ്പാത മരങ്ങൾക്കിടയിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. അതുകയറി മുകളിലെത്തിയാൽ 360 ഡിഗ്രി കാഴ്ച ലഭിക്കുന്നൊരു വ്യൂ പോയിന്റ് ഉണ്ട്. റിസോർട്ടിന്റെ  ചുറ്റുപാടും വൈവിധ്യമാർന്ന കാഴ്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നു.

മദ്ധ്യാഹ്നം കഴിഞ്ഞ സമയത്താണ് ഞങ്ങളവിടെയെത്തിയത്.  ദീർഘമായ ട്രെയിൻയാത്രയുടെ  ക്ഷീണമകറ്റാൻ കുളിയൊക്കെക്കഴിഞ്ഞു ചുറ്റുപാടുകൾ കാണാനായുള്ള യാത്രക്കായി തയ്യാറായി. മലമുകളിലേക്കാണ് ആദ്യം കയറിപ്പോയത്. 200 മീറ്ററിലധികം കയറ്റമുണ്ട് . കുത്തനെയുള്ള വഴിയായതുകൊണ്ട് അല്പം ബുദ്ധിമുട്ടിയാലേ കയറാൻ കഴിയൂ. ഹൈറേഞ്ചിൽ ജനിച്ചുവളർന്ന ഞങ്ങൾക്ക് ആ മലകയറ്റം തൃണസമാനമായിരുന്നെങ്കിലും മഹാനഗരത്തിൽ ജനിച്ചുവളർന്ന,  ഞങ്ങളുടെ സഹയാത്രികർക്ക് ഏറെ ദുഷ്കരമായിരുന്നു. മുകളിൽനിന്നുള്ള കാഴ്ച അവർണ്ണനീയമാണ്. അലഞൊറിഞ്ഞ തിരമാലകൾപോലെ മലനിരകൾ അനന്തതിയിലേക്കു പടർന്നുകയറുന്നു. അതിനുമപ്പുറം പ്രാലേയകഞ്ചുകം ചാർത്തിനിൽക്കുന്ന ഹിമഗിരിശൃംഗങ്ങൾ. തെക്കുഭാഗത്തേക്കു നോക്കിയാൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ കാഴ്ചയിലെത്തുന്ന മഞ്ഞുകൊടുമുടികളിൽ ബദരീനാഥും തൃശൂലും നന്ദാദേവിയും പഞ്ചചൂലിയും നന്ദാകോട്ടും ഒക്കെയുണ്ട്. എത്രസമയം നോക്കിനിന്നാലും ഹിമവാൻ നമ്മേ  മുഷിപ്പിക്കില്ല. പിന്നെയും പിന്നെയും തന്നിലേക്കാകർഷിക്കാൻ ഈ മുതുമുത്തശ്ശന് എന്തോ മന്ത്രവിദ്യ അറിയാമെന്നു തോന്നും. പക്ഷേ പിന്നെയും കാഴ്ചകൾ ധാരാളമുള്ളതുകൊണ്ടു അവിടെനിന്നു യാത്രയായി. അടുത്തുള്ള ക്ഷേത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ധാരാളം മണികൾ ക്ഷേത്രത്തിന്റെ പലഭാഗത്തായി കെട്ടിതൂക്കിയിട്ടിരിക്കുന്നതുകാണാം. ഭക്തരുടെ നേർച്ചയാണത്രേ ആ മണികൾ. അതൊരദ്‌ഭുതകാഴ്ച്ചതെന്നയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞുപോയത് അടുത്തുതന്നെയുള്ള ചൗതി ജാലി അഥവാ  ചൗലി കി ജാലി എന്നറിയപ്പെടുന്ന,  ഭക്തര്‍ ഏറെ പ്രാധാന്യത്തോടെ സന്ദര്‍ശിക്കുന്ന ഒരു പുണ്യസ്ഥലത്തേക്കാണ്. വളരെ വ്യത്യസ്തമായൊരു പാറക്കെട്ടുനിറഞ്ഞ സ്ഥലമാണത്.  ദേവിയും അസുരനുമായി യുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്ത് ആ യുദ്ധത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഒരു പരിച, ആനയുടെ തുമ്പിക്കൈ, വാള്‍ എന്നിവയുടെതെന്ന് തോന്നിപ്പിക്കുന്ന രൂപങ്ങള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നുണ്ട്. മലയുടെ പുറത്തേക്കു ചരിഞ്ഞു നിൽക്കുന്ന കൂറ്റൻ പാറകൾ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് റോക്ക് ക്ലൈംബിങ്ങിനും റാപ്പെല്ലിങ്ങിനും വളരെ അനുയോജ്യമാണ് ഈ പാറക്കെട്ടുകൾ. റിസോർട്ട് ആക്ടിവിറ്റികളിൽ വളരെ പ്രാധാന്യമുള്ളവയാണിവ. പക്ഷേ ഞങ്ങൾക്ക് അതിലൊന്നും താല്പര്യമില്ലായിരുന്നു. അതുകൊണ്ടു പാറയുടെ മുകളിൽക്കയറി ഫോട്ടോയെടുത്ത്, ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ട്, അസ്തമയം ആസ്വദിച്ച് അവിടെനിന്നു മടങ്ങി. മരംകോച്ചുന്ന തണുപ്പുമുണ്ട്. അത്രയും തണുപ്പ് പ്രതീക്ഷിച്ചിരുന്നുമില്ല.

രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് റിസോർട്ട് ഉടമയും   പത്നിയും കുശലാന്വേഷണവുമായെത്തിയത്. വർത്തമാനത്തിനിടയിൽ അവിടുത്തെ സൂര്യോദയത്തെക്കുറിച്ചു പറയുകയുണ്ടായി. മലമുകളിലെ വ്യൂപോയിന്റിൽനിന്നുള്ള സൂര്യോദയദൃശ്യം അതിഗംഭീരമത്രേ! പക്ഷേ വെളുപ്പിനു നാലുമണിക്കെഴുന്നേറ്റുപോയാലേ കാണാൻ കഴിയൂ. നീണ്ടുകിടക്കുന്ന ഹിമാലയനിരകളിലെ കൊടുമുടികളിലോരോന്നിലായി സൂര്യനുദിക്കുംപോലും. ആ കാഴ്ച കാണാതെ പോകുന്നതെങ്ങനെ! റിസോർട്ടിൽനിന്നാരും കൂട്ടുവരികയൊന്നുമില്ല. ഞങ്ങളുടെ സഹയാത്രികരാരും അത്ര വെളുപ്പിനുണരാനും സൂര്യോദയം കാണാനായി മലകയറാനും തയ്യാറുമല്ല. മോനും വരില്ലെന്നു തീർത്തുപറഞ്ഞു. ഒടുവിൽ ചേട്ടനും ഞാനും മാത്രം സൂര്യോദയം കാണാൻ പോകാൻ തീരുമാനിച്ചു, ക്യാമ്പ് ഫയറും ഡാൻസും പാട്ടുമൊക്കെ കഴിഞ്ഞു പത്തുമണിയോടെ എല്ലാവരും ഉറങ്ങാൻ പോയി. മൂന്നേമുക്കാലിന് അലാം സെറ്റ് ചെയ്തു ഞങ്ങൾ കിടന്നു.

അലാമടിച്ചപ്പോൾത്തന്നെ ഉണർന്നു സൂര്യോദയദര്ശനത്തിനായി തയ്യാറായി. മോൻ നല്ല ഉറക്കത്തിലാണ്. കഠിനമായ തണുപ്പുണ്ട്. സ്വെറ്ററുമൊക്കെയിട്ട് ടോർച്ചുമായി ഞങ്ങൾ മുറിക്കു പുറത്തുകടന്നു.  തലേദിവസം നടന്നു കയറിയ വഴിയിലൂടെ കയറി മുകളിലെത്തി. നേരിയ വെളിച്ചമുണ്ട്. എങ്കിലും ടോർച്ചും സഹായത്തിനെത്തി. മുകളിലെത്തിയപ്പോൾ ആ നേർത്തവെളിച്ചത്തിലെ ഹിമാലയദൃശ്യം കോരിത്തരിപ്പിച്ചു എന്നുതന്നെ പറയാം. അപ്പോഴാണ് ക്യാമറയെടുത്തില്ല എന്നകാര്യം ഓർമവന്നത്. ചേട്ടൻ അതെടുക്കാനായി താഴേക്കുപോയി. ആ വിജനതയിൽ ചൂളംകുത്തുന്ന  കാറ്റിന്റെ കഥകേട്ട് ഹിമവാനെ നോക്കി  ഞാനവിടെ തനിച്ചുനിന്നു. ആ സമയത്ത് എനിക്ക് പേടിയൊന്നും തോന്നിയില്ല. പക്ഷേ ഇന്നോർക്കുമ്പോൾ ഒറ്റയ്ക്കവിടെ നിന്നതു വിശ്വസിക്കാൻപോലും എനിക്കാവുന്നില്ല. ചേട്ടൻപോയി കുറച്ചുകഴിഞ്ഞപ്പോൾ അതിശയിപ്പിക്കുന്നൊരു കാഴ്‌ച  കാണാൻ കഴിഞ്ഞു.  വാക്കുകളിൽ എനിക്കതു വർണ്ണിക്കാനാവില്ല. എങ്കിലും ഒന്ന് ശ്രമിക്കട്ടെ. മഞ്ഞുകൊടുമുടികളുടെ നിരയിൽ ഏറ്റവും പടിഞ്ഞാറുഭാഗത്തായി ഉയർന്നുനിൽക്കുന്ന ശൃംഗത്തിന്റെ നിറുകയിൽ ഒരു വജ്രത്തിളക്കം. മെല്ലേ സ്വർണ്ണച്ഛവി ചുറ്റും പടർന്നതുപോലെ. ശ്വാസമടക്കി, കണ്ണുചിമ്മുകപോലും ചെയ്യാതെ നോക്കിനിൽക്കുമ്പോൾ ഇടതുവശത്തേക്ക് ഓരോരോ കൊടുമുടികളും ആ ഉജ്ജ്വലശോഭ പടരുന്നു.    അതങ്ങനെ നീങ്ങിനീങ്ങി ഏറ്റവും കിഴക്കുഭാഗത്തെത്തിയപ്പോൾ സൂര്യൻ അതാ ഉയർന്നു വരുന്നു. ഈ സമയമൊക്കെയും ആകാശമാകെ അതിമനോഹരമായ വർണ്ണജാലത്തിലാറാടി നിന്നിരുന്നു. ഇത്രയുമായപ്പോഴാണ് ചേട്ടൻ മടങ്ങിയെത്തിയത്. പിന്നീടുള്ള ഹിമാലയക്കാഴ്ചയും അതിസുന്ദരമായിരുന്നെങ്കിലും പടിഞ്ഞാറേ കൊടുമുടിയിൽതുടങ്ങി കിഴക്കോട്ടേക്കു പോയ ഉദയത്തിളക്കം അവിസ്മരണീയം. ആ മനോഹരകാഴ്ചകാണാൻ എനിക്കേ അന്നു  ഭാഗ്യം ലഭിച്ചുള്ളൂ. അതിനുമുമ്പ്   അത്ര മനോജ്ഞമായഒരു സൂര്യോദയം ഞാൻ കണ്ടിരുന്നില്ല. പിന്നീട് പരസഹസ്രം ഉദയങ്ങൾ ലോകത്തിന്റെ പലഭാഗത്തായി  വന്നുപോയെങ്കിലും ഇന്നോളം അത്ര സുന്ദരമായൊരുദയം കാണാനായിട്ടില്ല. ഇന്നും ആ ദൃശ്യം കാലത്തിനുപോലും മങ്ങലേല്പിക്കാൻ കഴിയാതെ എന്റെ മനസ്സിന്റെ കാൻവാസിൽ പതിഞ്ഞുകിടപ്പുണ്ട്. ആ ദൃശ്യത്തിന് വർണ്ണം കൊടുക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ഇന്നോളം കഴിഞ്ഞിട്ടുമില്ല. .
Monday, August 12, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 2

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
-------------------------------------------------------------
വർഷങ്ങൾക്കു മുമ്പു നടത്തിയ, ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് മണികരൻ സന്ദർശിക്കാനിടയായത്.
കുളുപട്ടണത്തിൽനിന്ന് ഏകദേശം  45 കിലോമീറ്റർ യാത്രയുണ്ട് പാർവ്വതിതാഴ്‌വരയിലെ   മണികരനിലേക്ക്. വളരെത്തണുപ്പുള്ള സ്ഥലങ്ങളാണ് ഹിമാചൽപ്രദേശിലെ ഷിംലയും  കുളുവും മണാലിയുമൊക്കെ. കമ്പിളിക്കുപ്പായങ്ങളും ഷാളുമൊക്കെയുണ്ടെങ്കിൽപ്പോലും അരിച്ചുകയറുന്ന തണുപ്പുള്ള സ്ഥലങ്ങൾ. അങ്ങനെയുള്ളയുള്ള ഒരിടത്ത് തിളച്ചുമറിയുന്ന വെള്ളമുള്ള നീർചാലുകളും പൊയ്കകളുമൊക്കെ കാണാൻ കഴിഞ്ഞാൽ അതു  നമ്മളെ അമ്പരപ്പിക്കില്ലേ..അതാണു മണികരനിൽ കാണാൻ കഴിഞ്ഞത്.

ഹിന്ദുക്കളും സിക്കുകാരും ഒരുപോലെ പ്രാധാന്യം നൽകുന്നൊരു തീർത്ഥാടനകേന്ദ്രമാണ് മണികരൻ. ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ പാർവ്വതിനദിക്കരയിലാണ് ഈ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നത്.
ഹൈദവവിശ്വാസപ്രകാരം മഹേശ്വരൻ ഈ താഴ്‌വരയിൽ മൂവായിരം സംവത്സരങ്ങൾ തപസ്സനുഷ്ഠിച്ചുവെന്നും ഈ മനോഹരമായ താഴ്‌വരയ്ക്ക് അദ്ദേഹം തന്റെ പ്രേയസിയുടെ നാമംതന്നെ നൽകിയെന്നുമാണ്. ശിവപാർവ്വതിമാർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കവേ, പർവ്വതീദേവിയുടെ ആഭരണങ്ങളിൽനിന്ന്  അതിവിശിഷ്ടമായൊരു രത്നം (മണി) നദിയിൽ വീണുപോകാനിടയായി. ദേവിക്കതു കണ്ടെത്താനായതുമില്ല. ദുഃഖിതയായ ദേവി മഹേശ്വരനോടു രത്നം വീണ്ടെടുത്തുതരണമെന്നാവശ്യപ്പെട്ടു. അനന്തരം മഹാദേവൻ തന്റെ അനുചരരായ ശിവഗണങ്ങളോട്  അതിനുള്ള ആജ്ഞ നൽകി. പക്ഷേ ശിവഭൂതഗണങ്ങൾ  ആ ദൗത്യത്തിൽ പരാജയപ്പെട്ടു. കോപിഷ്ഠനായ മഹേശ്വരൻ തന്റെ തൃക്കണ്ണു തുറന്നുവത്രേ!  അപ്പോൾ ഭൂമിപിളർന്ന്‌ അനന്തകോടി രത്നങ്ങൾ പ്രത്യക്ഷപ്പെടുകയും അക്കൂട്ടത്തിനിന്നു ദേവി തന്റെ രത്നം കണ്ടെത്തിയെന്നും ഒരു കഥ. മറ്റൊരു കഥയിൽ, ശിവഭഗവാൻ തൃക്കണ്ണുതുറന്നപ്പോൾ  പ്രപഞ്ചമാകെ ആ രൗദ്രതയിൽ ആടിയുലഞ്ഞു. പരിഭ്രാന്തരായ ദേവന്മാർ ശേഷനാഗത്തോട് എങ്ങനെയെങ്കിലും മഹാദേവന്റെ കോപം തണുപ്പിക്കണമെന്നപേക്ഷിച്ചു. ശേഷനാഗം  സീൽക്കാരത്തോടെ ഫണമുയർത്തിയപ്പോൾ തിളയ്ക്കുന്ന വെള്ളമൊഴുകുന്നൊരു നീരുറവ പ്രത്യക്ഷമായെന്നും അവിടം  ആ ജലപ്രവാഹത്തിൽ മുങ്ങുകയും ചെയ്തത്രേ! അപ്പോൾ ദേവിയുടെ നഷ്ടപ്പെട്ട  രത്നം അവിടെ ഉയർന്നുവരികയും ചെയ്തു.  ആ നീരുറവയാണത്രെ ഇപ്പോഴും തിളയ്ക്കുന്ന ജലവുമായൊഴുകുന്നത്! ഈ രണ്ടുകഥയിലും  പാർവ്വതിയുടെ നഷ്ടപ്പെട്ട രത്നമാണ്   ആ സ്ഥലത്തിന്  മണികരൻ എന്നപേരുവരാൻ  കാരണം. മറ്റൊരു വിശ്വാസപ്രകാരം മനുഷ്യരാശിയെ നശിപ്പിക്കുവാനായി ദേവഗണങ്ങളൊരുക്കിയ മഹാപ്രളയശേഷം മനുമഹർഷി  ആദ്യമായി മനുഷ്യസൃഷ്ടി നടത്തിയതിവിടെയാണെന്നാണ്. ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക്  അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനുപകരം മുക്തിലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശികദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.  സമുദ്രോപരിതലത്തില്‍ നിന്നും 1737 മീറ്റര്‍ ഉയരത്തിലുള്ള മണികരനിലെ ശിവക്ഷേത്രം 1905 ലുണ്ടായ ഭുചലനത്തില്‍ ചരിഞ്ഞുപോയ നിലയിലാണ് ഇന്നു കാണപ്പെടുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതുകൂടാതെ  വേറെയും  ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.


സിക്കുമതസ്ഥർക്കും മണികരൻ  ഒരു പുണ്യസങ്കേതമാണ്. അവരുടെ വിശ്വാസപ്രകാരം മതസ്ഥാപകനായ ഗുരുനാനാക്ക് തന്റെ മൂന്നാം അദ്ധ്യാത്മികപര്യടനകാലത്ത്  (1514-1518 AD-  തീസരി ഉദാസി ) ശിഷ്യരോടൊപ്പം ഇവിടെയെത്തി താമസിക്കുകയുണ്ടായെന്നും വിശന്നു വലഞ്ഞ  ശിഷ്യർക്കു ഭക്ഷണമുണ്ടാക്കാനുള്ള പദാർത്ഥങ്ങൾക്കായി  ഗുരു തന്റെ വിശ്വസ്തനായ ഭായി മർദാനയെ അടുത്തുള്ള ഗ്രാമത്തിലേക്കയച്ചുവെന്നും അവർ കൊടുത്തയച്ച  ധന്യമാവുകൊണ്ടു റൊട്ടിയുണ്ടാക്കുകയും ചെയ്‌തെന്നുമാണ് കഥ. പക്ഷേ റൊട്ടി ചുട്ടെടുക്കുന്നതിനുള്ള അഗ്നി അവിടെയുണ്ടായിരുന്നില്ല. അതേക്കുറിച്ചു പറഞ്ഞപ്പോൾ ഗുരു അവിടെക്കണ്ട ഒരു കല്ല് നീക്കാനാവശ്യപ്പട്ടു. അതിനടിയിൽ തിളച്ചുമറിയുന്ന ജലമുള്ളൊരു കുണ്ഠമായിരുന്നു. അതിൽ റൊട്ടികളും കിഴികെട്ടിയ ധാന്യങ്ങളും  ഇട്ടുകൊള്ളാൻ ഗുരു കല്പിച്ചു. പക്ഷേ അത് താഴ്ന്നുപോവുകയാണുണ്ടായത്. നിരാശനായ ഭായി മർദാനയോട് ഈശ്വരനിൽ വിശ്വസിച്ചാൽ അവ പാകമായി  പൊങ്ങിവരുമെന്നദ്ദേഹം പറഞ്ഞു. ഈശ്വരപ്രാർത്ഥനയുമായി നിന്ന മർദാന അല്പം കഴിഞ്ഞപ്പോൾ കണ്ടത് വെന്തുപാകമായ റൊട്ടികളും  ധന്യക്കിഴികളും  പൊങ്ങിവന്നതാണ്. അതിനാൽ മണികരൻ ഒരു പുണ്യസ്ഥലമായി അവർ കരുതുന്നു. വളരെ പ്രസിദ്ധമായൊരു ഗുരുദ്വാരയും(സിക്കുകാരുടെ ആരാധനാകേന്ദ്രം) ഇവിടെയുണ്ട്. പൊങ്ങിവന്ന റൊട്ടിയെ അവലംബിച്ചാകാം,  ഈശ്വരഭക്തിയോടെ ദാനം ചെയ്താൽ നഷ്ടപ്പെട്ട വസ്തുക്കൾ, പ്രത്യേകിച്ച് ജലത്തിൽ മുങ്ങിപ്പോയ വസ്തുക്കൾ, തിരികെലഭിക്കുമെന്ന വിശ്വാസം സിക്കുകാരുടെയിടയിൽ നിലനിൽക്കുന്നുണ്ട്.

കുളുവിൽ ഒരു രാത്രി തങ്ങിയശേഷം രാവിലെയായിരുന്നു മണികരനിലേക്കുള്ള യാത്ര. അതികഠിനമായ തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നതുപോലെ. പക്ഷേ ചുറ്റുമുള്ള കാഴ്ചകൾ അതിമനോഹരം. പൈന്മരങ്ങളും ദേവതാരുക്കളും വളർന്നുനിൽക്കുന്ന മലകളും അതിസുന്ദരമായ താഴ്‌വാരങ്ങളുമൊക്കെ കടന്ന് പതഞ്ഞുപാഞ്ഞൊഴുകുന്ന പാർവ്വതിനദിക്കരയിലാണു ഞങ്ങൾസഞ്ചരിച്ച വാഹനം എത്തിനിന്നത്. ഒരു പാലം കടന്നാണ് ക്ഷേത്രങ്ങളും ഗുരുദ്വാരയുമുള്ള മറുകരയിലെത്തുന്നത്. ദൂരെനിന്നേ അവിടെമാകെ പുക ഉയരുന്നതുപോലെ തോന്നും. അടുത്തുചെല്ലുമ്പോഴാണ് പുകയല്ല, അതു നീരാവിയാണെന്നറിയുന്നത്. അത്ര ദൂരവും  കൊടും തണുപ്പു സഹിച്ചാണു വന്നതെങ്കിലും അവിടെയെത്തുമ്പോൾ നല്ല ചൂട്. ചവുട്ടിനടക്കുന്ന  പാറകളൊക്കെ, മരവിച്ചു കിടക്കുന്നതിനു പകരം നല്ല ചുടായാണ് കിടക്കുന്നത്. ചില പാറകളിൽ ചവുട്ടുമ്പോൾ കാല് പൊള്ളിപ്പോകുന്നോ എന്നുതോന്നും. പലയിടങ്ങളിലും തിളച്ചുമറിയുന്ന ജലമുള്ള കുണ്ഠങ്ങൾ കാണാം. ഈ ജലകുണ്ഠങ്ങൾ പവിത്രമായാണ് കരുതപ്പെടുന്നത്.  അവയിൽ ധാന്യങ്ങൾ കിഴികെട്ടിയിട്ടാൽ കുറച്ചു സമയത്തിനുശേഷം  വെന്തുപാകമായി  ലഭിക്കും. ഭക്തർ  അതൊരു നേർച്ചപോലെ ചെയ്യാറുണ്ട്. വിനോദസഞ്ചാരികൾ വെറുമൊരു കൗതുകത്തിനായും. അതിനുള്ള ധാന്യങ്ങൾ കിഴികളിലാക്കി വിൽക്കാൻ കച്ചവടക്കാരും ധാരാളമുണ്ട്. ഗുരുദ്വാരയിലെ ലംഗാറിനുള്ള ഭക്ഷണം  ഇങ്ങനെ വേവിച്ചാണത്രേ  തയ്യാറാക്കുന്നത്! പാത്രങ്ങളിൽ നിറച്ചും കിഴിയായുമൊക്കെ അറിയും പരിപ്പും പയറുമൊക്കെ ഈ കുണ്ഠങ്ങളിൽ നിക്ഷേപിക്കുന്നു. അവ വെന്തുപാകമാകുമ്പോൾ പുറത്തെടുക്കും.

ഗുരുദ്വാരയിലെത്തിയാൽ ലംഗാറിൽ പങ്കെടുക്കാതെ പോകുന്നത് ഒരു നിന്ദയായും അശുഭകരമാണെന്നുമൊക്കെ   വിശ്വാസം. അതുകൊണ്ടുതന്നെ  ഉച്ചഭക്ഷണത്തിനുള്ള സമയമാകഞ്ഞിട്ടും ഞങ്ങളും അവിടെനിന്നു ഭക്ഷണം കഴിച്ചിട്ടാണു മടങ്ങിയത്. തികച്ചും സൗജന്യമാണ് ഈ ഭക്ഷണവിതരണം. മനഃസംതൃപ്തിക്കായി  നമുക്കു കഴിയുന്ന തുക  അവിടെ സംഭാവന കൊടുത്തുപോരാം. ഏറ്റവും വൃത്തിയായി സ്വാദിഷ്ഠമായ വിവിധ വിഭവങ്ങളടങ്ങിയ ഭക്ഷണമാണ് ഭക്തർക്ക് വിളമ്പുന്നത്. സിക്കുമതവിശ്വാസികൾക്ക് ഈ സദ്യയൊരുക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനുമൊക്കെ പങ്കെടുക്കുകയെന്നത് ഈശ്വരവിശ്വാസത്തിന്റെ ഒരു ഭാഗമാണ്. അതിസമ്പന്നകുടുംബങ്ങളിലെ അംഗങ്ങൾപോലും അർപ്പണബുദ്ധിയോടെ ഈ ജോലികളിൽ പങ്കെടുക്കുന്നത് അവിടെയൊരു നിത്യസംഭവം. ഭക്ഷണത്തിനുള്ള പലവകകൾ ദാനം ചെയ്യുന്നതും അവർക്ക് ഈശ്വരസേവതന്നെ.   സൗജന്യതാമസസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞത്.

  ചില നീരുറവകൾ താപനില താരതമ്യേന കുറഞ്ഞവയാണ്. അവിടെയൊക്കെ കുളിക്കാനുള്ള സൗകര്യമുണ്ട്. ഔഷധഗുണമുള്ള ജലമാകയാൽ അവിടെ സ്നാനം ചെയ്യുന്നത് പല രോഗങ്ങൾക്കും ശമനമുണ്ടാക്കുമെന്ന വിശ്വാസവും ഭക്തർക്കുണ്ട്.
ഒരു സ്നാനഘട്ടത്തിൽ ചൂടുറവയും തണുത്ത ഉറവയും അവയൊന്നിച്ചു ചേർത്തു സ്നാനത്തിനു യോജിച്ച താപനിലയിലാക്കിയ ജലവും ഉള്ള മൂന്നു പൊയ്കകൾ കാണാം. അവിടെ സ്നാനം ചെയ്യുന്ന അനേക ഭക്തജനങ്ങളുമുണ്ട്.
ശാസ്ത്രഗവേഷണങ്ങളിൽ റേഡിയോ ആക്റ്റീവ് ആയ ധാതുക്കളുടെ സാന്നിധ്യമാണ് ഈ ഉയർന്നതാപനിലയ്ക്കു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതമായ ഗന്ധകസാന്നിധ്യവും ഈ ജലത്തിലുണ്ടത്രേ. അതുകൊണ്ട്  ഈ ചൂട് നീരുറവകളിൽ സ്നാനം ചെയ്യുന്നവർ പത്തുമിനുട്ടിലധികം വെള്ളവുമായി സമ്പർക്കത്തിലാകരുതെന്ന നിർദ്ദേശവുമുണ്ട്. പക്ഷേ ഭക്തജനങ്ങൾ അതു വേണ്ടത്ര കണക്കിലെടുക്കുന്നുണ്ടോ എന്നു സംശയമില്ലാതില്ല .

ഇവിടെയുള്ള മറ്റൊരദ്‌ഭുതമാണ് ഖീർഗംഗ എന്ന പേരുള്ള ഒരു നീരുറവ. മലയിൽനിന്നു താഴേക്കൊഴുകുന്ന ഈ അരുവി ഗന്ധകസാന്നിധ്യം കൊണ്ടാവാം വെളുത്തനിറത്തിലാണ് കാണപ്പെടുന്നത്. ഈ നിറമാണ് ഈ പേരിനും ആധാരം. ഖീർ എന്നാൽ പായസം. ഈ അരുവികണ്ടാൽ പാല്പായസം ഒഴുകിവരുന്നതായി തോന്നും.

ആത്മീയമായി പലകാരണങ്ങൾ ഇവിടെയെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നുവെങ്കിൽ മറ്റുള്ളവരെ ഇങ്ങോട്ടാകർഷിക്കുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഇവിടുത്തെ  അവാച്യമായ പ്രകൃതിസൗന്ദര്യവുമാണ്. ഞങ്ങൾ പോയത് ഒക്ടോബർ മാസത്തിലായിരുന്നു. മഞ്ഞുവീഴ്ചയൊന്നും തുടങ്ങിയിരുന്നില്ല. പക്ഷേ   മഞ്ഞുകാലത്ത് അവിടമാകെ മഞ്ഞിനടിയിലാകും. അതുകൊണ്ടുതന്നെ അങ്ങോട്ടേക്കുള്ള  യാത്രയും ക്ലേശകരമാകും.
മണികരനിലെ ചൂടുനീരുറവകൾ ഇവിടെയൊരു ജിയോ തെർമൽ പവർ പ്ലാന്റ്  പ്രവർത്തനമാരംഭിക്കുന്നതിനും സഹായകമായി.

സ്‌കൂൾകാലങ്ങളിൽ ഭൂമിശാസ്ത്രപുസ്തകത്തിൽ ചൂടുനീരുറവകളെക്കുറിച്ചു പഠിച്ചപ്പോൾ എവിടെയെങ്കിലും പാറയ്ക്കിടയിൽനിന്നു വരുന്ന ചെറിയ ചൂടുള്ള ഉറവകളെയാണ് ഭാവനയിൽ കണ്ടിരുന്നത്. ഇത്തരവിപുലമായൊരു ജലസ്രോതസ്സ്, അതും ഇത്രയധികം ചൂടുള്ളത് സങ്കല്പിക്കാൻകൂടി കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മണികരനിലെ ഈ ചൂടുനീരുറവകൾ നൽകിയ വിസ്മയം സീമാതീതമാണ്. പിന്നീട് പലയിടങ്ങളിലും ഇത്തരം ചൂടുറവകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ കല്യാണിനടുത്തുള്ള വാജ്രേശ്വരിയിലെ ക്ഷേത്രത്തോടനുബന്ധിച്ചും ഇത്തരം ചൂടുറവകളുണ്ട്.  എന്തൊക്കെയായാലും മണികരൻ  നൽകിയ വിസ്മയം അവിസ്മരണീയം.

Image result for Manikaran geothermal in Himachal Pradesh.

Image may contain: Mini Mohanan and MD Mohanan, people standing and outdoor


Image may contain: 3 people, including Mini Mohanan, people standing and outdoor
Saturday, August 3, 2019

കതിർമണികൾ-

കതിർമണികൾ
=============
ഈ ഭൂമിയെത്ര വിശാലമാം വിളനിലം!
ശ്രദ്ധയോടെന്നുമൊരുക്കണം മൃത്തിക
നീരേകിയാർദ്രതയൊപ്പം കരുതണം
നന്മതൻ വിത്തുകൾ മാത്രം വിതയ്ക്കണം.

മുളപൊട്ടി, മുകുളങ്ങൾ കാന്തിതൂകി
ചേലൊത്തുനിൽക്കും വിതാനമദ്ധ്യേ
കാക്കണം കതിരിട്ട പൊന്മണിക്കൂട്ടത്തെ
പ്രാണിയും  പറവയും കൊണ്ടുപോയീടാതെ.

വന്നൂ ശരത്കാലമെങ്കിലോ കാലമായ്
ഇക്കതിർക്കുലകൾക്കു കാഞ്ചനം പൂശുവാൻ.
കൊയ്തെടുക്കാമിത്രനാളത്തെയദ്ധ്വാന-
മിക്കാത്തിരിപ്പിന്റെയന്ത്യസിദ്ധി.

നിഷ്ഫലം പതിരുകൾ പാറ്റിപ്പെറുക്കണം
സത്‌ഫലം പത്തായമാകെ നിറയ്ക്കുവാൻ.
അന്നമാണർത്ഥമാണാത്മപ്രകാശമാ-
ണിക്കതിർമണികളീ മണിമുത്തുകൾ!....
.--- (അക്ഷരത്തുള്ളികൾ  2nd  prize)


Friday, August 2, 2019

മാറ്റൊലി ...താമസമെന്തേ....(താമസമെന്തേ വരുവാൻ .......തണൽമരങ്ങൾ .)പൂനിലാവു  പെയ്തിറങ്ങി ഈ നിശീഥ മലർവനിയിൽ

പൂവിടർത്തി മല്ലികകൾ  വാസനമണിച്ചെപ്പുടയ്‌ക്കേ


ഏകാന്തരാവിൽ ഞാൻ നിൻ പ്രേമഗാനമോർത്തിരിക്കേ

ഏതോ വിഷാദഗീതം  പാടിവന്നു  രാക്കിളിയും
(പൂനിലാവു  പെയ്തിറങ്ങി)കുളിർതെന്നൽവീശിയെത്തും ഉപവനത്തിന്നരികിലല്ലോ

നീ പാടുമീണമൊന്നു കേൾക്കുവാനായ് കാത്തിരിപ്പൂ.
(പൂനിലാവു  പെയ്തിറങ്ങി)


നിന്നോർമ്മ പൂത്തുനിൽക്കുമീപ്പൂവനികയിലലയാം

കുഞ്ഞുപൂവിന്നുള്ളിലെ സുഗന്ധമായെൻ പ്രാണനേ

അഭയം


അഭയം
-------------
അമ്മേ, വസുന്ധരേ , ഇജ്‌ജീവപരാർധങ്ങൾ-
ക്കഭയം നീയേ തായേ, കാരുണ്യാംബുധേ ദേവീ,
ഊഴിയിൽ പതിക്കുമീ  സൂര്യരശ്മിക്കും പിന്നെ
വർഷമായ് ചൊരിഞ്ഞിടും നീരിനും, നിലാവിനും
പൂമഞ്ഞു  ചാർത്തിത്തരും  പട്ടുചേലയ്ക്കും നറും
പൂവിനും പൂവാടിക്കും കാടിനും കടലിനും
തളിർക്കും തരുവിനും മാനിനും മനുഷ്യനും
തടിനീതടത്തിനും പുല്ലിനും പുഴുവിനും
ഒടുവിൽ നിലംപറ്റു,മൽപാർത്ഥ  ജഡത്തിനു-
മേകീടും നിതാന്തമാമഭയം സർവ്വാത്മനാ.
നിൻമടിതട്ടിൻസ്നേഹതല്പത്തിൽ പുൽകീ ഞാനും
തേടുന്നു നിത്യാനന്ദ  ശരണം ക്ഷോണീദേവീ. (തണൽമരങ്ങൾ - മത്സരം )

Wednesday, July 31, 2019

പിതൃതർപ്പണത്തിനൊരുങ്ങുമ്പോൾ

പിതൃതർപ്പണത്തിനൊരുങ്ങുമ്പോൾ
=============================
മകളാണു  ഞാൻ, പേരക്കിടാവാണു ഞാൻ
പിന്നെ ആരോ, ആരോ ആരൊക്കെയോ...
ഉള്ളിലെ നീറ്റലിന്നെരിദീപനാളവും
ഉള്ളിന്റെയുള്ളിലായ് തെളിയുന്ന സ്നേഹത്തിൻ
നറുമണം തൂകുന്ന പൂക്കൾതൻ കാന്തിയും
ഓർമ്മത്തുരുത്തിലെ,യെള്ളിൻ കറുപ്പാർന്ന
ശോകനിമിഷങ്ങൾതൻ ഖണ്ഡസ്ഫടികങ്ങളും
ഇജ്ജന്മയാനത്തിലെന്നോടു ചേരുന്ന
വാത്സല്യധാരയിൽ വെന്തതാമന്നവും
നാക്കിലത്തുമ്പിൽ ഞാനൊന്നുനിരത്തട്ടെ.
എന്നെ ഞാനാക്കിയ പൈതൃകമേ, മഹിയി-
ലെനിക്കായിടംതന്നെ ജന്മസുകൃതങ്ങളേ...
ഒഴുകുന്നു കണ്ണീരായെന്നുള്ളിലെന്നും
തളംകെട്ടി നിൽക്കും കൃതജ്ഞതാവാരിധി.
ഇല്ലെനിക്കായില്ല, നിങ്ങൾതൻ സ്നേഹത്തിൻ
അയുതമാനംപോലും തിരികെനൽകീടുവാൻ.
സ്നേഹാമൃതം നാവിൽ സ്തന്യമായ് നൽകിയ
മാതാവിനെന്തുണ്ടു പകരമായി നൽകുവാൻ!
കൈപിടിച്ചെന്നെയീ മണ്ണിൽ  നടത്തിയ
താതന്നു തിരികെ ഞാനെന്തു തന്നീടണം..
കഥചൊല്ലിത്താരാട്ടുപാടിയുറക്കിയ
ചുക്കിച്ചുളിഞ്ഞ മുഖങ്ങളേ,  സ്നേഹമേ
എകിയില്ലൊന്നുമാ പാദങ്ങളിൽ ഞാൻ,
അർത്ഥിക്കുമെന്നുമനുഗ്രഹാശ്ശിസ്സുകൾ.
പിന്നെയുമെത്രയോ വാത്സല്യദീപങ്ങൾ
എന്നോ അണഞ്ഞുപോയിത്തമോവീഥിയിൽ
ഇന്നെന്റെയുള്ളിലായ് കാണുന്നതൊക്കെയും
നിങ്ങൾതന്നനഘമാം  വരപ്രസാദങ്ങൾ.
ഇരുളിന്നിരുൾതൂകുമീയമാവാസിയിൽ
സ്വർഗ്ഗവാതിൽതുറന്നെത്തുമീവേളയിൽ
നൽകേണമേൻറെയീ നെറുകയിൽ നന്മതൻ
നേരാർന്നനുഗ്രഹകൈത്തലസ്പർശനം.
ഈ രാവിരുട്ടിവെളുക്കുമ്പോളേകാം ഞാൻ
തർപ്പണത്തിന്നായ്ത്തിലോദകമീറനായ്
എന്നോ മറഞ്ഞൊരാ സ്നേഹതാരങ്ങൾക്കായ്
ഏകിടും ഞാനെന്റെ  സ്മരണപുഷ്പാഞ്ജലി.

(തുമ്പികൾ - വജ്രനക്ഷത്രം )

Tuesday, July 23, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ 1

ജ്വാലാമുഖിക്ഷേത്രത്തിലെ ഒരിക്കലുമണയാത്ത  ദീപജ്ജ്വാല.
-----------------------------------------------------------------------------------------
വർഷങ്ങൾക്കുമുൻപു നടത്തിയ ഉത്തരേന്ത്യൻ യാത്രയിലാണ് ആ അദ്‌ഭുതദൃശ്യം കാണാനുള്ള ഭാഗ്യം ലഭിച്ചത്. സഹസ്രാബ്‌ദങ്ങളായി എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്നിജ്വാല.  ഒന്നല്ല, വേറെ ഒൻപത്  അഗ്നിനാളങ്ങൾകൂടെ  നമുക്കവിടെക്കാണാം. അതേ , അതാണ് ഹിമാചൽപ്രദേശിലെ ശിവാലിക് പർവ്വതനിരകളിലെ കാംഗ്ര പ്രദേശത്തുള്ള  ജ്വാലാമുഖി ക്ഷേത്രം (ജ്വാലാജി ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു). കാംഗ്ര ജില്ലയുടെ ആസ്ഥാനമായ ധരംശാല പട്ടണത്തിൽനിന്ന് അമ്പതുകോലോമീറ്ററോളം  ദൂരമേയുള്ളൂ  ഈ പ്രസിദ്ധമായ ക്ഷേത്രത്തിലേക്ക്.

ജ്വാലാമുഖിക്ഷേത്രം, ഭാരതത്തിലെ  ശക്തിപീഠങ്ങളിൽ ഏറെ തേജസ്സാർന്ന  ഒൻപതു ക്ഷേത്രങ്ങളിലൊന്നാണ്.  ആദിപരാശക്തിയെ, സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. മഹേശ്വരസംഗമത്തിനായി, ദക്ഷപുത്രിയായ സതിയുടെ ജന്മമെടുക്കുകയായിരുന്നു  ആദിപരാശക്തി. സതീദേവി പിതാവിന്റെ ഇച്ഛയ്ക്കു  വിപരീതമായി പരമശിവനെ വിവാഹം ചെയ്തു. ഇക്കാരണംകൊണ്ടു പുത്രിയോടും ജാമാതാവിനോടും ദക്ഷപ്രജാപതി  ശത്രുതവെച്ചുപുലർത്തി. താൻ  നടത്തിയ മഹായാഗത്തിലേക്ക്   ഇവരിരുവരുമൊഴികെ മറ്റെല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. എങ്കിലും തന്റെ പിതാവു നടത്തുന്ന മഹായജ്ഞത്തിൽ സംബന്ധിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. സതിയെ താതഗൃഹത്തിലേക്കു  പോകുന്നതിൽനിന്നു പിൻതിരിപ്പിക്കാൻ  പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ ആ നിശ്ചയദാർഢ്യത്തിനുമുന്നിൽ ശിവനു വഴങ്ങേണ്ടിവന്നു. മനസ്സില്ലാമനസ്സോടെ  യാത്രാനുമതി  നൽകിയ   ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും പ്രേയസിയോടൊപ്പം അയച്ചു.

എന്നാൽ സതിക്ക് സ്വഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ലെന്നു മാത്രമല്ല,   ശിവനെ അപമാനിക്കുന്ന ഭാഷണങ്ങളാണു കേൾക്കാനിടയായതും. ഈ കടുത്ത അപമാനം സതിദേവിക്കു  സഹിക്കാൻ കഴിയുമായിരുന്നില്ല.  ദാക്ഷായണിയായതാണ് തന്നിലെ  അപരാധമെന്നു   സതി വിലപിച്ചു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽനിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു. ഈ വാർത്ത മഹേശ്വരനെ അങ്ങേയറ്റം ദുഖിതനാക്കി. ദക്ഷനോടുള്ള കഠിനകോപമായതു മാറി.  ദക്ഷനെ വധിച്ച്, യജ്ഞത്തെ ഇല്ലാതാക്കുവാൻ ഉഗ്രരൂപിയായ വീരഭദ്രനെ ദക്ഷന്റെ കൊട്ടാരത്തിലേക്കയച്ചു. ശിവന്റെ അവതാരമായ വീരഭദ്രൻ തന്റെ സഹചാരിയായ ഭദ്രകാളിയോടൊപ്പം ചെന്ന് ദക്ഷന്റെ ശിരസ്സ് ഛേദിക്കുകയും യാഗശാല നാശോന്മുഖമാക്കുകയും ചെയ്തു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ സതിയുടെ മാതാവായ യായപ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷ മാനിച്ച്, ദക്ഷനെ പുനഃർജീവിപ്പിക്കാൻ  നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജന്മം നൽകി. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം  ദക്ഷൻ ശിവനോടു ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് ദുഃഖം നിയന്ത്രിക്കാനാവാതെ  ശിവൻ ആ  ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. ആ  ശരീരഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. അവയാണ് പിന്നീട് ശക്തിപീഠങ്ങളായി ആരാധിക്കപ്പെട്ടത്. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശ്രീപരമശിവൻ കാലഭൈരവന്‍റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും കാവല്‍നില്‍ക്കുന്നു എന്നാണു  വിശ്വാസം.


ജ്വാലാമുഖിയിലാണ്  ദേവിയുടെ നാവു പതിച്ചതെന്നാണു  വിശ്വാസം. ഇവിടെ ദുര്‍ഗ്ഗാ ദേവിയുടെ ശക്തി പ്രവാഹമുള്ളതായി  കരുതപ്പെടുന്നു.  മറ്റു ക്ഷേത്രങ്ങളിലെ പോലെ പ്രതിഷ്ഠയും മൂർത്തിയും ഇവിടെയില്ല. സദാ ജ്വലിച്ചുനിൽക്കുന്ന  അഗ്നിയെയാണ് ഇവിടെ പൂജിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ മൂന്നടി താഴ്ച്ചയിലാണ് പ്രധാന ജ്വാല സ്ഥിതിചെയ്യുന്നത്. പടവുകള്‍ ഇറങ്ങിചെന്ന് ‘മഹാകാളിയുടെ വായ’എന്ന് വിളിക്കുന്ന നീലഛവിയുള്ള  ഈ അഗ്‌നി നാളം കാണാവുന്നതാണ്. സമീപത്തായി  മറ്റ് ഒന്‍പതു    ജ്വാലകൾകൂടെ  പുറത്തുവരുന്നുണ്ട്. സരസ്വതി, അന്നപുര്‍ണ്ണ, ചണ്ഡി, ഹിങ്ങ് ലജ്, വിന്ധ്യ വാസിനി, മഹാലക്ഷ്മി, മഹാകാളി, അംബിക, അഞ്ജന എന്നിവയാണ് ആ ഒന്‍പതു നാളങ്ങള്‍ പ്രതിനിധികരിക്കുന്ന ശക്തികള്‍. അടുത്തുതന്നെ  ജഗദ്ഗുരു  ശ്രീ ശങ്കരാചാര്യർ ഗഗനചാരിയായി സഞ്ചരിക്കവേ വനാന്തർഭാഗത്തു അതീവതേജസ്സാർന്ന അഗ്നിപ്രഭ കാണുകയാൽ അവിടെയിറങ്ങി. ആദിപരാശക്തിയായ  ദേവി അദ്ദേഹത്തിനു ദർശനം നൽകി അനുഗ്രഹമേകി. കലിയുഗത്തിൽ സാധാരണമനുഷ്യർക്ക്  ഈ താന്ത്രികോര്‍ജ്ജം താങ്ങാനുള്ള  കരുത്തുണ്ടാവില്ലെന്നും, അവര്‍ ഇതിനെ ദുരുപയോഗപ്പെടുത്തുമെന്നും മനസ്സിലാക്കിയ ആചാര്യന്‍, ഏകജ്വാലയായിനിന്ന അഗ്നിപ്രഭയെ ഒന്‍പതു ഭാഗമായി ലഘൂകരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ധോളിധര്‍  എന്ന പര്‍വ്വത പ്രദേശത്താണിത്. നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ടുകിടന്നിരുന്ന ഈ ക്ഷേത്രം  ഭൂമിചന്ദ്ര എന്ന രാജാവിന്‍റെ കാലത്ത് കാലിയെ മേയ്ക്കുന്നവരാണ് കണ്ടെത്തിയത്. നിത്യവും ഒരു പശുവിൽനിന്നുമാത്രം പാൽ ലഭിച്ചിരുന്നില്ല.  അതിന്റെ കാരണം കണ്ടെത്താനായി പശുവിന്റെ പിന്നാലെതന്നെ പോയ പശുപാലകന്  ഒരു കന്യക വന്നു പൽ കുടിച്ചശേഷം അഗ്നിജ്വാലയായി മറയുന്നതാണു കാണാനായത്. അവിടെയൊക്കെ അന്വേഷിച്ചപ്പോൾ   പാറപ്പുറത്ത് കത്തി നില്‍ക്കുന്ന ജ്വാലയാണു കാണാൻ കഴിഞ്ഞത്. അദ്‌ഭുതകരമായ ഈ ജ്വാല  കണ്ടകാര്യം രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം നേരിട്ടെത്തി നിജസ്ഥിതി മനസ്സിലാക്കുകയും  ക്ഷേത്രം പണിയിക്കുന്നതിനായി നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഈ ക്ഷേത്രദര്‍ശനംവഴി ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമതകളും മാറി സന്തോഷം വന്നുചേരുമെന്നുമാണ് ഭക്തരുടെ വിശ്വാസം. മോക്ഷത്തിലെക്കുള്ള പാത ഇതിലൂടെ തുറക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.


മുഗൾഭരണകാലത്ത് അക്ബർചക്രവർത്തി  ഈ ക്ഷേത്രം സന്ദർശിക്കുകയും ജ്വാല അണയ്ക്കുന്നതിനായി ലോഹപാളികൊണ്ടു മൂടുകയും അവിടേയ്‌ക്കൊരു ജലധാര സൃഷ്ടിക്കുകയുമൊക്കെ ചെയ്തത്രേ. പക്ഷേ അവയെയൊക്കെ അതിജീവിച്ചു ദീപനാളം ജ്വലിച്ചുതന്നെ നിന്നു. ഒടുവിൽ പരാജിതനായ ചക്രവർത്തി പ്രായശ്ചിത്തമെന്നോണം ജ്വാലയ്ക്കു മുകളിലായി ഇരു സ്വർണ്ണത്താഴികക്കുടം നിർമ്മിക്കുകയുണ്ടായി. പക്ഷേ ദേവീപ്രീതി ലഭിക്കാത്തതിനാലാവാം ആ  സ്വർണ്ണം മൂല്യംകുറഞ്ഞ മറ്റൊരു ലോഹമായി പരിണമിച്ചത്രേ! അനവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും  ഏതാണാ ലോഹമെന്നു തിരിച്ചറിയാനുമായിട്ടില്ല. ഇന്നുമതൊരു ദുരൂഹതയായിത്തുടരുന്നു.   ബ്രിട്ടീഷുകാരുടെ ഭരണകാലത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഈ ദീപനാളത്തിന്റെ രഹസ്യങ്ങൾതേടി ഗവേഷണങ്ങൾ നടന്നിരുന്നു. ദീർഘനാളത്തെ പരീക്ഷണങ്ങൾക്കുശേഷവും   ഈ പ്രദേശത്ത് എണ്ണ - പ്രകൃതിവാതകസാന്നിധ്യം ഉള്ളതായി തെളിവൊന്നും കിട്ടിയിട്ടില്ലത്രേ! പിന്നെ എങ്ങനെയാണീ അണയാദീപം ജ്വലിച്ചുകൊണ്ടേയിരിക്കുന്നത്! ഭക്തർക്കിതൊരു ദേവചൈതന്യമെങ്കിൽ  യുക്തിവാദികൾക്ക് ഈ ക്ഷേത്രവും അഗ്നിജ്വാലയും ഉത്തരംകിട്ടാത്തൊരു സമസ്യയായിത്തുടരുന്നു.

Image result for jwala devi temple photosWednesday, April 24, 2019

മഴമേഘങ്ങളേ.. പൊഴിയുക ഒരു വേനൽമഴയായ്

മഴമേഘങ്ങളേ ....പൊഴിയുക  ഒരു വേനൽമഴയായ്
==========================================
ഉരുകിത്തിളയ്ക്കുന്നു  ഭൂതലം മീനച്ചൂടിൽ
ഇത്തിരിത്തണ്ണീരിനായ് കേഴുന്നു തരുക്കളും
പൊയ്കകൾ വറ്റി, കല്ലോലിനികൾ വരണ്ടുപോയ്
കരിമേഘങ്ങൾ വാനിൽ കാണുവാനില്ലാതായി
പക്ഷികൾ, പറവകൾ, മൃഗങ്ങൾ, ഉരഗങ്ങൾ
ഒക്കെയും ജീവാംഭസ്സിന്നലഞ്ഞു മണ്ടീടുന്നു
വഴിയോരത്തോ മരച്ചില്ലകളുണങ്ങിയി-
ട്ടിത്തിരിപോലും കുളിർഛായയുമില്ലാതായി
വിണ്ടുകീറിയ വയലേലകൾ കണ്ടിട്ടാരോ
മരുഭൂവെന്നോതിയാലത്ഭുതമില്ല ലേശം.
വാരിദക്കൂട്ടങ്ങളിന്നെങ്ങുപോയൊളിച്ചുവോ!
ഈവഴി മറന്നുവോ, കോപത്താൽപിണങ്ങിയോ..
വെള്ളിമേഘങ്ങൾക്കെത്ര ചന്തമുണ്ടെന്നാകിലും
ഏഴഴകോലും കൃഷ്ണവർണ്ണമതേറെപ്രിയം.
വെയിലിൻ  ദണ്ഡാലിത്ര കോപത്തിൽ പ്രഹരിക്കും
സൂര്യനെ മറയ്ക്കുന്ന കാർമുകിൽ ദയാരൂപൻ!
കാത്തിരിക്കുന്നു നിന്നെക്കാണുവാൻ കാർമേഘമേ
കനിയൂ വേനൽവർഷം, പെയ്തിടൂ സ്നേഹാർദ്രമായ്
ചൊരിയൂ ദയാതീർത്ഥം, നിറയ്‌ക്കൂ സരിത്തുകൾ
ഉണർത്തൂ മരതകപ്പുല്ക്കൊടിപൈതങ്ങളെ
നഗ്നയായ്‌ മേവും ഭൂമിമാതാവിൻ  മാറിൽപ്പച്ച-
പ്പുതപ്പൊന്നണിയിക്കൂ,  ജീവചൈതന്യമേകൂ.
മൃത്യുവിൻ നിഴൽവീണ ജീവജാലങ്ങൾക്കേകാ-
നുണർവ്വിന്നമൃതമായ് ചൊരിയൂ കൃപാവരം


Friday, April 19, 2019


ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ കഥ
=========================================
ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ വലിയൊരു സ്വാർത്ഥമതിയായിരുന്നു. നല്ലതെന്തും എനിക്ക് കിട്ടണമെന്ന ദുശ്ശാഠ്യക്കാരൻ. മെല്ലേ മെല്ലേ കൂട്ടുകാരൊക്കെ എന്നിൽനിന്നകന്നു. ഒടുവിൽ  ഞാനൊറ്റയ്ക്കായി. പക്ഷേ അതെന്റെ തെറ്റാണെന്നു ഞാൻ മനസ്സിലാക്കാതെ അവരെ പഴിച്ചുകൊണ്ടിരുന്നു.

എന്റെ അച്ഛന്റെ മൂന്നു വചനങ്ങളാണ് എന്നെ ജീവിതത്തിൽ രക്ഷിച്ചത്.

ഒരുദിവസം രാവിലെ  അദ്ദേഹം നൂഡിൽസ് പാകം ചെയ്ത് രണ്ടുപാത്രങ്ങളിലായി വിളമ്പി മേശയിൽ വെച്ചു. ഒന്നിന്റെ മുകളിൽ ഒരു മുട്ടയും വെച്ചിരുന്നു. ഒരുപാത്രത്തിലേത് എടുത്തുകഴിച്ചുകൊള്ളാൻ അദ്ദേഹം എന്നോടു  പറഞ്ഞു.  അക്കാലത്തു മുട്ട അത്ര സുലഭമായിരുന്നില്ല. ആഘോഷദിനങ്ങളിൽ മാത്രമായിരുന്നു മുട്ട വിളമ്പിയിരുന്നത്. അതുകൊണ്ടുതന്നെ  മുട്ട മുകളിലുള്ള പാത്രം  ഞാൻ എടുത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്നെത്തന്നെ അനുമോദിച്ചു. പക്ഷേ താമസിയാതെ  എന്നെ അതിശയിപ്പിച്ചൊരു കാഴ്ച കണ്ടു.  അച്ഛന്റെ പാത്രത്തിൽ നൂഡിൽസിനടിയിലായി രണ്ടു മുട്ടകളുണ്ടായിരുന്നു. എനിക്ക് വല്ലാതെ നിരാശതോന്നി. തിടുക്കത്തിൽ തെറ്റായ തീരുമാനമെടുത്തതിന് ഞാനെന്നെത്തന്നെ ശകാരിച്ചു. എന്റെ മുഖഭാവത്തിന്റെ മാറ്റം കണ്ട് അച്ഛനിങ്ങനെ പറഞ്ഞു.
"മകനേ, നമ്മൾ കാണുന്നത് യാഥാർത്ഥ്യമാകണമെന്നില്ല. മറ്റുള്ളവരെ മുതലെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും നമുക്കു നേരിടേണ്ടിവരുന്നത് നഷ്ടങ്ങളെയാവും"
അടുത്തദിവസവും അച്ഛൻ നൂഡിൽസ് വിളമ്പി. ഒരുപാത്രത്തിൽ മുട്ടവെച്ചിരുന്നു. പക്ഷേ ഇത്തവണ ഞാൻ വിഡ്ഢിയാകാൻ ആഗ്രഹിച്ചില്ല. മുട്ട മുകളില്ലാത്ത പാത്രംതന്നെ എടുത്തു. പക്ഷേ പത്രത്തിനടിയിൽ മുട്ട ഒന്നുപോലും  ഉണ്ടായിരുന്നില്ല. വീണ്ടും ഞാൻ നിരാശനായി.
ഒരുപുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു.
" മകനേ, അനുഭവങ്ങളെ എല്ലായ്‌പോഴും നമുക്ക് വിശ്വാസത്തിലെടുക്കാനാവില്ല. എന്തെന്നാൽ ജീവിതം ചിലപ്പോഴെങ്കിലും നമ്മെ ചതിയിൽപെടുത്തും"
മൂന്നാമത്തെ ദിവസവും രാവിലെ അച്ഛൻ നൂഡിൽസ് വിളമ്പി. എന്നോട് എടുത്തുകൊള്ളാൻ പറഞ്ഞെങ്കിലും ഞാൻ എടുത്തില്ല.
" അച്ഛാ, അങ്ങാദ്യം എടുത്തുകൊള്ളൂ. അങ്ങാണ് ഈ   കുടുംബത്തിന്റെ നാഥൻ. അങ്ങാണീ കുടുംബം പുലർത്തുന്നതും. "
എന്റെ വാക്ക്  അദ്ദേഹം നിരസിച്ചില്ല.  മുകളിൽ മുട്ട വെച്ചിരുന്ന പാത്രംതന്നെ അദ്ദേഹം എടുത്തു. മുട്ട ലഭിച്ചില്ലല്ലോ എന്ന നിരാശ കൂടാതെ ഞാൻ മറ്റേ പത്രത്തിലെ നൂഡിൽസ് കഴിക്കാൻ തുടങ്ങി. പക്ഷേ എന്നെ അതിശയിപ്പിച്ചുകൊണ്ടു  പത്രത്തിനടിയിൽ രണ്ടു മുട്ടകൾ! 
കണ്ണിൽ സ്നേഹത്തിളക്കവുമായി അച്ഛൻ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ടു  പറഞ്ഞു
"മകനേ, ഇത് നീ ഓർമ്മയിൽ സൂക്ഷിക്കുക. നീ മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിച്ചാൽ നന്മകൾ സ്വാഭാവികമായി  നിന്നെത്തേടിവന്നുകൊള്ളും."

പിതാവ് എനിക്ക് നൽകിയ ഈ മൂന്നു മഹദ്‌വചനങ്ങൾ എപ്പോഴും  എന്റെ സ്മൃതിപഥത്തിലുണ്ട്. എന്റെ ജീവിതവും പ്രവൃത്തികളും അതനുസരിച്ചുകൊണ്ടാണ്. വാസ്തവം പറഞ്ഞാൽ എന്റെ വ്യവഹാരങ്ങൾ വിജയക്കുതിപ്പിലാണ്.

Monday, April 15, 2019

വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി

വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി
===================================
കർണ്ണികാരപ്പൂക്കളെങ്ങുമെങ്ങും
ചേലിൽ വിടർന്നു വിലസിടുന്നു
മേടം  വരുന്നെന്നു ചൊല്ലിയത്രേ
ഹേമഗുഞ്ജങ്ങൾ ചിരിച്ചുനിൽപ്പൂ.
മേടവിഷുക്കണി തീർക്കുവാനായ്
വെള്ളരിക്കായ്കൾ പഴുത്തുവല്ലോ
പൊന്നിൻ നിറമാർന്നു കായ്കനികൾ
പൊൻകണിക്കായതാ കാത്തുനിൽപ്പൂ
പാട്ടൊന്നുകേൾക്കുന്നു ദൂരെയായി
പാടി, വിഷുപ്പക്ഷി മോദമോടെ
പൊൻപുലരിക്കായി കാത്തിരിക്കാം
പൊൻകണി കാണുവാൻ കൺതുറക്കാം
നാളേക്കു നന്മകൾ നീട്ടിനിൽക്കും
കൈനീട്ടനാണയം സ്വീകരിക്കാം
നാക്കിലത്തുമ്പിലെയമ്മസ്‌നേഹം
ആഹാ! രുചികൾതൻ താളമേളം.
ആട്ടവും പാട്ടും കളിയുമായി
ആർത്തുല്ലസിച്ചുതളർന്നിടുമ്പോൾ
ചക്കരമാവിൻ ചുവടു തേടാം
മാങ്കനി വേണ്ടത്ര  തിന്നുകൊള്ളാം 
സന്ധ്യവിളക്കു കൊളുത്തിടുമ്പോൾ
പൂത്തിരി കത്തിച്ചങ്ങുല്ലസിക്കാം
എത്രമധുരം മനോജ്ഞമാണീ
മേടവിഷുക്കാലമെന്നുമെന്നും!
Sunday, April 7, 2019

കനൽ സ്‌കൂൾഡയറി - ഓർമ്മകൾ

കനൽ സ്‌കൂൾഡയറി  - ഓർമ്മകൾ
==============================

എന്റെ സ്‌കൂൾജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകളിൽ ഒരു മൾബെറിക്കഥയുണ്ട്.
ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ഞാൻ ഐഡി പുതുതായി ചേർന്ന  കുട്ടിയാണ്. സ്‌കൂളിലെ ചിട്ടവട്ടങ്ങളുമായി  പരിചയമായി വരുന്നതേയുള്ളു. എന്റെ അച്ഛനും അദ്ധ്യാപകനായിരുന്നതുകൊണ്ട് ഞാൻ പഠിച്ച സ്‌കൂളുകളിലൊക്കെ അച്ഛന്റെ സഹപാഠികളോ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ഒക്കെയായിരുന്നു എന്റെ അദ്ധ്യാപകരും. പക്ഷേ  അവിടുത്തെ കണക്കദ്ധ്യാപകൻ,തിരുവനന്തപുരം സ്വദേശിയായ  ശിവതാണുപിള്ള സർ എനിക്ക് മുന്പരിചയമുള്ളയാൾ ആയിരുന്നില്ല. എങ്കിലും വളരെ പെട്ടെന്നുതന്നെ ഞാൻ സാറിന്റെ ഇഷ്ടഭാജനമായി.
ഉച്ചഭക്ഷണം  കഴിക്കാൻ ഞാൻ സ്‌കൂളിനടുത്തുള്ള ഞങ്ങളുടെ കുടുംബസുഹൃത്തിന്റെ  വീട്ടിലായിരുന്നു പോയിരുന്നത്. മറ്റുകുട്ടികൾ അടുത്തെതെങ്കിലും കിണറിന്റെ അടുത്തോ തോട്ടുവക്കത്തോ പോയിരുന്നു ഭക്ഷണം കഴിച്ചിരുന്നു. ഉണ്ണാൻ  പോകുമ്പോൾ അടുത്തുള്ള തൊടികളിൽ കായ്കനികൾ പറിച്ചെടുത്തു കഴിക്കുന്നത് കുട്ടികളുടെ ഒരു സ്ഥിരം വിനോദമാണല്ലോ. എന്റെ കൂട്ടുകാരും ഒട്ടും മോശമായിരുന്നില്ല.
ഒരുദിവസം ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ് കണക്കായിരുന്നു. ബെല്ലടിച്ചയുടനെ  ശിവതാണുപിള്ളസാർ പതിവുപോലെ തന്റെ പുസ്തകവും ചോക്കും പിന്നൊരു ചൂരൽവടിയുമായി ക്‌ളാസ്സിലെത്തി. കസേരയിലിരിക്കാൻ നോക്കിയപ്പോൾ അതിൽ രണ്ടുമൂന്നു പഴുത്ത മൾബെറിപ്പഴങ്ങൾ. അതുകണ്ടതേ സാറിന്റെ മുഖത്തു  കോപം ഇരച്ചുകയറി.
"ആരാണിതിവിടെ ഇട്ടത്?" സർ മുഴങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു.
ക്ലാസ്സിലാകെ കനത്ത നിശ്ശബ്ദത.
സർ ചോദ്യം കൂടുതലുച്ചത്തിൽ ആവർത്തിച്ചു.
ഒരു മറുപടിയുമില്ല.
" ഓൾ സ്റ്റാൻഡ് അപ് " ഇടിമുഴക്കം പോലെ സർ കല്പിച്ചു   .
 എല്ലാവരും എഴുന്നേറ്റു നിന്നു.
"ഉച്ചയ്ക്ക്   ക്ലാസ്സിനു പുറത്തുപോകാത്തവർക്ക് ഇരിക്കാം"
ഒരാൺകുട്ടിയും രണ്ടു പെൺകുട്ടികളും ഇരുന്നു. അവർ മൂന്നുപേരും ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നില്ല. സർ വടിയുമായിവന്ന്  കൈ നീട്ടാൻ ആവശ്യപ്പെട്ടു. നീട്ടിയ കൈകളിലൊക്കെ സർ ആഞ്ഞടിച്ചു. ആദ്യം ആൺകുട്ടികളുടെ ഭാഗത്തായിരുന്നു ദണ്ഡനയജ്‌ഞം. പിന്നീട് പെൺകുട്ടികളുടെ ഭാഗത്തേക്കു വന്നു. എല്ലാവരും പേടിച്ചുനിൽക്കയാണ്. ഞാനും. ഒടുവിൽ എന്റെ ഊഴമായി. അടിവാങ്ങുന്ന കാര്യം എനിക്കോർക്കാൻകൂടി പറ്റുന്നില്ല.  എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ വിക്കിവിക്കി  പറഞ്ഞു.
" സർ ഞാൻ മൾബെറി പറിച്ചിട്ടുമില്ല തിന്നതുമില്ല. ക്‌ളാസിൽ കൊണ്ടുവന്നിട്ടുമില്ല"
കൂടുതൽ കോപത്തോടെ എന്നെ നോക്കി സർ പറഞ്ഞു
"നീ അവിടെ മേശയുടെ അടുത്തുപോയി നിൽക്ക്"
വിറച്ചുകൊണ്ട് ഞാൻ മേശയുടെ അടുത്തുപോയി നിന്നു.
എല്ലാവർക്കും  അടികൊടുത്തിട്ടു സർ മേശയുടെ അടുത്തേക്ക് വന്നു. എന്നോട് തിരിഞ്ഞുനിൽക്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞു നിന്നയുടനെ സാറിന്റെ ചൂരൽ എന്റെ രണ്ടുകാലിന്റെയും പിൻഭാഗത്ത്  രണ്ടുപ്രാവശ്യം ആഞ്ഞുപതിച്ചു. വേദനകൊണ്ടു പുളഞ്ഞ് ഞാൻ  കരഞ്ഞുപോയി.
"ഉം പൊയ്‌ക്കോ " സർ ആജ്ഞാപിച്ചു.
ഞാൻ പോയി എന്റെ ഇരിപ്പിടത്തിലിരുന്നു. വേദനയും അപമാനവും ഒക്കെക്കൊണ്ട് എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. അന്ന് സർ പഠിച്ചതൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞതുമില്ല. രണ്ടുകാലിലും  അടിയുടെ രണ്ടു പാടുകൾ  തിണർത്ത് ചോരപൊടിഞ്ഞു കിടന്നിരുന്നു.
സ്‌കൂൾജീവിതത്തിൽ ആദ്യമായും അവസാനമായും എനിക്കുകിട്ടിയ ആ രണ്ടടി ഞാനൊരിക്കലും മറക്കില്ല. അത്രവലിയ ശിക്ഷ ലഭിക്കാൻ ഞാൻ ചെയ്ത തെറ്റെന്തെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടുമില്ല.
പക്ഷേ വർഷാവസാനമായപ്പോഴേക്കും ഞാനായിരുന്നു സാറിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി എന്നത് ഞാനഭിമാനത്തോടെ ഓർമ്മിക്കുന്നു.


Tuesday, April 2, 2019

പൈതലിനോട് ( വൃത്തവൃത്താന്തം - മഞ്ജരി )


പൂർവ്വംബരത്തിന്റെ കോലായിൽ ചെഞ്ചായം
വാരിവിതറിപ്പുലരി വന്നു.
മൃദുലം മധുരം തന്നംഗുലീസ്പർശത്താൽ
ഓരോ പൂമൊട്ടിനെ തൊട്ടുണർത്തി
നീഹാരബിന്ദുക്കളോരോ പുൽനാമ്പിലും
ചേണുറ്റ വൈരം മിനുക്കിവെച്ചു.
പൂമണം പേറി വരുന്നുണ്ടു മെല്ലവേ
മാരുതനീവഴിയേകനായി
കാണുന്ന പൂമരക്കൊമ്പുകളൊക്കെയും
ചേലിൽത്തലോടിക്കളിപറഞ്ഞും
സ്നേഹാതിരേകത്താലൊട്ടുകുലുക്കിയും
പൂമാരി മുറ്റത്തു പെയ്തൊഴിഞ്ഞും
പൊൻകതിർ നീട്ടുന്ന നെൽവയലേലതൻ
കാതിലോ കിന്നാരവാക്കു ചൊന്നും.
ഓമനമുത്തേ,യുറക്കമുണർന്നുനീ
ഈ വാടിയിങ്കലണഞ്ഞുകൊൾക.
നിന്നെപ്രതീക്ഷിച്ചു പൂമ്പാറ്റക്കുഞ്ഞുങ്ങൾ
താലോലമാടിപ്പറന്നിടുന്നു.

Sunday, March 24, 2019

ന: സ്ത്രീ സ്വാതന്ത്ര്യമർഹതി

വേണ്ടെനിക്കൊട്ടുമേ സ്വാതന്ത്ര്യമെന്നുടെ
മാതാപിതാക്കൾതൻ സ്നേഹത്തിൽനിന്നും 
ആ സ്നേഹപാശത്തിൻ ബന്ധനമില്ലാതെ
ജീവിക്കുവാനെനിക്കാവില്ല ഭൂവിതിൽ
എന്തിനുനേടണം സ്വാതന്ത്ര്യം ഞാനെന്റെ
കൂടെപ്പിറപ്പിൻ വിരൽത്തുമ്പിൽനിന്നും
ആ സ്വാർത്ഥസ്നേഹക്കടലിന്നുമപ്പുറം
പോകുവാനില്ലൊരു പവിഴദ്വീപും 
ഒരുകൊച്ചുതാലിച്ചരടിന്നദൃശ്യമാം
ബലമുള്ളരക്ഷയെനിക്കുവേണം
വേണ്ടെനിക്കാസ്‌നേഹസംരക്ഷണത്തിന്നു-
മപ്പുറത്തുള്ളൊരു സ്വാതന്ത്ര്യവും.
ഈഭൂവിലിന്നെനിക്കേറ്റം കുളിരാർന്ന
ശീതളഛായയാണെൻ പൊന്നുമോൻ
ആത്തണൽ നൽകും  സുരക്ഷയിൽനിന്നെ-
നിക്കൊരുമാത്രപോലും വിടുതൽവേണ്ട.
ഈ സ്നേഹബാന്ധവങ്ങൾക്കും  മുളകിലായ്
ഏതുസ്വാതന്ത്ര്യം ഞാനർഹിക്കണം!
ആ മൂല്യവത്തായ സ്വാതന്ത്ര്യംകൊണ്ടുഞാൻ
ഏതേനാകം  ചമച്ചിടേണം ഭൂമിയിൽ!കാരുണ്യം ( അക്ഷരത്തുള്ളികൾ 'ചെറുകവിത' പോസ്റ്റ് ).
കാരുണ്യം ( അക്ഷരത്തുള്ളികൾ 'ചെറുകവിത' പോസ്റ്റ് )
========
കരളിലെ  കനിവാണ്‌, പ്രിയമോലുമലിവാണ്,
ആർദ്രമാം മനസ്സിന്റെ കരുതലാണ്.
കൈയിൽ കരുതിയ പാഥേയമൊക്കെയും
പങ്കിട്ടു നൽകുന്ന സ്നേഹമാണ്.
ചേർച്ചയില്ലാത്തതാമെന്തിനെയൊക്കെയോ
ചേർത്തുനിർത്തുന്നതാമുണ്മയാണ്.
ഹൃത്തിന്റെയാഴത്തിൽ നിന്നൊഴുകുന്നതാം
വറ്റാത്ത  വാത്സല്യധാരയാണ്.
കാലുഷ്യമില്ലാത്ത, പ്രതികാരമില്ലാത്ത
നിർമ്മലഹൃദയത്തിൻ സത്താണു കാരുണ്യം.
കരുണതൻ കുളിരാർന്ന മൃദുവിൽസ്പർശമോ
പുതുജീവനേകും മൃതസഞ്ജീവനി.
കാരുണ്യമില്ലാത്ത ലോകത്തിൽ ജീവിതം
കരയിൽപിടിച്ചിട്ട മീൻപോലെ ദുസ്സഹം.
ഹൃദയത്തിൽ കാരുണ്യം സൂക്ഷിപ്പവർക്കേ
അവനിയിൽ നന്മകൾ ചെയ്തിടാനാവൂ.
എത്രമേൽക്കാരുണ്യവർഷം ചൊരിയുന്നി-
തർക്കനീപ്പാരിതിൽ സ്നേഹാംശുസ്പർശമായ്
ഓരോകുളിർമഴത്തുള്ളിയായ് മേഘങ്ങൾ
പെയ്തിറങ്ങുന്നതും കരുണാകരങ്ങളായ്
മെല്ലേത്തഴുകിക്കടന്നുപോം കാറ്റിന്റെ
കൈകളിൽ കരുണതൻ പൂമരന്ദം.
സൗരഭ്യമേകുന്ന  പൂക്കളും സ്വാദേറും
തേൻകനി  നൽകുന്ന മാമരക്കൂട്ടവും
വഴിയേറെത്താണ്ടിയ പാന്ഥർക്കു കുളിരേകും
തരുവിന്റെ ഛായയും  കുളിർതെന്നലും
ഉഴറുന്ന മനസ്സിന്നു മോദമേകും കൊച്ചു
കാട്ടുപൂവിന് വർണ്ണവൈവിധ്യവും
ഒക്കെയും നമ്മളെക്കാത്തുപോറ്റുന്നൊരീ
പ്രകൃതിതൻ കാരുണ്യവർഷജാലം.
ഇനിയുമോർമ്മിക്കുവാൻ അമ്മയുണ്ടീമണ്ണിൽ
സർവ്വേശ്വരൻതന്റെ മുഗ്ദ്ധരൂപം
 ഈ പ്രപഞ്ചത്തിലെ കാരുണ്യമൊക്കെയും
അമ്മതൻ ഹൃദയത്തിലാരൊളിപ്പിച്ചുവോ!
.
Sunday, March 17, 2019


ചിറകുകൾ ('അക്ഷരത്തുള്ളികൾ' ക്കുവേണ്ടി എഴുതിയ  കുഞ്ഞുകവിത)
==========
ഒരുകൊച്ചു ചിറകു മുളച്ചെങ്കിലെന്നു ഞാൻ
ഒരുനാളിലെത്രയോ മോഹിച്ചിരുന്നു!
ചിറകുമായെത്രയോ ദൂരങ്ങൾ താണ്ടുവാൻ
ചിരകാലം സ്വപ്നങ്ങൾ നെയ്തിരുന്നു.
മോഹങ്ങൾ മോഹങ്ങളായ് മറഞ്ഞങ്കിലും
മോഹക്കനവിലോ ചിറകുവന്നു
ആ സ്വപ്നച്ചിറകിലോ, പാറിപ്പറന്നു ഞാൻ 
കാണാത്ത തീരങ്ങൾ കണ്ടുവല്ലോ.
കാലത്തിൻ ചിറകിലീ ലോകമാം വാനിതിൽ  
കാതങ്ങളെത്ര പറന്നുപോയി.
ആശയുണ്ടിനിയുമങ്ങേറെപ്പറക്കുവാൻ
ആശകളെന്നു നിലച്ചിടുന്നു !
ഇനിയുമങ്ങേറെ പറന്നുപോകാനെനി-
ക്കേതു ചിറകുകൾ നൽകുമീശൻ!
ദൂരങ്ങൾ താണ്ടുവാൻ ചിറകുവേണ്ടെന്നൊരാ
ദൂതു കാതിൽച്ചൊല്ലി മാഞ്ഞതാരേ ..
Thursday, March 14, 2019

തിരഞ്ഞെടുപ്പ്
============
തിരഞ്ഞെടുപ്പിതാ വരുന്നു കൂട്ടരേ
ഒരുങ്ങിനിൽക്കണം വിധിയെ നേരിടാൻ
വരുന്നു ജാഥകൾ വഴിമുടക്കുവാൻ
ഉയരും ഘോഷങ്ങൾ ചെവിക്കു ഭാരമായ്

വരുന്നു സ്ഥാനാർത്ഥി ഗൃഹങ്ങൾ തോറുമേ
വിവിധകേളികൾ   നടത്തിപ്പോകുന്നു
ഉറങ്ങും കുഞ്ഞിനെ ഉണർത്തിച്ചുംബിക്കും
അടുക്കളയിലെ കറിപ്പാത്രം തേടും.

വിവിധ നാടകം നടത്തി യാചിക്കും
ജയിച്ചുകേറുവാൻ, ഒരു വോട്ടുകിട്ടാൻ
കനവുകൾ മെല്ലേ  സഫലമാക്കുവാൻ 
കഴുതതൻ  കാലും പിടിക്കണമല്ലോ.

കൊടികൾതൻ നിറം  പലതാണെങ്കിലും
പ്രസംഗമൊക്കെയും ഒരേ വഴിക്കുതാൻ
ഒഴുക്കുമിന്നാട്ടിൽ മധുവും ദുഗ്ധവും
നിറയ്ക്കുമെങ്ങുമേ ശ്രീതൻ ജ്യോതിയാൽ.

നിറയും ചർച്ചകൾ ടെലിവിഷൻ ഷോയിൽ
ജയിക്കുമാരെന്നു പറഞ്ഞുവെച്ചിടും
അതിനുപിന്നാലെ വരുന്നു തർക്കങ്ങൾ
ഫലം വരുമ്പോഴോ തലതിരിഞ്ഞിടും

ജയിച്ചുപോയവർ സമർത്ഥരാകുകിൽ
പൊതുജനം സ്ഥിരം കഴുതകൾ തന്നെ!
തിരിഞ്ഞുനോക്കത്തൊരരിയാനേതാവി-
നിനിയുമേകിടും വിലപ്പെട്ട വോട്ട്.

Friday, March 8, 2019

ഇരാവാൻ - ഇനിയുമറിയാതെ ഇരുളിൽ മറഞ്ഞവൻ

ഇരാവാൻ - ഇനിയുമറിയാതെ ഇരുളിൽ മറഞ്ഞവൻ
===========================================
 മഹാഭാരതകഥയിൽ ഒട്ടുംതന്നെ പ്രാധാന്യത്തോടെ പറഞ്ഞുകേട്ടിട്ടിട്ടില്ലാത്തൊരു നാമമാണ് ഇരാവാൻ. വിദ്യകൊണ്ടും കർമ്മംകൊണ്ടും  മഹത്വംകൊണ്ടും ഏറെ ഉന്നതനെങ്കിലും അവഗണനയുടെ തമോഗർത്തങ്ങളിലേക്കെറിയപ്പെട്ടൊരു ശ്രേഷ്ടതാരകമായിരുന്നു ഇരാവാൻ.
അർജ്ജുനൻ പാണിഗ്രഹണം ചെയ്‌തെങ്കിലും മാതാവായ കുന്തിയുടെ വാക്കിനാൽ പഞ്ചപാണ്ഡവരുടെയും പത്നിയായി ദ്രൗപദി കഴിയുന്ന കാലം. (മുജ്ജന്മത്തില്‍ ദ്രൗപദി ശിവനോട് വരം ആവശ്യപ്പെട്ടതായി കഥയുണ്ട്. അതിവിശിഷ്ടമായ  14 ഗുണങ്ങള്‍ തന്റെ  ഭര്‍ത്താവിന് വേണമെന്ന് ചോദിച്ചു. എന്നാല്‍ ഇത്രയും ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാവില്ലെന്നും ,എല്ലാം സമ്മേളിക്കുന്ന അഞ്ചുപേരെ ഭര്‍ത്താവായി തരാമെന്നും ശിവന്‍ ഉത്തരം നല്‍കി എന്നും കഥ ) മൂപ്പുമുറപ്രകാരം ആദ്യ ഊഴം യുധിഷ്ഠിരനായിരുന്നു. ഒരുവർഷക്കാലം മറ്റുനാലുപേർ കൃഷ്ണയ്ക്ക് സഹോദരന്മാരായിരിക്കണമെന്നതാണ് നിഷ്ഠ. പഞ്ചപാണ്ഡവരില്‍ ഒരാളുടെ കൂടെ ദ്രൌപദി  കഴിയുന്ന കാലഘട്ടത്തില്‍, മറ്റൊരാള്‍ അവിടെ ചെന്നാല്‍, ഒരു വര്‍ഷം തീര്‍ത്ഥയാത്രക്ക് പോകണം എന്നാണ്‌ വ്യവസ്ഥ. ഒരിക്കല്‍ ധര്‍മ്മപുത്രരോടൊപ്പം പാഞ്ചാലി കഴിയുന്ന സമയം അര്‍ജ്ജുനന് ആ കൊട്ടാരത്തില്‍ ചെല്ലേണ്ടിവരികയും, തത്ഫലമായി ഗംഗാതടത്തിലേക്കു തീര്‍ത്ഥയാത്ര ചെയ്യേണ്ടിയും ചെയ്തു.

 അതിരാവിലെ ഗംഗാസ്നാനത്തിനെത്തുന്ന പാർത്ഥനെ  ഉലൂപി എന്ന നാഗരാജകന്യക കാണുവാനിടയായി. ഗംഗാനദിയുടെ അടിത്തട്ടിലുള്ള നാഗലോകത്തിന്റെ അധിപനായ നാഗരാജാവായ കൗരവ്യയുടെ പുത്രിയായിരുന്നു ഉലൂപി. സുന്ദരകളേബരനും അരോഗദൃഢഗാത്രനുമായ  ആ യുവകോമളനെ ഉലൂപി പ്രഥമദൃഷ്ട്യാ പ്രണയിച്ചുപോയി. അവൾ അർജുനനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. പക്ഷേ പന്ത്രണ്ടുദിനങ്ങളിലെ തന്റെ കഠിനവ്രതങ്ങൾക്കുശേഷം മാത്രമേ ഉലൂപിയുടെ ആതിഥ്യം സ്വീകരിക്കാൻ അർജുനൻ തയ്യാറായുള്ളു. അവൾ പ്രണയപാരവശ്യത്തോടെയെങ്കിലും  ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ  പന്ത്രണ്ടുനാൾ കഴിഞ്ഞ് ഉലൂപിയുടെ കൊട്ടാരത്തിലെത്തിയ അർജുനൻ അവളുടെ ആതിഥ്യവും ഗാഢപ്രണയവും  സ്വീകരിച്ചു. കാലം തികഞ്ഞപ്പോൾ ഉലൂപി തേജോരൂപനായ ഒരാൺകുഞ്ഞിനു ജന്മം നൽകി. ഇരാവാൻ  എന്ന നാമധേയവും അവനു നൽകി.  സകലകലകളിലും വൈദഗ്ദ്ധ്യം നേടിയിരുന്ന ഉലൂപി ഇരാവാനെ വളർത്തിയത് സർവ്വജ്ഞാനങ്ങളും  പകർന്നുനൽകിയാണ്.

ഒരിക്കൽ ശ്രീകൃഷ്ണൻ,  വിഷാസ്ത്രങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്ന ഇരാവാനെ കാണാനിടയായി. ഉജ്ജ്വലമായ തേജോകാന്തിയുള്ള ആ യുവാവിനോട് എന്തുചെയ്യുകയാണെന്നാരാഞ്ഞപ്പോൾ ഇനി വരാൻപോകുന്ന കുരുക്ഷേത്രയുദ്ധത്തിന് ആയുധങ്ങൾ കരുതിവെക്കുകയാണെന്നായിരുന്നു മറുപടി. അർജുനപുത്രനായ തനിക്ക് പിതാവിനെ യുദ്ധത്തിൽ സഹായിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇരാവാന്റെ ത്രിലോകജ്ഞാനത്തെക്കുറിച്ചോർത്ത് ശ്രീകൃഷ്ണൻ അത്ഭുതചിത്തനായി. കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസങ്ങളിലായി കല്പിക്കപ്പെട്ടതാണ്. ആ പതിനെട്ടു ദിനങ്ങളിലെ വിജയവും തോൽവിയും അർഹതപ്പെട്ടവരുടെ  മൃത്യുവും പാണ്ഡവരുടെ അന്ത്യവിജയവും  എല്ലാം മുമ്പേ കുറിക്കപ്പെട്ടതാണ്. പക്ഷേ അതിസമർത്ഥനായ  ഇരാവാൻ  യുദ്ധത്തിൽ പങ്കെടുത്താൽ അത് പതിനെട്ടു നാഴികകൾപോലും നീണ്ടുനിൽക്കില്ല എന്ന്  എല്ലാമറിയുന്ന കൃഷ്ണനറിഞ്ഞു.  അതുകൊണ്ട് അവനെ എങ്ങനെയും യുദ്ധഭൂമിയിൽനിന്നൊഴിവാക്കണമെന്നു തീരുമാനിച്ചു.

സംഭവബഹുലമായി  കാലം കടന്നുപോയി. ഒടുവിൽ കുരുക്ഷേത്രയുദ്ധവും വന്നെത്തി. ഇരാവാനെ യുദ്ധത്തിൽനിന്നൊഴിവാക്കാൻ തന്ത്രശാലിയായ കൃഷ്ണൻ ഒരു സൂത്രം പ്രയോഗിച്ചു.  പാണ്ഡവരുടെ യുദ്ധവിജയത്തിനായി കാളിദേവിക്ക്  ഒരു ബലിദാനം താന്ത്രികവിധിപ്രകാരം നിശ്ചയിച്ചു. കൃത്യമായി ഭാവി പ്രവചിക്കുന്നതിൽ പ്രഗത്ഭനായിരുന്ന സഹദേവനാണ് കവടിനിരത്തി  ബലിദാനം നിശ്ചയിച്ചത്.   ശരീരത്തിൽ മുപ്പത്തിയാറു പുണ്യചിഹ്നങ്ങളുള്ള, സർവ്വഗുണങ്ങളുമുള്ള,  ഒരു  വീരവര്യനെയാവണം ബാലികഴിക്കേണ്ടത്. ശ്രീകൃഷ്ണനും അർജുനനുമാണ് ആ തികവുള്ളവർ. പക്ഷേ പാണ്ഡവപക്ഷത്തിന്റെ നെടുംതൂണുകളായ ഇവരെ ബലിയർപ്പിക്കാനാവില്ലല്ലോ. പിന്നെയാര് എന്നതായി ചോദ്യം. അത് ഇരാവാനല്ലാതെ മറ്റാരുമായിരുന്നില്ല. ബ്രാഹ്മണനോ ക്ഷത്രിയനോ പുരോഹിതനോ  രാജ്യാവകാശിയോ അല്ല. അതുകൊണ്ടുതന്നെ  അവനെ ബലികൊടുക്കുന്നതിൽ അപാകതയില്ല. ഒട്ടും താമസിക്കാതെ ശ്രീകൃഷ്ണൻ ഇരാവാനെ സമീപിച്ചു കാര്യം അവതരിപ്പിച്ചു. ധീരനും ധർമ്മചാരിയുമായ ഇരാവാന്  തന്റെ പിതാവിനും രാജ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ മടിയുണ്ടായിരുന്നില്ല. അർജുനനാവട്ടെ തന്റെ പുത്രനെ ബാലിവസ്തുവാക്കുന്നതിൽ ഒരു സങ്കോചവുമുണ്ടായതുമില്ല. താൻ തന്റെ പിതാവിനെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം തന്നെ സ്നേഹിക്കുന്നില്ല എന്ന പരമാർത്ഥം ഇരാവാൻ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ.

 തന്റെ ബലിക്കായി  പുലർന്നുവരുംമുമ്പുള്ള  രാത്രിയിൽ ഭാര്യാസമേതം കഴിയാൻ അവസരമുണ്ടാക്കണമെന്ന് ഇരാവാൻ അഭ്യർത്ഥിച്ചു. മാതാവല്ലാതെ സ്നേഹിക്കാനാരുമില്ലാത്ത  തന്റെ വേർപാടിൽ  മനംനൊന്തുകരയാൻ പത്നി ഒപ്പമുണ്ടാവണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.   എന്നാൽ  അതത്ര എളുപ്പത്തിൽ സാധ്യമാക്കാവുന്ന കാര്യമല്ലല്ലോ. ഒരുരാത്രിമാത്രം സുമംഗലിയായി, പുലരുമ്പോൾ വൈധവ്യം സ്വീകരിക്കാൻ ഏതുപെൺകൊടിയാണു തയ്യാറാവുക! തങ്ങളുടെ  ഓമനപ്പുത്രിയെ ഇങ്ങനെയൊരു നിർഭാഗ്യത്തിലേക്കു തള്ളിവിടാൻ ഏതു മാതാപിതാക്കളാണ് തയ്യാറാവുക!    തികച്ചും അസാധ്യമെങ്കിലും   ആ ആഗ്രഹം  സാധിച്ചുകൊടുത്തേ  മതിയാകൂ. കുശാഗ്രബുദ്ധിയായ ഇരാവാന്റെ വാക്കുകളുടെ അന്തരാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻതന്നെ അതിനും പരിഹാരം കണ്ടെത്താമെന്നായി.

ഒരിക്കൽ  മഹേശ്വരനെപ്പോലും മോഹിപ്പിച്ച മായാമോഹിനിരൂപത്തിൽ പ്രത്യക്ഷപ്പെട്ട്  ഭഗവാൻ സ്വയം   ഇരാവാന്റെ  പത്നിയാകാൻ ആഗ്രഹമറിയിച്ചു . വസ്തുതകൾ സത്യമായിത്തന്നെ അറിയുമായിരുന്നെങ്കിലും അയാൾ മോഹിനിയെ  ഭാര്യയായി സ്വീകരിച്ചു. ഒരേയൊരു രാവുമാത്രം ഒന്നിച്ചുകഴിഞ്ഞ് പുലർച്ചെതന്നെ ഇരാവാൻ ബലിവസ്തുവാകാൻ  സന്നദ്ധനായി. തന്റെ വേർപാടിൽ അങ്ങേയറ്റം  മനംനൊന്ത് അലമുറയിട്ടുകരയുന്ന മോഹിനിയെക്കണ്ട് ഇരാവാന്റെ ആത്മാവ് കൃതാർത്ഥനായി..Tuesday, March 5, 2019

കണ്മണിക്കായ്
==============
ഇന്നുഞാൻ കാണുന്ന സ്വപ്നങ്ങളിൽ നിന്റെ
പുഷ്കലജീവിതം മാത്രമാണോമനേ
സദ്ബുദ്ധി , സച്ചിന്ത, സദ്‌വാക്ക്, സത്കർമ്മം
ചെയ്തു നീ  ജീവിക്ക, എന്റെ      സർവ്വസ്വമേ
നിന്നോമൽ പുഞ്ചിരി കാണുകിലമ്മയ്ക്കു
സ്വർഗ്ഗമാണെന്നുമീ   ഊഴിയൽ കണ്മണീ
ബാല്യകൗമാരങ്ങൾ പിന്നിട്ടു നീ വന്നു
നില്കയാണെന്മുന്നിൽ യൗവ്വനയുക്തനായ്‌
അന്നു ഞാൻ കൈപിടിച്ചോരോ വഴികളിൽ
നിന്നെ നടത്തിയതോർമ്മിക്കയാണിന്ന്.
എത്ര കഥകൾ പറഞ്ഞു ഞാൻ നിൻ കാതി-
ലെത്ര താരാട്ടുകൾ പാടി നിനക്കായി
എത്രയോ രാവിലൊരമ്പിളിമാമനെ
എത്തിപ്പിടിച്ചുതരാമെന്നു ചൊല്ലി ഞാൻ
എത്രകള്ളങ്ങൾ പറഞ്ഞിട്ടുമെന്തേ നീ
അമ്മയേയിന്നും വെറുത്തില്ലയോമലേ
ഇന്നുനീ അമ്മയ്ക്കു  നല്കും തണലാണീ
ഭൂമിയിലേറ്റം സുഖശൈത്യസുന്ദരം.
ഈ തണൽ നല്കിയൊരീശനു ഞാനെന്റെ
ജീവിതം കാണിക്കയായി നൽകീടുന്നു.
കാത്തുകൊള്ളേണമെൻ ജീവന്റെ ജീവനാം
തങ്കക്കുടത്തിനെയെന്നുമെന്നും ഭവാൻ     

Monday, February 25, 2019

ഇന്ന്

സൂര്യൻ ചിരിക്കുന്നു
മുകിൽ നൃത്തമാടുന്നു
പുതുമയോടൊരുദിനം
വന്നണഞ്ഞീടുന്നു.
സർവ്വപ്രപഞ്ചവും 
മന്ദസ്മിതം തൂകി
ഇന്നിനെ സ്വാഗതം
ചെയ്തിടുന്നു .
പാടുക, നർത്തനമാടുക,
പൊട്ടിച്ചിരിക്കുക,
ഈദിനം സാർത്ഥകമാക്കുക.
നാളെയോ, സങ്കല്പമൊന്നുമാത്രം! 

Friday, February 22, 2019

ബാർബരീകൻ (ഭർഭരികൻ) - മഹാഭാരതയുദ്ധത്തിന്റെ ഏകദൃക്‌സാക്ഷി

മഹാഭാരതകഥയിൽ ഏറെ ഇഷ്ടം തോന്നിയ പല കഥാപാത്രങ്ങളുണ്ടെങ്കിലും  ബാർബരീകൻ ഏറെ വ്യത്യസ്തതയാർന്ന കഥാപാത്രം. അസുരകുലത്തിൽ  പിറന്ന മാതാവിന്റെ പുത്രനായി എന്നതുകൊണ്ടുമാത്രം  ഇഹലോകവാസം വെടിയേണ്ടിവന്ന ഈ മകനെയോർത്തു കണ്ണിൽ നനവ് പടരുന്നു. എന്താണ് ധർമ്മവും അധർമ്മവുമെന്ന്  സ്വയം ചോദിച്ചുപോകുന്നു.

ബാർബരീകൻ (ഭർഭരികൻ) - മഹാഭാരതയുദ്ധത്തിന്റെ ഏകദൃക്‌സാക്ഷി
=======================
മഹാഭാരതകഥയിൽ ഏറ്റവും ശക്തിമാനായ യോദ്ധാവാരെന്ന ചോദ്യത്തിന് ഓരോരുത്തർക്കും ഓരോ  മറുപടിയാണ്. ഭീഷ്മരെന്നും ദ്രോണരെന്നും   അർജുനനെന്നും കർണ്ണനെന്നും കൊടുങ്കാറ്റിന്റെ അപരാശക്തി കരങ്ങളിലാവാഹിച്ച ഭീമനാണതെന്നും  അതല്ല ഏകലവ്യനാണെന്നും അതുമല്ല സാക്ഷാൽ കൃഷ്ണനാണെന്നും ഒക്കെ വാദങ്ങളുണ്ടാവും. പക്ഷേ ഇവരെക്കാളൊക്കെ മികച്ച ഒരു മഹായോദ്ധാവുണ്ടായിരുന്നത്രേ! മഹാഭാരതയുദ്ധം കേവലം മൂന്നു നിമിഷങ്ങൾകൊണ്ടവസാനിപ്പിക്കാൻ പ്രാപ്തനായ അതിശക്തൻ  -  അതാണ് ത്രിബാണധാരിയായ  'ബാർബരീകൻ'.
ഭീമപുത്രനായ ഘടോൽക്കചന് പ്രാഗ്ജ്യോതിഷത്തിലെ മുരുവാസുരന്റെ പുത്രി മൗർവി(അഹിലാവതി)യിൽ ജനിച്ച പുത്രനാണ് ഈ മഹായോദ്ധാവ്. അതിശക്തയായൊരു നാഗകന്യകയായിരുന്നു മൗർവി.  വാഗ്വാദത്തിലും ആയോധനകലയിലും തന്നെ ജയിക്കുന്നവനെ മാത്രമേ ഭർത്തായി സ്വീകരിക്കൂ എന്ന് ദൃഢനിശ്ചയമെടുത്തിരുന്ന ഈ കന്യകയെ മത്സരിച്ചു വിജയിച്ചു പാണിഗ്രഹണം ചെയ്തത്  ഭീമപുത്രനായ ഘടോൽകചനായിരുന്നു. പിന്നീട് അഹിലാവതിയെന്നാണവൾ അറിയപ്പെട്ടത്. എല്ലാ അർത്ഥത്തിലും അതുല്യമായ ഈ രണ്ടു ശക്തിദുർഗ്ഗങ്ങളുടെ പുത്രനാണ് ബാർബരീകൻ. മാതാവിൽനിന്ന് നന്നേ ചെറുപ്പത്തിൽത്തന്നെ സർവ്വവിദ്യകളും ഈ സമർത്ഥൻ കരഗതമാക്കിയിരുന്നു. യുദ്ധത്തിൽ പങ്കെടുക്കേണ്ടിവന്നാൽ എപ്പോഴും ദുർബ്ബലഭാഗത്തായിരിക്കണം നിലകൊള്ളേണ്ടതെന്ന ഉപദേശവും  അമ്മയിൽനിന്നു  ബാർബരീകനു  ലഭിച്ചിരുന്നു.

 ബാർബരീകൻ   ഒരു യക്ഷന്റെ മനുഷ്യാവതാരമായിരുന്നത്രേ!
ഭൂമിയിൽ അധർമ്മം കൊടികുത്തിവാണിരുന്ന കാലം. ബ്രഹ്മാവും ദേവന്മാരും ചേർന്ന് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട് ഇതേക്കുറിച്ചു പരാതിപ്പെട്ടു. എത്രയുംവേഗം താൻ  ഭൂമിയിലവതരിച്ച് ധർമ്മം പുനഃസ്ഥാപിക്കാൻ വേണ്ടതുചെയ്യുമെന്ന അദ്ദേഹം അവർക്കുറപ്പു നൽകി. അപ്പോൾ ഒരു യക്ഷൻ ബ്രഹ്മാവിനോടും കൂട്ടരോടും ഇപ്രകാരം പറഞ്ഞു
" ഭൂമിയിലെ അധർമികളെ ഇല്ലാതാക്കാൻ ഞാനൊരാൾ മതി. അതിനായി ഭഗവാൻ വിഷ്ണു അവതാരമെടുക്കേണ്ട ആവശ്യമില്ല."
അഹന്ത നിറഞ്ഞ ഈ വാക്കുകൾ ബ്രഹ്മാവിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം യക്ഷനെ ശപിച്ചു
" മഹാവിഷ്ണു ഭൂമിയിലവതിരിക്കുമ്പോൾ   നിന്നെ സംഹരിക്കട്ടെ"
ആ യക്ഷനാണ് ബാർബരീകനായി ഭൂമിയിൽ ജന്മമെടുത്തത്. ഇതാണു ബാർബരീകന്റെ ജന്മരഹസ്യം.

മാതാവിൽനിന്ന് ആയോധനകല  അഭ്യസിച്ചതുകൂടാതെ അഷ്ടദേവന്മാരിൽനിന്ന് മൂന്നു വിശിഷ്ടബാണങ്ങൾകൂടി കഠിനതപത്താൽ ബാർബരീകൻ നേടുകയുണ്ടായി.
അഗ്നിദേവനിൽനിന്ന്  മൂലോകവും കീഴടക്കാനുതകുന്ന   മഹത്വമുള്ളൊരു അദൃശ്യധനുസ്സും   ലഭിക്കുകയുണ്ടായി. അങ്ങനെ ബാർബരീകൻ  അജയ്യനായ യുദ്ധവീരനായി.  ലക്ഷക്കണക്കിനുവരുന്ന അക്ഷൗഹിണിപ്പടയുടെ മദ്ധ്യേനിന്നു വീറോടെ പൊരുതിയ വീരയോദ്ധാവാണ് ബാർബരീകൻ.  മറ്റൊരു യുദ്ധത്തിലാകട്ടെ  ഒൻപതുകോടി രാക്ഷസന്മാരെ നിഗ്രഹിക്കാൻ ഈ സംഗ്രാമധീരന്  നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു.

യുദ്ധത്തിന് പുത്രൻ ഘടോത്കചന്റെ സാന്നിധ്യമുറപ്പാക്കാൻ വനത്തിലേക്കുപോയപ്പോഴാണ്   ഭീമസേനൻ തന്റെ പൗത്രനെ ആദ്യമായി കണ്ടുമുട്ടിയത്. വളരെ നാടകീയമായൊരു കൂടിക്കാഴ്ച. വനത്തിലൂടെ ഏകനായി അലഞ്ഞുതിരിഞ്ഞ ഗദാധാരിയായ  വൃകോദരന്  ആകസ്മികമായാണ് തേജസ്വിയായ ആ യുവാവിനോട്  ഏറ്റുമുട്ടേണ്ടിവന്നത്.  ശക്തിമാനെന്ന അഹംഭാവവും പേറിനടക്കുന്ന ഭീമന് തനിക്കു മാർഗ്ഗതടസം സൃഷ്ടിച്ച അരോഗദൃഢഗാത്രനായ ബാർബരീകനോട് ഗദായുദ്ധംതന്നെ നടത്തേണ്ടിവന്നു. ഭീമനെ ഒരുവേള കീഴ്പെടുത്തിയെങ്കിലും ആജ്ജ്ഞതമായൊരു അശരീരിയാൽ ഇതു തന്റെ പിതാമഹനെന്നു  തിരിച്ചറിഞ്ഞ ബാർബരീകൻ അടിയറവുപറഞ്ഞു മാപ്പപേക്ഷിച്ചു. താനാരെന്നു വെളിപ്പെടുത്തി മുത്തച്ഛന്റെ  പാദം  നമിച്ച് അനുഗ്രഹം തേടി. താനിന്നുവരെ അറിയാതിരുന്ന തന്റെ പൗത്രനെ  വാത്സല്യാതിരേകത്താൽ ആശ്ലേഷിച്ചു നെറുകയിൽ മുകർന്നു.

കുരുക്ഷേത്രയുദ്ധത്തിനു സമയം കുറിച്ച്,  ഇരുസേനകളും പടക്കോപ്പുകൂട്ടുന്ന വേളയിലാണ്  ബാർബരീകൻ പിന്നീടു  പിതാമഹനെത്തേടിവരുന്നത്. യുദ്ധത്തിൽ തന്റെ പിതാവിനെ സഹായിക്കാനായി യാത്രപുറപ്പെടുമ്പോൾ മാതാവ് പുത്രനോടന്വേഷിച്ചു ഏതുപക്ഷം ചേരുമെന്ന്. 'ദുർബ്ബലപക്ഷം' എന്നുതന്നെയായിരുന്നു ഉറച്ച മറുപടി.
ഏഴക്ഷൗഹിണിപ്പട മാത്രമുള്ള പാണ്ഡവർതന്നെയാണല്ലോ പ്രത്യക്ഷത്തിൽ ദുർബ്ബലർ.

പാണ്ഡവശിബിരത്തിൽ യുദ്ധത്തെക്കുറിച്ചുള്ള തിരക്കിട്ട കൂടിയാലോചന നടക്കുന്ന ഒരുരാത്രിയിൽ യുധിഷ്ഠിരൻ യുദ്ധത്തെക്കുറിച്ചുള്ള തന്റെ ആശങ്കകൾ കൃഷ്ണനോടു പങ്കുവെച്ചു. യുദ്ധദൈർഘ്യത്തെക്കുറിച്ചും വിജയപരാജയങ്ങളെക്കുറിച്ചുമുള്ള ആകുലതകൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.  ആരാണ് ഈ യുദ്ധത്തിലെ ഏറ്റവും വീരനായ പോരാളിയെന്ന ചോദ്യത്തിനുത്തരമായി കൃഷ്ണൻ  പറഞ്ഞു.
"ഭീഷ്മർക്ക് ഒറ്റയ്ക്ക്  20 ദിവസം മതിയാകും യുദ്ധമവസാനിപ്പിക്കാൻ. ദ്രോണർക്കാകട്ടെ 28 ദിവസം. കർണ്ണൻ 24 ദിവസത്തിൽ യുദ്ധത്തിനന്ത്യം കാണും. പക്ഷേ അർജ്ജുനന്‌  കേവലം ഒരു ദിവസം മതി ശത്രുപക്ഷത്തെ നാമാവശേഷമാക്കാൻ."
അപ്പോൾ ദൃഢതയാർന്ന ഒരു ശബ്ദം പിന്നിലെവിടെയോനിന്ന് ഉയർന്നു.
" കൗരവപക്ഷത്തെ ഹനിക്കാൻ എനിക്കൊരു നിമിഷമേ വേണ്ടൂ "
അതേ, അതു ബാർബരീകന്റേതായിരുന്നു.  തൂണീരത്തിൽ മൂന്നേമൂന്ന്‌ അസ്ത്രങ്ങളുമായി നിൽക്കുന്ന ഈ യുവകോമളന്  അത് സാധിക്കുമോയെന്നു അർജ്ജുനനു ശങ്ക. പക്ഷേ എല്ലാമറിയുന്ന കൃഷ്ണൻ സംശയനിവാരണം നടത്താൻ ഒട്ടും അമാന്തിച്ചില്ല.
"അവനതു സാധിക്കും . അതേ, അതവനുമാത്രമേ അതിനു  കഴിയൂ"
ദുർബ്ബലഭാഗത്തുമാത്രമേ  യുദ്ധത്തിൽ പങ്കാളിയാകൂ എന്ന് ബാർബരീകൻ  ശപഥമെടുത്തിരുന്നുവെന്നറിയുന്ന   കൃഷ്ണന്  ഈ യോദ്ധാവിന്റെ ആഗമനം ഒട്ടും സ്വീകാര്യമായിരുന്നില്ല. പാണ്ഡവഭാഗത്തു ബാർബരീകൻ ചേർന്നാൽ തീർച്ചയായും കൗരവപ്പടയ്ക്കു ക്ഷീണം വരും. അപ്പോൾ ആ ഭാഗത്തു അയാൾക്കു ചേരേണ്ടിവരും. പിന്നീടു മറിച്ചും. അങ്ങനെ തുടർന്നാൽ ഒടുവിൽ അവശേഷിക്കുക ബാർബരീകൻ മാത്രമാകും. ഹസ്തിനപുരത്തിന്റെ ചെങ്കോൽ അസുരയുവാവിന്റെ കരങ്ങളിലെത്തും . അങ്ങനെ ധർമ്മസംസ്ഥാപനാർത്ഥമുള്ള  മഹാഭാരതയുദ്ധംതന്നെ  അർത്ഥരഹിതമാകും. അങ്ങനെയൊരവസ്ഥ ഒഴിവാക്കിയേ മതിയാകൂ എന്ന് കൃഷ്ണൻ തീരുമാനിച്ചു.

അതൊരു ഫാൽഗുനമാസത്തിലെ ശുക്ലപക്ഷത്തിലെ പന്ത്രണ്ടാംനാൾ. തൂണീരത്തിൽ
തന്റെ ത്രിബാണങ്ങളും കൈയിൽ    അദൃശ്യധനുസ്സുമായി യുദ്ധക്കളത്തിലേക്കു നടന്നുനീങ്ങിയ  ബാർബരീകന്റെ മുമ്പിൽ ഒരു ബ്രാഹ്മണൻ പ്രത്യക്ഷനായി. അദ്ദേഹം  ആ യുവാവിനോട് യാത്രോദ്ദേശ്യം അന്വേഷിച്ചു. യുദ്ധത്തിൽ പങ്കെടുക്കാനാണെന്നു പറഞ്ഞപ്പോൾ ഈ മൂന്നു ബാണങ്ങൾ  മാത്രംകൊണ്ട്  എങ്ങനെ യുദ്ധം ചെയ്യുമെന്നായി. മറുപടിയായി ബാർബരീകൻ  പറഞ്ഞു.
" ഇവ സാധാരണ ബാണങ്ങളല്ല.. ഒരുബാണംകൊണ്ടു ശത്രുക്കളെ നിശ്ചയിക്കാനാവും. അടുത്ത ബാണംകൊണ്ട് സംരക്ഷിക്കപ്പെടേണ്ടവരെയും അടയാളപ്പെടുത്തും. മൂന്നാമത്തെ ബാണംകൊണ്ടു   നിഗ്രഹവുമാവും. ഒരിക്കലും പിഴവുപറ്റാത്ത  ഈ ബാണങ്ങൾ കർമ്മം പൂർത്തീകരിച്ചശേഷം  തൂണീരത്തിലേക്കു മടങ്ങിയെത്തുകയും ചെയ്യും.  ."
ഇതുകേട്ട്, ബാണങ്ങളുടെ  ശക്തിപരീക്ഷിക്കാനെന്നോണം ബ്രാഹ്മണൻ  അടുത്തുകണ്ട ആൽമരത്തിലെ ഇലകളെയൊക്കെ നിഗ്രഹിക്കാനാവശ്യപ്പെട്ടു. ബാർബരീകൻ ഒരുനിമിഷം ഇമപൂട്ടി, മന്ത്രംചൊല്ലി ബാണമെടുത്തു. പക്ഷേ ആ നൊടിയിടയിൽ ബ്രാഹ്മണൻ  ഒരില പറിച്ചു തന്റെ പാദത്തിനടിയിലൊളിപ്പിച്ചു.  പക്ഷേ,   മറ്റിലകൾക്കുശേഷം ആ  ഇലയെ ഉന്നമാക്കി ബാണം ബ്രാഹ്മണപാദത്തിനുചുറ്റും  വലംവെച്ചു. ബ്രാഹ്മണനായി വന്നിരിക്കുന്നത് ശ്രീകൃഷ്ണനല്ലാതെ മറ്റാരുമല്ല എന്ന സത്യം മനസ്സിലാക്കാൻ ആ ധീരയോദ്ധാവിനു ഒരു പുനർചിന്ത വേണ്ടിവന്നില്ല. താൻ  തൊടുത്ത അസ്ത്രത്തിന്  ആ ഇലകൂടി നിഗ്രഹിക്കാൻ കൃഷ്ണപാദം മാറ്റിക്കൊടുക്കണമെന്നപേക്ഷിച്ചു. ബാണങ്ങളുടെ മഹത്വവും യുവാവിന്റെ ആയോധനപാടവവും നന്നായി മനസ്സിലാക്കിയ കൃഷ്‍ണൻ  ഒരു ദാനമാവശ്യപ്പെട്ടു.
ബാർബരീകന് സന്തോഷപൂർവ്വം അതിനു തയ്യാറായി.
പക്ഷേ ഭഗവാനു   വേണ്ടിയിരുന്നത് ഒരു യോദ്ധാവിന്റെ തലയായിരുന്നു.
ആ യോദ്ധാവാരെന്ന ചോദ്യത്തിന്  താൻ കരുതിയിരുന്ന ദർപ്പണം ബാർബരികന്റെ മുഖത്തിനു നേരെ കാട്ടി. തന്റെ ശിരച്ഛേദം ഭഗവാന്റെ സുദർശനചക്രം കൊണ്ടാവണമെന്ന് ബാർബരീകൻ ഭഗവാനോട് പ്രാർത്ഥിച്ചു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.  (യക്ഷന് ബ്രഹ്മാവിൽനിന്നു ലഭിച്ച ശാപവും അങ്ങനെ ഫലവത്തായി കോക്ഷം ലഭിച്ചു)
ആ തേജോരൂപത്തിനു മുന്നിൽ നമസ്കരിച്ചുകൊണ്ടു ബാർബരീകൻ തന്റെ ഒരാഗ്രഹം സാധിച്ചുതരണമെന്നപേക്ഷിച്ചു.
" ഹേ  ഭഗവാൻ! ദക്ഷിണദേശത്തുനിന്ന് ഇക്കണ്ടദൂരമൊക്കെ സഞ്ചരിച്ച് ഇവിടെയെത്തിയത് യുദ്ധത്തിൽ പങ്കെടുക്കാനാണ്. ഇനി  അതിനു കഴിയില്ലയെങ്കിലും യുദ്ധം കാണാൻ അങ്ങ്  എനിക്കവസരമുണ്ടാക്കിത്തരണം. "
"തീർച്ചയായും നിന്റെ ആഗ്രഹം സഫലമാകും" ഭഗവൻ ഉറപ്പേകി.
 ഭഗവാൻ ആ ശിരസ്സ് ഒരു  കുന്തത്തിൽ കൊരുത്ത് യുദ്ധഭൂമി മുഴുവൻ കാണാവുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചുവച്ച്  അനുഗ്രഹം നൽകി. അങ്ങനെ  മഹാഭാരതയുദ്ധം ആദ്യന്തം കാണാനുള്ള യോഗം ബാർബരീകനു മാത്രമാണു ലഭിച്ചത്.
യുദ്ധാനന്തരം പാണ്ഡവർതമ്മിൽ ഒരു വാദപ്രതിവാദമുണ്ടായി - ആർക്കാണ്  ഈ യുദ്ധവിജയത്തിൽ കൂടുതൽ പങ്കുള്ളതെന്ന്. അതു തീരുമാനിക്കാൻ ബാർബരീകന്റെ ശിരസ്സിനു മാത്രമേ കഴിയൂ എന്നായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി.
ആ ശിരസ്സ് ഇപ്രകാരമാണു പറഞ്ഞത്
" ഈ യുദ്ധവിജയത്തിന് ഭഗവാൻ ശ്രീകൃഷ്ണൻ മാത്രമാണുത്തരവാദി. ആ തേജോരൂപമല്ലാതെ എനിക്കവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. രണ്ടു പക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്ക് ഒരേ രൂപമായിരുന്നു. എല്ലാം ഭഗവാന്റെ പ്രതിരൂപങ്ങൾ. വേദനിക്കുന്നവനും വിജയഭേരി മുഴക്കുന്നവനും ഒരാൾത്തന്നെ."
                             *****************************

(ദക്ഷിണേന്ത്യയിൽ ബാർബരീകൻ  അത്ര അറിയപ്പെടുന്നില്ലെങ്കിലും രാജസ്ഥാനിലും ഗുജറാത്തിലും ആരാധനപാത്രമാണ്. രാജസ്ഥാനിൽ  ഘടുശ്യാം എന്നും ഗുജറാത്തിൽ ബലിയദേവ്  എന്നും പേരുകളിലാണ്  ആണ്  ആരാധിക്കപ്പെടുന്നത്. ഈ  പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ഈ സംസ്ഥാനങ്ങളിൽ  പലയിടത്തുമുണ്ട്. )


Wednesday, February 13, 2019

ലക്ഷം രൂപയുടെ ഉപദേശം

ലക്ഷം രൂപയുടെ ഉപദേശം
======================
ഒരിക്കൽ ഒരിടത്ത് ഒരന്ധനായ ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും അങ്ങേയറ്റം ദാരിദ്ര്യപൂർണ്ണമായ ജീവിതം നയിച്ചുപോന്നു. അവരുടെ മകൻ ദിവസവും ഭിക്ഷ യാചിച്ചുകൊണ്ടുവന്നായിരുന്നു അവർ ജീവിതം പുലർത്തിയിരുന്നത്. പക്ഷേ വളർന്നപ്പോൾ അവനാ ജീവിതരീതിയിൽ വല്ലാത്ത വെറുപ്പുതോന്നി. ഇങ്ങനെ നാണംകെട്ടു ജീവിക്കുന്നതിലുംഭേദം മറ്റേതെങ്കിലും നാട്ടിൽ ജോലി അന്വേഷിച്ചുപോകുന്നതാണു നല്ലതെന്നവനു  തോന്നി. അക്കാര്യം തന്റെ ഭാര്യയോടവൻ ചർച്ച ചെയ്തു. അവൾക്കും അതു നല്ലതെന്നു തോന്നി. വൃദ്ധരായ മാതാപിതാക്കളെ നന്നായി ശിശ്രുഷിക്കാൻ പത്നിയെ ഏൽപ്പിച്ച ആ യുവാവ് ഒരു ദീര്ഘയാത്രയ്‌ക്കൊരുങ്ങി. അവർക്ക്  ഏതാനും നാൾ  കഴിയാനുള്ള വക ഒരുവിധത്തിൽ ശേഖരിച്ചു.
ഒരു പ്രഭാതത്തിൽ അല്പം ഭക്ഷണവും  കൈയിൽ കരുതി അയാൾ യാത്ര പുറപ്പെട്ടു. ഏതാനും ദിവസം നീണ്ട പദയാത്രയ്‌ക്കൊടുവിൽ അയാൾ അയൽരാജ്യത്തെ പ്രമുഖനഗരത്തിലെത്തിച്ചേർന്നു.  ഒരു കടയോരത്തെ ഇരിപ്പിടത്തിൽ അയാൾ ക്ഷീണിതനായി  ഇരുന്നു. പരിചിതനല്ലാത്തൊരാളെ തന്റെ കടയിൽ കണ്ടപ്പോൾ ഉടമസ്ഥൻ അയാളാരെന്നന്വേഷിച്ചു. താനൊരു ദരിദ്രബ്രാഹ്മണനാണെന്നും ഭിക്ഷയാചിച്ചാണു കുടുംബം പുലർത്തുന്നതെന്നുമൊക്കെ അയാൾ കടക്കാരനോടു  പറഞ്ഞു. ഈ യുവാവിന്റെ ദയനീയാവസ്ഥയിൽ അനുകമ്പതോന്നിയ കടക്കാരൻ അയാളോട് രാജാവിനെ മുഖം കാണിക്കാൻ ഉപദേശിച്ചു. കൂടെ ചെല്ലാമെന്നും ഉറപ്പുകൊടുത്തു. അങ്ങനെ അവർ രാജസവിധത്തിലെത്തി. കടക്കാരൻ രാജാവിനോട് യുവാവിന്റെ ദയനീയാവസ്ഥ ഉണർത്തിച്ചു.  ഭാഗ്യവശാൽ രാജാവ് താൻ പുതുതായി പണികഴിപ്പിച്ച സുവർണ്ണക്ഷേത്രത്തിലെ നടത്തിപ്പിനായി ഒരു ബ്രാഹ്മണനെ അന്വേഷിക്കുകയായിരുന്നു. ദരിദ്രനെങ്കിലും സത്യസന്ധനും  പണ്ഡിതനുമായ  ആ യുവബ്രാഹ്മണനെത്തന്നെ ആ ദൗത്യം ഏല്പിച്ചു. വേതനത്തിന്റെ ഭാഗമായി പത്തുപറ  നെല്ലും നൂറു സ്വർണ്ണനാണയങ്ങളും അയാൾക്കു  നല്കാൻ ഉത്തരവാകുകയും ചെയ്തു.

രണ്ടുമാസങ്ങൾ കടന്നുപോയി. ബ്രാഹ്മണയുവാവിന്റെ ഭാര്യ, അയാളുടെ മാതാപിതാക്കൾക്ക് ഭക്ഷണം കൊടുക്കാൻ നിവൃത്തിയില്ലാതെയായപ്പോൾ അയാളെത്തിരക്കി യാത്രയായി. ആ സ്ത്രീയും നടന്നെത്തിയത് പഴയ കടക്കാരന്റെ അടുത്ത്. തന്റെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞ സ്ത്രീയോട് അയാൾ സുവർണ്ണക്ഷേത്രത്തെക്കുറിച്ചും അവിടെച്ചെന്നാൽ ഒരു സ്വർണനാണയം ലഭിക്കുമെന്നും പറഞ്ഞു. അവരവിടെച്ചെന്നപ്പോഴോ, തന്റെ ഭർത്താവതാ  മുന്നിൽ!
പക്ഷേ അയാൾക്ക്‌ തന്റെ പത്നിയെക്കണ്ടപ്പപ്പോൾ കോപമാണുണ്ടായത്.
"എന്റെ മാതാപിതാക്കളെ തനിച്ചാക്കി നീ എന്തിനിവിടെ വന്നു. അവരുടെ ശാപം എനിക്കു  കിട്ടില്ലേ. വേഗം മടങ്ങിപ്പോകൂ. ഞാൻ എത്തുന്നതുവരെ അവരെ കാത്തുകൊള്ളണം."
"ഇല്ല, ഞാൻ പോവില്ല. ആ വീട്ടിൽ ഒരുമണി അരിപോലുമില്ല. അവരവിടെ പട്ടിണികിടന്നു മരിക്കും. എനിക്കതു കാണാനാവില്ല." അവർ പൊട്ടിക്കരഞ്ഞു.
"ഓ! ഭഗവൻ.." അയാളാകെ വിഷണ്ണനായി. വേഗം ഒരു താളിൽ എന്തൊക്കെയോ  കുത്തിക്കുറിച്ചു. എന്നിട്ടയാൾ അത് തന്റെ ഭാര്യയുടെ കൈയിൽ കൊടുത്തു
" ഇത് നീ രാജാവിന് കൊടുക്കണം. അദ്ദേഹം നിനക്ക് ഒരുലക്ഷം രൂപ പ്രതിഫലം നൽകും."
ഇത്രയും പറഞ്ഞ് വേഗമയാൾ  അവിടെനിന്നു നടന്നുമറഞ്ഞു.
അവർ താളിൽ കുറിച്ചിരിക്കുന്നു കാര്യങ്ങൾ വായിച്ചുനോക്കി. മൂന്നുപദേശങ്ങളായിരുന്നു അവ.
ഒന്നാമത്തേത് ' തനിച്ചു യാത്രപോകുന്നൊരാൾ രാത്രിയിൽ എത്തുന്നിടത് ഉറങ്ങാതിരിക്കണം. ഉറങ്ങിയാൽ ഉറപ്പ്.'
രണ്ടാമത്തേത് 'സമ്പന്നനായിരിക്കുമ്പോൾ ഒരുവൻ തന്റെ വിവാഹിതയായ സഹോദരിയ സന്ദർശിച്ചാൽ ധനം ലഭിക്കുമല്ലോ എന്നോർത്ത്  അവൾ സഹർഷം സ്വീകരിക്കും. ദാരിദ്ര്യത്തിലാണ് സന്ദർശിക്കുന്നതെങ്കിൽ ആട്ടിയകറ്റപ്പെടും .'
മൂന്നാമത്തേത് ' ഒരാൾ എന്തുജോലിചെയ്താലും അത് ആത്മാർത്ഥമായും നിർഭയമായും ചെയ്യണം'
മടങ്ങിവീട്ടിലെത്തിയ ബ്രാഹ്മണി തന്റെ ശ്വശ്രുക്കളോടു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ഭർത്താവു എഴുതിയേല്പിച്ച ഉപദേശങ്ങൾ ഒരു ബന്ധുവിന്റെ കൈയിൽ രാജാവിനെയേല്പിക്കാൻ കൊടുത്തയച്ചു. അത് വായിച്ചു " ഈ വിഡ്ഢിത്തവും കൊണ്ടുവന്നവനെ പടിക്കുപുറത്താക്കൂ" എന്നാജ്ഞാപിച്ചു.
ഒടുവിൽ ബ്രാഹ്മണിതന്നെ അതുമായി കൊട്ടാരത്തിലേക്കു പുറപ്പെട്ടു. പക്ഷേ പുറത്തു ഉദ്യാനത്തിൽ ഉലാത്തുകയായിരുന്ന രാജകുമാരൻ   അവരെ കാണാനിടയായി. കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ ഉപദേശങ്ങളെഴുതിയ താൾ വാങ്ങി ഒരുലക്ഷം രൂപയുടെ പ്രമാണവും  നൽകി. സന്തോഷത്തോടെ ബ്രാഹ്മണി മടങ്ങി. രാജമുദ്രയുള്ള പ്രമാണം കാട്ടി  വീട്ടിലേക്കു കുറേദിവസത്തേക്കുള്ള സാധനങ്ങളും വാങ്ങാനായി.

രാജകുമാരൻ സന്തോഷത്തോടെ പിതാവിനോട് താൻ  ചെയ്ത സത്കർമ്മത്തെക്കുറിച്ചു പറഞ്ഞു. പക്ഷേ പ്രശംസ പ്രതീക്ഷിച്ച കുമാരന് രാജാവിന്റെ  കോപം ജ്വലിക്കുന്ന മുഖമാണു  കാണാൻ കഴിഞ്ഞത്.  കുമാരനെ  നാടുകടത്താനും ഉത്തരവായി. ദുഖിതനായ കുമാരൻ പ്രിയപ്പെട്ടവരോടൊക്കെ മൗനമായി വിടയോതി യാത്രയായി. നടനന്നുനടന്നു ദൂരമേറെ പിന്നിട്ടു. ഇരുട്ടുപരന്നപ്പോൾ വഴിയിൽ കണ്ടയൊരാൾ രാജകുമാരനെ തന്നോടൊപ്പം രാത്രി കഴിച്ചുകൂട്ടാൻ ക്ഷണിച്ചു. അയാളുടെ താമസസ്ഥലത്തു രാജകുമാരനുവേണ്ടന്നവിധം എല്ലാ സൗകര്യവും അയാൾ ചെയ്തുകൊടുത്തു.
പക്ഷേ ഉറങ്ങാൻ കിടന്ന കുമാരൻ ആദ്യത്തെ ഉപദേശം ഓർമ്മിച്ചു. അപരിചിതനോടൊപ്പം രാത്രി കഴിഞ്ഞുകൂടുന്നുവെങ്കിൽ ഉറങ്ങാതിരിക്കണമല്ലോ. ഏതാണ്ട് അർത്ഥരാത്രിയോടടുത്തപ്പോൾ അവിടേക്കു കൊണ്ടുവന്ന മനുഷ്യൻ ഒരു വാളുമായി കുമാരനെ കൊല്ലാനായി വന്നു. വാളോങ്ങിയതും കുമാരൻ അത് തടുത്തുകൊണ്ടെഴുന്നേറ്റു.
" എന്നെക്കൊന്നാൽ നിങ്ങൾക്കൊരു ലാഭവുമില്ല. മറിച്ച്, തന്റെ നായയെക്കൊന്ന മനുഷ്യനെപ്പോലെ പിന്നീട്  നിങ്ങൾക്കു പശ്ചാത്തപിക്കേണ്ടിവരും''
ശാന്തനായി കുമാരൻ പറഞ്ഞു.
"ഏതു മനുഷ്യൻ? ഏതു നായ?"
അയാൾ കുമാരനോട് ആകാംക്ഷയോടെ ചോദിച്ചു.
"ഞാനതു പറയാം. പക്ഷേ ആ വാളെനിക്കു  തരൂ "
അയാൾ കുമാരന് വാൾ  കൊടുത്തു. കുമാരൻ പറയാൻ തുടങ്ങി.
"ഒരിക്കൽ ധനികനായൊരു വ്യാപാരി ഒരു നായയെ വളർത്തിയിരുന്നു. പക്ഷേ  വ്യാപാരി കാലം കഴിഞ്ഞപ്പോൾ  ദാരിദ്ര്യത്തിലേക്കു  കൂപ്പുകുത്തി. തനിക്കാകെ സ്വന്തമായവശേഷിച്ച നായയെ പണയം നൽകി അയാൾ മറ്റൊരു വ്യാപാരിയിൽനിന്നു  പണം കടംവാങ്ങി വീണ്ടും കച്ചവടം തുടങ്ങി. പക്ഷേ  ഏറെ താമസിക്കാതെ ഒരു രാത്രി  പണം കടം നൽകിയ വ്യാപാരിയുടെ സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു.  അവിടെയുണ്ടായിരുന്ന നായ കൊള്ളക്കാരുടെ പിന്നാലെപോയി അവർ കൊള്ളമുതൽ സൂക്ഷിച്ചയിടം മനസ്സിലാക്കി. പുലർന്നപ്പോൾ കൊള്ളയുടെ കാര്യം മനസ്സിലാക്കിയ വ്യാപാരിയുടെ വീട്ടിൽ കൂട്ട നിലവിളിയുയർന്നു. എല്ലാം നഷ്‌ടമായ വിഷമത്തിൽ വ്യാപാരി ഒരു ഭ്രാന്തനെപ്പോലെ വാതില്പടിയിലിരുന്നു നിലവിളിച്ചു. അപ്പോൾ നായ  അയാളുടെ മുണ്ടിൽ കടിച്ചു വലിച്ചു. അത് കണ്ടുനിന്ന ഒരു അയൽക്കാരന്റെ നിർദ്ദേശപ്രകാരം  നായയുടെ പിന്നാലെ പോയ വ്യാപാരിക്കു തന്റെ മുതലെല്ലാം വീണ്ടുടുക്കാനായി. വളരെ സന്തുഷ്ടനായ വ്യാപാരി നായയെ തിരികെ നൽകാമെന്നു  തീരുമാനിച്ചു.  വലിയ നഷ്ടത്തിൽനിന്നു തന്നെ രക്ഷിച്ച നായയുടെ   വിവരങ്ങളൊക്കെ എഴുതി, പണം കടമെടുത്തകാര്യം മറക്കണമെന്ന അപേക്ഷയും ചേർത്ത്, കത്ത്    അവന്റെ  കഴുത്തിൽ കെട്ടി അവനെ ഒരു സേവകനൊപ്പം പഴയ യജമാനന്റെയടുത്തേക്കു പറഞ്ഞയച്ചു. പക്ഷേ നായയെക്കണ്ടപ്പോൾ  പണം തിരികെവാങ്ങാൻ വ്യാപാരി  വരുന്നതാകുമെന്നാണ് അയാൾ കരുതിയത്. കടം വീട്ടാൻ  ഒരു വഴിയുമില്ല.  അത്രയും പണം സമ്പാദിക്കാനുള്ള സാവകാശം കിട്ടിയതുമില്ല. അയാൾ അകെ വിഷണ്ണനായി. ആകെയുള്ള വഴി പണയമായികൊടുത്ത നായയെ കൊല്ലുകതന്നെ. അയാൾ ആലോചിച്ചു. പണയമുതലില്ലെങ്കിൽ പണവും നല്കേണ്ടല്ലോ. അങ്ങനെ രണ്ടാമതൊന്നാലോചിക്കാതെ  നായയെ അയാൾ കൊന്നു. അപ്പോഴാണ് കഴുത്തിൽ കെട്ടിയിരുന്ന കത്തു താഴെവീണതു അയാളുടെ കണ്ണിൽപ്പെട്ടത്. അതുവായിച്ചു  സങ്കടക്കടലിൽപ്പെട്ട്    സ്തബ്ദ്ധനായി നിന്നുപോയി അയാൾ. "
രാജകുമാരൻ ഒന്നുനിർത്തി വീണ്ടും തുടർന്നു.
"ജീവൻകൊടുത്താലും തിരിച്ചെടുക്കാനാവാത്ത  കാര്യങ്ങളൊന്നും ചെയ്യരുത്."
ഇത്രയും പറഞ്ഞുതീർന്നപ്പോഴേക്കും കിഴക്കു വെള്ളകീറിയിയുന്നു. തനിക്കഭയം തന്നതിനുള്ള പ്രതിഫലവും കൊടുത്ത കുമാരൻ വീണ്ടും യാത്രയായി. ഏറെയാത്രചെയ്തശേഷം അയാൾ മറ്റൊരു രാജ്യത്തെത്തി. അവിടുത്തെ രാജാവാകട്ടെ കുമാരന്റെ സ്യാലനായിരുന്നു. ഒരു യോഗിയായി വേഷപ്രച്ഛന്നനായാണ് കുമാരൻ അവിടേക്കു പ്രവേശിച്ചത്. കൊട്ടാരത്തിനു സമീപമുള്ളൊരു മരച്ചുവട്ടിൽ ധ്യാനനിരതനായി അയാളിരുന്നു. യോഗിയുടെ കാര്യം രാജാവിന്റെ കാതിലുമെത്തി. രാജ്ഞിയാകട്ടെ ഏതോ അജ്ഞാതരോഗത്തിനടിപ്പെട്ടിരുന്നു. കൊട്ടാരംവൈദ്യൻ പല ചികിത്സകളും നടത്തി പരാജിതനായിരിക്കുന്ന സമയം. ഈ യോഗിക്കൊരുപക്ഷേ തന്റെ റാണിയുടെ അസുഖം മാറ്റാനായെങ്കിലോ എന്ന് രാജാവ് പ്രത്യാശിച്ചു .യോഗിയെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുചെല്ലാൻ  ആളയച്ചെങ്കിലും  അദ്ദേഹം പോകാൻ തയ്യാറായില്ല. താൻ തുറന്ന സ്ഥലത്തേ  ഇരിക്കൂ എന്നും തന്നേക്കണേണ്ടവർ അവിടെവരണമെന്നും യോഗി അറിയിച്ചു. അതിനാൽ രാജാവ് രാജ്ഞിയെ യോഗയുടെ സന്നിധിയിലേക്ക് കൊണ്ടുവന്നു. രാജ്ഞിയോട്  ദണ്ഡനമസ്കാരം ചെയ്യാൻ യോഗി ആവശ്യപ്പെട്ടു. മൂന്നുമണിക്കൂർ അങ്ങനെ കിടന്നശേഷം എഴുന്നേൽക്കാൻ കല്പിച്ചു. അപ്പോഴേക്കും രാജ്ഞിയുടെ രോഗമൊക്കെ മാറിയിരുന്നു. പക്ഷേ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. രാജ്ഞിയുടെ വിലപിടിച്ച  മണിമാല കാണാതയത്രേ! എല്ലായിടവും തിരഞ്ഞു. കിട്ടിയില്ല. ഒടുവിൽ യോഗിയുടെ സവിധത്തിലും ആരോ മണിമാലയന്വേഷിച്ചെത്തി. അവിടെ നിന്നതു കണ്ടെടുക്കുകയും ചെയ്തു. യോഗി അത് കവർന്നതാണെന്നു ധരിച്ച രാജാവ് അയാൾക്കു  വധശിക്ഷ വിധിച്ചു. പക്ഷേ കുമാരൻ  കിങ്കരന്മാർക്കു കോഴകൊടുത്ത് രക്ഷപ്പെട്ടു രാജ്യം വിട്ടുപോയി. രണ്ടാമത്തെ ഉപദേശവും അയാൾക്ക്‌ സത്യമായി ഭവിച്ചു.
യോഗിവേഷം ഉപേക്ഷിച്ചു സ്വന്തം വസ്ത്രം ധരിച്ചു കുമാരൻ .വീണ്ടും  യാത്ര തുടർന്നു. ആ യാത്രയ്ക്കിടയിൽ വിചിത്രമായൊരു കാഴ്ച അയാൾ കാണാനിടയായി. ഒരു കുശവൻ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നു. കൗതുകം തോന്നി കുമാരൻ അയാളോട് കാര്യം തിരക്കി.
" ഈ രാജ്യത്തെ രാജകുമാരിക്കു ദിവസവും വിവാഹമാണ്. വിവാഹിതയായാൽ ആദ്യരാത്രിതന്നെ ഭർത്താവ് മരണപ്പെടും. അടുത്തദിവസം അടുത്ത വിവാഹം. അങ്ങനെ രാജ്യത്തെ മിക്കവാറും യുവാക്കളൊക്കെ ജീവൻ വെടിഞ്ഞു. ഇപ്പോൾ എന്റെ മകന്റെ ഊഴമായിരിക്കുന്നു. രാജകുമാരിയെ  കുശവന്റെ മോൻ കല്യാണം കഴിക്കുന്നത്രേ!    കുശവനായ എനിക്ക് അതിൽപരം എന്താനന്ദം  .. അതിനാലാണ് ഞാൻ ചിരിക്കുന്നത്. പക്ഷേ അതിന്റെ അനന്തരഫലം എന്റെ മകന്റെ അന്ത്യമാണല്ലോ എന്നോർക്കുമ്പോൾ കരയാനല്ലേ എനിക്ക് കഴിയൂ.. " കുശവൻ പറഞ്ഞുനിർത്തി
"താങ്കൾ പറഞ്ഞതു ശരിതന്നെ. പക്ഷേ ഇനി കരയേണ്ട. നിങ്ങളുടെ  മകനു  പകരമായി ഞാൻ പോയി രാജകുമാരിയെ വിവാഹം ചെയ്യാം. നിങ്ങളുടെ മകന്റെ വസ്ത്രങ്ങൾ എനിക്ക് തന്നാൽ മതി."
കുശവൻ തന്റെ മകന്റെ വിവാഹവസ്ത്രങ്ങൾ രാജകുമാരനു കൊടുത്തു. അതു ധരിച്ചു രിച്ചു കൊട്ടാരത്തിലെത്തിയ കുമാരൻ രാജകുമാരിയെ വിവാഹം ചെയ്തു. ആ രാത്രി  മണിയറയിലെത്തിയ കുമാരൻ സ്വയം പറഞ്ഞു.
" ഇതൊരു ഭീകരരാവാണ്.  നൂറുകണക്കിനു  യുവാക്കളെപ്പോലെ എന്റെയും അന്ത്യരാത്രിയായിരിക്കുമോ ഇത്!" കുമാരൻ തന്റെ വാൾപ്പിടിയിൽ കൈചേർത്തു ശ്രദ്ധയോടെ കിടന്നു. കുറേക്കഴിഞ്ഞപ്പോൾ അതാ രാജകുമാരിയുടെ മൂക്കിൽനിന്നും രണ്ടു സർപ്പങ്ങൾ ഇറങ്ങിവരുന്നു. കൊത്താനായി  തന്റെനേർക്കുവന്ന അവയെ കുമാരൻ സധൈര്യം  വാളെടുത്തു വെട്ടിക്കൊന്നു. ബ്രാഹ്മണിയുടെ മൂന്നാമത്തെ ഉപദേശവും ഫലവത്തായി.

പുലർച്ചെ പതിവുപോലെ മകളെക്കാണാനെത്തിയ രാജാവ് മകളും ഭർത്താവും സസന്തോഷം സംസാരിച്ചിരുന്ന കാഴ്ചകണ്ടു ആനന്ദചിത്തനായി.
"ഇദ്ദേഹം തന്റെ പുത്രിക്ക് അനുരൂപമായ വരൻതന്നെ" രാജാവ് മനസ്സിൽ പറഞ്ഞു. വിശദവിവരങ്ങളാരാഞ്ഞ രാജാവിനോട് താൻ  മറ്റൊരു രാജ്യത്തെ രാജകുമാരനാണെന്നും മറ്റുമുള്ള കാര്യങ്ങൾ അറിയിച്ചു. രാജാവിന്റെ ആനന്ദത്തിനതിരില്ലായിരുന്നു. കുമാരനെ തന്റെ അനന്തരാവകാശിയായി രാജാവ് പ്രഖ്യാപിച്ചു. ഒരുവർഷത്തിലധികം അവിടെക്കഴിഞ്ഞ രാജകുമാരൻ സ്വന്തം  രാജ്യം സന്ദർശിക്കാനുള്ള അനുവാദം തേടി. അനുവാദം നല്കുകമാത്രമല്ല, പിതാവിന് സമ്മാനിക്കായി  വിശിഷ്ടദ്രവ്യങ്ങളും   ധാരാളം സമ്പത്തും യാത്രയ്ക്കാവശ്യമായ ആനകളും കുതിരകളും മറ്റാവശ്യവസ്തുക്കളും ഒക്കെ കുമാരന് ഒരുക്കിക്കൊടുക്കുകയും ചെയ്തു. അങ്ങനെ കുമാരൻ സ്വരാജ്യത്തേക്കു യാത്രയായി.

തന്റെ സഹോദരിയുടെ രാജ്യം കടന്നായിരുന്നു യാത്ര. ഇത്തവണ കുമാരൻ  സഹോദരിയെയും  സ്യാലനെയും   കണ്ടിട്ടുതന്നെ പോകാൻ തീരുമാനിച്ചു. അവർ കുമാരനെ സന്തോഷത്തോടെ അതീവ  സ്നേഹത്തോടെ സ്വീകരിച്ചു. സത്കാരമൊക്കെ സ്വീകരിച്ചു വിശ്രമിച്ചു. മടങ്ങുംമുമ്പ് താൻ മുമ്പു  വന്നപ്പോഴുണ്ടായ അനുഭവവും അവിടെനിന്നു രക്ഷപ്പെട്ടതും  അവരോടു വിശദീകരിച്ചു. സഹോദരിക്കും ഭർത്താവിനും ധാരാളം സമ്പത്തും ഏതാനും കുതിരകളെയും ആനകളെയുമൊക്കെ സമ്മാനമായി നൽകി കുമാരൻ വീണ്ടും യാത്ര തുടർന്നു. സ്വന്തം കൊട്ടാരത്തിലെത്തിയ കുമാരനെ മാതാപിതാക്കൾ സ്നേഹവായ്‌പോടെ സ്വീകരിച്ചു. പുത്രനെപ്പിരിഞ്ഞ ദുഖത്താൽ കരഞ്ഞുതളർന്ന് അകാലവാർദ്ധക്യം വന്ന് , അന്ധത ബാധിച്ച   അവസ്ഥയിലായിരുന്നു അവർ. കുമാരന്റെ സാന്നിധ്യം അവരെ മെല്ലേ  പൂർവ്വസ്ഥിതിയിലെത്തിച്ചു. പുത്രന്റെ കരസ്പർശം അവർക്കു കാഴ്ച തിരികെ നൽകി.
അതിനിടയിൽ എപ്പോഴോ ബ്രാഹ്മണൻ തിരികെയെത്തിയിരുന്നു, തന്റെ കുടുംബത്തെ നന്നായി പുലർത്താനുള്ള ധനവും സമ്പാദിച്ച്. Thursday, January 24, 2019

കഠിനം

വിധിക്കാനെന്തെളുപ്പം നമുക്കന്യനെ,
സ്വന്തം കുറ്റങ്ങൾ കാണുവാനവതില്ല
സ്നേഹിപ്പവർത്തൻ  ഹൃദയത്തിലാഴത്തിൽ
മുറിപ്പെടുത്തുന്നതുമെന്തെളുപ്പം, പക്ഷേ
ആ വടുക്കൾ  നൽകും  നോവിന്റെ കാഠിന്യം
മാഞ്ഞുപോകില്ലെത്ര കാലം കഴിഞ്ഞാലും.
നിയമം ചമയ്ക്കുവാനെന്തെളുപ്പം, പക്ഷേ
നിയമത്തിൻ  വഴിയിൽ  ചരിക്കുവാൻ ക്ലേശം
കനവുകൾ കാണുവാനെന്തെളുപ്പം രാവിൽ,
സത്യമാക്കാനെത്ര കഠിനം, പൊരുതുവാൻ!
സ്നേഹമെന്നോതുവാനെന്തെളുപ്പം തമ്മിൽ
സ്നേഹം ധ്വനിപ്പിക്ക ദുഷ്കരം താൻ
പിഴകൾ വരുത്തിടാം  നിഷ്പ്രയാസം, അതിൽ
പാഠം പഠിക്കുക കഠിനമത്രെ!


Sunday, January 20, 2019

ജാതകഫലംജ്യോതിഷം ശാസ്ത്രമോ വിശ്വാസമോ  അന്ധവിശ്വാസമോ എന്തുമാകട്ടെ, നാൾക്കുനാൾ അതിലേക്കു ജനം ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ചിലപ്പോഴെങ്കിലും ഇതേറ്റവും വലിയ തട്ടിപ്പാണെന്നും തോന്നാതിരിക്കില്ല. ജ്യോതിഷികൾക്കുപോലും അങ്ങനെ തോന്നിയാലോ
ഈ കഥ നോക്കൂ
ശാരംഗപുരമെന്ന രാജ്യത്തെ രാജാവിന് ജ്ഞാനികളോട് ഏറെ ആദരവായിരുന്നു. ഏതുമേഖലയിലും പാണ്ഡിത്യമുള്ളവരെ തന്റെ രാജസദസ്സിൽ പ്രത്യേകപദവി നൽകി ആദരിച്ചിരുന്നു. അവർക്ക് എല്ലാവിധ അംഗീകാരങ്ങളും നൽകുന്നതിൽ രാജാവ് സദാ ജാഗരൂകനുമായിരുന്നു. അതുകൊണ്ടുതന്നെ അവരൊക്കെ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും സൗഹൃദഭാവം കാത്തുസൂക്ഷിക്കുകയും ചെയ്തുപോന്നു. അവരിൽ ഒരാളായിരുന്നു പ്രശസ്തനായ ജ്യോതിഷപണ്ഡിതൻ ചന്ദ്രഭാനു. ചന്ദ്രഭാനുവിന്റെ പ്രവചനങ്ങൾ ഒരിക്കലും തെറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ രാജാവിന് ചന്ദ്രഭാനുവിന്റെ ഉപദേശം ഏതുകാര്യത്തിലും അനിവാര്യമായിവന്നു. അതവരെ ഉറ്റസുഹൃത്തുക്കളുമാക്കി.  അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരും വിവാഹിതരായത്. പത്നിമാർ ഗർഭവതികളായതും ഏതാണ്ടൊരേസമയത്തുതന്നെ. അടുത്ത കിരീടാവകാശിയെ വരവേൽക്കാനായി രാജ്യം മുഴുവൻ അത്യാഹ്ലാദപൂർവ്വം ഒരുക്കം തുടങ്ങി. ദിനങ്ങളും ആഴ്ചകളും മാസങ്ങളും വേഗമോടിമറഞ്ഞു. ചന്ദ്രനും താരങ്ങളും ഭൂമിയെ പ്രശോഭിതമാക്കാൻ മത്സരിച്ച  ഒരു രാത്രിയിലാണ് രാജ്ഞി തന്റെ പുത്രനെ പ്രസവിച്ചത്. വാർത്തയറിഞ്ഞ്  അതീവസന്തുഷ്ടനായ രാജാവ് ഒപ്പമുണ്ടായിരുന്ന  ചന്ദ്രഭാനുവിനെ ആശ്ലേഷിച്ചു. രാജ്യത്തെ എല്ലാപ്രജകൾക്കും സമ്മാനം നൽകാനുള്ള ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്തു. ചന്ദ്രഭാനു താമസംവിനാ അതിനുള്ള ഏർപ്പാടുകൾ ചെയ്തു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കാരെ അതിനായി അയക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞാണ് അയാൾ  വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി  വീട്ടുപടിക്കൽ വളരെയാളുകൾ കൂടിനിൽക്കുന്നതുകണ്ട്‌  തെല്ലൊന്നമ്പരന്നു. അത്യാഹിതം വല്ലതും സംഭവിച്ചോ എന്നൊരു ഭയപ്പാട് ഒരുനിമിഷം അയാളെ മഥിച്ചു. പക്ഷേ എല്ലാവരും അതീവ സന്തോഷത്തിലായിരുന്നു.  പൂമുഖത്തേക്കു കടന്നതും ഒരു വൃദ്ധ തുണിയിൽപൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ ചന്ദ്രഭാനുവിന്റെ കൈയിൽ കൊടുത്തു.
"ആൺകുഞ്ഞാണ്"
അവർ നിലാവുദിച്ചപോലെ  ചിരിച്ച മുഖത്തോടെ പറഞ്ഞു.
അത്യാഹ്ലാദത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങി ആ പിഞ്ചുമുഖത്തേക്ക് അയാൾ നിർന്നിമേഷനായി നോക്കിനിന്നു.
കുഞ്ഞിന്റെ ജന്മസമയം അറിഞ്ഞപ്പോൾ ചന്ദ്രഭാനു ആശ്ചര്യചകിതനായി. രാജകുമാരൻ ജനിച്ച  അതേ  സമയം! ജ്യോതിഷത്തിൽ അസാമാന്യജ്ഞാനമുള്ള ചന്ദ്രഭാനുവിന് ഗ്രഹനിലനോക്കി ഫലം പറയാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. രണ്ടുകുഞ്ഞുങ്ങളുടേയും  ഫലങ്ങൾ ഒന്നുതന്നെ.  പക്ഷേ  അതെങ്ങനെ സംഭവിക്കാൻ! തന്റെ മകൻ സാധാരണക്കാരനും രാജാവിന്റെ പുത്രൻ കിരീടാവകാശിയും. എന്നാൽ ജ്യോതിഷത്തെ അവിശ്വസിക്കാനുമാവുന്നില്ല. എന്തൊരു ചിന്താക്കുഴപ്പമാണിത്!
കാലം കടന്നുപോകുന്നതറിയാതെ കുഞ്ഞുങ്ങൾ വളർന്നുകൊണ്ടിരുന്നു. പഠനസമയമായപ്പോൾ ഗുരുകുലത്തിലേക്ക് അവരെ ഒന്നിച്ചാണയച്ചത്. ഇരുവരും അതിബുദ്ധിമാന്മാരും സൽസ്വഭാവികളും നല്ല സുഹൃത്തുക്കളുമായി വളർന്നു. അതിസമർത്ഥന്മാരായിരുന്നതുകൊണ്ട് ഗുരുവിന്റെ വാത്സല്യഭാജനങ്ങളായിരുന്നു ഇരുവരും.  ഒടുവിൽ പഠനം പൂർത്തിയാക്കി തിരികെയെത്തിയതും ഒന്നിച്ചുതന്നെ.
രാജാവും ചന്ദ്രഭാനുവും  തങ്ങളുടെ മിടുമിടുക്കന്മാരായ മക്കളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.
ചന്ദ്രഭാനുവിന് ഉടനെത്തന്നെ രാജാവൊരു ദൗത്യം ഏല്പിച്ചുകൊടുത്തു. തന്റെ പുത്രന്റെ പട്ടാഭിഷേകത്തിനുള്ള ഉത്തമസമയം കുറിച്ച്, അതിനായി വേണ്ടതൊക്കെ ചെയ്യണമത്രേ!
"രാജകുമാരന്  കിരീടധാരണത്തിനുള്ള സമയമായി. ജാതകപ്രകാരം തന്റെ മകനും അതിനുള്ള സമയമായി. പക്ഷേ  അതെങ്ങനെ സംഭവിക്കും! കാലം തന്റെ മകന് കരുതിവെച്ചിരിക്കുന്ന കിരീടമേതെന്നു കണ്ടുതന്നെ അറിയാം" അയാൾ ആത്മഗതം ചെയ്തു.
അങ്ങനെ രാജകുമാരന്റെ പട്ടാഭിഷേകാദിനമെത്തി. രാജ്യത്തിൻറെ നാനാദിക്കിൽനിന്നും ജനം സകുടുംബം ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനനഗരിയിൽ വന്നണഞ്ഞു. രാജ്യത്തെ പ്രശസ്തരായ പുരോഹിതശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ കിരീടധാരണച്ചടങ്ങുകൾ മംഗളമായി നടന്നു. അതുകഴിഞ്ഞ് ഗജവീരന്റെ പുറത്തിരുത്തി രാജവീഥികളിൽ എഴുന്നെള്ളിക്കുന്ന ചടങ്ങായിരുന്നു. ജനങ്ങൾ വീഥിക്കിരുവശവും ആശംസാഗാനങ്ങളാലപിച്ചു കാത്തുനിന്നു.
ചന്ദ്രഭാനു ആൾക്കൂട്ടത്തിലൊക്കെ തന്റെ മകനെ തിരഞ്ഞു. അവനെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.  അവന്റെ ജാതകഫലം എങ്ങനെയാവും! അയാൾ തന്റെ വീട്ടിലേക്കു പാഞ്ഞെത്തി. അവിടെ അതാ ഒരാൾക്കൂട്ടം. ആശങ്കയോടെ അയാൾ അവിടേയ്ക്കു ഓടിയടുത്തു. ആ ജനക്കൂട്ടത്തിനു നടുവിൽ ഒരാനക്കുട്ടിയുടെ പുറത്തു പൂമാലകൾ  ചാർത്തി, പുഷ്പകിരീടമണിഞ്ഞ്  തന്റെ  മകനിരിക്കുന്നതാണയാൾ കണ്ടത്. ചുറ്റുമുള്ളവർ അവനെ പ്രശംസിക്കുന്നു, പ്രകീർത്തിച്ചു പാട്ടുപാടുന്നു. ഒന്നും മനസ്സിലാകാതെ അന്തിച്ചുനിന്ന ചന്ദ്രഭാനുവിന്റെ തോളിൽത്തട്ടി അയൽവാസിയായ ശങ്കരൻ ഇങ്ങനെ പറഞ്ഞു.
 " ചന്ദ്രഭാനു, താങ്കളുടെ പുത്രൻ എത്ര സമർത്ഥനും  ധീരനുമാണ്! കല്ലുകുഴിയിൽ വീണുകിടന്നിരുന്ന ആനക്കുട്ടിയെ അവൻ ഒറ്റയ്ക്കാണ് രക്ഷപ്പെടുത്തിയത്. മാത്രമല്ല, മൃതപ്രായമായിക്കിടന്ന   അതിനുവേണ്ട എല്ലാ വൈദ്യസഹായവും ചെയ്തുകൊടുത്ത് പൂർണ്ണാരോഗ്യവാനാക്കി. അതാ, ആ ആനക്കുട്ടിയുടെ സ്നേഹപ്രകടനം നോക്കൂ, തന്റെ പുറത്തിരുത്തിയാണു  കൊണ്ടുവരുന്നത്! ചുറ്റും കൂടിയിരിക്കുന്ന കുട്ടികൾക്ക് അവൻ സർവ്വസമ്മതനായിരിക്കുന്നു. അവനിന്നവരുടെ നേതാവ്."
ചന്ദ്രഭാനു ആഹ്ളാദചിത്തനായി. തന്റെ മകന്റെ  ജാതകഫലം തെറ്റിയില്ല. രാജാവിന്റെ മകൻ അവന്റെ കുലത്തിനനുയോജ്യമാം വിധം അഭിഷിക്തനായപ്പോൾ വെറുമൊരു ജ്യോതിഷിയായ തന്റെ പുത്രൻ അവന്റെ ജീവിതസാഹചര്യത്തിനനുസരിച്ചു ഔന്നത്യത്തിലെത്തി. ജാതകഫലം വഴിമാറിയില്ല എന്നു ചന്ദ്രഭാനുവിന് ബോധ്യം വന്നു. അയാൾ ഭാഗധേയം നിർണ്ണയിക്കുന്ന ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും നന്ദിപറയാൻ അനന്തതിയിലേക്കു നോക്കി കൈകൂപ്പി.