Saturday, October 26, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 5

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 5 




ജബൽപൂർ വിസ്മയങ്ങൾ
=========================

നർമ്മദാനദിയുടെ അനുഗ്രഹസ്പർശംകൊണ്ടു പുണ്യം നേടിയ പട്ടണമാണ്  മദ്ധ്യപ്രദേശിലെ ജബൽപൂർ .  ഈ സുന്ദരമായ പ്രദേശം മനംമയക്കുന്ന  കാഴ്ചകൾകൊണ്ട് സമ്പന്നമാണ്. നർമ്മദാനദിയിലെ ബേഡാഘട്ടും  ധൂവാൻധാർ എന്ന വെള്ളച്ചാട്ടവും ചൗസഠ് യോഗിനി  ക്ഷേത്രവും ഒക്കെ നമ്മെ വിസ്മയഭരിതരാക്കും. വർഷങ്ങൾക്കുമുമ്പാണ് ഇതൊക്കെ കാണാൻ കഴിഞ്ഞതെങ്കിലും ഇന്നും മനസ്സിൽനിന്നു മായാതെ നിൽക്കുന്ന ദൃശ്യങ്ങളാണവ.

ജബൽപൂരിൽനിന്ന് 30 കിലോമീറ്ററിൽ താഴെയേ  ദൂരമുള്ളൂ  ബേഡാഘട്ടിലേക്ക്. നർമ്മദാനാദി ഒഴുകി ശുദ്ധീകരിക്കുന്ന,  പിതൃതർപ്പണത്തിനും മറ്റും പ്രസിദ്ധമായ ഘാട്ടാണിത്. ഇവിടെയാണ് ധൂവാൻധാർ എന്ന ജലപാതം. കാട്ടിലൂടെ, മാർബിൾശിലകളെ തഴുകിത്തലോടി ഒഴുകിയെത്തുന്ന നർമ്മദയെന്ന സുന്ദരി ബേഡാഘട്ടിൽ 98 അടി താഴ്ചയിലേക്കു  പതിക്കുന്ന കാഴ്ച വർണ്ണനാതീതമാണ്. ഇത്രയും താഴേക്ക് പതിക്കുന്നതുകൊണ്ടായിരിക്കാം ജലകണങ്ങൾ വെണ്മേഘം പോലെ ഉയർന്നു പൊങ്ങുന്നതുകാണാം. എത്രനേരംവേണമെങ്കിലും ആ അലൗകികദൃശ്യം  നോക്കിയിരിക്കാൻ തോന്നും. ഉദയാസ്തമങ്ങളിലും പൗർണ്ണമിരാത്രികളിലും നർമ്മദയുടെയും ജലധാരയുടെയുമൊക്കെ  ദൃശ്യം സഞ്ചാരികൾക്കു സ്വർഗ്ഗീയസുന്ദരമായ അനുഭൂതി പ്രദാനം ചെയ്യുമത്രേ! പക്ഷേ  ഞങ്ങൾക്ക് പകൽസമയത്താണ് ഈ കാഴ്ചകളൊക്കെ കാണാൻ ഭാഗ്യമുണ്ടായത്. ഈ പകൽക്കാഴ്ച്ചയും അമോഘസുന്ദരമായൊരു ദൃശ്യവിരുന്നുതന്നെ. ഈ ജലപാതം താഴേയ്ക്കൊഴുകിപ്പോകുന്ന കാഴ്ചയും അതിമനോഹരം. പല ആകൃതിയിലും  നിറത്തിലും   പരന്നുകിടക്കുന്ന മാർബിൾശിലകളുടെ വൈവിധ്യങ്ങൾക്കുമേലാണ് ഈ ജലം ഒഴുകിപ്പോകുന്നത്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ചിലയിടങ്ങളിൽ മരപ്പലകകൾ അടുക്കിവെച്ചിരിക്കുന്നതുപോലെയാണ് മാർബിൾ ശിലകളുടെ വിന്യാസം.

നർമ്മദാനദിയിൽ തോണിയാത്രയും ഒരുക്കിയിട്ടുണ്ട്. രണ്ടുതുഴക്കാരുണ്ടാകും   തോണിയിൽ, കാഴ്ച്ചകൾ വിശദീകരിക്കാൻ ഒരു ഗൈഡും. ഇരുവശങ്ങളിലും ഉയന്നുനിൽക്കുന്ന വെണ്ണക്കൽക്കെട്ടുകൾക്കിടയിലൂടെ, പഞ്ചവടിമുതൽ സ്വർഗ്ഗദ്വാർ വരെയും തിരിച്ചുമാണ് ആ യാത്ര. യാത്രക്കിടയിൽ വൈവിധ്യാർന്ന രൂപത്തിലും ഭാവത്തിലും വർണ്ണത്തിലും ശിലാരൂപങ്ങളെ കണ്ടറിയാനും തൊട്ടറിയാനും നമുക്കു  കഴിയും. ചിലയങ്ങളിൽ  ഭീതിജനകമാണെങ്കിലും  ഈ യാത്ര തികച്ചും ആസ്വാദ്യകരമാണ്. ഗൈഡുപറയുന്ന കഥകളും രസകരം. കരകളിലെ ഉയരത്തിലുള്ളത് പാറക്കെട്ടിൽനിന്നു നാണയങ്ങൾ  താഴേക്കിട്ടു ചാടി മുങ്ങിയെടുക്കാൻ കുട്ടിക്കുറുമ്പന്മാരും  കാത്തുനില്പുണ്ട്. പാറക്കെട്ടുകളിൽ കാണുന്ന ചില ഗുഹകളിൽ ഓഷോ അടക്കം  പല സന്യാസിമാരും  ധ്യാനിച്ചിരുന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നായ ഇവിടെ നിരവധി നൃത്തരംഗങ്ങളും പാട്ടുകളും ഷൂട്ട് ചെയ്തിട്ടുണ്ട്.

വെണ്ണക്കല്ലുകളുടെ ധാരാളമായ ലഭ്യതകൊണ്ടാവാം ശില്പികൾ  ധാരാളമായുള്ള ഗ്രാമമാണ് ബേഡാഘട്ട്.  അതുകൊണ്ടുതന്നെ ശില്പികളുടെ ഗ്രാമമെന്നാണ് ഇതറിയപ്പെടുന്നത്. വൈവിധ്യമാർന്ന വെണ്ണക്കൽശില്പങ്ങൾ ഇവിടെ എവിടെയും വാങ്ങാൻ ലഭിക്കും.  സമാധാനപ്രിയരായ  ഇന്നാട്ടുകാർ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാറില്ലത്രേ!

ബേഡാഘട്ടിലെ മറ്റൊരു അപൂര്‍വ്വകാഴ്ചയാണ് ചൗസഠ് യോഗിനി മന്ദിര്‍ ( ചൗസഠ് എന്നാൽ 64. 64 യോഗിനിമാരുടെ ക്ഷേത്രമാണിത്). ഒരു കുന്നിൻമുകളിൽ  വൃത്താകാരത്തില്‍ ശിലാനിര്‍മ്മിതമായ ഈ ക്ഷേത്രം കലാന്തരത്തിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നു.  പത്താം നൂറ്റാണ്ടിലെ കാലചുരി രാജാക്കന്‍മാരുടെ കാലത്തായിരുന്നു ഈ ക്ഷേത്രനിര്‍മ്മിതി.  ശ്രീകോവിലിൽ ശിവപാർവ്വതിമാരെ  പ്രതിഷ്ഠിച്ചിരിക്കുന്നു. വലതുവശത്ത് സൂര്യദേവന്റെയും ഇടത് ഗണപതിയുടെയും അപൂര്‍വ്വ വിഗ്രഹങ്ങള്‍.   മദ്ധ്യത്തിലെ ശ്രീകോവിലിനു ചുറ്റുമായി 64 യോഗിനിമാരുടെ അതിസുന്ദരമായ  ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് ഖജുരാവോയിലെ ശില്പങ്ങളുടെ രൂപഭംഗിയുണ്ട് .  ക്ഷേത്രകവാടത്തിനു മുമ്പിലുള്ള ഗുഹാകവാടം അടച്ച നിലയിലാണ്.
ജബൽപ്പൂരിലെ ഓരോ കാഴ്ച്ചകളും അനുഭവങ്ങളും കാലമെത്രകഴിഞ്ഞാലും മനസ്സിലെ മായാത്ത ചിത്രങ്ങളാണ്.

























No comments:

Post a Comment