Wednesday, July 31, 2019

പിതൃതർപ്പണത്തിനൊരുങ്ങുമ്പോൾ

പിതൃതർപ്പണത്തിനൊരുങ്ങുമ്പോൾ
=============================
മകളാണു  ഞാൻ, പേരക്കിടാവാണു ഞാൻ
പിന്നെ ആരോ, ആരോ ആരൊക്കെയോ...
ഉള്ളിലെ നീറ്റലിന്നെരിദീപനാളവും
ഉള്ളിന്റെയുള്ളിലായ് തെളിയുന്ന സ്നേഹത്തിൻ
നറുമണം തൂകുന്ന പൂക്കൾതൻ കാന്തിയും
ഓർമ്മത്തുരുത്തിലെ,യെള്ളിൻ കറുപ്പാർന്ന
ശോകനിമിഷങ്ങൾതൻ ഖണ്ഡസ്ഫടികങ്ങളും
ഇജ്ജന്മയാനത്തിലെന്നോടു ചേരുന്ന
വാത്സല്യധാരയിൽ വെന്തതാമന്നവും
നാക്കിലത്തുമ്പിൽ ഞാനൊന്നുനിരത്തട്ടെ.
എന്നെ ഞാനാക്കിയ പൈതൃകമേ, മഹിയി-
ലെനിക്കായിടംതന്നെ ജന്മസുകൃതങ്ങളേ...
ഒഴുകുന്നു കണ്ണീരായെന്നുള്ളിലെന്നും
തളംകെട്ടി നിൽക്കും കൃതജ്ഞതാവാരിധി.
ഇല്ലെനിക്കായില്ല, നിങ്ങൾതൻ സ്നേഹത്തിൻ
അയുതമാനംപോലും തിരികെനൽകീടുവാൻ.
സ്നേഹാമൃതം നാവിൽ സ്തന്യമായ് നൽകിയ
മാതാവിനെന്തുണ്ടു പകരമായി നൽകുവാൻ!
കൈപിടിച്ചെന്നെയീ മണ്ണിൽ  നടത്തിയ
താതന്നു തിരികെ ഞാനെന്തു തന്നീടണം..
കഥചൊല്ലിത്താരാട്ടുപാടിയുറക്കിയ
ചുക്കിച്ചുളിഞ്ഞ മുഖങ്ങളേ,  സ്നേഹമേ
എകിയില്ലൊന്നുമാ പാദങ്ങളിൽ ഞാൻ,
അർത്ഥിക്കുമെന്നുമനുഗ്രഹാശ്ശിസ്സുകൾ.
പിന്നെയുമെത്രയോ വാത്സല്യദീപങ്ങൾ
എന്നോ അണഞ്ഞുപോയിത്തമോവീഥിയിൽ
ഇന്നെന്റെയുള്ളിലായ് കാണുന്നതൊക്കെയും
നിങ്ങൾതന്നനഘമാം  വരപ്രസാദങ്ങൾ.
ഇരുളിന്നിരുൾതൂകുമീയമാവാസിയിൽ
സ്വർഗ്ഗവാതിൽതുറന്നെത്തുമീവേളയിൽ
നൽകേണമേൻറെയീ നെറുകയിൽ നന്മതൻ
നേരാർന്നനുഗ്രഹകൈത്തലസ്പർശനം.
ഈ രാവിരുട്ടിവെളുക്കുമ്പോളേകാം ഞാൻ
തർപ്പണത്തിന്നായ്ത്തിലോദകമീറനായ്
എന്നോ മറഞ്ഞൊരാ സ്നേഹതാരങ്ങൾക്കായ്
ഏകിടും ഞാനെന്റെ  സ്മരണപുഷ്പാഞ്ജലി.

(തുമ്പികൾ - വജ്രനക്ഷത്രം )

No comments:

Post a Comment