Sunday, August 25, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 3

മുക്തേശ്വറിലെ സൂര്യോദയം
--------------------------------------------
'മുക്തേശ്വർ' എന്ന പേര് നമുക്കു  പരിചിതമായത് ജിം കോർബെറ്റ്‌ എന്ന വിഖ്യാതനായ എഴുത്തുകാരന്റെ 'Man-Eaters of Kumaon' എന്ന പ്രശസ്തനോവലിലൂടെയാണ്. ഇന്നും നരഭോജികളെ കൊന്നൊടുക്കിയ  ജിംകോർബെറ്റിന്റെ  കഥകൾ അന്നാട്ടുകാരുടെ ഉൾപുളകമാണ്.  അതുപറയാൻ അവർക്കിന്നും ആയിരം നാവാണ്.

ഉത്തരാഞ്ചലിലെ ( ഉത്തരാഖണ്ഡ് ) നൈനിറ്റാൾ ജില്ലയിലെ ഒരു മനോഹരപ്രദേശമാണ് മുക്തേശ്വർ. ഹിമാലയത്തിലെ ക്യുമായോൺ ഡിവിഷനിലാണ്, സമുദ്രനിരപ്പില്‍നിന്ന് 2286 അടി ഉയരത്തിലുള്ള ഈ ഹിൽസ്റ്റേഷൻ. ഇവിടെയുള്ള 'മുക്തേശ്വർ ധാം' എന്ന പുരാതന ശിവക്ഷേത്രത്തിന്റെ പേരിൽനിന്നാണ് ഇന്നാടിന് ഈ പേരു ലഭിച്ചത്. ബ്രിട്ടീഷ്ഭരണകാലത്ത് മുക്തേശ്വര്‍ കേന്ദ്രീകരിച്ചു  നിരവധി പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിനാൽ അക്കാലത്തു മുക്തേശ്വർ പ്രസിദ്ധിയാർജിച്ചിരുന്നു. എന്നാൽ ഇക്കാലത്തെ മുക്തേശ്വറിന്റെ പ്രസിദ്ധി ഹിമാലയാദർശനത്തിന്റെ പേരിലാണ്.  പ്രത്യേകിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ
രണ്ടാമത്തെ കൊടുമുടിയായ നന്ദാദേവിയുടെ ദർശനസൗഭാഗ്യം മുക്തേശ്വറിൽനിന്നു ലഭിക്കുമെന്നുള്ളതാണ്.

മുക്തേശ്വറിന്റെ  ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ കാതഗോടം ആണ്. മുംബൈയിൽനിന്ന് രണ്ടുഘട്ടമായായിരുന്നു ട്രെയിൻയാത്ര. ആദ്യത്തേത് ഡൽഹിവരെയും അവിടെനിന്നു കാതഗോടം വരെയും. ഡൽഹിയിൽനിന്ന് ഏകദേശം ഏഴുമണിക്കൂർ ട്രെയിൻയാത്രയുണ്ട് കാതഗോഡത്തേക്ക്.  പിന്നീട് റോഡുമുഖേനയുള്ള യാത്രയായിരുന്നു. രണ്ടുമണിക്കൂറിലധികമെടുത്തു മുക്തേശ്വരിലെ 'ത്രിശൂൽ ഓർച്ചാഡ്‌' എന്ന റിസോർട്ടിലെത്താൻ. ഒരു സ്വഗ്ഗതുല്യമായ സ്ഥലമാണത്.  എവിടേക്കു നോക്കിയാലും മലനിരകളുടെ നിന്മോന്നതികൾ. റിസോർട്ട് സ്ഥിതിചെയ്യുന്നത് വളരെ ഉയരമുള്ളൊരു മലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായാണ്.  വിവിധവർണ്ണങ്ങളിലെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചുറ്റുപാടിലാണ് റിസോർട്ട്. ഔദ്യോഗികരംഗത്ത് ഉന്നദപദവിയലങ്കരിച്ചിരുന്നൊരു സർക്കാരുദ്യോഗസ്ഥനായിരുന്നു  അതിന്റെ ഉടമയായ വിക്രം ബിഷ്ത്. അദ്ദേഹത്തിന്റെ ഭാര്യ മുനിസിപ്പാലിറ്റി ചെയർപേഴ്സണായിരുന്നു അന്ന്.   അവർ താമസിക്കുന്നൊരു വലിയ കെട്ടിടവും അതിനോടുചേർന്ന്,  റിസോർട്ടിലെത്തുന്നവർക്കായി മുറികൾ സജ്ജീകരിച്ചിരിക്കുന്നൊരു കെട്ടിടവും ചേർന്നതാണ് പ്രധാനഭാഗം. അവിടെനിന്ന് പടിക്കെട്ടുകളിറങ്ങിച്ചെന്നാൽ കാണുന്നത്  കോട്ടേജുകൾ നിരനിരയായി നിൽക്കുന്നതാണ്. മലഞ്ചെരിവായതുകൊണ്ടു മുൻഭാഗം തൂണുകളിൽത്താങ്ങി stilt house പോലെയാണ് കോട്ടേജുകൾ പണിതിരിക്കുന്നത്. തടിയും മുളയുമൊക്കെക്കൊണ്ടുള്ള ചുവരുകളും പുല്ലുമേഞ്ഞ മേൽക്കൂരയുമൊക്കെയുള്ളതുകൊണ്ടു  പുറമേനിന്നുനോക്കിയാൽ പൗരാണികത തോന്നുമെങ്കിലും അകത്ത് എല്ലാവിധ ആധുനികസജ്ജീകരണങ്ങളുമുണ്ട്. കോട്ടേജുകൾക്കു മുകൾഭാഗത്തായാണ് റിക്രിയേഷൻ ഹാളും ഡൈനിംങ് ഹാളും മറ്റും . അതിനുമപ്പുറത്തെ വിശാലമായ മുറ്റത്ത് രാത്രികാലങ്ങളിൽ ക്യാമ്പ് ഫയറും മറ്റും ഒരുക്കി വിരുന്നുകാർക്ക് ഉല്ലാസത്തിനുള്ള വേദിയൊരുക്കും. പുതിയ നിർമ്മിതികൾ അവിടവിടെയായി നടന്നുവരുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്ന് ഒരു നീന്തൽകുളമായിരുന്നു.

റിസോർട്ട് സമുച്ചയത്തിനു  താഴെയായി മലയടിവാരംവരെ വ്യാപിച്ചുകിടക്കുന്ന  കൃഷിത്തോട്ടമാണ്. ഉടമയുടെ വസതിയോടു ചേർന്ന് നിത്യഭക്ഷണത്തിനായുള്ള  പച്ചക്കറികളും പഴങ്ങളും ഉദ്പാദിപ്പിക്കാൻ  ഒരു വിസ്തൃതമായ ഗ്രീൻഹൗസും ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ പോയത് നവംബറിലായതുകൊണ്ടു പുറത്തെ  കൃഷികളൊക്കെ ഏതാണ്ട് വിളവെടുപ്പു കഴിഞ്ഞ സ്ഥിതിയിലായിരുന്നു. മഞ്ഞുകാലത്തെ വരവേൽക്കാൻ ആപ്പിൾമരങ്ങളും പിയറും പീച്ചും ചെറിമരങ്ങളുമെല്ലാം ഇലകൊഴിച്ച് ഉണങ്ങിയതുപോലെ നിലകൊണ്ടു. പച്ചക്കറികളിൽ ആകെയുണ്ടായിരുന്നത്‌ ഏതാനും കാബേജുചെടികളും കോളിഫ്ളവറും മാത്രം. പക്ഷേ  ഗ്രീൻഹൗസിൽ ധാരാളം പച്ചക്കറികളും സ്ട്രോബറിയുമൊക്കെ പാകമായി നിൽക്കുന്നുണ്ടായിരുന്നു.   റിസോർട്ട് സമുച്ചയത്തിന്റെ  മുകളിലേക്കുള്ള മലയിൽ  ഓക്കുമരങ്ങളും പൈന്മരങ്ങളും വളർന്നു നിൽക്കുന്ന കാടാണ്. പക്ഷേ  വന്യമൃഗങ്ങളൊന്നും ഉപദ്രവത്തിനെത്തില്ല.  മുകളിലേക്കു  കയറിപ്പോകാൻ ഒരൊറ്റയടിപ്പാത മരങ്ങൾക്കിടയിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. അതുകയറി മുകളിലെത്തിയാൽ 360 ഡിഗ്രി കാഴ്ച ലഭിക്കുന്നൊരു വ്യൂ പോയിന്റ് ഉണ്ട്. റിസോർട്ടിന്റെ  ചുറ്റുപാടും വൈവിധ്യമാർന്ന കാഴ്ചകൾ സഞ്ചാരികളെ വിസ്മയഭരിതരാക്കാൻ കാത്തിരിക്കുന്നു.

മദ്ധ്യാഹ്നം കഴിഞ്ഞ സമയത്താണ് ഞങ്ങളവിടെയെത്തിയത്.  ദീർഘമായ ട്രെയിൻയാത്രയുടെ  ക്ഷീണമകറ്റാൻ കുളിയൊക്കെക്കഴിഞ്ഞു, ചുറ്റുപാടുകൾ കാണാനായുള്ള യാത്രക്കായി തയ്യാറായി. മലമുകളിലേക്കാണ് ആദ്യം കയറിപ്പോയത്. 200 മീറ്ററിലധികം കയറ്റമുണ്ട് . കുത്തനെയുള്ള വഴിയായതുകൊണ്ട് അല്പം ബുദ്ധിമുട്ടിയാലേ കയറാൻ കഴിയൂ. ഹൈറേഞ്ചിൽ ജനിച്ചുവളർന്ന ഞങ്ങൾക്ക് ആ മലകയറ്റം തൃണസമാനമായിരുന്നെങ്കിലും മഹാനഗരത്തിൽ ജനിച്ചുവളർന്ന,  ഞങ്ങളുടെ സഹയാത്രികർക്ക് അതേറെ  ദുഷ്കരമായിരുന്നു. മുകളിൽനിന്നുള്ള കാഴ്ച അവർണ്ണനീയമാണ്. അലഞൊറിഞ്ഞ തിരമാലകൾപോലെ മലനിരകൾ അനന്തതിയിലേക്കു  പടർന്നുകയറുന്നു. അതിനുമപ്പുറം പ്രാലേയകഞ്ചുകം ചാർത്തിനിൽക്കുന്ന ഹിമഗിരിശൃംഗങ്ങൾ. തെക്കുഭാഗത്തേക്കു അഭിമുഖമായിനിന്നു  നോക്കിയാൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ കാഴ്ചയിലെത്തുന്ന മഞ്ഞുകൊടുമുടികളിൽ ബദരീനാഥും തൃശൂലും നന്ദാദേവിയും പഞ്ചചൂലിയും നന്ദാകോട്ടും ഒക്കെയുണ്ട്. എത്രസമയം നോക്കിനിന്നാലും ഹിമവാൻ നമ്മേ  മുഷിപ്പിക്കില്ല. പിന്നെയും പിന്നെയും തന്നിലേക്കാകർഷിക്കാൻ ഈ മുതുമുത്തശ്ശന് എന്തോ മായാജാലം അറിയാമെന്നു തോന്നും. പക്ഷേ വേറെയും  കാഴ്ചകൾ ധാരാളമുള്ളതുകൊണ്ടു അവിടെനിന്നു യാത്രയായി.

അടുത്തുള്ള ക്ഷേത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ധാരാളം മണികൾ ക്ഷേത്രത്തിന്റെ പലഭാഗത്തായി കെട്ടിതൂക്കിയിട്ടിരിക്കുന്നതുകാണാം. ഭക്തരുടെ നേർച്ചയാണത്രേ ആ മണികൾ. അതൊരദ്‌ഭുതകാഴ്ച്ചതെന്നയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞുപോയത് അടുത്തുതന്നെയുള്ള ചൗതി ജാലി അഥവാ  ചൗലി കി ജാലി എന്നറിയപ്പെടുന്ന,  ഭക്തര്‍ ഏറെ പ്രാധാന്യത്തോടെ സന്ദര്‍ശിക്കുന്ന ഒരു പുണ്യസ്ഥലത്തേക്കാണ്. വളരെ വ്യത്യസ്തമായൊരു പാറക്കെട്ടുനിറഞ്ഞ സ്ഥലമാണത്.  ദേവിയും അസുരനുമായി യുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്ത് ആ യുദ്ധത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഒരു പരിച, ആനയുടെ തുമ്പിക്കൈ, വാള്‍ എന്നിവയുടെതെന്ന് തോന്നിപ്പിക്കുന്ന രൂപങ്ങള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നുണ്ട്. മലയുടെ പുറത്തേക്കു ചരിഞ്ഞു നിൽക്കുന്ന കൂറ്റൻ പാറകൾ ഒരദ്‌ഭുതം തന്നെ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് റോക്ക് ക്ലൈംബിങ്ങിനും റാപ്പെല്ലിങ്ങിനും വളരെ അനുയോജ്യമാണ് ഈ പാറക്കെട്ടുകൾ. റിസോർട്ട് ആക്ടിവിറ്റികളിൽ വളരെ പ്രാധാന്യമുള്ളവയാണിവ. പക്ഷേ ഞങ്ങൾക്ക് അതിലൊന്നും താല്പര്യമില്ലായിരുന്നു. അതുകൊണ്ടു പാറയുടെ മുകളിൽക്കയറി ഫോട്ടോയെടുത്ത്, ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ട്, അസ്തമയം ആസ്വദിച്ച്, അവിടെനിന്നു മടങ്ങി. മരംകോച്ചുന്ന തണുപ്പുമുണ്ട്. അത്രയും തണുപ്പ് പ്രതീക്ഷിച്ചിരുന്നുമില്ല. അടുത്തദിവസം കണ്ടുതീർക്കാൻ ധാരാളം കാഴ്ചകൾ ബാക്കിയുണ്ടിവിടെ. ബ്രിട്ടീഷുകാരുടെ കാലത്ത്, 1893ല്‍ നിര്‍മിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അതിനോട് ചേർന്നുള്ള വെറ്ററിനറി മ്യൂസിയം, മുക്തേശ്വർ ക്ഷേത്രത്തിനു  സമീപമുള്ള ജിം കോർബെറ്റ്  ഇൻസ്‌പെക്ഷൻ ബംഗ്ലാവ് എന്നിവ അതിൽ പ്രധാനമായവയാണ്. ഈ ബംഗ്ലാവായിരുന്നു ജിം കോർബെറ്റിന്റെ ഇവിടുത്തെ വിശ്രമകേന്ദ്രം.

രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് റിസോർട്ട് ഉടമയും   പത്നിയും കുശലാന്വേഷണവുമായെത്തിയത്. വർത്തമാനത്തിനിടയിൽ അവിടുത്തെ സൂര്യോദയത്തെക്കുറിച്ചു പറയുകയുണ്ടായി. മലമുകളിലെ വ്യൂപോയിന്റിൽനിന്നുള്ള സൂര്യോദയദൃശ്യം അതിഗംഭീരമത്രേ! പക്ഷേ വെളുപ്പിനു നാലുമണിക്കെഴുന്നേറ്റുപോയാലേ കാണാൻ കഴിയൂ. നമ്മുടെ നാട്ടിൽ സൂര്യനുദിക്കുന്നതിനേക്കാൾ വളരെ മുമ്പേയാണ് അവിടുത്തെ സൂര്യോദയം.  നീണ്ടുകിടക്കുന്ന ഹിമാലയനിരകളിലെ കൊടുമുടികളിലോരോന്നിലായി സൂര്യനുദിക്കുംപോലും.  അതിന്റെയൊരു വലിയ ഫോട്ടോ റിസപ്‌ഷനിൽ വെച്ചിരുന്നതു ഞാൻ കണ്ടിരുന്നു. ആ കാഴ്ച നേരിട്ടുകാണാതെ ഇവിടുന്നു മടങ്ങിപ്പോകുന്നതെങ്ങനെ!   റിസോർട്ടിൽനിന്നാരും കൂട്ടുവരികയൊന്നുമില്ല. ഞങ്ങളുടെ സഹയാത്രികരാരും അത്ര വെളുപ്പിനുണരാനും സൂര്യോദയം കാണാനായി മലകയറാനും തയ്യാറുമല്ല. മോനും വരില്ലെന്നു തീർത്തുപറഞ്ഞു. ഒടുവിൽ ചേട്ടനും ഞാനും മാത്രം സൂര്യോദയം കാണാൻ പോകാൻ തീരുമാനിച്ചു, ക്യാമ്പ് ഫയറും ഡാൻസും പാട്ടുമൊക്കെ കഴിഞ്ഞു പത്തുമണിയോടെ എല്ലാവരും ഉറങ്ങാൻ പോയി. മൂന്നേമുക്കാലിന് അലാം സെറ്റ് ചെയ്തു ഞങ്ങൾ കിടന്നു.

അലാമടിച്ചപ്പോൾത്തന്നെ ഉണർന്നു സൂര്യോദയദർശനത്തിനായി തയ്യാറായി. മോൻ നല്ല ഉറക്കത്തിലാണ്. കഠിനമായ തണുപ്പുണ്ട്. സ്വെറ്ററുമൊക്കെയിട്ട് ടോർച്ചുമായി ഞങ്ങൾ മുറിക്കു പുറത്തുകടന്നു വാതിൽ പൂട്ടി മലകയറ്റം തുടങ്ങി.  തലേദിവസം നടന്നു കയറിയ വഴിയിലൂടെ കയറി മുകളിലെത്തി. നേരിയ വെളിച്ചമുണ്ട്. എങ്കിലും ടോർച്ചും സഹായത്തിനെത്തി. മുകളിലെത്തിയപ്പോൾ ആ നേർത്തവെളിച്ചത്തിലെ ഹിമാലയദൃശ്യം കോരിത്തരിപ്പിച്ചു എന്നുതന്നെ പറയാം. അപ്പോഴാണ് ക്യാമറയെടുത്തില്ല എന്നകാര്യം ഓർമ്മവന്നത്. ചേട്ടൻ അതെടുക്കാനായി താഴേക്കുപോയി. ആ വിജനതയിൽ ചൂളംകുത്തുന്ന  കാറ്റിന്റെ കഥകേട്ട് ഹിമവാനെ നോക്കി  ഞാനവിടെ തനിച്ചുനിന്നു. ആ സമയത്ത് എനിക്കു  പേടിയൊന്നും തോന്നിയില്ല. പക്ഷേ ഇന്നോർക്കുമ്പോൾ ഒറ്റയ്ക്കവിടെ നിന്നതു വിശ്വസിക്കാൻപോലും എനിക്കാവുന്നില്ല.

ചേട്ടൻപോയി കുറച്ചുകഴിഞ്ഞപ്പോൾ അതിശയിപ്പിക്കുന്നൊരു കാഴ്‌ച  കാണാൻ കഴിഞ്ഞു.  വാക്കുകളിൽ എനിക്കതു വർണ്ണിക്കാനാവില്ല. എങ്കിലും ഒന്നു  ശ്രമിക്കട്ടെ. മഞ്ഞുകൊടുമുടികളുടെ നിരയിൽ ഏറ്റവും പടിഞ്ഞാറുഭാഗത്തായി ഉയർന്നുനിൽക്കുന്ന ശൃംഗത്തിന്റെ നെറുകയിൽ ഒരു വജ്രത്തിളക്കം. ഒരു വലിയ തീക്കനൽ അവിടെ വെച്ചതുപോലെതോന്നി. മെല്ലേ,  സ്വർണ്ണച്ഛവി ചുറ്റും പടർന്നു. ശ്വാസമടക്കി, കണ്ണുചിമ്മുകപോലും ചെയ്യാതെ നോക്കിനിൽക്കുമ്പോൾ ഇടതുവശത്തേക്ക്, ഓരോരോ കൊടുമുടികളും തങ്ങളുടെ നെറുകയിൽ  ആ ഉജ്ജ്വലശോഭ പകർന്നെടുക്കുന്നു. അതങ്ങനെ നീങ്ങിനീങ്ങി ഏറ്റവും കിഴക്കുഭാഗത്തെത്തിയപ്പോൾ സൂര്യൻ ഉദയപ്രൗഢിയുമായി  അതാ ഉയർന്നു വരുന്നു. ഈ സമയമൊക്കെയും ആകാശമാകെ അതിമനോഹരമായ വർണ്ണജാലത്തിലാറാടി നിന്നിരുന്നു. സൃഷ്ടികർത്താവിന്റെ സർഗ്ഗവൈഭവത്തിനുമുന്നിൽ അനന്തകോടിപ്രണാമങ്ങളർപ്പിച്ച നിമിഷങ്ങളായിരുന്നു അത്.   ഇത്രയുമായപ്പോഴാണ് ചേട്ടൻ മടങ്ങിയെത്തിയത്. പിന്നീടുള്ള കുറേനേരത്തേക്ക്  ഹിമാലയക്കാഴ്ച അതിസുന്ദരമായിരുന്നെങ്കിലും പടിഞ്ഞാറേ കൊടുമുടിയിൽതുടങ്ങി കിഴക്കോട്ടേക്കു പോയ ഉദയത്തിളക്കം അനുപമയൊരു ദൃശ്യസൗഭാഗ്യമാണു പകർന്നുതന്നത് .( ആ മനോഹരകാഴ്ചകാണാൻ എനിക്കേ അന്നു  ഭാഗ്യം ലഭിച്ചുള്ളൂ എന്നോരുസങ്കടം ഇപ്പോഴും ബാക്കിയാകുന്നുമുണ്ട്.) അതിനുമുമ്പ്   അത്ര മനോജ്ഞമായ ഒരു സൂര്യോദയം ഞാൻ കണ്ടിരുന്നില്ല. പിന്നീട് പരസഹസ്രം ഉദയങ്ങൾ ലോകത്തിന്റെ പലഭാഗത്തായി  വന്നുപോയെങ്കിലും ചിലതെങ്കിലും കാണാനയെങ്കിലും  ഇന്നോളം അത്ര സുന്ദരമായൊരുദയം എവിടെയും  കാണാനായിട്ടില്ല. ഫോട്ടോ എടുക്കാൻ കഴിയാതിരുന്നതിൽ നിരാശതോന്നിയില്ല. കാരണം ലോകത്തിലൊരു ക്യാമറയ്ക്കും ആ സൗന്ദര്യം ഒപ്പിയെടുക്കാനാവില്ലെനിക്കുറപ്പായിരുന്നു. ഒരു ചിത്രകാരനും അതു  തന്റെ ക്യാൻവാസിൽ പകർത്താനുമാവില്ല. പക്ഷേ  ഇന്നും ആ ദൃശ്യവിസ്മയം  കാലത്തിനുപോലും മങ്ങലേല്പിക്കാൻ കഴിയാതെ എന്റെ മനസ്സിന്റെ കാൻവാസിൽ പതിഞ്ഞുകിടപ്പുണ്ട്. ആ ദൃശ്യത്തിനു  വർണ്ണം കൊടുക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ഇന്നോളം കഴിഞ്ഞിട്ടുമില്ല.













 .












No comments:

Post a Comment