Saturday, August 31, 2019

ഈശ്വരൻ തൊട്ട കൈവിരലുകളുള്ള ജോയ്‌ഡ്‌ വിറ്റ്

കല ദൈവികമാണ്. കലാകാരൻമാർ ( കലാകാരികളും) എന്നെന്നും ആദരിക്കപ്പെടുന്നത് ഈ ദൈവാംശം അവരിൽ ഉള്ളതുകൊണ്ടാണ്. ഒരു കലാകാരന്റെ/ കലാകാരിയുടെ  സ്നേഹത്തിനു പാത്രീഭവിക്കുകയെന്നത്‌  ഈശ്വരസ്നേഹം ലഭിക്കുന്നതിനു തുല്യവും.

നെതർലണ്ടിലെ യാത്രയ്ക്കിടയിലാണ് ജോയ്‌ഡ്‌ വിറ്റ് എന്ന അതുല്യകാലാകാരനെ പരിചയപ്പെട്ടത്. റോട്ടർഡാം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോട്ടൽ 'ഗ്രേറ്റ് പാലസ്' ആയിരുന്നു അന്നത്തെ ഞങ്ങളുടെ താമസസ്ഥലം. വൈകുന്നേരം  ഏഴരയായി ഹോട്ടലിലെത്തിയപ്പോൾ. പക്ഷേ നാലുമണി ആയതുപോലെയേ തോന്നിയുള്ളൂ. അവിടെ സൂര്യനസ്തമിക്കണമെങ്കിൽ ഒമ്പതരമണിയെങ്കിലുമാകും. അന്തിയാവാൻ ഇനിയുമേറെ സമയമുള്ളതുകൊണ്ട് ഞങ്ങൾ പരിസരമൊക്കെ കാണാനായി പുറത്തേക്കിറങ്ങി.

ഹോട്ടലിന്റെ അങ്കണം കടന്നാൽ ഒരു  ഹൈവേ ആണ് . അതിനുമപ്പുറം പച്ചക്കടൽപോലെ പരന്നുകിടക്കുന്ന ഗോതമ്പുവയൽ. കുറച്ചുദൂരം നടന്നപ്പോൾ നീണ്ടുകിടക്കുന്നൊരു ഗ്രാമപാതയിലെത്തി. അവിടം  അതിമനോഹരമായ ഒരു ഗ്രാമപ്രദേശമാണ് .  ഗ്രാമപാതകൾക്കിരുവശവും  വിവിധവിളവുകൾ നിറഞ്ഞ  കൃഷിയിടങ്ങളും പുൽമേടുകളും പൂമരങ്ങളും. അതിനിടയിലൂടെ വളഞ്ഞൊഴുകുന്ന  കൊച്ചുനദിയും. നദിയോരത്തുകൂടെ കുറച്ചു നടന്നപ്പോൾ വിസ്മയിപ്പിക്കുന്നൊരു കാഴ്ച. ഒരുവീടിന്റെ പിന്നാമ്പുറത്ത് പൂച്ചെടികൾക്കിടയിൽ  നിരവധി ജീവൻതുടിക്കുന്ന  ശില്പങ്ങൾ. അവയിൽ   മനുഷ്യരും മൃഗങ്ങളും പക്ഷികളുമുണ്ട്. കുറച്ചുസമയം അതുനോക്കിനിന്നശേഷം മുന്നോട്ടു നടന്നു. വീടിന്റെ ഗേറ്റു തുറന്ന് ഒരു മനുഷ്യൻ  ഇറങ്ങിവന്നു. ഞങ്ങളെക്കണ്ടു ചിരപരിചിതനെപ്പോലെ അദ്ദേഹം ചിരിച്ചു, എന്തൊക്കെയോ പറഞ്ഞു. ഡച്ചുഭാഷയിലായതുകൊണ്ടു എന്താണെന്നു മനസ്സിലായില്ല. അദ്ദേഹം ഞങ്ങളെ സ്നേഹപൂർവ്വം അകത്തേക്കു ക്ഷണിച്ചു. പിന്നീട് സ്നേഹഭാഷയിൽ ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തി. ജോയ്‌ഡ്‌ വിറ്റ്  എന്നാണദ്ദേഹത്തിന്റെ പേരെന്നു പറഞ്ഞു. ഒരു ഏകാകിയായ കലാകാരൻ. ഒരുപക്ഷേ തന്റെ ഏകാന്തമായ ജീവിതസായന്തനത്തിൽ  വിശ്രമജീവിതം ആനന്ദഭരിതമാക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരിക്കാം ഈ കലാസപര്യ. ആ വീടും പരിസരവും ഒരു മ്യൂസിയമാണെന്നു തോന്നി.  ശില്പങ്ങളും ചിത്രങ്ങളുംകൊണ്ട് അവിടമാകെ  നിറഞ്ഞിരുന്നു . തന്റെ പണിപ്പുരയും  കലാരൂപങ്ങളും പത്രങ്ങളിൽ അവയെക്കുറിച്ചുവന്ന   വാർത്തകളുമൊക്കെ ആവേശത്തോടെ അദ്ദേഹം ഞങ്ങൾക്കു  കാട്ടിത്തന്നു. ഒപ്പംനിന്നു ഫോട്ടോ എടുക്കാനും ഒരുമടിയുമുണ്ടായില്ല. കുറച്ചുസമയംകൂടി അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവങ്ങൾ  ആസ്വദിച്ച്, അങ്ങേയറ്റം പ്രശംസിച്ച്,  ആ പ്രതിഭാധനനോടു   സ്നേഹപൂർവ്വം  നന്ദിപറഞ്ഞു മടങ്ങി. യാത്രപറഞ്ഞപ്പോൾ  തന്റെ ഇമെയിൽ അഡ്രെസ്സ് നൽകാനും അദ്ദേഹം മറന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മഹാനുഭാവന് ഒരായിരം പ്രണാമങ്ങളർപ്പിക്കുന്നു. 



















No comments:

Post a Comment