Monday, May 4, 2020

ഉത് സ്‌ കുഷി നിഹോൺ -8 ഇംപീരിയൽ പാലസ്

8
ഇംപീരിയൽ  പാലസ്
==================
രാവിലെ എട്ടുമണിക്ക് റൂമിൽ നിന്നിറങ്ങി. ഉച്ചയാകുമ്പോൾ ടോക്യോയിലേക്കുള്ള ബുള്ളറ്റ്ട്രെയിൻ പിടിക്കണം. അതിനുമുമ്പുള്ള കുറഞ്ഞ  സമയത്തെ കാഴ്ചകളാണ് ലക്‌ഷ്യം. ഇംപീരിയൽ പാലസ് കാണാമെന്നു പറഞ്ഞപ്പോൾ നല്ല ആവേശം. അതിപുരാതനമായ   രാജവംശമാണ്. അതുകൊണ്ടു അവരുടെ കൊട്ടാരങ്ങൾ നല്ലൊരു ദൃശ്യവിരുന്നു നൽകുമെന്നുറപ്പായിരുന്നു. ഹോട്ടലിൽനിന്നു പത്തുമിനുട് ബസ്സ് യാത്രയേയുള്ളു. ക്യോത്തോ ഗോഷോ എന്നാണ് ജാപ്പനീസിൽ  കൊട്ടാരത്തിന്റെ പേ‌ര്‌‌‌‌‌. ക്യോത്തോനഗരമദ്ധ്യത്തിൽ അതിവിസ്തൃതമായൊരു ഉദ്യാനം തന്നെയാ‌ണ്‌‌‌‌‌ ഈ മേഖല. ക്യോത്തോ ഗോയെൻ എന്നാ‌ണ്‌‌‌‌‌‌‌ ഈ ഉദ്യാനം അറിയപ്പെടുന്നത്  . വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെട്ടിരിക്കുന്ന പ്രദേശം.

1868ൽ തലസ്ഥാനം ടോക്യോയിലെക്കു മാറുന്നതുവരെ ക്യോത്തോ ആയിരുന്നു ജപ്പാന്റെ തലസ്ഥാനനഗരി. ഇപ്പോഴും ക്യോത്തോക്കുള്ള പ്രാധാന്യം കുറവൊന്നുമില്ല. ജപ്പാൻ അനവധി  ദ്വീപുകൾ ചേർന്നൊരു രാജ്യമാണല്ലോ.  ടോക്യോയും ഒസാക്കയും കോബയും ഹിരോഷിമയും നഗോയയും ഫ്യുജിയും ഒക്കെയുള്ള ഹോൻഷു ദ്വീപിൽതന്നെയാണ് ക്യോത്തോയും. ആയിരത്തിയിരുന്നൂറുവർഷത്തെ പഴക്കമുണ്ട് മനോഹരമായ ഈ നഗരത്തിന്. എ ഡി 794 മുതൽ ഈ നഗരം ജപ്പാന്റെ തലസ്ഥാനമായിരുന്നു. ചരിത്രമുറങ്ങുന്ന ഒട്ടനവധി മന്ദിരങ്ങളും ആരാധനാലയങ്ങളും കൊട്ടാരക്കെട്ടുകളും ഉദ്യാനങ്ങളും  ഒക്കെയുള്ള ക്യോത്തോ 'ജപ്പാന്റെ ഹൃദയനഗരം'  എന്നുകൂടി പറയപ്പെടാറുണ്ട്. അനേകം യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട്, ഈ നഗരം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം, അമേരിക്ക അണുബോംബിടാന്‍ ഉദേശിച്ചിരുന്ന രണ്ടു ലക്ഷ്യങ്ങളില്‍ ഒന്നു ക്യോത്തോ ആയിരുന്നു. പക്ഷേ  അന്നത്തെ ക്യോത്തോയുടെ  ഗാംഭീര്യം കണ്ടിട്ടുള്ള അമേരിക്കന്‍ യുദ്ധമേധാവി തീരുമാനം മാറ്റുകയായിരുന്നത്രേ. ഒരുപക്ഷേ  ഈ സാംസ്‌ക്കാരിക തലസ്ഥാനം നശിപ്പിക്കപ്പെടാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നിരിക്കും. പിന്നെയാണ് നാഗസാക്കിയിലേക്ക് ലക്‌ഷ്യം മാറ്റിയത്. അതുകൊണ്ടുതന്നെ ക്യോത്തോയിൽ   യുദ്ധത്തിനു മുന്‍പുള്ള നിര്‍മ്മിതികള്‍, അനേകവര്‍ഷങ്ങളുടെ പഴക്കമുള്ളവ, ഇന്നും നിലനില്‍ക്കുന്നു. ജപ്പാനില്‍ ഉടനീളം എല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ക്യോത്തോ, അതിന്റെ സൌന്ദര്യത്തിനു  കോട്ടം തട്ടാതെ നിലകൊണ്ടു. യുനെസ്‌കോ പൈതൃകകേന്ദ്രങ്ങൾ ആയി അംഗീകരിച്ച 17    ചരിത്രസ്മാരകങ്ങളാണിവിടെയുള്ളത്.  ആയിരത്തിരുനൂറിലധികം ബുദ്ധക്ഷേത്രങ്ങളും നാനൂറോളം ഷിൻതോ ദേവാലയങ്ങളും ക്യോത്തോയിലുണ്ട്. അതൊക്കെ ഇന്നും നാശോന്മുഖമാകാതെ സംരക്ഷിക്കപ്പെടുന്നു എന്നതാണ് പ്രശംസനീയമായ കാര്യം. നമ്മുടെ നാട്ടിൽ തീരെ നടപ്പാക്കാത്ത കാര്യം.  വേണ്ടത്ര ശ്രദ്ധയും  പരിപാലനവും  കിട്ടാത്തതുകൊണ്ടുമാത്രം നാമാവശേഷമായ എത്രയെത്ര ചരിത്രനിർമ്മിതികളുണ്ടായിരുന്നു നമ്മുടെ നാട്ടിൽ!  അതോർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു മൂകത പടർന്നു.

1300മീറ്റർ നീളവും 700 മീറ്റർ വീതിയുമുള്ളൊരു ചതുരാകൃതിയിലുള്ള  വലയിതപ്രദേശമാണ് കൊട്ടാരമുൾക്കൊള്ളുന്ന വലിയ ഉദ്യാനം. ഈ വലിയ മതിൽക്കെട്ടിൽ പല ചെറിയ മതിൽക്കെട്ടുകൾക്കകത്താണു വിവിധ മന്ദിരങ്ങൾ.  മറ്റു ചരിത്രസ്മാരകങ്ങളിലോ  ക്ഷേത്രങ്ങളിലോ ഉള്ളതുപോലെ പ്രവേശനഫീസ്‌ ഇവിടെയില്ല. പക്ഷേ  അകത്തേക്കു കടത്തുന്നതിനു മുൻപ് ഒരു സുരക്ഷാപരിശോധനയുണ്ട്. മറ്റൊരിടത്തും അതുണ്ടായില്ല എന്നതും ശ്രദ്ധേയം. പരിശോധനകഴിഞ്ഞ് ഒരു നമ്പർ ടാഗ് കഴുത്തിലണിയാൻ നൽകിയാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അതീവശ്രദ്ധയോടെ പരിപാലിക്കപ്പെട്ടിരിക്കുന്ന ഒരു ചരിത്രസ്മാരകമാണിത്. മനോഹരമായ അങ്കണങ്ങളും വെളുത്ത ഗ്രേവൽ   വിരിച്ച  നടപ്പാതകളും പൂക്കളുള്ളതും ഇല്ലാത്തതുമായ മരങ്ങളും ചെടികളും ഒക്കെച്ചേർന്ന   നയനസുഭഗമായ കാഴ്ച. ഉള്ളിൽ ധാരാളം കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഒന്നിലും അകത്തേക്ക് പ്രവേശനമില്ല. പുറമെ നടന്നു കാണാമെന്നുമാത്രം. പലതും പുരാതമായ നിർമ്മിതികൾ തന്നെ. ചിലതു ചുവപ്പുചായമടിച്ചവയും മറ്റുചിലതു വെള്ളയും കറുപ്പും ചായങ്ങളിൽ ഉള്ളവയുമാണ് . സൈപ്രസ് മരം കൊണ്ടുള്ള മേൽക്കൂരയുള്ള ഒരു  കെട്ടിടത്തിൽ ആ മേൽക്കൂരയുണ്ടാക്കിയ മരത്തടിയുടെ  ചെറിയൊരു  ഭാഗം പ്രദർശനത്തിനു വെച്ചിട്ടുണ്ട് . കൊട്ടാരത്തിലെ ചടങ്ങുകൾ നടന്നിരുന്ന വലിയ ഹാളുകൾ, അന്തപ്പുരങ്ങൾ, സിംഹാസനങ്ങളോടുകൂടിയ  രാജസദസ്സ് , വായനശാല, ഇങ്ങനെ വളരെയധികം വ്യത്യസ്തമന്ദിരങ്ങൾ.  ചെറിയ തടാകങ്ങളും നീർച്ചാലുകളും വൃക്ഷങ്ങളും  ഒക്കെച്ചേർന്നു പ്രൗഢമായൊരന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നു . വ്യത്യസ്തങ്ങളായ ഉദ്ദേശ്യങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന പടിപ്പുരവാതിലുകളും ഗംഭീരമായ നിർമ്മിതികൾ. നടന്നിട്ടും നടന്നിട്ടും കാഴ്ചകൾ തീരുന്നില്ല. പതിനൊന്നുമണിക്കു റൂം വെക്കേറ്റ്  ചെയ്യണം. അതുകൊണ്ടു പുറത്തുകടന്നു. ഹോട്ടലിൽ ചെന്നു പെട്ടിയെടുത്തു റൂമിൽനിന്നിറങ്ങി. മൂന്നുദിവസത്തെ താമസത്തിന്   31,500 യെൻ (19600 രൂപ ).  ബസ്സിൽക്കയറി ക്യോത്തോ സ്റ്റേഷനിൽ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ചയിടത്തുനിന്നു  ഭക്ഷണം കഴിച്ചു. ടോക്യോയിലേക്കു  പോകാനായി റിസേർവേഷനുള്ള  ഷിങ്കാൻസെൻ ഒന്നു മുപ്പതിനാണ്.

കൃത്യസമയത്തുതന്നെ   ഞങ്ങളുടെ യാത്ര ആരംഭിച്ചു. റാപിഡ് സർവീസ് ബുള്ളറ്റ് ട്രെയിൻ ആണ്. മൂന്നോ നാലോ സ്റ്റോപ്പുകളേയുള്ളു ഇടയിൽ. 3.40 നു ടോക്യോയിലെത്തും. 14 എ, ബി സീറ്റുകളും 15  എ സീറ്റുമായിരുന്നു ഞങ്ങളുടേത്. പക്ഷേ  ശ്രദ്ധിക്കാതെ നമ്പർ മാറിയാണ് ഇരുന്നത്. ടിക്കറ്റ് എക്സാമിനർ  വന്നു ഞങ്ങളുടെ ടിക്കറ്റും സീറ്റ് നമ്പറും ഒക്കെ പരിശോധിച്ചു. ജപ്പാനിലെ ഇതുവരെയുള്ള യാത്രകളിൽ  ആദ്യമായാണ് ഇങ്ങനെയൊരു പരിശോധന. അദ്ദേഹം  നോക്കിയശേഷം പറഞ്ഞു സീറ്റ് മാറിപ്പോയി എന്ന്. ഞങ്ങൾ അപ്പോൾത്തന്നെ എഴുന്നേറ്റു മാറിയിരിക്കുകയും ചെയ്തു. പുഞ്ചിരിച്ച്, കുനിഞ്ഞുവണങ്ങി ആ ഉദ്യോഗസ്ഥൻ പോയി.

യാത്രയിലെ കാഴ്ചകൾ അതീവഹൃദ്യമാണ്. ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും പട്ടണങ്ങളും നദികളുമൊക്കെക്കടന്നു ട്രെയിൻ അതിവേഗം കുതിക്കുന്നു. കൃഷിസ്ഥലങ്ങൾ ധാരാളമുണ്ടെങ്കിലും അവിടെയൊന്നും ആരും ജോലിചെയ്യുന്നതു കാണാൻ കഴിഞ്ഞില്ല. അതുപോലെ അതിശയിപ്പിച്ച മറ്റൊരുകാര്യം വളർത്തുമൃഗങ്ങളെയോ വളർത്തുപക്ഷികളെയോ ഒരിടത്തും കണ്ടില്ല എന്നതാണ്. പാലും മാംസവും മുട്ടയുമൊക്കെ ധാരാളമായി എല്ലായിടത്തും ലഭിക്കുന്നു എന്നതും ശ്രദ്ധേയം. ജപ്പാനിൽ ധാരാളം ഡയറിഫാമുകളും പോൾട്രിഫാമുകളും ഒക്കെയുണ്ട് . അവയിൽ പലതും സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിപഠനകേന്ദ്രങ്ങൾക്കൂടിയാണ്. പക്ഷേ അവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പാലുല്പാദനത്തിൽ സ്വയംപര്യാപ്തതയുണ്ടെങ്കിലും പാലുല്പന്നങ്ങൾ പലതും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ജപ്പാൻ . കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ ഫ്യുജിയാമയുടെ മനോഹരദൃശ്യം . കുറേസമയം ഫുജി കാഴ്ചയിലുണ്ടാവും . എന്തൊരു സൗന്ദര്യമാണ് അഗ്നി ഉള്ളിലൊളിപ്പിച്ചിരിക്കുന്ന, തലയിൽ ഹിമകിരീടമണിഞ്ഞ, ഈ പർവ്വതത്തിന്!

3.40 നു ടോക്യോയിലെത്തി. അവിടെനിന്നു ലോക്കൽട്രെയിനിൽ അകബാന സ്റ്റേഷനിലിറങ്ങി. വീട്ടിലേക്കു  നടക്കുന്ന വഴിയിൽ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. നമ്മുടെ നാട്ടിലെവിടെയും കാണുന്നതുപോലെ  തുറന്നിരിക്കുന്ന തുണിക്കടകളും പാത്രക്കടകളും പലചരക്ക്, പച്ചക്കറികൾ,  പഴങ്ങൾ എന്നിവയുടെ കടകളും ഒന്നും ജപ്പാനിൽ കാണാനില്ല. വഴിയോരക്കച്ചവടങ്ങൾ ഒട്ടുമില്ല.  ഒരുവീട്ടിലേക്കു വേണ്ട ആവശ്യസാധനങ്ങളൊക്കെ ഫാമിലി മാർട്ടുകളിൽ കിട്ടും. കുറച്ചുകൂടി വിപുലമായ സൂപ്പർ മാർക്കറ്റുകളുണ്ട്. അതിലും ബൃഹത്തായ AEON  പോലുള്ള മാളുകളും  ധാരാളമുണ്ട്  . പക്ഷേ നടക്കുന്നവഴിയിൽ ഒരു പച്ചക്കറിക്കട വഴിയരികിൽ തുറന്നിരിക്കുന്നുണ്ടായിരുന്നു . അതിനോടു  ചേർന്നൊരു പഴക്കടയും.  നമ്മുടെനാട്ടിൽ കിട്ടുന്നതും അല്ലാത്തതുമായ ഒട്ടനവധിയിനങ്ങളിലെ  പച്ചക്കറികൾ. താമരത്തണ്ടും ശതാവരിക്കൂമ്പും, മുളങ്കൂമ്പും അനവധിയിനം ഇലകളും  ഒക്കെയുണ്ടവിടെ. കൂണുകൾ വിവിധരൂപത്തിലും വലുപ്പത്തിലുമുള്ളവ. കാപ്സിക്കം വിവിധനിറങ്ങളിലേതുണ്ടെങ്കിലും നമ്മുടെ സാധാരണ  പച്ചമുളകുമാത്രം കണ്ടില്ല. ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ വളരെ വലുപ്പമുള്ളവയാണ്. തക്കാളി വിവിധ വലുപ്പമുള്ളതുണ്ട്. ചില  പച്ചക്കറികൾ അവിടെനിന്നു വാങ്ങി. സൂപ്പർമാർക്കറ്റിൽ കയറി മത്സ്യമാംസാദികളും  ബ്രെഡും റൈസ് ക്രാക്കറും  ഒക്കെ വാങ്ങിയാണ് വീട്ടിലെത്തിയത്. ഒരുപാടു തുണികൾ അലക്കാനുണ്ട്. മൂന്നു പ്രാവശ്യമായി വാഷിങ് മെഷീനിൽ തുണിയലക്കി. അതിനിടയിൽ മൂവരും  കുളിച്ചു,  ചോറും കറികളുമൊക്കെയുണ്ടാക്കിക്കഴിച്ചു. രാവിലെ വീണ്ടും പുറപ്പെടണം. ഹിരോഷിമയിലേക്കാണു  യാത്ര. രാവിലെ ടോക്യോയിൽനിന്നു  8.03 നുള്ള ഷിങ്കാൻസെനിൽ പോകണം.  അവിടെ ഒരുദിവസം താമസിക്കുന്നുണ്ട്. മോൻ റൂം ബുക്ക് ചെയ്തു. രണ്ടുദിവസത്തേക്കു ഒരു കാറും വാടകയ്‌ക്കെടുത്തിട്ടുണ്ട്. ആ യാത്രകളെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി   ഉറങ്ങാൻ കിടന്നു.

















No comments:

Post a Comment