Monday, May 4, 2020

ഉത് സ്‌ കുഷി നിഹോൺ -9 .- ഹിരോഷിമ

9 .- ഹിരോഷിമ
=====================
മെയ്മാസം ആറാം തീയതി ഞായറാഴ്ചയാണിന്ന്. അവധിദിനത്തിന്റെ ആലസ്യത്തിലാണ് എല്ലായിടവും. അവധിദിനങ്ങളിൽ ട്രെയിനിലും തിരക്കു കുറവായിരിക്കും.   ഞങ്ങൾ രാവിലെതന്നെ യാത്രപുറപ്പെട്ടു. ടോക്യോയിൽ നിന്ന്  8 .03 നുള്ള 467 ഹിക്കാരി  ഷിങ്കാൻസെനിൽ കോബെ എന്ന സ്ഥലത്തേക്ക് , അവിടെനിന്നു  553 സക്കൂറ ഷിങ്കാൻസെനിൽ ഹിരോഷിമ.  അടുത്ത രണ്ടുദിവസങ്ങളിൽ  60% മഴയുണ്ടാവുമെന്നു കാലാവസ്ഥമുന്നറിയിപ്പുണ്ട്. രാവിലെതന്നെ തന്നെ ചാറ്റൽമഴ തുടങ്ങിയിരുന്നു. മഴകൂടുതലായാൽ കാഴ്ചകൾ കാണാൻ ഉത്സാഹം കുറയും.

ഷിങ്കാൻസെനിൽ ഗ്രീൻകാറിൽ (First Class) വളരെക്കുറച്ചു യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. പുറത്തേക്കുള്ള കാഴ്ചകൾ നോക്കിയിരുന്നു. പലയിടത്തും കൃഷിസ്ഥലങ്ങളിൽ ഒറ്റപ്പെട്ട ജോലിക്കാർ . ഒരുക്കിയിട്ടിരിക്കുന്ന, വെള്ളംനിറച്ച  നെൽവയലുകളിൽ  യന്ത്രസഹായത്താൽ ഞാറുനടുന്ന കാഴ്ച്ച പലയിടത്തും കണ്ടു. കൃഷി യന്ത്രവത്കൃതമായതുകൊണ്ടു ജോലിക്കാരുടെ എണ്ണവും ജോലിസമയവുമൊക്കെ താരതമ്യേന വളരെക്കുറവായിരിക്കും. വിദേശത്തുനിന്നെത്തുന്ന സഞ്ചാരികൾക്കും കൃഷിപ്പണികളിൽ വ്യാപൃതരാകാനുള്ള സൗകര്യം ജപ്പാൻ ഗവണ്മെന്റ് ഒരുക്കിക്കൊടുക്കുന്നുണ്ട് .Working Holiday Visa ലഭിച്ചവർക്കാണിത്. പക്ഷേ ഇന്ത്യക്കാർക്ക് ഈ വിസ ലഭ്യമല്ല. ഒരാഴ്ച മുതൽ ഒരു വർഷം വരെ ഇങ്ങനെ കൃഷിസ്ഥലങ്ങളിലെ വിവിധ  ജോലികളിൽ ഏർപ്പെടാം   . മണിക്കൂറിൽ 690  മുതൽ  1500 യെൻ വരെയാണ് പ്രതിഫലം ലഭിക്കുക. താമസസൗകര്യവും അവിടെത്തന്നെ ലഭ്യമാക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്കു ജപ്പാനിലെ കാർഷികവൃത്തിക്കു ഗണ്യമായ കുറവു  വന്നിരുന്നെങ്കിലും ഇപ്പോൾ കൃഷിക്കു  കൂടുതൽ പ്രാധാന്യം  കൊടുക്കുന്നുണ്ട്. പരമ്പരാഗതമായി പുരുഷന്മാരാണ് കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നതെങ്കിലും അടുത്തകാലത്തു സ്ത്രീകൾ ഈ രംഗത്തേക്കൊരു കുതിപ്പുതന്നെ നടത്തിയിട്ടുണ്ട്. നെല്ലാണ് പ്രധാന കൃഷി. അരിയാണ് അവിടുത്തെ പ്രധാന ആഹാരവും. ചോറിനു ഗോഹാൻ എന്നാണ് ജപ്പാനിൽ പറയുന്നത്. നമ്മൾ ആഹാരത്തിനു മൊത്തമായി അന്നം എന്നു സൂചിപ്പിക്കുന്നതുപോലെ അവർ ഈ വാക്കും ഉപയോഗിക്കുന്നു. അരിയിൽനിന്നുത്പാദിപ്പിക്കുന്ന റൈസ് വൈൻ 'സാകേ'  ജപ്പാനിലെ ദേശീയപാനീയമാണ് .

 പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ, സോയാബീൻ, ഗോതമ്പ്, ബാർലി, മധുരക്കിഴങ്ങ് ഇങ്ങനെ പല വിളകളും  ജപ്പാനിലെ കൃഷിയിടങ്ങളിൽ വിളയുന്നുണ്ട്  . പലയിടത്തും  വാഹനങ്ങളിൽ പുഴുങ്ങിയ മധുരക്കിഴങ്ങിന്റെ കച്ചവടം നടത്തുന്നതു കണ്ടു.  അവരുടെ ഇഷ്ടാഹാരമാണതെന്നു തോന്നുന്നു.  പുഴുങ്ങിയ ചോളവും പലയിടത്തുമുണ്ടായിരുന്നു. സപ്പൊറൊയിൽ കണ്ടപ്പോൾ വാങ്ങിയിരുന്നു. ഒരെണ്ണത്തിന് 300 യെൻ ആയിരുന്നു വില. നമ്മുടെ 187 രൂപ.


സമയകൃത്യതപാലിച്ചു ഹിക്കാരി കോബെയിലെത്തി. കോബെ വളരെ പ്രസിദ്ധമായൊരു സ്ഥലമാണ്. ഹ്യോഗോ പ്രീഫെക്ച്വറിന്റെ കേന്ദ്രനഗരമാണത്.  (കോബെ ബീഫ് എന്ന  മാട്ടിറച്ചി ലോകപ്രസിദ്ധമാ‌ണ്‌‌‌‌‌‌‌. ലോകത്തിന്നു ലഭിക്കുന്നതിൽ ഏറ്റവും ഗുണനിലവാരമുള്ളതും ഏറ്റവും വിലയുള്ളതുമായ മാട്ടിറച്ചിയാണു കോബെ ബീഫ്.)  ഇവിടെനിന്നു ഞങ്ങൾക്കു ഹിരോഷിമയിലേക്കുള്ള സക്കൂറ പിടിക്കണം.   12 . 34 നാണു ഹിരോഷിമയിൽ ഞങ്ങളുടെ സക്കൂറ ഷിങ്കാൻസെൻ എത്തേണ്ടത്. ഹിരോഷിമയെക്കുറിച്ചോർക്കുമ്പോൾത്തന്നെ മനസ്സിലൊരു തേങ്ങലുയരും. ലോകം കണ്ട മനുഷ്യസൃഷ്ടിയായ   ഏറ്റവും വലിയ ദുരന്തത്തെ മുഖാമുഖം കണ്ട  നഗരമാണത് . ഹൈസ്‌കൂൾ ക്‌ളാസ്സുകളിൽ ചരിത്രം പഠിപ്പിച്ചിരുന്ന മാത്യുസർ കണ്ഠമിടറിക്കൊണ്ടു പറഞ്ഞ കാര്യങ്ങൾ ഇന്നും കാതിൽ മുഴങ്ങുന്നു. ഒരുനിമിഷം കൊണ്ടു നാമാവശേഷമായ ആ നഗരത്തിൽ പിന്നീടൊരു പുല്ലുപോലും മുളച്ചിട്ടില്ലത്രേ! സമീപപ്രദേശങ്ങിൽ  ഏറെ വർഷങ്ങൾ കഴിഞ്ഞു ജനിച്ച കുഞ്ഞുങ്ങൾക്കുപോലും അണുപ്രസരണത്തിന്റെ തിക്‌തഫലങ്ങൾ അനുഭവിക്കേണ്ടിവന്നുപോലും . കാൻസർ പോലുള്ള രോഗങ്ങൾ അവരെ തലമുറകളോളം പിന്തുടരുന്ന അവസ്ഥ.  ജപ്പാനിലെ ഞങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ മോൻ ചോദിച്ചിരുന്നു , ഏതെങ്കിലും പ്രത്യേകസ്ഥലങ്ങളിലേക്കുപോകാൻ അച്ഛനോ അമ്മയ്ക്കോ താല്പര്യമുണ്ടോ എന്ന്. ഞാൻ ഹിരോഷിമയുടെ കാര്യമാണ് പറഞ്ഞത്. ജനവാസമില്ലാത്ത, പുല്ലുപോലും  മുളയ്ക്കാത്തൊരു  ഭൂഭാഗമാണിതെന്നായിരുന്നു ചിന്തയിൽ . അവിടേയ്ക്കു  പോകാൻ കഴിയുമോയെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ധാരാളമാളുകൾ   പോകാറുള്ള സ്ഥലമാണതെന്ന്.

കർശനമായ സമയകൃത്യതപാലിച്ചു    ഞങ്ങളുടെ സക്കൂറ ഷിങ്കാൻസെൻ   ഹിരോഷിമയിലെത്തി. റെയിൽവെസ്റ്റേഷനിൽ നിന്നു പുറത്തുകടന്നതു സങ്കല്പങ്ങളെ തകിടംമറിച്ചുകൊണ്ടു അതിമനോഹരമായൊരു  വൻനഗരത്തിലേക്കായിരുന്നു. തിരക്കുള്ള നിരത്തുകളും  വൻസൗധങ്ങളുമൊക്കെയുള്ള ഹിരോഷിമ അമ്പരപ്പിക്കുകതന്നെ ചെയ്തു.  മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു. ആദ്യം തന്നെ  വാടകയ്‌ക്കെടുത്ത കാറിന്റെ കാര്യം ,  അവരുടെ ഓഫീസിൽപോയി അന്വേഷിക്കണം. സ്റ്റേഷന്റെ അടുത്തുതന്നെയായിരുന്നു ഓഫീസ്. അവിടെ പണമടച്ചു കാറിന്റെ കീ വാങ്ങി പുറത്തുള്ള പാർക്കിങ് ഏരിയയിൽ വന്നു കാറെടുത്തു. ആദ്യമായാണ് മോനോടിക്കുന്ന കാറിൽ യാത്ര. അവനു ജപ്പാനിലെ ലൈസൻസുണ്ട് .  അവർ സുഹൃത്തുക്കൾ ഇടയ്ക്കു കാർ വാടകയ്‌ക്കെടുത്തു യാത്രകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു.  ഗൂഗിൾ സഹായം കൊണ്ടാണു വഴി മനസ്സിലാക്കുന്നത്. ഇടയ്ക്കൊക്കെ പലയിടത്തും വഴി പിശകുന്നുമുണ്ട്.  ഒന്നു ചുറ്റിയടിച്ചശേഷം  ഭക്ഷണം കഴിക്കാമെന്നു  കരുതി .  പിന്നീടുപോയതു പിറ്റേദിവസത്തേക്കുള്ളൊരു ഫെറി യാത്രയുടെ ടിക്കറ്റിനു വേണ്ടിയാണ്. നഗരത്തിന്റെ പ്രധാനഭാഗത്തുനിന്നു   കുറച്ചു  ദൂരെയായിട്ടാണ് അവരുടെ  ഓഫീസ്. ഇടയ്ക്കു ചില ടേണുകൾ  മാറിപ്പോയതുകൊണ്ട് അവിടെയെത്താൻ കൂടുതൽ സമയമെടുത്തു  .ഓഫീസ് കെട്ടിടത്തിൽച്ചെന്നു നോക്കിയപ്പോൾ  എല്ലാം അടഞ്ഞുകിടക്കുന്നു. ആരുമില്ല. ഞായറാഴ്ച അവധി ആയതുകൊണ്ടായിരിക്കാം. കുറേസമയം നിന്നിട്ടും ആരും വരുന്നുമില്ല. ഓൺലൈനിൽ ടിക്കറ്റു ബുക്ക്ചെയ്യാനുള്ള സംവിധാനവുമില്ല. അവിടെനിന്നു നിരാശയോടെ മടങ്ങി. കാറുമായി ഫെറിയിൽ പോയി കാഴ്ചകൾ കണ്ടു മടങ്ങാനായിരുന്നു പ്ലാൻ. അഞ്ചു ദ്വീപുകളിലൂടെയുള്ള ഒരു യാത്രയായിരുന്നത്രേ!  അതു  സാധിക്കില്ലല്ലോ എന്നത് മോനെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.

ജപ്പാനിലെത്തിയ ആദ്യദിവസങ്ങളിൽ ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ  സീതാവേണി എന്ന എന്റെ സുഹൃത്ത് യാത്രയെക്കുറിച്ചു ചോദിച്ചിരുന്നു. ഹിരോഷിമയിൽ പോകുന്നുണ്ടെങ്കിൽ  അവിടെയൊരു 'നമസ്തേ' എന്ന ഇന്ത്യൻ ഹോട്ടലുണ്ടെന്നും വളരെ നല്ല ഭക്ഷണം കിട്ടുമെന്നും പറഞ്ഞിരുന്നു. ഒസാക്കയിൽ ട്രെയിൻയാത്രക്കിടയിൽ എപ്പോഴോ  നമസ്തേ എന്നൊരു ഹോട്ടൽ കണ്ടകാര്യം  ഞാനും പറഞ്ഞു. അതൊരു  ഹോട്ടൽ ശൃംഖല ആണത്രേ. സീതാവേണി കുറേക്കാലം ജപ്പാനിൽ അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു. IB എന്നൊരു കോഴ്സ് കഴിഞ്ഞപ്പോൾ ജപ്പാനിൽ ജോലി കിട്ടി. 2011 ൽ  ഭൂകമ്പം ഉണ്ടായപ്പോൾ ഫുക്കുഷിമ ആണവവൈദ്യുതനിലയങ്ങളിൽ ചോർച്ച  ഉണ്ടായതിൽ ഭയന്ന്   വീട്ടുകാരുടെ   നിർബ്ബന്ധത്താൽ  ജപ്പാൻ വിടുകയായിരുന്നു. ഇപ്പോൾ ഹോങ്കോങ്ങിൽ ജോലി ചെയ്യുന്നു.

ജപ്പാനിൽ കാർപാർക്കിങ്ങിനുള്ള സ്ഥലം കണ്ടെത്തുകയെന്നത് അല്പം  വിഷമമുള്ള കാര്യമാണ്. നല്ലൊരു തുകയും അതിനു ചെലവാകും. സ്ഥലമന്വേഷിച്ചുനടന്ന്  ഒടുവിൽ കണ്ടെത്തി. പാർക്കിങ്ങിൽ കാർ ഇട്ടശേഷം 'നമസ്തേ'ഹോട്ടൽ തിരക്കി നടന്നു. തകർത്തുപെയ്യുന്ന മഴയും .വൈകാതെ  ഹോട്ടൽ കണ്ടെത്തി.   അത് ഹിരോഷിമ റെയിൽവേ  സ്റ്റേഷനോടു ചേർന്നുള്ള  ബിൽഡിങ്ങിൽ ആറാം നിലയിലാണ്. ലിഫ്റ്റിൽ കയറി അവിടെയെത്തി. നേപ്പാളികൾ നടത്തുന്ന ഹോട്ടലാണ്. ഇന്ത്യയിലെ വിഭവങ്ങളാണു മെനുവിലുള്ളത്. നാനും ബിരിയാണിയും ആണ്  ഓർഡർ നൽകിയത്. എരിവ് എത്രവേണമെന്നു പ്രത്യേകം ചോദിക്കുകയുണ്ടായി.ഹിന്ദയിലായിരുന്നു സംസാരം. സീത പറഞ്ഞതുപോലെതന്നെ വളരെ നല്ല ഭക്ഷണം. അവിടെ ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ  ഒരു മറാഠികുടുംബവും ഭക്ഷണം കഴിക്കാനെത്തി. തദ്ദേശികളും  ഇന്ത്യൻ ഭക്ഷണം ആസ്വദിക്കുന്നുണ്ടായിരുന്നു.   

ഭക്ഷണം കഴിഞ്ഞു പാർക്കിങ്ങിൽ വന്നു കാറെടുത്തു പീസ് - മെമ്മോറിയൽ  കാണാനായി പോയി. പീസ് -മെമ്മോറിയലിലെ ഒരു ദൂരക്കാഴ്ച മാത്രമേ ലഭിച്ചുള്ളൂ. കാർ പാർക്കുചെയ്തിട്ടുവേണം അടുത്തേക്കുപോകാൻ.  അവിടുത്തെ  പാർക്കിങ്ങിൽ പോയി നോക്കിയപ്പോൾ കാറിന്റെ കീ കാണാനില്ല. കീ ഇല്ലാതെ എങ്ങനെ കാർ  ഇട്ടിട്ടുപോകും! കുറെ തിരഞ്ഞു - കാണുന്നില്ല. കിട്ടിയില്ലെങ്കിൽ കാർ തിരികെക്കൊടുക്കുകയേ വഴിയുള്ളു. അടച്ച പണം കൂടാതെ ഫൈനും  കൊടുക്കേണ്ടിവരും. അവസാനശ്രമമെന്ന നിലയിൽ, മുമ്പു കാർ പാർക്കുചെയ്തിടത്തുപോയി നോക്കാമെന്നു തീരുമാനിച്ചു. അവിടെവെച്ചു കീ താഴെവീണുപോയതാണെങ്കിലോ .. അവിടെയെത്തിനോക്കിയിട്ടും താക്കോലില്ല. ഒരിക്കൽകൂടി   മോൻ അവന്റെ ബാഗു വിശദമായി പരിശോധിച്ചു. അതാ കിടക്കുന്നു  കീ അതിനുള്ളിൽ. അപ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. നാലുമണിക്ക് ഹോട്ടൽ ചെക്ക് ഇൻ ചെയ്യണമായിരുന്നു . അതുകൊണ്ടു പീസ് മെമ്മോറിയലിൽ പോകാതെ ഹോട്ടലിലേക്കു  പോയി. വഴിയൊക്കെ കണ്ടുപിടിച്ചു ഹോട്ടലിലെത്തിയപ്പോൾ അഞ്ചുമണി കഴിഞ്ഞു. മുറിയുടെ താക്കോലുമായി ഒരാൾ കാത്തു  നിന്നിരുന്നു. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ കാറിട്ടശേഷം ഞങ്ങൾ മുറിയിലെത്തി. അപ്പോഴും നല്ല  മഴ പെയ്യുന്നുണ്ട്.

Whole Earth Ryokan - അതാണ് ഹോട്ടലിന്റെ പേര്. അത് ശരിക്കും ഒരു പരമ്പരാഗത  ജാപ്പനീസ് വീടാണ്.  മുറികൾ വാടകയ്ക്കു കൊടുക്കുന്നു. തത്താമി  വിരിച്ച തറയും അതിൽ ഭംഗിയായി  വിരിച്ചിട്ടിരിക്കുന്ന ഫുത്തോണുകളും ഒരു പൊക്കം കുറഞ്ഞ മേശയും സെയ്‌സു എന്ന കാലില്ലാത്ത  ഇരിപ്പിടങ്ങളും ഒക്കെയുള്ള മുറി. നമ്മുടെ പാദരക്ഷകൾ വാതിലിനടുത്തുള്ള  പ്രത്യേകസ്ഥലത്തു വെച്ചശേഷം അവിടെ വെച്ചിരിക്കുന്ന ചെരിപ്പുകൾ വേണം ഉള്ളിലുപയോഗിക്കാൻ. മുറികൾക്കപ്പുറത്തു എല്ലാ സൗകര്യങ്ങളുമുള്ള അടുക്കളയുണ്ട്. അതിനോടുചേർന്നു ജാപ്പനീസ് രീതിയിലുള്ള ഒരു ഭക്ഷണമുറി. ടീ സെറിമണിക്കും ആ മുറി ഉപയോഗിക്കാം. ഒരു ചെറിയ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.  . ടോയ്ലെറ്റും കുളിമുറിയും വേറെയാണ്. അവിടെയും ഉപയോഗിക്കാനുള്ള പാദരക്ഷകളും വെച്ചിട്ടുണ്ട്.  എല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ എത്തുമ്പോൾ ഞങ്ങൾ മാത്രമേയുള്ളു. അവിടെയുണ്ടായിരുന്നയാൾ  ചാവി തന്നശേഷം എവിടേക്കോ പോയി. മറ്റുമുറികളിലൊക്കെയുള്ളവർ രാത്രിയിലേ  എത്തുമായിരിക്കുകയുള്ളു. സമയം കളയാനില്ല. അതുകൊണ്ടു ഞങ്ങൾ വേഗം അവിടെനിന്നിറങ്ങാൻ  തീരുമാനിച്ചു. വാതിൽപ്പൂട്ടി താക്കോൽ പുറത്തുള്ളൊരു ചെറിയ പെട്ടിയിൽ നിക്ഷേപിച്ചു. കാറെടുക്കാതെയാണ് പോയത്. അടുത്തുതന്നെ ട്രാം സ്റ്റേഷനുണ്ട്. ട്രാമിൽക്കയറി  'ഗെൻബാക്കു ഡോം മയേ' സ്റ്റേഷനിലിറങ്ങി  അവിടെനിന്നു പീസ് മെമ്മോറിയറ്റിയിലേക്കു നടന്നു. അപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. മഴ തകർത്തുപെയ്യുന്നുമുണ്ട്. 'ഓതാ'നദിക്കു കുറുകെയുള്ള പാലത്തിൽ നിന്നു ഞങ്ങൾ ആ സമാധാനസ്മാരകം  നോക്കിക്കണ്ടു. അപ്പോഴേക്കും വൈദ്യുതദീപങ്ങൾ തെളിഞ്ഞിരുന്നു. ചിത്രങ്ങളെടുത്തശേഷം മെല്ലെ അങ്ങോട്ടേക്ക് തന്നെ നടന്നു. ചിത്രങ്ങളിൽ ഒരുപാടു കണ്ടിരിക്കുന്ന A-Bomb  Dome ( ഗെൻബാക്കു ഡോം മയേ )ഇതാ തൊട്ടടുത്ത്!

1945 ഓഗസ്റ്റ് ആറാം തീയതി രാവിലെ 8.15
അന്നായിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ ആ മഹാദുരന്തം നടന്നത്. അമേരിക്ക ജപ്പാനിൽ അണുബോംബിട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പാരമ്യസമയം. അച്ചുതണ്ടു ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവു പറയിക്കാൻ സഖ്യകക്ഷികൾ  കണ്ടെത്തിയ. അവസാനമാർഗ്ഗമായിരുന്നു    അണുവായുധപ്രയോഗം.  അതൊരു തിങ്കളാഴ്ചയുടെ പുലരി.. വടക്കൻ പസഫക്കിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന്    'എനോല ഗേ ബി 29' എന്ന അമേരിക്കന്‍ യുദ്ധ വിമാനം   ഒരു     ചെകുത്താനേപ്പോലെ പറന്നുയര്‍ന്നു. വിമാനത്തിന്റെ പൈലറ്റ് , കേണൽ പോൾ  ടിബ്ബറ്റ്സ്, തന്റെ അമ്മയുടെ പേരായ എനോല ഗേ എന്നാണാ വിമാനത്തിനും പേരു നൽകിയത് .   ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്റർ നീളവും  4400 കിലോഗ്രാം ഭാരവുമുള്ള  സര്‍വ്വസംഹാരിയായ 'ലിറ്റില്‍ ബോയ്' എന്ന  മാരക വിഷവിത്തുമായി 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനെ  ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പ്രധാനപ്പെട്ട തുറമുഖനഗരമായിരുന്ന ഹിരോഷിമ ഒരു സൈനികകേന്ദ്രവും വ്യവസായനഗരവും  കൂടിയായിരുന്നു . പതിവുപോലെ തിങ്കളാഴ്ചപ്പുലരിയുടെ തിരക്കിലായിരുന്നു നഗരം.  പ്രഭാതകൃത്യങ്ങളിൽ മുഴുകിയവർ, പ്രാതൽകഴിച്ചുകൊണ്ടിരുന്നവർ, സ്‌കൂളിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തുകൊണ്ടിരുന്ന കുട്ടികൾ   . പലരും  ജോലിസ്ഥലത്തേക്കും  വ്യാപാരസ്ഥാപനങ്ങളിലേക്കും  പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.  അപ്പോളാണ് വ്യോമാക്രമണഭീഷണിയുടെ സൈറണ്‍ മുഴങ്ങിയത്. എല്ലാവരും ട്രെഞ്ചുകളിൽ ഒളിച്ചു  . എട്ടുമണി കഴിഞ്ഞതും ബി-29 ജപ്പാന്റെ  ആകാശത്തിലേക്ക് പ്രവേശിച്ചതായി റേഡിയോ അറിയിപ്പും  വന്നിരുന്നു. എന്നാൽ, വരാൻ പോകുന്ന മഹാദുരന്തത്തെ തിരിച്ചറിയനോ  ചെറുക്കാൻ എന്തെങ്കിലും ചെയ്യാനോ   ചെറിയ സമയത്തിനുള്ളിൽ ആ ജനതയ്ക്കു കഴിയുമായിരുന്നില്ല. പെട്ടെന്ന് യുദ്ധവിമാനത്തിലെ ക്യാപ്റ്റൻ  വില്യം എസ് പാർസൻ ഹിരോഷിമ നഗരത്തിലെ ' T ' ആകൃതിയിലുള്ള  AIOI പാലത്തെ ലക്‌ഷ്യം വെച്ച് ലിറ്റിൽ ബോയിയെ വേർപെടുത്തി.  ലക്ഷ്യത്തിൽനിന്ന് അല്പം മാറി  അതിരൂക്ഷമായൊരു അശനിപാതമായി ബോംബു പതിച്ചു. ഹിരോഷിമയ്ക്കുമേൽ ഒരു സൂര്യൻ പൊട്ടിവീണതുപോലെ  നിമിഷങ്ങൾക്കുള്ളിൽ   ആ നഗരം കത്തിജ്വലിച്ചു. 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നഗരം ചുട്ടു ചാമ്പലായി. എന്താണു സംഭവിച്ചതെന്നൊന്നു പകച്ചുനോക്കാൻപോലും കഴിയുന്നതിനുമുമ്പ് ഒരുലക്ഷത്തോളംപേർ അഗ്നിയിൽ വീണ ഈയാംപാറ്റകളെപ്പോലെ കത്തിക്കരിഞ്ഞു. അന്തരീക്ഷ ഊഷ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. ശകതിയായ ചൂടും റേഡിയേഷനുമുണ്ടായി.  ശബ്ദത്തിനും വെളിച്ചത്തിനും പ്രസക്തിയില്ലാതായ നിമിഷം.  നഗരത്തില്‍നിന്ന് ആറു കൈവഴികളായി പിരിഞ്ഞൊഴുകുന്ന ഓതാഗാവ  നദിയിലെ വെള്ളം തിളച്ചുമറിഞ്ഞു. മൂന്നുദിവസമാണു ഹിരോഷിമ  തുടർച്ചയായി കത്തിയെരിഞ്ഞത്. അപ്പോഴേക്കും നാഗസാക്കിയിലും മറ്റൊരണുബോംബു പതിച്ചിരുന്നു. ഈ ദിനങ്ങളിൽ  ഹിരോഷിമയിൽമാത്രം ജീവൻ നഷ്ടമായത് 2,80,000 പേർക്കാണ്. ജീവൻ നഷ്‌ടമായ ജന്തുസസ്യജാലങ്ങൾക്കു കണക്കില്ല.  . 3,90,000 മുതൽ 5,40,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. ആകെ ഉണ്ടായിരുന്ന 76,000ത്തോളം കെട്ടിടങ്ങളിൽ 70,000വും തകർന്നു. ബോംബിംഗിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് വളരെയകലെയുള്ളവർ മാത്രമാണ്  മരണത്തിൽനിന്നു രക്ഷപ്പെട്ടത്. പക്ഷേ, റേഡിയേഷനിൽനിന്നും മറ്റുമായി ഇവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായുള്ള നെട്ടോട്ടം അവരുടെ മാനസികനിലയാകെ തകിടംമറിച്ചു. മരണംപോലും അനുഗ്രഹമയി മാറുന്ന നരകയാതനകളിലേക്കായിരുന്നു  അവർ  തള്ളപ്പെട്ടത്. ആക്രമണം അതിജീവിച്ച  ചിലർക്കു  തങ്ങൾ ജീവനോടെ ഉണ്ടെന്നു  വിശ്വസിക്കാൻതന്നെ പ്രയാസമായിരുന്നു . മരണവെപ്രാളത്തിൽ  ഹിക്കിയാമ എന്ന മല കയറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.    അഗസ്റ്റ് 15ന് ഹിരോഹിതോ ചക്രവർത്തി ഒരു റേഡിയോപ്രസ്താവനയിലൂടെ   ജപ്പാന്റെ  കീഴടങ്ങല്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 ന് ഔദ്യോഗികമായി കീഴടങ്ങൽ കരാർ ഒപ്പുവെക്കപ്പെട്ടു.  ഇതോടെ ആറുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിനു  വിരാമമായി.

ഹിരോഷിമ സർവ്വനാശത്തിലമർന്നപ്പോൾ തകർന്നടിയാതെ ഒന്നുമാത്രം ബാക്കിയായി. Hiroshima Prefectural Industrial Promotion Hall. ഒരിക്കൽ ഹിരോഷിമ നഗരത്തിനൊരലങ്കാരമായി ശോഭിച്ചിരുന്ന ഈ ചുവന്ന കോൺക്രീറ്റു മന്ദിരം ഇന്നൊരു കറുത്ത അസ്ഥികൂടമായി നിശ്ശബ്ദമായി, നിശ്ചേതനമായി  നിലകൊള്ളുന്നു. 'A- Bomb  Dome' എന്നാണിത് ഇപ്പോൾ അറിയപ്പെടുന്നത്.  1996 ൽ യുനെസ്കോ പൈതൃകകേന്ദ്രമായി അംഗീകരിച്ചതാ‌ണ്‌‌‌‌‌‌‌  ഈ സ്മാരകത്തെ.   ചുറ്റും ഒരു കറുത്ത കമ്പിവേലിയുമുണ്ട്. അകത്തേക്ക് പ്രവേശനമില്ല. പീസ് മെമ്മോറിയൽ പാർക്കിന്റെ ഒരു ഭാഗമാണിത്. ഈ പാർക്കിൽ ഒരു  സ്മാരകകുടിരം 1952 ൽ  പണിതീർക്കുകയുണ്ടായി. കൂടാതെ, Hiroshima Peace Memorial Museum 1955 ൽ സ്ഥാപിക്കുകയുമുണ്ടായി.

പാർക്കിൽത്തന്നെ മറ്റൊരു പ്രതിമകൂടിയുണ്ട് .1958 ൽ സ്ഥാപിച്ച ,  ഒരു സ്വർണ്ണക്കൊറ്റിയെ കൈയ്യിലേന്തിനിൽക്കുന്ന  സദാക്കോ സസാക്കി .
അണുബോംബ് ദുരന്തത്തിന്റെ മറ്റൊരു പ്രതീകം കൂടിയാണ് സദാക്കോ . ഹിരോഷിമയിൽ അണുബോംബ് പതിച്ചപ്പോൾ സദാക്കോ കേവലം രണ്ടുവയസ്സുള്ളൊരു പെൺകുഞ്ഞായിരുന്നു. അവളുടെ വീട്ടിൽനിന്ന് ഒരുമൈൽ അകലെയായാണ് ബോംബ് പതിച്ചത്.  അവളുടെ മുത്തശ്ശിയൊഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാവരും എങ്ങനെയോ രക്ഷപ്പെട്ടു. സദാക്കോ മിടുക്കിയായി വളർന്നു. പഠനത്തിൽ സമർത്ഥയായിരുന്ന അവളൊരു നല്ല ഓട്ടക്കാരികൂടിയായിരുന്നു
.  പക്ഷേ  പതിനൊന്നുവയസ്സുള്ളപ്പോളാണ്  അവളൊരു രക്താർബുദരോഗിയാണെന്നറിയുന്നത്. അണുബോംബ്   അവശേഷിപ്പിച്ച അണുപ്രസരണത്തിന്റെ ബാക്കിപത്രമെന്നോണം ഒരുപാടുപേർ ഹിരോഷിമയിൽ ഇതിനകം ക്യാൻസറിന്റെ ബലിയാടായിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോൾ രോഗം വല്ലാതെ മൂർച്ഛിച്ചു . ആ കുരുന്നുപെൺകുഞ്ഞിന്റെ മനസ്സിൽ ജീവിക്കാനുള്ള മോഹം ജ്വലിച്ചു നിന്നു. ഒരു കൂട്ടുകാരിയാണവളോട് കടലാസുകൊറ്റികളെക്കുറിച്ചു  പറഞ്ഞത്. ജപ്പാനിൽ പ്രചാരത്തിലുണ്ടായിരുന്നൊരു വിശ്വാസമാണത്. ആയിരം കടലാസുകൊറ്റികളെ ഉണ്ടാക്കിപ്പറത്തിയാൽ  മരണത്തിൽനിന്നു രക്ഷപ്പെടാനുള്ള  വരം ലഭിക്കുമത്രേ . തന്റെ ജീവനെന്ന വരത്തിനായി അവൾ പേപ്പർകൊറ്റികളെ ഉണ്ടാക്കിത്തുടങ്ങി. ഒറിഗാമി പേപ്പർ ലഭിക്കാതെവന്നപ്പോൾ കിട്ടിയ കടലാസുകളൊക്കെക്കൊണ്ടവൾ കൊറ്റികളെ ഉണ്ടാക്കി. ആരോഗ്യനില നിമിഷംതോറും മോശമായിക്കൊണ്ടിരുന്നു. എങ്കിലും ഉത്സാഹവതിയായി കൊറ്റികളെ ഉണ്ടാക്കി. 1955  ഒക്ടോബർ 25നു സദാക്കോ പ്രിയപ്പെട്ടവരെയൊക്കെ കണ്ണീർക്കയത്തിലേക്കു തള്ളിവിട്ടുകൊണ്ടു യാത്രയായി. അവൾക്കു 644 കൊറ്റികളെ മാത്രമേ നിർമ്മിക്കാനായുള്ളു. പക്ഷേ അവളുടെ കൂട്ടുകാർ 1000 എണ്ണം തികയ്ക്കുകതന്നെ ചെയ്തു. അവളുടെ കുഴിമാടത്തിൽ അവരതർപ്പിച്ചു. പിന്നീട് പീസ് മെമ്മോറിയൽ പാർക്കിൽ സദാക്കോയുടെ കൊറ്റിയെ  കയ്യിലേന്തിയ പ്രതിമ  സ്ഥാപിക്കാനും മുൻകൈയെടുത്തത്        സ്നേഹധനരായ ചങ്ങാതിമാർ തന്നെ. അതുനുള്ള ഫണ്ട് സ്വരൂപിച്ചതും അവർതന്നെ . 'ലോകസമാധാനം - ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം , ഇതാണ് ഞങ്ങളുടെ പ്രാർത്ഥന ' എന്നവർ പ്രതിമയ്ക്കുതാഴെ കുറിച്ചുവെച്ചു.. സദാക്കോയെക്കുറിച്ചുള്ള ,  സഹോദരനെഴുതിയ "The Complete Story of Sadako Sasaki" എന്ന ഇംഗ്ലീഷ് പുസ്തകം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങും.

ഒരുതെറ്റും ചെയ്യാതെ ശിക്ഷയനുഭവിക്കേണ്ടിവന്ന ഒരു ജനതയെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് മറ്റൊരു കാര്യംകൂടി ഓർമ്മ വന്നു. ജപ്പാൻ ചൈനയിൽ ഉപയോഗിച്ച ജൈവബോംബുകൾ.  1940ൽ ബ്യുബോണിക് പ്ലേഗ് പരത്താൻ കഴിവുള്ള ചെള്ളുകളെ നിറച്ച നൂറുകണക്കിനു കളിമൺ ബോംബുകൾ ചൈനയിൽ വർഷിച്ചിരുന്നു. ഒരു ബോംബിൽത്തന്നെ മുപ്പതിനായിരത്തിലധികം  ചെള്ളുകൾ ഉണ്ടായിരുന്നത്രേ! അനവധിയാളുകൾ  ഇതേത്തുടർന്നു പ്ലേഗുബാധിച്ചു മരിക്കുകയുണ്ടായി. 1942ലും ജപ്പാൻ   ജൈവായുധങ്ങളുപയോഗിച്ചു ചൈനയുടെ ജനവാസപ്രദേശങ്ങളിൽ ആന്ത്രാക്സ് പോലുള്ള രോഗങ്ങൾ പരത്തുകയുണ്ടായി. മറ്റു പല ശത്രുസങ്കേതങ്ങളിലും ജപ്പാൻ ജൈവായുധം ഉപയോഗിച്ചിരുന്നു.  അപ്പോഴും ആയിരക്കണക്കിനാളുകളുടെ ജീവൻ നഷ്ടമായി. മരണസംഖ്യ  നോക്കിയാൽ ഒരു താരതമ്യത്തിനു വകയില്ലെങ്കിലും ഈ ക്രൂരതയെ നമുക്കു നിസ്സാരവത്കരിക്കാനാവില്ല.

ഹൃദയത്തിൽ കണ്ണീർമഴ  പെയ്തുകൊണ്ടിരിക്കുമ്പോൾ പുറത്തു ശക്തമായ മഴ തുടരുന്നുണ്ടായിരുന്നു. ആകെ നനഞ്ഞുകുളിച്ചു. ഇനിയും കൂടുതൽ കാഴ്ചകൾ കാണാതെ മടങ്ങാമെന്നു കരുതി. ട്രെയിനിൽ ഹിരോഷിമ സ്റ്റേഷനിൽ ചെന്ന്, 'നമസ്തേ'യിൽ പോയി ഭക്ഷണം കഴിച്ചശേഷം  ഞങ്ങൾ താമസസ്ഥലത്തേക്കു പോയി. മഴയും കഠിനമായ തണുപ്പും നന്നേ ക്ഷീണിപ്പിച്ചിരുന്നു. മുറിയിൽച്ചെന്നു ചൂടുവെള്ളത്തിൽ കുളിച്ചു സുഖമായി ഉറങ്ങി.














No comments:

Post a Comment