Wednesday, June 10, 2020

ഫെയ്‌ബിൾ  കഥാരചനമത്സരം
മലയാളസാഹിത്യലോകം
.
തൻകുഞ്ഞ് പൊൻകുഞ്ഞ്
=======================
ഏലമലക്കാട്ടിൽ നിഷ്കളങ്കരായ  മൃഗങ്ങളും പക്ഷികളും സസ്യജാലങ്ങളും ഒത്തൊരുമയോടെ സസന്തോഷം കഴിഞ്ഞുപോന്നിരുന്നു. പരസ്പരം സ്നേഹിച്ചും സഹകരിച്ചും നിലനിർത്തുന്ന അവരുടെ സ്വർഗ്ഗതുല്യമായ ജീവിതത്തെക്കുറിച്ചുള്ള വാർത്തകൾ  കാടായ കാടുകളിലൊക്കെ ചർച്ചാവിഷയവുമാണ്.
അങ്ങനെയിരിക്കെ എല്ലാക്കാടുകളിലും പലവിധ മത്സരങ്ങളും നടക്കുന്ന വിവരം ഏലമലക്കാട്ടിലുമെത്തി.
"നമുക്കും എന്തെങ്കിലുമൊക്കെ മത്സരങ്ങൾ നടത്തിയലോ?"
അവർ തമ്മിൽതമ്മിൽ പറഞ്ഞു.
ഒടുവിൽ രാജാവിന്റെ ചെവിയിലുമെത്തി ഈ ചർച്ച.
പാട്ടുമത്സരവും നൃത്തമത്സരവും നടത്താമെന്നായി വനരാജൻ. പക്ഷേ  അതിലൊന്നും പങ്കെടുക്കാൻ ആരും തയ്യാറായില്ല. എല്ലാവർക്കുമറിയാം ആരാണ് ജയിക്കുന്നതെന്ന്.
ഓട്ടവും ചാട്ടവും ഒക്കെയായാലോ ? അതിലും ആർക്കും താല്പര്യമില്ല.
ഒടുവിൽ കുട്ടികളുടെ സൗന്ദര്യമത്സരം നടത്താമെന്നായി.  കുട്ടികളുടെ മത്സരമായതുകൊണ്ടു എല്ലാവർക്കും  സന്തോഷം.
മക്കളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നവരൊക്കെ പേരുകൾ കൊടുത്തു. 
എല്ലാവരും തങ്ങളുടെ കുഞ്ഞുങ്ങളെ മത്സരത്തിനായി ഒരുക്കി. നിർദ്ദേശങ്ങളും ഉപദേശങ്ങളും വേണ്ടവണ്ണം നൽകി. സൗന്ദര്യം മാത്രമല്ല, അവരുടെ ബുദ്ധിശക്തിയും മറ്റുകഴിവുകളും ഒക്കെ നോക്കിയിട്ടേ സമ്മാനാർഹരെ നിശ്ചയിക്കൂ.
കാട്ടുപ്ലാമൂട്ടിലെ  ചിന്നുക്കുരങ്ങും  തന്റെ ഓമനമകൻ  കുഞ്ഞുമണിയെ മത്സരത്തിനായി തയ്യാറാക്കി.
അങ്ങനെ മത്സരദിവസം വന്നെത്തി.
സിംഹക്കുട്ടിയും കടുവക്കുട്ടിയും ആനക്കുട്ടിയും മാൻകുഞ്ഞും   മുയൽക്കുഞ്ഞും  ഒക്കെ മത്സരത്തിനുണ്ട്.
അപ്പോൾ ദാ  വരുന്നു ചിന്നു കുഞ്ഞുമണിയേയും എടുത്തുകൊണ്ടു.
അകെ മെലിഞ്ഞുണങ്ങി  ചപ്പിയമൂക്കും മൊട്ടത്തലയും  ഒക്കെക്കൂടി വല്ലാത്തൊരു രൂപമാണ് കുഞ്ഞുമണിക്ക്. അമ്മയുടെ ചുമലിൽ ഒട്ടിയിരിക്കാനല്ലാതെ അവനെക്കൊണ്ട് ഒന്നിനും കൊള്ളില്ല.
ചിന്നുവിനോട് കൂട്ടുകാരികളൊക്കെപ്പറഞ്ഞു കുഞ്ഞുമണിയെ മത്സരത്തിനിരുത്തേണ്ടായെന്ന്.
"എന്തായാലും അവനു സമ്മാനം കിട്ടില്ലെന്നുറപ്പാണ്. പിന്നെന്തിനാണ് വെറുതെ നാണം കെടുന്നത്"
ചിന്നുവിന്റെ ചേച്ചി മിന്നുവും അവളെ  പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ  ചിന്നു അതൊന്നും ചെവിക്കൊണ്ടില്ല.
മത്സരം തുടങ്ങാനുള്ള സമയമായി എന്ന് അറിയിപ്പു വന്നു.
ആദ്യം സ്റ്റേജിലെത്തിയത് കല്ലു  എന്ന മാൻകുട്ടിയാണ്. അവൾ തുള്ളിക്കളിച്ചും ഓടിയും ചാടിയുമൊക്കെ സദസ്സിനെ കൈയിലെടുത്തു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ മണിമണിയായി ഉത്തരം പറഞ്ഞു.
പിന്നീടുവന്നത് ഗജവീരൻ എന്ന ആനക്കുട്ടി. അവനും കാഴ്ചവെച്ചു ഗംഭീരമായ പ്രകടനങ്ങൾ. എല്ലാവരും ആർത്തുചിരിച്ചു ആനക്കുട്ടനെ പ്രോത്സാഹിപ്പിച്ചു. പിന്നെയും ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. എല്ലാവരും നല്ല പ്രകടനംതന്നെ കാഴ്ചവെച്ചു. കുഞ്ഞുമണിയുടെ ഊഴമായി. അവന്റെ പേരുവിളിച്ചപ്പോൾ  അവൻ അമ്മയെ കെട്ടിപിടിച്ചിരുന്നു. ഒടുവിൽ ചിന്നുതന്നെ കുഞ്ഞുമണിയെ സ്റ്റേജിൽ എത്തിച്ചു. പിന്നെയും അവൻ അമ്മയെ ചുറ്റിപ്പറ്റി നിന്നതല്ലാതെ ഒന്നും ചെയ്യാൻ തയ്യാറായില്ല. ചോദ്യങ്ങൾക്കൊന്നും മറുപടിയും കൊടുത്തില്ല. അവനെയുംകൊണ്ട് ചിന്നു നിരാശയോടെ പിൻവാങ്ങി.
"നിന്നോടപ്പോഴേ പറഞ്ഞതല്ലേ"
കൂട്ടുകാരികൾ അവളെ കുറ്റപ്പെടുത്തി.
മത്സരം അവസാനിച്ചുകഴിഞ്ഞ്  കുറച്ചുസമയംകൂടിയെടുത്തു വിജയികളെ പ്രഖ്യാപിക്കാൻ.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പൂക്കൾകൊണ്ടുള്ള  കിരീടമണിയിച്ചു സമ്മാനങ്ങൾ കൊടുത്തു.
എല്ലാവര്ക്കും ഭക്ഷണവും ഒരുക്കിയിരുന്നു.
പരിപാടികളൊക്കെക്കഴിഞ്ഞു ഓരോരുത്തരും അവരവരുടെ താവളങ്ങളിലേക്കു മടങ്ങി. കുഞ്ഞുമണി അമ്മയുടെ മടിയിലിരുന്ന് ചിണുങ്ങുന്നുണ്ടായിരുന്നു അവനും സമ്മാനം വേണമെന്നു പറഞ്ഞ്.
ചിന്നു അടുത്തുകണ്ട കാട്ടുമുല്ലയിലെ പൂക്കളിറുത്ത് നേർത്ത മരച്ചില്ലകൾ  ചേർത്തുകെട്ടി വലിയൊരു കിരീടമുണ്ടാക്കി അവന്റെ തലയിൽ വെച്ചുകൊടുത്തു. കുറേ ഞാവൽപഴങ്ങൾ പറിച്ചെടുത്ത് ഇലക്കുമ്പിളിൽ വെച്ച് സമ്മാനമായി അതും അവനുകൊടുത്തു. കുഞ്ഞുമണിക്ക് വലിയസന്തോഷമായി.
"നീ എന്താ ചെയ്യുന്നത്? രാജാവെങ്ങാനും അറിഞ്ഞാലുള്ള പൂരം പറയേണ്ട ചിന്നൂ" മിന്നു അവളെ ശകാരിച്ചു. മറ്റു കൂട്ടുകാരികളും ചിന്നുവിനെ കുറ്റപ്പെടുത്തി.
"എനിക്ക് എന്റെ മകനാണ് ഏറ്റവും മിടുക്കൻ. ഞാൻ ഒന്നാം സമ്മാനം കൊടുക്കുന്നത് എന്റെ കുഞ്ഞുമണിക്കാണ് . അതിന് ആരും എതിർക്കേണ്ട കാര്യമില്ല." ചിന്നുവും വിട്ടുകൊടുത്തില്ല.
ചിന്നുവിന്റെ അഹങ്കാരം തീർത്തിട്ടുതന്നെ എന്നായി ബാക്കിയെല്ലാവരും.  അവർ ഒത്തുചേർന്ന് രാജാവിന്റെ മുന്നിൽ കാര്യം ഉണർത്തിച്ചു.
രാജാവ് ചിന്നുവിനെ രാജ്യസഭയിൽ ഹാജരാക്കാൻ ഉത്തരവായി.
ചിന്നു കുഞ്ഞുമണിയേയും എടുത്തുകൊണ്ടാണ് സഭയിലെത്തിയത്. അവന്റെ തലയിൽ പുഷ്പകിരീടവും കൈയിൽ സമ്മാനത്തളികയുമുണ്ട്.
രാജാവ് കുറച്ചുനേരം  അവരെ ശ്രദ്ധിച്ചു  നോക്കിക്കൊണ്ടിരുന്നു.   ചിന്നുവിനും  കുഞ്ഞുമണിക്കും ശിക്ഷകിട്ടുന്നതുകാണാൻ എല്ലാവരും ആകാംക്ഷയോടെ കാത്തുനിന്നു.
മൃഗരാജൻ  ചിന്നുവിനെ അടുത്തേക്ക് വിളിച്ചു. അവൾ അടുത്തുചെന്നപ്പോൾ രാജൻ കുഞ്ഞുമണിയെ വാത്സല്യത്തോടെ തലോടി. അവനു സമ്മാനമായി നല്ലൊരു മാമ്പഴം കൊടുത്തു.   എന്നിട്ട് എല്ലാവരോടുമായി  പറഞ്ഞു.
"ഏതൊരമ്മയ്ക്കും തൻകുഞ്ഞാണ്  പൊൻകുഞ്ഞ്.  ആരെയും ഭയക്കാതെ തന്റെ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ച  ചിന്നുവിനെ ഈ കാട്ടിലെ ഏറ്റവും നല്ല അമ്മയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു."
മൃഗരാജൻ  അവൾക്കും കൊടുത്തു സമ്മാനം.
ചിന്നുവിനു ശിക്ഷകിട്ടുമെന്നു കരുതി കാത്തുനിന്നവർക്ക് ആദ്യമൊന്നു നിരാശ തോന്നിയെങ്കിലും പിന്നീടവരെല്ലാവരുംചേർന്ന് അവളെയും കുഞ്ഞിനേയും എടുത്തുപൊക്കി അനുമോദിച്ചു.
പിന്നെ എല്ലാവരും സന്തോഷത്തോടെ  പിരിഞ്ഞുപോയി. 




No comments:

Post a Comment