Sunday, July 5, 2020

ഗുരുപൂർണ്ണിമ

ഇന്ന് ആഷാഢമാസത്തിലെ പൗർണ്ണമിയാണ്. ഈ ദിനം  ഗുരുപൂർണിമയായി ആചരിക്കപ്പെടുന്നു. കേരളത്തിൽ ഇങ്ങനെയൊരു ദിനം പരിചിതമാണോയെന്നറിയില്ല. മുംബൈയിൽ വന്നശേഷമാണ് ഈ ദിവസത്തേക്കുറിച്ചു ഞാനറിഞ്ഞത്.

''അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമ''
(അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനംകൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു .)
‘ഗുരു’ എന്ന വാക്ക് സംസ്‌കൃതത്തിലെ ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാല്‍ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം;’ ‘രു’ എന്നാല്‍ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാല്‍ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍.’
ഈ ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ സമസ്തവും സമര്‍പ്പിക്കപ്പെടുന്ന ഈ  പുണ്യദിനം  വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി പകുത്ത ദിനമായും കരുതപ്പെടുന്നുണ്ട്.
സാരനാഥിൽ വെച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെയോർമ്മയ്ക്കാണ് ബുദ്ധമതാനുയായികൾ ഈ ദിവസം ആഘോഷിക്കുന്നത്.


ഭൂമിയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും ആദ്യഗുരു മാതാപിതാക്കൾതന്നെയാണ്. അറിവിന്റെ ആദ്യകിരണങ്ങൾ ആ ഇളംമനസ്സിൽ കടന്നുചെന്നു തിരിച്ചറിവിന്റെ പ്രകാശം പരത്തുമ്പോളാണ് ജീവിതത്തിലേക്ക് ചുവടുകൾ വയ്ക്കുന്നത്. ചുറ്റുപാടുമുള്ള ഓരോരുത്തരും കുറഞ്ഞും കൂടിയും ഈ പ്രകാശവാഹകർതന്നെ. ബന്ധുക്കളും ചങ്ങാതിമാരും അപരിചിതരും ഒക്കെ ഈ ഗണത്തിൽപ്പെടുന്നവർ. എങ്കിലും അമൂല്യമായ അറിവുകളുടെ   അനുഭവപാഠങ്ങളേകുന്ന  കാലമെന്ന ഗുരു അരൂപിയായി എന്നും നമ്മോടൊപ്പമുണ്ട്.

  ആരിൽനിന്നെങ്കിലും  നമുക്കറിയാത്തതൊന്നിനെ  അറിയാൻ കഴിഞ്ഞാൽ  അവർ ഗുരുസ്ഥാനീയർതന്നെ. ഗുരുവിന്റെയും ശിഷ്യന്റെയും പരസ്പര ബന്ധം തികച്ചും നിര്‍മ്മലവും നിരപേക്ഷവുമാണ്. അതിനു പ്രായത്തിന്റെയോ സ്ഥാനത്തിന്റെയോ  മറ്റെന്തെങ്കിലും വിവേചനങ്ങളോ പ്രതിബന്ധമാകുന്നില്ല.  എങ്കിലും നമ്മുടെയൊക്കെ ഹൃദശ്രീകോവിലുകളിലെ  ഗുരുപ്രതിഷ്ഠകൾ  വിദ്യാലയങ്ങളിൽ നമുക്കറിവുപകർന്നുതന്ന നമ്മുടെ പ്രിയങ്കരരായ  അദ്ധ്യാപകർതന്നെ.  അവരോടുള്ള കടപ്പാട് ഒരിക്കലും തീർക്കാനുമാവില്ല.  അന്ന് നമുക്കവരോട് തോന്നിയിരുന്ന സ്നേഹാദരങ്ങളുടെ പതിന്മടങ്ങ് ഇന്നവരോട് നമുക്കുതോന്നുന്നത്  അന്നവർ പകർന്നേകിയ അറിവിന്റെ തീജ്വാലകൾ മനസ്സിലണയാതെനിൽക്കുന്നതുകൊണ്ടുമാത്രമല്ല, ആ സ്നേഹവാത്സല്യങ്ങളുടെ മധുരസ്മരണകൾ ജീവിതപന്ഥാവിൽ ഉർജ്ജംപകരുന്ന  മധുരമൂറും പാഥേയങ്ങളായി നമ്മോടൊപ്പമുള്ളതുകൊണ്ടാണ്.  ആ കൃതജ്ഞത പവിത്രമായി നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം.
ജ്ഞാനാമൃതം പകർന്നേകിയ എല്ലാ ഗുരുജനങ്ങൾക്കും ഹൃദയപൂജചെയ്ത്  പാദപദ്മങ്ങളിൽ സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു. എന്നെന്നും നിങ്ങളേവരുടെയും അനുഗ്രഹാശ്ശിസ്സുകൾക്കായി പ്രാർത്ഥിക്കുന്നു .

No comments:

Post a Comment