Monday, July 13, 2020

പ്രഭാതസ്മൃതി 2
12/7/2020 , ഞായറാഴ്ച (1195 മിഥുനം 28)

💐പ്രഭാതസ്മൃതി- 926💐
================

സുപ്രഭാതസ്നേഹവന്ദനത്തോടെ
പ്രഭാതസ്മൃതിയിലേക്ക് ഏവർക്കും സ്വാഗതം.
.
പ്രഭാതസൂക്തം.
---------------------
അപനേയമുദേതുമിച്ഛതാ
തിമിരംരോഷമയം ധിയാ പുര:
അവിഭിദ്യ നിശാകൃതം തമ:
പ്രഭയാ നാംശുമതാപ്യുദീയതേ.

ഉയരാൻ ആഗ്രഹിക്കുന്നവൻ ആദ്യം തന്റെ ബുദ്ധികൊണ്ട് തന്നിൽ
കോപം പരത്തിയ ഇരുട്ടിനെ ഇല്ലാതാക്കണം. രാത്രിയുടെ ഇരുട്ടിനെ തന്റെ പ്രഭകൊണ്ടു  ഇല്ലാതാക്കാതെ സൂര്യനു ഉദിക്കുവാൻ പറ്റുകയില്ല
(ഇവിടെ പ്രഭാതകിരണങ്ങളെ ബുദ്ധിയോടും മനുഷ്യനെ സൂര്യനോടും രാത്രിയെ കോപത്തോടും ഉപമിച്ചിരിക്കുന്നു. കോപം എന്നതു ഇരുട്ടാണ്. ഇരുട്ടിൽ എന്നതുപോലെ കോപംമനസ്സിൽ ഉള്ളപ്പോൾ നമുക്കും ഒന്നും തന്നെ ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ സാധിക്കില്ല.  അതുകൊണ്ടുതന്നെ  കോപം നശിക്കാതെ ആർക്കും ഉയർച്ച കിട്ടുകയില്ല. ഉദിക്കുന്നതിനുമുമ്പു സൂര്യൻ തന്റെ പ്രകാശം കൊണ്ടു രാത്രിയിൽ വ്യാപിച്ച ഇരുട്ടിനെ മാറ്റുന്നു. അതുപോലെത്തന്നെ മനസ്സിൽ പരന്നുകിടക്കുന്ന കോപം ബുദ്ധികൊണ്ടു നശിപ്പിക്കാതെ ആർക്കും ഉയർച്ച സാധ്യമല്ല.)
.
ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ
- ലിയോനർദോ ദാ വിഞ്ചി
എത്ര ലളിതമായാണ് മനുഷ്യരെക്കുറിച്ചുള്ള ഈ വർഗ്ഗീകരണം!
ഇതിൽ നമ്മൾ ഏതു ഗണത്തിൽപ്പെടുന്നു എന്ന് നാം സ്വയം തീരുമാനിക്കേണ്ടതാകുന്നു.


സ്മൃതിഗീതം
ഇന്നത്തെ സ്മൃതിഗീതത്തിൽ ശ്രീ പി ജി നാഥ് രചിച്ച 'കിളിക്കൊഞ്ചൽ'  എന്ന ഹൃദയസ്പർശിയായ  കവിതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
.
  കിളിക്കൊഞ്ചൽ

മുത്തശ്ശാ പോയ് വരട്ടേ, യാത്ര ചൊല്ലുന്നൂ പൗത്രി
മണവാളനുമു,ണ്ടോതുവാനായില്ലൊന്നും
"വരന്റെ വീട്ടിൽ കേറാൻ സമയം വൈകും ,വേഗ -
മിറങ്ങൂ",ധൃതി കൂട്ടി വിളിപ്പൂ ശ്വശുരനും

ആളുകളൊഴിഞ്ഞല്ലോ ഹാളിൽ, ഫോട്ടോഗ്രാഫറും
സംഘവും മാത്രം കാത്തുനില്ക്കുന്നക്ഷമരായി
പാത്രങ്ങൾ കഴുകുന്ന ശബ്ദമുണ്ടടുക്കള -
ഭാഗത്തു, പട്ടിക്കൂട്ടം കലമ്പുന്നില നക്കാൻ!

വർഷങ്ങൾ കടന്നുപോയോർമയിൽ സിനിമപോൽ
പേരക്കുട്ടിയെയാദ്യം കണ്ടതാശുപത്രിയിൽ
തുടർന്നുള്ളതാം രംഗദൃശ്യങ്ങളൊന്നായ്, കണ്ണു -
തുടയ്ക്കാൻ മുണ്ടിൻ തലയുയർത്തി വിറകയ്യാൽ !

ശിശുപാഠശാലയിലാദ്യമായ് ചെന്നൂ, ശാഠ്യം
പിടിച്ചൂ, കാവൽ നിന്നൂ, ക്ലാസു തീരുവോളവും
സ്കൂൾബസ്സിൽ കേറ്റാൻ, തിരിച്ചെത്തുമ്പോളിറക്കുവാൻ
കാത്തുനില്ക്കണമെത്ര തിരക്കുണ്ടെങ്കിലും ഞാൻ
കളിക്കാൻ, പഠിക്കുവാൻ, കട്ടുതിന്നുമ്പോൾ കൂട്ടു -
നില്ക്കണം, പിന്നെ കഥ ചൊല്ലണം രാത്രിയായാൽ!

മക്കളെയിത്രത്തോളം സ്നേഹിക്കാൻ, ലാളിക്കാനും
കഴിഞ്ഞി,ല്ലിന്നോർമ്മിപ്പൂ ജീവിത പ്രാരാബ്ധത്താൽ
അറിഞ്ഞില്ലല്ലോ തീരെ, പ്രായം ചെന്നതും വെള്ളി
നൂലുകൾ നിറഞ്ഞതും പല്ലുകൾ കൊഴിഞ്ഞതും
മനസ്സു കുഞ്ഞായ് തീരും കുഞ്ഞൊന്നു കൂട്ടുണ്ടെങ്കിൽ
ചിരിക്കാൻ, രസിക്കാനും സമയം പോയീടാനും

കുഞ്ഞവൾ കുമാരിയായെന്നാലു മെനിക്കവൾ
കുഞ്ഞല്ലോ, കുറുമ്പിയാം നഴ്സറിപ്പൈതൽ മാത്രം
"ഇപ്പോഴും കുട്ടിയെന്നാ ഭാവ",മമ്മയെ പ്പോഴും
ശകാരം ചൊരിയാറുണ്ടെന്നെയുമവളെയും
"അന്യവീട്ടിൽ പാർക്കേണ്ടതാണെന്ന ചിന്തയില്ല
കൊഞ്ചിച്ചു വഷളാക്കി", ഞാൻ ചെറുചിരി തൂകും !

യാത്രയായെല്ലാവരു,മെങ്ങനെ മടങ്ങുമാ-
കിളിക്കൊഞ്ചലില്ലാത്ത ഭവനത്തിലേക്കു ഞാൻ!

- പി.ജി.നാഥ്
.
അനുവാചകക്കുറിപ്പ്
-------------------------------
ഏതൊരു സാഹിത്യരചനയും അനുവാചകന്റെ ഹൃദയത്തിൽ എഴുതിച്ചേർക്കപ്പെടണമെങ്കിൽ അതിൽ ജീവിതത്തിന്റെ നിറവും മണവും ചാലിച്ചുചേർത്തിരിക്കണം. അതേകാരണത്താൽമാത്രമാണ് ഈ കവിത വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന വ്യഥയുടെ ലിപികൾ കോറിയിടുന്നത്. ഈ വരികളിലൂടെ ഒരിക്കൽക്കൂടി  ഞാനുമെന്റെ മുത്തശ്ശന്റെ മടിയിലെ പൊൻപൈതലായിമാറി.

വിവാഹശേഷം വരന്റെ വീട്ടിലേക്കു യാത്രയാകുന്ന പേരക്കുട്ടിയുടെ യാത്രാമൊഴി മുത്തശ്ശന്റെ മനസ്സിലുണ്ടാക്കുന്ന ശൂന്യതയുടെ ആഴം നമുക്കീ കവിതയിൽ കണ്ടെടുക്കാം. അവളുടെ ജനനംമുതൽ ഓരോ ഓർമ്മകളും ആ മനസ്സിൽ തിക്കിത്തിരക്കിക്കടന്നുപോകുന്നു. നഴ്‌സറിയിൽ ആദ്യമായിപ്പോയ കുഞ്ഞുമോളുടെ ശാഠ്യത്തിനുവഴങ്ങി ക്‌ളാസ്സ്  തീരുവോളം കാത്തുനിന്നിരുന്നതും പിന്നീട് സ്‌കൂളിൽ പോകുമ്പോൾ സ്‌കൂൾബസ്സിൽ കയറ്റിവിടുന്നതും മടക്കിക്കൊണ്ടുവരുന്നതും ഒക്കെ ആ മനസ്സിൽ ഒരു ചലചിത്രംപോലെ കടന്നുപോകുന്നു. ഏതുതിരക്കിലും സമയം കണ്ടെത്തി, അവൾക്കു പഠിക്കാനും കളിക്കാനും കഥപറയാനും കുസൃതികളൊപ്പിക്കാനും എന്തിന്, കട്ടുതിന്നാൻപോലും മുത്തശ്ശനായിരുന്നു കൂട്ടുകാരൻ.

ജീവിതത്തിരക്കിനിടയിൽ സമയക്കുറവുകൊണ്ടും പ്രായത്തിന്റെ പക്വതക്കുറവുകൊണ്ടും  പലപ്പോഴും മാതാപിതാക്കൾക്ക് മക്കളെ വേണ്ടത്ര സ്നേഹിക്കാനും ശ്രദ്ധിക്കാനും കഴിഞ്ഞെന്നു വരില്ല. പക്ഷേ വിശ്രമജീവിതം തുടങ്ങുമ്പോഴാകും പേരക്കിടാങ്ങളുടെ വരവ്. ധാരാളം സമയവും ലോകപരിചയവും അനുഭവസമ്പത്തും ഒപ്പമുണ്ടാകും.  അതുകൊണ്ടുതന്നെ മക്കളെക്കാൾക്കൂടുതൽ പേരക്കുട്ടികളെ  സ്നേഹിക്കാനും  അവർക്കുവേണ്ടി സമയം കണ്ടെത്താനും സാധിക്കും. കുഞ്ഞുങ്ങളോടുള്ള ചങ്ങാത്തം പ്രായത്തെപ്പോലും മറക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ജീവിതത്തിലെ രണ്ടാം ബാല്യത്തെ ആസ്വദിക്കാനുള്ള സമയമാണത്. അത്രമേൽ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞു തങ്ങൾ വളർത്തിക്കൊണ്ടുവരുന്ന പേരക്കിടാങ്ങൾ പറക്കമുറ്റുമ്പോൾ ചിറകടിച്ചു പറന്നുപോകുന്നത് ഏറെ ആനന്ദജനകമാണെങ്കിൽക്കൂടി  അതീവദുഃഖത്തോടെ കണ്ടുനിൽക്കാനേ കഴിയൂ. പേരക്കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇത്തരമൊരു വേർപിരിയൽ അനിവാര്യവുമാണ്. ശരീരംപോലെതന്നെ മനസ്സും ദുർബ്ബലമായിരിക്കുന്ന വാർദ്ധക്യത്തിൽ ഹൃദയഭേദകമായ അനുഭവമായിരിക്കുമത്. ആ വേർപിരിയൽസന്ദർഭമാണ് കവി ഈ കവിതയിൽ വാക്കുകളിലൂടെ വരച്ചുകാട്ടുന്നത്. തന്റെ പൊന്നോമനയായ പൗത്രിയെ പിരിയുന്ന  കവിയുടെ വേദന katinaman. അതിന്റെ തീവ്രത  ഒട്ടും ചോർന്നുപോകാതെ അദ്ദേഹം തന്റെ വരികളിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്. കവിത വായിച്ചുകഴിയുമ്പോൾ നമ്മുടെ കണ്ണിലും  അറിയാതെ നനവുപടരും. അതാണ് ഈ കവിതയുടെ മികവും.

കവിക്ക് സ്നേഹാദരങ്ങളും ആശംസകളും  അർപ്പിക്കുന്നു.
.
ഇന്ന് ജൂലൈ 12
മലാലദിനം.
പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി സ്വന്തം ജീവൻപോലും തൃണവത്കരിച്ചു പോരാടിയ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12ന് ആണ് ഐക്യരാഷ്ട്രസഭ  ഈ ദിനം  മലാലദിനമായി  പ്രഖ്യാപിച്ചത്. 2014 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊച്ചുപെൺകൊടിക്കു ലഭിക്കുകയുണ്ടായി. ഈവർഷം ജൂണിൽ  ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിൽനിന്ന് മലാല  ബിരുദം കരസ്ഥമാക്കി.
മലാലയ്ക്ക് സ്നേഹപൂർണ്ണമായ ജന്മദിനാശംസകളും മുന്പോട്ടുള്ള ജീവിതത്തിൽ സർവ്വവിജയങ്ങളും നേരുന്നു.
*
കോവിഡ് മഹാമാരി ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിട്ട് മാസങ്ങളായി. ഇപ്പോഴും കൊറോണവൈറസ് എന്ന സൂക്ഷ്മാണുവിനോട്  ആയുധമെന്തെന്നറിയാതെ യുദ്ധത്തിലേർപ്പെട്ടിരിക്കയാണ് ലോകജനത. അതിൽ നമ്മൾ വിജയിക്കുമെന്നുതന്നെ ദൃഢമായി വിശ്വസിച്ച് നമുക്കീ യുദ്ധം തുടരാം.
കടന്നുപോയ ഈ നാളുകൾ നമ്മേ പഠിപ്പിച്ച ഏറ്റവും വലിയ ജീവിതപാഠം ജീവിതത്തെ എങ്ങനെ ലളിതമാക്കാം എന്നതാണ്. നമ്മുടെ ആവശ്യങ്ങൾ എത്ര പരിമിതമാണെന്നും ജീവിക്കാൻ ആവശ്യമായത് വിലപിടിപ്പുള്ള വസ്തുക്കളല്ല എന്നും നാം വളരെവേഗം മനസ്സിലാക്കി.  പത്തുപേരുണ്ടെങ്കിലും ഒരു വിവാഹം നടത്താമെന്നും ദേവാലയങ്ങളില്ലാതെ പ്രാർത്ഥിക്കാമെന്നും നമ്മുടെ അടുക്കളയിൽ തയ്യാറാക്കപ്പെടുന്ന വിഭവങ്ങൾ നക്ഷത്രഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ  ഏറെ സ്വാദിഷ്ടമെന്നും വീട് നമുക്കൊരു സ്വർഗ്ഗമാണെന്നും കുടുംബമാണ് നമ്മുടെ ഏറ്റവുംവലിയ ശക്തിയെന്നും നമ്മൾ തിരിച്ചറിഞ്ഞു. സ്വന്തം സംതൃപ്തിക്കപ്പുറം മറ്റുള്ളവരോട് മത്സരിക്കാനും സ്വയം പ്രദര്ശനവസ്തുക്കളാകാനും മാത്രമാണ് ഇത്രകാലവും നമ്മളിൽ  ഭൂരിപക്ഷവും ശ്രമിച്ചിരുന്നത്. അതിനായി നമ്മുടെ സമ്പത്തും അമൂല്യമായ സമയവും പാഴാക്കുകയായിരുന്നു.  എന്നാൽ ഇന്ന് നമ്മുടെ മത്സരവും പരിശ്രമവും കോവിഡിനെ പരാജയപ്പെടുത്താൻവേണ്ടി മാത്രമുള്ളതാകുന്നു. ഈ പരിശ്രമം മനുഷ്യത്വം നഷ്ടപ്പടാതെ സഹജീവിയോടുള്ള സ്നേഹകാരുണ്യങ്ങൾ ഹൃദയത്തിൽ നിറച്ച്  കൂടുതൽ ആർജ്ജവത്തോടെ നമുക്ക് മുൻപോട്ടു കൊണ്ടുപോകാം. കാലമേൽപ്പിച്ച കനത്ത പ്രഹരം താങ്ങാനാവാതെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഒരു ചെറുകൈത്താങ്ങാകാം.
അതാകട്ടെ ഇന്നത്തെ നമ്മുടെ പ്രതിജ്ഞ.

.
 ഇന്നത്തെ വിഷയം :
" അഭയതീരങ്ങൾ  "
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം      " അഭയതീരങ്ങൾ " ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

5 -7 -2020  ലെ  പ്രഭാതസ്മൃതിയിൽ " അഴിഞ്ഞുവീഴുന്ന മുഖംമൂടികൾ  " എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി പോസ്റ്റ് ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ. തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്, സ്നേഹപൂവ്വം
 മിനി മോഹനൻ
🌹മലയാളസാഹിത്യലോകം🌹.

No comments:

Post a Comment