Tuesday, August 25, 2020

#കവിതരചനാമത്സരംആലിപ്പഴം#
.
ആലിപ്പഴം
=========

ഏതപ്സരസിന്റെ കണ്ണീർക്കങ്ങളാ
മേഘമാം ചിപ്പിയിൽ വീണുറഞ്ഞീ
വെൺമുത്തുമണികളായ്  മാറിയെന്നോ!

ഉതിരുന്നിതാലിപ്പഴങ്ങളീ മണ്ണിൽ
ഉരുകുന്ന വേനലിനുള്ളിലെ ദാഹത്തി-
ന്നൊരുസ്നേഹസാന്ദ്രമാം മൃദുഗീതമായ്.

ഓർക്കുന്നു ഞാനെന്റെ ബാല്യകാലത്തിലെ-
യാർദ്രമാം കാലവർഷക്കാലകൗതുകം
പേറി നിൻപിന്നാലെയോടിയ നാളുകൾ.

പൈതലിൻ ഹൃദയത്തിലെത്രമേലാനന്ദം
നീ പകർന്നീടിലും ശുഭ്രമനോഹരീ
കർഷകർതൻ പേടിസ്വപ്നമാണെന്നും നീ.


Friday, August 21, 2020

എന്റെ പാട്ടോർമ്മകൾ - പ്രതിലിപി മത്സരം

എന്റെ പാട്ടോർമ്മകൾ - പ്രതിലിപി മത്സരം
===================================
'മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്.. കൊച്ചു
മലയാളമെന്നൊരു നാടുണ്ട്....'
ബുൾബുൾ എന്ന സംഗീതോപകരണത്തിൽനിന്നുയരുന്ന സാന്ദ്രസുന്ദരമായ ശബ്ദത്തിനൊപ്പം എന്റെ അച്ഛന്റെ ഇമ്പമുള്ള ആലാപനം......
വെറുമൊരു നാലരവയസ്സുകാരിയുടെ ഓർമ്മകളാണിത്. അതിനുമപ്പുറത്തേക്ക് ആ  ഓർമ്മകൾ കൊണ്ടുപോകാൻ കലാമെന്നെ അനുവദിച്ചില്ല. അപ്പോഴേക്കും നിയന്താവ്  എന്റെ ജന്മസുകൃതമായ അച്ഛനെ മടക്കിവിളിച്ചിരുന്നു.
സ്‌കൂൾപ്രധാനാദ്ധ്യാപകനായിരുന്ന അച്ഛൻ നല്ലൊരു പ്രസംഗകനും  ഗായകനും ചിത്രകാരനും എഴുത്തുകാരനും ഒക്കെയായിരുന്നു.
പലപ്പോഴും പല സാംസ്‌കാരികയോഗങ്ങളിലും സ്‌കൂൾ-കോളേജ് വാർഷികാഘോഷങ്ങളിലുമൊക്കെ പ്രധാനാതിഥിയായും പ്രഭാഷകനായുമൊക്കെ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു.
വിദ്യാലയങ്ങളിലെ സദസ്സാണെങ്കിൽ അച്ഛൻ കനപ്പെട്ട വിഷയങ്ങളൊന്നും പ്രസംഗത്തിനായി എടുക്കാറില്ലയെന്നാണ് അമ്മ പറഞ്ഞറിഞ്ഞിട്ടുള്ളത്. കുട്ടികൾക്കിഷ്ടപ്പെടുന്ന, എന്നാൽ പാഠങ്ങളുൾക്കൊള്ളുന്ന  കഥകളോ കവിതകളോ ഒക്കെയാവും കരുതുക. അതുതന്നെ കഥാപ്രസംഗമായി രൂപാന്തരപ്പെടുത്തി അവതരിപ്പിക്കയാണ് പതിവ്. വീട്ടിലായിരിക്കും അതിന്റെ റിഹേഴ്സൽ. മിക്കവാറും ശനി, ഞായർ ദിവസങ്ങളിൽ. സ്‌കൂളിലെ ചില അദ്ധ്യാപരും ഉണ്ടാകും വീട്ടിലപ്പോൾ. രാത്രിയിലാണെങ്കിൽ ഞങ്ങൾ വീട്ടുകാർ  മാത്രമേ ഉണ്ടാകൂ.
ഇതിന്റെ മുന്നോടിയായി എപ്പോഴും അച്ഛൻ പാടാറുണ്ടായിരുന്ന പാട്ടാണ് 'മാമലകൾക്കപ്പുറത്ത്...' അന്ന് വീട്ടിലുണ്ടായിരുന്ന 'ബുൾബുൾ' വായിച്ചുകൊണ്ടായിരുന്നു ആ മധുരാലാപനം.
മുറ്റത്തെവിടെയെങ്കിലും കളിച്ചുകൊണ്ടുനിൽക്കയാണെങ്കിലും ആ പാട്ടുകേട്ടാൽ ഞാനോടിച്ചെന്ന് അച്ഛന്റെ മടിയിൽക്കയറും.
ബാക്കിയുള്ളതൊക്കെ അച്ഛൻ എന്നെ മടിയിലിരുത്തിയാവും ചെയ്യുക.  (ഇന്നും ആ പാട്ട് ടിവിയിലോമറ്റോ കേട്ടാൽ കാലങ്ങൾക്കപ്പുറത്തേക്കു സഞ്ചരിച്ച്, ഓടിപ്പോയി അച്ഛന്റെ മടിയിൽക്കയറാൻ മനസ്സ് വെമ്പൽകൊള്ളും)
അച്ഛനവതരിപ്പിച്ചിരുന്ന കഥാപ്രസംഗങ്ങളുടെ ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ശ്രീ വൈലോപ്പിള്ളിയുടെ 'മാമ്പഴം' ആയിരുന്നു.
'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുല എറിഞ്ഞു വെറും മണ്ണിൽ'
എന്നുവരെയെത്തുമ്പോൾ  എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകും. അവസാനംവരെ പിടിച്ചുനിന്നശേഷം ഒരു പൊട്ടിക്കരച്ചിലോടെ  അച്ഛന്റെ കഴുത്തിൽ കൈകൾച്ചുറ്റി തോളിൽചാഞ്ഞുകിടക്കും. കുറേസമയത്തേക്ക് തേങ്ങിതേങ്ങിക്കരഞ്ഞുകൊണ്ടിരിക്കും. ആശ്വാസവാക്കുകൾ പറഞ്ഞ്, ഉമ്മകൾതന്ന്  അച്ഛൻ സാന്ത്വനിപ്പിക്കും.
എന്റെ ഓർമ്മയിൽ, അച്ഛൻ കഥാപ്രസംഗരൂപത്തിൽ  പറയാറുള്ള മറ്റു  കഥകൾ, വയലാറിന്റെ 'ആയിഷ', ചങ്ങമ്പുഴയുടെ 'വാഴക്കുല', ഷേക്സ്പിയറിന്റെ 'വെനീസിലെ വ്യാപാരി' എന്നിവയായിരുന്നു.
ആയിഷയും വാഴക്കുലയും മാമ്പഴംപോലെതന്നെ എന്നെ ഏറെക്കരയിച്ച കഥകളാണ്.
അന്നുകേട്ട ആ കവിതാശകലങ്ങളൊക്കെ ഇന്നും മനസ്സിൽ മുഴങ്ങിനിൽക്കുന്നുണ്ട്. കവിതകളെ സ്നേഹിക്കാൻ എനിക്കുലഭിച്ച പ്രേരണാശക്തിയും നാലരവയസ്സിനുമുമ്പ് ഞാൻ കേട്ട്കരഞ്ഞ ആ കഥാപ്രസംഗങ്ങളാണ്. പിന്നീട് അധികകാലം എനിക്കതുകേൾക്കാൻ ഭാഗ്യമുണ്ടായതുമില്ല.
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടുപോലുമില്ലാത്ത , ബുൾബുൾ എന്ന സംഗീതോപകരണത്തിൽ അച്ഛനുതിർത്ത നാദവീചികളാണ് ഇന്നോളം കേട്ടതിൽ  എനിക്കേറ്റവും പ്രിയങ്കരമായ പശ്ചാത്തലസംഗീതം. വർഷങ്ങളെത്രയോ പോയ്മറഞ്ഞിയിട്ടും ഓർമ്മയിലിന്നും മുഴങ്ങിനിൽക്കുന്ന മധുരസംഗീതം!






Thursday, August 20, 2020

പ്രഭാത സ്മൃതി - 961 മലയാളസാഹിത്യലോകം


💐പ്രഭാത സ്മൃതി - 961💐
🔸
16 - 08 - 2020 ഞായർ 
(കൊല്ലവർഷം - 1195 കർക്കടകം 32)
🔹
🐦പ്രഭാതസ്മൃതി🐦

🌻ദുരിതങ്ങളുടെ ഘോഷയാത്രയുമായിവന്ന കർക്കടകത്തിലെ അവസാനദിവസമാണിന്ന് . നാളെ പ്രതീക്ഷയുടെ പൊൻവെളിച്ചവുമായി പുതുവത്സരം പിറക്കും. വരാൻപോകുന്ന നന്മകൾക്കായി നമുക്ക് കൺപാർത്തിരിക്കാം. 
എല്ലാ കൂട്ടുകാർക്കും ശുഭസുപ്രഭാതം ആശസിച്ചുകൊണ്ട് 
പ്രഭാതസ്മൃതിയുടെ 961- ) o  അദ്ധ്യായത്തിലേക്ക് സുസ്വാഗതം 🌻

🔹സദ്‌വാണി🔹
🪔
ആഹാരനിദ്രാഭയമൈഥുനാനി
സാമാന്യമേതത്‌ പശുഭിര്‍നരാണാം
ജ്ഞാനം നരാണാമധികോ വിശേഷോ
ജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ
(ചാണക്യനീതി)
💦സാരം💦
ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സമാനമായുള്ളവയാണ്‌. അറിവാണ്‌ മനുഷ്യന്‌ വിശേഷിച്ചുള്ളത്‌. അറിവ്‌ നേടിയില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ മൃഗതുല്യനാണ്‌.
🛁🛁🛁🛁🛁🛁🛁🛁🛁🛁

🌱തീക്കനൽ കൈയിലെടുത്തപോലെയാണ് കോപം പൂണ്ടിരിക്കുന്നത്. പൊള്ളലേൽക്കുന്നത്  അവനവനുതന്നെയായിരിക്കും..*ശ്രീ ബുദ്ധൻ*🌱

🔸സ്മൃതിഗീതം 🔸
ശ്രീമതി ലക്ഷ്മി വി നായർ എഴുതിയ 'കുട്ടികളില്ലാത്ത വിദ്യാലയം' എന്ന കവിതയാണ് ഇന്നത്തെ സ്മൃതിഗീതം ധന്യമാക്കുന്നത്.  
🥀 കുട്ടികളില്ലാത്ത വിദ്യാലയം - ലക്ഷ്മി വി നായർ 🥀
- - * - - - * - - - * - - -*- - - *- - - * - - - * - - - * - - - * - - - * - - 
ഓലമേഞ്ഞുള്ളൊരാക്കൊച്ചുവിദ്യാലയം
മൂകമായ് തേങ്ങുന്നതാരറിയാൻ
കുഞ്ഞുകിടങ്ങൾതൻ സ്വരരാഗമാധുരി -
യെന്നിനിക്കേൾപ്പതെന്നറിയാതെ
തിങ്ങും വിഷാദമടക്കിയിരിപ്പൂ -
യിന്നിൻദുരവസ്ഥയോർത്തിരിപ്പു

ബഞ്ചുകൾ തേങ്ങലടക്കുകയാവാം
പിഞ്ചുകിടാങ്ങൾതൻ ചൂടറിയാതെ
മേൽക്കൂരയെന്തേ ചായ്‍വതിങ്ങ്
പൈതങ്ങളില്ലാത്ത വേദനയാലോ

മാർജ്ജാരൻ വന്നൊന്ന് കണ്ണുചിമ്മിപ്പോയി
കാകനും കൂടെക്കരഞ്ഞുനില്പൂ
കഞ്ഞിപ്പുരയിലെ പാത്രങ്ങളോ
തട്ടിമുട്ടാതെയടയിരിപ്പു

കുഞ്ഞുകിടാങ്ങളങ്ങോടിക്കളിച്ചൊരാ -
യങ്കണമാകെ കാടെടുത്തുപോയ്
ഉത്സവപ്പറമ്പുപോലുള്ളൊരാമൈതാനം
ഇന്നൊരുശ്മശാനമതെന്നപോലെ

എന്നിനിയാഹ്ളാദപ്പൂത്തിരിപോലെ
കുഞ്ഞുങ്ങൾ വിളയാടുമീതലത്തിൽ
ഗുരുശിഷ്യബന്ധത്തിന്നവസാനമണിയും
കൊട്ടിയിരിപ്പാണോ കൊറോണയിപ്പോൾ
സ്നേഹത്തിൻകൂട്ടായ്മയൊക്കെയുമീ-
പ്പാരിന്നു നഷ്ടമായ്ത്തീരുകയോ?
.
🔹അനുവാചകക്കുറിപ്പ് 🔹
കാലാകാലങ്ങളായി ജൂൺമാസം തുടങ്ങുമ്പോൾമുതൽ മാർച്ചവസാനംവരെ കുട്ടികളുടെ പ്രവർത്തനവൈവിധ്യങ്ങളാൽ സജീവമായിരിക്കും നമ്മുടെ നാട്ടിലെ വിദ്യാലയങ്ങൾ. എന്നാൽ പതിവിനു വിപരീതമായി കൊറോണയെന്ന മഹാമാരിയുടെ ഭീഷണിമൂലം  ഈവർഷം എല്ലാ വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കുന്നു. ഓൺലൈൻ ക്‌ളാസ്സുകൾ നടക്കുന്നുണ്ടെന്ന ചെറിയൊരാശ്വാസം മാത്രം.  എന്നാണ് ഈ സ്ഥിതി മാറുന്നതെന്ന് പ്രവചിക്കാനുമാവില്ല.

തന്റെ കുഞ്ഞുങ്ങളുടെ കാലൊച്ചകേൾക്കാനാവാതെ, അവരെക്കണ്ടു കണ്കുളിർക്കാനാവാതെ ഉള്ളുരുകിത്തെങ്ങുന്നൊരു വിദ്യാലയത്തിന്റെ ഹൃദയനൊമ്പരങ്ങളാണ് ഈ കവിതയിൽ ശ്രീമതി ലക്ഷ്മി വി നായർ ആവിഷ്കരിക്കുന്നത്. വിദ്യാലയത്തിന്റെ ഓരോ ഘടകങ്ങളും ഈ തേങ്ങലിൽ പങ്കുകൊള്ളുന്നു. കുട്ടികളുടെ സാമീപ്യമില്ലാത്ത സങ്കടത്തിൽ  തേങ്ങലടക്കുന്ന ബഞ്ചുകളും വേദന  താങ്ങാനാവാതെ ചാഞ്ഞുപോകുന്ന മേൽക്കൂരയും കഞ്ഞിപ്പുരയിലെ മൗനംപുതച്ചിരിക്കുന്ന പാത്രങ്ങളും  വന്നുനോക്കി, ആരെയും കാണാതെ കണ്ണുചിമ്മിക്കടന്നുപോകുന്ന മാർജ്ജാരനും ഉറക്കെക്കരഞ്ഞു സങ്കടംതീർക്കുന്ന കാകനും അവയിൽ ചിലതാണ്. പിഞ്ചുകാലുകൾ ഓടിക്കളിച്ചിരുന്ന സുഗമമായ അങ്കണം ഇന്നു കാടുകയറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകം. ഒരുത്സവപ്പറമ്പുപോലെ ശബ്ദമുഖരിതമായിരുന്ന മൈതാനം ഒരു ശവപ്പറമ്പുപോലെ നിശ്ശബ്ദം. പരസ്പരസ്നേഹത്തന്, എന്തിന്, പവിത്രമായ ഗുരുശിഷ്യബന്ധത്തിനുപോലും മരണമണിമുഴക്കുകയാണോ കൊറോണയെന്ന്  കവി ആശങ്കപ്പെടുന്നു.

ഇന്നത്തെ ഈ പ്രത്യേകസാഹചര്യം തീർച്ചയായും പലവിധ ആശങ്കകൾക്കും വഴിയൊരുക്കുന്നു. അതിലേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വിദ്യാലയങ്ങളിലല്ലാതെയുള്ള വിദ്യാഭ്യാസം. കുട്ടികൾക്കു  കേവലമായ പുസ്തകപഠനത്തിനപ്പുറം സാമൂഹ്യജീവിതത്തിന്റെ അടിത്തറയും ഗതിവിഗതികളും ആഴത്തിൽ ഹൃദിസ്ഥമാക്കിക്കൊടുക്കുന്ന മഹാസ്ഥാനമാണ് ഓരോ ക്‌ളാസ് മുറികളും. അവരുടെ  സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികസനത്തിലും മനോഭാവനിര്‍മിതിയിലുമൊക്കെ ക്ലസ്സ്മുറികൾക്കുള്ള പങ്ക് നിസ്സാരമല്ല. അതുകൊണ്ടുതന്നെ  പഠനം വെറും കമ്പ്യൂട്ടർസ്‌ക്രീനിന്റെ മുമ്പിലോ മൊബൈൽഫോണിലൂടെയോ ഒക്കെ ആകുമ്പോൾ സംഭവിക്കുന്ന നഷ്ടം ഒരിക്കലും നികത്താനാവാത്തതുമാകും. നമ്മിലോരോരുത്തരിലുമുള്ള  ഈ ആശങ്കകളൊക്കെയാണ് ഈ കവിതയിലൂടെ ശ്രീമതി ലക്ഷ്മി വി നായർ  പകർന്നുതരുന്നതും.
പൊതുവെ ഒരിളങ്കാറ്റു തഴുകുന്നപോലെയുള്ള വായന സമ്മാനിക്കുന്നതാണ്, മുഖപുസ്തകത്തിലെ എഴുത്തിടങ്ങളിൽ സുപരിചിതയായ ലക്ഷ്മിച്ചേച്ചിയുടെ കവിതകൾ.
ഈ കവിതയാകട്ടെ ഹൃദയത്തിന്റെ  ഉൾക്കോണിലെവിടെയോ  ഒരു ചാറ്റൽമഴയുടെ നനവുപകർന്നുപോകുന്നു. ചേച്ചിക്ക് സർവ്വനന്മകളും ആശംസിക്കുന്നു.
 💦
ഭാരതം ഒരു സ്വാതന്ത്രരാഷ്ട്രമായിട്ട് ഇന്നലെ എഴുപത്തിമൂന്നു സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം നാം ജീവിതത്തിന്റെ വിവിധതലങ്ങളിൽ അനുഭവിച്ചറിയുന്നുമുണ്ട്. പൗരാവകാശങ്ങൾ നേടിയെടുക്കാൻ നമ്മൾ ഏതുവിധേനയും ശ്രമിക്കാറുമുണ്ട്. പക്ഷേ  പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. നമ്മുടെ കർത്തവ്യങ്ങൾ. ഇന്നു  നമുക്ക് നമ്മുടെ രാഷ്ട്രത്തോടുള്ള    പ്രധാനകർത്തവ്യങ്ങളെന്തൊക്കെയെന്നു ഒന്നവലോകനം ചെയ്യാം.
🌷ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയും ദേശീയഗാനത്തെയും ആദരിക്കുക.
🌷സ്വാതന്ത്ര സമരത്തിന് ഉത്തേജനം പകർന്ന ഉന്നതമായ ആദർശങ്ങൾ പിന്തുടരുക.
🌷ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
🌷രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്ര സേവനത്തിനും തയ്യാറാവുക.
🌷മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുദ്ധ്യങ്ങൾക്ക് അതീതമായി എല്ലാവർക്കുമിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക.
🌷ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക, സംരക്ഷിക്കുക.
🌷പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക; വനം, തടാകം, നദികൾ, വന്യജീവികൾ എന്നിവയെ കാത്തുസൂക്ഷിക്കുക; ജീവനുള്ളവയെല്ലാം അനുകമ്പ കാട്ടുക.
🌷ശാസ്ത്രീയവീക്ഷണം, മാനവീകത, അന്വേഷണാത്മകത, പരിഷ്കരണ ത്വര എന്നിവ വികസിപ്പിക്കുക.
🌷പൊതു സ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.
🌷എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.

ഈ കടമകൾ എല്ലാം ഇന്ത്യയിലെ ജനങ്ങൾ നിശ്ചയമായും  പാലിക്കേണ്ടതാണ്.


🍂ഇന്നത്തെ വിഷയം 'പ്രത്യാശ'🍂
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം "പ്രത്യാശ'" ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം; കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.
🔸
15-8--2020 ലെ പ്രഭാതസ്മൃതിയിൽ "സ്വാതന്ത്ര്യം" എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
സ്നേഹാദരങ്ങളോടെ
🌷 മിനി മോഹനൻ 🌷
💐മലയാളസാഹിത്യലോകം💐












Wednesday, August 12, 2020

പൈനാപ്പിളിന്റെ കഥ (നാടോടിക്കഥാമത്സരം)

പൈനാപ്പിളിന്റെ കഥ (നാടോടിക്കഥാമത്സരം)
=====================================
അങ്ങുദൂരെ, ഏഴാംകടലിനുമക്കരെ, ഒരു ഗ്രാമത്തിൽ  പണ്ടുപണ്ട്  ലിമ എന്നൊരു സ്ത്രീയും അവരുടെ പൈന എന്നുപേരുള്ള മകളും താമസിച്ചിരുന്നു. ലിമ കഠിനാധ്വാനിയായൊരു സ്ത്രീയായിരുന്നെങ്കിലും പൈന അമ്പേ മടിച്ചിയായിരുന്നു. ഉദയം മുതൽ അസ്തമയംവരെ തന്റെ അമ്മ ജോലിചെയ്യുന്നതുകണ്ടാലും ഒരുസഹായവും അവൾ ചെയ്യുമായിരുന്നില്ല. സദാ കളിയുമായി നടക്കും. ചിലപ്പോൾ കൂട്ടുകാരുടെ  വീട്ടിലാകും. അല്ലെങ്കിൽ സ്വന്തം വീടിന്റെ  മുറ്റത്തോ തൊടിയിലോ കളിച്ചുകൊണ്ടിരിക്കും.
എന്തെങ്കിലും ജോലി അവളെ നിർബ്ബന്ധമായി ഏല്പിച്ചാലും പലവിധ  ഒഴിവുകഴിവുകൾ കണ്ടുപിടിച്ച് അതു ചെയ്യാതിരിക്കും. ലിമയ്ക്ക്  ചിലപ്പോൾ അതിയായ കോപമുണ്ടാകുമെങ്കിലും മകളോടുള്ള  സ്നേഹാധിക്യത്താൽ ശിക്ഷയൊന്നും കൊടുത്തിരുന്നില്ല.
അങ്ങനെയിരിക്കെ ലിമ കടുത്ത പനിബാധിച്ച് കിടപ്പിലായി. ഭക്ഷണംപോലും ഉണ്ടാക്കാൻ കഴിയാതെ ക്ഷീണിതയായി. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥ. പക്ഷേ പൈന അതൊന്നും കണ്ടഭാവം നടിച്ചില്ല. അമ്മയ്ക്ക് തുള്ളിവെള്ളംകൊടുക്കാൻപോലും. വീട്ടിൽ ഭക്ഷണമില്ലാത്തതുകൊണ്ടു അവൾ ഓരോ സാമയം ഓരോ കൂട്ടുകാരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു. പിന്നെ തൊടിയിലുണ്ടായിനിൽക്കുന്ന പഴങ്ങളും മറ്റും പറിച്ചെടുത്തു കഴിച്ചു. അപ്പോഴൊന്നും അമ്മയുടെ കാര്യം അവൾ ഗൗനിച്ചതേയില്ല. ലിമ മകളെ വിളിച്ചപ്പോഴൊന്നും അവൾ കേട്ടതായിപ്പോലും ഭാവിച്ചതുമില്ല.
ഒടുവിൽ സർവ്വശക്തിയുമെടുത്ത് ലിമ അവളെ വിളിച്ചു
" പൈനാ ... നീയൊന്നിങ്ങോട്ടു വരുന്നുണ്ടോ."
അമ്മ നല്ല ദേഷ്യത്തിലാണെന്നു തോന്നിയതിനാലാവാം ഇത്തവണ പൈന് പതിയെ അമ്മയുടെ മുറിവാതിലിനടുത്തുചെന്നു തല കത്തേക്കുനീട്ടി ചോദിച്ചു.
"എന്താ അമ്മാ? എന്തിനാ എന്നെ വിളിച്ചത്?"
"നീ അടുക്കളയിൽപോയി അല്പം കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കൂ. സാധനങ്ങളൊക്കെ അവിടെയുണ്ട്"
പൈന മനസ്സില്ലാമനസ്സോടെ അടുക്കളയിലേക്കു നടന്നു.
കുറച്ചുസമയത്തേക്ക് പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ഷെൽഫുകൾ തുറക്കുന്നതും വലിച്ചടയ്ക്കുന്നതുമൊക്കെയായി കുറേ  ശബ്ദങ്ങൾ കേട്ടു. പിന്നെ നിശ്ശബ്ദമായി.
നേരമേറെയായിട്ടും കഞ്ഞിയും ചമ്മന്തിയും കിട്ടാതെവന്നപ്പോൾ ലിമ വിളിച്ചുചോദിച്ചു.
"മോളേ  പൈനാ, കഞ്ഞി തയ്യാറായോ?"
"ഇല്ലാ" അവൾ മറുപടിയും കൊടുത്തു.
"പാത്രവും തവിയും കണ്ടില്ല. അതുകൊണ്ടു ഞാൻ കഞ്ഞി വെച്ചില്ല" അവൾ വിശദീകരിച്ചു. കോപവും സങ്കടവും വിശപ്പും എല്ലാംകൂടി ലിമയ്ക്ക് കണ്ണുകാണാതായി. അവൾ മകളെ കുറേ ശകാരിച്ചു. ഒടുവിൽ കരഞ്ഞുകൊണ്ടു  പറഞ്ഞു
"നിന്റെ ശരീരം മുഴുവൻ ആയിരം  കണ്ണുകളുണ്ടാവട്ടെ. എന്നാലെങ്കിലും നീ എല്ലാം കാണുമല്ലോ"
എന്നിട്ട് അവൾ അടുക്കളയിൽപ്പോയി ഒരുവിധത്തിൽ കുറച്ചു കഞ്ഞിയുണ്ടാക്കി. അതിൽ ഉപ്പുചേർത്തു കഞ്ഞികുടിച്ചു. ദേഷ്യമുണ്ടായിരുന്നെങ്കിലും കുറച്ചുകഞ്ഞി പൈനയ്ക്കായും മാറ്റിവെച്ചു. പിന്നെ പോയി കിടന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോവുകയും ചെയ്തു.
ഉണർന്നപ്പോൾ മുറ്റത്താകെ പോക്കുവെയിൽ പരന്നിരുന്നു. ക്ഷീണമല്പം കുറഞ്ഞിരുന്നു. അവൾ എഴുന്നേറ്റു കുറച്ചു ജോലികളൊക്കെ ചെയ്തു. ഭക്ഷണവുമുണ്ടാക്കി. പക്ഷേ  പൈനയെ അവിടെയെങ്ങും കണ്ടില്ല. ഇരുട്ടുവീണുതുടങ്ങിയപ്പോൾ അവൾ പൈനയെ അടുത്തവീടുകളിലൊക്കെ അന്വേഷിച്ചു. ആർക്കും അവളെവിടെയെന്നറിയില്ല. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പുഴയോരത്തുള്ള കൂട്ടുകാരിയുടെ വീട്ടിപോയിരിക്കുമെന്നു കരുതി ലിമ രാത്രിയിൽ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
പിറ്റേദിവസവും പൈനയെ കണ്ടില്ല. ലിമ അവളെ അന്വേഷിച്ച് എല്ലായിടവും നടന്നു. അവളെക്കാണാതെ ഹൃദയംപൊട്ടി കരഞ്ഞു. അവളെ സഹകരിക്കാൻ തോന്നിയ നിമിഷത്തെപ്പഴിച്ച് ലിമ സ്വന്തം തലയിൽ അടിച്ചുകൊണ്ടിരുന്നു.  താന്തോന്നിയായിരുന്നെങ്കിലും മകൾ അവൾക്കു ജീവന്റെ ജീവനായിരുന്നു.
ദിവസങ്ങളൊന്നൊന്നായി കടന്നുപോയി. ലിമയുടെ അസുഖമൊക്കെ ഭേദമായി. പക്ഷേ എത്ര ശ്രമിച്ചിട്ടും   പൈനയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൾക്കെന്തുസംഭവിച്ചെന്ന്  ആർക്കും ഒരറിവുമില്ല.
മാസങ്ങൾക്കുശേഷം ഒരുദിവസം അടുക്കളയുടെ പിൻഭാഗത്തെ തോട്ടം വൃത്തിയാക്കാൻ ചെന്നപ്പോൾ ലിമ അവിടെയൊരു വ്യത്യസ്തമായ പഴം പാകമായി നിൽക്കുന്നത് ശ്രദ്ധിച്ചു. ഇതുവരെ അങ്ങനെയൊന്നു കണ്ടിട്ടില്ല നാട്ടിലെങ്ങും. കൈകൾ നീട്ടിയതുപോലുള്ള ഇലകൾക്കു നടുവിൽ നിറയെ കണ്ണുകളുള്ള മുഖംപോലെ, മഞ്ഞനിറമുള്ള  ഒരു കായ. തലയിലെ മുടിപോലെ കുറച്ചിലകളും.
വാർത്തയറിഞ്ഞ് ഗ്രാമവാസികളൊക്കെ ലിമയുടെ വീട്ടിലെത്തി. എല്ലാവരും പുതിയ ഫലത്തെക്കുറിച്ച് ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഗ്രാമത്തിലെ പ്രധാന പുരോഹിതനും വന്നുചേർന്നു. അയാൾ ലിമയോട് വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. എല്ലാം പറഞ്ഞകൂട്ടത്തിൽ പൈനയെ കാണാതായ കഥയും പറഞ്ഞു. വിശദമായി ചോദിച്ചറിഞ്ഞശേഷം ശാന്തനായി പുരോഹിതൻ പറഞ്ഞു.
"ലിമാ, ഈ ഫലം നിന്റെ മകൾ പൈനതന്നെയാണ്. വളരെ പ്രത്യേകതകളുള്ളൊരു ദിനത്തിലായിരുന്നു നീ അവളെ ശകാരിച്ചതും
ശരീരം മുഴുവൻ കണ്ണുകളുണ്ടാകട്ടെ എന്ന് ശപിച്ചതും. അന്ന് അമ്മമാരുടെ കാവൽമാലാഖ ഭൂമിയിലെത്തിയ ദിനമായിരുന്നു. മക്കൾ എന്താകണമെന്ന് അമ്മമാർ ആഗ്രഹിച്ചുവോ അതൊക്കെ നടത്തിക്കൊടുത്തിട്ടാണ് ആ മാലാഖ മടങ്ങിയത്. നിന്റെ ആഗ്രഹം നടത്തിയത് ശരീരം മുഴുവൻ കണ്ണുകളുള്ള ഈ പൈനയെ നിനക്ക് തന്നുകൊണ്ടാണ്."
ലാളിച്ചു വഷളാക്കിയ തന്റെ പൊന്നുമോൾക്ക്  ഈ വിധി വന്നതിൽ ലിമ ഏറെ ദുഃഖിച്ചു. പക്ഷേ അവൾക്കു പരിഹാരമൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എങ്കിലും മകളോടുള്ള  സ്നേഹാധിക്യത്താൽ അവൾ ആ പഴത്തിന് അവളുടെ പേരുനല്കി വിളിച്ചു. പൈന  എന്ന്.
കാലം ഏറെ കഴിഞ്ഞപ്പോൾ അത് പൈനാപ്പിൾ എന്നായി മാറി.





നീലി നാവറുത്ത കുരുവിയുടെ കുട്ട (നാടോടിക്കഥാമത്സരം)

സഹ്യപർവ്വതനിരകളുടെ താഴ്‌വരയിലെവിടെയോ ഒരു ഗ്രാമത്തിലായിരുന്നു ശങ്കു എന്ന പാവം കർഷകനും അയാളുടെ ഭാര്യ നീലിയും താമസിച്ചിരുന്നത്. പ്രായമേറെയായിട്ടും അവർക്കു സന്താനഭാഗ്യം ലഭിച്ചിരുന്നില്ല. കലഹപ്രിയയായ  നീലി എല്ലായ്പ്പോഴും ദേഷ്യത്തിലായിരിക്കും. ശങ്കുവിനെ ശകാരിക്കുകയാണ് അവളുടെ പ്രിയ വിനോദമെന്നുതോന്നും. കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തുകൊണ്ടിരിക്കും. ശങ്കുവാകട്ടെ എല്ലാം നിശ്ശബ്ദമായി സഹിക്കും.
ഒരു കുട്ടിയെ ദത്തെടുത്തുവളർത്താമെന്ന ശങ്കുവിന്റെ ആഗ്രഹത്തിന് നീലി ഒരു വിലയും കല്പിച്ചില്ല. ശക്തമായി എതിർക്കുകയും ചെയ്തു. ദുഖിതനായ ശങ്കു വയലിൽ ജോലിയെടുക്കുമ്പോൾ കണ്ടെത്തിയ ഒരു കുരുവിയെ വീട്ടിലേക്കു കൊണ്ടുവന്നു. അതിനെ ഓമനിച്ചു വളർത്തി. അതും നീലിക്ക് തീരെ ഇഷ്ടമായില്ല. അവൾ ശകാരവും ശാപവും രൂക്ഷമാക്കി.
ഒരുദിവസം ശങ്കു   ഗ്രാമച്ചന്തയിൽ പോയസമയം കുരുവി വന്ന്  നീലി  മുറ്റത്തുണ്ക്കാനിട്ടിരുന്ന ധാന്യം അല്പം കൊത്തിത്തിന്നു. അതുകണ്ടുവന്ന നീലി കോപംകൊണ്ട് ഉറഞ്ഞുതുള്ളി. അവൾ  കുരുവിയുടെ നാക്ക് ഒരു കത്തികൊണ്ട് മുറിച്ചുകളഞ്ഞു. പാവം കുരുവി ചോരയുമൊലിപ്പിച്ച് അവിടൊക്കെ പറന്നുനടന്ന് കുറേക്കരഞ്ഞു  . പിന്നെയും കലിയടങ്ങാതെ  നീലി  അതിനെ കല്ലെടുത്തെറിഞ്ഞ് ഓടിച്ചു.
"പോയിത്തുലയ്" അവൾ ആക്രോശിച്ചു.
പാവം കുരുവി കരഞ്ഞുകൊണ്ട് എങ്ങോട്ടോ പറന്നുപോയി.
ചന്തയിൽനിന്നു മടങ്ങിവന്ന ശങ്കു  എല്ലായിടവും കുരുവിയെ അന്വേഷിച്ചു. ഉറക്കെ വിളിച്ചിട്ടും ഒരു മറുപടിയുമുണ്ടായില്ല. അയാൾ ഒടുവിൽ നീലിയോട് ചോദിച്ചു കുരുവിയെയെങ്ങാൻ കണ്ടോയെന്ന്. അവൾ വിജയീഭാവത്തിൽ  നടന്നതൊക്കെ  അയാളോട് പറഞ്ഞു.
ശങ്കുവിന് വല്ലാത്ത ദുഃഖംതോന്നി. അയാൾ മൂകനായി, ഒരുത്സാഹവുമില്ലാതെ വീട്ടിനുള്ളിൽത്തന്നെ ഏതാനും ദിവസം കഴിഞ്ഞുകൂടി. നീലിയാകട്ടെ തന്റെ ശകാരവും ശാപവും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അയാൾ വയലിൽ ജോലിചെയ്യാൻ പോയി.
അങ്ങനെ നാളുകളേറെ കഴിഞ്ഞുപോയി.
ഒരുദിവസം അടുത്തഗ്രാമത്തിൽ സുഖമില്ലാതെ കിടക്കുന്ന ബന്ധുവിനെ കാണാൻ  പോയിട്ടുവരുമ്പോൾ വഴിവക്കിലെ മാവിന്കൊമ്പിൽ തന്റെ പ്രിയചങ്ങാതിയായ കുരുവിയെ കണ്ടുമുട്ടി. രണ്ടുപേരുടെയും ആനന്ദത്തിന്  അതിരില്ലായിരുന്നു. ആ സന്തോഷത്തിൽ  അവർ ചിരിക്കുകയും കരയുകയും ചെയ്തു. ഒരുപാടുവിശേഷങ്ങൾ പങ്കുവെച്ചു. പിന്നെ കുരുവി ശങ്കുവിനെ നിർബ്ബന്ധിച്ച് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. മുനിമാരുടെ പര്ണശാലപോലെ,  മനോഹരമായ ഒരു പുൽവീട്. മുറ്റത്തിനുചുറ്റും പൂച്ചെടികൾ ചിരിച്ചുനിൽക്കുന്നൊരു ഉദ്യാനം. അതിനുമപ്പുറം വിവിധങ്ങളായ ഫലവൃക്ഷങ്ങൾ. ആ വീട്ടിൽ കുരുവിയുടെ ഭാര്യയും ഓമനത്തമുള്ള രണ്ടുപെൺകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പെൺകുരുവി അവരെ സ്വീകരിച്ചിരുത്തി. ആദരവോടെ ഉപചാരങ്ങൾ ചെയ്തു. കുഞ്ഞുങ്ങൾ സ്നേഹവായ്‌പോടെ എല്ലാം നോക്കിനിന്നു.
ഭക്ഷണസമയമായപ്പോൾ പെൺകുരുവി അതീവസ്വാദുള്ള വിഭവങ്ങൾ ശങ്കുവിന് വിളമ്പിനല്കി. എത്രയോ നാളുകൾക്കുശേഷമാണ് അയാൾ  സ്നേഹമുള്ള വാക്കുകൾ കേൾക്കുന്നതും സ്വാദുള്ള ഭക്ഷണം കഴിക്കുന്നതും സന്തോഷമനുഭവിക്കുന്നതും.
ഒടുവിൽ  ശങ്കു മനസ്സില്ലാമനസ്സോടെ മടക്കയാത്രയ്‌ക്കൊരുങ്ങി. പക്ഷേ കുരുവിക്കുടുംബം സ്നേഹപൂർവ്വം നിർബ്ബന്ധിച്ചതുകൊണ്ട് അന്നവരോടൊപ്പം കഴിയാൻ തീരുമാനിച്ചു. രാത്രിഭകഷണമൊക്കെ കഴിഞ്ഞപ്പോൾ അവർ എല്ലാവരും ചേർന്ന് പാട്ടുകൾ പാടി. കുട്ടികൾ നൃത്തംചെയ്‌തു. എന്തൊക്കെയോ കളികൾ കളിച്ചു. ശങ്കുവിന് മടങ്ങിപ്പോകാൻ തോന്നിയതേയില്ല. ഏതാനുംദിവസം അയാൾ അവരോടൊപ്പം സന്തുഷ്ടനായിക്കഴിഞ്ഞു. ഒടുവിൽ വയലിലെ കൃഷികാര്യമോർത്തപ്പോൾ അയാൾക്ക് പോകാതെ തരമില്ലെന്നായി. അങ്ങനെ ഏഴാംദിവസം ശങ്കു  കുരുവിക്കുടുംബത്തോടു യാത്രപറഞ്ഞു. കുരുവി അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. പെണ്കുരുവിയുടെയും കുഞ്ഞുങ്ങളുടെയും കണ്ണുകൾ ഈറനായി. കുരുവി രണ്ടു കുട്ടകൾ  എടുത്തുകൊണ്ടുവന്ന് ശങ്കുവിന് കൊടുത്തു. ഒന്ന് നല്ല ഭാരമുള്ള വലിയ കുട്ടയും മറ്റേത് ഒരു ചെറിയ കുട്ടയുമായിരുന്നു. പക്ഷേ ശങ്കു   ആ ചെറിയകുട്ടമാത്രമേ സ്വീകരിച്ചുള്ളു. അയാൾ അതുമായി യാത്രയായി.
വീട്ടിലെത്തിയ ശങ്കുവിനെ ഇത്രയും വൈകിയ കാരണത്താൽ  നീലി മതിവരുവോളം  ശകാരിച്ചു. അയാൾ നടന്നതൊക്കെ പറഞ്ഞു. അപ്പോൾ ശകാരവും ശാപവാക്കുകളും ഉച്ചസ്ഥായിയിലായി. പക്ഷേ അയാളുടെ കൈയിലെ മനോഹരമായ കുട്ട കണ്ണിൽപ്പെട്ടപ്പോൾ അവൾ ഒന്ന് ശാന്തയായി. അതിലെന്താകും എന്നറിയാനുള്ള ആകാംക്ഷ. അവൾ വേഗം കുട്ട പിടിച്ചുവാങ്ങി അത് തുറന്നുനോക്കി.
ആശ്ചര്യപ്പെട്ടുപോയി. സ്വർണ്ണനാണയങ്ങളും വിലപിടിപ്പുള്ള  വിശിഷ്ടരത്നങ്ങളും  വജ്രങ്ങളുമൊക്കെയായിരുന്നു കുട്ടയ്ക്കുള്ളിൽ. എന്നിട്ടും അത്യാഗ്രഹിയായ അവളുടെ ശകാരത്തിനു കുറവൊന്നും വന്നില്ല.
"നിങ്ങൾക്കാ  വലിയകുട്ട എടുത്തുകൂടായിരുന്നോ? ഇങ്ങനെയൊരു മരമണ്ടൻ. നിങ്ങളെക്കൊണ്ടു ഞാൻ തോറ്റു. ഒന്നിനുംകൊള്ളാത്ത മനുഷ്യൻ" അവൾ ഭത്സനം തുടർന്ന്.
പെട്ടെന്നവൾക്കുതോന്നി
 "കുരുവിയുടെ വീട്ടിൽച്ചെന്നാൽ തനിക്കും ഇതുപോലെ സമ്മാനം കിട്ടുമല്ലോ."
അങ്ങനെ ശങ്കുവിന്റെ വിലക്കിനെ വകവയ്ക്കാതെ നീലി കുരുവിയുടെ വീട്ടിലേക്കു പോയി. തന്റെ നാവറുത്ത നീലിയെക്കണ്ടപ്പോൾ കുരുവിക്ക്‌ വല്ലാത്ത ദേഷ്യമാണു തോന്നിയത്. അതുകൊണ്ടുതന്നെ അത്ര ഊഷ്മളമായൊരു സ്വീകരണം അവൾക്കു ലഭിച്ചില്ല. തന്നെയുമല്ല പെൺകുരുവിയും  കുഞ്ഞുങ്ങളും അവളെ ഗൗനിച്ചതേയില്ല. എങ്കിലും അവിടെ കുറേസമയം കഴിഞ്ഞുകൂടി . ഒടുവിൽ തിരികെപ്പോകാൻ തീരുമാനിച്ചു. സമ്മാനമൊന്നും തരുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ അവൾ അത് ചോദിച്ചുവാങ്ങാൻതന്നെ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ കുരുവി രണ്ടു കുട്ടകൾ നീലിയുടെ മുമ്പിൽ കൊണ്ടുവന്നുവെച്ചു. അവൾ വലിയകുട്ടയുമായി യാത്രയായി.
വീട്ടിലെത്തി സന്തോഷത്തോടെ കുട്ടതുറന്ന നീലി അമ്പരന്നു പിന്നിലേക്ക് മാറി. നോക്കിനിൽക്കെ കുട്ടയിൽനിന്ന് പാമ്പും മറ്റു വിഷജീവികളും കടന്നൽപോലെയുള്ള പ്രാണികളും മറ്റു ക്ഷുദ്രജീവികളും  പുറത്തേക്കുചാടിവന്നു. നീലി ഓടിയെങ്കിലും അവയിൽചിലത് അവളെ ആക്രമിച്ചു. കൊടുംവിഷമുള്ള പാമ്പിന്റെ കടിയേറ്റ് നീലിയുടെ ജീവൻതന്നെ നഷ്ടമായി. അതിനുശേഷം ആ ക്ഷുദ്രജീവികളെയൊന്നും അവിടെ കണ്ടതേയില്ല. എന്തൊക്കെയോ ശബ്ദങ്ങൾകേട്ടു പുറത്തേക്കുവന്ന ശങ്കുവിനു കാണാൻ കഴിഞ്ഞത് ജീവനില്ലാത്ത നീലിയുടെ ശരീരവും ഒഴിഞ്ഞുകിടക്കുന്ന   വലിയ കുട്ടയുമാണ്. കുട്ടകണ്ടപ്പോൾ കാര്യങ്ങൾ അയാൾ ഊഹിച്ചെടുത്തു.

അങ്ങനെ എന്നെന്നേക്കുമായി ശകാരങ്ങളിനിന്ന് ശങ്കുവിനു മോക്ഷംകിട്ടി. അയാൾ താമസിയാതെ ഒരാണ്കുട്ടിയെ ദത്തെടുത്ത് മകനായി സ്നേഹിച്ചുവളർത്തി. സുഖമായി സന്തോഷത്തോടെ കുറേക്കാലം ആ ഗ്രാമത്തിൽ ജീവിച്ചു.










Monday, August 10, 2020

കാരകപ്പക്ഷിയുടെ പ്രത്യുപകാരം ( നാടോടിക്കഥാമത്സരം)

ഭാരതത്തിന്റെ വടക്കുകിഴക്കൻഭാഗത്തെ ഒരു ഗ്രാമമായിരുന്നു കെല്‌കി. മഞ്ഞുകാലത്ത് ഗ്രാമത്തിലാകെ മഞ്ഞുവീഴും. കൃഷികളൊന്നുമുണ്ടാകില്ല. മക്കളും പേരക്കുട്ടികളുമൊന്നുമില്ലാത്ത ഒരു വൃദ്ധനും വൃദ്ധയും ആ ഗ്രാമത്തിലുണ്ടായിരുന്നു. വിറകുശേഖരിച്ച്  അടുത്തുള്ള  അങ്ങാടിയിൽ കൊണ്ടുപോയി വിറ്റായിരുന്നു അവർ തങ്ങൾക്കു ജീവിക്കാനുള്ള  വക കണ്ടെത്തിയിരുന്നത്.
ഒരുദിവസം ആ അപ്പൂപ്പൻ വിറകുവിറ്റിട്ടു വീട്ടിലേക്കാവശ്യമായ സാധനങ്ങളുമായി മടങ്ങിവരുമ്പോൾ വഴിയോരത്ത് മഞ്ഞിൽ എന്തോ അനങ്ങുന്നതുകണ്ടു. അപ്പൂപ്പൻ അടുത്തുപോയി സൂക്ഷിച്ചുനോക്കിയപ്പോൾ നീണ്ട കാലുകളും സുന്ദരമായ തൂവലുകളും കൂർത്തചുണ്ടുമുള്ള   ഒരു കാരകപ്പക്ഷി കെണിയിൽപ്പെട്ടു കിടക്കുന്നതാണ് കണ്ടത്.
"ദയവായി എന്നെ ഈ കെണിയിൽനിന്നൊന്നു രക്ഷിക്കൂ" പക്ഷി അപ്പൂപ്പനോട് കരഞ്ഞപേക്ഷിച്ചു.
ദയതോന്നിയ അപ്പൂപ്പൻ  പക്ഷിയെ കെണിയിൽനിന്നു മോചിപ്പിച്ചു.
അത്  ക്ലക്ക്  ക്ലക്ക്  എന്ന ശബ്ദമുണ്ടാക്കി  മുകളിലേക്കു  ചിറകടിച്ചുപറന്നു.
"ഇനിയും കെണിയിൽപ്പെടാതെ ശ്രദ്ധിച്ചുപോകൂ" അപ്പൂപ്പൻ അതിനോടായി വിളിച്ചുപറഞ്ഞു.
അപ്പൂപ്പന്റെ തലയ്ക്കുമുകളിൽ ചിലച്ചുകൊണ്ടു  വട്ടമിട്ടുപറന്നശേഷം അത് അകലെയെങ്ങോ മറഞ്ഞു.
കാരകപ്പക്ഷികൾ സുന്ദരമായ കൂടുകൾ മെനഞ്ഞെടുക്കാൻ സമർത്ഥരാണ്. അവയേ കാണുന്നതും കൂടുകൾ കാണുന്നതുമൊക്കെ ഗ്രാമീണർ ഭാഗ്യമായാണ് കരുതുന്നത്.

അന്നുരാത്രി ഭക്ഷണമൊക്കെക്കഴിഞ്ഞ് ഉറങ്ങാൻകിടന്ന വൃദ്ധനും വൃദ്ധയും വാതിൽ ആരോ മുട്ടുന്ന ശബ്ദംകേട്ടു. അവർ എഴുന്നേറ്റുവന്നു വാതിൽ തുറന്നുനോക്കി. അവിടെ അതിസുന്ദരിയായൊരു പെൺകുട്ടി നിൽക്കുന്നു.
"ഞാൻ വഴിതെറ്റി ഇവിടെയെത്തിയതാണ്. ഇന്നിവിടെത്തങ്ങാൻ എന്നെ അനുവദിക്കണം" അവൾ അവരോടപേക്ഷിച്ചു.
"അയ്യോ.. കഷ്ടമായിപ്പോയല്ലോ..സാരമില്ല, വരൂ. ഇന്നിവിടെക്കഴിയാം." അമ്മൂമ്മ അവളെ അകത്തേക്കു  ക്ഷണിച്ചു. ആഹാരം  കൊടുത്തശേഷം കിടക്കാൻ സ്ഥലവും കാട്ടിക്കൊടുത്തു. കമ്പിളിപ്പുതപ്പും പുതയ്ക്കാൻ നൽകി.
രാവിലെ അപ്പൂപ്പനും അമ്മൂമ്മയും ഉണർന്നെഴുന്നേറ്റപ്പോഴേക്കും പെൺകുട്ടി വീട്ടിലെ  ജോലികളൊക്കെ ചെയ്തുകഴിഞ്ഞിരുന്നു. രുചികരമായ പ്രഭാതഭക്ഷണവും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി.
"നല്ല കുട്ടി " അമ്മൂമ്മ പുഞ്ചിരിയോടെ പറഞ്ഞു.
"ഞാനെന്നും ഇവിടുത്തെ ജോലികളൊക്കെ ചെയ്തോളാം. എന്നെക്കൂടി നിങ്ങളോടൊപ്പം ഇവിടെക്കഴിയാൻ  അനുവദിക്കുമോ?" അവൾ അവരോടപേക്ഷിച്ചു .
അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി.
"ശരി. കുട്ടി  ഇവിടെ ഞങ്ങളുടെ മകളായിക്കഴിഞ്ഞോളൂ" അവർ ഒരേസ്വരത്തിൽ പറഞ്ഞു.
അവൾ സന്തോഷത്തോടെ അവിടെ അവരോടപ്പം കഴിഞ്ഞു. വീട്ടിലെ എല്ലാ ജോലികളും നന്നായിചെയ്തു. സ്വാദുള്ള ഭക്ഷണമുണ്ടാക്കി. വസ്ത്രങ്ങൾ കഴുകി. വീട് ഭംഗിയാക്കി സൂക്ഷിച്ചു.
വിറകുവിൽക്കാനായി പട്ടണത്തിലേക്കു പോകാനിറങ്ങുമ്പോൾ അപ്പൂപ്പൻ അവളോട് ചോദിച്ചു
"മോളേ , നിനക്കെന്തെങ്കിലും വാങ്ങിക്കൊണ്ടുവരണോ?"
"കുറച്ചു നൂലുകിട്ടിയാൽ നന്നായിരുന്നു. എനിക്കു തുണിനെയ്യണമെന്നുണ്ട്." അവൾ പറഞ്ഞു.
മടങ്ങിയെത്തിയ അപ്പൂപ്പന്റെ കൈവശം നെയ്യാനുള്ള നൂലുണ്ടായിരുന്നു.
"ഞാൻ തുണിനെയ്യുമ്പോൾ ആരും നോക്കരുത്." അതുമായി തറിയിരിക്കുന്ന മുറിയിലേക്കു പോകുമ്പോൾ അവൾ അവരോടു പറഞ്ഞു.
"ഇല്ല. നീ ധൈര്യമായി നെയ്തോളൂ." അവർ ഉറപ്പുകൊടുത്തു.
തറിയിൽനിന്ന് നെയ്ത്തിന്റെ ശബ്ദം താളാത്മകമായി കേട്ടുതുടങ്ങി. അപ്പൂപ്പനും അമ്മൂമ്മയും സന്തോഷത്തോടെ പറഞ്ഞു..
"അവൾ നല്ല നെയ്ത്തുകാരിയാണെന്നു തോന്നുന്നു."
മൂന്നുദിവസം ഊണുമുറക്കവുമുപേക്ഷിച്ച്  അവൾ തുടർച്ചയായി നെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ താൻ നെയ്ത  അതിസുന്ദരമായ വസ്ത്രവുമായാണ് അവൾ അവരുടെ മുമ്പിലെത്തിയത്.
"ഇത് അങ്ങാടിയിൽക്കൊണ്ടുപോയി വിറ്റോളൂ. നല്ല വിലകിട്ടും" അദ്‌ഭുതപരതന്ത്രനായിനിന്ന   അപ്പൂപ്പനോട് അവൾ  പറഞ്ഞു.
പിറ്റേദിവസം അയാൾ അങ്ങാടിയിലെത്തി വസ്ത്രം വിൽക്കാനായി ശ്രമം നടത്തി.  ഇത്രവിലകൂടിയ വസ്ത്രംവാങ്ങാൻ പണമില്ല എന്നുപറഞ്ഞ് എല്ലാവരും നടന്നുനീങ്ങി. അപ്പോൾ കുതിരവണ്ടിയിൽ അതിസമ്പന്നനായ ഒരു പ്രഭു അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. അപ്പൂപ്പന്റെ മുമ്പിലെ അതിമനോഹരമായ വസ്ത്രംകണ്ട്‌ അയാൾ തന്റെ തേരു നിർത്തി ഇറങ്ങി.
"ഇതെനിക്കു തന്നേക്കൂ , നല്ല വിലതരാം." അയാൾ പറഞ്ഞു. അപ്പൂപ്പൻ വസ്ത്രം പ്രഭുവിന് നൽകി. പകരമായി അദ്ദേഹം  ഒരു പണക്കിഴിയും നൽകി. അപ്പൂപ്പൻ അമ്പരന്നുപോയി. അതിൽനിറയെ  സ്വർണ്ണനാണയങ്ങളായിരുന്നു. അയാൾ സന്തോഷത്തോടെ വീട്ടിലെത്തി നടന്നകാര്യങ്ങളൊക്കെ പറഞ്ഞു.
"നൂൽ വാങ്ങിത്തന്നാൽ ഞാനിനിയും വസ്ത്രങ്ങൾ നെയ്യാം. അങ്ങനെ നമുക്ക് ധാരാളം പണം സമ്പാദിക്കാം " പെൺകുട്ടി പറഞ്ഞു.
അപ്പൂപ്പൻ വീണ്ടും നൂല്  വാങ്ങിക്കൊണ്ടുവന്നു. അവൾ അതുമായി നെയ്യാൻ പോയി. പഴയതുപോലെ ഊണും ഉറക്കവുമില്ലാതെ അവൾ നെയ്തുകൊണ്ടേയിരുന്നു. അമ്മൂമ്മയ്ക്ക് ആകെ വിഷമമായി.
"നമ്മുടെമോൾ ഒന്നും കഴിക്കാതെയാണല്ലോ ജോലിചെയ്യുന്നത്. അവൾക്കു വിശക്കില്ലേ? ഞാനൊന്നു നോക്കിയിട്ടുവരാം. അവൾക്കു ഭക്ഷണം വേണമോ എന്ന് ചോദിക്കുകയുമാകാമല്ലോ" അവർ അപ്പൂപ്പനോട് പറഞ്ഞു.
"അതുവേണ്ടാ. നമ്മൾ അവൾ നെയ്യുന്നതു കാണരുതെന്നവൾ പറഞ്ഞിട്ടുള്ളതല്ലേ. അപ്പോൾപ്പിന്നെ ശല്യംചെയ്യുന്നതു ശരിയല്ല."  അപ്പൂപ്പൻ അവരെ നിരുത്സാഹപ്പെടുത്തി.
പക്ഷേ  മൂന്നാംദിനമായപ്പോൾ അമ്മൂമ്മയുടെ ക്ഷമനശിച്ചു. അവർ മെല്ലേ വാതിൽപാളി തുറന്ന് അകത്തേക്ക് നോക്കി. അവിടെ ഒരു കാരകപ്പക്ഷി ഇരുന്ന് വസ്ത്രം നെയ്യുന്നു. തന്റെ മനോഹരമായ തൂവലുകളിൽനിന്ന് ഇഴകളെടുത്ത് വസ്ത്രത്തിൽ അലങ്കാരപ്പണിചെയ്യുന്നുമുണ്ട്. പക്ഷേ  പെൺകുട്ടി അവിടെയുണ്ടായിരുന്നില്ല. അവർ അപ്പൂപ്പന്റെയടുത്തേക്കോടി. എന്തൊക്കെയോ പറയാൻ ശ്രമിച്ചിട്ട് വാക്കുകളൊന്നും പുറത്തുവന്നില്ല. അവർ അപ്പൂപ്പന്റെ കൈയിൽപിടിച്ചുവലിച്ചുകൊണ്ടുപോയി ആ കാഴ്ച കാട്ടിക്കൊടുത്തു. അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കെണിയിൽനിന്ന് താൻ  രക്ഷപ്പെടുത്തിയ കാരകപ്പക്ഷിയാണവിടെയിരുന്നു വസ്ത്രം നെയ്യുന്നത്.
പിന്നെ കുറച്ചുസമയത്തേക്ക് എന്തുസംഭവിച്ചു എന്നവർ അറിഞ്ഞില്ല.
അവരുടെയടുത്തേക്ക് പെൺകുട്ടി വരുന്നതാണവർ കണ്ടത്. കൈയിൽ തൻ നെയ്ത മനോഹരമായ വസ്ത്രവുമുണ്ടായിരുന്നു.
"നിങ്ങൾ കണ്ടത് ശരിയാണ്. ഞാൻ കെണിയിൽപ്പെട്ടുപോയ കാരകപ്പക്ഷിയാണ്. ജീവൻ രക്ഷിച്ചതിന്  എന്നും ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. എക്കാലവും നിങ്ങൾക്ക് സേവനംചെയ്തു കഴിയണമെന്നായിരുന്നു എന്റെ ആഗ്രഹം. നിർഭാഗ്യവശാൽ എന്റെ വാക്കുകൾ നിങ്ങൾ നിരാകരിച്ചു.ഞാനാരെന്നു തിരിച്ചറിഞ്ഞസ്ഥിതിക്ക് എനിക്ക് നിങ്ങളോടൊപ്പം കഴിയാനാവില്ല. രണ്ടുപേരും എന്നോട് ക്ഷമിക്കണം. നിങ്ങൾക്ക് നന്മകളുണ്ടാകട്ടെ" വസ്ത്രം അപ്പൂപ്പന് നൽകി  ഇത്രയും പറഞ്ഞിട്ടു പെൺകുട്ടി ഞൊടിയിടയിൽ കാരകപ്പക്ഷിയായി രൂപംമാറി അനന്തവിഹായസ്സിലേക്കു പറന്നകന്നു.
"നിൽക്കൂ നിൽക്കൂ " വൃദ്ധദമ്പതികൾ പക്ഷിയെനോക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ക്ലക്ക്  ക്ലക്ക്  എന്ന ശബ്ദമുണ്ടാക്കി  കാരകപ്പക്ഷി അവർക്കുമുകളിൽ വട്ടമിട്ടുപറന്നു. പിന്നെ പറന്നകന്ന്  ദൂരെ മേഘങ്ങൾക്കിടയിൽ മറഞ്ഞു.













Saturday, August 8, 2020

കാഴ്ചയും കാതലും ( നാടോടിക്കഥ മത്സരം)

മൃഗോത്തരപത്മം എന്ന രാജ്യത്തെ രണ്ടു പ്രമുഖപട്ടണങ്ങളായിരുന്നു
മാക്രിപുരവും മണ്ഡൂകതാലും. മാക്രിപുരം  ഒരു നദിക്കരയിലെ പട്ടണമായിരുന്നെങ്കിൽ മണ്ഡൂകതാൽ  കടത്തീരത്തു നിലകൊണ്ടിരുന്ന പട്ടണമായിരുന്നു. വളരെ വ്യത്യസ്തമായ രൂപഭാവങ്ങളുള്ളവ.   മാക്രിപുരത്തെ ഒരുകൊച്ചു താമരപ്പൊയ്കയിൽ കുട്ടൻ എന്നുപേരുള്ള  ഒരു തവളയുണ്ടായിരുന്നു. മണ്ഡൂകതാളിലും ഉണ്ടായിരുന്നു അതേപോലെ മറ്റൊരു തവള. ചെല്ലാൻ എന്നായിരുന്നു അവന്റെ പേര്. കടത്തീരത്തോടടുത്തുള്ള ചതുപ്പുനിലങ്ങളിലായിരുന്നു അവന്റെ വാസം.

മണ്ഡൂകതാലിനെക്കുറിച്ചുള്ള കഥകൾ മാക്രിപുരത്തും  മാക്രിപുരത്തെക്കുറിച്ചുള്ള കഥകൾ  മണ്ഡൂകതാലിലും ഏറെ പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഓരോരോ നിറംപിടിപ്പിച്ച കഥകൾ കേൾക്കുമ്പോഴും കുട്ടന്  മണ്ഡൂകതാൽ  കാണാനും ചെല്ലന് മാക്രിപുരം  കാണാനുമുള്ള ആഗ്രഹം ഏറിവന്നു.
അങ്ങനെ ഒരുദിവസം കുട്ടൻ അതങ്ങുതീരുമാനിച്ചു -  മണ്ഡൂകതാലിലേക്ക് യാത്രപുറപ്പെടുക. അദ്‌ഭുതമെന്നുപറയട്ടെ, അതേസമയത്തായിരുന്നു ചെല്ലൻ മാക്രിപുരത്തേക്ക്  പോകാൻ തീരുമാനമെടുത്തതും.

വസന്തകാലത്തിന്റെ വരവായി. എല്ലായിടവും ഉന്മേഷദായകങ്ങളായ കാഴ്ചകൾ. എവിടെയും സന്തോഷത്തിന്റെ തിരയിളക്കം. യാത്രചെയ്യാൻ പറ്റിയ സമയം. മനോജ്ഞമായൊരു പ്രഭാതത്തിൽ കുട്ടൻ യാത്രതിരിച്ചു. അതേസമയം ചെല്ലനും  തന്റെ വാസസ്ഥലത്തുനിന്നു യാത്രപുറപ്പെട്ടു. ഇരുവരുടെയും യാത്ര അഭംഗുരം തുടർന്നു. മഴിമദ്ധ്യേ സിംഹമുടി  എന്നൊരു മലയുണ്ടായിരുന്നു. ആ മലകയറിയിറങ്ങിവേണം അപ്പുറത്തെത്താൻ. കുട്ടൻ മെല്ലേ  നടന്നുകയറി. മലയുടെ നിറുകയിലെത്തിയപ്പോൾ അതാ അവിടെ ചെല്ലൻ! തങ്ങളെപ്പോലെതന്നെയുള്ളയൊരാളെ കാണുമ്പോൾ  ഏതൊരാൾക്കുമുണ്ടാകുമല്ലോ ആശ്ചര്യവും ആനന്ദവും. അവർക്കും അങ്ങനെത്തന്നെയായിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു. തങ്ങൾ വന്നഭാഗത്തേക്കു വിരൽചൂണ്ടിക്കാട്ടിക്കൊടുത്തു. യാത്രോദ്ദേശ്യമൊക്കെ പങ്കുവെച്ചു. കഥകളൊക്കെപ്പറഞ്ഞ് കയ്യിൽക്കരുതിയിരുന്ന ഭക്ഷണം പങ്കിട്ടുകഴിച്ചു. രണ്ടുപേരുടെയും യാത്ര തുടരാനുള്ള സമയമായി.
"നമ്മൾ വളരെ ചെറിയ ആളുകളായിപ്പോയി. അല്ലെങ്കിൽ നമുക്ക് ഈ മലമുകളിൽനിന്നാൽ പട്ടണങ്ങൾ കാണാൻ കഴിഞ്ഞേനെ" കുട്ടൻ പരിതപിച്ചു.
"അതിനെന്താ, നമുക്ക് പിന്കാലിൽകുത്തി  പൊങ്ങിനോക്കിയാൽ ദൂരെവരെ കാണാൻ സാധിക്കും" ചെല്ലൻ  ആശ്വസിപ്പിച്ചു. "മുൻകൈകൾ നമുക്ക് പരസ്പരം കോർത്തുപിടിച്ച് പിന്കാലിൽ പൊങ്ങിനിൽക്കാം. ഞാൻ വന്നദിക്കിലേക്കു നീ മുഖംതിരിച്ചുപിടിക്കണം. അപ്പോൾ നിനക്കെന്റെ പട്ടണം കാണാം. എതിർവശത്തേക്കു ഞാൻ നോക്കുമ്പോൾ എനിക്ക് നിന്റെ പട്ടണവും കാണാം."
ചെല്ലന്റെ  ഈ ആശയം കുട്ടനും നന്നേ ബോധിച്ചു. സമയം പാഴാക്കാതെ അവർ പരസ്പരം കൈകോർത്തുപിടിച്ച് പിന്കാലിൽകുത്തി  ഉയർന്നുപൊങ്ങി.
പക്ഷേ  നമ്മൾ മനുഷ്യരെപ്പോലെയല്ലല്ലോ തവളകൾ. പൊങ്ങിനിന്നപ്പോൾ തലയുടെ മുകളിലുള്ള കണ്ണുകൾ അവർക്കു പിൻഭാഗത്തെ കാഴ്ചകളാണ് കാട്ടിക്കൊടുത്തത്.
കുട്ടൻ നോക്കിയപ്പോൾ മാക്രിപുരവും ചെല്ലൻ നോക്കിയപ്പോൾ മണ്ഡൂകതാലും നന്നയിക്കണ്ടു.
"ആഹാ! മണ്ഡൂകതാൽ കാണാൻ എന്റെ മാക്രിപുരംപോലെതന്നെ" കുട്ടൻ ആശ്ചര്യപ്പെട്ടു.
"അയ്യോ.. മാക്രിപുരവും  മണ്ഡൂകതാൽപോലെതന്നെ." ചെല്ലനും വിസ്മയിച്ചു.
"ഓ.. ഇതറിഞ്ഞിരുന്നെങ്കിൽ ഞാനീ യാത്രതന്നെ വേണ്ടെന്നുവെച്ചേനെ."  നിരാശയോടെ കുട്ടൻ  പറഞ്ഞു.
"ഞാനും." ചെല്ലനും  സമ്മതിച്ചു.
കുറച്ചുനേരംകൂടി വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നശേഷം അവർ യാത്ര തുടരേണ്ടയെന്നും മടങ്ങിപ്പോകാമെന്നും തീരുമാനമെടുത്തു. പരസ്പരം കെട്ടിപ്പിടിച്ചു യാത്രപറഞ്ഞു. പിന്നെ  കുട്ടൻ മാക്രിപുരത്തേക്കും  ചെല്ലൻ മണ്ഡൂകതാലിലേക്കും യാത്രയായി.
ജീവിതകാലം മുഴുവൻ അവർ മാക്രിപുരവും മണ്ഡൂകതാലും ഒരുപയറിനുള്ളിലെ രണ്ടുമണികൾപോലെ സമാനമെന്നു  വിശ്വസിച്ച് ജീവിച്ചു.










കാച്ചി കാച്ചി യാമ ( നാടോടിക്കഥാമത്സരം)


പണ്ടുപണ്ട്  ജപ്പാനിലെ ഫ്യൂജിയാമയുടെ  താഴ്‌വരപ്രദേശത്ത് ദയാലുവായ ഒരു കർഷകനും അദ്ദേഹത്തിന്റെ നല്ലവളായ ഭാര്യയും മലയ്ക്കഭിമുഖമായുള്ള ഒരു കൊച്ചുവീട്ടിൽ സന്തോഷത്തോടെ  വസിച്ചിരുന്നു.  അവർ തങ്ങൾക്കാവശ്യമായതൊക്കെ കൃഷിസ്ഥലത്തു വിളയിച്ചെടുക്കുകയായിരുന്നു പതിവ്. രാവിലെമുതൽ വൈകുന്നേരംവരെ അവർ മണ്ണിൽ പണിയെടുക്കും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും എല്ലാം തങ്ങളുടെ തോട്ടത്തിൽ വിലയിച്ചെടുക്കും. കൂടുതലുള്ളത് അയൽക്കാർക്കു കൊടുക്കും.
 ഒരിക്കൽ അവർ കൃഷിചെയ്തിരുന്ന പച്ചക്കറികളൊക്കെ തനുക്കി എന്ന  വളരെ വികൃതിയായ  ഒരു റാക്കൂൺനായ  വന്നു നശിപ്പിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും  അവനെ അവിടെനിന്നോടിക്കണമെന്നു കൃഷിക്കാരൻ ദൃഢനിശ്ചയമെടുത്തു . അദ്ദേഹം ഒരുക്കിവെച്ചിരുന്ന കെണിയിൽ അവൻ  ഒരുദിവസം   വീഴുകതന്നെ ചെയ്തു . തനുക്കിയെ കൊണ്ടുവന്ന്  അയാളൊരു മരത്തിൽ കെട്ടിയിട്ടു. പിന്നീട് എന്തോ ആവശ്യത്തിനായി പട്ടണത്തിലേക്കു പോയി.  അയാളുടെ ഭാര്യയപ്പോൾ 'മോച്ചി' എന്ന മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.  അരിപ്പൊടികൊണ്ടുണ്ടാക്കുന്ന,  നമ്മുടെ കൊഴുക്കട്ടയോടു സാമ്യമുള്ളൊരു പലഹാരമാണിത്. 
സൂത്രശാലിയായ തനുക്കി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതാണ് രക്ഷപ്പെടാൻ പറ്റിയ സന്ദർഭമെന്ന് അവനു മനസ്സിലായി.  തന്നെ കെട്ടഴിച്ചുവിടണമെന്നു   ആ സ്ത്രീയോടു കേണപേക്ഷിച്ചു.
"അമ്മേ, ചേച്ചീ, എന്നെയൊന്നു കെട്ടഴിച്ചുവിടൂ. ഞാൻ പോകട്ടെ"
" അപ്പോൾ ന്നെ ഞങ്ങളുടെ കൃഷിയൊക്കെ നശിപ്പിക്കില്ലേ... അവിടെക്കിടക്ക്."
"ഇല്ല, ദൈവത്തിനാണെ സത്യം , ഞാൻ നിങ്ങളുടെ പറമ്പിൽപോലും കടക്കുകയില്ല. എന്നെയൊന്നു കെട്ടഴിക്കൂ" അവൻ പിന്നെയും കെഞ്ചി.
സ്വതന്ത്രനാക്കിയാൽ ഇനിയൊരിക്കലും ഒരു ശല്യവും ചെയ്യില്ലെന്ന് അവൻ പലതവണ  ആണയിട്ടു പറഞ്ഞു . ആ പാവം സ്ത്രീ അതൊക്കെ വിശ്വസിച്ചു. ദയതോന്നി അവർ അവനെ കെട്ടഴിച്ചുവിട്ടു. പക്ഷേ , തനുക്കി  വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, തന്നോടു ദയകാട്ടി കെട്ടഴിച്ചുവിട്ട ആ പാവം സ്ത്രീയെ കൊല്ലുകയും ചെയ്തു. അതുകൊണ്ടും ദുഷ്ടത അവസാനിച്ചില്ല.  രൂപം മാറാൻ അവനു ചില പ്രത്യേക സിദ്ധി ലഭിച്ചിരുന്നു. അവൻ  അതുപയോഗിച്ചു കൃഷിക്കാരന്റെ ഭാര്യയായി രൂപം  മാറി. പിന്നെ  താൻ കൊന്ന ആ  പാവം  കർഷകസ്ത്രീയുടെ മാംസം എടുത്തു ഭക്ഷണം ഉണ്ടാക്കിവെക്കുകയും ചെയ്തു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ കൃഷിക്കാരൻ മടങ്ങിയെത്തി. അയാളുടെ ഭാര്യയായി രൂപംമാറിയ  തനുക്കി സ്നേഹം നടിച്ച് , ഭക്ഷണം അയാൾക്കു വിളമ്പിക്കൊടുത്തു . അയാൾ  വളരെ സന്തോഷമായി ഭക്ഷണം കഴിച്ചു. അപ്പോൾ തനുക്കി തന്റെ യാഥാർത്ഥരൂപത്തിലാവുകയും കൃഷിക്കാരനോട് തന്റെ  ചതിയുടെ കഥ പറയുകയും ചെയ്തു. അയാൾക്കെന്തെങ്കിലും ചെയ്യാനാവുംമുമ്പ് അവൻ അവിടെനിന്നോടിരക്ഷപ്പെട്ടു.  സ്തംഭിച്ചു നിന്നുപോയി ആ പാവം മനുഷ്യൻ. സമനില വീണ്ടെടുത്തപ്പോൾ അലമുറയിട്ടു കരയാൻ മാത്രമേ അയാൾക്കായുള്ളു.

ഈ ദമ്പതികൾക്ക് അവിടെയുള്ള ഒരു മുയലുമായി നല്ല ചങ്ങാത്തമുണ്ടായിരുന്നു. കൃഷിക്കാരന്റെ ഹൃദയം തകർന്നുള്ള കരച്ചിൽകേട്ട്  മുയൽ ഓടിയെത്തി കാര്യമന്വേഷിച്ചു. കരച്ചിലിൽ മുറിയുന്ന വാക്കുകളോടെ കൃഷിക്കാരൻ ഒരുവിധത്തിൽ നടന്നതൊക്കെ പറഞ്ഞു. എല്ലാമറിഞ്ഞ മുയലിനു തനുക്കിയോട്  കഠിനമായ പ്രതികാരദാഹം തോന്നി.
മുയൽ സ്നേഹം നടിച്ചു  തനുക്കിയുമായി സൗഹാർദ്ദത്തിലായി.  സൗഹൃദത്തിന്റെ മറപറ്റി   കഴിയുന്നവിധത്തിലൊക്കെ അവനെ ഉപദ്രവിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കൽ അവന്റെ പുറത്തു തേനീച്ചക്കൂടു കൊണ്ടുവന്നിട്ടു. ഈച്ചകളുടെ കുത്തേറ്റുവലഞ്ഞ തനുക്കിയെ ആശ്വസിപ്പിച്ചു മുയൽ പറഞ്ഞു.
 "ഈ വേദനയിൽ നിന്നു നിന്നെ  രക്ഷിക്കാൻ ഞാൻ ഒരു മരുന്നു കൊണ്ടുവരാം."
തനുക്കി കാത്തിരുന്നു. മുയൽ മരുന്നുമായെത്തി. കുരുമുളക് അരച്ചു കുഴമ്പാക്കിയതായിരുന്നു ആ മരുന്ന്. അതുകൂടി പുരട്ടിക്കഴിഞ്ഞപ്പോൾ തനുക്കി നീറ്റലും പുകച്ചിലും കൊണ്ടു പുളഞ്ഞുപോയി.
ഒരിക്കൽ തനൂക്കി തലയിൽ  ഒരു  വലിയകെട്ടു ചുള്ളിവിറകുമായി വരികയായിരുന്നു. മുയൽ   പിന്നാലെചെന്നു. തീക്കല്ലുരച്ചു തീയുണ്ടാക്കി വിറകിൽ തീപിടിപ്പിച്ചു. തീ കത്താൻ തുടങ്ങിയപ്പോൾ  തനുക്കി മുയലിനോടു ചോദിച്ചു എന്താണ് ശബ്ദം കേൾക്കുന്നതെന്ന് . മുയൽ പറഞ്ഞു 'കാച്ചി കാച്ചി യാമ ( തീമല )  ഇവിടുന്നു ദൂരെയല്ലല്ലോ  . അവിടുന്നുള്ള ശബ്ദമാണ് '
(കാച്ചി കാച്ചി എന്നത് തീ കത്തുമ്പോഴുണ്ടാകുന്ന ശബ്ദം. )
അപ്പോഴേക്കും വിറകുകെട്ടു മുഴുവൻ തീപിടിച്ചിരുന്നു. തനുക്കിയുടെ ശരീരമാകെ പൊള്ളി .അപ്പോഴും  മുയൽ ലേപനവുമായി വന്നു. അതു കടുകരച്ചതായിരുന്നു. തനുക്കി വേദനകൊണ്ടു പുളഞ്ഞു . മുയൽ അതുകണ്ട് ഉള്ളിൽ പൊട്ടിച്ചിരിച്ചു.
പിന്നീടൊരിക്കൽ അവർ രണ്ടാളും ഒരു തർക്കത്തിലായി. ആരാണു കൂടുതൽ മിടുക്കൻ. അവർ മത്സരിക്കാൻ തന്നെ തീരുമാനിച്ചു. വള്ളമുണ്ടാക്കി തടാകത്തിനു കുറുകെ തുഴയുക. മുയൽ അതിനായി ഒരു മരംകൊണ്ടുള്ള തോണിയുണ്ടാക്കി. മറ്റൊരു മുയലിന്റെ രൂപത്തിൽ ചെന്നു തനുക്കിയോടു പറഞ്ഞു, മണ്ണുകൊണ്ടുള്ള തോണിയാണെങ്കിൽ വേഗം തുഴയാനാവുമെന്ന്. അതുവിശ്വസിച്ച തനുക്കി മണ്ണുകൊണ്ടു വള്ളമുണ്ടാക്കി. ഒടുവിൽ രണ്ടാളും മത്സരരംഗത്തെത്തി. തുഴച്ചിൽ തുടങ്ങിയപ്പോൾ മുയൽ മനഃപൂർവ്വം  പിന്നിലായി തുഴഞ്ഞു. തനുക്കി അതുകണ്ട് നല്ല ആവേശത്തിൽ തുഴഞ്ഞു. പക്ഷേ തടാകമധ്യത്തിലായപ്പോഴേക്കും മൺതോണി വെള്ളത്തിൽ കുതിർന്നു തീർന്നിരുന്നു.  തോണിമുങ്ങിയപ്പോൾ അവൻ  വെള്ളത്തിൽ പൊങ്ങിക്കിടന്നു മുയലിനോടു രക്ഷിക്കണേ എന്നു കേണപേക്ഷിച്ചു. മുയൽ തനൂക്കിയെ  രക്ഷിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല തന്റെ പ്രതികാരകഥ അവനോടു പറയാനും മറന്നില്ല  .തുഴകൊണ്ടു തനുക്കിയെ അടിച്ചു വെള്ളത്തിൽ താഴ്ത്തുകയും ചെയ്തു.  മെല്ലെ തനുക്കി തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയി. ഒടുവിലത്തെ കുമിളയും ഉയർന്നുവന്നപ്പോൾ മുയൽ മടങ്ങി. അയാൾ കർഷകനോടു നടന്ന കഥകളൊക്കെ പറഞ്ഞു.  പിന്നെയും കുറേക്കാലം അവർ ചങ്ങാതിമാരായിക്കഴിഞ്ഞു.
(ജപ്പാനിലെ കുട്ടികൾക്കിടയിൽ ഈ കഥ വളരെ പ്രചാരത്തിലുള്ളതാണ്. )